Monday, March 30, 2015

ഇടിയന്‍പോലിസിന്റെ തലച്ചോറുള്ള ബുദ്ധിജീവികള്‍

മാവോയിസവും  മാവോയിസ്റ്റ് വ്യവഹാരങ്ങളും ------------------------------------------------------------

ബഷീര്‍ ദ മാന്‍ എന്ന പേരില്‍ എം എ റഹ്മാന്റെ ഒരു ഡോക്യുമെന്ററിയുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൗതികവും ആന്തരികവുമായ ജീവിതം മനോഹരമായി അവതരിപ്പിക്കുന്ന ചിത്രം. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ആ ചിത്രം കാണാനിടയായി. അതിലൂടെ അലസമായി കടന്നുപോകവേ ബഷീറിന്റെ ഒരു വാചകം വല്ലാതെ ആകര്‍ഷിച്ചു. തന്നെ കമ്യൂണിസ്റ്റായി 'ബ്രാന്റ്' ചെയ്ത കാലത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയാണ്. കുറേ നാളുകളായി കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ്  
തീവ്രവാദ ആരോപണം ചുമത്തി   La Cause du Peuplesâ യുടെ
എഡിറ്റര്‍മാരെ അറസ്റ്റു ചെയ്തതില്‍  പ്രതിഷേധിച്ച്  എഡിറ്റര്‍സ്ഥാനം  ഏറ്റെടുത്ത സാര്‍ത്  പാരീസില്‍ പത്രം വിതരണം ചെയ്യുന്നു

ബഷീറിന്റെ  സംഭാഷണം ശ്രദ്ധേയമായി തോന്നിയത്. തൃശൂര്‍ കല്യാണ്‍ സില്‍ക്കിലെ സമരം നടക്കുന്നതിനിടയില്‍ മാവോയിസ്‌റ്റെന്ന് 'ആരോപിക്കപ്പെടുന്ന'വരെ സമരത്തില്‍ നിന്ന് മാറ്റി നര്‍ത്തണമെന്ന് എഴുത്തുകാരി സാറാ ജോസഫ് നിര്‍ദ്ദേശിച്ചുവെന്ന വാര്‍ത്ത പരന്നിരുന്നു. അത് കെട്ടുകഥയാണെന്ന വാദവും കേട്ടിരുന്നു. അതേക്കുറിച്ചുള്ള  സംശയം മാറ്റിവെച്ചാലും ഈ ചര്‍ച്ച കേരളത്തില്‍ സജീവമാണ്. അതിനെ രാഷ്ട്രീയമായി പരിശോധിക്കാനുള്ള ശ്രമമാണ് ഈ കുറിപ്പ്.


മാവോയിസ്റ്റ് ആരോപിതര്‍


'മാവോയിസ്റ്റ്' എന്ന ഒറ്റ പദം കൊണ്ട് ഒരു പറ്റം മനുഷ്യരെ വിശേഷിപ്പിക്കുന്നതാണ് നടപ്പുരീതി. അടിച്ചമര്‍ത്താനുദ്ദേശിക്കുന്ന ഏതിനോടും അധികാരം ഈ ലളിതവല്‍ക്കരണതന്ത്രം ഉപയോഗിക്കാറുണ്ട്. സൂക്ഷ്മമായി പരിശോധിച്ചാല്‍ മാവോയിസ്റ്റുകളെന്ന് വ്യവഹരിക്കപ്പെടുന്നവരില്‍ മൂന്നു വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു. മാവോയിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍, മാവോയിസ്റ്റ് അനുകൂല സംഘടനാ പ്രവര്‍ത്തകര്‍, മാവോയിസ്റ്റു പ്രശ്‌നത്തില്‍ ഇടപെടുന്നതിലൂടെ മാവോയിസ്റ്റ് ബന്ധം 'ആരോപിക്ക'പ്പെടുന്നവര്‍. ഇതില്‍ മാവോയിസ്റ്റുകള്‍ നമ്മുടെ ചര്‍ച്ചയുടെ ഭാഗമല്ല. കാരണം സര്‍ക്കാരുമായി യുദ്ധംപ്രഖ്യാപിച്ച ഇവര്‍ തന്ത്രപ്രധാനമായ
ബഷീര്‍ ദ മാന്‍

പ്രവര്‍ത്തനമേഖലകളിലാണ് സജീവമാകാറുള്ളത്. മാവോയിസ്റ്റ് അനുകൂല സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരും വ്യത്യസ്തരല്ല. മാവോയിസവുമായി ബന്ധപ്പെട്ട ആശയപ്രചരണമാണ് ഇവരുടെ മുഖ്യ ജോലി. ഇവരെയും ഒഴിവാക്കിയാല്‍ അവശേഷിക്കുന്ന മൂന്നാമത്തെ വിഭാഗമാണ് അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നത്.
സൂക്ഷമമായി പരിശോധിച്ചാല്‍ മാവോയിസ്റ്റ്മുദ്ര ചാര്‍ത്തപ്പെടുന്നവരിലും പല തരക്കാരുണ്ട്. മാവോയിസ്റ്റ് കേസുകളിലും മറ്റും അറസ്റ്റിലാവുന്നവര്‍ക്ക് നിയമസഹായം കൊടുക്കുന്നവര്‍, മാവോയിസ്റ്റ് വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നവര്‍, മാവോയിസ്റ്റുകളോടുള്ള ഭരണകൂടഇടപെടല്‍ നിയമപരമായിരിക്കണമെന്ന് ശഠിക്കുന്നവര്‍, പൗരാവകാശപ്രവര്‍ത്തകര്‍, വിമതസ്വരമുയര്‍ത്തുന്നവര്‍, ചിലപ്പോള്‍ ഇടത് ലിബറലുകളും. പൊതുബോധവുമായി ഇടയുന്ന ഏതു പ്രതിഭാസവും മാവോയിസ്റ്റ്മുദ്രയുടെ ഭാഗമായേക്കാം. 'ബോബ് മാര്‍ലി ടി ഷര്‍്ട്ട്, കുരിശ്, കഞ്ചാവിലയുടെ ചിത്രം, അലസമായ വസ്ത്രം, തൊപ്പി, ലാപ്‌ടോപ്പ്, മൊബൈല്‍ഫോണ്‍, 'പുറത്തു'നിന്നുവന്നവര്‍...  ഇവയൊക്കെ സമീപകാലത്ത് മാവോയിസ്റ്റ് ചിഹ്നസംഹിതയിലേക്ക് ചേര്‍ക്കപ്പെട്ട ബിംബങ്ങളാണ്. കഴിഞ്ഞ ദിവസം വന്ന പത്രവാര്‍ത്തയനുസരിച്ച് മുസ്ലിംസംഘടനകളും മാവോയിസ്റ്റുകളും പരസ്പരാശ്രിതരാണ്. ഈ രംഗത്തെ ഏറ്റവും പുതിയ രൂപകവും ഇതത്രെ.
തുഷാര്‍ നിര്‍മല്‍ സാരഥി
പോലിസ് കസ്റ്റഡിയില്‍

 മാവോയിസ്റ്റ് മുദ്ര ചുമത്തപ്പെട്ടവര്‍ ഏറെക്കുറെ മുകളില്‍ കൊടുത്ത ഏതെങ്കിലും വിഭാഗത്തില്‍ ഉള്‍പ്പെടും. പുതിയ ഇമേജറികള്‍ കാലക്രമത്തില്‍ രൂപം കൊള്ളാനും സാധ്യതയുണ്ട്. ഇത്തരം ബിംബകല്‍പനകളിലൂടെയാണ് അധികാരം അപരവല്‍ക്കരണത്തിന്റെ സങ്കീര്‍ണതലം സൃഷ്ടിക്കുന്നത്. അതിലേക്ക് കടക്കും മുന്‍പ് അപരവരല്‍ക്കരണവും അധികാരവും എന്ന പ്രമേയം ഇന്ത്യന്‍ സാഹചര്യത്തില്‍ പരിശോധിക്കേണ്ടതുണ്ട്.

അപരവല്‍ക്കരണവും അധികാരവും


എല്ലാ സാമൂഹികനിര്‍മിതികളിലും അപരവല്‍ക്കരണം പൊതുപ്രവണതയാണ്. ദേശീയതാസങ്കല്‍പങ്ങളില്‍പോലും ഇതു പ്രവൃത്തിക്കുന്നു. അതേസമയം അപരങ്ങള്‍ ഒരു സ്ഥിരരാശിയല്ല, രാഷ്ട്രീയസാമൂഹിക ചലനങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെടുന്നു. ഒരേസമയം നിരവധി അപരങ്ങളുമുണ്ടാകാം. ഭരണകൂടത്തിന്റെയും അധികാരത്തിന്റെയും വ്യവഹാരങ്ങളിലും അപരങ്ങള്‍ നിതാന്ത സാന്നിദ്ധ്യമാണ്. ഇന്ത്യയുടെ വിശാലമായ ചരിത്രത്തില്‍ അധികാരം വ്യത്യസ്ത അപരങ്ങളെ ആവശ്യാനുസരണം നിര്‍മിച്ചിട്ടുണ്ട്. സ്വാതന്ത്ര്യപൂര്‍വ്വകാലത്ത് കോണ്‍ഗ്രസ് ഒരു അപരവ്യവഹാരമായിരുന്നു. എന്നാല്‍ സ്ഥലകാലങ്ങളില്‍ ഇത് ഏകതാനതയോടെ പ്രവര്‍ത്തിക്കണമെന്നില്ല. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ പ്രവിശ്യാനിയമസഭകളിലെ അധികാരത്തിന്റെ ഭാഗമാകുന്നതോടെ കോണ്‍ഗ്രസിന് ചിലയിടങ്ങളിലെങ്കിലും ഇതില്‍ നിന്ന് തെന്നിമാറാനായിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം അധികാരത്തിലെത്തിയ ഇവര്‍ പിന്നീട് അപരനിര്‍മിതിയുടെ കര്‍തൃസ്ഥാനത്തെത്തിച്ചേര്‍ന്നു. സ്വാതന്ത്ര്യത്തിന്റെ തൊട്ടു മുന്‍പും ശേഷവുമുള്ള കുറേ കാലം ഈ നുകം കമ്യൂണിസ്റ്റുകളുടെ ചുമലിലായിരുന്നു. വ്യത്യസ്ത ചിന്തകള്‍ പുലര്‍ത്തുന്നവര്‍ക്ക് ഇക്കാലത്ത് ഭരണകൂടം കമ്യൂണിസ്റ്റ്മുദ്ര ചാര്‍ത്തിപ്പോന്നു. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലെ  വിശ്വാസിയായിരുന്ന ഒരാളെപ്പോലും അത് വെറുതെവിട്ടില്ല.
അടുത്ത ഊഴം നക്‌സലൈറ്റുകളുടേതായിരുന്നു. സ്വാതന്ത്ര്യാനന്തം വ്യാപകമായ നിരാശയും അതൃപ്തിയും സമൂഹത്തെ ഇളക്കിമറിച്ചിരുന്ന കാലത്താണ് നക്‌സലൈറ്റുകളുടെ വളര്‍ച്ച. ഈ അപരവര്‍ക്കരണപ്രക്രിയയില്‍ നക്‌സലൈറ്റുകളും അല്ലാത്തവരുമായ ആയിരങ്ങള്‍  ബലിയര്‍പ്പിക്കപ്പെട്ടു. നക്‌സലൈറ്റ് രാഷ്ട്രീയവ്യവഹാരത്തിന്റെ പിന്തുടര്‍ച്ചക്കാരാണെങ്കിലും മാവോയിസ്റ്റുകള്‍ അപരവ്യവഹാരമായിട്ട് അധികമായില്ല. എം.സി.സിയും നക്‌സല്‍ബാരിയും പോലുള്ള മാവോയിസ്റ്റ് പാര്‍ട്ടികള്‍ നേരത്തേ ഉണ്ടായിരുന്നെങ്കിലും 2004ല്‍ സിപിഐ മാവോയിസ്റ്റിന്റെ രൂപീകരണത്തോടെയാണ് ഇത് സജീവമാകുന്നത്. ഇതിന്റെ ഏറ്റവും പ്രശസ്തനായ ഇര ഒരുപക്ഷേ, ഡോ. ബിനായക്‌സെന്‍ ആയിരിക്കും.

മാവോയിസ്റ്റ് വ്യവഹാരവും കേരളവും

മാവോയിസം ഒരു അപരവ്യവപാഹമായി കേരളത്തില്‍ വേരുപിടിക്കുന്നത് അന്യസംസ്ഥാനതൊഴിലാളികളുമായി ബന്ധപ്പെട്ടാണ്. 2000 മുതല്‍ തന്നെ ആലുവ-പെരുമ്പാവൂര്‍ മേഖലയില്‍ അന്യസംസ്ഥാനതൊഴിലാളികള്‍ സജീവമായിരുന്നു. അവിടത്തെ ഇഷ്ടികക്കളങ്ങളും പ്ലൈവുഡ് ഫാക്ടികളുമായിരുന്നു ഇവരുടെ കേന്ദ്രം. ഇതേ മേഖല അതിനു മുന്‍പ് തമിഴരുടെ
അന്യസംസ്ഥാന തൊഴിലാളികള്‍
കുടിയേറ്റമേഖലയായിരുന്നു. കുടുംബവുമായി കുടിയേറിയ ഇവരെ നാട്ടുകാര്‍ 'അണ്ണാച്ചി'കളാക്കി അകറ്റിനിര്‍ത്തി. ആലുവ-ഏലൂര്‍ പ്രദേശത്ത് ഇവരുടെ കോളനികള്‍ ഇപ്പോഴുമുണ്ട്. അടുത്ത ഊഴം ഉത്തരേന്ത്യക്കാരുടേതായിരുന്നു. ബംഗാള്‍, ബീഹാര്‍, ഒറീസ, യുപി എന്നിവിടങ്ങളില്‍ നിന്നുള്ള ഇവര്‍, തമിഴരില്‍ നിന്ന് വ്യത്യസ്തമായി കുടുംബസമേതമായിരുന്നില്ല വന്നത്. ബംഗ്ലാദേശി അനധികൃത  കുടിയേറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇക്കാലത്ത് സജീവമായി. അതുപക്ഷേ, നീണ്ടുനിന്നില്ല. അതിനിടയിലാണ് മാവോയിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ സജീവമായത്. 2008 ആവുമ്പോഴേക്കും അന്യസംസ്ഥാനതൊഴിലാളികളും മാവോയിസ്റ്റുകളും ഉള്‍പ്പെടുന്ന പുതിയൊരു ചിഹ്നവ്യവസ്ഥ രുപം കൊണ്ടു.
അന്യസംസ്ഥാനതൊഴിലാളികളിലൂടെ മാവോയിസ്റ്റുകള്‍ നുഴഞ്ഞു കയറുന്നുവെന്നായിരുന്നു പ്രചരണം. ബംഗാളി സംസാരിക്കുന്ന പലരും മാവോയിസ്‌റ്റെന്ന പേരില്‍ അക്കാലത്ത് അറസ്റ്റു ചെയ്യപ്പെട്ടു. പെരുമ്പാവൂര്‍, മുവാറ്റുപുഴ മേഖലകളില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ റെയ്ഡുകള്‍ വ്യാപകമായി. കുടിയേറ്റക്കാര്‍ പോലിസ്‌സ്‌റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന പ്രാദേശികമായ നിര്‍ദ്ദേശം പോലും ഇക്കാലത്തുണ്ടായി. ഇതിനിടയില്‍ മാവോയിസ്റ്റ് നേതാവ് മല്ലരാജറെഡി അങ്കമാലിയില്‍ അറസ്റ്റിലായി. അന്യസംസ്ഥാനതൊഴിലാളികളുമായി ബന്ധപ്പെട്ട മാവോയിസ്റ്റ് അപരവ്യവഹാരങ്ങള്‍ ഇതോടെ വര്‍ധിച്ചുവെങ്കിലും താമസിയാതെ അതും ശോഷിച്ചു.
മാവോയിസ്റ്റ് നേതാവ് മല്ലരാജറെഡി
പക്ഷേ, ഈ അപരത്തിന്റെ മറ്റൊരു ആവര്‍ത്തനം പിന്നീട് മറ്റൊരു രൂപത്തില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. കാതിക്കുടം നീറ്റാ ജലാറ്റിന്‍ സമരകാലത്തായിരുന്നു അത്. സമരത്തില്‍ പുറത്തുനിന്നു ചിലര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന പ്രസ്താവനയോടെ ടി.എന്‍. പ്രതാപനാണ് അതിനു തുടക്കമിട്ടത്. പോലിസും പത്രങ്ങളും മാവോയിസ്റ്റ് സാന്നിദ്ധ്യത്തിന്റെ കഥകളുമായി അതിനെ മോടിപിടിപ്പിച്ചു. കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പ്രതാപന്‍തന്നെ പുറത്തുനിന്നു വന്നതാണെന്നത് അദ്ദേഹത്തെ ആരോപണമുയര്‍ത്തുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചില്ല. 'കേരളം കാതികൂടമാണ്' എന്ന ലോജിക്കിലൂടെയാണ് സമരക്കാര്‍ ഇത് മറികടക്കാന്‍ ശ്രമിച്ചത്. അന്യസംസ്ഥാനതൊഴിലാളികളുടെ കാര്യത്തില്‍ മലയാളി / മലയാളിയല്ലാത്ത എന്നായിരുന്നുവെങ്കില്‍ കാതികുടത്ത് നാട്ടുകാരന്‍/ വരത്തന്‍ എന്നായി അത് പരിവര്‍ത്തിക്കപ്പെട്ടു.

അപരവല്‍ക്കരണത്തിന്റെ രാഷ്ട്രീയതന്ത്രങ്ങള്‍

 അപരവല്‍ക്കരിക്കപ്പെട്ട പ്രതിഭാസം നിരവധി കൊളുത്തുകളുളള ഒരു ഹാങ്ങര്‍ പോലെയാണ്. എന്തും അതില്‍ തൂക്കിയിടാം. അതേസമയം അപരവും അപരവല്‍ക്കരിക്കപ്പെട്ട പ്രസ്ഥാനവും രണ്ടും രണ്ടാണ്. അതായത് കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയും കോണ്‍ഗ്രസ് എന്ന അപരവും ഒന്നല്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയും കമ്യൂണിസ്റ്റ് അപരവും രണ്ടു പ്രതിഭാസങ്ങളാണ്. നക്‌സലൈറ്റ് മാവോയിസ്റ്റ് പ്രതിഭാസങ്ങളും വ്യത്യസ്തമല്ല. തികച്ചും സ്വതന്ത്രമായ രൂപത്തില്‍ അപരം
ജെയ്‌സന്‍ കൂപ്പര്‍
പൊതുബോധത്തിനുള്ളില്‍ പടര്‍ന്നു പന്തലിക്കുകയാണ് ചെയ്യുന്നത്. അധികാരവും പോലിസ് സംവിധാനങ്ങളും  അപരവല്‍ക്കരിക്കപ്പെട്ട പ്രസ്ഥാനത്തെ, ആശയത്തെ, പിശാചുവല്‍ക്കരിക്കുന്നതാണ് ആദ്യ ഘട്ടം. യുക്തിരഹിതമായ ഒരുകൂട്ടം മനുഷ്യരുടെ ചെയ്തിയായി ഇവ വ്യവഹരിക്കപ്പെടുന്നു. ഈ ഘട്ടത്തില്‍ ഇത്തരം  പ്രസ്ഥാനങ്ങള്‍ സ്വയം രാഷ്ട്രീയസ്വത്വമെന്ന നിലയില്‍ വിശേഷിപ്പിക്കപ്പെടുന്നതിനു വേണ്ടിയായിരിക്കും ശ്രമിക്കുക.  ഇത്തരം ഇടപെടലുകളാല്‍ സമൃദ്ധമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം. അക്കാലത്ത് കമ്യൂണിസ്റ്റുകളും ഭഗത്സിങ്പാതക്കാരും 'ഗൂഢാലോചനക്കാര്‍', 'അപകടകാരികള്‍' എന്നൊക്കെയാണ് വിശേഷിക്കപ്പെട്ടിരുന്നത്.  കോണ്‍ഗ്രസുകാരുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല. പിശാചുവല്‍ക്കരണത്തിന്റെ ഈ ഘട്ടം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പിന്നീട് ഇതുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ പലതും ഇതിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുന്നു. മാവോയിസ്‌ററ് അപരവ്യവഹാരങ്ങളുടെ ചരിത്രത്തിലും ഈ പ്രവണതകള്‍ കാണാം. ബോബ് മാര്‍ലിയും കഞ്ചാവും മുഷിഞ്ഞ വസ്ത്രവും ഒക്കെ ഇങ്ങനെ കൂട്ടിച്ചേര്‍ക്കപ്പെട്ട ചിഹ്നങ്ങളാണ്. തൊപ്പിയും താടിയും മുസ്ലിംതീവ്രവാദത്തിന്റെ
ചിഹ്നമാകുന്നതുപോലെത്തന്നെയാണ് ഇതും.
തങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാകാത്ത എന്തിനേയും ഈ ചിഹ്നാവലിയിലേക്ക് കൂട്ടിച്ചേര്‍ത്തുകൊണ്ട് അപവവ്യവഹാരം അതിന്റെ ഏറ്റവും അപകടം നിറഞ്ഞ ഇടങ്ങളിലെത്തിച്ചേരുന്നത് അടുത്ത ഘട്ടത്തിലാണ്. മാവോയിസ്റ്റു പാര്‍ട്ടിയുമായി ഇത്തരത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നവയ്ക്ക് എന്തെങ്കിലും ബന്ധം വേണമെന്ന നിര്‍ബന്ധമൊന്നുമില്ല. ഉദാഹരണം ചുംബനസമരം തന്നെ. അമ്പതില്‍ താഴെ ആളുകള്‍ മാത്രം പങ്കെടുത്ത ചുംബനസമരത്തെ മാവോയിസ്റ്റ് സമരമാക്കി പോലിസ് പരിവര്‍ത്തിക്കുകയായിരുന്നു. അതേസമയം പോലിസിനെക്കൂടാതെ ഈ അപരവല്‍ക്കരണത്തില്‍ മറ്റു ചിലരും പങ്കുവഹിക്കുകയുണ്ടായി. അപരവല്‍ക്കരണത്തിന്റെ ഭീഷണമായ മറ്റൊരു മുഖമാണ് അത്.


അപരവല്‍ക്കരണത്തിന്റെ ഇരട്ടമുഖം

അപരവല്‍ക്കരണം ഇരട്ടമുഖമുള്ള ഒരു പ്രതിഭാസമാണ്. ഒരു ഭാഗത്ത് അധികാരം അപരങ്ങളെ സൃഷ്ടിക്കുന്നു. പക്ഷേ, അത് ആ പ്രതിഭാസത്തിന്റെ വളര്‍ച്ചയില്‍ പാതി മാത്രമേ ആകുന്നുള്ളൂ. ബാക്കി പാതി പൊതുമണ്ഡലത്തിലാണ് പൂര്‍ത്തിയാകുന്നത്. ഈ പൂര്‍ത്തിയാക്കലില്‍ മാവോയിസ്റ്റ് ഇതര പ്രസ്ഥാനങ്ങളും ബുദ്ധിജീവികളും മാധ്യമങ്ങളും എന്തിന് ചിലപ്പോള്‍ മാവോയിസ്റ്റ് അനുഭാവികള്‍ പോലും പങ്കുവഹിക്കുന്നു.
 ഭരണകൂടം ഒരാള്‍ക്കെതിരെ മാവോയിസ്റ്റ് മുദ്ര ചാര്‍ത്തുന്നുവെന്ന് സങ്കല്‍പിക്കുക. ഈ പ്രശ്‌നത്തെ സാമൂഹ്യപ്രവര്‍ത്തകര്‍ എങ്ങനെയായിരിക്കും സമീപിക്കുക? 'മാവോയിസ്റ്റെന്ന'് ആരോപിച്ച് ഒരാളെ പീഢിപ്പിക്കരുതെന്ന് അവര്‍ ആവശ്യപ്പെടും. ഇതുപക്ഷേ, പുതിയ ഒരു വ്യവഹാരത്തിന് രൂപം നല്‍കുന്നു. 'മാവോയിസ്റ്റായ' ഒരാളെ ഭരണഘടനാവിരുദ്ധമായി പീഢിപ്പിക്കാനുള്ള അവകാശം നല്‍കിക്കൊണ്ട് പൊതുസമൂഹം നല്‍കുന്ന ബ്ലാങ്ക്‌ചെക്കാണ് അത്. അതായത് ഒരാളുടെ ഭരണഘടനാപരമായ അവകാശധ്വംസനത്തിനെതിരെയുള്ള വിമര്‍ശനം മറ്റൊരാളോടുള്ള അനീതിയായി മാറുന്നു. മാവോയിസ്റ്റു പ്രശ്‌നവുമായി അപരവല്‍ക്കരിക്കുന്നവരില്‍ പലരും ഇവരുമായി പുലബന്ധം പോലുമില്ലാത്ത സാഹചര്യത്തില്‍ ഈ അപരവല്‍ക്കരണ പ്രക്രിയ അതിന്റെ അറ്റത്തോളമെത്തുന്നു.
ഷഫീക്കിന്റെ പോസ്‌ററില്‍ നിന്ന്‌
'കേരളത്തിലെ സമരഭൂമി'കളെക്കുറിച്ചുള്ള ഗവേഷണത്തിനായി മേപ്പാടി-വിത്തുകാട് ഭൂസമര കേന്ദ്രത്തിലെത്തിയ ഏതാനും പേരുടെ അനുഭവം നോക്കുക.  ഇവരെ 2013 ജൂണില്‍ 'മാവോയിസ്റ്റ് സംശയ 'ത്തിന്റെ പേരില്‍ പോലിസ് അറസ്റ്റു ചെയ്യുകയായിരുന്നു. അതിനോട് പൊതുസമൂഹവുംമനുഷ്യാവകാശപ്രവര്‍ത്തകരും  എടുത്ത നിഷേധാത്മക സമീപനത്തോട് അവരിലൊരാളായ ഷഫീക് എച്ച് തന്റെ  ഫേസ്ബുക്ക്‌പേജില്‍ രോഷത്തോടെ പ്രതികരിച്ചതിങ്ങനെ: 'ഈ മനുഷ്യാവകാശ പ്രവര്‍ത്തകരൊക്കെ കഴിഞ്ഞ ഒരാഴ്ചയായി പത്രപാരായണം ഇല്ലത്രേ..' തുടര്‍ന്ന് അദ്ദേഹം എഴുതി: 'മാ…' എന്ന അക്ഷരം ചേര്‍ത്തു പോലിസ് പറയാന്‍ തുടങ്ങിയാല്‍ മനുഷ്യാവകാശത്തിന്റെ ഗിരിപ്രഭാഷണങ്ങള്‍ നടത്തുന്ന നമ്മുടെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഞങ്ങള്‍ അഞ്ചുപേര്‍ രണ്ടു ദിവസം പോലിസ് കസ്റ്റഡിയില്‍ ആയിരുന്നിട്ടും അതിനു ശേഷവും ഒന്നും ശബ്ദിച്ചുകണ്ടില്ല. ഞങ്ങള്‍ അങ്ങോട്ടു വിളിച്ചു ചോദിച്ചപ്പോള്‍ എല്ലാര്‍ക്കും ഒരേ ഉത്തരം: പേപ്പര്‍ വായിച്ചില്ല, അറിഞ്ഞില്ല.'' മാവോയിസ്റ്റു പാര്‍ട്ടിയുമായി ബന്ധമില്ലാത്തവരാണിവിടെ അപരവ്യവഹാരങ്ങളുടെ ഭാഗമായി തടവറയ്ക്കുള്ളിലായത്.
ഭരണഘടനയെ കാറ്റില്‍ പറത്തുന്ന ഒരു വിഭാഗത്തിന് ഭരണഘടനാപരമായ അവകാശങ്ങളുണ്ടോ എന്നും മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യമല്ലേ ഇതിനൊക്കെ കാരണമെന്നുമുള്ള രണ്ടു ചോദ്യങ്ങളാണ് ഇതിനോടുള്ള പ്രതികരണമായി പലരും ഉയര്‍ത്തുക പതിവ്. ഇതില്‍ ആദ്യ ചോദ്യം ഭരണഘടനാനിഷേധമാണ്. കാരണം ഭരണകൂടത്തിന്, പൗരനു മേല്‍ അധികാരം ലഭിക്കുന്നത് ഭരണഘടനാപരമായിട്ടാണ്. ആ ഭരണഘടനയെ നിഷേധിക്കുന്നതോടെ അധികാരശക്തിയ്ക്ക് ആദ്യം നഷ്ടപ്പെടുന്നത് മറ്റൊരാളെ വിധിക്കാനുള്ള അവകാശമാണ്. മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യമാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന നിഗമനവും ഇതുപോലെത്തന്നെ. അപരവ്യവഹാരം അധികാരത്തിന്റെ ബലതന്ത്രമാണ്. പ്രവര്‍ത്തനരീതിയുമാണ്. ഇതല്ലെങ്കില്‍ മറ്റൊരു അപരത്തെ അത് ഉടന്‍ സങ്കല്‍പിച്ചെടുക്കും.

ആരോപണവ്യവസായവും ബുദ്ധിജീവികളും

ഫ്രഞ്ച് മാവോയിസ്റ്റ് അനുകൂല വാരികയായ La Cause du Peuplesâ ന്റെ പ്രസിദ്ധീകരണം 1970 ല്‍ ഭരണകൂടം തടഞ്ഞു. സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യലും മോഷണം, പിടിച്ചുപറി, കലാപം എന്നിവയ്ക്കു പ്രേരിപ്പിക്കലുമൊക്കെയായിരുന്നു ചുമത്തിയ കുറ്റം. താമസിയാതെ രണ്ട് എഡിറ്റര്‍മാര്‍ അറസ്റ്റിലാവുകയും ചെയ്തു. ഒരു പ്രതിഷേധമെന്ന നിലയില്‍ അടുത്ത ലക്കം സാര്‍ത്രാണ് എഡിറ്റ് ചെയ്തത്. അദ്ദേഹം അത് എഡിറ്റു ചെയ്യുകമാത്രമല്ല പാരീസില്‍ പരസ്യമായി വില്‍ക്കുകയും ചെയ്തു. സാര്‍ത്രിനെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്‌തെങ്കിലും ഉടന്‍ വിട്ടയച്ചു. അതേക്കുറിച്ച് ഫ്രഞ്ച് ജനറല്‍ പറഞ്ഞ ഉത്തരം പിന്നീട് ഒരു പ്രയോഗമായി മാറി. 'വോള്‍ട്ടയറെ ജയിലിലടക്കുകയില്ല' എന്നായിരുന്നു അത്.  അത് ഫ്രാന്‍സില്‍, നാം കേരളത്തിലേക്ക് തിരിച്ചെത്തുക. സാറാജോസഫിനെപോലെ ഒരാള്‍ അല്ലെങ്കില്‍ മറ്റൊരു ബുദ്ധിജീവി മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ടതിന്റെ പേരില്‍ ചിലരെ ബഹിഷ്‌ക്കരിക്കുന്നത് ധാര്‍മികമായി ശരിയാണോ? മാവോയിസ്റ്റു ബന്ധം ആരോപിക്കുക എന്നത് അധികാരത്തിന്റെ ഒരു പ്രത്യയശാസ്ത്ര പ്രവര്‍ത്തനമാണെന്നാണ് നമ്മുടെ വിശകലനം തെളിയിച്ചത്. മാവോയിസവുമായി ബന്ധമില്ലാത്തവരും ഇത്തരത്തില്‍ ആരോപണവിധേയരാവാറുണ്ട്. ഇതിന്റെ പേരില്‍ ഒരാളെ ബഹിഷ്‌കരിക്കുമ്പോള്‍ അധികാരത്തിന്റെ യുക്തിയ്ക്കനുസരിച്ച് സ്വന്തം നിലപാടുകളെ കരുപ്പിടിക്കുകയാണ്  ചെയ്യുന്നത്. ഇതില്‍ മറ്റൊരു അപകടം കൂടിയുണ്ട്. ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നതിലൂടെ അധികാരത്തിനു സമാന്തരമായി ബുദ്ധിജീവികള്‍ സ്വയം അപരവ്യവഹാരങ്ങളുടെ സ്രഷ്ടാക്കളായി തീരുന്നു. ചുംബനസമരത്തില്‍ ബാഹ്യശക്തികളുടെ നുഴഞ്ഞു കയറ്റമുണ്ടെന്ന 'സംഘാടകരുടെ' അഭിപ്രായം അധികം താമസിയാതെ പുതിയൊരു മാവോയിസ്റ്റ് അപരവ്യവഹാരത്ത സൃഷ്ടിക്കുകയുണ്ടായി. മഹാരാജാസ് കോളജ് ഹോസ്റ്റലിലെ റെയ്ഡില്‍ പോലിസ് ചുംബനസമരത്തില്‍ പങ്കെടുത്ത മാവോയിസ്റ്റുകളെ തെരഞ്ഞത് അതുകൊണ്ടാണ്. ജെസ്ണ്‍ കൂപ്പറുടെ സുഹൃത്തുക്കളാരാണെന്നായിരുന്നു മറ്റൊരു ചോദ്യം.
അതേസമയം ഒരു പ്രത്യേക കേസില്‍, സംഭവത്തില്‍ മാവോയിസ്റ്റ് ആരോപണ'ത്തിന്റെ പേരില്‍ ഒരാളെ പുറത്താക്കൂമ്പോള്‍ അത് അപ്പാടെ വിമര്‍ശിക്കപ്പെടേ കാര്യമാണെന്നും വാദിക്കാനാവില്ല. മറിച്ച് മുന്‍വിധിയോടെ ഒരു സൈദ്ധാന്തിക നിലപാടായി ബഹിഷ്‌കരണം നടപ്പാക്കുകയോ ആഹ്വാനം നടത്തുകയോ ചെയ്യുമ്പോഴാണ് പ്രശ്‌നം. കാരണം അധികാരവിധേയത്വമല്ലാതെ മറ്റൊന്നുമല്ല അത്. ഒപ്പം സ്വാതന്ത്ര്യത്തിനുശേഷം ഒരു സവിശേഷ വിഭാഗമെന്ന നിലയില്‍ നമ്മുടെ ബുദ്ധിജീവികള്‍ എത്തിച്ചേര്‍ന്ന പരിതാപകരമായ അവസ്ഥയും അത് സൂചിപ്പിക്കുന്നു. ഇടിയന്‍പോലിസുകാരുടെ ന്യായവാദങ്ങളിലേക്ക് അവര്‍ പരിവര്‍ത്തിക്കപ്പെട്ടിരിക്കുന്നു എന്നത് വേദനാജനകമാണ്. എങ്കിലും ഇവര്‍ സ്വയം തിരിച്ചറിഞ്ഞ് മുന്നോട്ട് വരേത് കാലത്തിന്റെ ആവശ്യമാണ്. അതിനവര്‍ സാര്‍ത്ര് ആവണമെന്നൊന്നുമില്ല. നമ്മെപ്പോലെ ഒരു കുരുവിയുടെ തലച്ചോറും വികാരങ്ങളുമുള്ള സാധാരണ മനുഷ്യരായാല്‍ മതി.                                                (മാവോയിസ്റ്റ് ആരോപണത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് തേജസ്                                     ദൈ്വവാരികയില്‍ എഴുതിയ കുറിപ്പ്്)