Sunday, June 16, 2013

മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ മുന്നണികള്‍

കടപ്പുറത്തു ചാകരപോലെയാണു മാധ്യമങ്ങള്‍ക്കു രാഷ്ട്രീയരംഗത്തെ ഗ്രൂപ്പുതര്‍ക്കങ്ങള്‍. എഴുതിയ വാര്‍ത്തകള്‍ അച്ചടിച്ചു മഷിയുണങ്ങും മുമ്പേ മുന്‍ഗണനകള്‍ മാറിക്കഴിഞ്ഞിരിക്കും. അതുവരെയും പ്രാധാന്യമില്ലാതിരുന്ന വാദമുഖങ്ങള്‍ ആരെയും അമ്പരപ്പിച്ച് കേന്ദ്രസ്ഥാനത്തെത്തും; നിലവിലുണ്ടായിരുന്നവ പിന്നിലേക്കു തള്ളിനീക്കപ്പെടും. കേരളരാഷ്ട്രീയത്തിലും ഭരണകക്ഷിയിലും കഴിഞ്ഞ കുറേനാളുകളായി രൂപംകൊണ്ടുവരുന്ന ഉരുള്‍പൊട്ടലുകള്‍ ഇതിനു സമാനമാണ്.
രമേശ് ചെന്നിത്തലയ്ക്ക് അര്‍ഹമായ പ്രാതിനിധ്യം മന്ത്രിസഭയില്‍ വേണമെന്ന കാര്യത്തില്‍ ഭരണകക്ഷിയില്‍ അഭിപ്രായഭേദമില്ല. ആഭ്യന്തരം കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന തിരുവഞ്ചൂരിനെ മാറ്റുന്നതില്‍ അനൗചിത്യങ്ങളുണെ്ടന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാടില്‍ പിടിച്ചുകൊണ്ടാണു നേതൃത്വം ഉപമുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്തത്. കാര്യങ്ങള്‍ സുഗമമായി പോവും എന്നതില്‍ ആര്‍ക്കും സംശയമില്ലായിരുന്നു. ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രിപദം നല്‍കുന്നതില്‍ തങ്ങള്‍ക്കെതിര്‍പ്പില്ലെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞപ്പോള്‍ ഉള്ള സംശയവും തീര്‍ന്നു. പിന്നീട് ഭരണകക്ഷിയിലെ രണ്ടാംസ്ഥാനക്കാരായ തങ്ങളാണ് ഉപമുഖ്യമന്ത്രിപദത്തിന് അര്‍ഹരെന്ന ലീഗിന്റെ പ്രസ്താവനയാണു കാര്യങ്ങള്‍ കീഴ്‌മേല്‍ മറിച്ചത്.
ഉപമുഖ്യമന്ത്രിപദത്തിനു ചുറ്റും കോലാഹലങ്ങള്‍ മൂര്‍ച്ഛിച്ചപ്പോള്‍ പുതിയ കഥകളും ഉപകഥകളുംകൊണ്ടു നിറച്ച പേജുകളോടെയായി പത്രങ്ങളുടെ വരവ്. പിന്നെ അതൊരു മല്‍സരമായിരുന്നു. പിണങ്ങിനിന്നവരും മടിച്ചിരുന്നവരും കച്ചകെട്ടി ഗോദയിലിറങ്ങി. ഉപമുഖ്യമന്ത്രിസ്ഥാനം കൊടുത്താലാണോ  ആഭ്യന്തരം കൊടുത്താലാണോ ചെന്നിത്തലയ്ക്ക് അര്‍ഹമായ പരിഗണന ലഭിച്ചുവെന്നു പറയാനാവുക എന്ന വിഷയമായിരുന്നു പത്രക്കാരെ ഇരുത്തി ചിന്തിപ്പിച്ചത്.
എന്നാല്‍, ആ ഓട്ടത്തിനിടയില്‍ ഇതുവരെ ഇല്ലാതിരുന്ന ഉപമുഖ്യമന്ത്രി എന്ന പദവി സൃഷ്ടിക്കപ്പെടുമ്പോള്‍ അതിന്റെ ഔചിത്യം ചോദ്യം ചെയ്യേണ്ടതല്ലേ എന്നു പത്രങ്ങള്‍ക്കും  റിപോര്‍ട്ടര്‍മാര്‍ക്കും തോന്നിയില്ല എന്നതാണു വിചിത്രം. അങ്ങനെ തോന്നാതിരിക്കുന്നിടത്തോളം ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്കിടയിലുള്ള ഗ്രൂപ്പ് തര്‍ക്കങ്ങളും അതിനു സര്‍ക്കാര്‍ ചെലവിലുള്ള പരിഹാരക്രിയകളും മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും സ്വാഭാവികമായിക്കഴിഞ്ഞിരുന്നു. മാധ്യമചര്‍ച്ചകളില്‍ ചിലര്‍ ഉപമുഖ്യമന്ത്രിപദത്തിന്റെ അനൗചിത്യത്തെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചെങ്കിലും മാധ്യമവിചാരിപ്പുകാര്‍ അവരെ തലയ്ക്കു കിഴുക്കി മൂലയ്ക്കിരുത്തിയെന്നു പറയുന്നതാവും ശരി.

ഉഭയകേന്ദ്രങ്ങളുടെ യുക്തി
കേരളത്തെ സംബന്ധിച്ചിടത്തോളം വാര്‍ത്തകളുടെ ഏക പ്രഭവകേന്ദ്രമായി എല്‍.ഡി.എഫ്-യു.ഡി.എഫ്. ദ്വന്ദ്വത്തെ കാണുകയാണു മാധ്യമങ്ങളുടെ നടപ്പുശീലം. ഭരണതലത്തില്‍ പല സന്ദര്‍ഭങ്ങളിലായി വന്നുപോവുന്ന കക്ഷികളുടെ പടലപ്പിണക്കങ്ങളും താല്‍പ്പര്യസംഘര്‍ഷങ്ങളും സുപ്രധാനമായ സംഭവവികാസങ്ങളാണെന്നതില്‍ തകരാറുകളൊന്നുമില്ല. എന്നാല്‍, നമ്മുടെ സംസ്ഥാനത്തെ മൊത്തം സാമൂഹികചലനങ്ങളെ വിലയിരുത്താനുള്ള അളവുകോലായി ഈ ഉഭയകേന്ദ്രിതമായ യുക്തി പ്രയോഗിക്കപ്പെടുന്നിടത്താണ് അപകടം. അടുത്തകാലത്തായി വാര്‍ത്താമാധ്യമങ്ങള്‍ ചര്‍ച്ചയ്‌ക്കെടുത്ത വിഷയങ്ങള്‍ നിരീക്ഷണവിധേയമാക്കിയാല്‍ ഈ പ്രവണത കണെ്ടത്താനാവും.
മാധ്യമങ്ങള്‍ മാത്രമല്ല, മിക്ക രാഷ്ട്രീയകക്ഷികളും ഈ യുക്തി പല സന്ദര്‍ഭങ്ങളിലായി ഉപയോഗപ്പെടുത്താറുണെ്ടങ്കിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയായിരിക്കും സംഘടിതമായും ബോധപൂര്‍വമായും ഏറ്റവും കൂടുതല്‍ ഇതു ചെയ്തിട്ടുള്ളത്. സി.പി.എമ്മില്‍നിന്നു പോവുന്ന വിമതവിഭാഗങ്ങള്‍ക്കെതിരേയാണ് അവര്‍ ഏറ്റവും വ്യാപകമായി ഇതുപയോഗപ്പെടുത്തിയത്. എം.വി. രാഘവനും ഗൗരിയമ്മയും അവസാനം ഒഞ്ചിയത്തെ വിമതവിഭാഗവും പാര്‍ട്ടി വിട്ടപ്പോള്‍ സി.പി.എമ്മുകാര്‍ അവര്‍ക്കെതിരേ ഉയര്‍ത്തിയ മുഖ്യവിമര്‍ശനം അവര്‍ കോണ്‍ഗ്രസ്സിനെ സഹായിക്കുന്നു എന്നതാണ്. കോണ്‍ഗ്രസ്സിനപ്പുറത്ത് അവര്‍ക്കെന്തെങ്കിലും അസ്തിത്വമുള്ളതായി സി.പി.എം. കരുതിയിരുന്നില്ല. ഇക്കാര്യത്തില്‍ യു.ഡി.എഫും വ്യത്യസ്തമായിരുന്നില്ല. ഇടതുപക്ഷത്തെ സഹായിക്കുന്നവരെന്ന ആരോപണങ്ങള്‍ അവരും പലര്‍ക്കുമെതിരേ ആയുധമാക്കി.
ഉഭയകേന്ദ്രിതമായ രാഷ്ട്രീയപരിസരത്ത്  ഈ വാദങ്ങള്‍ അത്ര അസ്വാഭാവികമെന്നു പറയാനാവില്ല. മാത്രമല്ല, ഈ രണ്ടു രാഷ്ട്രീയധ്രുവങ്ങള്‍ക്കിടയിലല്ലാതെ സ്വതന്ത്രമായി തങ്ങളുടെ അസ്തിത്വം നിര്‍ണയിക്കുക വിമതവിഭാഗങ്ങള്‍ക്കും ശ്രമകരമാണ്. വിവിധ സംഘടനകളില്‍നിന്നോ അല്ലെങ്കില്‍ സ്വതന്ത്രമായോ രൂപപ്പെടുന്ന ഓരോ ഗ്രൂപ്പുകളും നിരന്തരമായ രാഷ്ട്രീയാസ്വാസ്ഥ്യങ്ങള്‍ക്കൊടുവില്‍ ഈ ഉഭയകേന്ദ്രങ്ങളിലേതെങ്കിലുമൊന്നില്‍ അടിഞ്ഞുകൂടുന്നുവെന്നതാണു മുന്‍കാല അനുഭവങ്ങള്‍ തെളിയിക്കുന്നത്. ഗൗരിയമ്മയും രാഘവനും ജോസഫും ഒക്കെ ഇതിനുദാഹരണങ്ങളാണ്.
ഈ രണ്ട് ഉഭയധ്രുവങ്ങളുടെ യുക്തി ഗുണകരമായ ഒരു ഫലവും ഉല്‍പ്പാദിപ്പിച്ചില്ലെന്നു പറയാനാവില്ല. ഹിന്ദുത്വരാഷ്ട്രീയത്തെ പിന്നണിയില്‍ ഫലപ്രദമായി ഒതുക്കിനിര്‍ത്തിയെന്നതാണ് അവയില്‍ പ്രധാനം. എണ്‍പതുകള്‍ വരെ തിരഞ്ഞെടുപ്പുരംഗത്തു കോണ്‍ഗ്രസ്സിന്റെ ഭാഗമായി നിലകൊണ്ട ആര്‍.എസ്.എസും പിന്നീടു ബി.ജെ.പിയും  മറനീക്കി പുറത്തുവന്നിട്ടും ഈ ഉഭയകേന്ദ്രിത രാഷ്ട്രീയത്തെ നിഷ്പ്രഭമാക്കാന്‍ അവര്‍ക്കായില്ല. മുന്നണിയിലേക്കു തള്ളിക്കയറിവന്ന  80കളുടെ അവസാനമാണ് ഉഭയകേന്ദ്രരാഷ്ട്രീയം ഏറ്റവും സജീവമായത്.

ഉഭയകേന്ദ്രങ്ങളുടെ ആകര്‍ഷണവലയങ്ങള്‍

എന്നാല്‍, ഹിന്ദുത്വഭീകരതയെ ഒതുക്കിനിര്‍ത്തിയെന്ന ഈ നേട്ടത്തിനപ്പുറം അതു വലിയ ദോഷങ്ങള്‍ക്കും കാരണമായി. കേരളത്തില്‍ വേരുപിടിക്കേണ്ട പാര്‍ശ്വവല്‍കൃത ജനതയുടെ രാഷ്ട്രീയത്തെ എല്ലായ്‌പ്പോഴും പിന്നണിയില്‍ തളച്ചിട്ടതിലും ഈ യുക്തി അതിന്റേതായ പങ്കുവഹിച്ചു. കേരളരാഷ്ട്രീയത്തെ ഇളക്കിമറിച്ച “'ഭൂമിയുടെ രാഷ്ട്രീയം'’ മുന്നോട്ടുവച്ച ഗോത്രമഹാസഭയുടെ ചരിത്രം അക്കാര്യം വ്യക്തമാക്കും. ഇരുമുന്നണികളുടെയും രാഷ്ട്രീയയുക്തിയെ റദ്ദു ചെയ്ത് കേരളരാഷ്ട്രീയത്തില്‍ പുത്തന്‍ ബലകേന്ദ്രങ്ങള്‍ സൃഷ്ടിക്കുമെന്ന തോന്നലുണ്ടാക്കിയ മുന്നേറ്റമായിരുന്നു ഗോത്രമഹാസഭയുടേത്. പക്ഷേ, മുത്തങ്ങസമരത്തിന്റെ 10ാം വാര്‍ഷികം പിന്നിടുമ്പോഴേക്കും ജാനുവും സഖാക്കളും കോണ്‍ഗ്രസ് പാളയത്തിലെത്തിച്ചേര്‍ന്നു കഴിഞ്ഞിരുന്നു. മുത്തങ്ങസമരം കഴിഞ്ഞു മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ ഗോത്രമഹാസഭ യു.ഡി.എഫുമായി തിരഞ്ഞെടുപ്പുധാരണയ്ക്കുള്ള ശ്രമം നടന്നതായി പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അവസാനത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.കെ. ജാനുവിന്റേതടക്കം ഇരുപതോളം ആദിവാസി-ദലിത് സംഘടനകള്‍ ചേര്‍ന്നു രൂപീകരിച്ച സംയുക്ത സമിതിയുടെ പിന്തുണ യു.ഡി.എഫിനായിരുന്നു. ഏറ്റവും ഒടുവില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അവസാനനിമിഷത്തെ കരണംമറിച്ചിലില്ലായിരുന്നെങ്കില്‍ ഇന്നു മുത്തങ്ങ ഉള്‍പ്പെടുന്ന പ്രദേശങ്ങളുടെ ജനപ്രതിനിധിയായി ഒരുപക്ഷേ ജാനു കേരളത്തിലെ ജനങ്ങളെ അഭിമുഖീകരിച്ചേനെ.
കേരളത്തിലെ ഏറ്റവും വലിയ ദലിത് സംഘടനകളിലൊന്നായ കെ.പി.എം.എസിനെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്തു യു.ഡി.എഫ്-എല്‍.ഡി.എഫ്. മുന്നണികള്‍ പങ്കുവച്ചെടുത്തതും ഇതിനോടു ചേര്‍ത്തുവയ്ക്കാവുന്ന സംഭവമാണ്. തങ്ങള്‍ ഐക്യ ജനാധിപത്യ മുന്നണിക്കു വോട്ടുചെയ്‌തേക്കുമെന്നു മറ്റൊരു സമരസംഘടനയായ ചെങ്ങറയിലെ സാധുജനമുന്നണിയുടെ നേതാവ് ളാഹ ഗോപാലനും വ്യക്തമാക്കിയിരുന്നു. ദലിത് സംഘടനകളെയും സമ്മതിദാനത്തെയും യു.ഡി.എഫ്-എല്‍.ഡി.എഫ്. പിന്തുണയുടെ അടിസ്ഥാനത്തില്‍ തരം തിരിക്കരുതെന്ന് കെ.കെ. കൊച്ചിനെപ്പോലുള്ളവര്‍ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും ദലിത് ആദിവാസി സംഘടനകള്‍ക്കിടയില്‍ അതൊരു പ്രവണതയാണെന്നതില്‍ അദ്ദേഹത്തിനും സംശയമില്ലായിരുന്നു.

ഞങ്ങളുണേ്ട!’ മാവോവാദി നേതാവ് രൂപേഷ്
കഴിഞ്ഞ കുറച്ചുമാസമായി കേരളത്തില്‍ നടന്നുവന്ന മാവോവാദി ചര്‍ച്ചകളിലും ഇത്തരമൊരു രാഷ്ട്രീയം പുതഞ്ഞുകിടക്കുന്നുണ്ട്. ആദിവാസികളെ അടിച്ചമര്‍ത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു കാടിളക്കിയുള്ള തണ്ടര്‍ബോള്‍ട്ടിന്റെ തിരച്ചിലെന്നും കേരളത്തെ സെക്യൂരിറ്റി സ്റ്റേറ്റായി മാറ്റാനുള്ള നീക്കമാണ് ഇതെന്നുമായിരുന്നു വിഷയത്തെകുറിച്ചു നടന്ന മാതൃഭൂമി ചര്‍ച്ചകളിലൊന്നില്‍ കെ.പി. സേതുനാഥ് അഭിപ്രായപ്പെട്ടത്. മലനാട്ടില്‍ മാവോവാദികളുണെ്ടന്ന രഹസ്യാന്വേഷണ റിപോര്‍ട്ടുകളൊന്നുമില്ലാതെ നടക്കുന്ന മാവോവാദി വിരുദ്ധനീക്കത്തെക്കുറിച്ചാണ് എം. ഗീതാനന്ദനും പറയാനുള്ളത്. ആദിവാസികളെ ഉന്നംവച്ചാണ് ഈ നീക്കങ്ങളൊക്കെയെന്നും മാവോവാദികള്‍ നാട്ടിലൊരിടത്തുമില്ലെന്നതുമായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ പൊതു അഭിപ്രായം. ചര്‍ച്ച കൊഴുത്തപ്പോള്‍ ചര്‍ച്ചയില്‍ “പ്രധാന കക്ഷിയായ മാവോയിസ്റ്റ് പാര്‍ട്ടിക്കുവേണ്ടി നേതാവ് രൂപേഷിന് തങ്ങള്‍ ഇപ്പറഞ്ഞ നാടുകളിലൊക്കെ ഒളിഞ്ഞും തെളിഞ്ഞുമുണെ്ടന്ന് ആഴ്ചപ്പതിപ്പില്‍ നേരിട്ട് അവതരിച്ചു സാക്ഷ്യപ്പെടുത്തേണ്ടിവന്നു.
പോലിസ് തിരച്ചില്‍ നടത്തുന്ന ഏതൊക്കെ പ്രദേശങ്ങളില്‍ ഏതൊക്കെ നേരങ്ങളില്‍ തങ്ങള്‍ ഉണ്ടായിരുന്നുവെന്നതിന്റെ വിശദീകരണമായിരുന്നു അദ്ദേഹത്തിന്റെ മാതൃഭൂമി ലേഖനം. വിമര്‍ശകരാവട്ടെ, മാവോവാദികള്‍ നാട്ടിലില്ലെന്നും ഉണെ്ടന്നും വരുത്താനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ ആദിവാസികളെ ശിക്ഷിക്കാനുള്ള ഗൂഢനീക്കമാണെന്നും വ്യാഖ്യാനിച്ചു. അതിനിടയില്‍ സൂര്യനെല്ലി പ്രശ്‌നത്തില്‍ പ്രതിസന്ധിയിലായ കോണ്‍ഗ്രസ്സിനെയും രാജ്യസഭാ അധ്യക്ഷന്‍ കുര്യനെയും രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു തണ്ടര്‍ബോള്‍ട്ടിന്റെ തിരച്ചിലെന്ന അഭിപ്രായവും ചാനലുകളില്‍ മുഴങ്ങിക്കേട്ടു. ഇങ്ങനെ ഉഭയകേന്ദ്രിതമായ തലങ്ങളിലേക്കു വിശകലനങ്ങളെ വലിച്ചടുപ്പിക്കുന്നതിന്റെ ഏറ്റവും അടുത്ത ഉദാഹരണങ്ങളിലൊന്നായി മാറുകയായിരുന്നു മാവോവാദി പ്രശ്‌നത്തിലുള്ള മാധ്യമനിലപാടുകള്‍.

ഉഭയകേന്ദ്രിതത്വവും രാഷ്ട്രസംവിധാനവും
സംസ്ഥാനത്തെ മുഴുവന്‍ രാഷ്ട്രീയ-സാമൂഹികനീക്കങ്ങളെയും ഒരു കേന്ദ്രത്തിലേക്കു വലിച്ചടുപ്പിക്കുന്ന ഈ ഉഭയധ്രുവസംവിധാനം സ്വാഭാവികമെന്ന് ഒറ്റനോട്ടത്തില്‍ നമുക്കു തോന്നാം. എന്നാല്‍, ഈ സ്വാഭാവികതയുടെ നിര്‍മാണം അത്രമേല്‍ സ്വാഭാവികവും നിഷ്‌കളങ്കവുമാണെന്നു വിലയിരുത്താനാകുമോ? സ്വാതന്ത്ര്യാനന്തരം പിന്തുടര്‍ന്നുവരുന്ന രാഷ്ട്രീയസംവിധാനങ്ങള്‍ക്ക് ഈ പ്രക്രിയയില്‍ എന്തെങ്കിലും പങ്കുണേ്ടാ? ഈ ചോദ്യങ്ങള്‍ മര്‍ദ്ദിതരായ ജനതയെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. ഒരു സൈദ്ധാന്തിക പ്രശ്‌നത്തേക്കാളുപരി പ്രായോഗികപ്രശ്‌നമായി അതു മാറിക്കഴിഞ്ഞിട്ടുണ്ട്.
എല്ലാറ്റിനെയും തന്നിലേക്കാകര്‍ഷിക്കുന്ന ഒരു അഭികേന്ദ്രിതബലമായി പ്രവര്‍ത്തിക്കുന്ന ഈ ഉഭയകേന്ദ്രസംവിധാനത്തിന്റെ സൃഷ്ടിയില്‍ നമ്മുടെ രാഷ്ട്രീയസംവിധാനത്തിനു വലിയ പങ്കുണെ്ടന്നു വേണം കരുതാന്‍. കേരളത്തിലും ഇന്ത്യയില്‍ ഒട്ടാകെയും വിവിധ സംസ്ഥാനങ്ങളിലും ഏറിയും കുറഞ്ഞും നില്‍ക്കുന്ന കൂട്ടുകക്ഷിസംവിധാനങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ ചില പൊതുപ്രവണതകള്‍ കാണാനാവും. കൂട്ടുകക്ഷിസംവിധാനം തുടക്കം മുതല്‍ പരീക്ഷിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണു കേരളം. കേരളം രൂപംകൊള്ളുന്നതിനു മുമ്പേ അതാരംഭിച്ചുകഴിഞ്ഞിരുന്നു. തിരുകൊച്ചിയിലെ ആദ്യ തിരഞ്ഞെടുപ്പില്‍ (1951-52) നിയമസഭയില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തമിഴ്‌നാട് കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ കോണ്‍ഗ്രസ് ഭരിക്കാന്‍ തുടങ്ങിയെങ്കിലും ആഭ്യന്തരകലഹങ്ങള്‍മൂലം മന്ത്രിസഭ നിലംപൊത്തി. അടുത്ത മന്ത്രിസഭയ്ക്ക് കോണ്‍ഗ്രസ് പിന്തുണയോടെ പി.എസ്.പി. നേതൃത്വം കൊടുത്തെങ്കിലും ആഭ്യന്തരകലഹങ്ങള്‍ക്കൊടുവില്‍ അതും തകര്‍ന്നുവീണു. കേരള സംസ്ഥാനരൂപീകരണശേഷം നടന്ന പല മന്ത്രിസഭകളുടെ വിധിയും വ്യത്യസ്തമായിരുന്നില്ല. 1977 മാര്‍ച്ച് 23ന് ചരിത്രത്തിലാദ്യമായി കേരളത്തിലെ ഒരു മന്ത്രിസഭ കാലാവധി തികച്ചപ്പോള്‍ അതു മുപ്പതുവര്‍ഷത്തിനുള്ളില്‍ രൂപംകൊണ്ട പതിമൂന്നാമത്തെ മന്ത്രിസഭയായിരുന്നു. അതില്‍ ഒരു മാസം തികച്ചു ഭരിക്കാത്ത മന്ത്രിസഭകള്‍ പോലുമുണ്ടായിരുന്നു.
എന്നാല്‍, 1980 കളോടെ തകര്‍ന്നുവീഴുന്ന സര്‍ക്കാരുകളുടെ എണ്ണത്തില്‍ കുറവനുഭവപ്പെടാന്‍ തുടങ്ങി. 1970-77 ലെ മുഴുവന്‍ കാലാവധിയും തികച്ച സര്‍ക്കാരിനുശേഷം അധികാരത്തില്‍വന്ന മന്ത്രിസഭയ്ക്കു പടലപ്പിണക്കങ്ങളുടെ ഭാഗമായിട്ടല്ലെങ്കിലും കാലാവധി തികയ്ക്കാനായില്ല. പിന്നീട് 1982-87ലാണ് കാലാവധി തികച്ച അടുത്ത മന്ത്രിസഭയുണ്ടാവുന്നത്. പിന്നീടുണ്ടായ പല മന്ത്രിസഭകളും നിശ്ചിത കാലാവധി തികച്ചും ഭരിച്ചു. കാലാവധി തികയ്ക്കാതെ പുറത്തുപോയവയില്‍ പലതും മുന്‍കാലത്തെപ്പോലെ ഗ്രൂപ്പ് വഴക്കുകളുടെയോ മുന്നണിസംവിധാനത്തിലെ പാളിച്ചകളുടെയോ പേരിലായിരുന്നില്ല തകര്‍ന്നുപോയത് എന്നതാണു ശ്രദ്ധേയം.
1970 അവസാനമാണ് ഇടതു ജനാധിപത്യമുന്നണി രൂപീകരിക്കപ്പെടുന്നത്. അതിനു സമാന്തരമായി ഐക്യജനാധിപത്യ മുന്നണിയും സജീവമായി.  അവിടന്നങ്ങോട്ടു വ്യത്യസ്ത പാര്‍ട്ടികള്‍ രണ്ടു ധ്രുവങ്ങളിലേക്ക് ഏകോപിക്കപ്പെടുകയായിരുന്നു. ഐക്യ ജനാധിപത്യമുന്നണിയെന്നും ഇടതുജനാധിപത്യ മുന്നണിയെന്നും അവര്‍ സ്വയം വിശേഷിപ്പിച്ചിരുന്നെങ്കിലും പൂര്‍ണമായും പ്രത്യയശാസ്ത്രപരമായ ഒരു കൂട്ടായ്മയായി അവരെ കണക്കാക്കാനാവുമായിരുന്നില്ല. ഇടതുനിലപാടുകളുള്ള പാര്‍ട്ടികള്‍ യു.ഡി.എഫിലും ഇടതു നിലപാടു പുലര്‍ത്താത്ത ജോസഫിനെപ്പോലുള്ളവര്‍ ഇടതുപക്ഷത്തിലും വിവിധ കാലങ്ങളില്‍ ചേക്കേറിയിട്ടുണ്ട്. രാഷ്ട്രീയപ്രസ്ഥാനങ്ങളെ രണ്ടു കേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കുന്ന ഈ പ്രവണത കേരളത്തില്‍ മാത്രമല്ല, കൂട്ടുകക്ഷി മന്ത്രിസഭകള്‍ ഭരിച്ച രാജസ്ഥന്‍, ഡല്‍ഹി, ഹിമാചല്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലും ഏറിയും കുറഞ്ഞും കാണാനാവും.
ആദ്യകാലത്തെ രാഷ്ട്രീയ അസ്ഥിരതകളെ നമ്മുടെ ജനാധിപത്യസംവിധാനം മറികടക്കുന്നതിന്റെ ലക്ഷണമായാണ് ഈ പ്രവണതകള്‍ പൊതുവില്‍ വിശദീകരിക്കപ്പെടാറുള്ളത്. ഒരര്‍ഥത്തില്‍ അതു ശരിയുമാണ്. എന്നാല്‍ മറുഭാഗത്ത,്  വ്യത്യസ്ത സാമൂഹികവിഭാഗങ്ങളോ ജാതിയോ മതമോ മറ്റു നവസാമൂഹിക വിഭാഗങ്ങളോ എന്തുമാവട്ടെ, ഇത്തരം ചെറു ഗ്രൂപ്പുകളുടെ രാഷ്ട്രീയഭാഗധേയം നിര്‍ണയിക്കുന്നതില്‍ വലിയ സംഘടനകള്‍ കൈയടക്കം നേടുന്നതിന്റെ കൂടി ലക്ഷണമായി ഈ പ്രവണതകളെ വിലയിരുത്തേണ്ടതുണ്ട്. ഗോത്രമഹാസഭയും സാധുജനമുന്നണിയും അതുപോലുള്ള മറ്റനവധി ചെറുഗ്രൂപ്പുകളും ഇരുമുന്നണികളിലെയും ഏതെങ്കിലുമൊന്നിലേക്ക് ഒഴുകിയെത്തുന്ന വിവിധ സന്ദര്‍ഭങ്ങള്‍ നാം നേരത്തേ കണ്ടതാണല്ലോ.


എന്തുകൊണ്ട് ഉഭയകേന്ദ്രിതത്വം?

എന്തുകൊണ്ടാണ് ഇത്തരം ഉഭയകേന്ദ്രീകൃത പ്രവണതകള്‍ ഉണ്ടാവുന്നതെന്നതിനെക്കുറിച്ചു ചില ആലോചനകള്‍ നടത്തി ഈ ചര്‍ച്ച അവസാനിപ്പിക്കാം. ഭരണഘടനാരൂപീകരണത്തോടെ നാം തുടര്‍ന്നുവന്ന തിരഞ്ഞെടുപ്പുരീതികളാണ് ഒരു പരിധിവരെ ഇതില്‍ പങ്കുവഹിക്കുന്നത്. ഇന്ത്യയില്‍ നാം ഭൂരിപക്ഷ വോട്ടിങ് സംവിധാനമാണു നടപ്പാക്കുന്നത്. അതനുസരിച്ച് ഏറ്റവും കൂടുതല്‍ വോട്ടുലഭിക്കുന്ന സ്ഥാനാര്‍ഥിയാണു തിരഞ്ഞെടുക്കപ്പെടുന്നത്. പല സ്ഥാനാര്‍ഥികള്‍ക്കും ലഭിച്ച വോട്ടിന്റെ കണക്കു പരിശോധിച്ചാല്‍ അവര്‍ക്ക് അനുകൂലമായി ലഭിച്ച വോട്ടിനേക്കാള്‍ കൂടുതലായിരിക്കും അവര്‍ക്കെതിരേ പോള്‍ ചെയ്ത വോട്ട്. ജയിച്ചവന്‍ അവനു ലഭിച്ച വോട്ടിനാലല്ല, രണ്ടാം സ്ഥാനക്കാരനു നഷ്ടപ്പെട്ട വോട്ടിനാലാണു ജയമുറപ്പാക്കിയത്. ഇത്തരം സംവിധാനങ്ങള്‍ താമസംവിനാ രണ്ടു പാര്‍ട്ടികള്‍ക്കു മേധാവിത്വമുള്ള സംവിധാനത്തിലേക്കു നിപതിക്കാനാണു കൂടുതല്‍ സാധ്യത. നമ്മുടെ വിശകലനം തെളിയിച്ചതുപോലെ, ചിലപ്പോള്‍ കൂടുതല്‍ പാര്‍ട്ടികള്‍ ഉള്‍ക്കൊള്ളുന്ന ഒരു വ്യൂഹമായതു നിലനിന്നേക്കാമെങ്കിലും ആത്യന്തികമായി നമ്മുടെ യുക്തികളെയും പ്രാന്തവല്‍കൃതരുടെ രാഷ്ട്രീയ—ാധികാര പ്രവേശനത്തെയും ദോഷകരമായി ബാധിക്കുമെന്ന തരത്തില്‍ അത് പ്രവര്‍ത്തിക്കാനിടയുണെ്ടന്നാണു നമ്മുടെ അനുഭവം. പ്രാന്തവല്‍കൃതരെ നിരന്തരം അധികാരത്തില്‍നിന്ന് ഒഴിച്ചുനിര്‍ത്തുന്ന ഈ യുക്തിയെ നിഷ്‌കാസനം ചെയ്യുക എന്നതായിരിക്കണം നമ്മുടെ അവകാശപ്പോരാട്ടങ്ങളുടെ മുഖ്യലക്ഷ്യങ്ങളിലൊന്ന്. അതിനു നിലനില്‍ക്കുന്ന രാഷ്ട്രീയസംവിധാനങ്ങളില്‍ മാറ്റം വരുകയാണു വേണ്ടതെങ്കില്‍ അതു നിര്‍ബന്ധമായും സംഭവിച്ചേ തീരൂ.
(തേജസ് ദൈ്വവാരികയില്‍ പ്രസിദ്ധീകരിച്ചത്)