Monday, July 7, 2008

മതവിരുദ്ധ ശാസ്ത്രം പഠിപ്പിക്കേണ്ടതുണ്ടോ?


കേരളത്തില്‍ പാഠപുസ്തകവിവാദം മുറുകിയിരിക്കയാണ്. വിവാദങ്ങള്‍ എല്ലാം ഒരേ കോണില്‍ നിന്നല്ല എന്നതാണ് ശ്രദ്ധേയമായ ഒരു വസ്തുത. ‘മതമില്ലാത്ത’ ‘ജീവനെ’ കുറിച്ച് സംസാരിക്കുന്നുവെന്ന് ഒരു ഭാഗത്ത് ആരോപിക്കുമ്പോള്‍ മറുഭാഗത്ത് കമ്യൂണിസം പ്രചരിപ്പിക്കുന്നുവെന്നാണ് ആരോപണം. ജാതി കോളം വിട്ടുകളയുന്നതിലൂടെ ഇന്ത്യന്‍ ഭരണ ഘടനയുടെ Sections 15 (4), 15 (5) and 16 (4) എന്നിവ ലംഘിക്കുന്നുവെന്നാണ് ധീവരസഭ ആരോപിക്കുന്നത്.സംവരണം ജാതി തിരിച്ചായതിനാല്‍ അതെഴുതുന്നതിനെതിരെയുള്ള പ്രചരണം ഭരണഘടനാവിരുദ്ധമാണെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ചേര്‍ത്തല നഗരസഭയാകട്ടെ ഏറ്റവും കൂടുതല്‍ മന്തുരോഗികളുള്ള പ്രദേശമെന്നു ചേര്‍ത്തലയെ വിശേഷിപ്പിക്കുന്നതിലുള്ള തങ്ങളുടെ പരാതി പ്രകടിപ്പിച്ചുകഴിഞ്ഞു. തങ്ങളുടെ നാട്ടിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹ ആലോചന വരുന്നതിന് ഇതൊരു തടസ്സമായിരിക്കുമെന്നാണ് നഗര സഭയുടെ ആശങ്ക.
തിനോടുള്ള പ്രതികരണവും ഇതുപോലെ തന്നെ ബഹുമുഖമാണ്. ഇടതുപക്ഷത്തിന്റെ സാമൂഹ്യപ്രതിബദ്ധതയുടെ ജ്വലിക്കുന്ന ഉദാഹരണമായി ഇതിനെ ഒരു വിഭാഗം ഉയര്‍ത്തിക്കാട്ടുമ്പോള്‍ മറുഭാഗം സാമ്രാജ്യത്വഫണ്ടുവാങ്ങി ഉണ്ടാക്കുന്ന പാഠപുസ്തകങ്ങള്‍എന്ന നിലയില്‍ ഇതിനെ തള്ളിക്കളയണമെന്നാണ് ആവശ്യപ്പെടുന്നത്. അതോടൊപ്പം ഈ പാഠപുസ്തകം ലോകോത്തരമാണെന്ന വാദവും ചിലരുയര്‍ത്തുന്നുണ്ട്. സത്യം ഇതിനിടയില്‍ എവിടെയോ ആണെന്നത് ഇതിനോടകം തെളിഞ്ഞു കഴിഞ്ഞ വസ്തുതയാണ്.
ചര്‍ച്ചകള്‍ക്കൊപ്പം മറ്റു ചില വസ്തുതകള്‍ കൂടി പരിശോധിക്കേണ്ടതുണ്ടെന്നു തോന്നുന്നു. അതാണു ഈ പോസ്റ്റിന്റെ അടിയന്തിര പ്രകോപനം.
സത്യത്തില്‍ ഈ വിവാദം അടിസ്ഥാനപരമായി മതത്തെ മുന്നോട്ടു വെക്കുന്നുണ്ടോ?
ഇല്ലെന്നു തന്നെയാണ് എനിക്കു തോനുന്നത്. മതമേധാവിത്വ ശക്തികള്‍ക്ക് കഴിഞ്ഞകാലത്ത് പറയാന്‍ കഴിയാതിരുന്ന ഒരു കാര്യം അവര്‍ തെരുവില്‍ പറയുന്നുവെന്നത് തികച്ചും സുപ്രധാനം തന്നെ. ശ്രദ്ധേയവും .ഒപ്പം ഒരിക്കലും ഒന്നു ചേരാതിരുന്ന ഒരുപാടു ഗ്രൂപ്പുകള്‍ അത് മതപരമായാലും സാമുദായികമായാലും രാഷ്ട്രീയമായാലും ഒരു പൊതുവേദി കണ്ടെത്തിയിരിക്കുന്നുവെന്നും കാണാന്‍ കഴിയും
ന്നാല്‍ ചരിത്രത്തില്‍ നടന്ന പല പാഠപുസ്തകവിവാദങ്ങളില്‍ നിന്നും ഇത് വ്യത്യസ്തമാണെന്നത് ഒരു വസ്തുതയാണ്. 1925-ലാണ്‌ അമേരിക്കയില്‍ റ്റെന്നസ്സിയില്‍ സ്കൂളില്‍ പരിണാമസിദ്ധാന്തം പഠിപ്പിച്ചുവെന്ന പേരില്‍ ജോണ്‍.ടി. സ്കോപ്പ്‌ എന്ന അദ്ധ്യാപകന്‍ വിചാരണ ചെയ്യപ്പെടുന്നത്‌. സ്കോപ്പിനനുകൂലമായി അക്കാലത്തെ നിയമ വിദഗ്ദനായിരുന്ന ഡാരോയും എതിര്‍പക്ഷത്ത്‌ 3 തവണ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിച്ചു തോറ്റ ബ്രയാനും അണിനിരന്നു.ഇതാണ്‌ പിന്നീട്‌ മങ്കി ട്രയല്‍ എന്നറിയപ്പെട്ടത്‌. ലോകപ്രശസ്തമായ ഈ വിചാരണ മതവും മതേതര സമൂഹവും തമ്മിലുള്ള അടിസ്ഥാന വ്യത്യാസത്തിലാണ് ഊന്നിയിരുന്നത്. അവിടെ ഒടുവില്‍ അദ്ധ്യാപകന്‍ സാങ്കേതിക കാരണങ്ങളാലാണ് കുറ്റ വിമോചിതനായതെങ്കിലും അവസാന യുദ്ധത്തില്‍ പുരോഗമന പക്ഷം വിജയിക്കുകതന്നെ ചെയ്തു. പരിണാമ സിദ്ധാന്തം റ്റെന്നസ്സിയിലെ സ്കൂളുകളില്‍ പഠിപ്പിക്കുകയും ചെയ്തു.(1965 ല്‍ മാത്രമാണ് ഇതിനെതിരെയുള്ള നിയമം എടുത്തുകളഞ്ഞതെന്നത് മറ്റൊരു കാര്യം)

മേരിക്കയില്‍ നടന്ന ഈ പാഠപുസ്തക വിവാദം നമ്മുടെ പാഠപുസ്തക വിവാദത്തില്‍ നിന്നും വ്യത്യസ്തമാകുന്നതെങ്ങിനെയാണ്?

മേരിക്കന്‍ പ്രശ്നത്തില്‍ വിവാദത്തിലേര്‍പ്പെടുന്നവര്‍ തത്വത്തില്‍ തന്നെ തങ്ങളുടെ മതവിശ്വാസത്തെ ഉയര്‍ത്തിപ്പിടിച്ചിരുന്നുവെന്നതാണ് മുഖ്യ വസ്തുത. തങ്ങളുടെ മക്കള്‍ മതേതരമായ സാമൂഹ്യശാസ്ത്രം മാത്രമല്ല ശാസ്ത്രവും പഠിക്കേണ്ടതില്ലെന്നതായിരുന്നു അവരുടെ വാദം. അത്രത്തോളം അവരുടെ വാദങ്ങള്‍ ആത്മാര്‍ത്ഥമായിരുന്നു വെന്നു പറയാം.
എന്നാല്‍ ഇവിടെയോ?
ങ്ങളുടെ കൊച്ചുമക്കള്‍, മക്കള്‍ ,..ആരുമാകട്ടെ അവര്‍ പഠിക്കുന്ന ശാസ്ത്രം മതപരമല്ലെന്നു അറിയാത്തവരായി ഈ വിവാദമുണ്ടാക്കുന്നവരില്‍ ആരാണുള്ളത്?
മുകളില്‍ നിന്നു വീഴുന്ന കല്ല് താഴെ പതിക്കുന്നതില്‍ ദൈവത്തിന് ഒന്നും ചെയ്യാനില്ലെന്നതില്‍ എത്രപേര്‍ക്ക് സംശയമുണ്ട്?

ചലനകാരണങ്ങളില്‍ നിന്ന് ദൈവത്തെ പടിയിറക്കിയിട്ട് നൂറ്റാണ്ടൊന്നുകഴിഞ്ഞു.ചലനത്തിന്റെ ഓരോ ഘട്ടത്തിലും നിരന്തരം ഇടപെടേണ്ട അരിസ്റ്റോട്ടിലിന്റെ ഹതഭാഗ്യനായ ദൈവത്തെ ആ മടുപ്പുളവാക്കുന്ന പ്രവര്‍ത്തിയില്‍നിന്നും ന്യൂട്ടന്‍ മോചിപ്പിച്ചിട്ടു തന്നെ പല നൂറ്റാണ്ടുകള്‍ കഴിഞ്ഞു. ആദ്യ തള്ളിനുവേണ്ടി ന്യൂട്ടന്‍ നിയോഗിച്ച ദൈവത്തെ പോലും ഒരു നൂറ്റാണ്ടുമുന്‍പ് ഐന്‍സ്റ്റീന്‍ തള്ളിമാറ്റിയിട്ടുവെന്നും അറിയാത്തവരല്ല ഈ വിമര്‍ശകര്‍. ഈ ശാസ്ത്രമാണ് ഇവരുടെ കൊച്ചുമക്കള്‍ ഒന്നാം ക്ലാസ്സുമുതല്‍ പഠിക്കുന്നത്. ഇപ്പോള്‍ അവരില്‍ ചിലര്‍ കെ.ജി.ക്ലാസ്സുമുതല്‍ തങ്ങളുടെ കുട്ടികളെ ശാസ്ത്രം പഠിപ്പിക്കുന്നുണ്ടുവത്രെ.
അങ്ങിനെ മതനിരപേക്ഷമായ ശാസ്ത്രം പഠിക്കുന്ന കുട്ടികളെകുറിച്ച് അതും സ്വന്തം കുട്ടികളെ കുറിച്ച് ഈ വിമര്‍ശകര്‍ക്ക് ആശങ്കയില്ലാത്തതെന്തേ?

ഇവര്‍ തന്നെ യല്ലേ ഇവരുടെ കുട്ടികളെ ആകാശശാസ്ത്രം പഠിപ്പിക്കുന്ന കോഴ്സിന് സീറ്റുലഭിക്കാനായി കുട്ടികളെ പി.സി.തോമസ്സ് മാഷിന്റെ എന്‍ട്രന്‍സ് ക്ലാസ്സിലേക്കയക്കുന്നത്.
‘ദൈവങ്ങളുടെ ആലയത്തിലേക്ക് ’ , അവരുടെ സഞ്ചാര പഥങ്ങളിലേക്ക് (ചന്ദ്രന്‍\ചൊവ്വ,ശൂന്യാകാശം.....) ‍വാഹനമയക്കുന്നവനായി സ്വന്തം കുഞ്ഞിനെകുറിച്ച് സ്വപ്നം കാണാന്‍ ഇവര്‍ക്ക് തങ്ങളുടെ മതവിശ്വാസം തടസ്സമല്ല! മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെയും സുനിതാവില്യംസിന്റെയും ജനപ്രീതി ഓര്‍ക്കുക.

ദൈവങ്ങളുടെ സഞ്ചാരപാതയായ ആകാശത്തെക്കുറിച്ച്‌ പഠിക്കുന്നതിനെ വിലക്കിയ പുരോഹിതന്റെ ചെറുമകന്‍ തന്നെ ആയിരുന്നു ആദ്യ വിമാനം പറത്തിയെന്നതെന്നത്‌ എവിടെയോ വായിച്ചതോര്‍ക്കുന്നു.

‘ദൈവികമായ’ തലച്ചോറിനകത്ത് ശസ്ത്രക്രിയ ചെയ്യാന്‍ പഠിപ്പിക്കുന്ന ശാസ്ത്രമല്ലാതെ മറ്റെന്താണ് ഇവര്‍ ഇവരുടെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പഠിപ്പിക്കുന്നത്.

അപ്പോള്‍ തങ്ങളുടെ കുട്ടികള്‍ സാമൂഹ്യശാസ്ത്രം മാത്രമല്ല മതേതര ശാസ്ത്രവും പഠിക്കേണ്ട എന്ന് അവര്‍ തീരുമാനിക്കട്ടെ...
എല്ലാ അല്‍മായരും സണ്ടേ സ്കൂളില്‍ കപ്യാരാകാന്‍ പഠിക്കട്ടെ!
വേദത്തില്‍ എല്ലാമുള്ളതുകൊണ്ടാണല്ലോ സവര്‍ണ്ണാദി ജനവിഭാഗത്തിന് ബുദ്ധി ഏറിയിരിക്കുന്നത്! എന്തിനവര്‍ ബുദ്ധിമുട്ടി ഈ അസുരവിദ്യകള്‍ പഠിക്കണം. എഞ്ചിനീയറിങ്ങ് വിട്ട് ഗോപാലകൃഷ്ണന്റെ വേദ ശാസ്ത്രം പഠിക്കട്ടെ.. അങ്ങിനെ പഴമയിലെ ശാസ്ത്രീയത(ഹഹഹ) കണ്ടെത്തട്ടെ.
പക്ഷേ നമുക്കറിയാം അവര്‍ ഈ അസുരശാസ്ത്രം അഥവ മതവിരുദ്ധ ശാസ്ത്രം തന്നെ തന്റെ കുട്ടികളെ പഠിപ്പിക്കും . അതിനുവേണ്ടി സ്കൂളുകളും സ്വാശ്രയ സ്ഥാപനങ്ങളും ഉണ്ടാക്കും......
അപ്പോള്‍ ഒരു ചോദ്യം അവശേഷിക്കുന്നു എന്തുകൊണ്ട് അവര്‍ മതവിരുദ്ധമായ ശാസ്ത്രത്തെ എതിര്‍ക്കുന്നില്ല. ശാസ്ത്രത്തിലേക്ക് തങ്ങളുടെ വാദങ്ങളെ വ്യാപിപ്പിക്കുന്നില്ല!!!