Thursday, January 3, 2013

ഫാസിസത്തിലേക്കു തുറക്കുന്ന വഴികള്‍




ഡല്‍ഹിയില്‍ പോലിസ് പ്രദര്‍ശിപ്പിച്ച ഒരു ചിത്രം
ഫോട്ടോ :സന്തോഷ് മടിക്കൈ

പ്രതിസന്ധി ഒരു മോശം കാര്യമല്ല. വിപ്ലവകരമായ പ്രതിസന്ധി സാമൂഹ്യസൃഷ്ടിയില്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് മാക്‌സ് എഴുതിയിട്ടുണ്ട്. പക്ഷേ രാഷ്ട്രതന്ത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പ്രതിസന്ധി ഒരു നിരപേക്ഷമായ പദമായാണ് അവതരിപ്പിക്കപ്പെടാറുള്ളത്. പ്രതിസന്ധി ഭരണകൂടത്തിന്റെതാണെങ്കില്‍ അത് കൂടുതല്‍ നിരപേക്ഷമായി അനുഭവപ്പെടും. ആഭ്യന്തരപ്രതിസന്ധി അനുഭവിക്കുന്ന ഭരണകൂടങ്ങള്‍ അതിര്‍ത്തികളിലേക്ക് തങ്ങളുടെ തോക്കുകള്‍ തിരിച്ചുവെച്ചുകൊണ്ടും അത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്നത് ഒരു രഹസ്യമല്ല. സമാധാനകാലത്ത് ആലോചിക്കാന്‍ പോലുമാവാത്ത നടപടികള്‍ കൈകൊള്ളാന്‍ അത് ഭരണകൂടങ്ങളെ സഹായിക്കുകയും ചെയ്യും.

ചിലപ്പോഴെങ്കിലും പൗരസമൂഹത്തിന്റെ ഇടപെടല്‍ ഭരണകൂടത്തെ വ്യാജമായ പ്രതിസന്ധികളിലേക്ക് തള്ളി വിടാറുണ്ട്. ലോകമാസകലം പൊട്ടിപ്പുറപ്പെട്ട സാര്‍സ് രോഗവും അതുണ്ടാക്കിയ ഭീതിയും ചൈനയില്‍ മനുഷ്യാവകാശലംഘനങ്ങള്‍ക്ക് കാരണമായതെങ്ങിനെ എന്നതിനെക്കുറിച്ച് ചില പഠനങ്ങള്‍ നടന്നിരുന്നു. രോഗം പൗരസമൂഹത്തിലുണ്ടാക്കിയ ഭീതിയും പ്രതിരോധനടപടികള്‍ക്കു വേണ്ടിയുള്ള മുറവിളികളും ഉപയോഗപ്പെടുത്തിക്കൊണ്ട് വ്യക്തിയുടെ സ്വകാര്യതകളിലേക്ക്  ഭരണകൂടം കടന്നുകയറുകയായിരുന്നു.  ഏതു മനുഷ്യനെയും വിവേചനരഹിതമായ നിരീക്ഷണങ്ങള്‍ക്കു വിധേയമാക്കാന്‍ അത് ചൈനീസ് സര്‍ക്കാരിനെ സഹായിച്ചു. വീടുകളില്‍, സ്വകാര്യ ഇടങ്ങളില്‍, ലോഡ്ജുകളില്‍, വിനോദകേന്ദ്രങ്ങളില്‍ എന്നുവേണ്ട എവിടേയും ക്ഷണിക്കപ്പെടാത്ത അതിഥികളായി സര്‍ക്കാര്‍ നിരീക്ഷകര്‍ ഇരച്ചു കയറി. ദില്ലിയില്‍ ഒരു പെണ്‍കുട്ടി ബലാല്‍സംഘം ചെയ്യപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ പൗരസമൂഹത്തിന്റെ രോഷവും തുടര്‍ന്നുണ്ടായ പ്രതിരോധങ്ങളും സമാനമായ സാഹചര്യത്തിലേക്ക് നമ്മുടെ രാജ്യത്തേയും നയിക്കാനിടയുണ്ടെന്ന തോന്നലില്‍ നിന്നാണ് ഇക്കാര്യം സൂചിപ്പിച്ചത്. 

ബലാല്‍സംഘവാര്‍ത്ത പുറത്തുവന്നതിനു ശേഷം വധശിക്ഷയുമായി ബന്ധപ്പെട്ട ആദ്യ വെടി പൊട്ടിച്ചത് സുഷമാ സ്വരാജ് ആണ്. ബലാല്‍സംഘികളെ വധശിക്ഷയ്ക്കു വിധേയമാക്കണമെന്ന്  പ്രതിപക്ഷനേതാവുകൂയിയായ അവര്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയുടെ ക്രമസമാധാനച്ചുമതലയുള്ള കേന്ദ്രആഭ്യന്തരവകുപ്പിന്റെ പരാജയമാണിതെന്നും മാനഭംഗക്കേസുകളിലെ പ്രതികള്‍ക്കു വധശിക്ഷ ഉറപ്പുവരുത്തുന്ന തരത്തില്‍ നിയമഭേദഗതി കൊണ്ടുവരണമെന്നും വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നു. പ്രശ്‌നം ചര്‍ച്ചചെയ്യപ്പെട്ട ആദ്യ നാളുകളില്‍ തന്നെ  വധശിക്ഷയുടെ കാര്യത്തില്‍ വലിയ ആശയഐക്യമാണ് ഉണ്ടായത്. വധശിക്ഷ സംബന്ധിച്ച ചര്‍ച്ചയാണോ നടക്കുന്നതെന്നു പോലും സംശയമുണ്ടാകാവുന്ന തരത്തിലായിരുന്നു കാര്യങ്ങളുടെ പോക്ക്. ചാനല്‍ചര്‍ച്ചകളില്‍ സാമൂഹ്യപ്രതിബദ്ധരായ രാഷ്ട്രീയ-പത്രപ്രവര്‍ത്തകരെ  തിരിച്ചറിയാനുള്ള മാര്‍ഗം പോലും വധശിക്ഷയുമായി ബന്ധപ്പെട്ട അവരുടെ  നിലപാടുകളാണെന്നു തോന്നിച്ചു. മറിച്ചൊരു അഭിപ്രായം പറയാന്‍ ആരും ധൈര്യപ്പെട്ടില്ല. അരുന്ധതി റോയിയെപ്പോലെ ചിലര്‍ അതിനു മുതിര്‍ന്നെങ്കിലും അധികം വൈകാതെ അതിന്റെ ഫലം അനുഭവിച്ചു. കാശ്മീര്‍ പ്രശ്‌നത്തില്‍ അവരുടെ നിലപാടുകള്‍ സൃഷ്ടിച്ചതിനേക്കാള്‍ കടുത്ത പ്രതികരണങ്ങളാണ് ഇതുണ്ടാക്കിയത്. സൈബര്‍ ഇടങ്ങളില്‍ അരുന്ധതി വ്യാപകമായി വിമര്‍ശിക്കപ്പെടുകയോ പരിഹസിക്കുകയോ ചെയ്തു. വലതുകൈയില്‍ രക്തം കുടിക്കുന്ന അരുന്ധതിയെ വരച്ചുകൊണ്ടാണ് ഒരു മലയാളി കാര്‍ട്ടൂണിസ്റ്റ് ഇതിനോട് പ്രതികരിച്ചത്. വധശിക്ഷയ്ക്കു വേണ്ടി വാദിക്കാത്തവര്‍ ബലാല്‍സംഘത്തെ ന്യയീകരിക്കുന്നവരാണെന്നതില്‍ ആര്‍ക്കും സംശയമില്ലായിരുന്നു.

photo: Aneeb p
പെണ്‍കുട്ടി ആശുപത്രിയില്‍ ജീവനുവേണ്ടി പൊരുതിക്കൊണ്ടിരിക്കുമ്പോള്‍ ഡല്‍ഹി പ്രതിഷേധത്തില്‍ തിളച്ചുമറിഞ്ഞു. സ്ത്രീസംഘടനകള്‍, വിദ്യാര്‍ത്ഥികള്‍, കമ്യൂണിസ്റ്റുകള്‍, കലാകാരന്മാര്‍ അങ്ങനെ ആരും ഒഴിഞ്ഞുനിന്നില്ല. ഡല്‍ഹിയില്‍ മാത്രമായി അത് ഒതുങ്ങുകയും ചെയ്തില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അത് കാട്ടുതീ പോലെ പടര്‍ന്നു.

വധശിക്ഷ അടക്കമുള്ള  കഠിനശിക്ഷകള്‍ക്കു വേണ്ടിയുള്ള മുറവിളിയായിരുന്നു ഇത്തവണത്തെ ഡല്‍ഹി പ്രസ്ഥാനത്തിന്റെ ഹൈലൈറ്റ്. വധശിക്ഷ ആവശ്യപ്പെടുന്ന മുദ്രാവാക്യങ്ങളും തൂക്കുകയറും ആലേഖനം ചെയ്ത ടീഷര്‍ട്ടുകള്‍, പ്ലക്കാര്‍ഡുകള്‍ എന്നിവ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. കബന്ധങ്ങള്‍ക്കൊണ്ടുണ്ടാക്കിയ ഇന്ത്യയും പരസ്യമായ തൂക്കിക്കൊലയും ചിത്രീകരിച്ച പെയ്ന്റിങ്ങുകള്‍ പ്രതിഷേധക്കാരുടെ മാനസികഘടന വെളിപ്പെടുത്താന്‍ പര്യാപ്തമായിരുന്നു. കൂട്ടത്തില്‍ ബലാല്‍സംഘിയെ കൊല്ലണമെന്നാവശ്യപ്പെടുന്ന മദ്രാവാക്യങ്ങളെഴുതിയ ഗാന്ധിത്തൊപ്പികളുമായി കൂട്ടികളും!

തികച്ചും ഏകാത്മക സ്വഭാവത്തോടെയുള്ള ഒരു ജനക്കൂട്ടമായിരുന്നു അതെന്ന് വിലയിരുത്തുന്നത് ശരിയായിരിക്കില്ല. ബലാല്‍സംഘത്തെയും ഭരണകൂട ഇടപെടലിനെയും വ്യത്യസ്തമായ അര്‍ത്ഥത്തില്‍ നോക്കിക്കാണുന്ന ചിലരെങ്കിലും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ ഞങ്ങളൂടെ സുരക്ഷയ്ക്കായി പ്രത്യേക മുന്‍കരുതലുകള്‍ എടുക്കില്ലെന്നും എന്തു വസ്ത്രം എങ്ങനെ ധരിക്കണമെന്ന്  ഞങ്ങളെ ആരും ഉപദേശിക്കേണ്ടതില്ലെന്നും ശക്തമായി പ്രതികരിച്ച കവിതാ കൃഷ്ണനെപ്പോലുള്ള രാഷ്ട്രീയപ്രവര്‍ത്തകരും ആ കൂട്ടത്തില്‍ അണിനിരന്നു. എന്നാല്‍ അവര്‍ക്കൊരിക്കലും ജനക്കൂട്ടത്തിന്റെ മനസ്സ് പിടിച്ചെടുക്കാനായില്ലെന്നതും കാര്യങ്ങളുടെ ഭാവി തീരുമാനിക്കുന്നതില്‍ ഒരു പങ്കുമുണ്ടായിരുന്നില്ല എന്നതുമാണ് പ്രധാനം.

രാജ്യത്തിന്റെ നിയമവ്യവസ്ഥയാണ് പ്രക്ഷോഭകാരികളുടെ ആക്രമണത്തിന് ഏറ്റവും കൂടുതല്‍ വിധേയമായത്. ഇന്ത്യന്‍ ശിക്ഷാവിധികളുടെ 'കാഠിന്യമില്ലായ്മ' യാണ് കൂടുതല്‍ വിമര്‍ശിക്കപ്പെട്ടത്. വ്യവസ്ഥാപിതമായ നീതിന്യായ-ഭരണനിര്‍വഹണരീതിയായിരുന്നു മറ്റൊരു എതിര്‍പ്പിന്റെ കേന്ദ്രം. വധശിക്ഷയെ എതിര്‍ത്തു സംസാരിച്ച  ഒരു ലേഡിഡോക്ടര്‍ ബലാല്‍സംഘികളെ കൈയും കാലും വെട്ടിയരിഞ്ഞ് ജീവിക്കാന്‍ വിടണമെന്നാണ് ആവശ്യപ്പെട്ടത്. ഇന്ത്യയൊട്ടാകെ പ്രക്ഷേപണം ചെയ്യപ്പെട്ട ഇത്തരം അഭിപ്രായങ്ങള്‍ക്ക് ധാരാളം അനുയായികളെയും ലഭിച്ചു. ബലാല്‍സംഘം നടന്ന ഉടനെ ശിക്ഷയും നടപ്പാക്കണമെന്നതായിരുന്നു മറ്റൊരാവശ്യം. ജനങ്ങളുടെ പ്രതികരണങ്ങളെ ന്യായീകരിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പോലും കുറ്റവാളികളെ തെരുവില്‍ ശിക്ഷിക്കണമെന്നുപോലുള്ള പ്രക്ഷോഭകരുടെ ആവശ്യത്തെ 'അപകടകരം' എന്ന് വിശേഷിപ്പിച്ചു. സര്‍ക്കാര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് അന്നാ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന മി്ക്കവാറും ആവശ്യങ്ങള്‍ ഇവിടെയും ആവര്‍ത്തിക്കപ്പെട്ടു. ആ അര്‍ത്ഥത്തില്‍ ഇതിനെ രണ്ടാം അന്നാ പ്രസ്ഥാനമെന്ന് വിളിച്ചാല്‍ തെറ്റായിരിക്കില്ല. 


photo: Aneeb p
ഡല്‍ഹി സംഭവങ്ങള്‍ നടക്കുന്നതിനിടയില്‍ പോലിസിന്റെ ഭാഗത്തുനിന്നും ചില അപകടകരമായ പ്രതികരണങ്ങള്‍ ഉണ്ടായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഡര്‍ഹിയില്‍ കുടിയേറിയവരെക്കുറിച്ചുള്ള ഭീതി നിറഞ്ഞുനിന്ന ആ പ്രതികരണങ്ങള്‍ പക്ഷേ, പ്രതിഷേധങ്ങളൊന്നുമുണ്ടാക്കാതെ വായുവിലലിഞ്ഞു ചേര്‍ന്നു. 
പെണ്‍കുട്ടിയുടെ മരണശേഷം നടന്ന ഫെയ്‌സ്ബുക്ക് ചര്‍ച്ച.യില്‍ ഒരു സ്ത്രീ എഴുതി: 'ദേവി നീ പുനരവതരിക്കൂ.. നിന്നെ ഞങ്ങള്‍ക്കാവശ്യമുണ്ട്. കാളയെപ്പോലെ കാമവികാരം മൂത്ത് ഉഴറി നടക്കുന്ന മഹിഷാസുരന്മാരുടെ ചോരയില്‍ മുങ്ങിനിവരാന്‍ സമയമായി''.  വയലന്‍സിന്റെയും ചോരയുടെയും മരണത്തിന്റെയും അധികാരത്തിന്റെയും ഗന്ധമായിരുന്നു എങ്ങും. ബലാല്‍സംഘത്തിനും കൊലപാതകത്തിനു പകരം രക്തമാവശ്യപ്പെട്ട പ്രക്ഷോഭകരില്‍ ഒരാള്‍ പോലും പക്ഷേ, ഇന്ത്യയിലെ ഭരണസംവിധാനങ്ങളും ജാതിമേധാവികളും കൊന്നു തള്ളിയ സ്ത്രീജീവിതങ്ങളെക്കുറിച്ച് പറയാന്‍ ഇഷ്ടപ്പെട്ടില്ല.


സ്ത്രീകളുടെ സുരക്ഷയെ സംബന്ധിച്ച ചര്‍ച്ചകള്‍ കൂടുതല്‍ ഭരണകൂട നിരീക്ഷണത്തിനുവേണ്ടിയുള്ള ആവശ്യമായാണ് പരിണമിച്ചത്. ഡര്‍ഹി പ്രതിഷേധപ്രസ്ഥാനത്തിന്റെ മീഡിയാ പാട്ണറായിരുന്ന സിഎന്‍എന്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളിലൊന്ന് പൊതുവാഹനങ്ങളിലുള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളിലെ സിസിടിവി നിരീക്ഷണമായിരുന്നു. സര്‍ക്കാരിനെ ബലാല്‍സംഘത്തിന്റെ പേരില്‍ പ്രതിക്കൂട്ടിലാക്കിയ അതേ ജനക്കൂട്ടം സര്‍ക്കാരിനെ ഏക രക്ഷകനായും അവതരിപ്പിച്ചു. പൗരന്മാരുടെ മുകളിലെ വമ്പിച്ച ഭരണകൂടത്തിന്റെ നിയന്ത്രണങ്ങള്‍ കുറ്റകൃത്യങ്ങളെ ഇല്ലാതാക്കുമെന്ന് പ്രക്ഷോഭകര്‍ കരുതിയെന്നു തോന്നുന്നു. ഇനി അവര്‍ അങ്ങനെ കരുതിയിരുന്നില്ലെങ്കില്‍ തന്നെ സര്‍ക്കാര്‍ അങ്ങനെ മനസ്സിലാക്കാനാണ് ഇഷ്ടപ്പെട്ടത്.

photo: Aneeb p
കൂടുതല്‍ നിരീക്ഷണവും രാസ-വരിയുടക്കലും വധശിക്ഷയും കൂട്ടത്തില്‍ വധശിക്ഷയ്ക്കു വിധേയമാക്കുന്നതിനുള്ള പ്രായം കുറക്കുന്നതടക്കമുള്ള നിയമനിര്‍മ്മാണങ്ങള്‍ നടത്തുന്നതിനുള്ള അവകാശം സര്‍ക്കാര്‍ ഒറ്റകുതിപ്പില്‍ നേടിയെടുത്തു. കൂടുതല്‍ നിയമങ്ങള്‍ക്കും കടുത്ത വ്യവസ്ഥകള്‍ക്കുവേണ്ടിയുള്ള സര്‍ക്കാരിന്റെ ആവശ്യവും ജനങ്ങളുടെ ആവശ്യവും ഒന്നാകുന്ന നിര്‍ണ്ണായകമായ ഘട്ടമായിരുന്നു അത്. ജനങ്ങള്‍ തങ്ങളെ ഒരു പ്രതിസന്ധിയിലേക്ക് വലിച്ചിഴക്കുകയാണെന്ന് ഭാവിച്ച സര്‍ക്കാര്‍ ഭംഗിയായി തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റി. കാറ്റ് അനുകൂലമാണെങ്കില്‍ ജനങ്ങള്‍ക്ക് 'മതിയായ സുരക്ഷ' നല്‍കുന്നതിനുള്ള നിരവധി നിയമനിര്‍മാണങ്ങള്‍ ജനങ്ങളുടെ പൂര്‍ണസമ്മതിയോടെ നടപ്പാക്കിയേക്കും. കൂടുതല്‍ കഠിനനിയമങ്ങള്‍ക്കുള്ള തീരുമാനം കോണ്‍ഗ്രസ് ഉന്നതാധികാര സമിതി എടുത്തുകഴിഞ്ഞു.  ഇന്ത്യയുടെ ഭരണവ്യവസ്ഥയുടെ ഭാവി  സ്വഭാവത്തെത്തന്നെ  നിര്‍ണയിക്കുന്നതില്‍ ഡല്‍ഹി പ്രക്ഷോഭം എന്തുപങ്കുവഹിക്കുമെന്നാണ് ഇനി കാത്തിരുന്നു കാണാനുള്ളത്. 

(തേജസ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്‌)
 

1 comment:

Anonymous said...

Baburaj,
What shouldbe the punishment if that girl was your sister?
Ask the editor of Thejus, what should be the punishment if his wife is raped by a Hindu bigot?
Give please honest answers. Oh, that cant be my desire...rt?