Thursday, November 10, 2011

മോഡിയുടെ 56 ഇഞ്ച് ദേശീയത


2000ത്തോളം മരണങ്ങള്‍. കിടപ്പാടം നഷ്ടപ്പെട്ട 1.5ലക്ഷം ജനങ്ങള്‍, സംസ്ഥാനത്താകമാനം 22ഓളം അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ജീവിതം തള്ളി നീക്കുന്ന 30000ത്തോളം നിരാലംബരായ മനുഷ്യര്‍. ഇതത്രയും അവശേഷിപ്പിച്ചുകൊണ്ടാണു ഗുജറാത്ത് കലാപം അവസാനിച്ചത്. ലോകവ്യാപകമായി അപലപിക്കപ്പെട്ട ഈ മനുഷ്യക്കുരുതിയെത്തുടര്‍ന്ന് മുഖ്യമന്ത്രി നരേന്ദ്രമോഡി ഗുജറാത്ത് നിയമസഭ പിരിച്ചുവിട്ടു. 2001 ഒക്ടോബറില്‍ മുഖ്യമന്ത്രിയായിരുന്ന കേശുഭായ് പട്ടേല്‍ രാജിവെച്ചതിന്റെ ഒഴിവില്‍ മോഡി മുഖ്യമന്ത്രി സ്ഥാനത്ത് എത്തിച്ചേര്‍ന്നിട്ട് അപ്പോഴേക്കും ഒരു വര്‍ഷം പിന്നിട്ടതേ ഉണ്ടായിരുന്നുളളൂ.

ഗുജറാത്തില്‍ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനെത്തുടര്‍ന്നു അതു റിപ്പോര്‍ട്ടു ചെയ്യാനായി സംസ്ഥാനത്തെത്തിയ ദേശീയ പത്രങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ മോഡിയുടെ തെരഞ്ഞെടുപ്പു റാലികളില്‍ വലിയ ആവേശമൊന്നും കാണുന്നില്ലെന്നു തങ്ങളുടെ പത്രആസ്ഥാനത്തേക്കു റിപോര്‍ട്ടയച്ചു. ഒരു സെന്ററില്‍നിന്നു അടുത്ത സെന്ററിലേക്കു ലക്ഷ്വറി ബസില്‍ മോഡിയെ അനുഗമിക്കുന്ന പ്രവര്‍ത്തകരാണ് തടിച്ചുകൂടുന്നവരില്‍ അധികം പേരുമെന്ന് ഒരു ദേശീയ പത്രത്തിന്റെ റിപോര്‍ട്ടര്‍ എഴുതി. ഇക്കുറി ഇലക്ഷനില്‍ വലിയ കാര്യമൊന്നുമില്ലെന്നു ബി.ജെ.പി. തന്നെ കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഘടിച്ചു നില്‍ക്കുന്ന കേശുഭായ് പട്ടേലിന്റെ അനുചരന്മാരും പട്ടേല്‍ വിഭാഗവും ഇക്കുറി ബി.ജെ.പിയെ കൈവിടുമെന്ന് വിമര്‍ശകര്‍ ആശ്വസിച്ചു. പ്രചരണത്തിന്റെ ഭാഗമായി നടന്ന ഗൗരവ് യാത്രയില്‍ അഭയാര്‍ത്ഥി ക്യാമ്പുകളെ പരാമര്‍ശിച്ചുകൊണ്ടു കോപാകുലാനായി മോഡി പറഞ്ഞു. ''നാം എന്തു ചെയ്യും ? നമുക്ക് കുട്ടികളെ ഉണ്ടാക്കുന്ന കേന്ദ്രങ്ങള്‍ തുടങ്ങാനാകുമോ? നാം അഞ്ചാണെങ്കില്‍ അവര്‍ ഇരുപത്തഞ്ചാണ്. ഇങ്ങനെ കുട്ടികളെ ഉണ്ടാക്കുന്ന ഇക്കൂട്ടരെ നാം പാഠം പഠിപ്പിക്കും.'' ഈ പ്രസ്താവന രാജ്യത്താകമാനം വലിയ വിവാദത്തിനു തുടക്കമിട്ടു. ഇതും മോഡിയുടെ വിജയസാദ്ധ്യതയില്‍ മങ്ങലേല്‍പ്പിക്കുമെന്നായിരുന്നു പൊതുവിലയിരുത്തല്‍.
എന്നാല്‍ പ്രതീക്ഷകളെയും ആഗ്രഹങ്ങളെയും വകവെക്കാതെ ഡിസംബറില്‍ വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ബി.ജെ.പി 182 സീറ്റില്‍ 127ഉം നേടി ഒന്നാമതെത്തി. തൊട്ടുമുമ്പു നടന്ന 1998ലെ ഇലക്ഷനില്‍ കേശുഭായ് പട്ടേലിനു 117 സീറ്റേ നേടാനായിരുന്നുള്ളൂ. സീറ്റിന്റെ മാത്രമല്ല, ലഭിച്ച വോട്ടിന്റെ കണക്കനുസരിച്ചും 2002 മുന്നിലായിരുന്നു. 5ശതമാനത്തിന്റെ വര്‍ദ്ധന!

എന്തുകൊണ്ടാണു ഇത്രയും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നിട്ടും നരേന്ദ്രമോഡി സര്‍ക്കാരിനു അധികാരത്തിലേക്കു തിരികെയെത്താനായത്? അതും കേശുഭായി പട്ടേല്‍( ബൈ ഇലക്ഷനില്‍ തോറ്റതിനെത്തുടര്‍ന്നായിരുന്നു കേശുഭായ് പട്ടേലിനു സ്ഥാനം ഒഴിയേണ്ടിവന്നത്) സ്ഥാനമൊഴിഞ്ഞു ഒരു കൊല്ലത്തിനുള്ളില്‍. നരേന്ദ്രമോഡിയുടെ സവിശേഷമായ വ്യക്തിത്വാവിഷ്‌ക്കാരങ്ങള്‍ക്ക് ഈ പ്രതിഭാസത്തില്‍ എന്തുപങ്കാണു വഹിക്കുന്നതെന്ന് പരിശോധിക്കുകയാണ് ഈ കുറിപ്പിന്റെ ലക്ഷ്യം.

വിശ്വാസ്യത നഷ്ടപ്പെടുന്ന സ്റ്റേറ്റ്

സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയെ സംബന്ധിച്ച് 80കള്‍ സവിശേഷ പ്രാധാന്യമുള്ളതായിരുന്നു.
രാജ്യം പ്രാദേശികശക്തികളും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ബലാബലങ്ങള്‍ക്കു വേദിയായത് ഇക്കാലത്താണ്. ആദ്യകാലത്ത് കാശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമായി ഇത്തരം പ്രവണതകള്‍ ഒതുങ്ങിനിന്നപ്പോള്‍ 80 ആയപ്പോഴെക്കും പഞ്ചാബു പോലുള്ള സംസ്ഥാനങ്ങളിലേക്കു കൂടി അതു വ്യാപിച്ചു. ചരിത്രപരമായ കാരണങ്ങളാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അസ്വസ്ഥതകള്‍ ഇന്ത്യയുടെ പൊതുമനസ്സാക്ഷിയെ (അങ്ങനെ ഒന്നുണ്ടെങ്കില്‍) വല്ലാതൊന്നും സ്വാധീനിച്ചിരുന്നില്ല. കാശ്മീരിന്റെ കാര്യത്തിലാണെങ്കില്‍ എന്നും ഒരു പുറംരാജ്യം എന്ന അവസ്ഥ തുടക്കം മുതല്‍ അതു നിലനിര്‍ത്തിവരുകയും ചെയ്തിരുന്നു. അത്തരം പ്രത്യേകതകളൊന്നും അവകാശപ്പെടാനില്ലാത്ത ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ മുന്‍നിരയില്‍ തന്നെ നിലയുറപ്പിച്ചിരുന്ന പഞ്ചാബില്‍ നിന്നുതന്നെ വെടിപൊട്ടിയപ്പോള്‍ അധികാരത്തിന്റെ സൂക്ഷിപ്പുകാരും ഗുണഭോക്താക്കളുമായിരുന്ന മധ്യവര്‍ഗം പരിഭ്രാന്തിയിലേക്കു കൂപ്പുകുത്തി. പഞ്ചാബു പോലുള്ള ദേശീയതാവാദങ്ങള്‍ ഇന്ത്യന്‍ ദേശീയതയുടെ കേന്ദ്രയുക്തിയെത്തന്നെയായിരുന്നു ചോദ്യം ചെയ്തത്. ഒരു ഒസ്യത്തു പോലെ രാജ്യത്തിന്റെ അധികാരം പൈതൃകമായി ലഭിച്ച ഇന്ദിരാഗാന്ധിയെപ്പോലുള്ള ഒരു നേതാവുതന്നെ വധിക്കപ്പെട്ടപ്പോള്‍ ഈ പരിഭ്രാന്തി അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി.

ഇക്കാലത്ത് മറ്റൊന്നു കൂടി സംഭവിച്ചു. 80കളുടെ അവസാനമായപ്പോഴെക്കും ഇന്ത്യന്‍ അധികാരഘടനയും ജാതിയുമായുള്ള ബന്ധം തെരുവുകളില്‍ പോലും ചോദ്യംചെയ്യപ്പെടാന്‍ തുടങ്ങിയിരുന്നു. ജാതിവിരുദ്ധതയിലൂന്നിക്കൊണ്ടുള്ള ചര്‍ച്ചകളും പോരാട്ടങ്ങളും കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയമണ്ഡലം ശബ്ദമുഖരിതമായി. അതിനു സമാന്തരമായാണ് സവര്‍ണ വിദ്യാര്‍ത്ഥികളുടെ മുന്‍കൈയില്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെ പിടിച്ചു കുലുക്കിയ മണ്ഡല്‍വിരുദ്ധ സമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ഇന്ത്യന്‍ മാധ്യമങ്ങളുടെ കുത്തക കൈയടക്കിയിരിക്കുന്ന ബുദ്ധിജീവികളും സാമൂഹ്യശാസ്ത്രജ്ഞരും ഇന്ത്യയിലാകമാനം പൊട്ടിപ്പുറപ്പെട്ട ജാതിവിരുദ്ധ സമരങ്ങളെ ഇന്ത്യന്‍ ദേശീതയതക്കെതിരെയുള്ള നീക്കമായോ വിഘടന പ്രവര്‍ത്തനമായോ അവതരിപ്പിക്കുന്നതില്‍ വിജയിച്ചുവെന്ന്് ഉമ ചക്രവര്‍ത്തി വിലയിരുത്തിയിട്ടുണ്ട്.

എന്നാല്‍ ഈ പൊതു ഇന്ത്യന്‍ അവസ്ഥയില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സംസ്ഥാനമാണ് ഗുജറാത്ത്. സംസ്ഥാനത്തിന്റെ സാമൂഹിക രാഷ്ട്രീയ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്ന വ്യക്തമായ മൂന്നു ഘടകങ്ങള്‍ പ്രഫുല്‍ ബിദ്വായ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നഗരവാസികളായ ബനിയകളും ബ്രാഹ്മണരും ഗ്രാമങ്ങളിലെ കര്‍ഷകരും തമ്മിലുള്ള ഐക്യമാണ് ഒന്നാമത്തേത്. ഇന്ത്യയില്‍ താമസിക്കുന്നവരേക്കാള്‍ മതവാദികളും പിന്തിരിപ്പന്മാരുമായ വിദേശങ്ങളിലെ പ്രത്യേകിച്ചും വടക്കന്‍ അമേരിക്കയിലെ ഗുജറാത്തികളാണ് രണ്ടാമത്തേത്. ജീര്‍ണ്ണിച്ചുപോയ ഗുജറാത്തി സംസ്‌കാരമാണ് മൂന്നാമത്തേത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പിറവിയെടുക്കാതെ പോയ ദളിത്-പിന്നോക്ക പ്രസ്ഥാനങ്ങള്‍ ഗുജറാത്തിനെ കാലാകാലത്തോളം ഒരു പിന്നോക്കപ്രദേശമായി നിലനിര്‍ത്തി. തമിഴുനാടിനെയും മഹാരാഷ്ട്രയെപ്പോലെയുമുള്ള സംസ്ഥാനങ്ങള്‍ സവര്‍ണ്ണമേധാവിത്വത്തിനെതിരെ പോരാടിയപ്പോള്‍ ഗുജറാത്തില്‍ അത്തരം പ്രസ്ഥാനങ്ങള്‍ക്കൊരിക്കലും വേരോട്ടമുണ്ടായില്ല. യി.പി.യിലും മറ്റും പിന്നോക്ക ദലിത് മുന്നേറ്റങ്ങള്‍ രാഷ്ടീയമണ്ഡലത്തില്‍ തരംഗങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ ഗുജറാത്തിലെ ദലിതര്‍ സവര്‍ണ്ണര്‍ നിന്ദാപൂര്‍വ്വം നീട്ടിക്കൊടുത്ത താഴ്ന്ന ക്ഷത്രിയരെന്ന പദവി ശിരസ്സാവഹിച്ചുകൊണ്ടു ജാതി സമ്പ്രദായത്തിനെതിരെ ആഞ്ഞടിക്കുന്നതിനുള്ള എല്ലാ അവസരവും നഷ്ടപ്പെടുത്തിയെന്നു ഗെയ്ല്‍ ഓംവെത്ത് നിരീക്ഷിക്കുന്നു. ഇങ്ങനെ പ്രാചീനവും പ്രതിലോമകരവുമായ സാമൂഹ്യസംവിധാനമാണ് ഗുജറാത്തില്‍ നിലനിന്നു പോന്നത്.

ഇന്ത്യയിലാകമാനം പടര്‍ന്നുപിടിച്ച ജാതിവിരുദ്ധ പ്രാദേശിക നീക്കങ്ങളെ തങ്ങളുടെ സംസ്ഥാനത്തേക്കു കടക്കാതെ ഗുജറാത്തി മധ്യവര്‍ഗം ഫലപ്രദമായി പ്രതിരോധിച്ചുവെങ്കിലും രാജ്യത്തെ പിടിച്ചുകുലുക്കുന്ന രാഷ്ട്രീയ നീക്കങ്ങളുടെ ആഘാതത്തില്‍ നിന്ന് അവര്‍ക്കും മുക്തരാകാനായില്ല. രാജ്യാധികാരത്തിന്റെ കേന്ദ്രീകൃത സംവിധാനങ്ങളിലൂണ്ടായ തകര്‍ച്ച അവരിലും ആശങ്കകള്‍ സൃഷ്ടിച്ചു. ഈ രാഷ്ട്രീയ പ്രതിസന്ധിയുടെ പൊതുപശ്ചാത്തലത്തിലാണു മറ്റു പലയിടത്തുമെന്ന പോലെ ഗുജറാത്തിലും ഹൈന്ദവ ദേശീയവാദം തങ്ങളുടെ ഇടം കണ്ടെത്തുന്നത്. എന്നാല്‍ സംസ്ഥാനത്തിന്റെ വ്യത്യസ്തമായ സാമൂഹ്യഘടനയും മധ്യവര്‍ഗ അരക്ഷിതത്വവും ഈ അധികാരപ്രവേശത്തെ സവിശേഷമാക്കിത്തീര്‍ത്തു. നേരത്തെ സൂചിപ്പിച്ച വിദേശഗുജറാത്തികള്‍ ഇതില്‍ തങ്ങളുടേതായ പങ്കുനിര്‍വഹിക്കുകയും ചെയ്തു. ഈ പ്രതിസന്ധിക്കൊടുവിലാണ് നരേന്ദ്രമോഡി സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു പ്രതീകമായി ഉയര്‍ന്നുവരുന്നത്.

കേശുഭായ് പട്ടേലിനെ സ്ഥാനഭ്രഷ്ടനാക്കി 2001ല്‍ മാത്രമാണ് അധികാരത്തിലെത്തുന്നതെങ്കിലും സംസ്ഥാന രാഷ്ട്രീയത്തില്‍ മോഡി അപരിചിതനായിരുന്നില്ല. 1985 ല്‍ കീഴ്ജാതികള്‍ക്കെതിരെ നടന്ന കലാപത്തില്‍ ഇടപെട്ടുകൊണ്ട് മോഡി നേരത്തേത്തന്നെ സംസ്ഥാന രാഷ്ട്രീയത്തില്‍ തന്റെ കൈയൊപ്പു പതിപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ സോമനാഥ്, അയോധ്യാ യാത്രകളുടെ ചുക്കാന്‍ പിടിച്ചുകൊണ്ട് ബി.ജെ.പിയുടെ ജനറല്‍സെക്രട്ടറിയായിരിക്കെയാണ് മോഡി മുഖ്യമന്ത്രി സ്ഥാനത്തേക്കു നിര്‍ദ്ദേശിക്കപ്പെട്ടത്. ഇന്ത്യയിലാദ്യമായാണ് ബ്രഹ്മചര്യം മുഖ്യ വ്രതമായി സ്വീകരിച്ച ഒരു ആര്‍.എസ്.എസ്. പ്രചാരക് മുഖ്യമന്ത്രി പദത്തിലെത്തുന്നത്. ഏകദേശം ഇതിനു സമാനനായ വാജ്‌പേയിയെപ്പോലുള്ള ഒരാള്‍ ഇതിനുമുമ്പേ പ്രധാനമന്ത്രി ആയെങ്കിലും കൂട്ടുകക്ഷി സംവിധാനത്തിന്റെ ഭാഗമെന്ന നിലയില്‍ തനതായ രൂപത്തില്‍ ഒരു രാജ്യത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ നരേന്ദ്രമോഡിയോളം വാജ്‌പേയ്ക്ക് കഴിയുമായിരുന്നില്ല. കിട്ടിയ അവസരം മോഡി വിട്ടുകളഞ്ഞില്ല. തന്റെ മുന്‍ഗാമികളെ നഷ്പ്രഭരാക്കിക്കൊണ്ട് മോഡി ഗുജറാത്തിനെ തന്റേതായ രീതിയില്‍ ഉടച്ചുവാര്‍ത്തു.

ഹിന്ദുക്കളും ലൈംഗികഭീതിയും

വിഭജനാന്തര കുടിയേറ്റങ്ങള്‍ ഗുജറാത്തില്‍ പഞ്ചാബിനോളം ബാധിച്ചിരുന്നില്ലെങ്കിലും വിഭജനം സൃഷ്ടിച്ച ചെറിയ അസ്വസ്ഥതപോലും കൃത്യതയോടെ സംരക്ഷിക്കുകയോ വളര്‍ത്തിയെടുക്കുകയോ ചെയ്യുന്നതില്‍ വലതുപക്ഷ ഹൈന്ദവശക്തികള്‍ ശ്രമിച്ചുപോന്നു. വിഭജനാനന്തരം നടന്ന കൂട്ടക്കൊലളെയും ബലാല്‍സംഘങ്ങളെയും സംബന്ധിച്ച വിവരണങ്ങള്‍ ആര്‍.എസ്.എസ് ശാഖകളില്‍ നിരന്തരം ആവര്‍ത്തിക്കപ്പെട്ടു. വിഭജനകാലത്തും അതിനുമുന്‍പും മുസ്ലിങ്ങള്‍ തട്ടിക്കൊണ്ടു പോയ ഹിന്ദു പെണ്‍കുട്ടികളെ സംബന്ധിച്ച പ്രമേയം ശാഖാ ചര്‍ച്ചകളില്‍ പതിവായിരുന്നുവെന്ന് പലരും രേഖപ്പെടുത്തിയിട്ടുണ്ട്. മുസ്്‌ലിം പുരുഷശരീരങ്ങളുടെ അതിയായ ലൈംഗികോര്‍ജ്ജത്തെ സംബന്ധിച്ച മിത്തുകള്‍ പ്രചരിപ്പിക്കാന്‍ ഇതു കാരണമായി. ഹിന്ദു പുരുഷന്മാര്‍ക്കിടയില്‍ ഒരു തരം ലൈംഗിക അസൂയയും സ്ത്രീകള്‍ക്കിടയില്‍ ലൈംഗികഭീതിയുമാണ് ഇത് ഉത്പാദിപ്പിച്ചത്. രാജ്യത്തു നടന്ന സെന്‍സസ്-ജനസംഖ്യാ ചര്‍ച്ചകള്‍ മിക്കപ്പോഴും മുസ്ലിങ്ങളുടെ വര്‍ദ്ധിച്ച പ്രജനനശേഷിയെക്കുറിച്ചുള്ള ഭീതി ആളിക്കത്തിച്ചു. പ്രജനനശേഷിയെ ലൈംഗികശേഷിയുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാമായിരുന്നു. ചുരുക്കത്തില്‍ ഹിന്ദുത്വതത്വശാസ്ത്രത്തെ സംബന്ധിച്ചെടുത്തോളം മുസ്ലിം പുരുഷശരീരങ്ങള്‍ അസാമാന്യമായ ലൈംഗികതയുടെ ഇരിപ്പിടമെന്നനിലയില്‍ തകര്‍ക്കപ്പെടേണ്ടതും മുസ്ലിം സ്ത്രീശരീരങ്ങല്‍ മുസ്ലിം ജനതയുടെ ഉതാപാദനകേന്ദ്രമെന്ന നിലയില്‍ തുടച്ചുമാറ്റേണ്ടതുമാണ്.
2002ലെ ഗുജറാത്ത് കലാപകാലത്ത് വിഭജനകാലത്തുപോലും കാണാത്ത തരത്തില്‍ മുസ്ലിം സ്ത്രീശരീരങ്ങള്‍ ആക്രമിക്കപ്പെടുകയുണ്ടായി. ലൈംഗികാവയവങ്ങള്‍ അക്രമികളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നുവെന്ന് മിക്കവാറും എല്ലാ വസ്തുതാന്വേഷണ സംഘങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. മാറിടങ്ങള്‍ ഛേദിക്കുക, ലൈംഗികാവയവങ്ങളില്‍ ഇരുമ്പുദണ്ഡുകള്‍ കുത്തിക്കയറ്റി കൊലചെയ്യുക, കൈക്കുഞ്ഞുങ്ങളെയും ഗര്‍ഭസ്ഥശിശുവിനെപ്പോലും ആക്രമിക്കുക എന്നിവ വ്യാപകമായി റിപോര്‍ട്ട് ചെയ്യപ്പെട്ടു. പൗരുഷനഷ്ടത്തിന്റെയും അതു സൃഷ്ടിച്ച അസൂയയുടെയും പ്രകടമായിരുന്നു എങ്ങും. കലാപകാലത്ത് വ്യാപകമായി കൈമാറ്റം ചെയ്യപ്പെട്ട പ്രചരണ രേഖകള്‍ ഇക്കാര്യം തെളിയിക്കുന്നുണ്ട്. ചുരുക്കത്തില്‍ കൊലപാതകങ്ങളും ലൈംഗികാതിക്രമങ്ങളും വെറും ആക്രമണങ്ങളെന്നതിലുപരി ഒരു പ്രത്യയശാസ്ത്ര പ്രകടനം കൂടിയായിരുന്നുവെന്ന് പറയാം. അക്കാലത്ത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഒരു കവിത ഇതിനു തെളിവാണ്.

Narendra Modi you have fucked the mother of [Muslims]

The volcano which was inactive for years has erupted

It has burnt the arse of [Muslims] and made them dance nude

We have untied the penises which were tied till now

Without castor oil in the arse we have made them cry. . .

Wake up Hindus, there are still [Muslims] alive around you

Learn from Panvad village where their mother was fucked

She was fucked standing while she kept shouting

She enjoyed the uncircumcised penis

With a Hindu government the Hindus have the power to annihilate [Muslims]


(തനിക സര്‍ക്കാര്‍ ഉദ്ധരിച്ചത്) പൗരുഷഭീതിയുടെ തുറന്ന പ്രകടനമാണ് ഈ കവിത. അക്രമികള്‍ക്കു ഒരു ഭരണാധികാരിയെന്ന നിലയില്‍ മോഡി നല്‍കിയ നിസ്സീമമായ സഹായങ്ങള്‍ മറ്റൊരു മുഖ്യമന്ത്രിക്കും ലഭിക്കാത്ത തരത്തിലുള്ള പിന്തുണ അയാള്‍ക്കു നേടിക്കൊടുത്തു. മോഡി മുഖ്യമന്ത്രിയായി ആറുമാസത്തിനകമാണ് ഇതൊക്കെ സംഭവിക്കുന്നത്. ചുരുക്കത്തില്‍ കേശുഭായി പട്ടേലിനു പകരം അധികാരത്തിലെത്തിയ പഴയ മോഡിയായിരുന്നില്ല ഗുജറാത്തു കലാപത്തിനു ശേഷമുള്ള മോഡി.

ബ്രഹ്മചര്യവും പൗരുഷവും
ബ്രഹ്മചര്യവും പൗരുഷവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഹിന്ദുത്വപ്രത്യയശാസ്ത്ര ധാരണയെക്കുറിച്ചു മനസ്സിലാക്കുമ്പോഴാണു ഗുജറാത്തി സമൂഹത്തില്‍ മോഡിയുടെ സ്വീകാര്യത വെളിപ്പെടുകയുള്ളൂ. വിഭജനത്തിനു ശേഷം പൗരുഷത്തെക്കുറിച്ചുള്ള ഹിന്ദുത്വ ധാരണകള്‍ നിരവധി പരിണാമങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. ദേശീയവും പ്രാദേശികവുമായ തലത്തില്‍ രൂപപ്പെട്ട ചര്‍ച്ചകള്‍, സിനിമയും ടെലിവിഷന്‍ സീരിയലുകളെയും പോലുള്ള ബഹുജനകലാരൂപങ്ങള്‍ എന്നിവയൊക്കെ ഇത്തരം മാറ്റങ്ങളില്‍ പങ്കുവഹിച്ചു. 1991-92ല്‍
ദേശീയ ടെലിവിഷനിലൂടെ പ്രക്ഷേപണം ചെയ്യപ്പെട്ട ചാണക്യപോലുള്ള ടി.വി.സീരിയലുകള്‍ എങ്ങിനെ ബ്രഹ്മചാരിയായ ഒരു രക്ഷകനെ സങ്കല്പിച്ചുവെന്ന് ഉമാ ചക്രവര്‍ത്തി എഴുതുന്നുണ്ട്.
ഈ സങ്കല്പമനുസരിച്ച് പൗരുഷത്തിന്റെ ഏറ്റവും ഉയര്‍ന്ന രൂപമാണ് ബ്രഹ്മചര്യം. ഗാര്‍ഹസ്ഥ്യം/ ബ്രഹ്മചര്യം എന്ന ദ്വന്ദങ്ങളില്‍ പൗരുഷത്തെ സംരക്ഷിച്ചു നിര്‍ത്തുന്നു എന്നതാണ് ബ്രഹമചര്യത്തെ വ്യത്യസ്തമാക്കുന്നത്. ഗൃഹസ്ഥരായ പുരുഷന്‍ ബീജം നഷ്ടപ്പെടുത്തിക്കൊണ്ട് പുരുഷത്വം തന്നെയാണ് നഷ്ടപ്പെടുത്തുന്നത്. മറ്റൊരര്‍ത്ഥത്തില്‍ സ്‌ത്രൈണതയിയിലേക്കുള്ള പതനം തന്നെ.
ഒരാള്‍ അയാളുടെത്തന്നെ ശരീരത്തിനു മുകളില്‍ നടത്തുന്ന ആധിപത്യമാണ് ബ്രഹമചര്യം. ഇത് പുറത്തുനിന്നുള്ള കൊളോണിയലിസം, സെക്കുലറിസം, ആധുനികത തുടങ്ങി എല്ലാ ശക്തികളെയും പ്രതിരോധിക്കാന്‍ അയാളെ പ്രാപ്തനാക്കുന്നു. അതുകൊണ്ടുതന്നെയാണ് പുരുഷന്റെ ബ്രഹമചര്യവും ദേശീയതയും തമ്മില്‍ ഇത്രയേറെ ബന്ധപ്പെട്ടിരിക്കുന്നത്. ഒറ്റവാക്കില്‍ ബ്രഹ്മചര്യം ലൈംഗികകാമനകളുടെ അടിച്ചമര്‍ത്തലല്ല, ലൈംഗിക ഊര്‍ജ്ജത്തെ ദേശീയതയ്ക്കുവേണ്ടി പരിവര്‍ത്തിപ്പിക്കലാണ്. ഇതിന് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ഉദാഹരണങ്ങളിലൊന്ന് മഹാത്മാഗാന്ധിയുടേതാണ്. ശരീരത്തിനു മുകളിലുള്ള സ്വയം നിയന്ത്രണം സ്വകാര്യ പൊതുജീവിതത്തില്‍ ശക്തിപകരുമെന്ന് അ്‌ദ്ദേഹം വിശ്വസിച്ചു.
ഹിന്ദുത്വവാദത്തിന്റെ 19-ാം നൂറ്റാണ്ടിലെ പ്രാമാണികരിലൊരാളായിരുന്ന ബങ്കിം ചന്ദ്ര ചാറ്റര്‍ജി ആനന്ദമഠത്തില്‍ രാഷ്ട്രരക്ഷക്കായി തെരഞ്ഞെടുക്കുന്നത് ബ്രഹ്മചാരിയായ നായകനെയാണ്. സ്ത്രീകളുമായുള്ള ചാര്‍ച്ച പൗരുഷത്തെ ചോര്‍ത്തിക്കളയുമെന്നു ബങ്കിംചന്ദ്രന്‍ കരുതി.
ബ്രഹമചര്യത്തെക്കുറിച്ചുള്ള ഈ സങ്കല്പത്തില്‍ ഊന്നിയാണ് ആര്‍.എസ്.എസ് തങ്ങളുടെ തത്വശാസ്ത്രം രൂപപ്പെടുത്തിയത്. ഗൃഹസ്ഥര്‍ക്ക് സംഘത്തില്‍ പ്രവേശനം നിഷേധിക്കുന്നില്ലെങ്കിലും വിവാഹിതര്‍ക്ക് പ്രചാരകരായി പ്രവര്‍ത്തിക്കാനുള്ള അനുമതിയില്ല. 2009പ്പോലും പ്രചാരകര്‍ക്ക് വിവാഹജീവിതം നിഷേധിക്കുന്നതിനെക്കുറിച്ചുള്ള പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് സര്‍സഘ്ചാലക് മോഹന്‍ ഭഗത്ത് നിഷേധാര്‍ത്ഥത്തിലാണ് മറുപടി നല്‍കിയത്.

മോഡിയും ഗുജറാത്തും
ആര്‍.എസ്.എസ്സിന്റെ പ്രചാരകായ മോഡി മുകളില്‍ വിവരിച്ചതുപോലുള്ള ഒരു പ്രതിബിംബവുമായാണ് ജനങ്ങളെ അഭിമുഖീകരിക്കുന്നത്. ഗുജറാത്ത് കൂട്ടക്കൊലയോടെ ഈ പ്രതിബിംബം ഹിന്ദുഗുജറാത്തിന്റെ ബിംബമായിമാറി. മോഡിയെക്കുറിച്ചുള്ള ഒരു പഠനത്തില്‍ തൃദീപ് എഴുതുന്നു: മോഡി തന്റെ സ്വകാര്യജീവിതത്തെയും പൊതുജീവിതത്തെയും ഒരിക്കലും വേര്‍തിരിക്കുന്നില്ല. തന്റെ കുടുംബബന്ധങ്ങളെക്കുറിച്ചല്ല, ഗുജറാത്തിനെക്കുറിച്ചാണ് എപ്പോഴും സംസാരിക്കുന്നത്. ഗുജറാത്തിലെ ഹൈന്ദവജനതക്ക് മുന്‍പില്‍ മോഡി ഉത്തമപൗരുഷത്തിന്റെയും പ്രതിനിധാനമാണ്.
ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീകമെന്ന് തന്റെ ബ്ലോഗില്‍ സ്വയം വിവരിക്കുന്ന മോഡിയെ ട്വിറ്ററില്‍ 371619 പേര്‍ ഫോളോ ചെയ്യുമ്പോള്‍ അദ്ദേഹം ഒരാളെപ്പോലും ഫോളോ ചെയ്യുന്നില്ല. നാമൊ (മുന്നില്‍ കുമ്പിടുക) എന്ന് ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്ന മോഡി ഗുജറാത്തി സ്ത്രീകളുടെ ലൈംഗികാകര്‍ഷണ രൂപമാണെന്ന് ഏഷ്യന്‍ ഏജിലെ പത്രപ്രവര്‍ത്തകനും ഗുജറാത്തിയുമായ അക്ബര്‍ പട്ടേല്‍ തന്റെ കോളത്തില്‍ എഴുതുന്നു.
ഗുജറാത്ത് ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റെ യോഗത്തില്‍ അതിഥിയായെത്തിയ ഹിന്ദിസിനിമാ താരം ഷെര്‍ലിന്‍ ചോപ്രയെപ്പോലും ആരാധകയാക്കാന്‍ മോഡിക്കു കഴിയുന്നുണ്ട്. താന്‍ കണ്ടതില്‍വെച്ച് ഏറ്റവും ഉര്‍ജ്ജസ്വലനായ മനുഷ്യന്‍ മോഡിയാണെന്നും ഒരു അവസരം തന്നാല്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റാവാന്‍ താന്‍ തയ്യാറാണെന്നുമാണ് അവര്‍ അഭിപ്രായപ്പെട്ടത്.

ഗുജറാത്ത് കൂട്ടക്കൊലയുടെ നാളുകളില്‍ അക്രമങ്ങള്‍ക്കു മുതിരാതിരുന്ന പുരുഷന്മാര്‍ക്ക് വളകള്‍ സമ്മാനിച്ചുകൊണ്ട് ദേശീയതയും പൗരുഷവും തമ്മിലുള്ള ബന്ധത്തെ മറ്റൊരര്‍ത്ഥത്തില്‍ ഉറപ്പിക്കുകയായിരുന്നു ഗുജറാത്തിലെ ഹിന്ദുസ്ത്രീകള്‍. തന്റെ നെഞ്ചളവായ 56 ഇഞ്ച ് ദേശീയതയുടെ അളവാണെന്നമട്ടിലാണ് ദേശീയതയും പൗരുഷവും തമ്മിലുള്ള ബന്ധം അദ്ദേഹം അവതരിപ്പിക്കുന്നതെന്ന് തെഹല്‍ക്കയില്‍ എഴുതിയ കുറിപ്പില്‍ തൃദീപ് പറയുന്നു. രസകരമായ മറ്റൊരുകാര്യം, ഗ്രാമീണയായ ഒരു സ്ത്രീയുമായി മോഡിക്ക് വിവാഹബന്ധമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നുണ്ടെങ്കിലും അത്തരം ചോദ്യങ്ങള്‍ ഗുജറാത്തില്‍ ഏറെപ്പേരൊന്നും ചോദിക്കാറില്ല. അല്ലെങ്കിലും യഥാര്‍ത്ഥത്തില്‍ എന്താണെന്നതല്ല മറിച്ച് എന്താവണം തങ്ങളുടെ നേതാവ് എന്നത് അവര്‍ മോഡിയില്‍ കണ്ടെത്തുകയായിരുന്നു എന്നതാണ് വാസ്തവം.
.

Saturday, January 22, 2011

ഫോര്‍ത്ത് എസ്റ്റേറ്റിന്റെ മരണം?


റാഡിയാ ടേപ്പിനെകൂറിച്ചുള്ള വാര്‍ത്തകള്‍ ഹെഡ്‌ലൈന്‍ ടുഡെ സ്‌ക്രോള്‍ ചെയ്യാന്‍തുടങ്ങിയപ്പോള്‍ത്തന്നെ hyh-km-b-cw-K¯v അതിന്റെ പ്രതികരണമുണ്ടായി.. വിവാദ ടേപ്പുകള്‍ പുറത്തുവിട്ട ഓപ്പണ്‍, ഔട്ട്‌ലുക്ക് എന്നീ പ്രസിദ്ധീകരണങ്ങള്‍ കഴിഞ്ഞാല്‍ വാര്‍ത്തകള്‍ക്ക് വലിയ പത്രങ്ങളിലും ചാനലിലും തുടക്കത്തില്‍ ഇടം കണ്ടെത്താനായില്ല. ടാറ്റായുടെ പരസ്യങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ഹെഡ്‌ലൈന്‍ ടുഡെ അതേ പരസ്യദാതാവിനെ ചൂണ്ടിക്കാട്ടിയാണ് ചാനലിനെ നിശബ്ദമാക്കിയത്. അങ്ങിനെ ഫ്‌ളാഷ് ന്യൂസുകള്‍ അതേ വേഗതയില്‍ ചാനലില്‍നിന്ന് അപ്രത്യക്ഷമായി. ഇതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. ഡല്‍ഹി മുതല്‍ തിരുവനന്തപുരം വരെയുള്ള മിക്കവാറും എല്ലാ മാധ്യമങ്ങളിലും (പത്രസ്ഥാപനത്തിന്റെ മാര്‍ക്കറ്റ് ഷെയറിന്റെയും ശേഷിയുടെയും നേര്‍അനുപാതത്തിലാണ് പ്രവണത പ്രകടമായിരുന്നതെന്ന് തോന്നുന്നു) പ്രവണത പ്രതിഫലിച്ചു.
അതേസമയം സ്വാധീനശക്തിയും പാരമ്പര്യവും മറ്റെല്ലാ സാധ്യതകളും ഉപയോഗിച്ച്
മുഖ്യധാരാമാധ്യമങ്ങള്‍ ചിട്ടയോടെ മൂടിവെച്ച വാര്‍ത്ത അതേ രാത്രി തന്നെ ഇന്ത്യ കണ്ടതിലേറ്റവും പ്രചണ്ഡമായ വേഗതയില്‍ ദശലക്ഷക്കണക്കിന് പേര്‍ പരസ്പരം കൈമാറ്റം ചെയ്തു. ടാറ്റാഗ്രൂപ്പ് തങ്ങളുടെ പരസ്യങ്ങള്‍ പിന്‍വലിക്കാനൊരുങ്ങിയതിനെ തുടര്‍ന്ന് റാഡിയടേപ്പ് കവര്‍‌സ്റ്റോറി പിന്‍വലിക്കാന്‍ ഇന്ത്യാ ടുഡെ ഗ്രൂപ്പ് സി.. അരുണ്‍പുരി ഹെഡ്‌ലൈന്‍ ടുഡെ ചാനലിന് നിര്‍ദ്ദേശം കൊടുത്തു എന്ന ഒറ്റ വാചകം ബ്ലോഗുകളിലും ഫെയ്‌സ്ബുക്കിലും മെയില്‍ ഇന്‍-ബോക്‌സിലും മറ്റനേകം സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റുകളിലും വന്നുനിറഞ്ഞു. വാചകം നിരവധി ലക്ഷം തവണ റീ-ട്വീറ്റ് ചെയ്യപ്പെട്ടു. ഹെഡ്‌ലൈന്‍ ടുഡെയുടെ നടപടി അത്രമേല്‍ 'ദേശീയ'മല്ലാത്ത ന്യൂസ്‌റൂമുകളിലെ മാധ്യമപ്പടയുടെയും ഇന്റര്‍നെറ്റ് കഫെകളിലെ ചെറുപ്പങ്ങളുടെയും ഒടുവില്‍ നാട്ടിന്‍പുറത്തെ ഇളകുന്ന ബഞ്ചിലിരുന്ന് പുലര്‍കാപ്പി മോന്തുന്ന 'മാധ്യമവിശകലന വിദഗ്ധരുടെ'യും പരിഹാസത്തിന് പാത്രമായി. അല്ലെങ്കില്‍ ബോധപൂര്‍വ്വമായ മറവിയിലേക്ക് ആണ്ടുപോകുമായിരുന്ന ഒരു വാര്‍ത്തയെ ഇന്‍ക്യുബേറ്ററില്‍ വെച്ച് വിരിയിച്ചെടുക്കുന്ന പുതിയകാലത്തിന്റെ അത്ഭുതം കൃത്യം നിര്‍വ്വഹിച്ചവരെത്തന്നെ അമ്പരിപ്പിച്ചിരുന്നു. അതോടൊപ്പം വ്യവസ്ഥാപിതമായ മാധ്യമപ്രവര്‍ത്തനത്തിന്റെ ആലങ്കാരികമരണത്തെയും അത് സൂചിപ്പിച്ചിരുന്നു. ബ്ലോഗുകളും ഫേസ്ബുക്കും ട്വിറ്ററും എസ്.എം.എസ്‌കളും എം.എം.എസ്‌കളും ഒക്കെ അടങ്ങുന്ന പുതിയ ഒരു തരംഗത്തിന്റെ സാധ്യതയും അത്, തീര്‍ച്ചയായും അതിന്റെ പരമിതികളോടുകൂടെത്തന്നെ, മുന്നോട്ടുവെച്ചു. ഇത്തരം പുതിയ മാധ്യമങ്ങളുടെ രാഷ്ട്രീയസാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ഒരു അന്വേഷണം ഇന്ന് പ്രസക്തമാണ. അതിലേക്കുള്ള ആമുഖം മാത്രമാണ് കുറിപ്പ്.

റിപ്പോര്‍ട്ടറും വിഷയവും: ഒരു പ്രസ്‌ഫോട്ടോഗ്രാഫറുടെ രോഷം


കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഏതാനും പത്രങ്ങളില്‍ അടിച്ചുവന്ന ഒരു ചിത്രം ഏറെ
ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. അപകടത്തില്‍പെട്ട് മറിഞ്ഞ് കിടക്കുന്ന ഒരു വാഹനത്തിന്റെ ദൃശ്യം മൊബൈലില്‍ പകര്‍ത്തുന്ന ഒരുകൂട്ടം ആളുകളുടെ ചിത്രമായിരുന്നു അത്. ഇത്തരത്തില്‍ ഒരു ദൃശ്യം പകര്‍്ത്തുന്നത് കേരളീയരുടെ മങ്ങിക്കൊണ്ടിരിക്കുന്ന ധാര്‍മ്മികതയുടെ അടയാളമാണെന്നതായിരുന്നു ചര്‍ച്ചയുടെ മര്‍മ്മം. അഭയകേസില്‍ എറണാകുളം സി.ജെ.എം. കോടതിയില്‍ ഹാജരാക്കപ്പെട്ട സിസ്റ്റര്‍ സെഫിയുടെയും ഫാദര്‍ കോട്ടൂരാന്റെയും ദ്യശ്യങ്ങള്‍ ദ്യക്‌സാക്ഷികള്‍ ഇതേ താല്‍പര്യത്തോടെത്തന്നെ മൊബൈലില്‍ പകര്‍ത്തിയിരുന്നെങ്കിലും സംഭവങ്ങള്‍ പകര്‍ത്തുന്നതില്‍, പ്രത്യേകിച്ചും അഭയയുടെ മരണം കേരളീയ സാമൂഹ്യമനസാക്ഷിയിലുണ്ടാക്കിയിലുണ്ടാക്കി ധാര്‍മ്മിക രോഷത്തിന്റെ വെളിച്ചത്തില്‍, എന്തെങ്കിലും അധാര്‍മ്മികതയുള്ളതായി ആരും കരുതിയിരുന്നില്ല. എന്നാല്‍ അപകട കാഴ്ചകള്‍ കവര്‍ചെയ്യുന്നത് നമുക്ക് താങ്ങാവുന്നതിലധികമായിരുന്നു.

ഫോട്ടോപകര്‍ത്തുന്നവര്‍ക്ക് നിലവിലുള്ള
സവിശേഷാധികാരത്തെക്കുറിച്ച് പ്രസ്‌ഫോട്ടോഗ്രാഫര്‍ ബോധവാനായിരുന്നുവെന്നതിന് ചിത്രം തന്നെയായിരുന്നു തെളിവ്. കേരളത്തിലെ വനിതാ പ്രസ്‌ഫോട്ടോഗ്രാഫര്‍മാരില്‍ ഒരു പക്ഷേ ഒന്നാമത്തെയാളായ തേജസ്സിലെ രാഖി സംഭവങ്ങള്‍ക്കും അതു പകര്‍ത്തുന്ന ഫോട്ടോഗ്രാഫറുമെന്ന നിലയില്‍ താനനുഭവിച്ചിരുന്ന സന്ദിഗ്ദ്ധതകളെക്കുറിച്ച് ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു. ഒരു സംഭവത്തെ താന്‍ പുറത്തുനിന്ന് വീക്ഷിക്കുന്നതാണോ അതില്‍ ഇടപെടുന്നതാണോ ശരി എന്നതായിരുന്നു അവരുടെ പ്രതിസന്ധി. ഒരു ഫോട്ടോഗ്രാഫര്‍ സന്ദിഗ്ദ്ധതയുടെ പരിഹാരത്തിനൊടുവില്‍ പുറംകാഴ്ചക്കാരനാവാന്‍ തീരുമാനിക്കുന്നതോടെ ഒരു അധികാരവ്യവസ്ഥ രൂപപ്പെടുകയാണ്. പകര്‍ത്തുന്നയാളും പകര്‍ത്തപ്പെടുന്നവരുമെന്ന അധികാരപരമായദ്വന്ദത്തില്‍ വിള്ളല്‍ വീഴ്ത്തി എന്നിടത്തുനിന്നുമാണ് മേല്‍ സൂചിപ്പിച്ച ഫോട്ടോ സാധ്യമായത്. (1)

ലേഖനം തയ്യാറാക്കുന്നതിന്റെ ഭാഗമായി വെബ്‌സൈറ്റുകളില്‍ നടത്തിയ തെരച്ചിലില്‍
മൊബൈല്‍ലില്‍ അപകടഫോട്ടോ പകര്‍ത്തുന്നവര്‍ക്കെതിരെയുള്ള പരാതി കേരളത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലെന്ന് വ്യക്തമാക്കുന്ന നിരവധി വാര്‍ത്താശകലങ്ങള്‍ കണ്ടെത്താനായി. ബ്രിട്ടനിലെ മെയില്‍ഓണ്‍ലൈന്‍ ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരുന്നു. നൈജീരിയയിലെ തെരക്കേറിയ ഒരു റോഡില്‍ നടന്ന സംഭവം രസകരമായിരുന്നു. യൂണിഫോമിലുണ്ടായിരുന്ന ഒരു സൈനികന്റെയും ഒരു പൗരന്റെയും കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. പുറത്തിറങ്ങിവന്ന സൈനികന്‍ മറ്റെയാളെ മുഖത്തടിച്ചു. തുടര്‍ന്ന് ഇവര്‍ക്കിടയില്‍ വലിയ വാക്കേറ്റവും നടന്നു. ഇതു വീക്ഷിച്ചുകൊണ്ടിരുന്ന ഒരാള്‍ തന്റെ മൊബൈലില്‍ സൈനികന്റെ ഫോട്ടോ എടുക്കാന്‍ശ്രമിച്ചു. സൈനികന്‍ അതു തടഞ്ഞു. ഒരു പ്രസ് ഫോട്ടോഗ്രാഫറല്ലാത്ത വഴിപോക്കന് ഇത്തരത്തില്‍ ഫോട്ടോ എടുക്കാന്‍ അധികാരമില്ലെന്നായിരുന്നു സൈനികന്റെ വാദം. പ്രസ് ഫോട്ടോഗ്രാഫറല്ലാത്ത ഒരാള്‍ ഫോട്ടോ എടുക്കുന്നതിന്് നൈജീരിയന്‍ നിയമം തടസ്സംനില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തോടെയാണ് വാര്‍ത്ത അവസാനിപ്പിച്ചിരിക്കുന്നത്

പുതിയകാലത്തെ സാങ്കേതികവികാസങ്ങള്‍ ഇത്തരത്തില്‍ നിരവധി പരമ്പരാഗത മാതൃകകളെ
പൊളിച്ചുകളയാന്‍ തുടങ്ങിയിട്ടുണ്ട്. മാധ്യമരംഗത്തെ സാങ്കേതികവികാസത്തെയും മൊത്തം സമ്പദ്ഘടനയെയും അത് രൂപം കൊടുക്കുന്ന സാംസ്‌കാരിക സൂചനകളെയും ചരിത്രപരമായി പരിശോധിച്ചുകൊണ്ട് മാത്രമേ പുതിയകാലത്തെ നമുക്ക് മനസ്സിലാക്കാനാവൂ.

ശാസ്ത്രവും സാങ്കേതികവിദ്യയുടെ സംയോജനവും

സങ്കല്‍പങ്ങളിലും അധികാരഘടനയിലും ഉണ്ടായ ഇത്തരം പൊളിച്ചെഴുത്തലുകളും അട്ടിമറികളും
വലിയ ശതമാനത്തോളം സാങ്കേതിക വിദ്യയിലുണ്ടായ സാങ്കേതികസംയോജനമെന്ന (technological convergence) പുത്തന്‍ പ്രവണതയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. സാങ്കേതികവിദ്യയുടെ വിവിധമേഖലകള്‍ ഒന്നുചേര്‍ന്നുവരുന്ന പ്രക്രിയയെയാണ് ടെക്‌നോളജിക്കല്‍ കണ്‍വര്‍ജന്‍സ് അഥവ സാങ്കേതികസംയോജനം എന്നു പൊതുവില്‍ പറയുന്നത്. ഒന്നു ചേരല്‍ പ്രക്രിയയുടെ ഫലമായാണ് വിവിധ ഉപയോഗങ്ങള്‍ ഒരൊറ്റ ഉപകരണത്തിലൂടെ സാധ്യമാകുന്നത്.( മൊബൈല്‍ഫോണ്‍ എന്നത് ആളുകള്‍ പരസ്പരം സംസാരിക്കുന്ന ഉപകരണം എന്നനിലയില്‍ നിന്ന് നെറ്റ്ബ്രൗസിങ്ങ് ചെയ്യുന്നതിനുള്ള ഉപകരണംകൂടിയായിമാറിയിരിക്കുന്നു എന്നത് സംയോജനപ്രക്രിയയുടെ ഉദാഹരണമായി പറയാം). യഥാര്‍ഥത്തില്‍ ഇതിനെ പുത്തന്‍ എന്നുപറയുന്നത് പൂര്‍ണ്ണമായും ശരിയല്ല; കാരണം സാങ്കേതികവിദ്യയുടെ ഇതുവരെയുള്ള മുഴുവന്‍ ചരിത്രവും പ്രവണതയുടെ കൂടി ചരിത്രമാണ്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയില്‍ ടെലഗ്രാഫിന്റെയും അണ്ടര്‍വാട്ടര്‍ കേബിളിന്റെയും
വികാസത്തോടെ രൂപം കൊണ്ട ടെലികമ്യൂണിക്കേഷന്‍ യുഗം ഒരര്‍ഥത്തില്‍ മാധ്യമരംഗത്തെ സാങ്കേതികസംയോജനത്തിന്റെ ആദ്യഘട്ടമായി കണക്കാക്കാം. വാര്‍ത്തകള്‍ക്ക് മനുഷ്യനേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിഞ്ഞത് അന്നുമുതലായിരുന്നു. അതോടെ മാധ്യമരംഗം പ്രാദേശികരൂപത്തില്‍ നിന്നും ആഗോളതലത്തിലേക്കുയരുന്നതിനുള്ള സാധ്യതകള്‍ രൂപം കൊണ്ടു. റോയിട്ടേഴ്‌സ് (യു.കെ), അസോസിയേറ്റഡ് പ്രസ്(യു.എസ്), ഹാവാസ്(ഫ്രാന്‍സ്) തുടങ്ങിയ മാധ്യമ ഏജന്‍സികള്‍ രൂപം കൊള്ളുന്നത് പശ്ചാത്തലത്തിലായിരുന്നു. ഇരുപതാംനൂറ്റാണ്ടിന്റെ രണ്ടാം ദശകത്തോടെ രൂപം കൊണ്ട റേഡിയോ പോലുള്ള പ്രക്ഷേപണസംവിധാനങ്ങളാകട്ടെ ഇത്തരം സാധ്യതകളെ കൂടുതല്‍ വികസിപ്പിക്കാനുതകുന്നതായിരുന്നു.

മാധ്യമരംഗത്തിലെ രൂപസംവിധാനത്തെ മാറ്റിയെടുക്കുന്നതില്‍ കഴിഞ്ഞ നൂറ്റമ്പത് വര്‍ഷം
കൊണ്ടുണ്ടായതിനേക്കാള്‍ ഇരട്ടി വേഗതയാണ് അവസാന പത്തുവര്‍ഷംകൊണ്ടുണ്ടായതെന്ന് നിസ്സംശയം പറയാം. ടെലിവിഷന്‍, ടെലികമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍, എന്നുതുടങ്ങി പൊതുവില്‍ ഇലക്‌ട്രോണിക്‌സ് രംഗത്തുണ്ടായ എല്ലാ വികാസങ്ങളും തുടക്കം മുതല്‍ തന്നെ സാങ്കേതികസംയോജനത്തിന്റെ പ്രവണതകള്‍ പ്രകടിപ്പിച്ചു. 1920-ല്‍ത്തന്നെ പ്രമുഖ ടെലിഫോണ്‍ കമ്പനിയായ അഠ & റേഡിയോ സ്റ്റേഷനുകളെ പരസ്പരം ബന്ധിപ്പിച്ച് ഒരു നെറ്റ്‌വര്‍ക്ക് സൃഷ്ടിക്കാന്‍ തീരുമാനിച്ചിരുന്നു. ടെലികമ്യൂണിക്കേഷന്‍- മാധ്യമ വ്യവസായസംയോജനത്തിന്റെ ആദ്യശ്രമം പക്ഷെ പാറ്റന്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍തട്ടി തകര്‍ന്നുപോയി. ഒരുതരത്തില്‍പറഞ്ഞാല്‍ ടെലികമ്യൂണിക്കേഷന്‍-മാധ്യമ സംയോജനത്തെ മറ്റൊരര്‍ഥത്തില്‍ നേരിടുകയായിരുന്നു AT &T.

കഴിഞ്ഞ ദശകത്തിന്റെ അവസാനത്തിലും ദശകത്തിന്റെ തുടക്കത്തിലുമാണ് ഡിജിറ്റല്‍ - കമ്പ്യൂട്ടര്‍
സാങ്കേതികതയുടെ വികാസം കൂടുതല്‍ ഉയര്‍ന്ന രൂപത്തിലെത്തുന്നത്. കമ്പ്യൂട്ടര്‍, മൊബൈല്‍ഫോണ്‍ പോലുള്ള പുതിയ ഡിജിറ്റല്‍ ഉപകരണങ്ങള്‍ക്കും കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിങ്ങ് പോലുള്ളസാങ്കേതികവിദ്യക്കും ഇത് ജന്മം നല്‍കി. ഇതോടെ ഇലക്‌ട്രോണിക്‌സ് രംഗത്തെ ഭീമന്മാര്‍ മാധ്യമരംഗത്തേക്ക് കടന്നുവന്നു. 2000 ത്തില്‍ മാധ്യമരംഗം ഭരിച്ചിരുന്ന ഡിസ്‌നി, ..ല്‍.ടൈംവാര്‍നര്‍, സോണി, ന്യൂസ് കോര്‍പ്പറേഷന്‍, വിയാകോം, വിവേണ്ടി, ബെര്‍ട്ടല്‍സ്‌മേന്‍ എന്നീ ഏഴു പ്രധാന ഭീമന്മാരില്‍ പലരും ഇലക്‌ട്രോണിക്‌സ് രംഗത്ത് ശ്രദ്ധപതിപ്പിച്ചിരുന്ന കമ്പനികളായിരുന്നു. പതിനഞ്ച് വര്‍ഷങ്ങള്‍ക്കുമുന്‍പ്് ഇവരില്‍ പലരും മാധ്യമരംഗത്തുതന്നെ ഉണ്ടായിരുന്നില്ലെന്ന് റോബര്‍ട്ട് മക്‌ചെസ്‌നി രേഖപ്പെടുത്തുന്നു. ഇലക്‌ട്രോണിക്‌സ്- മാധ്യമ രംഗത്തെ സാങ്കേതിക സംയോജനമായിരുന്നു ഇലക്‌ട്രോണിക്‌സ് വ്യവസായത്തെയും മാധ്യമവ്യവസായത്തെയും സംയോജിപ്പിച്ചത്. പിന്നീട് ഇന്റര്‍നെറ്റിന്റെ വികാസത്തോടെ(ഇന്റര്‍നെറ്റ് ഇന്ന് മാധ്യമങ്ങളെ സഹായിക്കുന്നതിനുള്ള ഉപാധി മാത്രമല്ല സ്വയം ഒരു മാധ്യമം കൂടിയാണ്) കരുത്താര്‍ജ്ജിച്ച മൈക്രോസോഫ്റ്റ്, ഗൂഗിള്‍ , ..എല്‍ പോലുള്ള കമ്പനികളും മാധ്യമരംഗത്തെത്തി. ചുരുക്കത്തില്‍ മാധ്യമ -മ്പ്യൂട്ടര്‍ വ്യവസായത്തിലും സംയോജനപ്രക്രിയ നടന്നുകൊണ്ടിരിക്കയാണ്. ഇതോടൊപ്പം ടെലികമ്യൂണിക്കേഷന്‍ കമ്പനികളും കമ്പ്യുട്ടര്‍ കമ്പനികളും തമ്മിലുള്ള സംയോജനവും അതിലൂടെ അതിന്റെ ശരിയായ അര്‍ഥത്തിലുള്ള 'ആഗോളമാധ്യമം' രൂപപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കാരണം നാമിന്ന് നമ്മുടെ -മെയില്‍ തുറന്ന് വായിക്കുന്നത് വിന്റോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉള്ള കമ്പ്യൂട്ടറിലൂടെ മാത്രമല്ല ഏതെങ്കിലും ടെലഫോണ്‍കണക്ഷനുള്ള നോക്കിയാ -സീരിസ് ഫോണിലൂടെയുമാണ്.

മൊബൈല്‍ ജേണലിസം
സാങ്കേതികമേഖലയിലെ ഇത്തരം കൂടിച്ചേരലുകള്‍ പരമ്പരാഗത മാധ്യമങ്ങളിലും
പ്രതികരണങ്ങളുണ്ടാക്കി. അതിന് ഏറ്റവും നല്ല ഉദാഹരണമായിരുന്നു മൊബൈല്‍ ജേണലിസം. മൊബൈല്‍ ഹാന്റ് സെറ്റുകളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള മാതൃക ലോകത്തിലെ ന്യൂസ് ഏജന്‍സികളും ഉപയോഗപ്പെടുത്തിയിരുന്നു. ഒരേ സമയം റെക്കോഡിങ്ങിനും ബ്രോഡ്കാസ്റ്റിങ്ങിനുമുളള ഉപകരണമെന്ന നിലക്ക ഉപയോഗിക്കാനുള്ള മൊബൈലിന്റെ കഴിവായിരുന്നു ഇതിന്റെ അടിസ്ഥാനം. 2007 ല്‍ റോയിട്ടര്‍ തങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരെ മൊബൈല്‍ ജേണലിസ്റ്റുകളാക്കി മാറ്റി. കഴിഞ്ഞ ബീജിങ്ങ് ഒളിമ്പിക്‌സ് അങ്ങ നെയാണ് റോയിട്ടര്‍ റിപ്പോര്‍ട്ട് ചെയ്തത്. (കല്‍ക്കത്താ ന്യൂസ് എന്ന മലയാളസിനിമയില്‍ മൊബൈല്‍വഴി വാര്‍ത്ത സംപ്രേഷപണം ചെയ്യുന്നുണ്ട്). പുതുതായി രൂപം കൊള്ളുന്ന സാങ്കേതികവിദ്യയെ തങ്ങളുടെ പരമ്പരാഗത സംവിധാനത്തോട് കൂട്ടിയിണക്കാനുള്ള ശ്രമമാണ് മൊബൈല്‍ ജേണലിസം. മാധ്യമലോകത്തിന്റെ അധികാരഘടനയില്‍ തൊരിക്കലും കാര്യമായ വിള്ളലുകള്‍ വീഴ്ത്തുന്നില്ലെന്നതാണ് ശ്രദ്ധേയം.

സാങ്കേതികവിദ്യയും വൈയക്തികതയും

കഴിഞ്ഞ നവമ്പര്‍ 19-ാംതിയതി തൃശ്ശുരില്‍ വെച്ചു നടന്ന ഒരു വിവാഹച്ചടങ്ങ് മൊബൈലും
ഇന്റര്‍നെറ്റും ഉപയോഗിച്ചുകൊണ്ട് തത്സമയം പ്രക്ഷേപണം ചെയ്തു. നിരവധി ആളുകള്‍ തത്സമയം കാണുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ മുന്‍പ് സാമൂഹ്യസംഘാടനത്തിലൂടെ മാത്രം ചെയ്യാന്‍ കഴിഞ്ഞിരുന്ന പ്രവ്യത്തി ഇപ്പോള്‍ വൈയക്തിക തെരഞ്ഞെടുപ്പിന്റെ ഭാഗമായി മാറിയിരിക്കുന്നു. പ്രത്യേകതരം വൈയക്തികതതന്നെയാണ് പുതിയകാലത്തെ സാങ്കേതിക വിദ്യയെ മറ്റുള്ളവയില്‍ നിന്ന് വേര്‍തിരിച്ച് നിര്‍ത്തുന്നതും അധികാരഘടനയില്‍ അട്ടിമറിക്കു കാരണമാകുന്നതും. അട്ടിമറിയോടുള്ള പ്രതികരണമാണ് ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച ഫോട്ടോഗ്രാഫ്.

പഴയകാല പത്രപ്രവര്‍ത്തകന്റെ ഉപകരണമായിരുന്ന സ്റ്റില്‍ക്യാമറയില്‍ നിന്നും മൊബൈല്‍ക്യാമറ
പല അര്‍ഥത്തിലും പുതിയ ഉപകരണമാണ്. പ്രത്യേക സന്ദര്‍ഭങ്ങളുടെ രേഖപ്പെടുത്തലും ഓര്‍ത്തുവെക്കലുമാണ് ഒരു സ്റ്റില്‍ക്യാമറയെങ്കില്‍ ഏതുസമയവും കൈയില്‍ വെക്കുന്ന രു വസ്തുവെന്ന നിലയില്‍ മൊബൈല്‍ക്യാമറ വിഷയത്തേക്കാള്‍ സമയത്തേയാണ് പകര്‍ത്തുന്നത്. രു കലാപ്രവര്‍ത്തനമെന്നതിലുപരി അത് വ്യക്തികള്‍ക്കിടയിലുള്ള ഇടപെടലിന്റെയും കൂടി ഭാഗമാണ്. അപകടം മൊബൈലിലാക്കുന്ന മലയാളി ചെയ്യുന്നതും ഇതുതന്നെ. 'പഴഞ്ചനായ' നമ്മുടെ പ്രസ്‌ഫോട്ടോഗ്രാഫര്‍ ചെയ്യുന്ന അതേകാര്യം തന്നെയാണ് മൊബൈലിലൂടെ കാഴ്ചക്കാരും ചെയ്യുന്നത്. അവര്‍ക്കത് പകര്‍ത്താം, സൂക്ഷിക്കാം, പ്രക്ഷേപണം ചെയ്യുകയുമാവാം!

ബ്ലോഗ്, ഫെയ്‌സ്ബുക്ക്, പൊതുബോധം

വൈയക്തികതയുടെ ആഘോഷമാണ് പുതിയകാലം. ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കിയുള്ള സോഷ്യല്‍
നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റുകള്‍ പോലുള്ളവ വ്യക്തിയുടെ ഇടപെടല്‍ ശേഷി വര്‍ദ്ധിപ്പിക്കുന്നു. സാമൂഹ്യസംഘാടനത്തിന്റെ അഭാവത്തിലും വ്യക്തിയുടെ ഇച്ഛകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്നു. ഇതുതന്നെയാണ് അവയുടെ ശക്തിയും. ഒപ്പം ഇത് സ്വാതന്ത്രത്തിന്റെയും ജനാധിപത്യത്തിന്റെയും പുതിയ മേഖലകള്‍ തുറന്നു തരുന്നുമുണ്ട്.

എന്നാല്‍ പൊതുബോധം ജനാധിപത്യപരമാവുമെന്നതിന് ഇത് നേരിട്ട് ഒരുറപ്പും തരുന്നില്ല. പലപ്പോഴും
കടുത്ത വിവേചനത്തിന്റെയും വംശീയതയുടെയും ജനാധിപത്യവിരുദ്ധതയുടെയും ഭാഷയിലാണ് ഇന്റര്‍നെറ്റ് സംസാരിക്കുന്നത്. സാങ്കേതികസംയോജനത്തിന്റെ പശ്ചാത്തലത്തില്‍ മെര്‍ജറുകളിലൂടെയും അക്വിസിഷനുകളിലൂടെയും ക്രോസ്ഓണര്‍ഷിപ്പിലൂടെയും നടക്കുന്ന വ്യവസായങ്ങളുടെ സംയോജനം ഗുരൂതരമായ മറ്റു സാധ്യതകളിലേക്കും വഴിതുറക്കുന്നുണ്ട്. ലോകത്തിലെ ശൃംഘലാവല്‍ക്കരിക്കപ്പെട്ട വിവരശേഖരങ്ങള്‍ ഗൂഗിള്‍ പോലുള്ള ഏതാനും കമ്പനികക്കവകാശപ്പെട്ട ആറോ എഴോ സൂപ്പര്‍കമ്പ്യൂറുകളില്‍ നിക്ഷിപ്തമായിക്കൊണ്ടിരിക്കയാണ്. അത് എങ്ങനെ ഉപയോഗിക്കണമെന്നതാകട്ടെ കമ്പിനിയുടെ വിവേചനാധികാരവുമായി ബന്ധപ്പെട്ട പ്രശ്‌നവും. ചുരുക്കത്തില്‍ സംയോജനപ്രക്രിയ അധികാര സംയോജനമല്ലാതെ മറ്റൊന്നുമല്ല. അധികാരത്തെ അട്ടിമറിക്കുന്ന ഒരു സാധ്യത അധികാരകേന്ദ്രീകരണത്തിനു കാരണമാകുന്ന അവസാനത്തെ ഉദാഹരണവും.


(1) 1994ല്‍ പുലിറ്റ്‌സര്‍ സമ്മാനം നേടിയ കെവിന്‍കാര്‍ട്ടര്‍ സൂഡാനിലെ ക്ഷാമം ചിത്രീകരിക്കുന്നിടയില്‍ യു.എന്‍.ദുരിതാശ്വാസക്യാമ്പിലേക്ക് ഇഴഞ്ഞുനീക്കുന്ന കുട്ടിയുടെ ഫോട്ടോ എടുത്തിരുന്നു. പിന്നിലായി ഒരു കഴുകന്‍ കുട്ടിയു
ടെ മരണം കാത്തിരിക്കുകയാണ്. പിന്നീട് കുട്ടിക്കെന്തു സംഭവിച്ചെന്ന് ഫോട്ടോഗ്രാഫര്‍ക്കടക്കം
ആര്‍ക്കും അറിയില്ല. എന്തുകൊണ്ട് താന്‍ കുട്ടിയെ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചില്ല എന്ന ചോദ്യത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാമാവാതെ ഒടുവില്‍ ഫോട്ടോഗ്രാഫര്‍ ആത്മഹത്യചെയ്തു.

(തേജസ് ദ്വൈവാരികയില്‍ പ്രസിദ്ധീകരിച്ചത്)