Wednesday, June 17, 2009

ശശിതരൂരിന്റെ ത്രിവര്‍ണ്ണ ഷോള്‍

മുകളില്‍ രണ്ടു ചിത്രങ്ങള്‍ കൊടുത്തിരിക്കുന്നു. ശശി തരൂരിന്റെ രണ്ടു ചിത്രങ്ങള്‍. ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിന്റെ വര്‍ഗ്ഗ സ്വഭാവത്തിന്റെ വ്യക്തമായ പ്രതിനിധാനങ്ങള്‍. ഒന്ന് ഇന്ത്യന്‍ മധ്യവര്‍ഗ്ഗങ്ങള്‍ തങ്ങളുടെ സ്വപ്നതുല്യമായ ബിംബമായി സ്വയം സ്വീകരിച്ചിരിക്കുന്ന ഒരു അന്തര്‍ദ്ദേശീയ പൗരന്റേത്‌. അടുത്തത്‌ സ്വന്തം നാട്ടില്‍(?) കുലീനമെന്നു കരുതുന്ന ഒരു വേഷവിധാനത്തോടു കൂടിയും. ജുബ്ബയും മുണ്ടുമായി നടക്കുന്ന നിരവധി രാഷ്ട്രീയക്കാര്‍ നമുക്കുണ്ടെങ്കിലും ശശി തരൂര്‍ ഇതില്‍ നിന്നും വ്യത്യസ്തനായിരിക്കുന്നത്‌ തരൂര്‍ രാഷ്ട്രീയത്തിലെത്തിയ സമയത്തും പിന്നീട്‌ വിജയിച്ചതിനുശേഷവും അദ്ദേഹം പ്രദര്‍ശിപ്പിച്ചതും പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നതുമായ മാനറിസങ്ങളും അഭിപ്രായങ്ങളും ആ സമയത്തുതന്നെ ഇന്ത്യന്‍ പൊതുസമൂഹത്തില്‍/പൊതുമണ്ഡലത്തില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ആശയരൂപീകരണത്തിലൂടെയുമൊക്കെയാണ്‌. ഈ ചിത്രങ്ങള്‍ ഇന്ത്യന്‍ പൊതുമണ്ഡലത്തിലെ നിരവധി ലോജിക്കുകളെ പൊളിച്ചുകളയുന്നതിനോടൊപ്പം ചിലത്‌ പുറത്തുകൊണ്ടുവരുന്നുമുണ്ട്‌.അതിനുള്ള ശ്രമമാണ്‌ താഴെ.

മധ്യവര്‍ഗ്ഗവും രാഷ്ട്രീയക്കാരും

മുംബൈ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ മധ്യവര്‍ഗ്ഗങ്ങള്‍ മറ്റുകാലങ്ങളില്‍ നിന്നും വ്യത്യസ്തമായി തെരുവുകളില്‍ പൊട്ടിത്തെറിച്ചതു ഇന്ത്യ ദര്‍ശിക്കുകയുണ്ടായി. ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ക്കെതിരെ അവര്‍ ആവേശപൂര്‍വ്വം മുദ്രവാക്യങ്ങള്‍ വിളിച്ചു. 'വോട്ടുമില്ല,ടാക്സുമില്ല' എന്നെഴുതിയ ബാനറുകള്‍ ഉയര്‍ത്തിക്കാട്ടി. റാലികളില്‍ ഉണ്ടായിരുന്ന ചിലരെങ്കിലും ആദ്യമായാണത്രെ ഇത്തരത്തിലുള്ള റാലികളില്‍ പങ്കെടുത്തിരുന്നത്‌. റാലികളില്‍ നിരവധി പ്രൊഫഷനലുകള്‍ പങ്കെടുത്തു. നേതൃത്വം കൊടുക്കാനുള്ള ലീഡര്‍മാരും സംഘടനയുമില്ലാതെയായിരുന്നുവത്രെ റാലി സംഘടിപ്പിക്കപ്പെട്ടത്‌. എസ്‌.എം.എസ്സും നെറ്റ്‌വര്‍ക്കിങ്ങ്‌ സൈറ്റുകളും ബ്ലോഗുമായിരുന്നു സംഘാടനത്തിന്റെ മാധ്യമം. ഒരു സംഘടനയുമില്ലെങ്കിലും സംഘാടന മാധ്യമത്തിന്റെ പ്രത്യേകതകൊണ്ടും നിലപാടുകളിലെ സൂചനകൊണ്ടും മധ്യവര്‍ഗ്ഗപൊതുബോധമായിരുന്നു സംഘാടകന്‍ എന്ന് വ്യകതമായിരുന്നു.

ഈ 'മധ്യവര്‍ഗ്ഗ പൊട്ടിത്തെറി' സൃഷ്ടിച്ച മിത്തുകളാണ്‌ ഏറ്റവും ശ്രദ്ധേയം. രാഷ്ട്രീയക്കാര്‍ക്കും മധ്യവര്‍ഗ്ഗത്തിനുമിടയില്‍ ഒരു വലിയ വിടവുണ്ടെന്ന് ഇത്‌ സങ്കല്‍പ്പിക്കുന്നു. തങ്ങള്‍ യഥാര്‍ത്ഥ പൗരന്മാരാണെന്നും പീഢിതരാണെന്നും നടിക്കുന്നു. സംവരണവിരുദ്ധ സമരകാലത്താണ്‌ ഈ വര്‍ഗ്ഗക്കൂട്ടത്തെ അവസാനമായി നാം കണ്ടത്‌. അന്നവര്‍ തെരുവുകളില്‍ ചെരിപ്പുതുടച്ചുകൊണ്ട്‌ തങ്ങളുടെ 'ദുര്‍വ്വിധിയെ' ദയനീയമായി പ്രദര്‍ശിപ്പിച്ചു. ഐ.ഐ.ടികളിലെയും ഐ.ഐ.എം.കളിലെയും കേന്ദ്രമെഡിക്കല്‍ കോളേജുകളിലെയും 'ബുദ്ധിമാന്മാരായ' ഈ ചെറുപ്പക്കാര്‍ ‍തെരുവുകളില്‍ കാറുതുടക്കുകയും പഴം വില്‍ക്കുകയും ചെയ്തുകൊണ്ട്‌ ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. അന്നും രാഷ്ട്രീയക്കാരുടെ സംവരണവോട്ട്‌ ബാങ്ക്‌ കുതന്ത്രങ്ങളാണ്‌ അവരുടെ പരിഹാസങ്ങള്‍ക്ക്‌ പാത്രമായത്‌.

ഇത്രമേല്‍ പരിഹസിക്കപ്പെടാന്‍ തക്കവണ്ണം ഈ രാഷ്ട്രീയക്കാരും മധ്യവര്‍ഗ്ഗവും തമ്മില്‍ ഇത്രമേല്‍ അന്തരമുണ്ടോ? അവര്‍ പരസ്പരം ശത്രുതയിലുമാണോ?

ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ അടിസ്ഥാനപരമായും ഇന്ത്യന്‍ മധ്യവര്‍ഗ്ഗങ്ങളില്‍ നിന്നാണ്‌ വളര്‍ന്നുവന്നത്‌. സ്വാതന്ത്ര്യസമരത്തില്‍ എല്ലായ്പ്പോഴും തന്ത്രപരമായ നിലപാടുകള്‍ സൂക്ഷിച്ചിരുന്ന ഈ വിഭാഗം കോണ്‍ഗ്രസ്സിന്റെ നേതൃനിരയിലുണ്ടായിരുന്നു.പ്രവിശ്യാനിയമസഭകളുടെ രൂപീകരണകാലം മുതല്‍ പിന്നീട്‌ 1947 ലെ ഇന്ത്യന്‍ യൂണിയന്റെ രൂപീകരണകാലം വരെയുള്ള കാലത്ത്‌ ഇവര്‍ ബ്രിട്ടനുമായി അധികാരത്തിനു വേണ്ടി വിലപേശിക്കൊണ്ടിരുന്നു. എപ്പോഴെങ്കിലും ഈ പ്രസ്ഥാനം ജനങ്ങളുടെ ഇടയിലേക്ക്‌ ഇറങ്ങിച്ചെന്നാല്‍ ഉടനടി സമരങ്ങള്‍ പിന്‍ വലിച്ചുകൊണ്ട്‌ അവര്‍ അവരുടെ വര്‍ഗ്ഗ വിശുദ്ധി കാത്തുസൂക്ഷിച്ചു. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ കുറിച്ച്‌ പവന്‍.കെ.വര്‍മ്മ നിരീക്ഷിക്കുന്നു..."ദേശീയപ്രസ്ഥാനം ഉയര്‍ന്ന മധ്യവര്‍ഗ്ഗത്തിന്റെ പ്രസ്ഥാനമായിരുന്നുവെന്ന് സമ്മതിക്കാനുള്ള ആര്‍ജ്ജവം നെഹൃവിനെപ്പോലെ ചിലര്‍ക്കുമാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്ലാവര്‍ക്കും ഒരു പോലെ പങ്കുള്ള ബഹുജനപ്രസ്ഥാനമാണ്‌ സ്വാതന്ത്ര്യപ്രസ്ഥാനമെന്നുവന്നാല്‍ അതിന്റെ തലപ്പത്തെത്തുന്നവരുടെ ആശയങ്ങള്‍ക്കും നടപടികള്‍ക്കും ജനാധിപത്യാവകാശം ചാര്‍ത്തിക്കിട്ടും. " സ്വാതന്ത്ര്യലബ്ധിയോടെ ആ വര്‍ഗ്ഗം രാജ്യത്തിന്റെ സ്വാഭാവിക നേതൃത്വമാവുന്നത്‌ ഈ സാഹചര്യത്തിലാണ്‌.

എന്നാല്‍ ഇത്തരത്തില്‍ സ്വാഭാവികമായും നേതൃത്വമായി അവരോധിക്കപ്പെട്ട ഈ വിഭാഗം പിന്നെ എന്തുകൊണ്ടാണ്‌ രാഷ്ട്രീയകാര്‍ക്കെതിരെ ആഞ്ഞടിക്കുന്നത്‌?

ഇത്തരത്തില്‍ പ്രതികരിക്കുന്നതിലൂടെ ആ വര്‍ഗ്ഗം വലിയ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നുണ്ട്‌. സ്വാതന്ത്രത്തിന്റെ 6 ദശകങ്ങള്‍ക്കുശേഷം അവര്‍ തകര്‍ന്നുപോയ ഒരു നാടിനെ നോക്കിക്കൊണ്ട്‌ ഈ തകര്‍ച്ചയിലുള്ള തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു. രാഷ്ട്രീയക്കാര്‍ക്ക്‌ അവര്‍ കൊടുക്കുന്ന ചില നിര്‍വ്വചനമുണ്ട്‌. അവരുടെ വാചകമടികളില്‍ നിന്ന് അത്‌ വ്യക്തമാകുന്നുണ്ട്‌. 'നിരക്ഷരരായ' രാഷ്ട്രീയക്കാര്‍ക്കെതിരെയാണ് അവര്‍ സത്യത്തില്‍ ആഞ്ഞടിക്കുന്നത്‌. കേരളത്തിലെ നിയമസഭാതെരഞ്ഞെടുപ്പിനെ തുടന്ന് ഐ.ടി. തൊഴിലാളികള്‍(!)ക്കിടയില്‍ പ്രചരിച്ച ഒരു എസ്‌.എം.എസ്‌. ഫലിതം കേരളത്തിലെ മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചാണ്‌. കുറച്ചുകൂടി സൂക്ഷ്മമായി പരിശോധിച്ചാല്‍ നവലിബറല്‍ ആശയക്കാരുടെ എതിരാളികളെയാണ്‌ രാഷ്ട്രീയക്കാരെന്നു പറഞ്ഞ്‌ ആക്ഷേപിക്കുന്നത്‌(ഈ ആക്ഷേപിക്കപ്പെടുന്നവര്‍ സത്യത്തില്‍ നവലിബറലിസത്തിനെതിരാണോ എന്ന ചോദ്യം മറ്റൊന്നാണ്‌ )രാഷ്ട്രീയകാര്‍ക്കെതിരെ ആഞ്ഞടിക്കുന്നതിലൂടെ ഇത്തരത്തില്‍ ഉത്തരവാദിത്തത്തില്‍ നിന്നു ഒഴിയുന്നതിന്റെയും നവലിബറല്‍ ആശയങ്ങളെ ഊട്ടിയുറപ്പിക്കുന്നതിന്റെയും ഇരട്ടസാധ്യതകളാണ്‌ തുറന്നു തരുന്നത്‌.(ലൈസന്‍സ്‌ രാജ്‌ എന്ന പഴയ വ്യവസ്ഥ തങ്ങളുടെ തന്നെ പഴയ ആവശ്യങ്ങളില്‍ നിന്ന് ഉയര്‍ന്നു വന്നതാണെന്ന കാര്യം അവര്‍ മറച്ചുവെക്കുന്നു. നരസിംഹറാവു ഒരിക്കല്‍ ഇന്ത്യന്‍ എക്സ്പ്രസ്സിലെഴുതിയ ഒരു ലേഖനത്തിലൂടെ ഇക്കാര്യം തുറന്നു പറയുകയുണ്ടായി)

ലോകത്തിലെ ഏറ്റവും വളരുന്നതും ബ്രിട്ടീഷ്‌ ജനസംഖ്യയേക്കാള്‍ കൂടുതല്‍ മധ്യവര്‍ഗ്ഗ ജനസംഖ്യയുള്ളതുമായ ഇന്ത്യയില്‍ ഭരണത്തിന്റെ മുഴുവന്‍ ഗുണഫലങ്ങളും അനുഭവിക്കുന്ന ഇവര്‍ തെരഞ്ഞെടുപ്പു പ്രക്രിയയില്‍നിന്ന് മാറിനില്‍ക്കുന്നു. മധ്യവര്‍ഗ്ഗങ്ങളില്‍ വെറും 30%-35%ശതമാനമാണ്‌ തങ്ങളുടെ വോട്ടിങ്ങ്‌ റൈറ്റ്‌ ഉപയോഗിക്കുന്നത്‌.മുംബൈയിലെ മധ്യവര്‍ഗ്ഗ പ്രദേശങ്ങളില്‍ 30%ത്തിനും40%ത്തിനും ഇടയിലായിരുന്നു പോളിങ്ങ്‌ . ഇതു പക്ഷേ അവരുടെ രാഷ്ട്രീയ താല്‍പര്യമില്ലായ്മയേക്കാള്‍ കൂടുതല്‍ ഒരു പാര്‍ട്ടിയുടേയും വിജയം തങ്ങളെ കുഴപ്പത്തിലാക്കുന്നില്ലെന്ന ചിന്തയില്‍നിന്നുമാണ്‌ രൂപം കൊള്ളുന്നത്‌.പൊതുവില്‍ വോട്ടുചെയ്യാന്‍ പോകാറുള്ള കൊച്ചിക്കാര്‍ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ കുറവുമാത്രമേ വോട്ടുചെയ്തുള്ളു എന്ന ഒരു വാര്‍ത്ത അക്കാലത്ത്‌ കേട്ടിരുന്നു.ആരു ഭരിച്ചാലും തങ്ങളുടെ കാര്യങ്ങള്‍ നടന്നുകൊള്ളുമെന്നതായിരുന്നുവത്രെ അവരുടെ ലോജിക്ക്‌. കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയിലെ ഗൗഢസാരസ്വതബ്രാഹ്മണര്‍ തിങ്ങിപ്പാര്‍ക്കുന്ന ശൃംഗപുരത്ത്‌ കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വളരെ കുറവ്‌ ശതമാനമാണ്‌ പോള്‍ ചെയ്തത്‌. കാരണമന്വേഷിച്ചവര്‍ കണ്ടെത്തിയ കാരണം വിചിത്രമായിരുന്നു.ശൃംഗപുരത്തെ വാര്‍ഡ്‌ ഒരു സംവരണമണ്ഡലമാണ്‌. ബി.ജെ.പിക്ക്‌ സ്വാധീനമുള്ള ഇവിടെ അവരും മറ്റുപാര്‍ട്ടിക്കാരും വോട്ടുചെയ്തില്ല. എങ്ങിനെ വന്നാലും ഒരു ദളിതനെതന്നെയല്ലേ തെരഞ്ഞെടുക്കാന്‍ കഴിയൂ എന്നതായിരുന്നുവത്രെ വോട്ടിങ്ങ്‌ ശതമാനത്തിലെ കുറവിനു കാരണം! വര്‍ഗ്ഗത്തോടൊപ്പം ജാതിയും ഒരു സ്വാധീനഘടകമാണെന്നു സാരം.

ശശി തരൂരും മധ്യവര്‍ഗ്ഗവും

ഈ മധ്യവര്‍ഗ്ഗത്തിന്റെ സ്വഭാവ സവിശേഷതകളൊക്കെ ശശിതരൂരിലും നമുക്കു കാണാം. യു.എന്‍.പ്രഭാവത്തിന്റെ മഹിമയോടെ രാഷ്ട്രീയത്തിലിറങ്ങിയ തരൂരിന്‌ രണ്ടു മുഖങ്ങളാണ്‌ അവതരിപ്പിക്കേണ്ടിവന്നത്‌. ഒന്ന് ഒരു അന്താരാഷ്ട്ര പൗരനെന്ന ഇമേജറിയാണ്‌. തിരുവനന്തപുരം പോലെ മധ്യവര്‍ഗ്ഗ സ്വാധീനമുള്ള ഒരു പ്രദേശത്ത്‌ അദ്ദേഹത്തെ അവതരിപ്പിക്കുന്നതിന്റെ സാധ്യത തന്നെ അതായിരുന്നു.( കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത്‌ മന്ത്രിപദത്തിന്റെ സാധ്യതയില്‍ രാജഗോപാലിന്‌ വോട്ട്‌ ഒഴുക്കിക്കൊടുത്തത്‌ തിരുവനന്തപുരത്തിന്റെ മധ്യവര്‍ഗ്ഗ സ്വഭാവവിശേഷത്തിന്റെ ഒരു തെളിവാണ്‌)എന്‍.ആര്‍.ഐ.കളും ടെക്നോപാര്‍ക്കിലെ ജീവനക്കാരും തരൂരിനുവേണ്ടി ലഭ്യമായ ഇടങ്ങളിലൊക്കെ സംസാരിച്ചു.രണ്ട്‌,അതേ സമയം താന്‍ ഒരു മലയാളിയാണെന്നും പാരമ്പര്യവാദിയാണെന്നും ഇതേമധ്യവര്‍ഗ്ഗത്തെ അദ്ദേഹത്തിന്‌ ബോധ്യപ്പെടുത്തേണ്ടിയിരുന്നു.(വോട്ടിനു വേണ്ടി മധ്യവര്‍ഗ്ഗേതരജനതയെ തൃപ്തിപ്പെടുത്തേണ്ടതും മറ്റൊരാവശ്യമായിരുന്നു) ഒരു രാഷ്ട്രീയക്കാരനെന്ന ഇമേജറിയെ ഒരു മധ്യവര്‍ഗ്ഗക്കാരനുയോജിച്ചപോലെ തള്ളിപ്പറയേണ്ടതും അദ്ദേഹത്തിന്റെ ആവശ്യത്തില്‍ പെട്ടിരുന്നു. കൂടുതല്‍ പ്രൊഫഷനലുകളെയും ബുദ്ധിജീവികളേയും രാഷ്ട്രീയത്തിന്‌ ആവശ്യമുണ്ടെന്ന് അദ്ദേഹം ഒരു അഭിമുഖത്തിലൂടെവ്യക്തമാക്കി. തെരഞ്ഞെടുപ്പുകാലത്ത്‌ ഒരു പ്രമുഖ ചാനല്‍ നടത്തിയ സ്ഥാനാര്‍ത്ഥി ചര്‍ച്ചയില്‍ തന്നെ ഒരു 'വെറും' രാഷ്ട്രീയക്കാരനായി കാണുന്നതിലെ അമര്‍ഷം അദ്ദേഹം മറച്ചുവെച്ചില്ല. പാര്‍ലമെന്റില്‍ വേണ്ടത്‌ അന്താരാഷ്ട്രതലത്തിലൂടെ താന്‍ നേടിയെടുത്ത ഡിബേറ്റിങ്ങ്‌ പാടവമാണെന്നും അദ്ദേഹം മറ്റൊരിടത്ത്‌ തുറന്നടിച്ചു. ഇംഗ്ലീഷിലെ പാടവം അദ്ദേഹം ഒരു തെരഞ്ഞെടുപ്പുവിഷയമാക്കി. അങ്ങനെ ചെയ്യാന്‍ എതിരാളികളുടെ വാദഗതികളും അദ്ദേഹത്തെ സഹായിച്ചു.നിങ്ങള്‍ പറയുന്നത് മനസ്സിലാക്കാനുള്ള മലയാളവും അത് പാര്‍ലമെന്റില്‍ പറയാനുള്ള ഇംഗ്ല്ലീഷും തനിക്കറിയാമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഇംഗ്ല്ലീഷ് പാടവത്തെകുറിച്ചുള്ള അപദാനങ്ങളായിരുന്നു അദ്ദേഹത്തിന്റെ മധ്യവര്‍ഗ്ഗ അനുയായികളുടെ പ്രധാന തുരുപ്പ് ചീട്ട്.

മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രങ്ങളിലേക്കുവരാം. കഴിഞ്ഞ കുറേ നാളുകളായി അദ്ദേഹം, കേരളത്തില്‍ ഒരു പക്ഷേ അധികം പ്രചാരമില്ലാത്ത , ത്രിവര്‍ണ്ണ കരയുള്ള ഷാളുമായി ഒരു സവര്‍ണ്ണ രൂപത്തോടെയാണ്‌ പ്രത്യക്ഷപ്പെടുന്നത്‌. തന്റെ വ്യക്തിഗത സൈറ്റില്‍ എടുത്തു ചേര്‍ത്തിരിക്കുന്ന ഒരു വീഡിയോയുടെ തലവാചകത്തില്‍ 'ഞാനൊരു മലയാളിയാണെ'ന്നാണ്‌ അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്‌. ഒരു സാധാരണ രാഷ്ട്രീയക്കാരനായി അറിയപ്പെടാനാഗ്രഹിക്കാത്ത തരൂരിന്റെ വേഷവിധാനത്തില്‍ ഒരു ത്രിവര്‍ണ്ണ ഷാള്‍ കടന്നുകൂടുന്നതില്‍ ഒറ്റനോട്ടത്തില്‍ ഒരു വൈരുദ്ധ്യമുണ്ടെന്നത്‌ വാസ്തവമാണെങ്കിലും ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിന്റെ രൂപമാറ്റങ്ങളെ വിശകലനം ചെയ്യുമ്പോള്‍ അതില്‍ അത്ഭുതങ്ങളൊന്നും തന്നെയില്ലെന്നതാണ്‌ സത്യം. ഒരു ആഗോള പൗരനായും അതോടൊപ്പം ഒരു പാരമ്പര്യവാദിയായും ഇരിക്കുകയെന്നതാണ്‌ ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിന്റെ മുഖ്യമായ ഒരു സ്വഭാവം.ഒരു ഭാഗത്ത്‌ ഇംഗ്ലീഷ്‌ പഠിച്ച പരിഷ്ക്കാരിയും കൊളോണിയലിസത്തിന്റെ ആരാധകനും മറുഭാഗത്ത്‌ പാരമ്പര്യനിഷ്ടമായ ജീവിതക്രമത്തിന്റെയും നിലപാടുകളുടേയും പിന്തുടര്‍ച്ചക്കാരനുമായും ജീവിച്ച ചന്തുമേനോന്റെ ഇന്ദുലേഖയിലെ മാധവനാണ്‌ തരൂരിന്റെ ഒരു റോള്‍ മോഡല്‍.

അതോടൊപ്പം രാഷ്ട്രീയക്കാരനായിരിക്കുകയും മുകളില്‍ നാം വിവരിച്ച മധ്യവര്‍ഗ്ഗ സ്വഭാവത്തോടെ രാഷ്ട്രീയക്കാരെ പരിഹസിക്കുകയും ചെയ്യുന്ന ഒരു വൈരുദ്ധ്യത്തില്‍ നിന്നാണ്‌ഷോളണിഞ്ഞ തരൂര്‍ സാധ്യമാകുന്നത്‌.

15 comments:

Manoj മനോജ് said...

ശശിയുടെ “ഷോളിടല്‍“ വെറൂം “ഷോ“ ആയല്ലേ കാണേണ്ടതുള്ളൂ!!! പണ്ട് ഒരു വള്ളി കഴുത്തില്‍ കെട്ടിയിരുന്നു ഇന്ന് അത് അഴിച്ചിട്ടിരിക്കുന്നു :)

keralafarmer said...

രാഷ്ട്രീയക്കാരില്‍ നിന്ന് വ്യത്യസ്ഥനായ തരൂരിനെതിരെ രാഷ്ട്രീയക്കാര്‍ തുറന്നടിച്ചുതുടങ്ങിയിരിക്കുന്നു. പരാതി തലപ്പത്തുവരെ എത്തി. കൊടിപിടിച്ചും സമരം ചെയ്തും വളര്‍ന്നു വരുന്നവര്‍ക്ക് അധികാരത്തിലെത്തുവാന്‍ മോഹം. വിദ്യാഭ്യാസത്തിലും അറിവിലും (ഹിന്ദിയും ആംഗലേയവും അറിയാത്ത എം.പിമാര്‍) യോഗ്യതയില്ലാത്തവര്‍ക്ക് ഒരു ഭീഷണിയായി വേണം ഇതെല്ലാം കൈമുതലായുള്ള തരൂരിനെ കാണാന്‍. തിരുവനന്തപുരത്ത് എന്തു വികസനം കൊണ്ടു വന്നാലും എതിര്‍പ്പുകള്‍ ഉണ്ടാവും എന്നത് മറ്റൊരു സത്യം. ചേരയെത്തിന്നുന്ന നാട്ടില്‍ പോയാല്‍ നടുത്തുണ്ടം തിന്നണം എന്ന പോലെയേ ഉള്ളു നാം ധരിക്കുന്ന വസ്ത്രത്തിനും. 1971 ല്‍ പട്ടാളത്തില്‍ നിന്ന് നോര്‍‌ത്തേണ്‍ അയര്‍ലന്റില്‍ പരിശീലനത്തിന് പോയപ്പോള്‍ എനിക്കും ധരിക്കേണ്ടിവന്നും കോട്ടും സൂട്ടും ടൈയും. അതു വരുത്തിവെച്ച കടം വീട്ടാന്‍ മാസങ്ങളെടുത്തു.

പാമരന്‍ said...

കേരളമന്ത്രിമാരുടെ വിദ്യാഭ്യാസയോഗ്യതയെക്കുറിച്ച്‌ തമാശകള്‍ പറയുന്നത്‌ ഐടികാരുടെ ഇടയില്‍ ഒരു ഫാഷനായിരുന്നു. ബോംബേയില്‍ നടന്ന റാലിയെക്കുറിച്ചുള്ള ഒത്തിരി ഫോര്‍വേഡെഡ്‌ ഈമെയിലുകളും കിട്ടിയിട്ടുണ്ട്‌..

ഉറുമ്പ്‌ /ANT said...

ആ മാറ്റം ഒരു താൽകാലിക രാഷ്ട്രീയ അടവായി മാത്രം കാണുന്നതല്ലേ ഉചിതം ?

ചന്ദ്രശേഖരന്‍. പി said...

ഹിന്ദിയിലും ആംഗലേയത്തിലും നിഷ്ണാതരായില്ലെങ്കില്‍ എം പി മാരാകേണ്ട എന്ന്‌ ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നില്ലല്ലോ. അതെന്തുകൊണ്ട്‌?

സാധാരണ ആളുകള്‍ക്ക്‌ വേണ്ടതെന്താണെന്ന്‌ അവര്‍ തന്നെയാണ്‌ നിശ്ചയിക്കുന്നത്‌. അതറിയാനും വേണ്ടിടത്ത്‌ അതിനു വേണ്ടി വാദിക്കാനും സ്വന്തം മാതൃഭാഷതന്നെ ധാരാളം. അതിനെത്രയോ ഉദാഹരണങ്ങള്‍ നമ്മുടെ നിയമനിര്‍മാണസഭകളുടെ ചരിത്രത്തിലുണ്ട്‌. ഏറെക്കാലം യു എന്നില്‍ പ്രവര്‍ത്തിച്ചു എന്നതുകൊണ്ടു മാത്രം ഒരാള്‍ പാര്‍ലിമെണ്റ്ററി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ പ്രാപ്തനാകുമെന്നു തോന്നുന്നില്ല. രണ്ടും രണ്ടല്ലേ?

പിന്നെ തരൂരിനെ കേരളീയണ്റ്റെ നിത്യനിദാനങ്ങളുടെ കാര്യം പറയാനൊന്നുമല്ല തെരഞ്ഞെടുപ്പിനിറക്കിയത്‌. എന്നും ചാഞ്ചാടി മാത്രം നില്‍ക്കുന്ന മദ്ധ്യവര്‍ഗത്തിണ്റ്റെ വോട്ട്‌ കിട്ടാന്‍ പറ്റിയ ആളാണെന്നു കരുതിത്തന്നെയാണ്‌. ജയിച്ചാല്‍ ഒരു ഡിപ്ളോമാറ്റ്‌ എന്ന നിലയിലുള്ള അങ്ങോരുടെ കഴിവുകള്‍ ഉപയോഗപ്പെടുത്താമെന്നെങ്ങാനും കരുതിക്കാണും അത്രയേയുള്ളൂ. അല്ലെങ്കില്‍ സ്ഥാനാര്‍ത്ഥിനിര്‍ണയത്തെച്ചൊല്ലി തര്‍ക്കമുണ്ടായപ്പൊള്‍ ചുരുങ്ങിയപക്ഷം എറണാകുളത്തെങ്കിലും നിര്‍ത്താതിരുന്നതെന്തേ? ചുറ്റുപാടും നടക്കുന്നതെന്തെന്നു കണ്ട്‌ അതങ്ങോട്ടുമിങ്ങോട്ടും ചര്‍ച ചെയ്ത്‌, മറ്റുള്ളവരുടെ കണ്ണില്‍ അത്‌ തെറ്റായാലും ശരിയായാലും തനിക്കു ബോധ്യമാകുന്നതുപോലെ, മുകളില്‍ നിന്നിറക്കിക്കൊടുക്കുന്നതെന്തും അപ്പടി വിഴുങ്ങാതെ, ഉശിരോടെയും വാശിയോടെയും മാത്രം വോട്ട്‌ ചെയ്യാന്‍ മധ്യവര്‍ഗത്തിനറിയില്ലെന്ന്‌ വേണ്ടപ്പെട്ടവര്‍ക്ക്‌ നല്ലപോലെ അറിയാം. അവര്‍ക്കു സ്വന്തം വീട്ടുകാര്യങ്ങളും ടി വി സീരിയലുകളുമേ വേണ്ടൂ എന്നും.

പിന്നെ-
തരൂര്‌ ത്രിവര്‍ണ്ണഷാളുകളില്‍ വലിയ കാര്യമൊന്നും കാണുന്നുടാവില്ല, നിശ്ചയം. പറഞ്ഞപോലെ മധ്യവര്‍ഗത്തിനെ കയ്യിലെടുക്കാന്‍ ഒരു തന്ത്രം. മുംബൈ വെടിവയ്പിണ്റ്റെ കാലത്ത്‌ ഇന്ത്യയില്‍ രാഷ്ട്രീയക്കാരാണ്‌ രാജ്യത്തിണ്റ്റെ ശാപമെന്നു വീളിച്ചുപറയാന്‍ വിവരക്കേടു കാണിച്ച പത്രങ്ങളില്‍ നിന്നു പഠിച്ച പര്‍ലമെണ്റ്ററി ബോധമേ അദ്ദേഹത്തിനും ഉണ്ടാകാനിടയുള്ളൂ.

പലതും ഇനിയും കാണാനിരിക്കുന്നതല്ലേയുള്ളൂ. സാധാരണക്കാരണ്റ്റെ നാഡിമിടിപ്പറിയുന്ന രാഷ്ട്രീയക്കാരെ അങ്ങോര്‍ നാളെ തള്ളിപ്പറയുന്നത്‌ നമുക്കു കാണാന്‍ കഴിഞ്ഞേക്കും.

ശശി തരൂര്‌ അതിമാനുഷനൊന്നുമല്ല.

keralafarmer said...

സുതീഷ്ണന്‍,
സര്‍ക്കാര്‍ ജോലി കിട്ടണമെങ്കില്‍ നിശ്ചിത യോഗ്യതയും പ്രായ പരിധിയും ഉണ്ട്. ഒരു പാഷ്ട്രീയക്കാരന് അതൊന്നും വേണ്ട. ജനത്തെ ക്‍യ്യിലെടുക്കാനുള്ള കഴിവുമാത്രം മതി. ഇന്‍ഡ്യന്‍ ജനാധിപത്യത്തില്‍ കഴിവുള്ള മധ്യ വയസ്കരേക്കാള്‍ മൂത്ത് നരച്ചവര്‍ക്കാണ് അവസരം. അത് തന്നെയാണ് പാര്‍ട്ടി നയങ്ങളും. പത്ത് യുവാക്കളെ കൂടെ നിറുത്തി വയസ്സായവര്‍ക്ക് മന്തൂക്കമുള്ള ഭരണ സംവിധാനം. അമേരിക്കയിലെ ജനാധിപത്യ സംവിധാനം (അതിന്റെ പൂര്‍ണവിവരം അറിയാത്ത ഒരു വിവരദോഷിയാണ് ഞാന്‍)ഒബാമയെ പ്രസിഡന്റാക്കി അതിന്റെ മാറ്റവും നാം കാണുന്നത് നല്ല ലക്ഷണങ്ങള്‍ തന്നെയാണ്. ചാഞ്ചാടി നില്‍ക്കുന്ന മധ്യ വര്‍ഗത്തിന് മാത്രമേ സ്വതന്ത്രമായി ചിന്തിക്കാന്‍ കഴിയൂ. അതാണ് പത്തുവര്‍ഷത്തിലൊരിക്കല്‍ കേരളത്തില്‍ മാറിമാറി ഭരിക്കാന്‍ അവസരം ലഭിക്കുന്നതും. മറ്റുള്ളവര്‍ക്ക് രാഷ്ട്രീയ തിമിരം ആയിരിക്കും. അവര്‍ക്ക് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുവാനുള്ള അവകാശം ഇല്ലല്ലോ. പാര്‍ട്ടികളാണല്ലോ എല്ലാം നിശ്ചയിക്കുന്നത്. അതാണോ ജനാധിപത്യം. കാതലായ മാറ്റം ജനാധിപത്യത്തില്‍ ആവശ്യമാണ്.

ചന്ദ്രശേഖരന്‍. പി said...

ശശി തരൂരിനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്‌ തിരുവനന്തപുരത്തുകാരാണോ?

രാഷ്ട്രീയം വിദ്യാഭ്യാസയോഗ്യതയും പ്രായപരിധിയും നിശ്ചയിച്ച്‌ സര്‍ക്കാര്‍ സ്താപനങ്ങളില്‍ അപേക്ഷിച്ചു കിട്ടുന്ന തൊഴിലാണോ?

ആശയങ്ങളുടേയും കാഴ്ചപ്പാടുകളുടേയും പേരില്‍ ദീര്‍ഘകാലമായി ഒരേ പാര്‍ട്ടിയുടെ കൂടെ നിലകൊള്ളുന്ന, പൊതുവേ ജനങ്ങള്‍ ബഹുമാനിക്കുന്ന പല നേതാക്കളും നമുക്കില്ലേ? അവരെല്ലാം തിമിരം ബാധിച്ചവരാണോ?

Manoj മനോജ് said...

ഫാര്‍മര്‍ജി,
തമിഴ്നാട്ടില്‍ ഏത്ര എം.പി.മാര്‍ ഹിന്ദി പറയും? എന്നിട്ട് തമിഴ്നാട്ടില്‍ റെയില്‍ വികസനം വരുന്നില്ലേ? കേന്ദ്രം നേരിട്ട് വ്യവസായം നടത്തുന്നില്ലേ? വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നോര്‍ത്തിന്ത്യയില്‍ നിന്ന് തമിഴ്നാട്ടിലേയ്ക്ക് രായ്ക്ക് രാമാനം കടത്തപ്പെടുന്നില്ലേ? എന്തിന് ഭീഷണിയിലിരിക്കുന്ന മുല്ലപെരിയാറീനനുകൂലമായി കേന്ദ്രത്തില്‍ നിന്ന് നടപടിയുണ്ടാക്കുവാന്‍ അവര്‍ക്ക് കഴിയുന്നില്ലേ? അപ്പോള്‍ ഹിന്ദിയിലോ ഇംഗ്ലീഷിലോ യു.എന്നി.ലിരുന്ന് മൂന്നാം ലോക ദരിദ്ര രാജ്യങ്ങള്‍ക്ക് പാര വെച്ചും ഉള്ള പരിചയമല്ല പ്രാധാന്യം.... സ്വന്തം സ്ഥലം നന്നാകണമെന്നതിന് പുറമേ സ്വന്തം ബന്ധുജനങ്ങളും സ്വന്തം പോക്കറ്റും നിറയണം എന്ന് കൂടി വിചാരിക്കുന്ന ഏത് ഇന്ത്യക്കാരനും നല്ല ഒരു എം.പി.യാകാം.... തമിഴ്നാടും, ബീഹാറും മറ്റും അത് തെളിയിച്ച് തരുന്നു... :)

Suraj said...

"ആരു ഭരിച്ചാലും തങ്ങളുടെ കാര്യങ്ങള്‍ നടന്നുകൊള്ളുമെന്നതായിരുന്നുവത്രെ അവരുടെ ലോജിക്ക്‌."

പക്ഷേ ചോദിച്ചാല്‍ മുഖത്ത് കടുത്ത നിരാശ വാരിത്തേച്ച് ഇങ്ങനെയാവും മൊഴിയുന്നതെന്നു മാത്രം : “ആരു ഭരിച്ചാലും സാധാരണക്കാരന് (ആം ആദ്മി !)കണക്കാണ്”

സാറിന്റെ ബോണസും ഗ്രാറ്റുവിറ്റിയുമൊന്നും ഇപ്പ കിട്ടാറില്ലേ എന്ന് മൈക്കും കൊണ്ട് റോഡില്‍ നില്‍ക്കുന്ന ചാനല്‍കിളി ചോദിക്കൂലല്ലോ.

അപരന്‍ said...

1).ഒരു മധ്യവര്‍ഗ്ഗക്കാരനായി നിന്ന് കൊണ്ട് മധ്യവര്‍ഗ്ഗത്തെ വിമര്‍ശിക്കാന്‍ കഴിയുമ്പോള്‍ ഒരു രാഷ്ട്രീയക്കാരന് , വ്യത്യസ്ഥനെന്നു അവകാശപ്പെട്ടു 'ടിപിക്കല്‍' രാഷ്ട്രീയക്കാരെ വിമര്‍ശിച്ചു കൂടെ. ?
2).ശശി തരൂരിന് മാത്രമാണോ ഇത്തരം ചിഹ്നങ്ങള്‍ ഉള്ളത് . രാഷ്ട്രീയത്തില്‍ ഇറങ്ങുമ്പോള്‍ തന്നെ വായ്മൊഴിയിലും ശരീര ഭാഷയിലും വസ്ത്ര ധാരണത്തിലും രൂപാന്തരങ്ങള്‍ ഉണ്ടാവുന്നത് സാധാരണമായി കാണുന്ന കാഴ്ചയല്ലെ ? (രാഷ്ട്രീയത്തില്‍ ഇത്തരം ചിഹ്ന്ങ്ങള്‍് പ്രധാനമാണ് എന്ന് അറിയു‌നത് കൊണ്ടാവുമല്ലോ അത് )

ചില സംശയങ്ങളാണ് .

ശശി തരൂര്‍ എത്ര നല്ല എം പി ആയിരിക്കുമെന്ന് കണ്ടു തന്നെ അറിയേണ്ട കാര്യമാണ് . പക്ഷെ തരൂരിന്റെ വസ്ത്രം അങ്ങേര്‍ക്കു വിട്ടു കൊടുത്ത് കൂടെ .

Unknown said...

രാഷ്ട്രീയക്കാരെ അകറ്റി നര്‍ത്തുന്ന മി. തരൂര്‍ ഇപ്പോള്‍ സാമുദായിക കോമരങ്ങളുടെ അനുഗ്രഹം വാങ്ങാനുള്ള തിടുക്കത്തിലാണ്. NSS നെ ശരിക്ക് ഗൌനിക്കാത്തതിന്റെ ഫലമായി പണിക്കര്‍ക്ക് മൂപ്പരെ ഇപ്പം ശരിക്കും ബോധിക്കുന്നില്ല. പോരെങ്കില്‍ ധനാഢ്യരുടെ അനുഗ്രത്തിനും പോകുന്നുണ്ട്. ഇവരേക്കാളുമല്ലാം എന്തുകൊണ്ടും ഭേദമാണ് രാഷ്ട്രീയക്കാര്‍. ഒന്നുമില്ലെങ്കിലും പാര്‍ട്ടി ലേബലില്ലെ ആള്‍ മത്സരിച്ചത്?

പിന്നെ വേഷത്തിലൊന്നും വലിയ കാര്യമില്ല. നമ്മുടെ ജയരാജന്‍ സഖാവ്(പരിപ്പുവട ഫെയിം) കോട്ടും സൂട്ടുമായി നടക്കുന്നതൊക്കെ കണ്ടിട്ടില്ലേ. (മൂപ്പര്‍ക്ക് പിന്നെ എതു വേഷവും ചേരും!)

ഗൗരിനാഥന്‍ said...

onnum parayanilla...

Anonymous said...

നല്ല ബ്രില്യന്റ് ആയ പോസ്റ്റുകള്‍... ഇവിടെ എത്താന്‍ വൈകി..കള്‍ച്ചരല്‍ സ്റ്റഡീസ് ഇപ്പോള്‍ ഒരു ഫാഷനാണല്ലൊ.പക്ഷെ ഈ പോസ്റ്റില്‍ നിലപാടുകളോടെയുള്ള ,മൂല്യബോധമുള്ള അനാലിസിസാണ് കാണാന്‍ കഴിയുന്നത്...കൂടുതല്‍ പതീക്ഷിക്കുന്നു . നന്ദി

Anonymous said...

sir, why silent for long time...? what is your opinion about Aasian treaty ?

Post said...

ഇന്ത്യന്‍ മധ്യവര്‍ഗം കരഞ്ഞുകൊണ്ടേയിരിക്കുന്ന കുട്ടികളാണ്. അവര്‍ക്കു പാലുകൊടുത്തുകൊണ്ടേയിരിക്കുക എന്നതില്‍ കവഞ്ഞ ഒന്നും തങ്ങളുടെ കടമയായി ഭരണകൂടം കരുതുന്നുമില്ല. അവര്‍ക്കിനിയും തരൂര്‍മാരെയും മന്മോഹന്‍ സിംഗുമാരെയും കിട്ടിക്കൊണ്ടിരിക്കും.