Monday, October 19, 2009

കോളനികളില്‍ ദളിത് പീഢനം

ദളിത് കോളനികളില്‍ പോലീസ് -ശിവസേനാ കൂട്ടുകെട്ട് അക്രമം അഴിച്ചുവിടുന്നു.
ഈ റിപ്പോര്‍ട്ടുകള്‍ കാണുക

http://www.youtube.com/watch?v=O7yWIgB2x7Y

തെഹല്‍ക്കയുടെ അജിത് സാഹി നടത്തിയ സന്ദര്‍ശനത്തെ തുടര്‍ന്ന് എഴുതിയ ലേഖനം താഴെ
http://www.tehelka.com/story_main43.asp?filename=Ne241009ambedkars_lost.asp

ബി.ആര്‍.പി ഭാസ്കറുടെ ലേഖനം താഴെ
വര്‍ക്കല : പൊലീസും മാധ്യമങ്ങളും തമസ്കരിക്കുന്ന വസ്തുതകളും
പി.യു.സി.എല്‍ ഉള്‍പ്പെടെ ഏതാനും മനുഷ്യാവകാശ സംഘടനകളുടെയും ദലിത് സംഘടനകളുടെയും പ്രതിനിധികളും അടങ്ങുന്ന 22 അംഗങ്ങളുള്ള വസ്തുതാപഠന സംഘത്തോടൊപ്പം ഇന്നലെ ഞാനും വര്‍ക്കല സന്ദര്‍ശിക്കുകയുണ്ടായി. സംഘം ശേഖരിച്ച വിവരങ്ങള്‍ വിശകലനം ചെയ്ത് ക്രോഡീകരിച്ച് വിശദമായ റുപ്പോര്‍ട്ട് എത്രയും വേഗം പ്രസിദ്ധീകരിക്കുന്നതാണ്. അതിനിടയില്‍ ചില വസ്തുതകള്‍ അടിയന്തിരമായി പൊതുജനശ്രദ്ധയില്‍ കൊണ്ടുവരേണ്ടത് ആവശ്യമായതുകൊണ്ട് തിരുവനതപുരത്ത് തിരിച്ചെത്തിയ ഉടന്‍ തന്നെ പി.യു.സി.എല്‍. സെക്രട്ടറി അഡ്വ. പി.എ.പൌരന്‍ , മനുഷ്യാവകാശ പ്രസ്ഥാനം സെക്രട്ടറി അഡ്വ. തുഷാര്‍ നിര്‍മ്മല്‍ സാരഥി എന്നിവരുമൊത്ത് ഞാനും മാധ്യമപ്രവര്‍ത്തകരെ കാണുകയുണ്ടായി. ആയുധധാരികളായ ശിവസേനക്കാരും പൊലീസും കൂടി തടഞ്ഞ സംഘാംഗവും പത്രപ്രവര്‍ത്തകനുമായ ബൈജു ജോണും ഞങ്ങളോടൊപ്പമുണ്ടായിരുന്നു.കള്ളക്കഥകള്‍ മെനയാനുള്ള വര്‍ക്കല പൊലീസിന്റെ സാമര്‍ത്ഥ്യവും വിവേചനാശക്തി പോയിട്ട് സാമാന്യബുദ്ധിപോലും ഉപയോഗിക്കാതെ അവ പ്രചരിപ്പിക്കാനുള്ള മാധ്യമ പ്രവര്‍ത്തകരുടെ സന്നദ്ധതയും ഈ സന്ദര്‍ശനം എന്നെ ബോധ്യപ്പെടുത്തി.പ്രഭാതസവാരിക്കിറങ്ങിയ ശിവപ്രസാദ് എന്ന നിരപരാധിയുടെ കൊലപാതകത്തിന് ഉത്തരവാദികളെന്ന് പൊലീസ് ആരോപിക്കുന്ന ദലിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്‌മെന്റിന്റെ (ഡി.എച്ച്.ആര്‍ .എം.) ഒരു ശക്തികേന്ദ്രമായ തൊടുവെ കോളനി സ്ന്ദര്‍ശിച്ച് മടങ്ങാനായി കോളനിക്കു പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളില്‍ കയറുമ്പോള്‍ ഏതാനും സ്ത്രീകള്‍ ഓടിവന്ന് ഞങ്ങളുടെ കൂട്ടത്തില്‍ പെട്ട ഒരാളെ ശിവസേനക്കാര്‍ മര്‍ദ്ദിക്കുന്നതായി അറിയിച്ചു. ഞങ്ങള്‍ തിരിച്ചുചെന്നപ്പോള്‍ സര്‍ക്കിള്‍ ഇൻസ്‌പെക്ടർ പി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഒരു പൊലീസ് സംഘവും ശിവസേനക്കാരും ചേർന്ന് ബൈജുവിനെ തടഞ്ഞുവെച്ചിരിക്കുന്നതാണ് കണ്ടത്. ബൈജുവിന്റെ മൊബൈല്‍ ഫോണ്‍ അവര്‍ പിടിച്ചുവാങ്ങിയിരുന്നു. എന്തിനാണ് ബൈജുവിനെ തടഞ്ഞതെന്ന് ചോദിച്ചപ്പോള്‍ ഒരു പ്രതി അവിടെ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വന്നതെന്ന് സി.ഐ. പറഞ്ഞു. ഞങ്ങളുടെ കൂട്ടത്തില്‍ പൊലീസ് തെരയുന്ന ഏതെങ്കിലും പ്രതിയുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇല്ലെന്ന് ആ ഉദ്യോഗസ്ഥന്‍ സമ്മതിച്ചു. ശിവസേനക്കാര്‍ പിടിച്ചെടുത്ത മൊബൈല്‍ തിരികെ കൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സി.ഐ. അത് തിരികെ വാങ്ങിക്കൊടുത്തു. അതോടെ ഞങ്ങള്‍ ബൈജുവിനെയും കൂട്ടി തിരിച്ചുപോയി.
പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ക്കല ഡേറ്റ്‌ലൈനില്‍ ഇന്ന് പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട റിപ്പോര്‍ട്ടുകള്‍ പറയുന്നത് മനുഷ്യാവകാശ പ്രവര്‍ത്തകരെ കോളനിവാസിക ള്‍തടഞ്ഞുവെന്നാണ്. ശിവസേന പരാമര്‍ശിക്കപ്പെടുന്നതേയില്ല. പൊലീസ് സ്ഥലത്തെ മാധ്യമപ്രവര്‍ത്തകരുടെ സഹായത്തോടെ ബോധപൂര്‍വ്വം തമസ്കരിക്കുന്ന ശിവസേനയുടെ പ്രവര്‍ത്തനം സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കിയാലെ വര്‍ക്കലയിലെ കൊലപാതകത്തിന്റെയും ബന്ധപ്പെട്ട മറ്റ് കുറ്റകൃത്യങ്ങളുടെയും ചുരുളുകളഴിയൂ. ഡി.എച്ച്.ആര്‍.എമ്മിന്റെ പ്രവര്‍ത്തനം പല കേന്ദ്രങ്ങളിലും എതിര്‍പ്പ് ഉയര്‍ത്തിയിട്ടുണ്ട്. പരമ്പരാഗതമായി ദലിത് വോ‍ട്ടുകള്‍ നേടിയിരുന്ന മുഖ്യധാരാ രാഷ്ട്രീയ കക്ഷികളാണ് ഒരുകൂട്ടര്‍. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഈ സംഘടന നിര്‍ത്തിയ സ്ഥാനാര്‍ത്ഥി 5,000ല്‍ പരം വോട്ട് നേടുകയുണ്ടായി. ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തനത്തിന്റെ ഫലമായി ദലിത് കോളനികളില്‍ മദ്യത്തിനും മയക്കുമരുന്നിനും ആവശ്യക്കാര്‍ ഇല്ലാതായതുമൂലം നഷ്ടമുണ്ടായിട്ടുള്ളവരാണ് ആ സംഘടനക്കെതിരെ രംഗത്തുള്ള മറ്റൊരു കൂട്ടര്‍. കോളനികളിലെ ബഹുഭൂരിപക്ഷം ദലിതരും ഡി.എച്ച്.ആര്‍.എമ്മിനെതിരായ പൊലീസിന്റെ ആരോപണങ്ങള്‍ വിശ്വസിക്കുന്നില്ല. ആണുങ്ങളെ മദ്യത്തില്‍ നിന്നും മയക്കുമരുന്നില്‍ നിന്നും മുക്തരാക്കിയ സംഘടനയെന്ന നിലയില്‍ സ്ത്രീകള്‍ക്കിടയില്‍ അതിന് വലിയ സ്വീകാര്യതയുണ്ട്. കോളനി നിവാസികള്‍ക്ക് കൈവശമുള്ള രണ്ട് സെന്റ് ഭൂമിക്ക് പട്ടയമില്ല. അവരെ തുരത്തി ഭൂമി കൈയടക്കാൻ ആഗ്രഹിക്കുന്ന മാഫിയാ സംഘങ്ങള്‍ക്ക് സമീപകാല സംഭവങ്ങളിലുള്ള പങ്ക് അന്വേഷണവിധേയമാക്കേണ്ടതാണ്.. മലയാള മാധ്യമങ്ങള്‍ വർക്കല പൊലീസ് വിളമ്പിക്കൊടുക്കുന്ന കഥകള്‍ ഉത്സാഹത്തോടെ പ്രചരിപ്പിക്കുമ്പോള്‍: ടെഹല്‍കയുടെ അജിത് സാഹി ഡി.എച്ച്.ആര്‍.എം. സ്ഥാപകന്‍ വി.വി. സെല്‍വരാജുമായി സംഭാഷണം നടത്തുകയുണ്ടായി. അദ്ദേഹത്തിന്റെ റിപ്പോർട്ട്ഇവിടെ വായിക്കാം. ശിവപ്രസാദിന്റെ കൊലപാതകത്തെ തുടര്‍ന്ന് പൊലീസ് കോളനികളിള്‍ ആരംഭിച്ച ദലിത് വേട്ട ഇപ്പോഴും തുടരുകയാണ്. ഈ വേട്ടയില്‍ ശിവവസേന പൊലീസിന്റെ കൂട്ടാളികളാണ്. ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുമ്പ് ശിവസേനക്ക് ദലിതരെ ആകര്‍ഷിക്കാന്‍ക ഴിഞ്ഞിരുന്നു. അത് വന്നശേഷം പലരും ഡി.എച്ച്.ആര്‍എമ്മിലേക്ക് ചേക്കേറി.
Posted by B.R.P.Bhaskar at Monday, October 19, 2009-- geedh