Thursday, August 8, 2013

ഇന്ത്യക്കാരന്‍ ഐ.ബിയുടെ ആരായിവരും?


1993ല്‍ 270 ഹെയ്ത്തിക്കാര്‍ അമേരിക്കയില്‍ പിടിയിലായി. ഹെയ്ത്തിയില്‍ പൊട്ടിപ്പുറപ്പെട്ട രാഷ്ട്രീയാസ്വസ്ഥതയെത്തുടര്‍ന്നു പലായനം ചെയ്തവരായിരുന്നു അവര്‍. അഭയാര്‍ഥികളെന്ന പരിഗണനയ്ക്കുവേണ്ടി അവര്‍ അമേരിക്കന്‍ സര്‍ക്കാരിനോട് അപേക്ഷിച്ചെങ്കിലും സംഘത്തിലെ ഭൂരിഭാഗം പേരും എയ്ഡ്‌സ് ബാധിതരാണെന്ന കാരണത്താല്‍ സര്‍ക്കാര്‍ അപേക്ഷ പരിഗണിച്ചില്ല. മാത്രമല്ല, അതിര്‍ത്തി ലംഘിച്ചതിന് അവരെ ഗ്വണ്ടനാമോ തടവറയിലടയ്ക്കുകയും ചെയ്തു. എയ്ഡ്‌സ് ബാധിതരായ ഇവരെ രാജ്യത്തു പ്രവേശിക്കാന്‍ അനുവദിക്കുന്നതു ദേശസുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും ഹാനികരമാണെന്നാണു സര്‍ക്കാര്‍ വാദിച്ചത്.
ഇത് അമേരിക്കയില്‍ വലിയ സംവാദങ്ങള്‍ക്കു വഴിയൊരുക്കി. അനുകൂലമായ നടപടി ആവശ്യപ്പെട്ടുകൊണ്ടു മനുഷ്യാവകാശപ്രവര്‍ത്തകനായ ജെസ് ജാക്‌സണ്‍ നിരാഹാരം തുടങ്ങി. യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളും സമരരംഗത്തെത്തിയതോടെ കോടതി ഇടപെട്ടു. 1993 ജൂണില്‍ അഭയാര്‍ഥികള്‍ക്കു പ്രവേശനാനുമതി നല്‍കിക്കൊണ്ട് ഫെഡറല്‍ കോടതിയുടെ ഉത്തരവു വന്നു. അഭയാര്‍ഥികള്‍ കുറ്റവാളികളോ ദേശസുരക്ഷാഭീഷണിയോ അല്ലെന്നും എയ്ഡ്‌സ് ഒരു രാഷ്ട്രസുരക്ഷാ പ്രശ്‌നമല്ലെന്നുമായിരുന്നു കോടതി വിധിച്ചത്.
പക്ഷേ, ചര്‍ച്ച അവിടെ ഒതുങ്ങിയില്ല. 2000 ജനുവരിയില്‍ വൈസ് പ്രസിഡന്റായിരുന്ന അല്‍ഗോര്‍ ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സില്‍ മീറ്റിങില്‍ പങ്കെടുത്തുകൊണ്ട് എയ്ഡ്‌സിനോടുള്ള അമേരിക്കന്‍ നിലപാടു വ്യക്തമാക്കി: ''എയ്ഡ്‌സ് ഒരു മാനുഷികപ്രതിസന്ധിയല്ല; സുരക്ഷാപ്രതിസന്ധിയാണ്.'' അതു സമൂഹിക-രാഷ്ട്രീയസ്ഥാപനങ്ങളെയാണു ബാധിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അതേ വര്‍ഷം ജൂലൈയില്‍ സെക്യൂരിറ്റി കൗണ്‍സില്‍ എയ്ഡ്‌സുമായി ബന്ധപ്പെട്ട് 1308ാം നമ്പര്‍ പ്രമേയം പാസാക്കി. നിയന്ത്രിച്ചില്ലെങ്കില്‍ എയ്ഡ്‌സ് രാഷ്ട്രങ്ങളുടെ സുരക്ഷയെയും സുസ്ഥിരതയെയും ബാധിക്കുമെന്ന പ്രമേയം പ്രഖ്യാപിച്ചു. ലോകരാഷ്ട്രങ്ങളുടെ പിന്നീടുണ്ടായ നിരവധി നയരേഖകളില്‍ ഈ ആശയം വിപുലമായി ആവര്‍ത്തിക്കപ്പെട്ടു.

സുരക്ഷാവല്‍ക്കരണവും രാഷ്ട്രീയവും

മാരകമെങ്കിലും വ്യക്തികളെ ബാധിക്കുന്ന രോഗങ്ങള്‍ പോലും രാഷ്ട്രസുരക്ഷയുമായി ബന്ധപ്പെടുത്തി നടത്തുന്ന ഇത്തരം ആലോചനകള്‍ പുതുലോകത്തിന്റെ ഒരു മാതൃകയാണ്. വൈയക്തികപ്രശ്‌നമെന്ന നിലയില്‍നിന്നു സുരക്ഷാപ്രശ്‌നത്തിലേക്കുള്ള എയ്ഡ്‌സിന്റെ പരിണാമത്തെക്കുറിച്ച് കോളിന്‍ മക്കിന്‍സും സിമോന്‍ റഷ്‌തോനും ചേര്‍ന്നെഴുതിയ 'എച്ച്.ഐ.വി. എയ്ഡ്‌സ് ആന്റ് സെക്യൂരിറ്റൈസേഷന്‍ തിയറി' എന്ന പ്രബന്ധം പരിശോധിക്കുന്നുണ്ട്.
ഏതെങ്കിലും ഒരു പ്രശ്‌നത്തെ സുരക്ഷാപ്രശ്‌നമായി (വ്യാജമായിട്ടാണെങ്കിലും)അവതരിപ്പിക്കുകയാണെങ്കില്‍ അതു സമൂഹത്തിന് അപ്രകാരം തന്നെ അനുഭവപ്പെടുമെന്ന് ഒലെ വേവറിന്റെ സുരക്ഷാവല്‍ക്കരണസിദ്ധാന്തം പറയുന്നു. രാഷ്ട്രീയനേതാക്കള്‍, സഘടനകള്‍ തുടങ്ങിയവരുടെ പ്രസ്താവനകള്‍ക്കുപോലും ഇത്തരം ഫലങ്ങളുണ്ടാക്കാനാവുമെന്ന് അദ്ദേഹം തെളിയിക്കുന്നുണ്ട്. ഏതെങ്കിലുമൊന്ന് ഒരു നിശ്ചിത വ്യവസ്ഥയുടെ നിലനില്‍പ്പിനെ അപായപ്പെടുത്തുമെന്നു പറയുന്നതിലൂടെ ആ 'ആപത്തി'നെതിരേ അസാധാരണ നടപടികള്‍ കൈക്കൊള്ളാന്‍ അതു ഭരണകൂടത്തിന് അനുമതി നല്‍കും. അതോടെ ആ പ്രശ്‌നം സാധാരണ രാഷ്ട്രീയമണ്ഡലത്തില്‍നിന്ന് അസാധാരണ രാഷ്ട്രീയമണ്ഡലത്തിലേക്കു പ്രവേശിക്കുകയായി. പിന്നീടു വ്യവസ്ഥയുടെ പൊതുനിയമങ്ങളാലല്ല, അടിയന്തരാവസ്ഥകളിലെ പൊടുന്നനെയുള്ളതും പലപ്പോഴും ജനാധിപത്യവിരുദ്ധവുമായ നിയമങ്ങളാലാവും ഭരിക്കപ്പെടുക. അതേസമയം ഏതൊക്കെയാണു സുരക്ഷയുടെ ചിഹ്നാവലികളാല്‍ അവതരിപ്പിക്കപ്പെടേണ്ടതെന്ന് അധികാരം തന്നെയാണു തീരുമാനിക്കുന്നത്. ഇങ്ങനെ 'സുരക്ഷാസങ്കല്‍പ്പങ്ങള്‍' ആത്യന്തികമായും ഒരു (സാമൂഹിക)നിര്‍മിതിയാണെന്നു പറയാം.
അന്താരാഷ്ട്രബന്ധങ്ങളുടെ കൊള്ളക്കൊടുക്കകള്‍ക്കിടയില്‍ രൂപപ്പെട്ടുവന്ന ഈ പ്രവണത രാഷ്്ട്രത്തിന്റെ ആഭ്യന്തരസംവിധാനത്തിലേക്ക് എത്തിയതോടെയാണ് അതിന്റെ ഭീഷണമായ രൂപം പുറത്തുവന്നത്. പലപ്പോഴും മൂന്നാംലോക രാജ്യങ്ങളിലാണ് അവയുടെ ഏറ്റവും അപകടകരമായ പ്രയോഗങ്ങള്‍ കണ്ടുവരുന്നത്. രാജ്യത്തെ മുഴുവന്‍ വ്യവഹാരങ്ങളെയും സുരക്ഷയുടെ ചിഹ്നാവലികൊണ്ടു വ്യവഹരിക്കുന്നതിന്റെ ഒട്ടനവധി ഉദാഹരണങ്ങള്‍ ഇന്ത്യയുടെ സമകാലിക ചരിത്രത്തില്‍നിന്നു നമുക്കു കണെ്ടത്താം. പരസ്യങ്ങള്‍, ഭാഷാശൈലികള്‍, കലാരൂപങ്ങള്‍, എന്തിന് വാര്‍ത്താ അവതരണങ്ങളില്‍പ്പോലും ഇതിന്റെ സൂചനകള്‍ അടങ്ങിയിരിക്കുന്നു.

(രാഷ്ട്ര)സുരക്ഷ ഒരു രൂപകമെന്ന നിലയില്‍

സമകാലികസന്ദര്‍ഭത്തില്‍ (രാഷ്ട്ര)സുരക്ഷ എന്നതു നമ്മുടെ വിശകലനങ്ങളുടെയും ബോധ്യങ്ങളുടെയും മര്‍മസ്ഥാനത്തെത്തിയിരിക്കയാണ്. സമൂഹത്തിന്റെ മുഴുവന്‍ പ്രവൃത്തിയുടെയും വിശകലനമാതൃകയോ മാനദണ്ഡമോ ആയി 'സുരക്ഷ' മാറിക്കഴിഞ്ഞു. നമ്മുടെ മുഴുവന്‍ ചിന്തകളിലും രൂപകമായി ഇതു പ്രവര്‍ത്തിക്കുന്നു. കുറച്ചുകാലം മുമ്പുവന്ന ഒരു സ്‌റ്റെബിലൈസറിന്റെ പരസ്യം ശ്രദ്ധേയമായിരുന്നു. ആയുധങ്ങളുമായി മണല്‍ച്ചാക്കുകള്‍ക്കു പിറകില്‍ യുദ്ധസന്നദ്ധരായി നില്‍ക്കുന്ന പട്ടാളക്കാര്‍ ടി.വിക്കു കാവല്‍ നില്‍ക്കുന്നു. നിങ്ങളുടെ ടി.വിയുടെ സംരക്ഷണം ഇനി മുതല്‍ സുരക്ഷാഭടന്‍മാരുടെ ചുമതലയിലാണെന്നാണു പരസ്യം പറയുന്നത്. തോക്കെടുത്ത് ഇലക്ട്രിക് സിഗ്‌നലുകള്‍ക്കെതിരേ പോരാടുന്ന സൈനികരെയായിരുന്നു ഇതേ കമ്പനിയുടെ വീഡിയോപരസ്യത്തില്‍ ചിത്രീകരിച്ചിരുന്നത്. ഒരു ജ്വല്ലറി പരസ്യത്തിലാവട്ടെ, മാലിന്യപ്രശ്‌നത്തെ മോഹന്‍ലാലിന്റെ താരമൂല്യത്തേക്കാളുപരി കേണല്‍പദവിയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യവുമായി കണ്ണിചേര്‍ക്കുകയായിരുന്നു.
ഇന്ത്യയുടെ ചരിത്രത്തില്‍ നിരവധി സംജ്ഞകള്‍ അപരവല്‍ക്കരണത്തിനും സുരക്ഷാവല്‍ക്കരണത്തിനും വിധേയമായിട്ടുണ്ട്. ചിലപ്പോഴത് ഏതെങ്കിലും രാഷ്ട്രമോ മതമോ സംഘടനയോ ആശയങ്ങളോ പോലും ആയിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ പാകിസ്താനും മുസ്‌ലിംകളുമായിരുന്നു ആ സ്ഥാനത്തുണ്ടായിരുന്നത്. ഖലിസ്ഥാന്‍ വാദം ശക്തിപ്പെട്ടതോടെ സിഖുകാര്‍ രംഗത്തെത്തി. ഇന്ന് ഇന്ത്യയിലെ പ്രധാന സുരക്ഷാഭീഷണികളിലൊന്നായി വ്യവഹരിക്കപ്പെടുന്ന ബംഗ്ലാദേശിന്റെ കാര്യം വിചിത്രമാണ്. 1971ല്‍ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി അവതരിപ്പിക്കപ്പെട്ട ആ രാജ്യം 90കളോടെയാണു സുരക്ഷാവല്‍ക്കരണത്തിനു വിധേയമാകുന്നത്. സൂറത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉണ്ടായ പ്ലേഗ് ബാധയെത്തുടര്‍ന്നു ലോകരാജ്യങ്ങള്‍ ഇന്ത്യയോടെടുത്ത സമീപനങ്ങള്‍ സുരക്ഷാവല്‍ക്കരണത്തിന്റെ മറ്റൊരു ഉദാഹരണമാണ്. ഹിന്ദുഭീകരതയാണ് രാഷ്ട്രം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് എന്ന് അഭിപ്രായപ്പെട്ട ചിദംബരത്തിനെതിരേ സംഘപരിവാരം തിരിഞ്ഞത് സുരക്ഷാവല്‍ക്കരണത്തിന്റെ അപകടം തിരിച്ചറിഞ്ഞതുകൊണ്ടായിരുന്നു.
അപരവല്‍ക്കരണവും സുരക്ഷാവല്‍ക്കരണവും അടുത്തടുത്ത ആശയങ്ങളാണെങ്കിലും പലപ്പോഴും അപരവല്‍ക്കരണത്തിന്റെ മൂര്‍ധന്യത്തിലാണു സുരക്ഷാവല്‍ക്കരണം രംഗം കൈയടക്കുന്നത്. അപരവല്‍ക്കരണത്തേക്കാള്‍ ബഹുമുഖവും നശീകരണക്ഷമതയുള്ളതുമാണത്. 1971നുശേഷം ബംഗ്ലാദേശിലെ അഭയാര്‍ഥിപ്രവാഹം വ്യാപകമായപ്പോള്‍ അത് ഒരു സുരക്ഷാപ്രശ്‌നമായി എങ്ങനെ അവതരിപ്പിക്കപ്പെട്ടെന്നു ഗവേഷകര്‍ പഠിച്ചിട്ടുണ്ട്. ജ്യോതിബസു കേന്ദ്രത്തിലേക്കെഴുതിയിരുന്ന കത്തുകളില്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അഭയാര്‍ഥികള്‍ എന്നതിനു പകരം നുഴഞ്ഞുകയറ്റക്കാരെന്ന സുരക്ഷാവല്‍ക്കരിക്കപ്പെട്ട പദം ഉപയോഗിക്കാന്‍ തുടങ്ങിയെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇസ്‌ലാം, ഗള്‍ഫ്പണം, അഭയാര്‍ഥിപ്രവാഹം, കശ്മീര്‍ പ്രശ്‌നം, മാവോവാദം, മത-പരിസ്ഥിതി (മൗലിക)വാദങ്ങള്‍, ദലിത് മുന്നേറ്റങ്ങള്‍, അന്യസംസ്ഥാന തൊഴിലാളി (കേരളത്തില്‍) അങ്ങനെ എന്തും സുരക്ഷാവല്‍ക്കരണത്തിനു വിധേയമാവാം. ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിന്റെ അടിസ്ഥാനവും അതാണ്. കൂടംകുളം സമരക്കാര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയതു സുരക്ഷാവല്‍ക്കരണത്തിന്റെ ഏറ്റവും അടുത്ത ഉദാഹരണമാണ്.

രഹസ്യാന്വേഷണം ആര്‍ക്കെതിരേ?   

ഒരുപക്ഷേ, ഇന്റലിജന്‍സ് ബ്യൂറോയായിരിക്കും സുരക്ഷാവല്‍ക്കരണത്തിന്റെ രാജ്യത്തെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍. തങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ആശയങ്ങള്‍ സുരക്ഷാപ്രശ്‌നമായി അവതരിപ്പിക്കുന്നതിലൂടെയാണ് അവര്‍ അവരുടെ അജണ്ടകള്‍ നടപ്പാക്കുന്നത്. ഐ.ബിയുടെ സവിശേഷമായ ജനിതകസവിശേഷതകള്‍ അതിനാവശ്യമായ പശ്ചാത്തലമൊരുക്കുകയും ചെയ്യുന്നു.
1885ല്‍ കോണ്‍ഗ്രസ് രൂപീകരിക്കപ്പെട്ടതിനുശേഷമാണ് ഐ.ബിയുടെ ആദ്യരൂപമായ സെന്‍ട്രല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് സ്ഥാപിക്കപ്പെടുന്നത്. ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ദേശീയപ്രസ്ഥാനത്തെ നിരീക്ഷിക്കുകയായിരുന്നു ഇവയുടെ മുഖ്യധര്‍മം. അതുകൊണ്ടുതന്നെ ഈ സംഘടന ചരിത്രപരമായി ഇന്ത്യന്‍ പൗരരെ ബാഹ്യശക്തികളോ വിദേശികളോ ആയാണു കണ്ടുവന്നിരുന്നത്. അവരുടെ അടവുകളിലും തന്ത്രങ്ങളിലും ചിന്തകളിലുംവരെ ഇതിന്റെ ലക്ഷണങ്ങള്‍ കാണാനാവും. അതോടൊപ്പം ബ്രിട്ടിഷുകാരെ അതു ഭരണകൂടവുമായി സമീകരിക്കുകയും ചെയ്തു. 1950ല്‍ ഇന്ത്യ റിപബ്ലിക്കായശേഷം പോലും ഐ.ബി. തങ്ങളുടെ നിരവധി ഫയലുകള്‍ വിദേശത്തേക്കു കടത്തുകയും പലതും നശിപ്പിക്കുകയും ചെയ്തുവെന്നത് ഈ കാഴ്ചപ്പാടിനെ ശരിവയ്ക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ചൈനീസ് ആക്രമണത്തെക്കുറിച്ചു മുന്നറിയിപ്പു നല്‍കാനായില്ല എന്ന വീഴ്ചയുടെ പേരില്‍ 'റോ' രൂപീകരിക്കപ്പെടുന്നതുവരെ ഇവര്‍ ആഭ്യന്തര രഹസ്യാന്വേഷണവും രാജ്യാന്തര ചാരവൃത്തിയും ഒരേസമയം ചെയ്തുപോന്നു. പൗരത്വത്തെക്കുറിച്ചുള്ള ഐ.ബിയുടെ കാഴ്ചപ്പാടുകള്‍ വളര്‍ന്നുവന്ന സാഹചര്യങ്ങള്‍ ഇതാണ്. രാഷ്ട്രീയകക്ഷികള്‍, പ്രതിപക്ഷനേതാക്കള്‍, ഭരണകക്ഷിയിലെ നേതാക്കള്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ക്കെതിരേയുള്ള ചാരവൃത്തി മുതല്‍ തിരഞ്ഞെടുപ്പുപ്രവചനം വരെ ഇന്ത്യയില്‍ ഐ.ബിയുടെ ചുമതലയിലാണ്. രാജ്യത്തെ പ്രസിഡന്റിനെപ്പോലും ഒരു  ദേശീയസുരക്ഷാപ്രശ്‌നമായി അവതരിപ്പിക്കാവുന്നിടത്തോളം ഇന്ത്യന്‍ രഹസ്യാന്വേഷണവിഭാഗം 'സ്വതന്ത്ര'മായിരുന്നുവെന്ന് ഐ.ബി. ഉദ്യോഗസ്ഥനായിരുന്ന മലോയ് കൃഷ്ണ ധറിന്റെ 'ഓപണ്‍ സീക്രട്ടി'നെക്കുറിച്ച് പരാമര്‍ശിക്കവെ കെ.എസ്. സുബ്രഹ്മണ്യന്‍  എഴുതുന്നു. ഇന്നല്ലെങ്കില്‍ നാളെ നമ്മുടെ ജനാധിപത്യസംവിധാനം ദുര്‍ബലമാവുന്ന ഘട്ടങ്ങളില്‍ ദുരാഗ്രഹികളായ ഐ.ബി. ഉദ്യോഗസ്ഥരും സൈന്യാധിപന്മാരും ചേര്‍ന്ന് ഒരു അട്ടിമറിക്കു ശ്രമിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും മലോയ് കൃഷ്ണ ധര്‍ തന്റെ കൃതിക്കെഴുതിയ ആമുഖത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. ഇങ്ങനെ 1887ല്‍ സ്ഥാപിതമായ ഈ സംഘടന ഭരണകൂടത്തില്‍നിന്നു വേറിട്ടൊരു അസ്തിത്വം പടിപടിയായി ഉണ്ടാക്കിയെടുത്തതായി ചരിത്രം തെളിയിക്കുന്നു.
ലോകത്തിലെ എല്ലാ രാജ്യങ്ങളിലും രഹസ്യാന്വേഷണസംഘടനകള്‍ നിലവിലുണ്ട്. അവിടെയൊക്കെ അവ പാര്‍ലമെന്റിനോടു പ്രതിജ്ഞാബദ്ധവുമാണ്. എന്നാല്‍, സ്വാതന്ത്ര്യം കിട്ടി അരനൂറ്റാണ്ടിനുശേഷവും ഇന്ത്യയുടെ ഇന്റലിജന്‍സ് ബ്യൂറോ ആരോടാണു കീഴ്‌പ്പെട്ടിരിക്കുന്നതെന്ന ചോദ്യം ഇപ്പോഴും കോടതിവ്യവഹാരങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഐ.ബിയുടെ ജനിതകതകരാറുകള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ അടിയന്തരാവസ്ഥയ്ക്കുശേഷം നിലവില്‍വന്ന  ഷാ കമ്മീഷന്‍ ഈ സംഘടനയുടെ പ്രവര്‍ത്തനമണ്ഡലങ്ങള്‍ മുന്‍കൂട്ടി തീരുമാനിക്കണമെന്നു ശുപാര്‍ശ ചെയ്തിരുന്നു. സംഘടനയെ ഭരണഘടനയുടെ പരിധിയിലേക്കു കൊണ്ടുവരണമെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, വര്‍ഷങ്ങള്‍ക്കുശേഷവും പ്രധാനമന്ത്രിയോടു മാത്രം ഉത്തരവാദിത്തമുള്ള സംവിധാനമാണ് ഇന്നും ഇന്റലിജന്‍സ് ബ്യൂറോ.
ദേശീയസുരക്ഷയുടെ വ്യാജയുക്തിക്കുള്ളില്‍നിന്നുകൊണ്ട് ഇന്റലിജന്‍സ് ബ്യൂറോ സ്വാതന്ത്ര്യത്തിനുശേഷം ദേശീയരാഷ്ട്രീയത്തില്‍ അസൂയാവഹമായ സ്വാധീനം ചെലുത്തിയതായി അതിന്റെ  പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് കെ.എസ്. സുബ്രഹ്മണ്യന്‍ എഴുതുന്നു. എഴുതപ്പെട്ട കടമകളില്ലാത്ത, നിയതമായ ഉത്തരവാദിത്തങ്ങളില്ലാത്തസ പ്രവര്‍ത്തനപരിധി സ്വയം തീരുമാനിക്കുന്ന ഇന്ത്യയിലെ, ലോകത്തിലെത്തന്നെയും ചുരുക്കം ചില ഏജന്‍സികളിലൊന്ന് ഐ.ബിയായിരിക്കും. ആ സൗകര്യമാണു ദേശസുരക്ഷയുടെ മറവില്‍ രാഷ്ട്രത്തെ മുഴുവന്‍ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ഐ.ബിയെ പ്രാപ്തമാക്കിയത്. ജനിതകതകരാറുകളും സാഹചര്യങ്ങള്‍ക്കനുസരിച്ചു രൂപംകൊള്ളുന്ന സുരക്ഷാവല്‍ക്കരണവും ചേര്‍ന്നു രഹസ്യാന്വേഷണവിഭാഗം ഒരു ദേശവിരുദ്ധസ്ഥാപനമായി മാറിയിട്ടുണെ്ടന്നാണ് അടിക്കടി അരങ്ങേറുന്ന വ്യാജ ഏറ്റുമുട്ടലുകള്‍ പോലുള്ള സംഭവങ്ങള്‍ തെളിയിക്കുന്നത്.

സുരക്ഷാവല്‍ക്കരണവും പൗരസങ്കല്‍പ്പങ്ങളും

സുരക്ഷാവല്‍ക്കരണപദ്ധതികള്‍ ആത്യന്തികമായി ദേശീയതാവ്യവഹാരങ്ങളിലൂടെയാണു രൂപംകൊണ്ടത്. ഈ പ്രവണത ആദ്യമായി നിരീക്ഷിച്ചത് അന്താരാഷ്ട്രബന്ധങ്ങളെക്കുറിച്ചു പഠിക്കുന്ന ഗവേഷകരായിരുന്നുവെന്നതു യാദൃച്ഛികമായിരുന്നില്ല. എന്നാല്‍, രാജ്യത്തിനു പുറത്തുനിന്നു വരുന്ന ഭീഷണികളെക്കുറിച്ച് ഉല്‍ക്കണ്ഠാകുലരാകുന്ന ഏജന്‍സികള്‍ ആ ഭീഷണികളെ ആഭ്യന്തരരംഗത്തും കണെ്ടത്താന്‍ തുടങ്ങിയതോടെയാണു പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. സൈദ്ധാന്തികമായി പോലിസിങ് അധികാരങ്ങളില്‍നിന്ന് ഇന്റലിജന്‍സ് ബ്യൂറോ മാറ്റിനിര്‍ത്തപ്പെട്ടിട്ടുണെ്ടങ്കിലും സെര്‍ച്ചിനും റെയ്ഡിനുമുള്ള അധികാരങ്ങള്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളിലൂടെ ഇവര്‍ കൈവശപ്പെടുത്തിയിരിക്കുന്നു. ദേശരാഷ്ട്രത്തെക്കുറിച്ചുള്ള അടിസ്ഥാനസങ്കല്‍പ്പങ്ങളില്‍ത്തന്നെ തിരുത്തലുകള്‍ വരുത്തുന്ന നീക്കങ്ങളായിരുന്നു അത്. പൗരര്‍ വിദേശികളെപ്പോലെ നിരീക്ഷിക്കപ്പെടുന്നതും സിവിലിയന്‍നിയമങ്ങള്‍ സൈനികനിയമങ്ങളുമായി സമീകരിക്കപ്പെടുന്നതുമാണ് ഇതിന്റെ മറ്റൊരു ഫലം.
പൗരരെയും വിദേശികളെയും വേര്‍തിരിച്ചു കാണുന്നുവെന്നതാണ് ദേശരാഷ്ട്രങ്ങളുടെ അടിസ്ഥാനയുക്തി. സങ്കല്‍പ്പങ്ങളിലുള്ള ഈ വ്യത്യാസമാണു പോലിസിന്റെയും സൈന്യത്തിന്റെയും പ്രവര്‍ത്തനമണ്ഡലങ്ങളെ വേര്‍തിരിക്കുന്നത്. പോലിസ് പൗരസമൂഹത്തെയും സൈന്യം വിദേശശക്തികളെയും നേരിടുന്നു. ഇതിനനുസരിച്ച് ഇവയുടെ പ്രവര്‍ത്തനരീതികളിലും വ്യത്യാസമുണ്ട്. സൈന്യം ശത്രുവിനെ നേരിടുന്നതുപോലെയല്ല പോലിസ് പൗരരെ നേരിടുന്നത്. അവര്‍ ഉപയോഗിക്കുന്ന ആയുധങ്ങളിലും ഈ വ്യത്യാസമുണ്ട്. പോലിസ് അവരുടെ അവസാന ആയുധമായി തോക്ക് ഉപയോഗിക്കുമ്പോള്‍ സൈന്യം തോക്കില്‍നിന്നാണു തുടങ്ങുന്നത്.
എന്നാല്‍, പൗരസമൂഹത്തെക്കുറിച്ചുള്ള ഈ കാഴ്ചപ്പാടുകളെ തൃണവല്‍ഗണിച്ച് അതിര്‍ത്തിസുരക്ഷാ സേനപോലുള്ള അര്‍ധസൈനിക വിഭാഗങ്ങള്‍ക്കു പോലിസിങ് അധികാരങ്ങള്‍ നല്‍കിക്കൊണ്ട് അവയെ ഇന്ത്യയുടെ ഉള്‍പ്രദേശങ്ങളില്‍ പോലും വിന്യസിച്ചിരിക്കുന്നു. മറ്റു രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത കേരളത്തില്‍പ്പോലും അതിര്‍ത്തിരക്ഷാസേനയ്ക്കു താവളമുണ്ട്. അതിര്‍ത്തിരക്ഷാസേനാ (ഭേദഗതി) നിയമം 2011 സേനയ്ക്ക് ഇന്ത്യയുടെ അതിര്‍ത്തിപ്രദേശങ്ങളല്ലാത്തിടങ്ങളിലും പോലിസിങ് അധികാരം നല്‍കാന്‍ ഉദ്ദേശിച്ചുകൊണ്ടാണു തയ്യാറാക്കിയിരിക്കുന്നത്.
പ്രതിപക്ഷകക്ഷികള്‍ ഈ ബില്ലിനെ എതിര്‍ത്തെങ്കിലും സംസ്ഥാനത്തിന്റെ അവകാശങ്ങളില്‍ കേന്ദ്രത്തിന്റെ കടന്നുകയറ്റമെന്ന പ്രശ്‌നമായിരുന്നു അവരെ പ്രകോപിപ്പിച്ചത്. ആ വാദം ശരിയുമായിരുന്നു. എന്നാല്‍, സായുധസേനകളെ പോലിസിങിനുപയോഗിക്കുന്നതിലെ പൗരാവകാശലംഘനത്തെക്കുറിച്ച് അവര്‍ ആശങ്കപ്പെട്ടതേയില്ല. അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സൈനികവിഭാഗങ്ങളെ പോലിസിങിനുപയോഗിക്കുന്ന സാഹചര്യത്തില്‍ അതില്‍ അദ്ഭുതപ്പെടാനില്ല.
പുതുതായി കേന്ദ്രം രൂപംകൊടുക്കാനുദ്ദേശിക്കുന്ന ദേശീയ ഭീകരവിരുദ്ധകേന്ദ്രം രഹസ്യാന്വേഷണസംവിധാനത്തിന്റെയും സൈന്യത്തിന്റെയും പോലിസിന്റെയും ഉത്തരവാദിത്തങ്ങള്‍ ഏകീകരിക്കപ്പെട്ട ഒരു സംവിധാനമാണ്. ചാരവൃത്തി നടത്തുന്ന സ്വതന്ത്രാസ്തിത്വമുള്ള ഐ.ബിയും വിദേശശക്തികളെ നേരിടുന്ന സൈന്യവും പോലിസിങിലേക്കു കടക്കുന്നു എന്നാണ് ഇതിനര്‍ഥം. വിദേശികളും സ്വദേശികളും തമ്മിലുള്ള വ്യത്യാസങ്ങളും ഇതോടെ റദ്ദു ചെയ്യപ്പെടും. ആരോടും ബാധ്യതകളില്ലാത്ത ഐ.ബിയുടെ കീഴില്‍ ഇവ ഏകോപിപ്പിക്കപ്പടുമ്പോള്‍ അതു നമ്മുടെ പൗരസങ്കല്‍പ്പങ്ങളിലും ദേശീയതാസങ്കല്‍പ്പങ്ങളിലും വരുത്തുന്ന അപകടങ്ങള്‍ ചെറുതായിരിക്കില്ല. ആവശ്യാനുസരണം വലിച്ചുനീട്ടാവുന്ന സുരക്ഷാവല്‍ക്കരണപദ്ധതികളും കൂടിയാവുമ്പോള്‍ പ്രസക്തമായ ചോദ്യം ഇതാണ്: ഇന്ത്യക്കാരന്‍ ഐ.ബിയുടെ ആരായിവരും? ഒപ്പം, ഇന്ത്യന്‍ യൂനിയന് ഇന്ത്യക്കാരന്‍ ആരായിവരും എന്നും ചോദിക്കാം...