പച്ച ബ്ലൗസ് ഒരു ഹാസ്യചിത്രീകരണം (defence.pk) |
അധ്യാപികമാരെ പച്ചബ്ലൗസ് ഉടുപ്പിക്കാമെങ്കില്‍ ഞങ്ങള്‍ക്കെന്താ പച്ചബൗസിട്ടാല്‍, എന്ന വാദമുയര്‍ത്തി കോഴിക്കോട് നഗരത്തില്‍ ഒരു നാല്‍വര്‍സംഘം പ്രതിഷേധം സംഘടിപ്പിച്ചതിനെക്കുറിച്ച് ദേശാഭിമാനി റിപോര്‍ട്ട് ചെയ്തിരുന്നു. ലീഗിന്റെ 'പച്ചവല്‍ക്കരണനയ'ത്തിനെതിരേയായിരുന്നത്രേ ചെറുപ്പക്കാരുടെ പ്രതിഷേധം. പച്ചബ്ലൗസിട്ടും കന്നാസില്‍ പച്ചവെള്ളവുമായും കയറില്‍ പച്ചബ്ലൗസ് കെട്ടിത്തൂക്കിയും നടന്ന പ്രതിഷേധം കാഴ്ചക്കാരില്‍ ചിരി പടര്‍ത്തി. ഈയിടെയായി പച്ചബ്ലൗസ് കണ്ടാല്‍പോലും ജനം അതില്‍ വിദ്യാഭ്യാസവകുപ്പിന്റെയോ വ്യവസായവകുപ്പിന്റെയോ ഇടപെടല്‍ സംശയിക്കുന്നിടത്തോളം കാര്യങ്ങള്‍ മാറിക്കഴിഞ്ഞെന്നു തികച്ചും വ്യത്യസ്തമായ ഒരു പ്രശ്‌നത്തെക്കുറിച്ച് എഴുതിയ ലേഖനത്തില്‍ പ്രശസ്ത പത്രപ്രവര്‍ത്തകനായ എന്‍.പി. രാജേന്ദ്രന്‍ പരിഹസിച്ചു. ഈ പരിഹാസത്തില്‍ തന്റെ പത്രവും സഹപ്രവര്‍ത്തകരും വഹിച്ച പങ്കിനെക്കുറിച്ചു സ്വാഭാവികമായും അദ്ദേഹം മൗനം ദീക്ഷിച്ചു.
ഈ പ്രശ്‌നങ്ങള്‍ രാഷ്ട്രീയവും മതവുമായിട്ടുള്ള അനാശാസ്യബന്ധത്തിന്റെ ഫലമാണെന്നും അതു തിരിച്ചറിയാനുള്ള വിവേകം രാഷ്ട്രീയകക്ഷികള്‍ കാണിക്കുന്നില്ലെന്നുമായിരുന്നു ജന്മഭൂമി പത്രത്തിന്റെ പരാതി. നിയോജകമണ്ഡലങ്ങളുടെ പുനക്രമീകരണം നടന്നപ്പോള്‍ കേരളത്തിലെ മുസ്‌ലിം ഭൂരിപക്ഷപ്രദേശങ്ങളില്‍ മൂന്നു മണ്ഡലങ്ങള്‍ കൂടിയെന്നും അതു വടക്കന്‍ കേരളത്തിലെ മുസ്‌ലിം ജനവിഭാഗങ്ങള്‍ കുടുംബാസൂത്രണത്തെ അട്ടിമറിച്ചതുകൊണ്ടാണെന്നു ബോധ്യപ്പെടുത്താനുള്ള അവസരമായും ജന്മഭൂമി അതിനെ ഉപയോഗിച്ചു. ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം കൊടുക്കുമ്പോള്‍ അതു സാമൂഹിക-സാമുദായിക സന്തുലിതാവസ്ഥ പാലിച്ചുവേണമെന്നായിരുന്നു എന്‍.എസ്.എസ്. നേതാവ് സുകുമാരന്‍നായരുടെ അഭിപ്രായം.
മറ്റൊരു ഹാസ്യചിത്രീകരണം malayalam.oneindi-a.in |
അതേസമയം, മുസ്‌ലിംകളുടെ നേര്‍ക്ക് അമ്പുതൊടുക്കാന്‍ ലഭിച്ച അവസരം വെറുതെ കളഞ്ഞുകുളിക്കാന്‍ ഇടതുപക്ഷവും തയ്യാറായിരുന്നില്ല. അധികാരം നിലനിര്‍ത്താന്‍ മതനിരപേക്ഷ രാഷ്ട്രീയത്തെ ബലികൊടുക്കുകയാണ് യു.ഡി.എഫ്. സര്‍ക്കാര്‍ ചെയ്തതെന്നായിരുന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അസന്ദിഗ്ധമായ അഭിപ്രായം. ന്യൂനപക്ഷ സമുദായങ്ങളുടെ പേരിലുള്ള വിലപേശലിനു മുന്നില്‍ കോണ്‍ഗ്രസ്സും ഉമ്മന്‍ചാണ്ടിയും അടിക്കടി കീഴടങ്ങുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ലീഗിന്റെ അഞ്ചാംമന്ത്രിപ്രശ്‌നമെന്നു പിണറായി ചൂണ്ടിക്കാട്ടി. ഇടതുപക്ഷത്തെ സ്റ്റാര്‍ പെര്‍ഫോമറായ അച്യുതാനന്ദന്റെ നിലപാട് സുകുമാരന്‍നായരുമായി യോജിക്കുന്നതായിരുന്നു. അഞ്ചാംമന്ത്രി സംസ്ഥാനത്തെ സാമുദായിക സമവാക്യത്തെ ബാധിക്കുമെന്നു വി.എസ്. അച്യുതാനന്ദനും ആശങ്കപ്പെട്ടു. ഭരണം നിലനിര്‍ത്താന്‍ 'ആപ്പകളെയും ഊപ്പ'കളെയും കൂടെക്കൂട്ടേണ്ട അവസ്ഥയാണ് യു.ഡി.എഫിനുള്ളതെന്നു പോലും വി.എസ്. കുറ്റപ്പെടുത്തി. 'ആപ്പകളും ഊപ്പ'കളും മുസ്‌ലിംലീഗാണോ എന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല.
കേരളചരിത്രത്തില്‍ ഇന്നുവരെ ഉണ്ടാവാത്ത തരത്തില്‍ ന്യൂനപക്ഷസംഘടനകള്‍, പ്രത്യേകിച്ച് മുസ്‌ലിംസംഘടനകള്‍ വര്‍ഗീയവാദത്തിന്റെ പേരില്‍ ആരോപണങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ്. വര്‍ഗീയത പലപ്പോഴും മുസ്‌ലിം സംഘടനകള്‍ക്കുമേല്‍ ആരോപിക്കപ്പെട്ടിട്ടുണ്ടെങ്കിലും സ്വാതന്ത്ര്യാനന്തരം കേരളത്തില്‍ അത് ഏറ്റവും ശക്തമാവുന്നതു മലപ്പുറം ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ടാണ്. കോഴിക്കോട് സര്‍വകലാശാലയുടെ ആസ്ഥാനം മലപ്പുറത്തെത്തിക്കുന്നതിനു പിന്നിലും കനത്ത വര്‍ഗീയപക്ഷപാതം ആരോപിക്കപ്പെട്ടു. കേരളത്തിലുണ്ടായ വര്‍ഗീയലഹളകളുടെ പേരില്‍ പല സംഘടനകളും മതംതന്നെയും ആക്ഷേപിക്കപ്പെട്ടിരുന്നെങ്കിലും അധികാരം പങ്കുപറ്റുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുമ്പോഴാണ് അത് ഏറ്റവും രൂക്ഷമാവുന്നത്. അഞ്ചാംമന്ത്രിപ്രശ്‌നവും സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കലുമൊക്കെ ഇത്തരത്തില്‍ വമ്പിച്ച ചര്‍ച്ചകള്‍ക്കു കാരണമായ വിഷയങ്ങളാണ്.
യഥാര്‍ഥത്തില്‍ മുസ്‌ലിംകള്‍ അത്യാര്‍ത്തിക്കാരായി മാറിയിട്ടുണ്ടെന്നും അവര്‍ അമുസ്‌ലിംകളുടെ വിഭവങ്ങള്‍ അന്യായമായി കൈയടക്കുന്നുവെന്നുമുള്ള ചിന്ത ഹൈന്ദവസംഘടനകള്‍ മാത്രം പങ്കുവയ്ക്കുന്നതല്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്. തെരുവില്‍ നാം കണ്ടുമുട്ടുന്ന സാധാരണക്കാര്‍ പോലും ഉറച്ചുവിശ്വസിക്കുന്നിടത്തോളം ആ ചിന്ത വളര്‍ന്നുകഴിഞ്ഞു. മറ്റുള്ളവരുടെ അവകാശങ്ങള്‍ കൂടി തട്ടിയെടുക്കുന്ന കുടിലബുദ്ധിക്കാരായ ഒരു കൂട്ടമാണോ മുസ്‌ലിംസമുദായമെന്ന ചോദ്യത്തെ അഭിമുഖീകരിക്കാതെ ജനാധിപത്യവിശ്വാസികള്‍ക്കും ഇനി മുന്നോട്ടുപോവാനാവില്ല. ആ ചോദ്യങ്ങളാവട്ടെ, സെക്കുലറിസത്തെയും വര്‍ഗീയതയെയും ന്യൂനപക്ഷങ്ങളെയും കുറിച്ചുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ ചരിത്രപരമായ ധാരണകളുമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ടു ചരിത്രത്തിലാണ് അതിന്റെ വേരുകള്‍ നാം തിരയേണ്ടത്.
സെക്കുലറിസവും വര്‍ഗീയതയും
ലോകത്തിലെ മറ്റിടങ്ങളെപ്പോലെത്തന്നെ സ്വന്തം ചരിത്രത്തില്‍ കാലൂന്നിക്കൊണ്ടാണ് ഇന്ത്യയിലും മതേതരസങ്കല്‍പ്പങ്ങള്‍ രൂപംകൊണ്ടത്. യൂറോപ്യന്‍ ചരിത്രത്തിലെ മതേതരമൂല്യങ്ങളില്‍നിന്നു തികച്ചും വ്യത്യസ്തമായാണ് അതു വളര്‍ന്നുവന്നത്. ചരിത്രം, കല, മാധ്യമങ്ങള്‍ എന്നിങ്ങനെ പൊതുസമൂഹത്തെ സ്വാധീനിക്കുന്ന വിവിധ വ്യവഹാരങ്ങള്‍ ഈ പ്രക്രിയയില്‍ പങ്കുവഹിച്ചു. യൂറോപ്യന്‍ സെക്കുലറിസത്തിന്റെ മൂശയില്‍ പരിശീലിപ്പിക്കപ്പെട്ട ഒരു നേതൃനിരയാല്‍ വികസിപ്പിക്കപ്പെട്ടതായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യസമരമെങ്കിലും സ്വന്തമായ ഒരു ഭരണഘടനയ്ക്കു രൂപം കൊടുക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അവര്‍ മതേതരമൂല്യങ്ങള്‍ക്കു സ്വന്തം ഭാഷ്യം എഴുതിച്ചേര്‍ത്തു. ഭരണഘടനാനിര്‍മാണസഭയിലെ ഈ ചര്‍ച്ചകളാണ് ഭാവി ഇന്ത്യയുടെ മതേതരമൂല്യസങ്കല്‍പ്പങ്ങള്‍ക്ക് അടിസ്ഥാനമായതെന്നു പറഞ്ഞാല്‍ അതു തെറ്റായിരിക്കില്ല.
ബ്രിട്ടിഷ് കൊളോണിയലിസ്റ്റുകളുടെ ഭരണനിര്‍വഹണപദ്ധതികളെ പ്രതിസ്ഥാനത്തുനിര്‍ത്തുക എന്നതായിരുന്നു ഇന്ത്യന്‍ ദേശീയവാദികളുടെ പൊതുനിലപാട്. ഏതെങ്കിലും മതത്തിന് എന്തിന്റെയെങ്കിലും അടിസ്ഥാനത്തില്‍ പ്രത്യേക പരിഗണന നല്‍കുന്നതു മതേതരമൂല്യങ്ങള്‍ക്ക് എതിരാണെന്നും കരുതപ്പെട്ടു. ആ അര്‍ഥത്തില്‍ ന്യൂനപക്ഷപരിരക്ഷയുടെ ഭാഗമായി ബ്രിട്ടിഷുകാര്‍ ആവിഷ്‌കരിച്ചിരുന്ന പ്രത്യേക നിയോജകമണ്ഡലങ്ങളടക്കമുള്ള വിവിധ പദ്ധതികള്‍ ബ്രിട്ടിഷുകാരുടെ 'വിഭജിക്കുക, ഭരിക്കുക' എന്ന തന്ത്രത്തിന്റെ ഭാഗമാണെന്ന് അവര്‍ ആത്മാര്‍ഥമായും വിശ്വസിച്ചു. വിവിധ വിഭാഗങ്ങളെ വ്യത്യസ്തമായി പരിഗണിക്കുകയും അവരുടെ ഉന്നമനത്തിനായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്നത് ഇന്ത്യയുടെ ദേശീയതയ്ക്കു ഹാനികരമാണെന്നുമായിരുന്നു വിലയിരുത്തല്‍. പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും പാര്‍ലമെന്റേറിയനുമായിരുന്ന പി.എസ്. ദേശ്മുഖ് പറഞ്ഞതു ന്യൂനപക്ഷവും ന്യൂനപക്ഷതാല്‍പ്പര്യവും എന്നതു ബ്രിട്ടിഷുകാരുടെ സൃഷ്ടിയാണ് എന്നാണ്.
ന്യൂനപക്ഷപരിരക്ഷയെ വര്‍ഗീയതയുമായി കൂട്ടിക്കെട്ടിയാണു ദേശീയവാദികള്‍ പരിഗണിച്ചത്. അത്തരം പരിരക്ഷകള്‍ വര്‍ഗീയതയാണെന്നും കൊളോണിയല്‍ കാലഘട്ടത്തിലെ അവശിഷ്ടങ്ങളാണെന്നും അവര്‍ കണക്കാക്കി. അതു പൗരനെ സ്വതന്ത്രനായ വ്യക്തിയില്‍നിന്നു മതകീയനായ വ്യക്തിയായി താഴ്ത്തുന്നുവെന്നാണ് അവരുടെ വാദം.
മതേതരത്വം എന്നാല്‍ അവരെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും മതത്തോടു ഭരണകൂടത്തിനു ശത്രുതയില്ലാതിരിക്കുക എന്നതു മാത്രമാണ്. നിയമനിര്‍മാണസഭാ ചര്‍ച്ചകള്‍ക്കിടയില്‍ പാര്‍ലമെന്റേറിയനും പിന്നീടു ജനസംഘം നേതാവുമായിരുന്ന കെ.എം. മുന്‍ഷി പറഞ്ഞു: ''മതവിരുദ്ധമെന്ന നിലയിലല്ല നമ്മുടെ രാജ്യം സെക്കുലറായിരിക്കുന്നത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, ഏതെങ്കിലും മതത്തിനു രാഷ്ട്രം മുന്‍ഗണന നല്‍കുകയില്ല. ആ അര്‍ഥത്തിലുള്ള ഒരു വിഭാഗമായി അതു മതത്തെ തിരിച്ചറിയുകയുമില്ല.'' മതത്തെ സംബന്ധിച്ചും സെക്കുലറിസത്തെ സംബന്ധിച്ചുമുള്ള ഇത്തരം അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നതു ന്യൂനപക്ഷങ്ങള്‍ക്കുവേണ്ട പരിരക്ഷകളെക്കുറിച്ചുള്ള ചര്‍ച്ചാവേളയിലായിരുന്നെന്നതായിരുന്നു ഏറ്റവും ശ്രദ്ധേയം.
ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകള്‍ ഹൈന്ദവവാദികളുടേതുമായി ഒത്തുപോവുന്നുവെന്നതാണ് ഏറെ കൗതുകകരം. 1949 മെയ് 11നു നടന്ന ഭരണഘടനാസഭയുടെ ഉപദേശക സമിതി യോഗത്തില്‍ അറിയപ്പെടുന്ന ഹൈന്ദവപക്ഷപാതിയായ വല്ലഭ് ഭായ് പട്ടേല്‍ പറഞ്ഞു: ''മതന്യൂനപക്ഷങ്ങള്‍ക്കു സീറ്റുകള്‍ സംവരണം ചെയ്യുന്നത് മതേതരജനാധിപത്യരാഷ്ട്രത്തിനു വിരുദ്ധമാണ്. പ്രത്യേക നിയോജകമണ്ഡലങ്ങളടക്കമുള്ള ന്യൂനപക്ഷപരിരക്ഷാ പദ്ധതികള്‍ രാജ്യത്തു വിഭജനവാദത്തിനു വഴിവയ്ക്കും.'' മെയ് 25നു ചേര്‍ന്ന തുടര്‍യോഗത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു: ''നമ്മുടെ രാജ്യത്തു ഭൂരിപക്ഷവും ന്യൂനപക്ഷവുമില്ല. ഇന്ത്യ ഒരൊറ്റ സമൂഹമാണ്.'' ദേശീയവാദിയും സോഷ്യലിസ്റ്റുമായ നെഹ്‌റുവിന്റെ അഭിപ്രായവും വ്യത്യസ്തമായിരുന്നില്ല. സംവരണപദ്ധതികള്‍ ഇല്ലാതാവുന്നതു ന്യൂനപക്ഷങ്ങള്‍ അടക്കമുള്ളവര്‍ക്കു നല്ലതാണെന്ന അഭിപ്രായക്കാരനായിരുന്നു നെഹ്‌റു. അതു രാഷ്ട്രത്തിനു മാത്രമല്ല, ലോകത്തിനും നല്ലതാണെന്ന് നെഹ്‌റു കരുതി (ഷെഫാലി ഝാ ഉദ്ധരിച്ചത്).
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ചു സംസാരിക്കുന്നതിനെ വര്‍ഗീയതയായി കണക്കാക്കിയ ദേശീയവാദികള്‍ അവകാശങ്ങള്‍ ചോദിച്ചുവാങ്ങാനൊരുങ്ങിയ അധഃകൃതരെ(അങ്ങനെയാണ് ദലിതരെ ആ കാലഘട്ടത്തില്‍ വ്യവഹരിച്ചുപോന്നത്) സ്വാര്‍ഥരായാണു വിശേഷിപ്പിച്ചിരുന്നത്. ഇന്ത്യന്‍ ദേശീയവാദികളുടെ ഇത്തരം ആരോപണങ്ങള്‍ക്കു മറുപടി പറഞ്ഞുകൊണ്ട് അംബേദ്കര്‍ എഴുതി: ''ഭൂരിപക്ഷങ്ങള്‍ക്ക് അവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചു ന്യൂനപക്ഷങ്ങളെ ഭരിക്കാന്‍ ദൈവികമായ അവകാശമുണ്ടെന്നാണു കരുതപ്പെടുന്നത്. അധികാരം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള എല്ലാ അവകാശവാദങ്ങളും വര്‍ഗീയതയായി വിലയിരുത്തപ്പെടുകയാണ്. ഭൂരിപക്ഷത്തിന്റെ അധികാരം വകവച്ചുകൊടുക്കുകയെന്നതിനെയാണ് ദേശീയത എന്നു പറയുന്നത്'' (നിയമനിര്‍മാണസഭാ ചര്‍ച്ചകള്‍, സെലക്റ്റഡ് ഡോക്യുമെന്റ്). ഇത്തരത്തില്‍ വിഭാവനം ചെയ്യപ്പെട്ട ഭരണഘടനയുടെ നാലതിരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടുള്ള ഒരു ധൈഷണികപദ്ധതിയിലൂന്നിയാണു പിന്നീട് ഇന്ത്യയില്‍ മതേതരചിന്തതന്നെ വികസിക്കപ്പെട്ടത്.
ന്യൂനപക്ഷങ്ങള്‍ സാംസ്‌കാരികഘടകങ്ങളെന്ന നിലയില്‍
ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ സാംസ്‌കാരികവ്യവസ്ഥ എന്ന നിലയില്‍ മാത്രം മനസ്സിലാക്കുന്നു എന്നതാണ് ഇന്ത്യന്‍ മതേതരവ്യവഹാരത്തിന്റെ ഏറ്റവും വലിയ ദൗര്‍ബല്യം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ രൂപപ്പെട്ട രാഷ്ട്രീയസംഭവവികാസങ്ങളോടു ദേശീയവാദികള്‍ എടുത്ത സമീപനങ്ങളില്‍ ഇവയുടെ അംശങ്ങള്‍ കാണാന്‍ കഴിയും. 1905ലെ ബംഗാള്‍ വിഭജനം അത്തരമൊരു സന്ദര്‍ഭമായിരുന്നു. വളര്‍ന്നുവരുന്ന സ്വാതന്ത്ര്യസമരത്തെ തല്ലിക്കൊഴിക്കാനുള്ള ബ്രിട്ടിഷ് ഗൂഢാലോചനയെന്നാണു ബംഗാള്‍ വിഭജനം ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തില്‍ വിവരിക്കപ്പെടുന്നത്. പാകിസ്താന്‍ രൂപീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്ന പാകിസ്താന്‍ അഥവാ ഇന്ത്യാവിഭജനം എന്ന പ്രശസ്ത കൃതിയില്‍ അംബേദ്കര്‍ എഴുതി: ''കിഴക്കന്‍ ബംഗാളില്‍ ഒരു മുസ്‌ലിം സംസ്ഥാനം രൂപവല്‍കരിക്കാനുള്ള ഉദ്യമമായിരുന്നു ഇത്. എന്നാല്‍ 1911 ല്‍ ബ്രിട്ടിഷുകാര്‍ ഹിന്ദുക്കളുടെ എതിര്‍പ്പുമൂലം ഈ വിഭജനം റദ്ദാക്കി. സ്വന്തം താല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്ത വിധം ദുര്‍ബലരായിരുന്ന മുസ്‌ലിംകളുടെ അഭിലാഷത്തെ കണക്കിലെടുക്കാതെ ഹിന്ദുക്കള്‍ ഈ വിഭജനത്തെ എതിര്‍ക്കുകയുണ്ടായി.''
Add caമുക്തിബാഹിനി വൈമാനികരും ഇന്ത്യന്‍ സൈനികരും |
വൈയക്തികതലങ്ങളില്‍ സ്വന്തം മതനിയമങ്ങള്‍ പരിപാലിക്കാന്‍ അനുവദിച്ചുകൊടുക്കുന്ന ഭരണഘടന അത്തരം ഗ്രൂപ്പുകളുടെ രാഷ്ട്രീയ-സാമ്പത്തികപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ആവശ്യങ്ങളെ വര്‍ഗീയവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നു എന്ന പേരില്‍ തള്ളിക്കളഞ്ഞു. പത്തുവര്‍ഷത്തേക്കെങ്കിലും ആനുപാതിക ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ നിയമനിര്‍മാണസഭയിലേക്കു പ്രതിനിധികളെ തിരഞ്ഞടുക്കുന്നതിനുള്ള അവകാശം ന്യൂനപക്ഷങ്ങള്‍ക്കു നല്‍കണമെന്ന നിര്‍ദേശം ആദ്യഘട്ടത്തില്‍ ഉയര്‍ന്നുവന്നിരുന്നെങ്കിലും അതേ ആരോപണത്തിന്റെ പേരില്‍ പിന്നീടത് ഉപേക്ഷിക്കുകയും അത്തരം പരിരക്ഷകള്‍ ദലിതര്‍ക്കും ആദിവാസികള്‍ക്കും മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു. ആരോഗ്യകരമായ ദേശീയജീവിതത്തിനു ന്യൂനപക്ഷപരിരക്ഷകള്‍ ഗുണം ചെയ്യില്ലെന്നായിരുന്നു വാദം. സാംസ്‌കാരികസ്വത്വങ്ങളെന്ന നിലയില്‍ മുസ്‌ലിം പ്രശ്‌നത്തെ പരിഗണിക്കുന്നതിനെതിരേ ന്യൂനപക്ഷസംഘടനകള്‍ക്കിടയില്‍ നിന്നുതന്നെ അങ്ങേയറ്റത്തെ പ്രതികരണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അഖിലേന്ത്യാ പിന്നാക്ക മുസ്്‌ലിം മോര്‍ച്ച (അഹഹ ശിറശമ യമരസംമൃറ ാൗഹെശാ ാീൃരവമ അകആങങ) അത്തരമൊരു സംഘടനയാണ്. 1994ല്‍ രൂപംകൊണ്ട ഈ സംഘടന വ്യക്തിനിയമങ്ങളും ബാബരിമസ്ജിദ് പോലുള്ള പ്രശ്‌നങ്ങളും ഉയര്‍ത്തി മുസ്‌ലിംപ്രശ്‌നത്തെ കാതലായ പ്രശ്‌നങ്ങളില്‍നിന്നു വഴി തിരിച്ചുവിടുന്നുവെന്നു 'സവര്‍ണ മുസ്‌ലിം മതനേതാക്കന്മാരെ'യും മുസ്‌ലിം സംഘടകളെയും കുറ്റപ്പെടുത്തിയിരുന്നു. പിന്നാക്ക മുസ്‌ലിംസംവരണത്തിന്റെ പ്രശ്‌നം പരിഹരിക്കുകയാണെങ്കില്‍ ബാബരിമസ്ജിദ് പ്രശ്‌നം വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് അവര്‍ ഒരിക്കല്‍ പ്രഖ്യാപിക്കുകയുണ്ടായി.
പൊതുപ്രവര്‍ത്തകന്റെ ജാതി
സമൂഹത്തിന്റെ മതേതരഘടനയില്‍ ഉലച്ചിലുണ്ടാവുന്നുവെന്നു കരുതുന്ന പ്രശ്‌നങ്ങളില്‍ മാത്രമാണു നമ്മുടെ മതേതരവാദികള്‍ ഇടപെടുന്നത്. മതേതരഘടനയ്‌ക്കെതിരേ എപ്പോഴെങ്കിലും ആക്രമണങ്ങളുണ്ടായാല്‍ അവര്‍ ഉടന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങും. ആരാധന നടത്താനും മതാചരണത്തിനുമുള്ള അവസരങ്ങള്‍ സംരക്ഷിക്കാന്‍ അവര്‍ ജീവന്‍ കളയാന്‍ പോലും തയ്യാറാവും. മുസ്‌ലിംകള്‍ക്കുനേരെയുള്ള, പൊതുവില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ മതേതരത്വത്തിനെതിരേയുള്ള ആക്രമണങ്ങളായും ഭരണഘടനയ്‌ക്കെതിരേയുള്ള വെല്ലുവിളികളായും അവര്‍ കണക്കാക്കി. ബാബരിമസ്ജിദ് പ്രശ്‌നം പോലുള്ളവയില്‍ മതേതരവാദികള്‍ സജീവമായി ഇടപെട്ടതിന്റെ രാഷ്ട്രീയപശ്ചാത്തലം അതായിരുന്നു.
എന്നാല്‍, എപ്പോഴെങ്കിലും ഒരു ന്യൂനപക്ഷസംഘടനാ നേതാവ് സ്വന്തം ജനതയുടെ രാഷ്ട്രീയ-സാമ്പത്തിക അവസ്ഥയുമായി ബന്ധപ്പെട്ട് അവകാശവാദങ്ങള്‍ ഉന്നയിച്ചാല്‍ ഉടന്‍ വര്‍ഗീയവാദ ആരോപണങ്ങള്‍ ഉയരുകയായി. ന്യൂനപക്ഷങ്ങളുടെ സാമൂഹിക-സാമ്പത്തികപ്രശ്‌നങ്ങള്‍ മതേതരവാദികള്‍ സ്വന്തം മുന്‍കൈയില്‍ ഒരിക്കലും വികസിപ്പിച്ചെടുത്തില്ല. മറ്റുള്ളവരെ അത് ഉന്നയിക്കാനും അനുവദിച്ചില്ല. ആരെങ്കിലും അങ്ങനെ ചെയ്യുകയാണെങ്കില്‍ അതവരുടെ വര്‍ഗീയതാല്‍പ്പര്യങ്ങളെക്കൊണ്ടാണെന്നു വിശദീകരിക്കുന്നതിലും അവര്‍ മുന്‍പന്തിയില്‍ നില്‍ക്കും. അച്യുതാനന്ദനും പിണറായിയും വിഷ്ണുനാഥ് എം.എല്‍.എയുമടക്കമുള്ള മതേതരക്കാര്‍ ചെയ്യുന്നതും അതുതന്നെ. അതിന്റെ ചരിത്രപരമായ പശ്ചാത്തലമാണു നാം നേരത്തേ പരിശോധിച്ചത്. ന്യൂനപക്ഷവിഭാഗങ്ങള്‍ സ്വന്തം രാഷ്ട്രീയ-സാമ്പത്തിക അവകാശങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്നതിനെ വര്‍ഗീയതയായി വിലയിരുത്തുന്ന മതേതരവാദി ഭരണഘടനയുടെ തത്ത്വസംഹിതയ്ക്കനുസരിച്ചാണ് അതു ചെയ്യുന്നതെന്നതാണ് ഏറ്റവും രസകരം. അതും ലോകത്തില്‍ ഏറ്റവും മതേതരസ്വഭാവമുള്ളതെന്നു കരുതപ്പെടുന്ന ഒരു ഭരണഘടനയുടെ പേരില്‍. ആ അര്‍ഥത്തില്‍ ഇന്ത്യന്‍ മതേതരത്വത്തിന്റെ അടിസ്ഥാനമൂല്യങ്ങള്‍ പുനപ്പരിശോധിക്കാനും ഭരണഘടനാമൂല്യങ്ങളില്‍നിന്നു വിമോചിപ്പിക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നു. മതേതരവാദികളുടെ അടിയന്തരകടമയും അതുതന്നെ.
No comments:
Post a Comment