Sunday, May 18, 2008

ക്യാമറയും തോക്കും


സഹായം. ജി.ഉഷാകുമാരി
ഷൂട്ടു ചെയ്യാന്‍ മനുഷ്യന്‍ രണ്ടു ഉപകരണങ്ങളാണ്‌ ഉപയോഗിക്കുന്നത്‌.തോക്കും ക്യാമറയും. രണ്ടും മനുഷ്യന്റെ ജീവിതത്തില്‍ ഇടപെടുന്നു.ഉപകരണമെന്ന നിലയിലും ആയുധമെന്ന നിലയിലും.
'ബഹുമാന്യ'സന്യാസിവര്യനായ അമൃതചൈതന്യ സ്വാമികള്‍ തന്റെ കിടപ്പറയില്‍ വിവിധപോസുകളില്‍ ക്യാമറ ഉപയോഗിക്കുമ്പോള്‍ അത്‌ ഒരു ഉദ്ധരിച്ച പുരുഷലിംഗമായാണ്‌ പ്രവര്‍ത്തിച്ചത്‌.ഒരു സ്ത്രീശരീരത്തെ അത്‌ മുള്ളിലെന്നവണ്ണം കോര്‍ത്തെടുക്കുന്നു..അമൃതചൈതന്യയുടെ കൈയില്‍ ക്യാമറ തോക്കിനെപ്പോലെ പെരുമാറുന്നു.അത്‌ ജനങ്ങള്‍ക്കെതിരെയാണ്‌ ചൂണ്ടിയിരിക്കുന്നത്‌.ഒരു പുരുഷാധിപത്യ സമൂഹത്തില്‍ എല്ലാ ആണുങ്ങളും ശരീരത്തില്‍ ഒരു മൂര്‍ച്ച (ആയുധം)ഒളിപ്പിച്ചുവെച്ചിരിക്കുന്നു.
ധികാരവും അശ്ലീലവും തമ്മിലുള്ള രതി ഒ.വി.വിജയന്‍ ധര്‍മ്മപുരാണത്തില്‍ മുണ്ടിനിടയിലൂടെ തലപൊക്കുന്ന ഒരു ലിംഗത്തിലൂടെ അവതരിപ്പിക്കുന്നുണ്ട്‌.മുകുന്ദന്റെ വിഖ്യാത നോവലായ 'ഒരു ദളിത്‌ യുവതിയുടെ കദന കഥ' യില്‍ നാടകത്തിന്റെ ഇരുട്ടിലുള്ള ചിത്രീകരണത്തെ അട്ടിമറിച്ച്‌ സ്തീ നഗ്നതയിലേക്ക്‌ ആസൂത്രിതമായ ഒരു കൂട്ടബലാല്‍സംഗത്തിന്റെ ഇഫെക്ടോടെ ഒരു നിമിഷനേരം കൊണ്ടെങ്കിലും കടന്നുകയറുന്നത്‌ ഒരുമിച്ച്‌ കണ്മിഴിക്കുന്ന നൂറുകണക്കിന്‌ ക്യാമറകളാണല്ലോ. ക്യാമറ തന്നെയാണ്‌ മുകുന്ദന്റെ തന്നെ 'ഫോട്ടോ' എന്ന കഥയില്‍ ഫോട്ടോ എടുക്കാനെത്തുന്ന രണ്ട്‌ പിഞ്ചു കുട്ടികളുടെ നഗ്നതമുതലാക്കുന്നത്‌!
ലുവയിലെ പോലീസ്‌ സ്റ്റേഷനില്‍ തോക്കുമായി ആത്മഹത്യാ നാടകം കളിച്ച ഭദ്രാനന്ദ സ്വാമികള്‍ ആ തോക്ക്‌ ഒടുക്കം തന്റെ ശരീരത്തില്‍നിന്ന് പിന്‍ വലിക്കുകയും ജനങ്ങള്‍ക്കെതിരെ ഉപയോഗിക്കുകയും ചെയ്തു.രണ്ടു തവണ നടത്തിയ വെടിവെപ്പില്‍ മാധ്യമം പത്രത്തിന്റെ ലേഖകന്‌ പരിക്കേല്‍ക്കുകയും ചെയ്തു. അപ്പോള്‍ തോക്ക്‌ അധികാരത്തിന്റെ കേന്ദ്രത്തില്‍ നിന്ന് പുറത്തേക്കായിരുന്നു.പുറത്തേക്ക്‌ ചൂണ്ടിയ തോക്ക്‌ അധികാരികളെ വിളറിപിടിപ്പിച്ചില്ല. അതുകൊണ്ട്‌ സി.ഐ. അടക്കമുള്ള പോലീസുകാര്‍ക്ക്‌ തോക്കിനോട്‌ കലഹിക്കേണ്ടതുണ്ടെന്നും തോന്നിയില്ല.എല്ലാ പോലീസ്‌ ക്യാമ്പുകളിലുംജനങ്ങള്‍ക്കുനേരെചൂണ്ടിനില്‍ക്കുന്നപീരങ്കികള്‍കണ്ടുശീലിച്ചപോലീസിന്‌മറിച്ചുതോന്നാനുംഇടയില്ലായിരുന്നു.
ന്നാല്‍ തങ്ങളെ ചോദ്യം ചെയ്യുന്ന ഒരു ആയുധം പോലെ ശരീരം തുളച്ചു കയറിയേക്കാവുന്ന മാധ്യമപ്രവര്‍ത്തകന്റെ ക്യാമറ, ജനങ്ങള്‍ക്ക്‌ സത്യത്തിന്റെ ഒരു ഉപകരണമായിരുന്നെങ്കിലും, പോലീസിന്‌ ഒരു തോക്കിനെ പോലെ ഭയാനകമായിരുന്നു.അതുകൊണ്ടവര്‍ ഭദ്രാനന്ദയുടെ വെടിവെപ്പ്‌ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ആലുവ പോലീസ്‌ സ്റ്റേഷനിലെത്തിയ ഇന്ത്യാവിഷന്‍ ടീമിനെ ലോക്കപ്പിലടക്കുകയും സ്റ്റേഷനു ചുറ്റും തടിച്ചുകൂടിയ ജനങ്ങളെ വിരട്ടിയോടിക്കുകയും ചെയ്തു.ഒരു കപടസ്വാമിയുടെ തോക്കിനേക്കാള്‍ അവര്‍ മിന്നിത്തുറക്കുന്ന ഒരു ക്യാമറയെ ഭയന്നു.സ്വാമികളുടെ തോക്ക്‌ തങ്ങള്‍ക്കെതിരെയല്ലെന്നുള്ള ഉറച്ച ബോധ്യം അവരെ ആശ്വസിപ്പിക്കുന്നുണ്ടാവണം.പക്ഷേ ആ സമയത്ത്‌ ജനങ്ങളെ സംബന്ധിച്ചിടത്തോളം ക്യാമറ ഒരു തോക്കിനോളം നശീകരണ ശേഷിയുള്ള ഉപകരണമായിരുന്നു,ഒരു ആയുധം തന്നെയായിരുന്നു.
ദയകുമാറിനെ ഉരുട്ടിക്കൊന്ന തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെ കാക്കിക്കുള്ളിലെ കുറ്റവാളി ക്യാമറയെ വെട്ടിച്ചാണ്‌ കോടതിയിലെത്തിയത്‌.മാസങ്ങള്‍ക്കുമുന്‍പ്‌ കൊച്ചിയില്‍ അറസ്റ്റിലായ രേഷ്മയെന്ന നടിയെ ചോദ്യം ചെയ്യുന്ന മൊബെയില്‍ ചിത്രീകരണം ആധുനിക കാലത്തെ 'ചെവിക്കുചെവി'പ്രചരണത്തിന്റെ മറുരൂപമായ എസ്‌.എം.എസ്സിലൂടെ ആണുങ്ങള്‍ക്കെത്തിച്ച കളമശ്ശേരി എസ്‌.ഐ. തന്റെ മൊബെയില്‍ ക്യാമറയുടെ പുരുഷത്വത്തെ പ്രഖ്യാപിക്കുകയായിരുന്നു. അതിനെക്കുറിച്ച് വെള്ളെഴുത്ത് എഴുതുന്നു ‘ബി ക്ലാസ്സു സിനിമകളിലും സിഡികളിലും നിങ്ങള്‍ കണ്ടു വെള്ളമിറക്കിയ ഒരു പെണ്‍ശരീരം ‘ഞങ്ങളുടെ‘ മുന്നില്‍ ദാ നില്‍ക്കുന്ന നില്പ് നോക്ക്‘ എന്നാണ് അതു പറയാതെ പറഞ്ഞ അര്‍ത്ഥംനക്സലൈറ്റ്‌ നേതാവ്‌ അജിതയുടെ ഏറ്റവും അധികം പ്രചരിപ്പിക്കപ്പെട്ട പത്രമാസികകളിലെ ചിത്രം പഴയ ഒരു ഉദാഹരണമാണ്‌.'വ്യക്തമായി' കാണുന്നതിനും ഫോട്ടോ എടുക്കുന്നതിനും വേണ്ടി പോലീസുകാര്‍ അവരെ മേശമേല്‍ കയറ്റി നിര്‍ത്തിയത്രെ. അങ്ങനെയങ്ങനെ.......
തോക്കുപയോഗിച്ചും ക്യാമറ ഉപയോഗിച്ചും ഷൂട്ടു ചെയ്യുന്നു എന്നു പറയുന്നത്‌ അപ്പോള്‍ ശരിതന്നെ.
വിഷ്ണു പ്രസാദിന്റെ ഒരു കവിതയുണ്ട്-ലിംഗരാജ്.
ശ്രദ്ധേയമായ രചന..

Thursday, May 15, 2008

അഴിക്കോടിന്റെ 'ക്രിക്കറ്റും ഇന്ത്യയും'

ഴിഞ്ഞ മേയ്‌ മാസം 9 ന്‌ സുകുമാര്‍ അഴിക്കോട്‌ മാതൃഭൂമിയില്‍ 'ഇത്‌ ക്രിക്കറ്റല്ല,ഇന്ത്യനുമല്ല' എന്ന പേരില്‍ ഒരു എഡിറ്റ്‌-പേജ്‌ ലേഖനമെഴുതിയിരുന്നു. ഏപ്രില്‍ 18 ന്‌ ആരംഭിച്ച ഐ.പി.എല്‍.ക്രിക്കറ്റും അതുയര്‍ത്തുന്ന ചില ചോദ്യങ്ങളും ആയിരുന്നു ആ ചെറു കുറിപ്പിന്റെ ഉള്ളടക്കം.
20-20
ലേഖനത്തില്‍ നിര്‍ണ്ണായകമായ 2 പ്രശ്നങ്ങളാണ്‌ അദ്ദേഹം ഉയര്‍ത്തിയത്‌.20-20 രൂപത്തിലേക്ക്‌ വെട്ടിച്ചുരുക്കിയ ക്രിക്കറ്റിന്റെ 'ഉത്തരാധുനിക രൂപമായ കീശപ്പതിപ്പിനോട്‌' ആണ്‌ ആദ്യത്തെ വിദ്വേഷം അദ്ദേഹം പ്രകടിപ്പിച്ചത്‌.ബാറ്റും ബോളും 3 വടികളുമല്ലാതെ മറ്റൊന്നും 20-20 കീശപ്പതിപ്പില്‍ മാറ്റമില്ലാതെ നിലനില്‍ക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.തട്ടിയും മുട്ടിയും നിന്ന് കളിച്ചാല്‍ ഓവറങ്ങു തീരുമെന്നതിനാല്‍ ബാറ്റ്‌ ആഞ്ഞുവീശുന്നവര്‍ക്കാണത്രെ കളിയില്‍ ജയം.'യാദൃച്ഛികതയും പേശീബലവും വേണ്ടവണ്ണം കൂട്ടിച്ചേര്‍ത്താല്‍' 20-20 യില്‍ വിജയം ഉറപ്പാണെന്നു പരിഹസിക്കുന്ന അദ്ദേഹം സത്യത്തില്‍ കളിയുടെ അടിസ്ഥാന നിയമങ്ങളെ നിഷേധിക്കുകയാണെന്ന് പറയാതെ വയ്യ.യാദൃച്ഛികതയുടെ മണ്ഡലത്തിനുള്ളിലാണ്‌ എല്ലാ കളികളും സാധ്യമാകുന്നതെന്ന കാര്യം അഴിക്കോടിനെപ്പോലെ ഒരാളെ പഠിപ്പിക്കേണ്ടതില്ല. അതേ സമയം ഒരു കളിക്കാരന്‍ തന്റെ പ്രതിഭയും കഴിവും ഉപയോഗിച്ചുകൊണ്ട്‌ യദൃച്ഛികതക്കുമുകളില്‍ വിജയം നേടുന്നതുകൊണ്ടാണ്‌ അയാള്‍ നല്ല കളിക്കാരനാവുന്നത്‌.അതു തന്നെയാണ്‌ കളിയെ ചൂതാട്ടത്തില്‍ നിന്ന് വേര്‍തിരിക്കുന്നതും. ഒരു പക്ഷേ കളികള്‍ക്കു മുകളില്‍ നിഴല്‍ വിരിക്കുന്ന ഈ അനിശ്ചിതത്വം തന്നെ യാണ്‌ കളിയുടെ ആസ്വാദ്യതയുടെ ഉറവിടവും.അസാധ്യതകളില്‍ നിന്ന് സാധ്യതയുണ്ടാക്കുകയെന്നതാണല്ലോ ഏറ്റവും പ്രതിഭാശാലിയായ കളിക്കാരന്റെ ലക്ഷണം. ഉരുണ്ട ആ പന്തുതന്നെ ഈ അനിശ്ചിതത്വത്തിന്റെ അടയാളമല്ലേ? ടെസ്റ്റ്‌ ക്രിക്കറ്റിന്റെ കാലത്ത്‌ 'ഏകദിനം' ഒരു കളിരൂപമായി കടന്നുവന്നപ്പോഴും 20-20 നെതിരെ ഇപ്പോള്‍ ഉയര്‍ന്നുവന്നതുപോലെയുള്ള നിരവധി വാദങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്‌.ഏകദിനത്തെ എന്‍.എസ്‌.മാധവന്റെ ഭാഷയില്‍ പറഞ്ഞാല്‍ അന്തികൃസ്തുവാക്കുന്ന ഒരു പ്രവണത അക്കാലത്തും സജീവമായിരുന്നു. ടെസ്റ്റ്‌ ക്രിക്കറ്റെന്ന പുണ്യവസ്തുവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇംഗ്ലീഷ്‌ കളി എഴുത്തുകാരുടെ ഇഷ്ട്‌ വിഷയമായിരുന്നു.അത്തരമൊരു വാദത്തിന്റെ പുനരവതാരമാണ്‌ ഇതെന്നതാണ്‌ വാസ്തവം.പുതിയവരെയും പുതിയ കാലത്തിന്റെയും സെന്‍സിബിലിറ്റിയെ തരം താണതായി കാണുന്ന ഒരു ചിന്തയുടെ പ്രകടനം കൂടിയാണ്‌ ഇതെന്ന് പറയാതെ വയ്യ.
ദേശീയത.
അഴിക്കോട്‌ എഴുതുന്നു...
'രാഷ്ട്രങ്ങളുടെ പ്രാതിനിധ്യമാണ്‌ പണ്ടുതൊട്ടേ ക്രിക്കറ്റുകളിക്കാരുടെ മുഖമുദ്ര..കളിയുടെ പ്രചോദനത്തിന്റെ അവസാന സ്ത്രോതസ്സാണ്‌ ദേശീയത. കളിയില്‍ തോല്‍ക്കാന്‍ തുടങ്ങുമ്പോള്‍ കളിക്കാരന്‍ തന്റെ ആവനാഴിയില്‍ നിന്ന് അവസാന അമ്പ്‌ പുറത്തെടുക്കുന്നു.. ദേശീയതയാണ്‌ ആ അവസാന അമ്പ്‌...'
സ്പോര്‍ട്സിനെക്കുറിച്ചുള്ള അഴിക്കോടിന്റെ ചിന്തയുടെ രീതി ആണിത്‌.
പക്ഷേ ഇത്തരം ഒരു സ്വത്വബോധത്തില്‍ നിന്നുകൊണ്ടു മാത്രമേ ഒരു കളിയെ നോക്കിക്കാണാന്‍ കഴിയൂ എന്നുണ്ടോ? പി.റ്റി.ഉഷ ഓടുമ്പോള്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നുവെന്ന മാനസീകാവസ്ഥയില്‍ മാത്രമാണോ പങ്കെടുക്കുന്നത്‌? കോപ്പ അമേരിക്ക കാണുമ്പോള്‍ ഇന്ത്യന്‍ ടീം ഇല്ലാതിരുന്നിട്ടും അത്‌ ആസ്വദിക്കാന്‍ നമുക്ക്‌ ബുദ്ധിമുട്ടുണ്ടാകുന്നുണ്ടോ? ഫുട്ബോള്‍ ലോകകപ്പിലും ഇതു തന്നെയല്ലേ സ്ഥിതി?അപ്പോള്‍ ദേശീയതയുമായി ബന്ധപ്പെട്ടുമാത്രമേ ഒരു കളി ആസ്വദിക്കാനാകൂ എന്നിടത്ത്‌ ഒരു പ്രശ്നമുണ്ടെന്നു തോന്നുന്നു.ഇന്ന് ലോകത്തില്‍ പലയിടത്തും കളി ദേശീയതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നത്‌ ശരിതന്നെ. ഇന്ത്യയില്‍ ക്രിക്കറ്റിന്റെ കാര്യത്തില്‍ വളരെ ശരിയുമാണിത്‌. ഇന്ത്യയുടെ സമകാലീന ദേശീയ സ്വത്വ നിര്‍മ്മിതിയില്‍(ഹൈന്ദവ ദേശീയതയെന്നു പറയുന്നതാണ്‌ കൂടുതല്‍ ശരി) ക്രിക്കറ്റ്‌ വലിയ പങ്കു വഹിക്കുകയുണ്ടായി എന്ന് നിരവധി പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌.പാക്കിസ്ഥാനെ ഒരു അപരമായി(രാഷ്ട) നിര്‍മ്മിച്ചെടുക്കുന്നതില്‍ ക്രിക്കറ്റ്‌ മുഖ്യപങ്കുവഹിച്ചു. അതിനെക്കുറിച്ച്‌
ഇവിടെ വായിക്കാം. ഈ സാഹചര്യത്തില്‍ ദേശീയതമാത്രമാണ്‌ സ്പോര്‍ട്സിന്റെ കാര്യത്തില്‍ ഒരേ ഒരു സാധുവായ സങ്കല്‍പ്പം എന്ന നിലപാടു ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ? ചുരുങ്ങിയ പക്ഷം ഇന്ത്യയുടെ കാര്യത്തിലെങ്കിലും.അതോടൊപ്പം ശരിയായ സ്പോട്സ്‌ ആസ്വദിക്കുന്നതിന്‌ ദേശീയത ലോകജനതയെ തടയുന്നില്ലെന്ന പാഠത്തിന്‌ ചരിത്രം തന്നെയാണ്‌ സാക്ഷി.
അധിക വായനക്ക്...
ജിനേഷ്.കെ.ജെ യുടെ ബ്ലോഗ് കാണുക