Sunday, April 19, 2015

ടിഎന്‍ ജോയിയുടെ ഇസ്ലാംമതാശ്ലേഷവും സെക്കുലര്‍ വിമര്‍ശനങ്ങളും






അനൂപ് കുമാരന്റെ പോസ്റ്റും  ചില അനുബന്ധ ചിന്തകളും
 സംവാദങ്ങള്‍ രാഷ്ട്രീയചിന്തയുടെ വേദികളാകട്ടെ
Anoopkumaran: 
( https://www.facebook.com/anoop.kumaran.1?fref=ts)
ടി.എന്‍.ജോയിയുടെ ഇസ്ലാമിലേക്കുള്ള പരിവര്‍ത്തനത്തിന്‍റെ പാശ്ചാത്തലത്തില്‍ ചില സംശയങ്ങള്‍?
ജോയി തന്‍റെ നജ്മല്‍.എന്‍.ബാബു വാകുന്ന പരിവര്‍ത്തനത്തെ ഹിന്ദുത്വ ഫസ്സിസത്തിന്റെ തേരോട്ടത്തില്‍, ഭൂരിപക്ഷ ഹിന്ദുത്വ ബോധത്തിനെതിരായ ഒരു രാഷ്ട്രീയ നിലപാടായി പ്രഖ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ പ്രവൃത്തിയെ വ്യക്തിസ്വാതന്ത്രത്തിന്‍റെ കാര്യമായോ, വസ്ത്രം മാറുന്നപോലെ മതത്തെ മാറാനുള്ള മനുഷ്യന്‍റെ സ്വാതന്ത്രമായോ, ജോയിയുടെ തമാശകളിലോന്നായോ ചുരുക്കികെട്ടാന്‍ കഴിയില്ല.
ഹിന്ദുത്വഫാസ്സിസതിന്റെ കാലത്ത് ഭൂരിപക്ഷ ഹിന്ദുത്വബോധത്തിനെതിരെ മതേതരത്വത്തില്‍ ഉറച്ചുനില്‍ക്കുന്നവര്‍ എന്തു നിലപാടുകളാണ് കൈകൊള്ളണ്ടത് എന്നതാണ് ജോയിയുടെ പരിവര്‍ത്തനത്തിലുടെ ഉയരുന്നുവരുന്ന കാതലായ ചോദ്യം.
ഹിന്ദുത്വരാഷ്ട്രീയം അതിന്‍റെ അപരങ്ങളായി ഉന്നംവൈക്കുന്നത് മുസ്ലിം/ക്രിസ്ത്യന്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങളെ പ്രത്യക്ഷത്തിലും ലിംഗ/ഭാഷാ/സാംസ്കാരിക/രാഷ്ട്രീയ ന്യൂനപക്ഷങ്ങളെ പരോക്ഷമായുമാണ്. അതുകൊണ്ടു ഈ വിഭാഗങ്ങളോട് നിലനില്‍ക്കുന്ന ചെറിയ ചെറിയ വിയോജിപ്പുകള്‍ നിലനിര്‍ത്തികൊണ്ട്‌ തന്നെ ഐക്യപെടുകയും പിന്തുണക്കുകയും ഒരുമിച്ചുപ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് മതേതരര്‍ എന്നു സ്വയംവിശേഷിപ്പിക്കുന്നവരുടെ കടമയാണ്.
a)ഇത്തരത്തില്‍ ഐക്യപെടുക എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത് അവരിലൊരാളായി മാറുക, അതായത് ജോയി ചെയ്തപോലെ ആ സ്വത്വത്തിന്‍റെ ഭാഗമായിമാറുക ഏന്നതാണോ? അങ്ങനെ മാത്രമാണോ ഐക്യപെടാന്‍ കഴിയുക?
b)സ്വന്തം ഇച്ചപ്രകാരമല്ലാതെ, അബദ്ദത്തില്‍, മാതാപിതാക്കളുടെ മത/ജാതികള്‍ അടിച്ചേല്‍പ്പിക്കപെടുന്ന എന്നാല്‍ അതില്‍നിന്നും ഏതുവിധേനയും കുതറിമാറാന്‍ ശ്രമിക്കുന്ന ഒരാള്‍ക്ക്‌ മറ്റൊരുമതത്തെ പുല്‍കിമാത്രമേ പഴയതില്‍ നിന്നും രക്ഷയുള്ളൂ എന്നുണ്ടോ? അല്ലാതുള്ള സ്വാതന്ത്രം സാധ്യമല്ലേ?
c)മതങ്ങളില്‍ കാല്പനികതക്ക് സ്ഥാനമില്ല, മറിച്ച് അത് സമ്പൂര്‍ണ്ണവിധേയത്വമാണ് വ്യക്തിയില്‍നിന്നും ആവശ്യപെടുന്നത് എന്ന ആധുനികതയുടെ ചിന്ത പരാജയപെട്ടോ?
d)അപരങ്ങളുമായി ഐക്യപെടുന്നവ്യക്തി അപരങ്ങളിലെ തീവ്ര വര്‍ഗീയ ഗ്രൂപ്പ്‌കളോട് എന്തുനിലപാട് സ്വീകരിക്കണം? അത്തരം തീവ്ര വര്‍ഗീയ നിലപാടുകളുള്ള ഗ്രൂപ്പ്‌കളെ എങ്ങനെയാണ് നിര്‍വചിക്കാന്‍/വേര്‍തിരിക്കാന്‍ കഴിയുക?
e)ജോയിയെ പോലെ "അചുംബിതമായ ധിഷണ" യുടെ ഉടമയായ ഒരാള്‍ക്ക്‌ നിലവിലുള്ള ഭൂരിപക്ഷ പൊതുബോധത്തെ നിരാകരിക്കാനും നിലനില്‍ക്കാനും കഴിയാതിരിക്കുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളതെങ്കില്‍ ജോയിചെയ്ത പരിവര്‍ത്തനത്തെ രാഷ്ട്രീയമായി ന്യായികരിക്കുന്ന, മതേതരന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരാള്‍ എങ്ങനെയാണ് പരിവര്‍ത്തിക്കാതെ ഇനിമുതല്‍ ഇവിടെ ജീവിച്ചുപോകുക?
ജനാതിപത്യപരമായ ചര്‍ച്ചകള്‍ക്കായി ഇനിയും ചോദ്യങ്ങള്‍ ഉയര്‍ന്നുവരട്ടെ.... 

Baburajbhagavathy: 
Baburaj Bhagavathy അനൂപിന്റെ പോസ്റ്റിനെ ഇങ്ങനെ ക്രോഡീകരിക്കാമെന്നു തോന്നുന്നു. ( ക്രോഡീകരണത്തില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താം)
1. ഇന്ത്യയില്‍ മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും മറ്റു മതേതര ന്യൂനപക്ഷങ്ങളെയും ഹിന്ദുത്വരാഷ്ട്രീയം ഉന്നം വെക്കുന്നുണ്ട്.
2. അതിനെതിരെ പ്രതിര
ോധം സ്വാഭാവികം. പക്ഷേ, അതിന്റെ സ്വഭാവമെന്താണ്? ജോയിച്ചേട്ടന്‍ ചെയ്തതുപോലെ അപരങ്ങളോട് ഐക്യപ്പെടാന്‍ അതിന്റെ ഭാഗമാവേണ്ടതുണ്ടോ? മറ്റു മാര്‍ഗങ്ങളൊന്നുമില്ലേ?
3. സ്വത്വത്തിന്റെ ഭാഗമായുള്ള ഈ ഐക്യപ്പെടല്‍ മതത്തിന്റെ കാര്യത്തിലാവുമ്പോള്‍ മതത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ പരിഗണിക്കേണ്ടതില്ലേ? ആ അര്‍ഥത്തില്‍ മതവിമര്‍ശനവും ആധുനികതയുടെയുടെ യുക്തിചിന്തയും പരാജയപ്പെട്ടുവോ?
4. മതത്തിനോട് അതും മുസ്‌ലിം മതത്തിനോട് ഐക്യപ്പെടുമ്പോള്‍ മുസ്ലിംമതത്തിലെ തീവ്രവര്‍ഗീയസംഘടനകളുടെ കാര്യത്തില്‍ എന്തു നിലപാടെടുക്കണം? 
5. ജോയിച്ചേട്ടന്റെ നിലപാടുകളെ രാഷ്ട്രീയമായി ന്യായീകരിക്കുന്നവര്‍ ജോയിച്ചേട്ടന്റെ പാത പിന്‍തുടരേണ്ടതല്ലേ? 
താഴെ പറയുന്ന കാര്യങ്ങള്‍ വിശദീകരിക്കുന്നത് എന്റെ അല്ലെങ്കില്‍ ജോയിച്ചേട്ടനല്ലാത്ത ഒരാളുടെ വീക്ഷണകോണില്‍ നിന്നാണ്. ഞാന്‍ അല്ലെങ്കില്‍ ഒരു സെക്കുലറിസ്റ്റ് എന്ത് നിലപാടെടുക്കും എന്നാണ് പരിശോധിക്കുന്നത്. 

1/1 സത്യം
2/2 ജോയിച്ചേട്ടന്റെ മാര്‍ഗം, സ്വത്വത്തിന്റെ ഭാഗമായി ഐക്യപ്പെടല്‍, ഒരു രീതിയാണെന്ന് അംഗീകരിക്കേണ്ടതുണ്ട്. (ഈ രീതി എല്ലാ കാര്യത്തിലും വര്‍്ക്കൗട്ട് ആവില്ലെന്നത് സത്യം തന്നെ. സ്ത്രീയോട് ഐക്യപ്പെടാന്‍ ഒരു പുരുഷന് ലിംഗമാറ്റം വേണമെങ്കില്‍ നടത്താവുന്നതേയുള്ളൂവെങ്കിലും ആദിവാസികളുടെ കാര്യത്തില്‍ അത് സാധ്യമല്ല ) അതയാളുടെ സ്വാതന്ത്ര്യമാണ്. ജോയിച്ചേട്ടന്റെ മതാശ്ലേഷം രാഷ്ട്രീയപ്രയോഗമാണെന്ന് അദ്ദേഹം പലതവണ വിശദീകരിച്ചിട്ടുണ്ട്. അപരങ്ങളോട് ഐക്യപ്പെടുന്നത് ആ സ്വത്വത്തിന്റെ ഭാഗമായിട്ടുമാകാം അല്ലാതെയുമാകാം. പണ്ട് പെരുമാള്‍ മതം മാറിയതുപോലെയോ, അംബേദ്ക്കര്‍ മതം മാറിയതുപോലെയോ, കമലാസുരയ്യ മതം മാറിയതുപോലെയോ അല്ല അദ്ദേഹത്തിന്റെ മതംമാറ്റം(ജോയിച്ചേട്ടന്‍ വിശദീകരണമനുസരിച്ച്). ഇവര്‍ മൂന്നുപേരെയും നമുക്കറിയാവുന്നിടത്തോളം അതതു മതങ്ങളോടുള്ള പ്രതിപത്തിയായിരുന്നു മതംമാറ്റത്തിലേക്ക് നയിച്ചത്. ജോയിച്ചേട്ടന്റെ കാര്യത്തില്‍ മുസ്ലിങ്ങള്‍ നേരിടുന്ന ഹിംസയോടുള്ള പ്രതികരണമായിരുന്നു അത്. 

3/3 ഐക്യപ്പെടല്‍ മതത്തിന്റെ കാര്യത്തിലാവുമ്പോള്‍ മതവിമര്‍ശനം പരിഗണിക്കേണ്ടതില്ലേ?- അത് ആ ചേരുന്ന ആളാണ് പരിഗണിക്കേണ്ടത്. മതത്തെക്കുറിച്ചുള്ള ആധുനികതയുടെ വിമര്‍ശനങ്ങള്‍ പരാജയപ്പെട്ടുവോ എന്ന ചോദ്യത്തിന് പരാജയപ്പെട്ടുവെന്നാണ് എന്റെ അഭിപ്രായം. യൂക്തിവാദം ഇന്ത്യന്‍ സാഹചര്യത്തില്‍ ഹിന്ദുത്വവാദമായി മാറിക്കഴിഞ്ഞു. പക്ഷേ, ഇവിടെ അത് വിഷയമല്ല. എങ്കിലും ഭൗതികവാദം Vs ആത്മീയവാദം എന്ന വിമര്‍ശനം ജോയിച്ചേട്ടന്റെ കാര്യത്തിലും സാധ്യമാണ്-അതുപക്ഷേ, ജോയിച്ചേട്ടന്റെ പ്രതിരോധശ്രമങ്ങളെ ഇകഴ്ത്തിക്കൊണ്ടുള്ള കേവല യുക്തിവാദ നിലപാടില്‍ നിന്നുകൊണ്ടാവരുത് എന്ന് ഞാന്‍ കരുതുന്നു. കാരണം ഏതു വിമര്‍ശനവും സമൂര്‍ത്തസാഹചര്യത്തിലാണ് നടത്തേണ്ടതെന്ന് ഒരു കമ്യൂണിസ്റ്റായ ഞാന്‍ കരുതുന്നു. ഭൗതികവാദം എന്നത് യാഥാസ്ഥിതിക മാക്‌സിസ്റ്റുകളുടെ യാന്ത്രിക അര്‍ഥത്തിലല്ലെന്ന് പ്രത്യേകം പറയട്ടേ.

 4/4 പ്രമുഖര്‍ ഇസ്ലാം സ്വീകരിക്കുമ്പോഴാണ് പല ചോദ്യങ്ങളും ഉയരാറുള്ളതെന്നു നാം അംഗീകരിക്കണം. ചുള്ളിക്കാട് ബുദ്ധമതത്തിലേക്ക് മാറി പക്ഷേ, ആഗോളതലത്തില്‍ ഇന്ന് ബുദ്ധമതത്തിലും ഫണ്ടമന്റലിസമുണ്ടെന്ന് നമുക്കറിയാം. നമുക്കത് പ്രശ്‌നമായില്ല. അത് ഇന്ത്യയിലല്ലല്ലോ എന്നായിരിക്കാം സമാധാനം. യേശുദാസിന്റെ കാര്യത്തിലോ? അദ്ദേഹം ഹിന്ദുമതത്തെക്കുറിച്ച് എന്തൊക്കെ കാര്യങ്ങളാ പറയാറ്. തീവ്രവാദക്കാര്‍ ഉണ്ട് എന്ന കാരണം കൊണ്ട് നാമിത് ഒരിക്കലും പ്രശ്‌നമാക്കിയിട്ടില്ല. 
ഇനി നാളെ അദ്ദേഹം ഹിന്ദുവായാലും നാം പ്രശ്‌നമാക്കില്ല. വയലാര്‍ രവിയുടെ മകന്‍ ഗുരുവായൂരില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ തീവ്രവാദികളുള്ള മതക്കാരുടെ ആരാധനാലയത്തിലേക്കാണോ വരവ് എന്ന് നാം ചോദിച്ചില്ല. കാലിലെ മന്തിനെക്കുറിച്ചുള്ള ചര്‍ച്ചകളും കണ്ടില്ല. ആഷിഖ് അബു റിമ കല്ലിങ്കലിനെ വിവാഹം കഴിച്ചപ്പോള്‍ മതം വിഷയമായി പലരും ഉന്നയിച്ചു കണ്ടു. ഷാജി കൈലാസിന്റെ ഭാര്യ ആനിയോട് ഈ ചോദ്യം നാം ചോദിച്ചില്ല. സായിഭക്തനായി മാറിയ ഫിലിപ്പന്‍ പ്രസാദിനോട് ഇതു വരെ നാം ചോദിച്ചതും ഇത്തരം ചോദ്യങ്ങളായിരുന്നില്ല. (ഭൗതികവാദംV/s ആത്മീയവാദം അതായിരുന്നു ഫോക്കസ്) 

തീവ്രവാദസംഘടനകളോട് എന്ത് നിലപാടെടുക്കണം എന്ന ചോദ്യം അടിസ്ഥാനപരമായും ഹിന്ദുസെക്കുലര്‍ വിമര്‍ശനമാണ്. മുസ്ലിംമതം മുസ്ലിം തീവ്രവാദം എന്ന സമീകരണമാണ് ഈ ചോദ്യത്തിന്റെ യുക്തി. നിരവധി ആളുകള്‍ ഹിന്ദുക്കളാവുന്നുണ്ട്. അവരോടൊന്നും ഈ ചോദ്യം നാം ചോദിക്കാറില്ല. മുസ്ലിങ്ങളില്‍ നിരവധി വിഭാഗങ്ങളുണ്ട്. വ്യത്യസ്ത ധാരകള്‍. ഓരോരുത്തരും ഓരോ വിശ്വാസക്കാരാണ്. മുസ്ലിം തീവ്രവാദമെന്ന വാക്കിനാല്‍ വ്യവഹരിക്കപ്പെടുന്നവര്‍ അതില്‍ ചിലരാണല്ലോ( അങ്ങനെയാണ് തങ്ങള്‍ വിചാരിക്കുന്നതെന്നു വിമര്‍ശകര്‍ നടിക്കാറുണ്ട്) ഒരാള്‍ ഒരു മതം ആശ്ലേഷിക്കുമ്പോള്‍ ഈ ചോദ്യത്തിന് ഒരു പ്രസക്തിയുമില്ല. മുസ്ലിം തീവ്രവാദമെന്ന വാക്ക് വെള്ളം തൊടാതെ വിഴുങ്ങാന്‍ ഞാന്‍ തയ്യാല്ലെന്ന്് ഇടയില്‍പറയട്ടേ. 

5/5 ജോയിച്ചേട്ടന്റെ നിലപാട് ജോയിച്ചേട്ടന്റെ വിശ്വാസമനുസരിച്ചാണ്. ഞാനത് ഉയര്‍ത്തിപ്പിടിക്കുന്നത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ് അതെന്ന അര്‍ഥത്തിലാണ്. ഒരാള്‍ക്ക് അങ്ങനെയും പ്രതികരിക്കാം. . എനിക്കിഷ്ടമുള്ള കാര്യങ്ങള്‍ അംഗീകരിക്കുന്നതല്ലല്ലോ ജനാധിപത്യം. ഒപ്പം അദ്ദേഹത്തിന്റെ നിലപാടിനെ ഉയര്‍ത്തിപ്പിടിച്ചു എന്ന കാരണത്താല്‍ മാത്രം ഒരാള്‍ ആ പാത പിന്തുടരേണ്ടതില്ല.
ഒതുക്കത്തില്‍ പറഞ്ഞാല്‍ ഇതാണ്: 
1. ജോയിച്ചേട്ടന്റെ മതാശ്ലേഷം ഒരു പ്രതിരോധമാണ്. സ്വത്വത്തിന്റെ ഭാഗമായും അല്ലാതെയും പ്രതിരോധിക്കാം. 
2. തീവ്രവാദത്തെക്കുറിച്ചുള്ള ആശങ്കകളും മതപ്രവേശവും തമ്മില്‍ ബന്ധപ്പെടുത്തുന്നത് ഹിന്ദു സെക്കുലര്‍ ചിന്തയാണ്

3. ജോയിച്ചേട്ടന്‍ സ്വീകരിച്ച വഴി നാം അംഗീകരിച്ചുവെന്നതുകൊണ്ടു മാത്രം എല്ലാവരും ഈ വഴി സ്വീകരിക്കണമെന്നില്ല. 
4. സെക്കുലറിസത്തെ ഹിന്ദുസെക്കുലറിസത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയും നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്നതാണ് ഏററവും നല്ലത്. ആ പ്രതിരോധമാണ് ശരിയായ പ്രതിരോധം. ഇന്നത് എത്രത്തോളം സാധ്യമാണെന്നത് മറ്റൊരു കാര്യം. 

അനൂപിന്റെ അഞ്ച് ചോദ്യങ്ങള്‍ ജോയിച്ചേട്ടനെ കേന്ദ്രീകരിച്ചായിരുന്നു. പക്ഷേ,ഒരു ചോദ്യം എനിക്കുമുണ്ട്. സെക്കുലറിസ്റ്റുകളെ കേന്ദ്രീകരിച്ച്. മുസ്ലിങ്ങളെ അപരവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കെതിരെ ഹിന്ദുസെക്കുലര്‍ നിലപാടില്‍ നിന്നല്ലാതെ ഐക്യപ്പെടാന്‍ നമുക്കായിട്ടുണ്ടോ? ആ പരാജയമായിരുന്നോ ജോയിച്ചേട്ടനെ ഇത്തരമൊരു നടപടിയ്ക്കു പ്രേരിപ്പിച്ചത്? നാം ആലോചിക്കേണ്ട കാര്യമാണ് അത്. ഹിന്ദുസെക്കുലറിസം എത്തിച്ചേര്‍ന്ന ഒരു പ്രതിസന്ധിയുടെ ഫലമാണ് ജോയിച്ചേട്ടന്റെ ഇസ്ലാമതപ്രവേശം എന്ന് ഞാന്‍ കരുതുന്നു. ഹിന്ദുസെക്കുലറിസം എന്താണെന്ന് ഈ കമന്റില്‍ ഞാന്‍ വിശദീകരിച്ചിട്ടില്ല. പക്ഷേ, ഹിന്ദുസെക്കുലറിസ്റ്റ് ആശങ്കകള്‍ അനൂപിന്റെ പോസ്റ്റില്‍ നിഴലിക്കുന്നുണ്ട്. ഒപ്പം ഇതിനെതിരെയുള്ള മുഴുവന്‍ വിയോജിപ്പുകളും ഹിന്ദുസെക്കുലര്‍ ആശങ്കകളാണെന്ന് ഞാന്‍ കരുതുന്നില്ലെന്നും പറഞ്ഞുവെക്കട്ടേ.അനൂപ് വലിയ ചോദ്യങ്ങളാണ് ഉന്നയിച്ചത്. അതുകൊണ്ടായ് ചര്‍ച്ചയും വലിയതായത്. ക്ഷമിക്കുമല്ലോ 

Anoopkumaran replay: 

Anoop Kumaran എന്‍റെ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞതിനു ബാബുരാജിന് നന്ദി. എന്‍റെ ചോദ്യങ്ങള്‍ എല്ലാം തന്നെ ജോയിചേട്ടന്‍റെ പരിവര്‍ത്തനത്തെ നേരിട്ട് ബന്ധപെടുന്നവ ആയിരുന്നില്ല എന്നത് നേരാണ്, ഈ അവസരത്തില്‍ എന്‍റെ കുറേകാലമായ ചില സംശയങ്ങള്‍ കൂടി ഉന്നയിച്ചു എന്നുമാത്രം. അത് പലപ്പോഴും ഹിന്ദു സെകുലറിസ്റ്റ് എന്നു നിങ്ങള്‍ വിളിക്കുന്ന(ഞാനടക്കമുള്ള) വിഭാഗത്തെ പ്രതിനിധീകരിക്കുന്നവയാണ് എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഞാന്‍ ചോദിക്കാന്‍ ഉന്നയിച്ചതും. ജോയിചേട്ടന്‍റെ പരിവര്‍ത്തനം യാതൊരു ഭാവവിത്യാസവും ആദ്യമായി ഫിരോസില്‍നിന്നും കേട്ടപ്പോള്‍ എന്നില്‍ ഉണ്ടാക്കിയില്ല. എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിയുടെ ഏതൊരുമത തെരഞ്ഞെടുപ്പും അയാളുടെ വ്യക്തിപരമായകാര്യം മാത്രമാണ്. ജോയിചെട്ടന്റെ കാര്യത്തിലാകുമ്പോള്‍ അതിനു "തമാശ" യുടെതായ വസ്ത്രം മാറുന്ന ലാഘവം ഉണ്ടായിരിക്കുകയുള്ളു എന്നും ധരിച്ചു. പക്ഷെ പിന്നീട് അദ്ദേഹം പത്രസമ്മേളനം വിളിച്ച് ഇതൊരു പൊളിറ്റിക്കല്‍ ആക്ടിവിറ്റി ആണെന്നു പ്രഖ്യാപിച്ചപ്പോളാണ് ഞാന്‍ അത് വിശകലനം ചെയ്യാനും എന്നില്‍ സംശയങ്ങള്‍ ഉടലെടുക്കാനും തുടങ്ങിയത്. ഇത്രയും പറഞ്ഞുവച്ചത് യേശുദാസ്/ആനി/ആഷിക് അബു തുടങ്ങിയ പൊതുബോധത്തില്‍ ഞാനുണ്ടോ എന്ന് ബാബുരാജ് അടക്കം മറ്റുള്ളവര്‍ക്ക് തീരുമാനിക്കാനാണ് 1. ബാബുരാജ് പറയുന്നു: "ജോയിച്ചേട്ടന്റെ മതാശ്ലേഷം ഒരു പ്രതിരോധമാണ്. സ്വത്വത്തിന്റെ ഭാഗമായും അല്ലാതെയും പ്രതിരോധിക്കാം" അതായതു ജോയിക്കുമുന്‍പില്‍ പരിവര്‍ത്തനമെന്നത് ചരിത്രപരമായ അനിവാര്യതയായിരുന്നില്ല, മറിച്ച് ചരിത്രപരമായ സാധ്യതകളില്‍ ഒന്നുമാത്രമായിരുന്നു. ജോയിയും സുഹൃത്തുക്കളും പരിവര്‍ത്തനത്തെ വിശധീകരിക്കുമ്പോള്‍ വിട്ടുപോകുന്നതോ/ഒഴിവാക്കുന്നതോ ആയ "സാധ്യതകളില്‍ ഒന്ന്" എന്ന അവസ്ഥയെ തീര്‍ച്ചപെടുത്തെണ്ടതുണ്ട്. ഇതാകട്ടെ ചെറിയ കാര്യമല്ല, കാരണം ജോയി പരിവര്‍ത്തനത്തെ വ്യക്തിപരമായ തെരഞ്ഞെടുപ്പ് എന്നതിലുപരി രാഷ്ട്രീയ നിലപാട് എന്നു വ്യക്തമാക്കിയ സ്ഥിതിക്ക് ഈ കാര്യത്തില്‍ കൃത്യത ആവശ്യമാണ്‌. അങ്ങിനെ ആകുംബോള്‍ ബാബുരാജ്‌ തന്നെ പറഞ്ഞ നാലാമത്തെ ഉത്തരമായിരിക്കും ഫലപ്രദമാകുക "ജോയിച്ചേട്ടന്‍ സ്വീകരിച്ച വഴി നാം അംഗീകരിച്ചുവെന്നതുകൊണ്ടു മാത്രം എല്ലാവരും ഈ വഴി സ്വീകരിക്കണമെന്നില്ല." . അപ്പോള്‍ ആണ് ബാബുരാജ്‌ ഉന്നയിച്ച ചോദ്യത്തിലേക്ക് നാമെത്തിചെരുക."സെക്കുലറിസ്റ്റുകളെ കേന്ദ്രീകരിച്ച്. മുസ്ലിങ്ങളെ അപരവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കെതിരെ ഹിന്ദുസെക്കുലര്‍ നിലപാടില്‍ നിന്നല്ലാതെ ഐക്യപ്പെടാന്‍ നമുക്കായിട്ടുണ്ടോ? ആ പരാജയമായിരുന്നോ ജോയിച്ചേട്ടനെ ഇത്തരമൊരു നടപടിയ്ക്കു പ്രേരിപ്പിച്ചത്?" വലിയൊരളവില്‍ ഉത്തരം "നമ്മള്‍ക്കായിട്ടില്ല" എന്നു തന്നെയാണ്, പക്ഷെ അതുകൊണ്ട് "നമുക്കാവില്ല" എന്നു നിരാശയുടെ പടുകുഴിയില്‍ പെട്ടുപോകാന്‍ ചരിത്രബോധം നമ്മെ അനുവദിക്കുന്നുമില്ല.
അപ്പോള്‍ ജോയിയെ പോലെ "അചുംബിതമായ ധിഷണ" യുടെ ഉടമയായ ഒരാള്‍ക്ക്‌ എന്തുകൊണ്ട് "ചരിത്രപരമായ അനിവാര്യത"യായി ഇതിനെ തെറ്റിദ്ധരിക്കേണ്ടിവന്നു എന്ന് നമ്മള്‍ വേറിട്ടചില വഴികളിലുടെ പരിശോധിക്കേണ്ടിയിരിക്കുന്നു. ബാബുരാജ് മറുപടി പറഞ്ഞ മറ്റൊരുവിഷയത്തിലേക്ക്( അത് ജോയിചേട്ടന്‍റെ പരിവര്‍ത്തനവുമായി നേരിട്ട് ബന്ധപ്പെട്ടതല്ല): "തീവാദസംഘടനകളോട് എന്ത് നിലപാടെടുക്കണം എന്ന ചോദ്യം അടിസ്ഥാനപരമായും ഹിന്ദുസെക്കുലര്‍ വിമര്‍ശനമാണ്". നാളെ ഹിന്ദുത്വ ഫാസ്സിസം പിടിമുറുക്കുമ്പോള്‍ അതിനെ പ്രതിരോധിക്കുന്ന ഐക്യമുന്നണിയില്‍ മുസ്ലിംലീഗും സ്വാഭാവികമായി ഉണ്ടാകും. എന്നാല്‍ മുസ്ലിംലീഗ് അതിന്‍റെ മുന്നണി ഭരണത്തില്‍ നടത്തികൂട്ടുന്ന ഒരു കാര്യത്തെ നമ്മള്‍ വിമര്‍ശിക്കുന്നതിനെ "ഹിന്ദുസെക്കുലര്‍ വിമര്‍ശനമാണ്" എന്ന നിര്‍വചനത്തില്‍ പെടുത്താതെ എങ്ങനെ രക്ഷിച്ചെടുക്കാന്‍ സാധിക്കും? അതുപോലെതന്നെ NDF, മോഡി ഭരണകാലത്ത് മറ്റൊരു ജോസഫ്‌ അധ്യാപകന്‍റെ കൈപത്തി വെട്ടിയാല്‍ അതിനെ "ഹിന്ദുസെക്കുലര്‍ വിമര്‍ശനമാണ്" എന്നതില്‍ പെടാതെ എങ്ങനെ നിലപാടെടുക്കും? 
(തുടരും)

No comments: