Monday, November 13, 2017

പാര്‍ത്ഥസാരഥി ക്ഷേത്രം: 51 ലെ നിയമത്തില്‍ പുനര്‍ചിന്ത ആവശ്യം


കേരളത്തിലെ ക്ഷേത്രങ്ങളെ രണ്ടു തരത്തില്‍ തിരിക്കാവുന്നതാണ്. സ്വകാര്യക്ഷേത്രങ്ങളും പൊതുക്ഷേത്രങ്ങളും. സ്വകാര്യവ്യക്തികളുടെയും കുടുംബങ്ങളുടെയും കൈവശമിരിക്കുന്ന ക്ഷേത്രങ്ങളാണ് ആദ്യ വിഭാഗം. അവ ഇപ്പോഴും വ്യക്തികളുടെയോ കുടുംബങ്ങളുടേയോ കൈയില്‍ തന്നെയിരിക്കുന്നു. തിരുവിതാംകൂര്‍ പോലുള്ള നാട്ടുരാജാക്കന്‍മാരുടെ കൈവശത്തിലിരുന്ന ഭൂമിയും വസ്തുവഹകളും സ്വാതന്ത്ര്യാനന്തരം ജനകീയ സര്‍ക്കാരിന്റെ കൈയിലെത്തിയപ്പോള്‍ കൂട്ടത്തില്‍ നാനാജാതിമതസ്ഥരുടെ നികുതിപ്പണം കൊണ്ട്് കെട്ടിപ്പെടുത്ത ക്ഷേത്രങ്ങളും സര്‍ക്കാരിന്റെ അധീനതയിലായി. ഇത്തരം ക്ഷേത്രങ്ങളാണ് രണ്ടാം വിഭാഗമായ പൊതുക്ഷേത്രങ്ങള്‍. ഇവയുടെ ഭരണം ദേവസ്വംബോര്‍ഡിന്റെ നേതൃത്വത്തില്‍, ഭക്തരുടെ കൂട്ടായ്മയാണ് നടത്തിവരുന്നത്.
1951ല്‍ നേരത്തേ പറഞ്ഞ രണ്ടു വിഭാഗത്തിനു പുറമേ മൂന്നാമതൊരു വിഭാഗം ക്ഷേത്രങ്ങള്‍ കൂടി രംഗപ്രവേശം ചെയ്തു. കുടുംബങ്ങളുടെ കൈവശമിരുന്ന പല ക്ഷേത്രങ്ങളും മുടിഞ്ഞുപോകുന്ന ഘട്ടത്തില്‍ അവയില്‍ പലതും ഉപേക്ഷിക്കപ്പെടുകയോ ചിലത് നാട്ടുകാര്‍ രൂപീകരിക്കുന്ന കമ്മറ്റികളുടെയോ ട്രസ്റ്റുകളുടെയോ കൈയില്‍ എത്തിച്ചേരുകയോ ചെയ്തു. സ്വാഭാവികമായും നാട്ടുകാരുടെ പണം പിരിച്ച് നടത്തുന്ന ഇത്തരം ക്ഷേത്രങ്ങളില്‍ ഭക്തരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരില്‍ നിക്ഷിപ്തമായി. അതിന്റെ ഭാഗമായി മദിരാശി നിയമസഭ, മദ്രാസ് ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ആക്റ്റ്, 1951 എന്ന പേരില്‍ ഒരു നിയമം പാസാക്കി. ഇത്തരം ട്രസ്റ്റുകളില്‍ ഉണ്ടാകുന്ന പരാതികളില്‍ നിവൃത്തിയുണ്ടാക്കുക, ആവശ്യമെങ്കില്‍ സഹായം നല്‍കുക എന്നതൊക്കെയാണ് നിയമം കൊണ്ട് ഉദ്ദേശിച്ചിരുന്നത്. ചില പ്രത്യേക സാഹചര്യത്തില്‍ ജൈനക്ഷേത്രങ്ങളെയും നിയമത്തിന്റെ പരിധിയില്‍ പെടുത്തിയിരുന്നു. ഈ നിയമത്തിന്റെ പരിധിയില്‍ വരുന്ന ക്ഷേത്രങ്ങളെയും 'പൊതുക്ഷേത്ര'ങ്ങളെന്നാണ് നിര്‍വചിച്ചിരിക്കുന്നത്. 51ല്‍ മലബാര്‍പ്രദേശം മദിരാശിസംസ്ഥാനത്തില്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ ഈ പ്രദേശത്തെ ഇത്തരം ക്ഷേത്രങ്ങളും ഈ നിയമത്തിന്റെ പരിധിയിലെത്തി. പഴയ മലബാറിന്‍െ ഭാഗമായ ഗുരുവായൂരില്‍ സ്ഥിതിചെയ്യുന്നതുകൊണ്ട് പാര്‍ത്ഥസാരഥി ക്ഷേത്രം ഈ മൂന്നാമത്തെ വിഭാഗത്തിലാണ് പെടുന്നത്.
ആദിശങ്കരന്‍ സ്ഥാപിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന പാര്‍ത്ഥസാരഥി ക്ഷേത്രം മല്ലിശ്ശേരി മനയുടെ അധീനതയിലായിരുന്നു. 1923 ല്‍ മാരാത്ത് മാധവന്‍ നായര്‍ പാട്ടത്തിനെടുത്തു. 1946ല്‍ കൃഷ്ണന്‍നായര്‍ പണം കൊടുത്തുവാങ്ങി. ആരും തിരിഞ്ഞുനോക്കാതെ നശിച്ചു തുടങ്ങിയ ക്ഷേത്രം 1973ല്‍ പാര്‍ത്ഥസാരഥി ക്ഷേത്ര ഭരണസംഘം എന്ന ട്രസ്റ്റി്‌ന്റെ അധീനതയിലായി. സൊസൈറ്റി റെഗുലേഷന്‍ ആക്റ്റ്, 1860 പ്രകാരം റജിസ്റ്റര്‍ ചെയ്ത സംഘത്തിന്റെ കൈയിലെത്തുമ്പോള്‍ ക്ഷേത്രഭൂമി 58 സെന്റായിരുന്നു. അവര്‍ തൊട്ടടുത്ത ഭൂഉടമകളില്‍ നിന്ന് ഭൂമി വാങ്ങിയും ലാന്റ് ട്രിബ്യൂണലിനെ സമീപിച്ചും വിസ്തൃതി 121 സെന്റായി വര്‍ധിപ്പിച്ചു. അക്കാലത്ത് ക്ഷേത്രം രേഖകളില്‍ സ്വകാര്യക്ഷേത്രമെന്നാണ് രേഖപ്പെടുത്തിയിരുന്നത്.
2010ല്‍ ക്ഷേത്രം ജോലിക്കാര്‍ ശമ്പളവര്‍ധനവാവശ്യപ്പെട്ട് മലബാര്‍ ദേവസ്വം ബോര്‍ഡിലെ ഡെ. കമ്മീഷ്ണര്‍ക്ക് പരാതി കൊടുത്തു. ട്രസ്റ്റികള്‍ സ്വത്തുവഹകള്‍ അന്യാധീനപ്പെടുത്തുന്നുവെന്നും പരാതിപ്പെട്ടിരുന്നു. പക്ഷേ, ഡെ. കമ്മീഷ്ണര്‍ പരാതി തള്ളി. ജീവനക്കാര്‍ അപ്പീലുമായി കമ്മീഷ്ണറെ സമീപിച്ചു. കമ്മീഷ്ണര്‍, ഡെ. കമ്മീഷ്ണറുടെ നടപടി റദ്ദുചെയ്തു. കൂട്ടത്തില്‍ ഈ ക്ഷേത്രം 51 ലെ നിയമത്തിന്റെ പരിധിയില്‍ വരുന്ന 'പൊതുക്ഷേത്ര'മാണെന്നും ഭരണം നടത്താന്‍ നിലവിലുള്ള ഭരണസമിതിയുടെ ബൈലോ പരിശോധിച്ച് അവര്‍ കൂടി ഉള്‍പ്പെട്ട ഒരു സംവിധാനം ഉണ്ടാക്കാന്‍ ഡെ. കമ്മീഷ്ണറോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. അതുവരെ ഭരണം ഒരു ഏകാംഗ ട്രസ്റ്റിയുടെ കീഴിലാക്കാനും വിധിയുണ്ടായി.
ഇതിനെതിരെ സംഘം ഹൈകോടതിയെ സമീപിച്ചു. ക്ഷേത്രം പൊതുക്ഷേത്രമാണെന്ന കാര്യം അംഗീകരിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സംഘത്തിന്റെ ബൈലോ പരിശോധിച്ച് പുതിയ സംവിധാനം ഉണ്ടാക്കാന്‍ ഡെ. കമ്മീഷ്ണറെ ചുമതലപ്പെടുത്തി. അവസാന തീര്‍പ്പുണ്ടാകും വരെ ഭരണം പഴയ സംഘത്തെ തന്നെ ഏല്‍പ്പിക്കുകയും ചെയ്തു.
കോടതി ഉത്തരവിനെ തുടര്‍ന്ന് പുതിയ സംവിധാനം രൂപപ്പെടുത്താന്‍ ഡെ. കമ്മീഷ്ണര്‍ സംഘത്തെ സമീപിച്ചെങ്കിലും അവര്‍ സഹകരിച്ചില്ല. ബൈലോയുടെ അറ്റസ്റ്റ് ചെയ്ത കോപ്പിയില്ലെന്നായിരുന്നു പറഞ്ഞത്. ആ സാഹചര്യത്തില്‍ കമ്മീഷ്ണര്‍ 2016 നവംബറില്‍ ഡ്രാഫ്റ്റ് സ്‌കീം തയ്യാറാക്കുകയും പ്രതികരണങ്ങള്‍ ക്ഷണിക്കുകയും ചെയ്തു. ആരും പരാതി പറയാത്ത സാഹചര്യത്തില്‍ 2017 ഏപ്രിലില്‍ പുതിയ ഭരണസംവിധാനത്തിന്റെ സ്‌കീം ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. ആഡിറ്റ് ഇന്‍സ്‌പെക്ടര്‍ ടി സി ബിജുവിനെ എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു.
എസ്‌ക്യൂട്ടീവ് ഓഫിസര്‍ക്ക് അധികാരം കൈമാറാന്‍ സംഘം തയ്യാറായില്ല. പകരം അതിനെ രാഷ്ട്രീയമായി നേരിടുകയായിരുന്നു. ആ ഘട്ടത്തില്‍ അവര്‍ ഹൈകോടതിയെ സമീപിച്ചു. കോടതി വിധി സംഘത്തിന് എതിരായിരുന്നു. ഇതിനിടയില്‍ 51ലെ നിയമത്തിന്റെ പരിധിയില്‍ ഈ ക്ഷേത്രം വരില്ലെന്നും സ്വകാര്യ ക്ഷേത്രമാണെന്നും ചൂണ്ടിക്കാട്ടി ഭരണസമിതി സിവില്‍ കോടതിയെ സമീപിച്ചിരുന്നു. ആ കേസ് ഇപ്പോഴും നടക്കുകയാണ്. ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ റിവ്യൂ പെറ്റീഷന്‍ സമര്‍പ്പിച്ചു. ആ കേസിലാണ് ഇപ്പോള്‍ വിധിയുണ്ടായിരിക്കുന്നത്. ഇതിനിടയില്‍ വിധിയ്‌ക്കെതിരെ സംഘം സുപ്രിംകോടതിയെയും സമീപിച്ചിരുന്നു.
ചുരുക്കത്തില്‍ ക്ഷേത്രം സ്വകാര്യക്ഷേത്രമാണോ അല്ലയോ എന്ന കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. മേല്‍നോട്ടത്തിന്റെ കാര്യത്തിലാണ് താല്‍ക്കാലിക വിധി ഉണ്ടായിരിക്കുന്നത്.
ക്ഷേത്രം ഏറ്റെടുത്ത കാര്യത്തില്‍ കേരളസര്‍ക്കാരിന് നേരിട്ട് ഉത്തരവാദിത്തമൊന്നുമില്ലെങ്കിലും അത് നിയമദൃഷ്ട്യാ ശരിയാണെങ്കിലും അതില്‍ സാമാന്യനീതിയുടെ പ്രശ്‌നമുണ്ട്. 51 ലെ നിയമത്തില്‍ ട്രസ്റ്റി ക്ഷേത്രങ്ങളുടെ മുകളില്‍ സ്ഥിരമായി ഒരു എക്‌സിക്യൂട്ടീഫ് ഓഫിസറെ നിയമിക്കാനുള്ള വകുപ്പു കാണുന്നുണ്ട്. ആ വകുപ്പുപ്രകാരമാണ് ഇപ്പോഴത്തെ നടപടി. ഒരു സംഘം ആളുകള്‍ സ്വന്തം പണം ചെലവാക്കി ഉണ്ടാക്കുന്ന ആരാധനാലയങ്ങള്‍ സ്ഥിരമായി ഭരിക്കാനുള്ള അവകാശം സര്‍ക്കാരിനു നല്‍കുന്നത് ശരിയല്ല. അത്തരമൊരു അവകാശം നല്‍കുന്ന നിയമം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. അതായത് 51 ലെ നിയമപ്രകാരമുള്ള (ട്രസ്റ്റി) ക്ഷേത്രങ്ങളുടെ കാര്യത്തില്‍ ഒരു പൊതുകൂടിയാലോചന ഉണ്ടാവേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും നടത്തിപ്പിന്റെ കാര്യത്തില്‍. സര്‍ക്കാരിന്റെ ഇടപെലുകള്‍ ആവശ്യമാണ്, അത് എവിടെവരെ എന്ന കാര്യത്തിലും പുനര്‍ചിന്ത ആവശ്യമാണ്.
അതേസമയം നാട്ടുരാജാക്കന്മാരുടെ കൈയില്‍ നിന്ന് കൈമാറിക്കിട്ടിയ ക്ഷേത്രങ്ങളുടെ കാര്യത്തില്‍ ആ പരിഗണന നല്‍കേണ്ടതുമില്ല. അവ നാനാജാതിമതസ്ഥര്‍ക്ക് അവകാശപ്പെട്ട സ്വത്തുവഹകളാണെന്നതു തന്നെ കാരണം. അത്തരം ക്ഷേത്രങ്ങളെയും ട്രസ്റ്റി ക്ഷേത്രങ്ങളെയും കൂ്ട്ടിക്കുഴച്ച് അവതരിപ്പിച്ചാണ് ഇന്ന് സംഘപരിവാര്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്. അപ്പുറത്തു നില്‍ക്കുന്നവരാകട്ടെ കാര്യങ്ങളെ ചരിത്രപരമായി കാണാനും തയ്യാറില്ല.

(തേജസില്‍ എഴുതിയ കുറിപ്പ് )