Thursday, May 16, 2013

ആഗോളമാന്ദ്യവും പശ്ചാത്തലവികസനവും

ലോകബാങ്കിന്റെയും ഐ.എം.എഫിന്റെയും ഏപ്രില്‍ അവസാനം നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത ധനമന്ത്രി പി ചിദംബരം, പശ്ചാത്തലമേഖലയില്‍ ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന രൂക്ഷമായ ധനക്കമ്മിയെക്കുറിച്ചാണു മുഖ്യമായും സംസാരിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, അടുത്ത അഞ്ചുവര്‍ഷത്തേക്ക് ഒരു ലക്ഷം കോടിയായിരിക്കും ഈ മേഖലയിലെ രാജ്യത്തിന്റെ കമ്മി. സമ്മേളനശേഷം മന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയെ പരാമര്‍ശിച്ചുകൊണ്ട് യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും ഇതേ കാര്യം ആവര്‍ത്തിച്ചു. കൂട്ടത്തില്‍, സര്‍ക്കാര്‍ നേരിട്ടുനടത്തുന്ന നിക്ഷേപം മുഴുവന്‍ കണക്കിലെടുത്താലും ആവശ്യത്തിന്റെ പകുതിപോലുമാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വികസനപ്രക്രിയയില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ഏക പോംവഴിയെന്നാണ് മൂണ്‍ ഇന്ത്യയിലെ വികസനവിദഗ്ധര്‍ക്കു നല്‍കുന്ന ഉപദേശം.

2013ലെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ചിദംബരം ഇതേ ദിശയില്‍ ഒട്ടനവധി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. പശ്ചാത്തലമേഖലയില്‍  പണലഭ്യത ഉറപ്പുവരുത്താനായി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെബ്റ്റ് ഫണ്ട്, ടാക്‌സ് ഫ്രീ ബോണ്ട്, സജീവമായ കോര്‍പറേറ്റ് ബോണ്ട് മാര്‍ക്കറ്റ്, വിദേശമൂലധന വരവിന്റെ പരിധി ഉയര്‍ത്തല്‍ തുടങ്ങിയവയായിരുന്നു അവയില്‍ ചിലത്. പ്രൊവിഡന്റ്-ഇന്‍ഷുറന്‍സ്-പെന്‍ഷന്‍ ഫണ്ടുകളുടെ നിക്ഷേപനയങ്ങളില്‍ വിഭാവന ചെയ്തിരിക്കുന്ന കാതലായ മാറ്റമാണു 'നിക്ഷേപസമാഹരണ യജ്ഞ'ത്തിന്റെ പ്രധാന ഭാഗം. അതിനു സഹായകരമായ സമൂര്‍ത്ത ശുപാര്‍ശകളൊന്നും ബജറ്റിലുണ്ടായിരുന്നില്ലെങ്കിലും സമീപഭാവിയില്‍ ഇത്തരം പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്ന് അന്നേ സൂചനയുണ്ടായിരുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ പെന്‍ഷന്‍ ഫണ്ടായ പ്രൊവിഡന്റ് ഫണ്ടില്‍നിന്നു 10,000 കോടി രൂപ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെബ്റ്റ് ഫണ്ടിലേക്ക് തിരിച്ചുവിടാനുള്ള തീരുമാനം ബജറ്റ് അവതരണത്തിനുശേഷമാണു പുറത്തുവന്നത്. എന്നാല്‍ പെന്‍ഷന്‍ ഫണ്ട് ഡവലപ്‌മെന്റ് റഗുലേറ്ററി അതോറിറ്റി ഇത്തരം നിര്‍ദേശങ്ങള്‍ക്ക് എതിരാണെന്നു നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. അതോറിറ്റി ചെയര്‍മാന്‍ യോഗേഷ് അഗര്‍വാള്‍ അതിന്റെ കാരണവും വ്യക്തമാക്കി. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, പെന്‍ഷന്‍ ഫണ്ടുകള്‍ ലോകത്തൊരിടത്തും പശ്ചാത്തലമേഖലപോലുള്ള ദീര്‍ഘകാല നിക്ഷേപരംഗത്ത് ഒരുശതമാനത്തിലധികം മുതല്‍മുടക്കുക പതിവില്ല. എന്നുമാത്രമല്ല, അതൊരു സാഹസവുമാണ്. എച്ച്.ഡി.എഫ്.സി. ബാങ്ക് ചെയര്‍മാന്‍ ദീപക് പരേഖിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതി രണ്ടുവര്‍ഷം മുമ്പ് ഇതേ ശുപാര്‍ശകളുമായി വന്നപ്പോഴായിരുന്നു അതോറിറ്റി  വിയോജിപ്പു പ്രകടിപ്പിച്ചത്. 

2010 മെയില്‍ പ്ലാനിങ് കമ്മീഷനുവേണ്ടി സമര്‍പ്പിച്ച കണ്‍സപ്റ്റ് പേപ്പറിലാണ് പശ്ചാത്തലരംഗത്തെ വിഭവദൗര്‍ലഭ്യം പരിഹരിക്കുന്നതിന്  ഡെബ്റ്റ് ഫണ്ട് രൂപീകരിക്കാന്‍ ആലോചിക്കുന്നത്. നിലവിലുള്ളതും വിഭാവന ചെയ്യപ്പെട്ടതുമായ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ക്കു പണം കണെ്ടത്തുന്നതിനുള്ള പ്രധാന മാര്‍ഗമെന്നാണു റിപോര്‍ട്ട് തയ്യാറാക്കിയ പ്ലാനിങ് ബോര്‍ഡ് ഉപദേശകന്‍ ഗജേന്ദ്ര ഹാല്‍ഡിയ അവകാശപ്പെട്ടത്.  തുടര്‍ന്ന് ഇന്ത്യയിലെ പ്രധാന കോര്‍പറേറ്റുകള്‍, സര്‍ക്കാര്‍ ബോര്‍ഡുകള്‍, ലോകബാങ്ക് പോലുള്ള അന്താരാഷ്ട്ര  ഏജന്‍സികള്‍, മെക്കിന്‍സി പോലുള്ള  മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുകള്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഒരു ഉന്നതതല സമിതിക്കു രൂപംകൊടുത്തു. ആ സമിതിയാണു പരിഷ്‌കാരങ്ങളുടെ രൂപരേഖ തയ്യാറാക്കിയത്. പ്രൊവിഡന്റ് ഫണ്ടിലെ പണം ബോണ്ടുകള്‍ വഴി ഈ മേഖലയിലേക്കു തിരിച്ചുവിടുന്നതിനു ശുപാര്‍ശ ചെയ്തതും ഇതേ സമിതിതന്നെ. കഴിഞ്ഞ ഫെബ്രുവരിയില്‍ എല്‍.ഐ.സി., ബാങ്ക് ഓഫ് ബറോഡ, ഐ.സി.ഐ.സി.ഐ., സിറ്റി ബാങ്ക് തുടങ്ങിയവയുടെ പങ്കാളിത്തത്തോടെ രാജ്യത്തെ ആദ്യ ഡെബ്റ്റ് ഫണ്ട് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

പശ്ചാത്തലമേഖലയിലെ പ്രധാന ധനാഗമനസ്രോതസ്സായി ബാങ്കുകളെയാണ് ആദ്യം മുതല്‍ കണക്കാക്കിയിരുന്നതെങ്കിലും ദീര്‍ഘകാല നിക്ഷേപവുമായി ബാങ്കുകള്‍ക്കു യോജിച്ചുപോവാനാവില്ലെന്നു ബോധ്യമായി. അതോടെയാണു പെന്‍ഷന്‍-ഇന്‍ഷുറന്‍സ് ഫണ്ടുകള്‍ ഉപയോഗപ്പെടുത്താനുള്ള ശ്രമം ആരംഭിക്കുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പെന്‍ഷന്‍ പദ്ധതികളെ പങ്കാളിത്ത പെന്‍ഷന്‍ വഴി പെന്‍ഷന്‍ ഫണ്ടുമായി ബന്ധിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത് ഇതിന്റെ കൂടി ഭാഗമാണ്.

പശ്ചാത്തലമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വദേശ-വിദേശ കമ്പനികള്‍ക്കു ധനസമാഹരണത്തിന് ഉതകുംവിധം സാമ്പത്തികനയങ്ങളിലും നിക്ഷേപ മാനദണ്ഡങ്ങളിലും മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നുവെന്നാണ് മുകളില്‍ ചൂണ്ടിക്കാട്ടിയ വസ്തുതകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, രാജ്യത്തിന്റെ വര്‍ധിച്ചുവരുന്ന പശ്ചാത്തലമേഖലയിലെ ആവശ്യങ്ങളുടെ പേരില്‍ എല്ലാ പരിഷ്‌കാരങ്ങളും ന്യായീകരിക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍, ഈ നയസമീപനങ്ങള്‍ ആഗോള സമ്പദ്ഘടനയില്‍ അത്ര ലളിതവും നിഷ്‌കളങ്കവുമായ പങ്കല്ല വഹിച്ചുകൊണ്ടിരിക്കുന്നത്. അതു ബോധ്യമാവണമെങ്കില്‍ ആഗോള സമ്പദ്ഘടനയുടെ നടത്തിപ്പില്‍ മൂന്നാംലോകരാജ്യങ്ങള്‍ വഹിക്കുന്ന പങ്ക് പരിശോധിക്കേണ്ടിയിരിക്കുന്നു.

ആഗോളമാന്ദ്യവും അതിന്റെ ഭാഗമായ യൂറോസോണ്‍ പ്രതിസന്ധിയും വികസിതരാഷ്ട്രങ്ങളുടെ സമ്പദ്ഘടനയില്‍ വമ്പിച്ച ആഘാതമാണ് ഉണ്ടാക്കിയത്. ലോകബാങ്കിനുവേണ്ടി 2010ല്‍ ജസ്റ്റിന്‍ യിഫു ലിന്‍, ഡോര്‍ടി ഡൊമെലാന്റ് എന്നിവര്‍ ചേര്‍ന്നു തയ്യാറാക്കിയ പഠനം മാന്ദ്യത്തിന്റെ ആഴം പുറത്തുകൊണ്ടുവരുന്നുണ്ട്. അതനുസരിച്ച് പശ്ചാത്തലമേഖലയിലെ പുതിയ നിക്ഷേപങ്ങള്‍ കൊണ്ടു മാത്രമേ യൂറോപ്പിലെയും അമേരിക്കയിലെയും രൂക്ഷമായ പൊതുകട പ്രതിസന്ധിയും മാന്ദ്യവും മറികടക്കാനാവൂ.

സ്വന്തം രാജ്യത്തെ പശ്ചാത്തലമേഖലയിലെ വര്‍ധിച്ച നിക്ഷേപത്തിലൂടെ വ്യാവസായികമാന്ദ്യം പരിഹരിക്കാമെങ്കിലും മികച്ച പശ്ചാത്തലസൗകര്യങ്ങള്‍ നിലനില്‍ക്കുന്ന വികസിതരാജ്യങ്ങളില്‍ ഇതിനുള്ള സാധ്യത തുലോം കുറവാണെന്നാണു പഠനം സൂചിപ്പിക്കുന്നത്. 150ലേറെ വര്‍ഷം മുമ്പ് സ്ഥാപിച്ച ലണ്ടനിലെ 20% ജലസേചന പൈപ്പുകളും അമേരിക്കയിലെ 40 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കല്‍ക്കരി പവര്‍‌സ്റ്റേഷനുകളും പുതുക്കിക്കൊണ്ട് മാന്ദ്യം പരിഹരിക്കാനുള്ള ശ്രമം നടത്താമെങ്കിലും ലോകത്തിന്റെ വികസനയന്ത്രമാവാനുള്ള കഴിവ് ഇതിനില്ലെന്നാണു വിലയിരുത്തല്‍. എന്നാല്‍, അതു പരിഹരിക്കാനുള്ള ചില മാര്‍ഗങ്ങള്‍ അവര്‍ കണെ്ടത്തിയിട്ടുണ്ട്. അവരുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍, ഇന്ത്യയടക്കമുള്ള വികസ്വരരാഷ്ട്രങ്ങളുടെ പശ്ചാത്തലമേഖലയിലെ ആവശ്യങ്ങള്‍ വളരെ വലുതാണ്. ഒപ്പം അവയുടെ അഭാവം വികസനത്തിനു തടസ്സവുമാണ്. പശ്ചാത്തലപദ്ധതികള്‍ക്കു നിരവധി യന്ത്രസാമഗ്രികള്‍ ആവശ്യമായതിനാല്‍ മേഖലയിലെ വികാസം വ്യാവസായികരംഗത്ത് ഉണര്‍വിനു കാരണമാവും. ഇത്തരം ചരക്കുകള്‍ വികസിതരാജ്യങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്നത് ആയതുകൊണ്ട് അത് ആ രാജ്യങ്ങളിലും സാമ്പത്തിക ഉണര്‍വ് സൃഷ്ടിക്കും. അതിലൂടെ ആഗോള സാമ്പത്തികമാന്ദ്യത്തിനു തടയിടാനും കഴിയും.

സര്‍ക്കാര്‍ ചെലവു വര്‍ധിപ്പിച്ചുകൊണ്ട് രാജ്യത്തു വികസനം സൃഷ്ടിക്കുന്ന ഈ പദ്ധതി 'ഒരു കുഴി കുഴിച്ച് ആ കുഴി' മൂടുന്ന കെയ്‌നീഷ്യന്‍ പദ്ധതിയുടെ ആവര്‍ത്തനമാണെന്നു ചിലര്‍ ആരോപണമുന്നയിക്കുന്നുണെ്ടങ്കിലും ലോകബാങ്ക് ആ വാദത്തെ മുഖവിലയ്‌ക്കെടുത്തിട്ടില്ല. സര്‍ക്കാര്‍ ചെലവു കൂട്ടി ഹ്രസ്വകാല ചോദനവര്‍ധനയിലൂടെ മാന്ദ്യത്തിനു തടയിടുന്ന പഴയ കെയ്‌നീഷ്യന്‍ പദ്ധതിയില്‍നിന്ന് തുലോം വ്യത്യസ്തമാണത്രേ പുതിയ പദ്ധതി. കെയ്ന്‍സ് രാജ്യത്തിന്റെ ആഭ്യന്തരവിപണി ലക്ഷ്യംവയ്ക്കുമ്പോള്‍ പുതിയ പദ്ധതി ആഗോളതലത്തിലുള്ള നിക്ഷേപനീക്കമാണു ലക്ഷ്യമിടുന്നത്. മാത്രമല്ല, കെയ്‌നീഷ്യന്‍ പദ്ധതി സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കുമ്പോള്‍ പുതിയ പദ്ധതി സ്വകാര്യമേഖലയ്ക്ക് ആകര്‍ഷകമാവുന്ന രീതിയില്‍ നിലവിലുള്ള സാഹചര്യത്തെ ഉപയോഗപ്പെടുത്തുകയാണു ചെയ്യുന്നതെന്നും ബാങ്ക് വിശദീകരിക്കുന്നു.

ഇന്ത്യന്‍ സാഹചര്യത്തിലേക്ക് അതു പരിഭാഷപ്പെടുത്തുകയാണെങ്കില്‍ കൂടുതല്‍ കൂടുതല്‍ ബി.ഒ.ടി. പോലുള്ള പൊതു-സ്വകാര്യ പദ്ധതികളും ആ പദ്ധതികള്‍ക്ക് ആവശ്യമായ പണം സ്വദേശ/വിദേശ കുത്തകകള്‍ക്ക് രാജ്യത്തിനകത്തുനിന്നുതന്നെ സമാഹരിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുമെന്നുമാണ് അര്‍ഥമാക്കുന്നത്. അന്യംനിന്നുപോയ ദിനോസറുകളുടെ അസ്ഥിപഞ്ജരങ്ങള്‍ പോലെ, ഉപയോഗശൂന്യമായ നിര്‍മാണങ്ങള്‍കൊണ്ട് നമ്മുടെ രാജ്യം ഒരു ശവപ്പറമ്പുപോലെ ആവുന്ന കാലം അത്രയൊന്നും വിദൂരമല്ല. അതാവട്ടെ, നമ്മുടെ ബാധ്യതയില്‍പ്പെടാത്ത ഏതാനും സമ്പന്നരാജ്യങ്ങളുടെ മാന്ദ്യം പരിഹരിക്കാന്‍ വേണ്ടിയാണെന്നതാണു സങ്കടകരം.