Wednesday, February 10, 2016

ദലിത്-ന്യൂനപക്ഷ(മുസ്ലിം) ഐക്യം: ഒരു സംവാദം

തൊണ്ണൂറുകള്‍ 'മണ്ഡല്‍കാല'മായിരുന്നു. മണ്ഡല്‍വ്യവഹാരങ്ങളാണ് ഇന്ത്യന്‍ സമൂഹത്തെ മൊത്തത്തില്‍ നിര്‍ണയിച്ചിരുന്നത്. ശത്രുവും മിത്രവും ആരാണെന്നു തീരുമാനിച്ചിരുന്നതും അങ്ങനെത്തന്നെ. മുസ്ലിംസംഘടനകളും ദലിത് സംഘടനകളും ഇടതുപക്ഷം പോലും മണ്ഡല്‍ വ്യവഹാരത്തിന്റെ പശ്ചാത്തലത്തില്‍ ഒരൊറ്റ ബിന്ദുവിലേക്ക് ഏകീകരിക്കപ്പെട്ടു. ശത്രുപക്ഷത്ത് സവര്‍ണധാരയും പ്രതിഷ്ഠിക്കപ്പെട്ടു.
പക്ഷേ, ഇപ്പോഴത്തേത് ന്യൂനപക്ഷവിരുദ്ധതയുടെ കാലമാണ്. ന്യൂനപക്ഷപ്രീണനവ്യവഹാരങ്ങളുടെ കാലമെന്നും പറയാം. പൊതുവില്‍ ഇടതുപക്ഷപ്രസ്ഥാനങ്ങളും യുക്തിവാദികളും ചില ദലിത് സംഘടനകള്‍ പോലും ന്യൂനപക്ഷവിരുദ്ധതയുടെ രാഷ്ട്രീയത്താലാണ് പ്രചോദിതരായിരിക്കുന്നത്. ഈ ന്യൂനപക്ഷപ്രീണനവാദികളില്‍, മുസ്ലിം സംഘടനകളും കാണും. മുസ്ലിംലീഗിന്റെ ചില അഭിപ്രായപ്രകടനങ്ങള്‍ ശ്രദ്ധിക്കുക.
ന്യൂനപക്ഷപ്രീണനവാദികളുടെ ഭാഷ പരിശോധിക്കുക. സങ്കുചിത ദേശീയത, രാജ്യദ്രോഹം, രാജ്യസുരക്ഷ തുടങ്ങിയവയെ സൂചിപ്പിക്കുന്ന പദാവലികളാലാണ് അത് ആവിഷ്‌കരിക്കപ്പെടാറുള്ളത്. ന്യൂനപക്ഷവര്‍ഗീയതയും(ന്യൂനപക്ഷവര്‍ഗീയത എന്ന പദത്തെത്തന്നെ സംശയിക്കണം)രാജ്യസുരക്ഷയുടെ പ്രശ്‌നമായി വിശദീകരിക്കപ്പെടുന്നു. അതേസമയം ഭൂരിപക്ഷവര്‍ഗീയത ആഭ്യന്തരപ്രശ്‌നമാണ്, കൂടിപ്പോയാല്‍ അസഹിഷ്ണുത.

മുസ്ലിംങ്ങള്‍ ദലിതരുടെ രക്ഷകരാവേണ്ട എന്നൊക്കെയുള്ള ചില ചര്‍ച്ചകള്‍ കുറച്ചുനാള്‍ മുമ്പ് നെറ്റില്‍ കണ്ടിരുന്നു. തൊണ്ണൂറുകളില്‍ വികസിക്കപ്പെട്ട ഒരു ഐക്യനിരയുടെ തകര്‍ച്ചയായാണ് ഞാനിതിനെ കാണുന്നത്. രക്ഷകര്‍തൃമനോഭാവത്തെ ചെറുക്കേണ്ടതില്ലെന്ന നിലപാടില്‍ നിന്നുകൊണ്ടല്ല ഇത് പറയുന്നത്, നേരത്തേ പറഞ്ഞ പുതിയ ന്യൂനപക്ഷപ്രീണനവാദ ചിന്തയില്‍ നിന്നാണ് ഇത്തരം വാദങ്ങള്‍ രൂപപ്പെടുന്നത്.

അതേസമയം മുസ്ലിങ്ങള്‍ക്കിടയില്‍ പടര്‍ന്നു കിടക്കുന്ന ജാതീയതയെ വിമര്‍ശിക്കാന്‍ ദുര്‍ബലമെങ്കിലും മുസ്ലിങ്ങളിലെ പുതിയ തലമുറ സൈദ്ധാന്തികമായി തയ്യാറാവുന്നതിനെ ധനാത്മകമായ നീക്കമായി കാണുന്നു. സച്ചാര്‍ കമ്മറ്റി റിപോര്‍്ട്ട് പുറത്തു വന്ന കാലത്ത് ഒരു മുസ്ലിം സംഘടന പുറത്തിറക്കിയ മലയാളവിവര്‍ത്തനത്തില്‍ നിന്ന് കേരളത്തില്‍ നിലനില്‍ക്കുന്ന മുസ്ലിങ്ങളിലെ ജാതിയെക്കുറിച്ചുള്ള ഭാഗം ഒഴിവാക്കിയിരുന്നുവെന്ന് ശ്രദ്ധയില്‍ പെട്ടിരുന്നു. ഇപ്പോഴെന്താണ് സ്ഥിതി എന്നറിയില്ല. മുസ്ലിംപള്ളികളിലെ ജാതീയതയെ വിമര്‍ശിക്കുന്ന ചില ലേഖനങ്ങള്‍ ഏതാനും മാസം മുമ്പ് മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. ഇതൊരു സുപ്രധാന മാറ്റമാണ്. അതേസമയം ഇനിയും വളര്‍ന്നുവരേണ്ട ഒരു പ്രവണതയാണ് അത്.

അതോടൊപ്പം മുസ്ലിങ്ങള്‍ക്കിടയിലെ വിവേചനത്തെ പ്രത്യേകിച്ച് സ്ത്രീപ്രശ്‌നത്തെ മുസ്ലിങ്ങളോട് 'പ്രണയ'മുള്ള ആളുകള്‍ കാണുന്നില്ല എന്ന ചില വിമര്‍ശനങ്ങള്‍ കാണാറുണ്ട്. വിചിത്രമായ വാദമാണ് ഇത്. ഒരു കാര്യം മാത്രം പറയാം. ഹിന്ദുകുടുംബങ്ങളിലെ കാരണവന്മാരുടെ, സഹോദരന്റെ, അച്ഛന്റെ, അമ്മയുടെ സ്ത്രീവിരുദ്ധതയെ നാം 'പിന്തിരിപ്പത്തം' എന്നാണ് വിശദീകരിക്കുക, എന്നാല്‍ ഇതേ കാര്യം മുസ്ലിംകുടുബത്തില്‍ നി്ന്നുണ്ടായാല്‍ നമ്മുടെ പദാവലി മാറും 'മതമൗലികവാദം' എന്ന പദം രംഗത്തുവരും നമ്മുടെ ചിന്തകളിലെ ചില മുന്‍വിധികളില്‍ നിന്നാണ് ഇതുണ്ടാകുന്നത്. മുസ്ലിങ്ങളിലെ ആഭ്യന്തരവിമര്‍ശകരെകൂടെ കണക്കിലെടുക്കുന്ന രാഷ്ട്രീയത്തോടാണ് എനിക്കു മമത. പലപ്പോഴും ഇസ്ലാമോഫോബിയയുടെ/മുസ്ലിംവിരുദ്ധതയുടെ അന്തരീക്ഷമാണ് ആഭ്യന്തരവിമര്‍ശനങ്ങളെ തടഞ്ഞു നിര്‍ത്തുന്നത്. ആ അര്‍ഥത്തില്‍ മുസ്ലിം സ്ത്രീയുടെ ശത്രുക്കളിലൊന്ന് സെക്കുലറുകളാണ്. അവരെ 'ഹിന്ദുത്വസെക്കുലറുകള്‍' എന്നു വിശേഷിപ്പിക്കാം.
ഏതെങ്കിലും സാമൂഹ്യവിഭാഗങ്ങളുടെ മേല്‍ അധീശത്വമുണ്ടെന്നു കരുതുന്ന ശക്തികള്‍ എന്നും തങ്ങളുടെ കീഴില്‍കിടക്കുന്ന/ അങ്ങനെയാണെന്ന് കരുതുന്ന വിഭാഗങ്ങളിലെ പുരുഷന്മാരെ പ്രതിസ്ഥാനത്ത് സ്ഥാപിക്കുക പതിവാണ്. അവരുടെ സ്ത്രീകളുടെ രക്ഷകരായാണ് മേധാവിത്വശക്തികള്‍ സ്വയം അവതരിപ്പിക്കുക. ഇന്ന് ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും അതുതന്നെ.

(എ എസ് അജിത്കുമാറിന്റെ എഫ് ബി പോസ്റ്റിനോട് https://goo.gl/356vl9പ്രതികരിച്ചുകൊണ്ട് എഴുതിയ കുറിപ്പ്)