Wednesday, February 4, 2009

കേരളം:റോഡ്‌,സ്വകാര്യവല്‍ക്കരണം,ജനാധിപത്യം

റോഡു സ്വകാര്യവല്‍ക്കരണം ജനാധിപത്യത്തെ മുന്‍ നിറുത്തിക്കൊണ്ടൊരു അന്വേഷണം...


പൊതു ഇടങ്ങള്‍ക്കുവേണ്ടിയുള്ള പ്രക്ഷോപങ്ങളുടെ ഉച്ചസ്ഥായിയിലാണ്‌ 19-ആം നൂറ്റാണ്ടിനു തിരശ്ശീല വീഴുന്നത്‌.പിന്നീട്‌ 20-ആം നൂറ്റാണ്ടില്‍ തുടര്‍ന്നുപോയ ഇത്തരം പ്രക്ഷോപങ്ങള്‍ പൊതു ഇടങ്ങള്‍ മാത്രമല്ല പൊതുമണ്ഡലത്തെയും ജനാധിപത്യ വ്യവസ്ഥയെത്തന്നെയും നേടിക്കൊടുത്തു.നിരത്തിലൂടെ നടക്കുക അവകാശത്തിന്റെ മാത്രമല്ല സ്വാതന്ത്രത്തിന്റെയും ആത്മാഭിമാനത്തിന്റെയും പ്രശ്നമായാണ്‌ കണക്കാക്കിയത്‌. പൊതുനിരത്തിലൂടെ വില്ലുവണ്ടി ഓടിച്ചുകയറ്റിയ അയ്യങ്കാളി ജനാധിപത്യത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളാണ്‌ കേരളത്തിനു സംഭാവനചെയ്തത്‌. പിന്നീട്‌ ഇതേ സങ്കല്‍പ്പങ്ങള്‍ പൊതുകുളങ്ങള്‍ക്കുവേണ്ടിയും പൊതു ആരാധനാലയങ്ങള്‍ക്കുവേണ്ടിയും ഒക്കെ കേരളത്തിന്റെ ഓരോ കോണിലും ആവര്‍ത്തിച്ചുന്നയിക്കപ്പെട്ടു. ഗുരുവായൂരിലും വൈക്കത്തും പാലിയത്തും ഇതേ ആവശ്യങ്ങള്‍ മുഴങ്ങിക്കേട്ടിരുന്നു.പൊതുസ്കൂളുകള്‍ക്കുവേണ്ടിയുള്ള അയ്യങ്കാളിയുടെ സമരത്തോളം ശ്രദ്ധേയമായ ഒരു സമരവും അക്കാലത്തുണ്ടായില്ലെന്നു പറയാം.10 ബി.എ.ക്കാരെങ്കിലും തന്റെ സമുദായത്തിലുണ്ടാവണമെന്ന് അയ്യങ്കാളി ആഗ്രഹിച്ചു. പൊതു ഇടങ്ങളുടെ ഈ നിര്‍മ്മിതി നവോത്ഥാനാത്തിന്റെ മുഖമുദ്രയണെന്നു നിസ്സംശയം പറയാം.അതോടൊപ്പം എത്ര പരിമിതികളുണ്ടായിരുന്നുവെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിലേയും ഇതുപതാം നൂറ്റാണ്ടിലെയും മുതലാളിത്തം(അങ്ങിനെ വിളിക്കാമെങ്കില്‍) അതാവശ്യപ്പെട്ടിരുന്നുവെന്നതാണ്‌ വാസ്തവം. പൊതു വിദ്യാലയങ്ങളിലാതെ പൊതുനിരത്തുകളുണ്ടാകാതെ പൊതു ഭക്ഷ്യ ഇടങ്ങളില്ലാതെ വികസനം സാധ്യമായിരുന്നില്ല. അത്‌ നിരത്തുകളില്‍ നിന്ന് പല്ലക്കുകളെ മാത്രമല്ല ജാതിയെയും തൂത്തുമാറ്റി. തൂത്തുമാറ്റിയ ഇടങ്ങളില്‍ നിന്ന് അത്‌ വഴിവക്കിലെ പൊന്തക്കാടുകളിലേക്ക്‌ കുടിയേറിയെങ്കിലും പിന്നീട്‌ ഒരു നൂറ്റാണ്ടുകാലത്തോളം ജാതി ഇടങ്ങളെ അത്‌ പൊതു ഇടങ്ങളായി നിലനിര്‍ത്തുന്നതില്‍ വിജയിച്ചു.എന്നാല്‍ ഇന്ന് മുതലാളിത്തം അഥവ സാമ്രാജ്യത്വം ഒരു യു-ടേണിലാണ്‌. പൊതുനിരത്തുകളും ഇടങ്ങളും സ്വാതന്ത്ര്യവും ജനാധിപത്യവും, ഒരു യാഥാര്‍ത്ഥ്യമായും ആശയമായും നല്‍കിയ അത്‌ നിരത്തുകളെ സ്വകാര്യ വല്‍ക്കരിക്കാനാരംഭിച്ചിരിക്കുന്നു.വലിച്ചെറിയപ്പെടാനായെങ്കിലും ഒരു തെരുവിനെ നിലനിര്‍ത്തിയിരുന്ന അത്‌ പുതിയ സോണിങ്ങ്‌ നിയമങ്ങളിലൂടെ തെരുവുകളില്‍ നിന്നും ഉപഭോക്താവിനെയല്ലാതെ മറ്റെല്ലാവരേയും പുറത്താക്കുകയാണ്‌.ഇന്ത്യന്‍ തലസ്ഥാനത്തില്‍ സോണുകള്‍ ശുപാര്‍ശ ചെയ്ത അധികാരികള്‍ അതുതന്നെയാണ്‌ അര്‍ത്ഥമാക്കുന്നത്‌.നിര്‍ത്തുകളെ സ്വകാര്യവല്‍ക്കരിക്കുക എന്നത്‌ ഒരുഭാഗത്ത്‌ സ്വകാര്യവല്‍ക്കരണവും മറുഭാഗത്ത്‌ ജനാധിപത്യത്തിനെതിരെ ഒരു കടന്നുകയറ്റവുമാണ്‌. സ്വകാര്യ മേഖലയില്‍ ബി.ഒ.ടി.അടിസ്ഥാനത്തില്‍ റോഡുകള്‍ പണിയാന്‍ തീരുമാനിച്ചുകൊണ്ടുള്ള കേരളത്തിലെ പുതിയ റോഡുനയം ചെയാന്‍ പോകുന്നത്‌ ഇതെല്ലാതെ മറ്റൊന്നുമല്ല. റോഡുകള്‍ സംരക്ഷിക്കുന്നതിനുള്ള നമ്മുടെ ശ്രമങ്ങള്‍ ജനാധിപത്യത്തിനുവേണ്ടിയുള്ള സമരങ്ങളാണ്‌.അതോടൊപ്പം രാഷ്ട്രീയപൗരത്വത്തെ ഉപഭോക്തൃപൗരത്വം കൊണ്ടു പകരം വെക്കാനുള്ള ശ്രമത്തിനെതിരെയുള്ള പോരാട്ടവുമാണ്‌.

4 comments:

പാമരന്‍ said...

എന്താണ്‌ റോഡ്‌ സ്വകാര്യവല്‍ക്കരണം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌? നിര്‍മ്മിതിയും പരിപാലനവും മാത്രമല്ലേ സ്വകാര്യവല്‍ക്കരിക്കപ്പെടുന്നുള്ളൂ? അതൊരു പൊതി ഇടമല്ലാതായി മാറുന്നുണ്ടോ?

ഓഫ്‌: വീണ്ടും സജീവമായി കാണുന്നതില്‍ സന്തോഷം..

ബാബുരാജ് ഭഗവതി said...

പാമരന്‍...
കമന്റിനു നന്ദി..
നിര്‍മ്മിതിയും പരിപാലനവും മാത്രമല്ല പ്രശ്നം..
പ്രവേശനവും നിയന്ത്രിക്കപ്പെടുന്നു...
ചെറിയ ഉദാഹരണം
എന്‍.എച്ച്. 17 (ഇപ്പോള്‍ കുറ്റിപ്പുറം മുതല്‍ ഇടപ്പള്ളി വരെ 112 കി.മീ)ഇപ്പോള്‍ ബി.ഒ.ടി അടിസ്ഥാനത്തില്‍ സ്വകാര്യവല്‍ക്കരിക്കപ്പെടുകയാണ്.
അതോടെ ഈ പാതയിലേക്കുള്ള പ്രവേശനം 12 ഇടങ്ങളിലായി പരിമിതപ്പെടും..
അത് ഒരു പ്രശ്നം
ഏറ്റവും പ്രധാനം പക്ഷേ ...ഈ b.o.t.റോഡിനിരുപുറവും താമസ്സിക്കുന്ന ജനസമൂഹങ്ങളുടേതാണ്.
റോഡു കുറുകെ കടക്കാന്‍ അനുമതിയുണ്ടായിരിക്കയില്ല. അവര്‍ ഏതാനും കി.മീ കുടുമ്പോള്‍ ഒരു പ്രൊവിഷന്‍ ഇട്ടു തരുന്നുണ്ട്.
ഞാന്‍ എന്‍.എച്ച്. 17 ന്നടുത്താണ് താമസം.
ഈ റോഡു വരുന്നതോടെ മറുവശത്തേക്കു കടക്കുന്നത് പ്രശ്നമായി തീരും. ചില കേസ്സില്‍ 8 കി.മീ വരെ കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടിവരുമെന്ന് കണക്കാക്കിയിട്ടുണ്ട്.
ചുരുക്കത്തില്‍ പ്രവേശനം നിയന്ത്രിക്കുന്നതോടെ റോഡ് ഒരു പുഴക്കു തുല്യമായി തീരുന്നുണ്ട്. മറുകര മറ്റൊരു രാജ്യമായി തീരും. ഈ റോഡു വരുന്നതോടെ ഞങ്ങള്‍ ദിനം പ്രതി കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടിവരും എന്നു ചുരുക്കം.
സ്വകാര്യ വല്‍ക്കരണത്തിന്റെ പ്രധാന പ്രശ്നം ഇതാണ്.
സ്നേഹപൂര്‍വ്വം
ബാബുരാജ്

പകല്‍കിനാവന്‍ | daYdreaMer said...

ദിനംതോറും ജീവിതം ദുസ്സഹം എന്ന് സാരം... ദൈവത്തിന്‍റെ മാത്രം നാട്ടില്‍...!

വികടശിരോമണി said...

പുതിയ നാട്ടുരാജ്യങ്ങൾ ഉണ്ടാവുന്നത് നല്ലതല്യോ?
നല്ലപോസ്റ്റ്.