Wednesday, November 17, 2010
ഹിറ്റ്ലറുടെ മണം...!
കേരളത്തില്‍ 126 അദ്ധ്യാപകര്‍ കമ്മ്യൂണിറ്റി പോലീസ് ഓഫീസേഴ്സായി സ്ഥാനമേറ്റു എന്നത് ഒരു നിസ്സാര വാര്‍ത്തയല്ല. സംസ്ഥാനത്തൊട്ടാകെ 6500 വിദ്ധ്യാര്‍ത്ഥികളും 260 അദ്ധ്യാപകരും ഈ പദ്ധതിയുടെ ഭാഗമായിട്ടുണ്ടെന്ന് നോഡല്‍ ഓഫീസര്‍ പി.വിജയന്‍ പറയുന്നു. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ സബ് ഇന്‍സ്പെക്ടര്‍ക്കു സമാനമായ ഓണററി റാങ്കില്‍ നിയമിക്കപ്പെടും. പരിശീലനത്തിന്‍റെ ഭാഗമായി ഭരണഘടനയും കുട്ടികളുടെ മനശ്ശാസ്ത്രവുമൊക്കെ അദ്ധ്യാപകരെ പഠിപ്പിക്കുന്നുണ്ട്.
സംസ്ഥാനത്തെ വിവിധ സ്ക്കൂളുകളില്‍ നിന്ന് തെരഞ്ഞെടുത്ത അദ്ധ്യാപകരുടെ പാസ്സിങ്ങ് ഔട്ട്പരേഡില്‍ പങ്കെടുത്തുകൊണ്ട് ഇക്കഴിഞ്ഞ 14-ആം തിയതി തൃശ്ശൂരില്‍ മന്ത്രി തെറ്റയില്‍ അദ്ധ്യാപകരെ പോലീസ് സേനയില്‍ ചേര്‍ത്തുകൊണ്ട് നടപ്പാക്കുന്ന ഈ പദ്ധതി രാജ്യത്തിനാകമാനം മാതൃകയാണെന്ന് ചൂണ്ടിക്കാട്ടി. രാജ്യത്തൊട്ടാകെ രൂപം കൊള്ളുന്ന ഭീകരവാദത്തിനും വിഘടനവാദത്തിനും വര്‍ഗ്ഗീയതയ്ക്കും എതിരെ കുട്ടികളെ സജ്ജമാക്കുന്നതിന്റെ ഭാഗമായിട്ടാണത്രെ കുട്ടിപ്പോലീസ് പദ്ധതിയും അദ്ധ്യാപക പോലീസ് പദ്ധതിയും നടപ്പാക്കുന്നത്.
അദ്ധ്യാപകരും പോലീസും
കുട്ടികളില്‍ മനുഷ്യത്വവും മൂല്യവ്യവസ്ഥയും വളര്‍ത്തിയെടുക്കുന്നതിനുള്ള ഉപാധിയായാണ് പുരാതന കാലം മുതലേ അദ്ധ്യാപകരെ കണക്കിലെടുത്തിരുന്നത്. ഭാവി തലമുറയെന്ന നിലയില്‍ കുട്ടികളില്‍ ഇത്തരം മൂല്യവ്യവസ്ഥകള്‍ രൂപപ്പെടേണ്ടത് പ്രധാനമാണെന്ന് കരുതപ്പെട്ടു. നിലനില്‍ ക്കുന്ന വ്യവസ്ഥയുടെ സംരക്ഷകരെന്ന നിലയില്‍ അദ്ധ്യാപകരുടെ ഈ ദൌത്യം പോലും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്, പ്രശ്നവിധേയമാക്കിയിട്ടുണ്ട്. ഭരണകൂടത്തിന്റെ മൃദു-പ്രത്യയശാസ്ത്ര ഉപകരണങ്ങളായാണ് ഗ്രാംഷിയെ പോലുള്ള ചിന്തകര്‍ ഈ സംവിധാനത്തെ നോക്കിക്കാണുന്നത്. കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പുതിയ 'കുട്ടി/അദ്ധ്യാപക പോലീസ്' പ്രസ്ഥാനം ഇത്തരം സംവിധാനങ്ങളെ കൂടുതല്‍ ഫാസിസവല്‍ക്കരിക്കുമെന്നു തന്നെ കരുതണം..കുറച്ചുകാലം മുന്‍പുവരെയും അദ്ധ്യാപനത്തെ പോലീസിങ്ങില്‍ നിന്നും വ്യത്യസ്തമായ ഒന്നായാണ് കണക്കാക്കിയിരുന്നത്. സ്കൂളിനുള്ളില്‍ ഒരു തരം ഓട്ടോണമി നില്‍ക്കുന്നുവെന്നു പോലും വിശ്വസിക്കപ്പെട്ടിരുന്നു. പോലീസ് ഭാഷ സംസാരിക്കുന്ന അദ്ധ്യാപകന്‍ മികച്ച അദ്ധ്യാപകനായി കരുതപ്പെട്ടിരുന്നില്ല. ചൂരലില്‍ മധുരമായൊന്നുമില്ലെന്ന് തിരിച്ചറിയുകയും ചെയ്തു. സ്ക്കൂള്‍ ഗെയ്റ്റിനു വെളിയില്‍ പോലീസും സ്ക്കൂളിനകത്തു വിദ്യാര്‍ത്ഥിയുമെന്ന ഒരു വേര്‍തിരിവ് പ്രായോഗികമായും മനശാസ്ത്രപരമായി പോലും നിലനിന്നിരുന്നു. കേരളത്തിന്റെ സമരതീക്ഷ്ണമായ ഇന്നലകളിലെ വിദ്യാര്‍ത്ഥി ജീവിതങ്ങള്‍ ഇപ്പോഴും ഇതിനു സാക്ഷ്യം പറയുന്നുണ്ട്. ഇതിനെയൊക്കെ അട്ടിമറിച്ചു കൊണ്ടാണ് സ്ക്കൂളിനകത്തെ വിദ്യാര്‍ത്ഥി തിരിഞ്ഞുനോക്കുമ്പോള്‍ തങ്ങളില്‍ ചിലരും പഠിപ്പിക്കുന്ന അദ്ധ്യാപകരില്‍ ചിലരും പോലീസ്സായി മാറി എന്നു തിരിച്ചറിയുന്നത്. ഇത് തീര്‍ച്ചയായും പല ചോദ്യങ്ങളിലേക്കും നമ്മെ വലിച്ചടുപ്പിക്കുന്നുണ്ട്.
(രാഷ്ട്ര)സുരക്ഷ ഒരു രൂപകമെന്ന നിലയില്‍
സമകാലിക സന്ദര്‍ഭത്തില്‍ (രാഷ്ട്ര)സുരക്ഷ എന്നത് നമ്മുടെ വിശകലനങ്ങളുടേയും ബോധ്യങ്ങളുടേയും മര്‍മ്മസ്ഥാനത്തെത്തിയിരിക്കയാണ്. സമൂഹത്തിന്റെ മുഴുവന്‍ പ്രവര്‍ത്തിയുടെയും വിശകലന മാതൃകയോ മാനദണ്ഡമോ ആയി, ഒരു പ്രിസമായി 'സുരക്ഷ' മാറിക്കഴിഞ്ഞു. രാജ്യത്താകമാനം രൂപംകൊണ്ടുകഴിഞ്ഞ അപരവല്‍ക്കരണത്തിന്റെ മാരകാവസ്ഥയിലേക്കു കൂടിയാണ് ഇത് വിരല്‍ ചൂണ്ടുന്നത്. നമ്മുടെ മുഴുവന്‍ ചിന്തകളിലും ഇത് രൂപകമായി പ്രവര്‍ത്തിക്കുന്നുണ്ട്. കുറച്ചുകാലം മുന്‍പ് സ്റ്റെബിലൈസര്‍ വില്‍ക്കുന്ന ഒരു കമ്പനി പുറത്തുവിട്ട പരസ്യം ഏറെ ശ്രദ്ധേയമയിരുന്നു.അത്യാധുനിക ആയുധങ്ങളുമായി മണല്‍ ചാക്കുകള്‍ക്കു പുറകിലായി യുദ്ധസന്നദ്ധരായി നില്‍ക്കുന്ന പട്ടാളക്കാര്‍ എല്‍.സി.ഡി ടി.വി ക്കു കാവല്‍ നില്‍ക്കുന്നു. നിങ്ങളുടെ എല്‍.സി.ഡി.യുടെ സംരക്ഷണം ഇനി മുതല്‍ സുരക്ഷാഭടന്‍മാരുടെ ചുമതലയിലാണെന്നു പരസ്യം നമ്മെ അറിയിക്കുന്നു. തോക്കെടുത്ത് ഇലക്ട്രിക്ക് സിഗ്നലുകള്‍ക്കെതിരെ പോരാടുന്ന സൈനികരെയായിരുന്നു ഇതേ കമ്പനിയുടെ ടി.വി. പരസ്യത്തില്‍ ചിത്രീകരിച്ചിരുന്നത്. ‘മലബാര്‍ ഗോള്‍ഡി‘ന്റെ പരസ്യത്തിലാകട്ടെ മാലിന്യമുക്തിയെ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യവുമായി കണ്ണിചേര്‍ത്തിരിക്കുന്നു. മോഹന്‍ലാലിന്റെ ലെഫ്റ്റനന്റ്കേണല്‍ പദവി ഇത്തരം ആവശ്യത്തിന് ഉപയോഗിച്ചതിനെ ചൊല്ലി അക്കാലത്ത് ചില പ്രതിഷേധസ്വരങ്ങള്‍ ഉയരാതിരുന്നില്ല. കൊപ്പത്തെ(പാലക്കാട്)ഒരു ഹോട്ടലിന്റെ (‘നക്ഷത്ര റീജന്‍സി‘)പരസ്യത്തില്‍ നക്ഷത്രപരാമര്‍ശത്തെ ചിത്രീകരിച്ചിരിക്കുന്നത് പഴയകാല കാല്‍പ്പനിക ഭാവുകത്വത്തിന്റെ രൂപകത്താലല്ല, മറിച്ച് നക്ഷത്രയുദ്ധത്തെയോ സാഹസികതയെയോ ഒക്കെ ഓര്‍മ്മപ്പെടുത്തുന്ന ഇമേജറിയിലൂടെയാണ്. സുരക്ഷ നമ്മുടെ ചിന്തകളില്‍ ഒരു ഒബ്സഷനായി മാറിയിരിക്കയാണ്.
സജാതീയത(homogeneity)
നമ്മുടെ രാഷ്ട്രവ്യവഹാരത്തില്‍ ‘വ്യത്യസ്തതകള്‍ ‘ഇന്ന് ഭയപ്പാടോടെയോ രാഷ്ട്രവിരുദ്ധമോ ആയ ഒന്നായാണ് മനസ്സിലാക്കപ്പെടുന്നത്. വ്യത്യസ്തത എന്നാല്‍ ജാതി, മതം, ദേശീയത, പ്രാദേശികത, ഗോത്രം, ഭാഷ, രാഷ്ട്രീയം എന്നിങ്ങനെ എന്തുമാകാം. ഇപ്പോള്‍ ഉള്ളത് എന്താണോ അത് നിലനില്‍പ്പിന്റെ ഏക സാദ്ധ്യതയാണെന്നു കരുതപ്പെടുന്നു. ജനാഭിലാഷം, സാമൂഹ്യപരിണാമം എന്നിവക്കൊന്നും ഒരു സ്ഥാനവും അത് കല്‍പ്പിക്കുന്നില്ല. ഇന്നത്തെ ഈ വര്‍ത്തമാന സാധ്യതപോലും സ്റ്റാറ്റസ്ക്കോയുടെ അട്ടിമറിയായിരുന്നുവെന്ന് അത് മറന്നുപോകുന്നു. ചരിത്രത്തെ അത് വകവെക്കുന്നേയില്ല.
നവംബര്‍ 14 ന് ഹിന്ദുവില്‍ മുന്‍ സി.ബി.ഐ ഡയറക്ടറായിരുന്ന ആര്‍.കെ. രാഘവന്റെ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരതക്കെതിരെയുള്ള യുദ്ധത്തെ ക്കുറിച്ച് ആലോചിക്കുന്ന ലേഖനം, ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനസമയത്ത് ഡര്‍ഹിയിലെയും മുംബൈയിലെയും പോലീസ് സേന വഹിച്ച സ്തുത്യര്‍ഹമായ സേവനത്തെ വാഴ്ത്തുന്നു. ഒപ്പം ഇത്തരം സന്ദര്‍ശനസമയങ്ങളില്‍ സംഭവിക്കാവുന്ന ചില അപകടകരമായ സാധ്യതകളെക്കുറിച്ച് അദ്ദേഹം ആശങ്കപങ്കുവെക്കുകയാണ്. ഡല്‍ഹിയിലെയും മുംബൈയിലെയും പോലീസ് സേനകള്‍ സജാതീയ(ഹോമോജീനിയസ്)മല്ലെന്നും അവയില്‍ രാജ്യത്തിന്റെ വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നുള്ള ഒരു ലക്ഷത്തോളം പേര്‍ ഇപ്പോള്‍ ജോലിചെയ്യുന്നുണ്ടെന്നതിനാല്‍ അപകടസാധ്യത (അവരിലാരെങ്കിലും ആക്രമണത്തിന് മുതിരുന്നതിനുള്ള സാധ്യത ) ഏറെയുണ്ടെന്നും അദ്ദേഹം ഭരണകൂടത്തെ ഓര്‍മ്മപ്പെടുത്തുന്നു. ചുരുക്കത്തില്‍ ഹൊമോജിനിറ്റിയാണ് സുരക്ഷിതത്വം ഉറപ്പുനല്‍കുന്നതിനായുള്ള, പ്രത്യേകിച്ചും രാജ്യസുരക്ഷിതത്വത്തിന്റെ ഉറപ്പിനായുള്ള ഉപാധികളില്‍ സുപ്രധാനം. രാജ്യത്തെ പോലീസുകാരില്‍ കൊള്ളാവുന്നവരെന്ന് ചിലരെങ്കിലും കരുതുന്ന ഒരാളുടെ ഭാഗത്തുനിന്നാണ് ഇത്തരം ഒരു പരാമര്‍ശം ഉണ്ടായതെന്നത് കൂടുതല്‍ ആശങ്കപെടുത്തുന്നതാണ്. രാഷ്ട്രത്തെ വംശീയമായി വിഭാവനം ചെയ്യുന്നതിനുള്ള സാധ്യതകളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
വിജാതീയത/വ്യത്യസ്തത ഒരു അലോസരമായോ പല പ്രശ്നങ്ങളുടേയും മൂലകാരണമായോ വിവരിക്കപ്പെടുന്നു. രാഷ്ട്രങ്ങളുടെ വികസനരാഹിത്യത്തിനും ആഭ്യന്തര കലാപങ്ങള്‍ക്കും അഴിമതിക്കും മൂലകാരണമായും വംശീയ വ്യതിരിക്തതയെ(വിജാതിയതയെ) കണക്കാക്കുന്ന ഒരു ചിന്തപോലും വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. മൌറോ എന്ന സാമൂഹ്യശാസ്ത്രജ്ഞന്‍ 'എത്നിക്'(ETHNIC) എന്ന ഒരു സംജ്ഞ തന്നെ രൂപപ്പെടുത്തിയിട്ടുണ്ട് . ഒരു രാജ്യത്ത് random ആയി തെരഞ്ഞെടുക്കപ്പെടുന്ന രണ്ടുപേര്‍ വ്യത്യസ്ത വംശീയ ഭാഷാ വിഭാഗങ്ങളില്‍ പെടുന്നതിനുള്ള സാധ്യതയുടെ ഒരു അളവായാണ് എത്നിക് നിര്‍വ്വചിച്ചിരിക്കുന്നത്. ആഫ്രിക്കയില്‍ ആഭ്യന്തരയുദ്ധവും കലാപങ്ങളും അഴിമതിയും കൂടിയിരിക്കുന്നതിന് കാരണം ഉയര്‍ന്ന എത്നിക്ക് നമ്പറാണെന്ന് ഇത്തരം ശാസ്ത്രജ്ഞര്‍ വാദിക്കുന്നു. ചുരുക്കത്തില്‍ ഈ വിശദീകരണം ആഫ്രിക്കന്‍ രാജ്യങ്ങളെ കലാപത്തിലേക്ക് വലിച്ചെറിയുന്ന സാമ്രാജ്യത്വ രാജ്യങ്ങളുടെ പങ്ക് തന്ത്രപൂര്‍വ്വം മറയ്ക്കുന്നു. എന്നാല്‍ വംശീയ/ഗോത്ര/മത ബഹുലതയെ ഒരു അലോസരമായി കണക്കാക്കുന്ന ഈ ചിന്തയുടെ ഫാസിസ്റ്റ് നിറമാണ് ഏറെ അപകടകരം. സി.ബി.ഐ. മുന്‍ മേധാവി ശ്രീ.രാഘവനും ഇത്തരമൊരു ചിന്തയിലേക്കാണ് മുന്നേറുന്നതെന്ന് പറയാതെ വയ്യ. മറ്റൊന്ന് ദേശരാഷ്ട്ര രൂപീകരണത്തില്‍ നിര്‍ഭാഗ്യകരമാവിധം വംശീയത കുപ്രസിദ്ധമായ പങ്കാണു വഹിക്കുന്നതെന്നത് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട് എന്നതാണ്. ഫാസിസം പലപ്പോഴും ഈ വഴികൂടി കടന്നു വരാറുമുണ്ട്.
ഈ പശ്ചാത്തലത്തില്‍ വേണം സ്ക്കൂള്‍ കുട്ടി/അദ്ധ്യാപരെ പോലീസിങ്ങിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങളെ നോക്കിക്കാണേണ്ടത്. ചിന്തകളുടേയും യുക്തിയുടേയും പുതുമകളുടേയും ബൌദ്ധിക അട്ടിമറികളുടേയും ഭൂമികയായ വിദ്യാഭ്യാസകേന്ദ്രങ്ങളുടെ ‘സജാതീയ‘വല്‍ക്കരണമെന്ന്' ,വെട്ടിനിരത്തലെന്ന് ഇതിനെ വിളിക്കാം. കുട്ടികളില്‍ വളര്‍ന്നുവരാന്‍ സാധ്യതയുള്ള എല്ലാ ക്രിയാത്മക ചിന്തകളെയും രാഷ്ട്രസുരക്ഷയുടെ പേരില്‍ തടയണമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. പ്രത്യേകിച്ചും, ആഭ്യന്തരകൊളോണിയലിസത്തെക്കുറിച്ചുള്ള പ്രതിഷേധങ്ങള്‍. കാരണം അവയാണ് ഭാവിയില്‍ പലപ്പോഴും സ്വയംനിണ്ണയനവാദങ്ങളുടെ അടിത്തറയായി വര്‍ത്തിക്കുന്നത്.
തീര്‍ച്ചയായും ഒരു ഹിറ്റ്ലര്‍ എവിടെയോ മണക്കുന്നില്ലേ?
Subscribe to:
Post Comments (Atom)
No comments:
Post a Comment