
അതേസമയം സ്വാധീനശക്തിയും പാരമ്പര്യവും മറ്റെല്ലാ സാധ്യതകളും ഉപയോഗിച്ച് മുഖ്യധാരാമാധ്യമങ്ങള്‍ ചിട്ടയോടെ മൂടിവെച്ച വാര്‍ത്ത അതേ രാത്രി തന്നെ ഇന്ത്യ കണ്ടതിലേറ്റവും പ്രചണ്ഡമായ വേഗതയില്‍ ദശലക്ഷക്കണക്കിന് പേര്‍ പരസ്പരം കൈമാറ്റം ചെയ്തു. ടാറ്റാഗ്രൂപ്പ് തങ്ങളുടെ പരസ്യങ്ങള്‍ പിന്‍വലിക്കാനൊരുങ്ങിയതിനെ തുടര്‍ന്ന് റാഡിയടേപ്പ് കവര്‍സ്റ്റോറി പിന്‍വലിക്കാന്‍ ഇന്ത്യാ ടുഡെ ഗ്രൂപ്പ് സി.ഇ.ഒ അരുണ്‍പുരി ഹെഡ്‌ലൈന്‍ ടുഡെ ചാനലിന് നിര്‍ദ്ദേശം കൊടുത്തു എന്ന ഒറ്റ വാചകം ബ്ലോഗുകളിലും ഫെയ്‌സ്ബുക്കിലും മെയില്‍ ഇന്‍-ബോക്‌സിലും മറ്റനേകം സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റുകളിലും വന്നുനിറഞ്ഞു. ഈ വാചകം നിരവധി ലക്ഷം തവണ റീ-ട്വീറ്റ് ചെയ്യപ്പെട്ടു. ഹെഡ്‌ലൈന്‍ ടുഡെയുടെ ഈ നടപടി അത്രമേല്‍ 'ദേശീയ'മല്ലാത്ത ന്യൂസ്‌റൂമുകളിലെ മാധ്യമപ്പടയുടെയും ഇന്റര്‍നെറ്റ് കഫെകളിലെ ചെറുപ്പങ്ങളുടെയും

റിപ്പോര്‍ട്ടറും വിഷയവും: ഒരു പ്രസ്‌ഫോട്ടോഗ്രാഫറുടെ രോഷം
കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഏതാനും പത്രങ്ങളില്‍ അടിച്ചുവന്ന ഒരു ചിത്രം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. അപകടത്തില്‍പെട്ട് മറിഞ്ഞ് കിടക്കുന്ന ഒരു വാഹനത്തിന്റെ ദൃശ്യം മൊബൈലില്‍ പകര്‍ത്തുന്ന ഒരുകൂട്ടം ആളുകളുടെ ചിത്രമായിരുന്നു അത്. ഇത്തരത്തില്‍ ഒരു ദൃശ്യം പകര്‍്ത്തുന്നത് കേരളീയരുടെ മങ്ങിക്കൊണ്ടിരിക്കുന്ന ധാര്‍മ്മികതയുടെ അടയാളമാണെന്നതായിരുന്നു ചര്‍ച്ചയുടെ മര്‍മ്മം. അഭയകേസില്‍ എറണാകുളം സി.ജെ.എം. കോടതിയില്‍ ഹാജരാക്കപ്പെട്ട സിസ്റ്റര്‍ സെഫിയുടെയും ഫാദര്‍ കോട്ടൂരാന്റെയും ദ്യശ്യങ്ങള്‍ ദ്യക്‌സാക്ഷികള്‍ ഇതേ താല്‍പര്യത്തോടെത്തന്നെ മൊബൈലില്‍ പകര്‍ത്തിയിരുന്നെങ്കിലും ആ സംഭവങ്ങള്‍ പകര്‍ത്തുന്നതില്‍, പ്രത്യേകിച്ചും അഭയയുടെ മരണം കേരളീയ സാമൂഹ്യമനസാക്ഷിയിലുണ്ടാക്കിയിലുണ്ടാക്കിയ ധാര്‍മ്മിക രോഷത്തിന്റെ വെളിച്ചത്തില്‍, എന്തെങ്കിലും അധാര്‍മ്മികതയുള്ളതായി ആരും കരുതിയിരുന്നില്ല. എന്നാല്‍ അപകട കാഴ്ചകള്‍ കവര്‍ചെയ്യുന്നത് നമുക്ക് താങ്ങാവുന്നതിലധികമായിരുന്നു.
ഫോട്ടോപകര്‍ത്തുന്നവര്‍ക്ക് നിലവിലുള്ള സവിശേഷാധികാരത്തെക്കുറിച്ച് ആ പ്രസ്‌ഫോട്ടോഗ്രാഫര്‍ ബോധവാനായിരുന്നുവെന്നതിന് ചിത്രം തന്നെയായിരുന്നു തെളിവ്. കേരളത്തിലെ വനിതാ പ്രസ്‌ഫോട്ടോഗ്രാഫര്‍മാരില്‍ ഒരു പക്ഷേ ഒന്നാമത്തെയാളായ തേജസ്സിലെ രാഖി സംഭവങ്ങള്‍ക്കും അതു പകര്‍ത്തുന്ന ഫോട്ടോഗ്രാഫറുമെന്ന നിലയില്‍ താനനുഭവിച്ചിരുന്ന സന്ദിഗ്ദ്ധതകളെക്കുറിച്ച് ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു. ഒരു സംഭവത്തെ താന്‍ പുറത്തുനിന്ന് വീക്ഷിക്കുന്നതാണോ അതില്‍ ഇടപെടുന്നതാണോ ശരി എന്നതായിരുന്നു അവരുടെ പ്രതിസന്ധി. ഒരു ഫോട്ടോഗ്രാഫ

ഈ ലേഖനം തയ്യാറാക്കുന്നതിന്റെ ഭാഗമായി വെബ്‌സൈറ്റുകളില്‍ നടത്തിയ തെരച്ചിലില്‍ മൊബൈല്‍ലില്‍ അപകടഫോട്ടോ പകര്‍ത്തുന്നവര്‍ക്കെതിരെയുള്ള പരാതി കേരളത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലെന്ന് വ്യക്തമാക്കുന്ന നിരവധി വാര്‍ത്താശകലങ്ങള്‍ കണ്ടെത്താനായി. ബ്രിട്ടനിലെ മെയില്‍ഓണ്‍ലൈന്‍ ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരുന്നു. നൈജീരിയയിലെ തെരക്കേറിയ ഒരു റോഡില്‍ നടന്ന സംഭവം രസകരമായിരുന്നു. യൂണിഫോമിലുണ്ടായിരുന്ന ഒരു സൈനികന്റെയും ഒരു പൗരന്റെയും കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. പുറത്തിറങ്ങിവന്ന സൈനികന്‍ മറ്റെയാളെ മുഖത്തടിച്ചു. തുടര്‍ന്ന് ഇവര്‍ക്കിടയില്‍ വലിയ വാക്കേറ്റവും നടന്നു. ഇതു വീക്ഷിച്ചുകൊണ്ടിരുന്ന ഒരാള്‍ തന്റെ മൊബൈലില്‍ സൈനികന്റെ ഫോട്ടോ എടുക്കാന്‍ശ്രമിച്ചു. സൈനികന്‍ അതു തടഞ്ഞു. ഒരു പ്രസ് ഫോട്ടോഗ്രാഫറല്ലാത്ത വഴിപോക്കന് ഇത്തരത്തില്‍ ഫോട്ടോ എടുക്കാന്‍ അധികാരമില്ലെന്നായിരുന്നു സൈനികന്റെ വാദം. പ്രസ് ഫോട്ടോഗ്രാഫറല്ലാത്ത ഒരാള്‍ ഫോട്ടോ എടുക്കുന്നതിന്് നൈജീരിയന്‍ നിയമം തടസ്സംനില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തോടെയാണ് വാര്‍ത്ത അവസാനിപ്പിച്ചിരിക്കുന്നത്
പുതിയകാലത്തെ സാങ്കേതികവികാസങ്ങള്‍ ഇത്തരത്തില്‍ നിരവധി പരമ്പരാഗത മാതൃകകളെ പൊളിച്ചുകളയാന്‍ തുടങ്ങിയിട്ടുണ്ട്. മാധ്യമരംഗത്തെ സാങ്കേതികവികാസത്തെയും മൊത്തം സമ്പദ്ഘടനയെയും അത് രൂപം കൊടുക്കുന്ന സാംസ്‌കാരിക സൂചനകളെയും ചരിത്രപരമായി പരിശോധിച്ചുകൊണ്ട് മാത്രമേ പുതിയകാലത്തെ നമുക്ക് മനസ്സിലാക്കാനാവൂ.
ശാസ്ത്രവും സാങ്കേതികവിദ്യയുടെ സംയോജനവും
സങ്കല്‍പങ്ങളിലും അധികാരഘടനയിലും ഉണ്ടായ ഇത്തരം പൊളിച്ചെഴുത്തലുകളും അട്ടിമറികളും വലിയ ശതമാനത്തോളം സാങ്കേതിക വിദ്യയിലുണ്ടായ സാങ്കേതികസംയോജനമെന്ന (technological convergence) പുത്തന്‍ പ്രവണതയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. സാങ്കേതികവിദ്യയുടെ വിവിധമേഖലകള്‍ ഒന്നുചേര്‍ന്നുവരുന്ന പ്രക്രിയയെയാണ് ടെക്‌നോളജിക്കല്‍ കണ്‍വര്‍ജന്‍സ് അഥവ സാങ്കേതികസംയോജനം എന്നു പൊതുവില്‍ പറയുന്നത്. ഈ ഒന്നു ചേരല്‍ പ്രക്രിയയുടെ ഫലമായാണ് വിവിധ ഉപയോഗങ്ങള്‍ ഒരൊറ്റ ഉപകരണത്തിലൂടെ സാധ്യമാകുന്നത്.( മൊബൈല്‍ഫോണ്‍ എന്നത് ആളുകള്‍ പരസ്പരം സംസാരിക്കുന്ന ഉപകരണം എന്നനിലയില്‍ നിന്ന് നെറ്റ്ബ്രൗസിങ്ങ് ചെയ്യുന്നതിനുള്ള ഉപകരണംകൂടിയായിമാറിയിരിക്കുന്നു എന്നത് ഈ സംയോജനപ്ര

പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയില്‍ ടെലഗ്രാഫിന്റെയും അണ്ടര്‍വാട്ടര്‍ കേബിളിന്റെയും വികാസത്തോടെ രൂപം കൊണ്ട ടെലികമ്യൂണിക്കേഷന്‍ യുഗം ഒരര്‍ഥത്തില്‍ മാധ്യമരംഗത്തെ സാങ്കേതികസംയോജനത്തിന്റെ ആദ്യഘട്ടമായി കണക്കാക്കാം. വാര്‍ത്തകള്‍ക്ക് മനുഷ്യനേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിഞ്ഞത് അന്നുമുതലായിരുന്നു. അതോടെ മാധ്യമരംഗം പ്രാദേശികരൂപത്തില്‍ നിന്നും ആഗോളതലത്തിലേക്കുയരുന്നതിനുള്ള സാധ്യതകള്‍ രൂപം കൊണ്ടു. റോയിട്ടേഴ്‌സ് (യു.കെ), അസോസിയേറ്റഡ് പ്രസ്(യു.എസ്), ഹാവാസ്(ഫ്രാന്‍സ്) തുടങ്ങിയ മാധ്യമ ഏജന്‍സികള്‍ രൂപം കൊള്ളുന്നത് ഈ പശ്ചാത്തലത്തിലായിരുന്നു. ഇരുപതാംനൂറ്റാണ്ടിന്റെ രണ്ടാം ദശകത്തോടെ രൂപം കൊണ്ട റേഡിയോ പോലുള്ള പ്രക്ഷേപണസംവിധാനങ്ങളാകട്ടെ ഇത്തരം സാധ്യതകളെ കൂടുതല്‍ വികസിപ്പിക്കാനുതകുന്നതായിരുന്നു.
മാധ്യമരംഗത്തിലെ രൂപസംവിധാനത്തെ മാറ്റിയെടുക്കുന്നതില്‍ കഴിഞ്ഞ നൂറ്റമ്പത് വര്‍ഷം കൊണ്ടുണ്ടായതിനേക്കാള്‍ ഇരട്ടി വേഗതയാണ് അവസാന പത്തുവര്‍ഷംകൊണ്ടുണ്ടായതെന്ന് നിസ്സംശയം പറയാം. ടെലിവിഷന്‍, ടെലികമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍, എന്നുതുടങ്ങി പൊതുവില്‍ ഇലക്‌ട്രോണിക്‌സ് രംഗത്തുണ്ടായ എല്ലാ വികാസങ്ങളും തുടക്കം മുതല്‍ തന്നെ സാങ്കേതികസംയോജനത്തിന്റെ പ്രവണതകള്‍ പ്രകടിപ്പിച്ചു. 1920-ല്‍ത്തന്നെ പ്രമുഖ ടെലിഫോണ്‍ കമ്പനിയായ അഠ & ഠ റേഡിയോ സ്റ്റേഷനുകളെ പരസ്പരം ബന്ധിപ്പിച്ച് ഒരു നെറ്റ്‌വര്‍ക്ക് സൃഷ്ടിക്കാന്‍ തീരുമാനിച്ചിരുന്നു. ടെലികമ്യൂണിക്കേഷന്‍- മാധ്യമ വ്യവസായസംയോജനത്തിന്റെ ആദ്യശ്രമം പക്ഷെ പാറ്റന്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍തട്ടി തകര്‍ന്നുപോയി. ഒരുതരത്തില്‍പറഞ്ഞാല്‍ ടെലികമ്യൂണിക്കേഷന്‍-മാധ്യമ സംയോജനത്തെ മറ്റൊരര്‍ഥത്തില്‍ നേരിടുകയായിരുന്നു AT &T.
കഴിഞ്ഞ ദശകത്തിന്റെ അവസാനത്തിലും ഈ ദശകത്തിന്റെ തുടക്കത്തിലുമാണ് ഡിജിറ്റല്‍ - കമ്പ്യൂട്ടര്‍ സാങ്കേതികതയുടെ വികാസം കൂടുതല്‍ ഉയര്‍ന്ന രൂപത്തിലെത്തുന്നത്. കമ്പ്യൂട്ടര്‍, മൊബൈല്‍ഫോണ്‍ പോലുള്ള പുതിയ ഡിജിറ്റല്‍ ഉപകരണങ്ങള്‍ക്കും കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിങ്ങ് പോലുള്ള

മൊബൈല്‍ ജേണലിസം
സാങ്കേതികമേഖലയിലെ ഇത്തരം കൂടിച്ചേരലുകള്‍ പരമ്പരാഗത മാധ്യമങ്ങളിലും പ്രതികരണങ്ങളുണ്ടാക്കി. അതിന് ഏറ്റവും നല്ല ഉദാഹരണമായിരുന്നു മൊബൈല്‍ ജേണലിസം. മൊബൈല്‍ ഹാന്റ് സെറ്റുകളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള ഈ മാതൃക ലോകത്തിലെ പല ന്യൂസ് ഏജന്‍സികളും ഉപയോഗപ്പെടുത്തിയിരുന്നു. ഒരേ സമയം റെക്കോഡിങ്ങിനും ബ്രോഡ്കാസ്റ്റിങ്ങിനുമുളള ഉപകരണമെന്ന നിലക്ക ് ഉപയോഗിക്കാനുള്ള മൊബൈലിന്റെ കഴിവായിരുന്നു ഇതിന്റെ അടിസ്ഥാനം. 2007 ല്‍ റോയിട്ടര്‍ തങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരെ മൊബൈല്‍ ജേണലിസ്റ്റുകളാക്കി മാറ്റി. കഴിഞ്ഞ ബീജിങ്ങ് ഒളിമ്പിക്‌സ് അങ്ങ നെയാണ് റോയിട്ടര്‍ റിപ്പോര്‍ട്ട് ചെയ്തത്. (കല്‍ക്കത്താ ന്യൂസ് എന്ന മലയാളസിനിമയില്‍ മൊബൈല്‍വഴി വാര്‍ത്ത സംപ്രേഷപണം ചെയ്യുന്നുണ്ട്). പുതുതായി രൂപം കൊള്ളുന്ന സാങ്കേതികവിദ്യയെ തങ്ങളുടെ പരമ്പരാഗത സംവിധാനത്തോട് കൂട്ടിയിണക്കാനുള്ള ശ്രമമാണ് മൊബൈല്‍ ജേണലിസം. മാധ്യമലോകത്തിന്റെ അധികാരഘടനയില്‍ അതൊരിക്കലും കാര്യമായ വിള്ളലുകള്‍ വീഴ്ത്തുന്നില്ലെന്നതാണ് ശ്രദ്ധേയം.
സാങ്കേതികവിദ്യയും വൈയക്തികതയും
കഴിഞ്ഞ നവമ്പര്‍ 19-ാംതിയതി തൃശ്ശുരില്‍ വെച്ചു നടന്ന ഒരു വിവാഹച്ചടങ്ങ് മൊബൈലും ഇന്റര്‍നെറ്റും ഉപയോഗിച്ചുകൊണ്ട് തത്സമയം പ്രക്ഷേപണം ചെയ്തു. നിരവധി ആളുകള്‍ തത്സമയം കാണുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ മുന്‍പ് സാമൂഹ്യസംഘാടനത്തിലൂടെ മാത്രം ചെയ്യാന്‍ കഴിഞ്ഞിരുന്ന പ്രവ്യത്തി ഇപ്പോള്‍ വൈയക്തിക തെരഞ്ഞെടുപ്പിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഈ പ്രത്യേകതരം വൈയക്തികതതന്നെയാണ് പുതിയകാലത്തെ സാങ്കേതിക വിദ്യയെ മറ്റുള്ളവയില്‍ നിന്ന് വേര്‍തിരിച്ച് നിര്‍ത്തുന്നതും അധികാരഘടനയില്‍ അട്ടിമറിക്കു കാരണമാകുന്നതും. ഈ അട്ടിമറിയോടുള്ള പ്രതികരണമാണ് ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച ഫോട്ടോഗ്രാഫ്.
പഴയകാല പത്രപ്രവര്‍ത്തകന്റെ ഉപകരണമായിരുന്ന സ്റ്റില്‍ക്യാമറയില്‍ നിന്നും മൊബൈല്‍ക്യാമറ പല അര്‍ഥത്തിലും പുതിയ ഉപകരണമാണ്. പ്രത്യേക സന്ദര്‍ഭങ്ങളുടെ രേഖപ്പെടുത്തലും ഓര്‍ത്തുവെക്കലുമാണ് ഒരു സ്റ്റില്‍ക്യാമറയെങ്കില്‍ ഏതുസമയവും കൈയില്‍ വെക്കുന്ന ഒ

ബ്ലോഗ്, ഫെയ്‌സ്ബുക്ക്, പൊതുബോധം
വൈയക്തികതയുടെ ആഘോഷമാണ് പുതിയകാലം. ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കിയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റുകള്‍ പോലുള്ളവ വ്യക്തിയുടെ ഇടപെടല്‍ ശേഷി വര്‍ദ്ധിപ്പിക്കുന്നു. സാമൂഹ്യസംഘാടനത്തിന്റെ അഭാവത്തിലും വ്യക്തിയുടെ ഇച്ഛകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്നു. ഇതുതന്നെയാണ് അവയുടെ ശക്തിയും. ഒപ്പം ഇത് സ്വാതന്ത്രത്തിന്റെയും ജനാധിപത്യത്തിന്റെയും പുതിയ മേഖലകള്‍ തുറന്നു തരുന്നുമുണ്ട്.
എന്നാല്‍ പൊതുബോധം ജനാധിപത്യപരമാവുമെന്നതിന് ഇത് നേരിട്ട് ഒരുറപ്പും തരുന്നില്ല. പലപ്പോഴും കടുത്ത വിവേചനത്തിന്റെയും വംശീയതയുടെയും ജനാധിപത്യവിരുദ്ധതയുടെയും ഭാഷയിലാണ് ഇന്റര്‍നെറ്റ് സംസാരിക്കുന്നത്. സാങ്കേതികസംയോജനത്തിന്റെ പശ്ചാത്തലത്തില്‍ മെര്‍ജറുകളിലൂടെയും അക്വിസിഷനുകളിലൂടെയും ക്രോസ്ഓണര്‍ഷിപ്പിലൂടെയും നടക്കുന്ന വ്യവസായങ്ങളുടെ സംയോജനം ഗുരൂതരമായ മറ്റു സാധ്യതകളിലേക്കും വഴിതുറക്കുന്നുണ്ട്. ലോകത്തിലെ ശൃംഘലാവല്‍ക്കരിക്കപ്പെട്ട വിവരശേഖരങ്ങള്‍ ഗൂഗിള്‍ പോലുള്ള ഏതാനും കമ്പനികക്കവകാശപ്പെട്ട ആറോ എഴോ സൂപ്പര്‍കമ്പ്യൂറുകളില്‍ നിക്ഷിപ്തമായിക്കൊണ്ടിരിക്കയാണ്. അത് എങ്ങനെ ഉപയോഗിക്കണമെന്നതാകട്ടെ ആ കമ്പിനിയുടെ വിവേചനാധികാരവുമായി ബന്ധപ്പെട്ട പ്രശ്‌നവും. ചുരുക്കത്തില്‍ ഈ സംയോജനപ്രക്രിയ അധികാര സംയോജനമല്ലാതെ മറ്റൊന്നുമല്ല. അധികാരത്തെ അട്ടിമറിക്കുന്ന ഒരു സാധ്യത അധികാരകേന്ദ്രീകരണത്തിനു കാരണമാകുന്ന അവസാനത്തെ ഉദാഹരണവും.

(1) 1994ല്‍ പുലിറ്റ്‌സര്‍ സമ്മാനം നേടിയ കെവിന്‍കാര്‍ട്ടര്‍ സൂഡാനിലെ ക്ഷാമം ചിത്രീകരിക്കുന്നിടയില്‍ യു.എന്‍.ദുരിതാശ്വാസക്യാമ്പിലേക്ക് ഇഴഞ്ഞുനീക്കുന്ന കുട്ടിയുടെ ഫോട്ടോ എടുത്തിരുന്നു. പിന്നിലായി ഒരു കഴുകന്‍ കുട്ടിയു
ടെ മരണം കാത്തിരിക്കുകയാണ്. പിന്നീട് കുട്ടിക്കെന്തു സംഭവിച്ചെന്ന് ഫോട്ടോഗ്രാഫര്‍ക്കടക്കം ആര്‍ക്കും അറിയില്ല. എന്തുകൊണ്ട് താന്‍ ആ കുട്ടിയെ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചില്ല എന്ന ചോദ്യത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാമാവാതെ ഒടുവില്‍ ആ ഫോട്ടോഗ്രാഫര്‍ ആത്മഹത്യചെയ്തു.
(തേജസ് ദ്വൈവാരികയില്‍ പ്രസിദ്ധീകരിച്ചത്)