Thursday, April 25, 2013

ശ്രീലങ്ക: തിരിഞ്ഞു കൊത്തുന്ന ചരിത്രം



ശ്രീലങ്കയില്‍ മുപ്പതുവര്‍ഷമായി തുടരുന്ന വംശീയയുദ്ധത്തിന്റെ മൂല കാരണം ഇന്ത്യയാണെന്ന ശ്രീലങ്കന്‍ പ്രതിരോധസെക്രട്ടറി ഗോഡഭയ രാജപക്‌സെയുടെ പ്രസ്താവന ശ്രീലങ്കയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പുതിയൊരു യുദ്ധമുഖം തുറക്കുമെന്നു വേണം കരുതാന്‍. ശ്രീലങ്കന്‍ പ്രശ്‌നത്തില്‍ ഇന്ത്യന്‍ നിലപാടുകളെ ന്യായീകരിച്ചുകൊണ്ട് മുന്‍ യു എന്‍ സ്ഥാനപതി ഹര്‍ദീപ്പുരി ഒരു ദേശീയ ദിനപത്രത്തിലെഴുതിയ ലേഖനത്തെ ചോദ്യം ചെയ്തുകൊണ്ടാണ് പ്രതിരോധസെക്രട്ടറി കൊളംബോയുടെ പ്രതിഷേധം അറിയിച്ചത്. ജെ എന്‍ ദീക്ഷിദ് ശ്രീലങ്കന്‍ ഹൈക്കമ്മീഷനറായിരിക്കെ തിമ്പു ഒത്തുതീര്‍പ്പിനെത്തുടര്‍ന്ന് ലങ്കയിലേക്കു പോയ 'സമാധാനപാലനസേന'യുമായി അടുത്തു ബന്ധപ്പെട്ട ഹര്‍ദീപിനും ഭാര്യ ലക്ഷ്മിപുരിയ്ക്കും കാര്യങ്ങളറിയാത്തതല്ലെന്നാണ് പ്രതിരോധസെക്രട്ടറിയുടെ ആക്ഷേപം. ഇപ്പോള്‍ വിവാദമായിരിക്കുന്ന എല്‍ ടി ടി ഇ- ശ്രീലങ്കന്‍ യുദ്ധത്തിലെ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഹര്‍ദീപ് ലങ്കയിലെ ഭീകരവാദത്തിന്റെ കാരണത്തെക്കുറിച്ച് മൗനം പാലിക്കുകയാണെന്ന കുറ്റപ്പെടുത്തല്‍ ഒരു ശ്രീലങ്കന്‍ പത്രത്തിലാണ് പ്രത്യക്ഷപ്പെട്ടത്. കൂട്ടത്തില്‍ 1988 ലെ മാലദ്വീപ് ഭീകരാക്രമണത്തില്‍ ഇന്ത്യയില്‍ പരിശീലനം നേടിയ ശ്രീലങ്കന്‍ തമിഴരാണ് പങ്കെടുത്തതെന്ന ഗുരുതരമായ ഒരു ആരോപണവും ഉന്നയിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് അന്താരാഷ്ട്രസമൂഹം പഠിക്കേണ്ടതുണ്ടെന്ന പ്രകോപനപരമായ ഒരാവശ്യവും മുന്നോട്ടു വെച്ചിരിക്കുന്നു.

ഗോഡഭയ രാജപക്‌സെയുടെ ആരോപണങ്ങളോട് കേന്ദ്രമന്ത്രി വി നാരായണസ്വാമിയാണ് പ്രതികരിച്ചത്. ശ്രീലങ്കയിലെ ഭീകരവാദത്തെ ഇന്ത്യ പ്രോത്സാഹിച്ചിട്ടില്ലെന്നു മാത്രമല്ല തമിഴരുടെ അവകാശങ്ങള്‍ ശ്രീലങ്ക കവര്‍ന്നെടുത്തതില്‍ നിന്നാണ് തമിഴ്ഈഴം ആവശ്യപ്പെട്ടുകൊണ്ടുള്ള പോരാട്ടങ്ങള്‍ ഉദയം കൊണ്ടതെന്ന നിലപാട് മന്ത്രി ആവര്‍ത്തിച്ചു. തമിഴര്‍ ഏതു രാജ്യത്തായാലും അവരെ സംരക്ഷിക്കുക എന്നത് ഇന്ത്യയുടെ കടമയാണെന്ന വിചിത്രവും അപകടകരവുമായ  അഭിപ്രായപ്രകടനവും അദ്ദേഹം നടത്തി.

നാരായണസ്വാമിയ്ക്ക് മറുപടി പറഞ്ഞുകൊണ്ട് ശ്രീലങ്കന്‍ നയതന്ത്രവിദഗ്ധന്‍ അശോക് വീരസിന്‍ഹ എഴുതി: ''ശ്രീലങ്കന്‍ തമിഴര്‍ കല്ലുകളും മുളവടികളും ഉപയോഗിച്ചല്ല ഇക്കാലമത്രയും യുദ്ധം ചെയ്തുകൊണ്ടിരുന്നത്. മറിച്ച് എകെ 47നും ഹാന്റ് ഗ്രനേഡുകളുമായിരുന്നു അവരുടെ കൈയില്‍.'' കലാപം വളര്‍ത്തുന്നതില്‍ കരുണാനിധിയെയും എം ജി ആര്‍നെയും പോലുള്ള നേതാക്കളുടെ പങ്കും അദ്ദേഹം എടുത്തുപറഞ്ഞു. 

മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം അനുഭവിക്കന്ന  കൊളംബോ ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള ഈ വിവാദത്തെ പ്രയോജനപ്പെടുത്തുമെന്ന് തീര്‍ച്ചയാണ്. അതില്‍ നിന്നും ഊരിപ്പോരുക ഇന്ത്യയെ സംബന്ധിച്ചെടുത്തോളം എളുപ്പമായിരിക്കില്ല. ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പത്രങ്ങള്‍ വമ്പിച്ച പ്രാധാന്യത്തോടെയാണ് ഈ വിവാദവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതെന്നത് ഒരു സൂചനയാണ്. 2012ല്‍ അമേരിക്കന്‍ പിന്തുണയോടെ അവതരിപ്പിക്കപ്പെട്ട യുഎന്‍ മനുഷ്യാവകാശകൗണ്‍സില്‍ പ്രമേയത്തില്‍ ശ്രീലങ്കയ്ക്കനുകൂലമായ നിലപാടെടുത്ത തെക്കുകിഴക്കന്‍ ഏഷ്യയിലെ രാജ്യങ്ങളും ഇത്  ഗൗരവമായി  എടുക്കുമെന്നു വേണം കരുതാന്‍. അതിനും പുറമെ കഴിഞ്ഞ മുപ്പതുവര്‍ഷത്തെ  ചരിത്രം പരിശോധിച്ചാല്‍ പ്രതിരോധസെക്രട്ടറിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടെന്നും നിഷ്പക്ഷനായ ഒരു വിമര്‍ശകന് കണ്ടെത്താനാകും. അതംഗീകരിച്ചു കൊടുക്കുന്നത് ഇന്ത്യയുടെ അന്താരാഷ്ട്രലത്തിലുള്ള 'മാന്യത'യ്ക്കു മുകളില്‍  കരിനിഴല്‍ വീഴ്ത്തുമെന്നത് മറ്റൊരു കാര്യം.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ ഒരു മേഖലയില്‍ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക ശീതയുദ്ധകാലം മുതല്‍ തന്നെ വന്‍ശക്തി പോരാട്ടങ്ങളുടെ വേദിയായിരുന്നു. ഏഷ്യയെ വരുതിയിലാക്കുന്നതിനുള്ള സൈനികതന്ത്രത്തിന്റെ ഭാഗമായി അമേരിക്ക 1960 കളില്‍ത്തന്നെ  ഈ മേഖലയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. അതിന്റെ ഭാഗമായാണ് ഈ മേഖലയിലെ ദിഗോ ഗാര്‍ഷ്യ ദ്വീപില്‍ ആധിപത്യം ഉറപ്പിക്കാന്‍ ശ്രമം തുടങ്ങുന്നത്. എന്‍പതുകളോടെ ദ്വീപില്‍ ഒരു സ്ഥിരം സൈനികകേന്ദ്രം സ്ഥാപിക്കുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്നും അമേരിക്കയിലേക്കും യൂറോപ്പിലേക്കും എണ്ണ കൊണ്ടുപോകുന്ന കപ്പല്‍പാതയിലെ അതിന്റെ സ്ഥാനം തന്നെയായിരുന്നു ഈ കൊച്ചു ദ്വീപിനെ അന്താരാഷ്ട്രസൈനിക താല്പര്യങ്ങളുടെ ഭാഗമാക്കിയത്. അമേരിക്കയുടെ ഇറാക്ക്- കുവൈറ്റ് സൈനികനീക്കങ്ങള്‍ ദിഗോ ഗാര്‍ഷ്യ കേന്ദ്രീകരിച്ചായിരുന്നു എന്ന ഒറ്റ കാര്യം മതി  ഈ പ്രദേശത്തിന്റെ തന്ത്രപരമായ പ്രാധാന്യം തിരിച്ചറിയാന്‍.

ഇത്തരമൊരു പ്രദേശം അമേരിക്കയുടെ കൈവശത്തിലായതോടെ സ്വാഭാവികമായും അതിനെ പ്രതിരോധിക്കുക എന്നത് സോവിയറ്റ് യൂണിയന്റെ  വന്‍ശക്തി താല്പര്യങ്ങളുടെ ഭാഗമായി. ദീഗോ ഗാര്‍ഷ്യയ്ക്കു പകരും അതേ പ്രദേശത്ത് മറ്റൊന്നു കണ്ടെത്തുക എന്നതായിരുന്നു ഏക പോംവഴി. ആ അന്വേഷണം തമിഴര്‍ തിങ്ങിപ്പാര്‍ക്കുന്ന  വടക്കന്‍ ശ്രീലങ്കയിലെ ജാഫ്‌ന മുനമ്പിലാണ് അവസാനിച്ചത്. പക്ഷേ, ശീതയുദ്ധകാലത്ത് അമേരിക്കന്‍ ഭാഗത്തു നിലയുറപ്പിച്ചിരുന്ന ശ്രീലങ്കയുടെ പക്കല്‍ നിന്ന് അത്തരമൊരു ആവശ്യം നിവര്‍ത്തിച്ചെടുക്കുക സോവിയറ്റ് യൂണിയനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടായിരുന്നു.

ശ്രീലങ്കയില്‍ വംശീയ സിംഹള സര്‍ക്കാരിനെതിരെ തമിഴരുടെ ഭാഗത്തു നിന്നുയര്‍ന്ന മുറുമുറുപ്പുകള്‍ തീക്ഷ്ണമാകാന്‍ തുടങ്ങിയ കാലം കൂടിയായിരുന്നു അത്.  തമിഴര്‍ക്കെതിരെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവേചനപരമായ നയങ്ങള്‍ക്കെതിരെ എല്‍ ടി ടി ഇ പോലുള്ള നിരവധി ചെറുത്തുനില്‍പ്പു പ്രസ്ഥാനങ്ങള്‍ ഇക്കാലയളവില്‍ ശക്തിപ്രാപിച്ചു.  ഈ സങ്കീര്‍ണതയിലേക്ക് കയറിപ്പറ്റിക്കൊണ്ട് തങ്ങളുടെ വന്‍ശക്തി താല്പര്യങ്ങള്‍ നേടിയെടുക്കുക എന്നതായിരുന്നു സോവിയറ്റ് തന്ത്രം. പക്ഷേ അവരെ സംബന്ധിച്ചിടത്തോളം നേരിട്ടിടപെടുന്നതിനേക്കാള്‍  തങ്ങളുടെ പക്ഷം പിടിച്ചിരുന്ന  ഇന്ത്യന്‍ ഭരണകൂടത്തെ ഉപയോഗിച്ചുകൊണ്ട് നേട്ടമുണ്ടാക്കുക എന്നതായിരുന്നു ഗുണകരം.

അതിന്റെ അടിസ്ഥാനത്തിലാണ് ശ്രീലങ്കന്‍ തമിഴരുടെ പ്രശ്‌നങ്ങളില്‍ ഒരു കക്ഷിയായി ഇന്ത്യ രംഗപ്രവേശം ചെയ്യുന്നത്. ഇന്ദിരാഗാന്ധിയും തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം ജി രാമചന്ദ്രനും മുന്‍കൈയെടുത്തുകൊണ്ട് തമിഴ്‌നാട്ടിലും ഡല്‍ഹിയിലും ഡെറാഡൂണിലും അടക്കം നിരവധി സൈനികപരിശീലന കേന്ദ്രങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സജ്ജമാക്കി. ഇന്ദിരാഗാന്ധിയെ സംബന്ധിച്ചിടത്തോളം ഈ നീക്കം ലങ്കന്‍ തമിഴരോട് സാഹോദര്യം സൂക്ഷിച്ചിരുന്ന തമിഴു ജനതയെ കോണ്‍ഗ്രസിനൊപ്പം നിര്‍ത്തുന്നതിന് സഹായകരമായി.  എം ജി ആര്‍നും അതു ഗുണകരമായി. ശ്രീലങ്കയില്‍ ജനിച്ചു വളര്‍ന്ന മലയാളിയായ എംജിആര്‍നെ ശരിയായ തമിഴനായി അവിടത്തെ രാഷ്ട്രീയനേതാക്കള്‍ കരുതിയിരുന്നില്ല. ശ്രീലങ്കന്‍ തമിഴരെ അനുകൂലിക്കുന്നതിലൂടെ ഈ മനോഭാവം കഴുകിക്കളയാന്‍ കഴിയുമെന്ന് അദ്ദേഹം കണക്കുകൂട്ടിയിരിക്കണം.   ഇത്തരത്തില്‍ രൂപീകരിക്കപ്പെട്ട സൈനികപരിശീലന കേന്ദ്രങ്ങളില്‍നിന്ന് പരിശീലനം നേടിയവരായിരുന്നു എല്‍ ടി ടി ഇയുടെ ആദ്യതലമുറ നേതാക്കളില്‍ പലരും. ടെലൊ, ടുള്‍ഫ് തുടങ്ങിയ തമിഴ് മിലിറ്റന്റ്്  ഗ്രൂപ്പുകള്‍ പലതും റൊയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പോലുമായിരുന്നു. ഇത്തരം സംഘടനയില്‍ നിന്ന് വ്യത്യസ്തമായി എല്‍ ടി ടി ഇയും ഇന്ത്യാസര്‍ക്കാരും തമ്മിലുള്ള ബന്ധം കുറെക്കൂടി വ്യത്യസ്തമായിരുന്നു. ആ സംഘടനയ്ക്കു മുകളില്‍ പൂര്‍ണ്ണമായും ആധിപത്യം ചെലുത്താന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഒരിക്കലും കഴിഞ്ഞില്ല.

എല്‍ ടി ടി ഇ നേതാവ് കുമാരന്‍ പത്മനാഭന്‍ പത്രപ്രവര്‍ത്തകന്‍ വി കെ ശശികുമാറിനു നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണവിഭാഗങ്ങളായ ഐബിയ്ക്കും റൊയ്ക്കും എല്‍ടിടിഇ അടക്കമുള്ള തമിഴ്മിലിറ്റന്റ് ഗ്രൂപ്പുകളുമായുണ്ടായിരുന്ന ബന്ധത്തെ ശരിവെക്കുന്നുണ്ട്. ഇന്ദിരാഗാന്ധി തമിഴ് പ്രശ്‌നത്തില്‍ താല്പര്യമെടുക്കാനുണ്ടായ ശീതയുദ്ധകാലത്തെ ലോകസാഹചര്യത്തെക്കുറിച്ചും അദ്ദേഹം അതേ അഭിമുഖത്തില്‍ സൂചിപ്പിക്കുന്നു. 
രാജീവ്ഗാന്ധി വധത്തിനുശേഷം രൂപീകരിക്കപ്പെട്ട ജെയിന്‍ കമ്മീഷന്‍ റിപോര്‍ട്ടിനെക്കുറിച്ച് ടി എസ് സുബ്രഹ്മണ്യനു നല്‍കിയ അഭിമുഖത്തില്‍ കരുണാനിധിയും എല്‍ ടി ടി ഇയ്ക്ക്  സൈനിക പരിശീലനം നല്‍കിയ ഡല്‍ഹി ആര്‍ കെ പുരത്തേതടക്കം 30 സൈനികകേന്ദ്രങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഏറ്റവും രസകരമായ കാര്യം ജെയിന്‍ കമ്മീഷന്‍ പോലും 1987 ലെ ഇന്ത്യന്‍ സമാധാനപാലന സേനയും എല്‍ ടി ടി ഇയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടം ആരംഭിക്കുന്നതുവരെ എല്‍ ടി ടി ഇയെ സഹായിക്കുന്നത് ദേശവിരുദ്ധ പ്രവര്‍ത്തിയായി കണക്കാക്കിയില്ല എന്നതാണ്. എന്നു മാത്രമല്ല അതിനെ ന്യായീകരിക്കുകയും ചെയ്തിരുന്നു. ഇന്ത്യ ആയുധങ്ങള്‍ കൊടുത്തത് സ്വയംപ്രതിരോധത്തിനാണെന്നായിരുന്നു കമ്മീഷന്റെ വിശദീകരണം. സ്വയംപ്രതിരോധത്തിനാണെങ്കില്‍ പരിചകളാണ് മിസൈലുകളല്ല വേണ്ടതെന്നായിരുന്നു ഇതിനെക്കുറിച്ചുള്ള കരുണാനിധിയുടെ കമന്റ്. ചുരുക്കിപ്പറഞ്ഞാല്‍  ഇന്ത്യ ശീതയുദ്ധകാലം മുതല്‍ തന്നെ ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തില്‍ ഇടപെട്ടിരുന്നുവെന്ന കാര്യം സര്‍ക്കാര്‍ രേഖകളും സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ തന്നെയും സമ്മതിച്ചു തരുന്നുണ്ട്. ഇപ്പോള്‍ ആ ചരിത്രത്തിലേക്കാണ് ഗോഡഭയ രാജപക്‌സെ വിരല്‍ ചൂണ്ടുന്നത്.

ഒപ്പം ഹര്‍ദീപിന്റെ ലേഖനത്തോടുള്ള കൊളംബോയുടെ വിമര്‍ശനങ്ങളും അതിനോടുള്ള ചൈനയുടെ പ്രതികരണവും അന്താരാഷ്ട്രതലത്തില്‍ ഏഷ്യ കേന്ദ്രീകരിച്ചു നടന്നുകൊണ്ടിരിക്കുന്ന മറ്റൊരു ബലതന്ത്രത്തിന്റെ സൂചനയാണ്. ശീതയുദ്ധകാലത്തു നിന്ന് വ്യത്യസ്തമായി ഇന്ത്യയുടെയും ശ്രീലങ്കയുടെയും മുന്‍ഗണനകള്‍ തലകീഴായി മറിഞ്ഞു കഴിഞ്ഞു. അക്കാലത്ത് അമേരിക്കന്‍ പക്ഷത്തു നിലയുറപ്പിച്ചിരുന്ന ശ്രീലങ്ക ഇപ്പോള്‍ റഷ്യന്‍-ചൈനീസ് പക്ഷത്താണ്. ഇന്ത്യയാകട്ടെ തങ്ങളുടെ ചേരിചേരാനയത്തിന്റെ എല്ലാ നാട്യങ്ങളും അഴിച്ചുവെച്ച്  അമേരിക്കയുടെ സൈനികപങ്കാളി പോലുമാണ്. രാഷ്ട്രങ്ങളെ കേന്ദ്രീകരിച്ചുള്ള യു എന്‍ പ്രമേയാവതരണങ്ങളില്‍ പങ്കെടുക്കില്ലെന്ന ചേരിചേരാരാജ്യങ്ങളുടെ മുന്‍നിലപാടുകളെ കാറ്റില്‍ പറത്തിയാണ് ഇന്ത്യ 2012ലെ ശ്രീലങ്കയക്കെതിരെയുള്ള  പ്രമേയത്തിന് അനുകൂല വോട്ട് നല്‍കിയത്. കഴിഞ്ഞ മാര്‍ച്ചില്‍ ജനീവയിലും ഇതാവര്‍ത്തിക്കുകയുണ്ടായി.
യുഎന്‍ പ്രമേയത്തിന്മേലുണ്ടായ കൊളംബോയുടെ തോല്‍വി പോലും ഏഷ്യയിലെ അവരുടെ വിജയമാണെന്നാണ് ഒരു പ്രമുഖ അമേരിക്കന്‍ പത്രം എഴുതിയത്. റഷ്യയെയോ ചൈനയേയോ പോയിട്ട് ഏഷ്യയിലെ തങ്ങളുടെ അയല്‍രാജ്യങ്ങളെപ്പോലും കൂടെ നിര്‍ത്താന്‍ ഇന്ത്യക്കായില്ലെന്നായിരുന്നു പത്രത്തിന്റെ വാദം. ഒരര്‍ത്ഥത്തില്‍ ഹര്‍ദീപ്പുരിയുടെ ലേഖനത്തോടുള്ള കൊളംബോയുടെ ചടുലമായ പ്രതികരണം റഷ്യന്‍- ചൈനീസ് നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഈ ലോബിയിങ്ങിന്റെ ഭാഗമായി വേണം കണക്കാക്കാന്‍. ഏഷ്യ ഒരിക്കല്‍ക്കൂടി വന്‍ശക്തിപോരാട്ടങ്ങളുടെ ഭൂമികയായി മാറാന്‍ തുടങ്ങുകയാണെന്നതാണ് ഇതിന്റെ മറ്റൊരര്‍ത്ഥം. ഇത്തവണ ശത്രുക്കളും മിത്രങ്ങളും പരസ്പരം സ്ഥാനം മാറിയിരിക്കുന്നു എന്നതുമാത്രമാണ് ഏക വ്യത്യാസം.