Wednesday, March 2, 2016

ഭരണഘടനാവാദത്തിന്റെ പിന്നാമ്പുറം



ന്തുകൊണ്ടോ കുറച്ചായി ഭരണഘടനയാണ് നമ്മുടെ ചര്‍ച്ചകളുടെ കേന്ദ്രബിന്ദു. ജെഎന്‍യുവിലെ വിദ്യാര്‍ഥി കനയ്യകുമാര്‍ തന്റെ അറസ്റ്റിനു തൊട്ടു മുന്‍പ് നടത്തിയ പ്രസംഗത്തിലും അക്കാര്യം സൂചിപ്പിച്ചിരുന്നു. ആര്‍എസ്എസുകാര്‍ തന്നെ രാജ്യസ്‌നേഹം പഠിപ്പിക്കേണ്ടെന്നും അവരുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനുശേഷം അദ്ദേഹം അംബേദ്ക്കറെ പരാമര്‍ശിച്ചു. അംബേദ്ക്കറില്‍ തനിക്ക് വിശ്വാസമുണ്ടെന്ന് പറഞ്ഞ അടുത്ത നിമിഷം തനിക്ക് ഭരണഘടനയില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം ആണയിട്ടു. അംബേദ്ക്കറെ ഭരണഘടയോട് ചേര്‍ത്തുവെക്കുകയായിരുന്നു കനയ്യകുമാര്‍. അദ്ദേഹത്തെ അറസ്റ്റു ചെയ്തതിനു ശേഷം പോലിസ് കോടതിയില്‍ കൊടുത്ത റിപോര്‍ട്ടിലും ഭരണഘടന പരാമര്‍ശിക്കുകയുണ്ടായി. കനയ്യകുമാര്‍ ഭരണഘടനാവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നായിരുന്നു ആരോപണം.  അറസ്റ്റു ചെയ്തതിനു ശേഷം പുറത്തുവന്ന പ്രതികരണങ്ങളും സമാനസ്വഭാവം പുലര്‍ത്തി.

കനയ്യയ്ക്കു ശേഷം അറസ്റ്റു ചെയ്യപ്പെട്ട ഉമര്‍ ഖാലിദും സമാനമായ അവസ്ഥയില്‍ ശ്രദ്ധേയമായ ഒരു പ്രസംഗം നടത്തിയിരുന്നു. രാജ്യദ്രോഹത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. ഭരണഘടനയോടുള്ള ബാധ്യതയെക്കുറിച്ച് ഉമര്‍ ഒന്നും പറഞ്ഞില്ല. അതേസമയം ഗിലാനിക്കാകട്ടെ ചര്‍ച്ചകളില്‍ പോലും ഇടംപിടിക്കാനാവാതെ തടവുജീവിതത്തിലേക്ക് പോകേണ്ടിയുംവന്നു.

മാവോയിസ്റ്റ് വക്താവ് ആസാദാണ് ജെഎന്‍യു പ്രശ്‌നത്തിനു മുന്‍പ് ദേശീയതലത്തില്‍ ഏറ്റവും ഒടുവില്‍ ഭരണഘടനാ ചര്‍ച്ചകള്‍ക്ക്് ചൂടുപകര്‍ന്നത്. ഇന്ത്യന്‍ ഭരണഘടന ഒരു ടോയ്‌ലറ്റ് പേപ്പറാണെന്നായിരുന്നു ഒരു രൂപകാത്മകമായി ആസാദ് എഴുതിയത്. അദ്ദേഹത്തിന്റെ കൊലപാതകത്തിനു ശേഷം ഇതേക്കുറിച്ച് ദേശീയതലത്തില്‍ തന്നെ ചര്‍ച്ച നടന്നു.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഇന്ത്യയില്‍ ഭരണഘടനാപരമല്ലാത്ത ഒരു അവസ്ഥ സംജാതമായെന്ന് നമ്മുടെ രാഷ്ട്രീയനിരീക്ഷകരും രാഷ്ട്രീയപ്രവര്‍ത്തകരും കരുതുന്നുണ്ടോ? അവരില്‍ ആ വിശ്വാസം രൂഢമൂലമായതിനാലാണോ ചില പ്രതിസന്ധി ഘട്ടങ്ങളിലെങ്കിലും അവര്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നത്? ഭരണഘടനയും രാജ്യസ്‌നേഹവും രാജ്യദ്രോഹവും ഒക്കെ ഇടകലര്‍ന്ന പ്രശ്‌നപരിസരത്തെ വിശകലനം ചെയ്യാനാണ് ഈ ലേഖനം ശ്രമിക്കുന്നത്.

യഥാര്‍ഥത്തില്‍ ഭരണഘടന എന്നാല്‍ എന്താണ്? ഇതിനെ രണ്ടു വശങ്ങളില്‍ നിന്ന് നോക്കിക്കാണാം. ഭരണകൂടത്തിന്റെ  ഭാഗത്തുനിന്നും, ജനങ്ങളുടെ ഭാഗത്തുനിന്നും. ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഭരണഘടനയെ കാണുകയെന്നതാണ് വ്യവസ്ഥാപിത രീതി. അവിടെ പൗരന്റെ മുഴുവന്‍ വ്യവഹാരങ്ങളുടെയും പരമാധികാരിയായി ഭരണകൂടം സങ്കല്‍പ്പിക്കപ്പെടുന്നു. എന്നാല്‍, ജനങ്ങളുടെ ഭാഗത്തുനിന്നു നോക്കുമ്പോള്‍ തികച്ചും വ്യത്യസ്തമായ ചിത്രമാണ് നമുക്ക് ലഭിക്കുന്നത്. അതുപ്രകാരം ഭരണഘടനാപരമായ അധികാരം പൗരനു മുകളിലുള്ള 'പരമാധികാര'ത്തെ പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്. ഭരണകൂട അധികാരം ഏതൊക്കെ മേഖലയില്‍ ബാധകമാണെന്നു ഭരണഘടന വിശദീകരിക്കുന്നുവെന്നത് സത്യം തന്നെ. ഒപ്പം ഏതൊക്കെ മേഖലയില്‍ ബാധകമല്ലെന്ന സൂചനയും കൂടെയാണ് അത്.
ഒരു ഭരണകൂടത്തിനും സ്വന്തം പൗരനുമുകളില്‍, അത് ഏതെങ്കിലും തരത്തില്‍ നിര്‍വചിക്കപ്പെടാത്തിടത്തോളം, യാതൊരു അധികാരവുമില്ല. ഏതെങ്കിലുമൊരിടത്ത്  തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കണമെന്ന് ആഗ്രഹിക്കുമ്പോഴാണ് ഭരണകൂടം ഒരു പുതിയ നിയമത്തിന് രൂപം കൊടുക്കുന്നത്. അതുവരെയും ആ മേഖല ഭരണകൂടത്തിന്റെ സ്വാധീനവലയത്തിനു പുറത്തായിരിക്കുമെന്നാണ് അതിനര്‍ഥം. അതേസമയം തങ്ങള്‍ക്കിഷ്ടമുള്ളപ്പോള്‍ ഇഷ്ടമുള്ളിടത്ത് നിയമനിര്‍മാണത്തിലൂടെ സ്വാധീനം ചെലുത്താനുള്ള അവകാശം സ്വയംസിദ്ധമാണെന്നിടത്താണ് ഭരണകൂടത്തിന്റെ പരമാധികാരം കുടികൊള്ളുന്നത്. സ്വേച്ഛാധിപത്യത്തിലേക്കുള്ള പാതയും ഈ സാധ്യതയിലാണ് ഉള്ളടങ്ങിയിരിക്കുന്നത്.

1215ല്‍ മാഗാനാകാര്‍ട്ട ഒപ്പുവെയ്ക്കുമ്പോള്‍ യഥാര്‍ഥത്തില്‍ അത് ജനങ്ങളുടെ ഭാഗത്തുനിന്നുള്ള ഇടപെടലായിരുന്നു. മാഗ്നാകാര്‍ട്ടയിലെ വകുപ്പുകള്‍ പറയുന്നത് രാജാവ് എന്തൊക്കെ ചെയ്യാം, ചെയ്യാന്‍ പാടില്ല എന്നാണ്. ജനങ്ങളുടെ അവകാശം നിലനിര്‍ത്തുന്നതിനുള്ള ഉപാധിയായിരുന്നു അത്. കേന്ദ്ര-ഫെഡറല്‍ വിഭാഗങ്ങള്‍ക്കിടയിലുള്ള അധികാരം പങ്കുവെക്കുന്നതിന്റെ മാര്‍ഗനിര്‍ദ്ദേശമായാണ് അമേരിക്കയില്‍ ഭരണഘടന കടന്നുവരുന്നത്. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യ ദശകം തുടങ്ങി സ്വാതന്ത്ര്യത്തിന്റെ ആറു ദശകങ്ങള്‍ക്കുള്ളിലാണ് വ്യത്യസ്ത വിഭാഗങ്ങളുടെ മുന്‍കൈയില്‍ ഇന്ത്യന്‍ ഭരണഘടന വളര്‍ച്ച പ്രാപിക്കുന്നത്. കൊളോണിയല്‍ അധികാരികള്‍ മുതല്‍ സ്വദേശി-ദല്ലാള്‍ ഭരണവര്‍ഗങ്ങള്‍ വരെയുള്ളവരുടെ വ്യത്യസ്ത താല്‍പര്യങ്ങള്‍ ഇതില്‍ പ്രതിഫലിച്ചിട്ടുണ്ട്.

ഒരു നിശ്ചിത സ്ഥലരാശിക്കുള്ളില്‍ ബാധകമാകുന്ന ഭരണഘടനാപരമായ അവകാശങ്ങള്‍, ഭരണകൂടത്തിന് പൗരനു മുകളില്‍ അധികാരവും പൗരന് പൗരാവകാശങ്ങളും പ്രദാനം ചെയ്യുന്നു. എന്നാല്‍, ഈ പൗരാവകാശങ്ങള്‍ എല്ലാ പൗരന്മാര്‍ക്കും ഒരുപോലെ ലഭ്യമാകണമെന്നില്ലെന്ന് പ്രായോഗികമായി നമുക്കറിയാം. പരമാധികാരം എന്ന ആശയത്തെ മാത്രം പരിശോധിച്ചുകൊണ്ട് ഈ പ്രതിഭാസത്തെ നമുക്ക് മനസ്സിലാക്കാനാവില്ല.

ആധുനിക ഭരണകൂടങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പരമാധികാരശക്തിയുടെ അധികാരവിന്യാസ യുക്തിക്കനുസരിച്ചല്ലെന്ന് ഫൂക്കോ പറയുന്നു. പരമാധികാരത്തിനു പകരം ഭരണത്തിന്റെ സൂക്ഷ്മതകളിലാണ് അദ്ദേഹത്തിന്റെ ഊന്നല്‍. പത്തൊമ്പതാം നൂറ്റാണ്ടുമുതല്‍ ജനസമൂഹത്തിന്റെയാകമാനമുള്ള ക്ഷേമം എന്ന ആശയത്തിനുള്ളിലാണ് ഭരണകൂടങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനക്ഷേമത്തിനു വേണ്ടി ഏതെങ്കിലും ഒരു വിഭാഗത്തെ പരിഗണനയ്ക്കു വിധേയമാക്കാന്‍ ഇതുവഴി ഭരണകൂടത്തിനു കഴിയുന്നു. 'ഈ പരിഗണന വികസനത്തിനോ ദാരിദ്രനിര്‍മാര്‍ജ്ജനത്തിനോ വേണ്ടിയുള്ള പദ്ധതികളുടെ രൂപത്തിലാകാം. കുറ്റകൃത്യങ്ങള്‍ കുറക്കുവാനായി ഒരു ജനവിഭാഗത്തെ പ്രത്യേക നിരീക്ഷണങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമാക്കുന്ന രൂപത്തിലാകാം. എന്തിന് സമൂഹത്തിന്റെ ആകമാനമുള്ള ക്ഷേമത്തിന്റെ പേരില്‍ ഒരു ജനവിഭാഗത്തെ മുഴുവന്‍ ഉന്മൂലനം ചെയ്യാന്‍ പോലും ഈ അധികാരയുക്തിക്ക് സാധിക്കും' (ഉദയകുമാര്‍-മാക്‌സ് വായനകള്‍). സാങ്കേതികമായി പൗരനായിരിക്കുമ്പോഴും പൗരത്വനിഷേധങ്ങള്‍ ഉടലെടുക്കുന്നത് ഈ പഴുതുകളിലൂടെയാണ്. പൊതുജനക്ഷേമം എന്ന ആശയത്തെ സുരക്ഷയുമായാണ് ഇപ്പോള്‍ ബന്ധിപ്പിച്ചിരിക്കുന്നത്. രാജ്യത്തോടുള്ള കൂറും സ്‌നേഹവും പരിശോധിക്കപ്പെടുന്നത് ഈ സാഹചര്യത്തിലാണ്. മതം, പ്രദേശം, പാരമ്പര്യം, വംശം, വിശ്വാസം തുടങ്ങി എന്തും ഈ പരിശോധനയുടെ മാനദണ്ഡങ്ങളില്‍ പെടും.

 ദേശീയതയോടുള്ള കൂറ് സ്വാതന്ത്ര്യം മുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ആശയമാണ്. സ്ഥലപരമായ ദേശീയത, സാംസ്‌കാരിക ദേശീയതയ്ക്കു വഴി മാറിയതോടെ പല ജനവിഭാഗങ്ങളും ദേശീയതയുടെ യുക്തിയ്ക്കു പുറത്തേയ്ക്കു ആനയിക്കപ്പെടാന്‍ നിര്‍ബന്ധിതരായി. ഇന്ത്യന്‍ സ്ഥലപരദേശീയതയ്ക്കു പുറത്ത് രൂപം കൊണ്ട മുസ്ലി-ക്രിസ്ത്യന്‍ മതധാരകളില്‍ വിശ്വസിക്കുന്നവര്‍ അപരസ്ഥാനത്തേയ്ക്കാനയിക്കപ്പെടുന്നതിന് ചെറിയൊരു പ്രാഥമിക തള്ളല്‍ മത്രമേ ആവശ്യമുണ്ടായിരുന്നുള്ളൂ. ഇന്ത്യാവിഭജനവും അതുമായി ബന്ധപ്പെട്ടുള്ള വ്യവഹാരങ്ങളുമാണ് ഈ തള്ളല്‍ പ്രദാനം ചെയ്തത്. ബിജെപിയും സംഘപരിവാരസംഘടനകളും ചേര്‍ന്നു കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടത്തുന്ന പ്രത്യയശാസ്ത്ര രാഷ്ട്രീയ ചര്‍ച്ചകള്‍ ഇവയെ കൂടുതല്‍ മുന്നോട്ടുകൊണ്ടുപോയിട്ടുണ്ട്. പൗരത്വനിഷേധത്തിന്റെ പൊതുഅന്തരീക്ഷം എന്നത്തേക്കാളും  രൂക്ഷമായി ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്നു. കശ്മീരി ജനതയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്രവിഭാഗങ്ങളും മുസ്ലിംമതന്യൂനപക്ഷങ്ങളും ദലിതരും പൗരന്മാരായിരിക്കുമ്പോള്‍ തന്നെ പൗരാവകാശനിഷേധം അനുഭവിക്കുന്നവരാണ്.
സമീപകാല ചര്‍ച്ചകളിലേക്ക് നമുക്ക് തിരിച്ചുവരാം. ഭരണഘടനയുടെ സാധുത നിഷേധിക്കപ്പെടുന്നിടത്തുനിന്നായിരുന്നില്ല ആ ചര്‍ച്ചകളൊന്നും ഉത്ഭവിച്ചത്. ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുന്നുണ്ടോ ഇല്ലയോ എന്നതായിരുന്നു ഉയര്‍ത്തപ്പെട്ട കാതലായ ചോദ്യം. ഫെയ്‌സ്ബുക്ക് ചര്‍ച്ചകളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളും ഈ ചര്‍ച്ചകള്‍ ഏറ്റവും ഉയര്‍ന്ന തലത്തില്‍തന്നെ പ്രതിഷ്ഠിക്കുകയുണ്ടായി. സായുധസമരം പ്രഖ്യാപിച്ചിട്ടുള്ള മാവോയിസ്റ്റ് വീക്ഷണക്കാര്‍ക്കെതിരെയാണ് ഈ ചോദ്യം ഉപയോഗിക്കാറുള്ളതെങ്കിലും മതന്യൂനപക്ഷങ്ങളാണ് പ്രധാന ഇരകള്‍, പ്രത്യേകിച്ച് മുസ്ലിങ്ങള്‍. ഒരുപക്ഷേ, മാവോയിസ്റ്റുകളേക്കാള്‍ മുസ്ലിങ്ങളായിരിക്കും ഈ ചോദ്യങ്ങളിലൂടെ കൂടുതല്‍ അപരവല്‍ക്കരിക്കപ്പെടുന്നത്. 2010ല്‍ നടന്ന ഇഎംഎസ്സിന്റെ ലോകം സെമിനാറില്‍ പിണറായി ഉന്നയിച്ച ഒരു പ്രശ്‌നം ശ്രദ്ധേയമായിരുന്നു. ദേശീയതയെ അംഗീകരിക്കാത്ത വിഘടനസ്വഭാവമുള്ള സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി എന്നായിരുന്നു പിണറായിയുടെ ആരോപണം. ജമാ അത്ത് മാത്രമല്ല, വിവിധ മുസ്ലിം സംഘടനകള്‍ ഒളിഞ്ഞു തെളിഞ്ഞും പലപ്പോഴായി ഇത്തരം ചോദ്യങ്ങള്‍ നേരിട്ടിട്ടുണ്ട്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുന്നുണ്ടോ എന്ന ചോദ്യം തികച്ചും സ്വാഭാവികമായാണ് പലരും കണക്കാക്കുന്നത്. ഒരു രാജ്യത്ത് ജീവിക്കുമ്പോള്‍ അവിടത്തെ നിയമങ്ങള്‍ അനുസരിക്കേണ്ടതുണ്ടല്ലോ എന്ന ലളിതബുദ്ധിയില്‍ നിന്നാണ് ഇത്തരം ചോദ്യങ്ങള്‍ പുറപ്പെടുന്നത്. ഈ വാദങ്ങള്‍ ഉയര്‍ത്തുന്നവരെ സംബന്ധിച്ചടത്തോളം ഭരണഘടന ഒരു ഫിനിഷ്ഡ് പ്രൊഡക്റ്റാണ്. അങ്ങനെ നോക്കുമ്പോള്‍ ഈ പുസ്തകത്തിനോട് യോജിക്കുന്നുണ്ടോ വിയോജിക്കുന്നുണ്ടോ എന്ന ചോദ്യം അസ്ഥാനത്തല്ല. യോജിക്കുന്നവര്‍ പൗരാവകാശങ്ങള്‍ ലഭ്യമായവരാണെങ്കില്‍ യോജിക്കാത്തവര്‍ക്ക് അവകാശങ്ങള്‍ക്ക് അര്‍ഹതയില്ല. ദേശീയതയുടെ മിത്രങ്ങളെയും ശത്രുക്കളെയും നിര്‍വചിക്കുന്നതിനുള്ള മാര്‍ഗങ്ങളിലൊന്നായി ഇത്തരം ചോദ്യങ്ങള്‍ മാറുന്നതോടെയാണ് ഇവ കൂടുല്‍ രൗദ്രഭാവം ആര്‍ജിക്കുന്നത്. ഭരണകൂടത്തിന്റെ പരിധികളെ നിശ്ചയിക്കുന്ന ഒരുപറ്റം നിയമങ്ങള്‍ ജനങ്ങളുടെ രാഷ്ട്രീയാസ്ഥിത്വത്തെ നിര്‍ണയിക്കാന്‍ ഉപയോഗിക്കുന്നുവെന്നതാണ് ഇവിടുത്തെ വൈരുദ്ധ്യം.

ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന പ്രഖ്യാപനങ്ങള്‍ പലപ്പോഴും ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കാത്ത അപരരെ നിര്‍വചിച്ചുകൊണ്ടാണ് അവസാനിക്കുന്നത്. ഭരണഘടനാവിരുദ്ധരുടെ ലീഗിലേയ്ക്ക് തങ്ങളെയും തള്ളിമാറ്റുമ്പോള്‍ ചിലരെങ്കിലും അത്തരം അഭിപ്രായങ്ങളുമായി രക്ഷപ്പെടാന്‍ ശ്രമിക്കുമെന്നതില്‍ ആരെയും കുറ്റപ്പെടുത്താനാവില്ല. ഭരണകൂടത്തിന്റെയും അധികാരത്തിന്റെയും സങ്കുചിത ദേശീയതയുടെയും അതേ യുക്തിയാണ് കനയ്യകുമാറിന്റെ ഭരണഘടനാ അനുകൂലപ്രസംഗങ്ങളും പ്രകടിപ്പിക്കുന്നത്. പോരാളിയും ജയിലിലടക്കപ്പെട്ടവനുമായ ഒരു യുവപൗരനെന്ന നിലയില്‍ അത് പൊറുക്കാവുന്നതേയുള്ളൂ.
അതേസമയം ഇടതുപക്ഷത്തിന്റെയും ജനാധിപത്യവാദികളുടെയും മുന്‍കൈയില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഭരണഘടനായുക്തികള്‍ അങ്ങനെ തള്ളിക്കളയാവുന്നതല്ല. ഭരണഘടനയ്‌ക്കെതിരെ നില്‍ക്കുന്നവരുടെയും രാജ്യദ്രോഹികളുടെയും കൈവെട്ടാന്‍ നിര്‍ദ്ദേശിക്കുന്ന ഇടതുപക്ഷരാഷ്ട്രീയക്കാര്‍ ഉള്ള രാജ്യമാണല്ലോ നമ്മുടേത്. വെറുപ്പു വിതച്ചുകൊണ്ട് അന്തരീക്ഷത്തില്‍ ഉയര്‍ന്നുവരുന്ന ഭരണഘടനാവാദങ്ങളോട് കലഹിക്കാതിരിക്കാനാവില്ലെന്നതുകൊണ്ടാണ് ഇത്രയും എഴുതിയത്, അല്ലാതെ ഹൈന്ദവ ഇന്ത്യയും  അതനുസരിച്ചുള്ള ഭരണഘടനാപൊളിച്ചെഴുതലുകളും ഒരസാധ്യതയാണ് എന്നു കരുതുന്നതുകൊണ്ടല്ല.
(തേജസ് ദിനപത്രത്തില്‍ മാര്‍ച്ച് 3, 2016 ല്‍ പ്രസിദ്ധീകരിച്ചത്)



1 comment:

സുധി അറയ്ക്കൽ said...

കണ്ണയ്യകുമാരന്‌ ജാമ്യം അനുവദിച്ച്‌ കൊണ്ട്‌ ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്‌ പ്രതിഭാറാണി ചില നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്‌.
അതും കൂടി ഈ പോസ്റ്റിൽ ചേർക്കാമായിരുന്നു.അപ്പോൾ അല്ലേ രണ്ട്‌ വശവും ബാലൻസ്‌ ആവൂ!!!!?!?!?!!