Saturday, February 14, 2009

പ്രകാശ്‌ കാരാട്ടും ലാവ്‌ലിനും പത്രങ്ങളും

കാരാട്ട് ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍
ഇന്ന് (14ഫെബ്രുവരി) ദില്ലിയില്‍ നടന്ന കാരാട്ടിന്റെ പത്രസമ്മേളനം രസകരമായിരുന്നു. അത്‌ ചില കാരണങ്ങളാല്‍ ശ്രദ്ധേയവുമായിരുന്നു. ചിരിച്ചും പതറാതെയുമായിരുന്നു കാരാട്ട്‌ പത്രങ്ങാളെ നേരിട്ടത്‌. ആത്മവിശ്വാസം പ്രകടമായിരുന്ന ശരീരഭാഷയായിരുന്നു കാരാട്ടിന്റെത്‌.ഓരോ ചോദ്യത്തിനും ഒഴിഞ്ഞു മാറാതെ അദ്ദേഹം മറുപടി പറഞ്ഞു.സ്വന്തം പാര്‍ട്ടിയുടെ നേതാവ്‌, ചരിത്രത്തില്‍ ഒരു ഇടതുപക്ഷ നേതാവും ഇതു വരെയും നേരിടാത്തവണ്ണം, ആരോപണങ്ങള്‍ക്ക്‌ വിധേയനായിരിക്കുമ്പോഴും ഇത്രയും ആത്മവിശ്വാസം കാരാട്ടിന്‌ എവിടെനിന്നാണ്‌ലഭിച്ചത്‌ എന്ന് നമ്മെ അത്ഭുതപ്പെടുത്തും.തികച്ചും ശരിയായ പ്രശ്നത്തെ തെറ്റായ രീതിയില്‍ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ്‌ ഇത്‌ വന്നുചേരുന്നതെന്നു തോന്നുന്നു.ഇത്‌ ലാവലിന്‍ കേസ്സിനു മാത്രമല്ല മറ്റുപല പ്രശ്നങ്ങളിലും കാണാന്‍ കഴിയും .ആണവകരാറുമായി ബന്ധപ്പെട്ട്‌ ഇന്ത്യയില്‍ നടന്ന ചര്‍ച്ചകളുടെ സ്വഭാവത്തെ കുറിച്ച്‌ ചോംസ്ക്കിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്‌. കരാറിനെ കുറിച്ച്‌ ഇടതുപക്ഷം ഉയര്‍ത്തിയ തടസ്സവാദങ്ങളെ കുറിച്ച്‌ ചോംസ്ക്കി എഴുതി.. ഇടതുപക്ഷം കരാറിനെ എതിര്‍ത്തിരുന്നുവെങ്കിലും അവരുടെ വാദഗതികള്‍ അങ്ങേയറ്റം നിരാശാജനകമായിരുന്നു. ആണവ കരാറിനെ ഇന്ത്യയുടെ ചേരിചേരാനയത്തിന്റെയും ആണവമത്സരത്തിന്റെയും പ്രശ്നമായി അവതരിപ്പിക്കുന്നതിനു പകരം ഇടതുപക്ഷം ആണവായുധങ്ങളുടെ കാര്യത്തിലുള്ള സ്വയം പര്യാപ്തതയുടെ പ്രശ്നമായി അവതരിപ്പിക്കുകയായിരുന്നു.മുംബൈ ആക്രമണത്തെ തുടര്‍ന്ന് ഇടതുപക്ഷം എടുത്ത്‌ നിലപാടുകളിലും ഇത്തരം രീതികള്‍ കാണാന്‍ കഴിയും . പാക്കിസ്ഥാനെതിരെ യുദ്ധവെറി വളര്‍ത്തിവിടുന്നതില്‍ ഇടതുപക്ഷവും തങ്ങളുടെ പങ്കുവഹിച്ചിരുന്നു. ഈ പ്രശ്നങ്ങളില്‍ ഇടതുപക്ഷമായിരുന്നു പ്രതിക്കൂട്ടിലെങ്കില്‍ ലാവ്‌ലിന്‍ കേസ്സില്‍ മാധ്യമ പ്രവര്‍ത്തകരാണ്‌ ഉത്തരവാദികള്‍.ലാവ്‌ലിന്‍ പ്രശ്നത്തെ മാക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ആഭ്യന്തര ഗ്രൂപ്പിസത്തിന്റെ പശ്ചാത്തലത്തിലാണ്‌ മാധ്യമങ്ങള്‍ അവതരിപ്പിച്ചത്‌.പിണറായി വിജയനും അച്ചുതാനന്ദനും തമ്മില്‍ നിലനില്‍ക്കുന്നുണ്ടെന്നു പറയപ്പെടുന്ന ഒരു ഗ്രൂപ്പു വഴക്കിന്റെ പ്രശ്നമായി മാധ്യമങ്ങള്‍ അവതരിപ്പിച്ചു.പൊതുപണചോര്‍ച്ചയേക്കാള്‍ മാക്സിസ്റ്റ്‌ പാര്‍ട്ടി അതിനുള്ളിലെ രണ്ടു എതിര്‍പക്ഷങ്ങളെ എങ്ങിനെ ഒന്നിച്ചുനിര്‍ത്തുന്നു എന്നു വെളിപ്പെടുത്തുന്നുവെന്നതിലായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ താല്‍പ്പര്യം.കഴിങ്ങദിവസത്തെ സി.പി.എം., പി.ബി. യോഗത്തിനു മാധ്യമങ്ങള്‍ കൊടുത്ത പ്രാധാന്യം തന്നെ അതിനു തെളിവാണ്‌. എന്നത്തെയും പോലെ എല്ലാ മാധ്യമ പ്രവചനങ്ങളെയും മറികടന്ന് പ്രശ്നങ്ങള്‍ പി.ബി. പരിഹരിച്ചപ്പോള്‍ ലാവ്‌ലിന്‍ പ്രശ്നം തന്നെ പരിഹരിച്ചെന്ന മട്ടായിരുന്നു കാരാട്ടിന്‌. ഈ വിഷയത്തെ ദിശമാറ്റി അവതരിപ്പിച്ച മാധ്യമങ്ങളുടെയും ചിന്ത മറ്റൊന്നായിരുന്നില്ല. കാരാട്ടിന്റെ വക്ക്പ്രയോഗങ്ങള്‍ക്കുമുന്നില്‍ അവര്‍ നിരായുധരായതും അതുകൊണ്ടുതന്നെ.ലാവ്‌ലിന്‍ കേസ്സ്‌ ഒരു പബ്ലിക്ക്‌ മണിയുമായി ബന്ധപ്പെട്ട പ്രശ്നമാണ്‌. മാക്സിസ്റ്റ്‌ പാര്‍ട്ടിയിലെ നിരവധി ഉന്നതന്മാര്‍ക്ക്‌ ആദ്യം മുതലേ പങ്കുണ്ടെന്നു സംശയിക്കപ്പെടുന്ന ഒന്ന്. ആദ്യ ഘട്ടത്തില്‍ അച്ചുതാനന്ദനും പിണറായി വിജയനും ഒന്നു ചേര്‍ന്ന് ഒതുക്കിത്തീര്‍ത്തിരുന്നുവെന്ന് പത്രങ്ങള്‍ തന്നെ ആരോപിച്ചിരുന്നു. അത്‌ ശരിയുമായിരുന്നു. അക്കാലത്ത്‌ അച്ചുതാനന്ദന്‌ മറിച്ചൊരു അഭിപ്രായവുമുണ്ടായിരുന്നുമില്ല. മാധ്യമ പ്രവര്‍ത്തകരെ സംബന്ധിച്ചെടുത്തോളം പ്രശ്നത്തിന്‌ ഗ്രൂപ്പ്‌ വഴക്കിന്റെ മാനം നല്‍കിയതോടെ ഭരണ യന്ത്രവും പാര്‍ട്ടിയും മൊത്തത്തില്‍ നടത്തിയ ഗൂഢാലോചന പ്രശ്നമല്ലാതായി. ഭരണവര്‍ഗ്ഗങ്ങള്‍ ആഭ്യന്തരമായും അന്താരാഷ്ട്രതലത്തിലും നടത്തുന്ന കിക്ക്ബാക്കുകളുടെ രീതികളും മറ്റും ഒരു ഗ്രൂപ്പു വഴക്കിന്റെ പ്രശ്നമായി അവതരിപ്പിക്കാനായി എന്നതായിരുന്നു ഈ നിറം കൊടുക്കലുകളുടെ ഒരു ഗുണം. അതിലൂടെ രക്ഷപ്പെട്ടതാകട്ടെ കോണ്‍ഗ്രസ്സും ബിജെപിയും അടക്കമുള്ള മുഴുവന്‍ ഭരണവര്‍ഗ്ഗങ്ങളും. ജനങ്ങളെ വികസനത്തിന്റെ 'രാഷ്ട്രീയം' പഠിപ്പിക്കുന്നതിനുള്ള ഒരു അവസരവും പത്രങ്ങള്‍ കളഞ്ഞുകുളിച്ചു.

10 comments:

മൂര്‍ത്തി said...

പ്രിയ ബാബുരാജ്,

ചോംസ്കി പറഞ്ഞത് തെറ്റല്ലേ? On issues like the U.S.-India nuclear pact, from what I read of the Left's positions, I have found them quite disappointing. എന്നാണദ്ദേഹം പറയുന്നത്. അദ്ദേഹം ഈ വിഷയത്തിൽ ഇടതുപക്ഷം ഉയർത്തിയ വാദങ്ങൾ മുഴുവനും ശ്രദ്ധിച്ചിട്ടുണ്ടാവില്ല എന്നു തോന്നുന്നു. ഏതെങ്കിലും ഒരു ലേഖനത്തെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും ഈ അഭിപ്രായത്തിൽ എത്തിച്ചേർന്നത്. ചേരിചേരാ നയവും, ആണവ മത്സരവും, നമ്മുടെ സ്വയം പര്യാപ്തതയും, സ്വാതന്ത്ര്യം അടിയറ വെക്കുന്നതും ഒക്കെ ഇടതുപക്ഷത്തിന്റെ കരാറിനോടുള്ള എതിര്‍പ്പിന്റെ കാരണങ്ങളായിരുന്നുവല്ലോ? യുപി‌എ സർക്കാരിന് ഇടതു പക്ഷം നൽകിയ കുറിപ്പ് ഈ പ്രശ്‌നത്തെ അതിന്റെ സമഗ്രതയിൽ കാണുന്നുണ്ടല്ലോ, ഇല്ലേ?.

ഇടതുപക്ഷം പാക്കിസ്താനെതിരെ ഏത് രീതിയില്‍ യുദ്ധവെറി വളര്‍ത്തി എന്നാണ് ബാബുരാജ് പറയുന്നത്? പാക്കിസ്താനെതിരെ യുദ്ധം പാടില്ലെന്നും ചര്‍ച്ചകളിലൂടെയു വിട്ടുവീഴ്ചകളിലൂടെയും പ്രശ്നം പരിഹരിക്കണം എന്ന ശരിയായ നിലപാടെടുത്തതിനു രാജ്യസ്നേഹം വരെ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട് അവരുടെ. ആണവക്കരാറിനെ എതിർത്തത് ചൈനക്കുവേണ്ടിയായിരുന്നു എന്ന ആക്ഷേപം അവർക്കെതിരെ ഉയർത്തിയിരുന്നു എന്നതും മറന്നു കൂടാ.

ലാവലിന്‍ പ്രശ്നം പരിഹരിച്ച മട്ടായിരുന്നു കാരാട്ടിന്റേതെന്നതും എത്രമാത്രം ശരിയാണ്? അദ്ദേഹം വളരെ വിശദമായി നിലപാട് വ്യക്തമാക്കിയല്ലോ. പാര്‍ട്ടിയുടേയും സര്‍ക്കാരിന്റെയും നിലപാടായിരുന്നു നടപ്പിലാക്കപ്പെട്ടതെന്നും, സി.ബി.ഐ ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി സാമ്പത്തികലാഭം ഉണ്ടാക്കി എന്നതിനു തെളിവു കാണിക്കാന്‍ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. വരുന്ന ഓരോ ആരോപണങ്ങള്‍ക്കും രേഖകളുടെ അടിസ്ഥാനത്തില്‍ തന്നെ ഇനിയുള്ള ദിവസങ്ങളില്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇല്ലാത്ത ലാവലിന്‍ പ്രശ്നം (കുറ്റകരമായ ഗൂഢാലോചനയും മറ്റും) ഉണ്ടെന്ന് വരുത്തി അത് പരിഹരിച്ചെന്നു വരുത്തേണ്ട കാര്യമൊന്നുമില്ലല്ലോ.

ജനങ്ങളെ വികസനത്തിന്റെ 'രാഷ്ട്രീയം' പഠിപ്പിക്കുന്നതിനുള്ള ഒരു അവസരവും പത്രങ്ങള്‍ കളഞ്ഞുകുളിച്ചു എന്നത് പത്രങ്ങളുടെ രാഷ്ട്രീയം മനസ്സിലാക്കാതെയുള്ള എഴുത്തായിപ്പോയി. പഠിപ്പിക്കലൊന്നും മുഖ്യധാ‍രാം മാധ്യമങ്ങളുടെ അജണ്ടയില്‍ ഇല്ല. അവര്‍ അവരുടെ കളി കളിച്ചു. അത്രയേ ഉള്ളൂ. കളി ഇനിയും തുടരുകയും ചെയ്യും

ലിങ്കിലെ ലേഖനങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ് വെയറിനെക്കുറിച്ചുള്ള സമീപനം വ്യക്തമാണ്.

anushka said...

പത്രങ്ങള്‍ അവരുടെ കളി കളിക്കുന്നു.യഥാര്‍ഥപ്രശ്നങ്ങളെ മറച്ചു വെക്കാനാണ്‌ മാധ്യമങ്ങള്‍ എന്നും ശ്രമിച്ചത്.മാലാഖയും ചെകുത്താനുമായുള്ള യുദ്ധമായി ഇതിനെയെല്ലാം കാണിക്കേണ്ടത് അവരുടെ രാഷ്‌ട്രീയമാണ്‌.

പ്രാവ് said...

തെറ്റായ പ്രശ്നത്തെ ശരിയെന്നു ധരിപ്പിയ്ക്കാന്‍ ശ്രമിക്കുന്നു ബാബുരാജ്....

ബാബുരാജ് ഭഗവതി said...

പ്രതികരണത്തിന് നന്ദി മൂര്‍ത്തി..
ബ്ലോഗ് കുറച്ചു ദിവസമായി കാണലുണ്ടായിരുന്നില്ല. അതുകൊണ്ടാ‍ണ് പ്രതികരണം വൈകിയത്.

താങ്കളുടെ പ്രതികരണത്തിന് തെളിവു സഹിതം മറുപടി പറയുക എന്നതാണ് ശരി...
അത് ഞാന്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്..

കൂട്ടത്തില്‍ പറയട്ടെ ലാവലിന്‍ കേസ്സോ അതിന്റെ ശരി തെറ്റുകളോ എന്റെ വിഷയമായിരുന്നില്ല.മറിച്ച് ആ വിഷയം ശരിയാണെങ്കിലും തെറ്റാണെങ്കിലും അതിനോടുള്ള പത്രങ്ങളുടെ സമീപനമായിരുന്നു എന്റെ വിഷയം..
മുംബൈ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഇടതുപക്ഷത്തെ കുറിച്ച് വലിയ തോതിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവന്നതായി കണ്ടില്ല. ചുരുങ്ങിയ പക്ഷം എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല.
പിന്നീട് വിശദമായി എഴുതാമെന്നു കരുതുന്നു.
വിരാജേഷ്,പ്രവ്... തുടങ്ങിയവര്‍ക്ക് നന്ദി..
സ്നേഹപൂര്‍വ്വം
ബാബുരാജ്.

kaalidaasan said...

മൂര്‍ത്തി,

ചേരിചേരാ നയവും, ആണവ മത്സരവും, നമ്മുടെ സ്വയം പര്യാപ്തതയും, സ്വാതന്ത്ര്യം അടിയറ വെക്കുന്നതും ഒക്കെ ഇടതുപക്ഷത്തിന്റെ കരാറിനോടുള്ള എതിര്‍പ്പിന്റെ കാരണങ്ങളായിരുന്നുവല്ലോ?

ഇവിടെ മൂര്‍ത്തി മനസിലാക്കിയതില്‍ ചില പിശകു പറ്റി. ചോംസ്കി ഉദ്ദേശിച്ചത് ശരിതന്നെയാണ്. അടിസ്ഥാനപരമായിട്ട് ആണവവിഷയത്തില്‍ ഇടതുപക്ഷത്തിന്റെ നയം ഇതിലൊന്നുമല്ല. ആണവനിരായൂധീകരണവും ആണവ നിര്‍വ്യാപനവുമാണ്. ഇന്‍ഡ്യ അമേരിക്കയുമായി ഒപ്പുവച്ച കരാര്‍ ഈ രണ്ടുകാര്യത്തിനും കടകവിരുദ്ധമായിട്ടുള്ളതാണല്ലോ. ആണവനിര്‍വ്യാപനത്തിന്റെയും അണവനിരായുധീകരണത്തിന്റെയും നൂലമാലകളില്‍ നിന്നും ബാധ്യതകളില്‍ നിന്നും ഇന്‍ഡ്യക്ക് വളഞ്ഞ വഴിയിലൂടെ രക്ഷമാര്‍ഗ്ഗം നല്‍കുകയാണ്, കരാര്‍ വഴി ബുഷ് ചെയ്തത്, കുറഞ്ഞ പക്ഷം കടലാസിലെങ്കിലും . അത് നെഹ്റുവിന്റെ കാലം മുതല്‍ ഇന്‍ഡ്യ പിന്തുടര്‍ന്നതും ഇടതു പക്ഷം പിന്തുണച്ചിരുന്നതുമായ നയത്തില്‍ നിന്നുമുള്ള വ്യതിചലനമാണ്. ആണവവിഷയത്തില്‍ ഇടതുപക്ഷം നയം മാറ്റിയതായി ചോം സ്കിയോ മറ്റാരെങ്കിലുമോ അറിഞ്ഞിട്ടില്ല.

ഇന്‍ഡ്യയുടെ ആണവ പദ്ധതികള്‍ക്കുള്ള റിയാക്റ്ററുകള്‍ വേര്‍പെടുത്തി, അവയെ നിയന്ത്രണത്തില്‍ നിന്നും നിരീക്ഷണത്തില്‍ നിന്നും സ്വതന്ത്രമാക്കുകയാണ്, ചെയ്തത്. ഇടതുപക്ഷം വിമര്‍ശിച്ചതും എതിര്‍ത്തതും അമേരിക്കന്‍ നിയന്ത്രണത്തില്‍ വരുന്ന സിവിലിയന്‍ പദ്ധതികളെയും അതിലൂടെ അടിച്ചേല്‍പ്പിക്കപ്പെടുന്ന മറ്റു ബാധ്യതകളെയുമാണ്.

കരാറിനെ എതിര്‍ക്കുമ്പോള്‍ മുകളില്‍ സൂചിപ്പിച്ച രണ്ടു കാര്യങ്ങളെ അടിസ്ഥാനമാക്കിയാണെതിര്‍ക്കേണ്ടിയിരുന്നതെന്നാണ്, ചോംസ്കി പറഞ്ഞത്. ഇടതുപക്ഷം ഇവ രണ്ടുമല്ല അതിനെ എതിര്‍ക്കാനായി പറഞ്ഞത്. ചോംസ്കി ഈ വിഷയത്തില്‍ ഇടതുപക്ഷം ഉയര്‍ത്തിയ വാദങ്ങള്‍ മുഴുവനും ശ്രദ്ധിച്ചിട്ടു തന്നെയാണങ്ങനെ അഭിപ്രായപ്പെട്ടതും . അതു തികച്ചും ശരിയുമാണ്.

ചോംസ്കിയുടെ മുഴുവന്‍ വാക്കുകളും ഇതാണ്.


On issues like the U.S.-India nuclear pact, from what I read of the Left's positions, I have found them quite disappointing. They seem to be opposing the pact on nationalist grounds, that India might be surrendering some element of sovereignty. But the real problem is quite different; it is a major step toward undermining the Non-Proliferation Treaty -- as India's refusal to join it and its secret bomb was in the first place. You know that India does have a tradition about disarmament and non-alignment and so on going back to Nehru, of pressing for nuclear disarmament, non-alignment and so on, and the U.S.-India pact is directly counter to that honorable tradition. And I would have expected the Left to be emphasizing this.

t.a.sasi said...

ശരീരഭാഷ എന്ന
ഒരു സംഗതി നമ്മുടെ
മാധ്യമങ്ങളില്‍ വന്നത്
എന്ന് മുതലാണ്‌ ?

kaalidaasan said...

ബാബുരാജ് പറഞ്ഞ പലതിനോടും യോജിക്കാന്‍ പറ്റുന്നില്ല.
കാരാട്ടിന്റെ പത്രസമ്മേളനം ​പതിവു പോലെതന്നെയായിരുന്നു. കൂടുതലായി കണ്ട വ്യത്യാസം , പതിവിലും കൂടുതല്‍ പ്രസന്നമായിരുന്നു ആ മുഖം . ആത്മവിശ്വാസത്തിന്റെ കാരണം , മാധ്യമങ്ങള്‍ ചോദിക്കാവുന്ന ചോദ്യങ്ങളെന്തൊക്കെയാണെന്നറിയാമായിരുന്നു എന്നതാണ്. അതിനുള്ള ഉത്തരവും കയ്യില്‍ റെഡിയായിട്ടുണ്ടായിരുന്നു എന്നതും.


പാര്‍ട്ടിക്ക് ശരിയെന്നു തോന്നിയ പ്രശ്നം ശരിയായ രീതിയില്‍ തന്നെയായിരുന്നു അവതരിപ്പിച്ചത്. ഇതില്‍ ഒരു ഒളിച്ചു കളിയിയുമില്ല. ലാവലിന്‍ കേസ് രാഷ്ട്രീയപ്രേരിതാമാണോ അല്ലയോ എന്നു ഇനിയും തര്‍ക്കിക്കുന്നതില്‍ കാര്യമില്ല. പോളിറ്റ് ബ്യൂറൊ ചാടികേറി, രാഷ്ട്രീയ പ്രേരിതം എന്നു പറഞ്ഞു. ഇനി അത് മാറ്റി പറഞ്ഞതുകൊണ്ട് വിശേഷമൊന്നുമില്ല. അതിപ്പോള്‍ ഒരു നിയമ വിഷയമാണ്. നീതിന്യായവ്യവസ്ഥയെ അംഗീകരിക്കുന്നവര്‍ക്ക് അത് മാറ്റിയെടുക്കാനൊന്നും പറ്റില്ല. കോടതി നിര്‍ദ്ദേശിച്ച പ്രകാരമാണ്, സി ബി ഐ അന്വേഷിച്ചതും കുറ്റപത്രം സമര്‍പ്പിച്ചതും .ബാക്കി കര്യങ്ങള്‍ കോടതി തീരുമാനിക്കും . അതില്‍ പാര്‍ട്ടിക്ക് ഇടപെടാന്‍ ഇന്‍ഡ്യന്‍ നീതിന്യായ വ്യവസ്ഥ അനുവദിക്കില്ല. പിണറയിയെ പ്രോസിക്യൂട്ട് ചെയ്യണമോ വേണ്ടയോ എന്നത് ഗവര്‍ണ്ണര്‍ തീരുമാനിക്കേണ്ട വിഷയമാണ്. കീഴ്വഴ്ക്കമനുസരിച്ച് ഗവര്‍ണ്ണര്‍ മന്ത്രിസഭയുടെ അഭിപ്രായം ചോദിച്ചിരിക്കുന്നു. മന്ത്രിസഭക്ക് അഭിപ്രായം പറയണം . അത് നിയമം അനുസരിച്ചേ പറ്റൂ. അതുകൊണ്ടാണ്, ഭരണപരമായ കാര്യങ്ങള്‍ മുഖ്യമന്ത്രി തീരുമനിക്കട്ടേ എന്ന് കാരാട്ട് പറഞ്ഞത്. ഇനി മന്ത്രിസഭ അനുമതി കൊടുത്തില്ലെങ്കില്‍ ഗവര്‍ണ്ണര്‍ക്ക് തീരുമാനിക്കാം .

ഗവര്‍ണ്ണര്‍ അനുമതി കൊടുത്തില്ലെങ്കില്‍ കോടതിക്കു തന്നെ തീരുമാനിക്കാം . അന്വേഷണത്തിനുത്തര്വിടാന്‍ അറിയാവുന്നവര്‍ക്ക്, ഇതിലും ഒരു തീരുമാനം എടുക്കാന്‍ പറ്റും . സി ബി ഐ അന്വേഷണം അവശ്യമില്ല എന്ന് കോടതിയില്‍ വാദിച്ച പോലെ പ്രോസിക്യൂട്ട് ചെയ്യേണ്ട എന്നും വാദിച്ച്, വീണ്ടും നാണം കെടാന്‍ മന്ത്രിസഭ മുതിരുമെന്നും തോന്നുന്നില്ല. നിയമം അതിന്റെ വഴിക്ക് പോകും . രാഷ്ട്രീയ പ്രേരിതം എന്ന വിഷയത്തില്‍ നിന്നും ഇതൊരു നിയമ പ്രശ്നമായി വളര്‍ന്നു കഴിഞ്ഞു.

മറ്റു പ്രശ്നങ്ങളില്‍ തീരുമാനമെടുക്കാന്‍ പാര്‍ട്ടിക്ക് ചില അമാന്തങ്ങളൊക്കെ ഉണ്ടായി. അതിന്റെ കാരണം , കാരാട്ട് ഒരു കോര്‍പ്പറേറ്റ് സി ഇ ഒ യെപോലെ പെരുമാറുന്നതുകൊണ്ടാണ്. കമ്പനിയിലെ തൊഴില്തര്‍ക്കം പരിഹരിക്കുന്നത് പോലെ പാര്‍ട്ടി പ്രശ്നങ്ങളും പരിഹരിക്കാന്‍ പോയാല്‍ ഇതു പോലെയിരിക്കും . കാരാട്ട് തരതമ്യേന ജൂണിയറാണ്. പോളിറ്റ് ബ്യൂറൊയിലെ മിക്കവരും കാരാട്ടിനേക്കാള്‍ സീനിയറായത് കൊണ്ട്, അവരോട് ഒന്നും കര്‍ശനമായി പറയാന്‍ അദ്ദേഹത്തിനാവുന്നില്ല. അതു കൊണ്ട് പലപ്പോഴും ഒത്തുതീര്‍പ്പെന്ന പോലെയാണ്, പ്രശ്നങ്ങള്‍ പരിഹരിക്കുന്നത്. അതു കൊണ്ടാണ്, പി ബി നിര്‍ദ്ദേശിച്ച പലതും ചെയ്യിക്കാന്‍ ഒന്നില്‍ കൂടുതല്‍ പ്രാവശ്യം ആവശ്യപ്പെടേണ്ടി വന്നിട്ടുള്ളതും.


ആണവക്കരാറില്‍ ചോംസ്കി പറഞ്ഞത് ബാബുരാജ് പറഞ്ഞതല്ല. ഇന്‍ഡ്യയിലെ ഇടതുപക്ഷം അടിസ്ഥാനപരമായി നിരായുധീകരണത്തിനു വേണ്ടിയാണ്‌ നിലകൊള്ളുന്നത്. അതായിരിക്കേണ്ടിയിരുന്നു ഇടതുപക്ഷത്തിന്റെ പ്രധാന വാദമുഖം . ചേരി ചേരാ നയവും ആണവ മത്സരവും ഇതു കഴിഞ്ഞേ വരാവൂ.

മുംബൈ ആക്രമണത്തിനു ശേഷം പാക്കിസ്ഥാനെതിരെ യുദ്ധവെറി വളര്‍ത്തിവിടുന്നതില്‍ ഇടതുപക്ഷവും തങ്ങളുടെ പങ്കുവഹിച്ചിരുന്നു എന്നത് വസ്തുതാപരമായി തെറ്റാണ്. യുദ്ധവെറി വളര്‍ത്തിയത് ബി ജെ പിയും ,ശിവ സേനയും, കുറഞ്ഞ അളവില്‍ , അതും പരോക്ഷമയി , കോണ്‍ഗ്രസുമാണ്.

ആണവ വിഷയത്തില്‍ ഇടതു പക്ഷം പ്രതിക്കൂട്ടിലായിട്ടൊന്നുമില്ല. ഇടതുപക്ഷം ഉയര്‍ത്തിയ വാദമുഖങ്ങള്‍ തെറ്റാണെന്നാരും , ചോംസ്കി ഉള്‍പ്പടെ പറഞ്ഞില്ല. വാദമുഖങ്ങളുടെ മുന്‍ഗണന ക്രമം തെറ്റായത്കൊണ്ട്, ഇടതു പക്ഷത്തിന്റെ യധാര്‍ത്ഥ നയം അതില്‍ പ്രതിഫലിച്ചില്ല എന്നേ അദ്ദേഹം പറഞ്ഞുള്ളു. ഇടതു പക്ഷ ചിന്തകനെന്ന നിലയില്‍ , ഇടതുപക്ഷത്തു നിന്നും അദ്ദേഹം ഇതില്‍ കൂടുതല്‍ പ്രതീക്ഷിച്ചു എന്നേ മനസിലാക്കേണ്ടതുള്ളു.

ലാവലിന്‍ കേസ് പിണറായി വിജയനും അച്ചുതാനന്ദനും തമ്മില്‍ നിലനില്‍ക്കുന്നുണ്ടെന്നു പറയപ്പെടുന്ന ഒരു ഗ്രൂപ്പു വഴക്കിന്റെ പ്രശ്നമായി മാധ്യമങ്ങള്‍ അവതരിപ്പിച്ചു എന്നത് ശരിയായ നിരീക്ഷണമല്ല. ലാവലിന്‍ കരാറും , സി എ ജി റിപ്പോര്‍ട്ടും , സി ബി ഐ റിപ്പോര്‍ ട്ടും മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. അതൊനും ബാബുരാജ് കണ്ടില്ല എന്ന് തോന്നുന്നു. നിയമ വിദഗ്ദ്ധരും , മാധ്യമ പ്രവര്‍ത്തകരും , രാഷ്ട്രീയ നിരീക്ഷകരും , രാഷ്ട്രീയക്കാരും ഇത് വളരെ വിശദമായി ചര്‍ച്ച ചെയ്തിരുന്നു. പല ബ്ളോഗുകളില്‍ പോലും ഇതിനേക്കുറിച്ച് ആഴത്തില്‍ ചര്‍ച്ച ചെയ്തിരുന്നു.


പാര്‍ട്ടിയിലെ പ്രശ്നം പരിഹരിച്ചു എന്ന് പി ബി പറഞ്ഞില്ല. ലാവലിന്‍ വിഷയത്തില്‍ ഇപ്പോള്‍ പാര്‍ട്ടി എന്തു നിലപാടെടുക്കുന്നു എന്നു മാത്രമെ പി ബി പറഞ്ഞുള്ളു. സി ബി ഐ റിപ്പോര്‍ട്ട് കണ്ടിട്ടില്ല, അതു പുറത്തു വരുന്ന മുറക്ക് അതേക്കുറിച്ച് പിന്നീട് തീരുമാനിക്കും എന്നേ കാരാട്ട് പറഞ്ഞുള്ളു.

ലാവലിന്‍ കേസ് പല ദുരൂഹതകളും ഉള്ള ഒരു പ്രശ്നമാണ്. വെറും പബ്ളിക് മണിയുമായി ബന്ധപ്പെട്ടതല്ല അത്. 150 കോടി രൂപക്കുള്ള ഒരു കരാറിന്‌ 98 കോടി പാരിതോഷികമയി നല്‍കപ്പെട്ട ഒന്നാണത്. അതില്‍ പല പാളിച്ചകളും നിയമ ലംഘനങ്ങളും നടന്നു. പല വിദഗ്ദ്ധരുടെയും ഉപദേശങ്ങള്‍ മറികടന്നാണത് നടപ്പിലാക്കിയത്. അതു കൊണ്ട് കേരളത്തിനു യാതൊരു ഗുണവും കിട്ടിയില്ല.


ആദ്യ ഘട്ടത്തില്‍ അച്ചുതാനന്ദനും പിണറായി വിജയനും ഒന്നു ചേര്‍ന്ന് ഒതുക്കിത്തീര്‍ത്തിരുന്നുവെന്ന് ഒരു പത്രവും ആരോപിച്ചിട്ടില്ല. അതില്‍ ഭരണ യന്ത്രവും പാര്‍ട്ടിയും മൊത്തത്തില്‍ ഒരു ഗൂഢാലോചനയും നടത്തിയിട്ടില്ല. പാര്‍ട്ടി സെക്രട്ടേറിയറ്റ് ആ കാരാര്‍ നടപ്പിലാക്കാന്‍ പിണറായി വിജയന്‌ അനുമതി നല്‍കി. അത് പാര്‍ട്ടി നയങ്ങളും , നിയമങ്ങളും , കീഴ്വഴക്കങ്ങളും പാലിച്ച്, കേരളത്തിനു ഗുണകരമാവുമെന്ന ഉത്തമ വിശ്വാസത്തിലാണത് നല്‍കിയതും . പക്ഷെ അത് നടപ്പാക്കിയതില്‍ പല പാളിച്ചകളും സംഭവിച്ചു. അത് സി എ ജി നടത്തിയ ഓഡിറ്റിലാണ്, കണ്ടെത്തിയത്. 2005 ലാണീ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തു വന്നത്. അന്നു പിണറായിയും അച്യുതാനന്ദനും ചേര്‍ന്ന് ഒതുക്കിത്തീര്‍ത്തു എന്നു പറഞ്ഞാല്‍ കുറച്ച് മന്ദബുദ്ധികള്‍ വിശ്വസിച്ചേക്കാം . സി എ ജി എന്ന സ്ഥാപനം കാലകാലങ്ങളില്‍ നടത്തുന്ന പരിശോധനയിലൂടെ പലതും പുറത്തു വരും . അങ്ങനെ പുറത്തുവന്ന ഒന്നാണിതിലെ പാളിച്ചകളും.

അല്ലാതെ ചില ഹെയിറ്റ് ക്ളബ് അംഗങ്ങള്‍ ആരോപിക്കും പോലെ അച്യുതാനന്ദന്‍ ആഞ്ഞു ശ്രമിച്ച് കണ്ടെത്തിയതല്ല ഇതൊക്കെ.

ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്, ഇത് വിജിലന്‍സ് അന്വേഷണത്തിനു യു ഡി എഫ് വിട്ടത്. അല്ലതെ ബാബുരാജ് ആരോപിക്കുന്നതുപോലെ ഏതെങ്കിലും ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായല്ല. പിന്നീടത് സി ബി ഐ അന്വേഷണത്തിലേക്കും കുറ്റപത്രം സമര്‍പ്പിക്കുന്നതിലേക്കും എത്തിച്ചേര്‍ന്നു. സി പി എമ്മിലെ ഗ്രൂപ്പ് വഴക്കില്‍ അമിത താല്‍പര്യമുള്ളവരാണിത് ഒരു ഗ്രൂപ്പ് വഴക്കിനു ചുറ്റും തളച്ചിടുന്നത്. സി പി എമ്മില്‍ ഗ്രൂപ്പ് വഴക്കുണ്ടായാലും ഇല്ലെങ്കിലിലും സി എ ജി ഇതിന്റെ കണക്കുകള്‍ പരിശോധിക്കുകയും ഇതു പോലെ തന്നെ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുമായിരുന്നു. സി എ ജി എന്ന ഭരണഘടന സ്ഥാപനതിന്റെ പണി എന്താഅണെന്നറിയുന്നവര്‍ ഇതൊരു ഗ്രൂപ്പ് വഴക്കിന്റെ പ്രശ്നമായി വിലയിരുത്തില്ല. സി പി എമ്മിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി കോണ്‍ഗ്രസും ബി ജെപിയും രക്ഷപ്പെട്ടു എന്നൊക്കെ പറയുന്നത് ഏതോ ദുസ്വപ്നത്തില്‍ നിന്നുമാണ്.

കാര്‍ത്തികേയനാണിത് ആരംഭിച്ചത്. സി ബി ഐ പറയുന്നത് ഗൂഡാലോചന കാര്‍ത്തികേയന്‍ ആരംഭിച്ചു എന്നാണ്. അപ്പോള്‍ സ്വാഭാവികമായും കോണ്‍ഗ്രസിനു എന്തോ പങ്കുണ്ട്. ബി ജെ പി ഇതില്‍ എങ്ങനെ വരുന്നു എന്ന് ബാബുരാജിനൊന്നു വിശദീകരിക്കാമോ?

Unknown said...

"കോണ്‍ഗ്രസിനു എന്തോ പങ്കുണ്ട്. ബി ജെ പി ഇതില്‍ എങ്ങനെ വരുന്നു എന്ന് ബാബുരാജിനൊന്നു വിശദീകരിക്കാമോ?.."

ബി.ജെ.പി പങ്ക് വിശദീകരിച്ചാല്‍ എന്‍റെ ചങ്കിടിപ്പ് കൂടും,ഡല്ഹി ഓഫീസിലെ 3 കോടി 'പോയതിനു' ഇപ്പൊ ഒരു പ്രൈവറ്റ് ദിട്ടക്ട്ടിവ്നെ(പോലീസില്‍ പരാതിയൊന്നും കൊടുത്തില്ല) വച്ച് വരുന്ന വഴിയാ.

ബാബുരാജ് ഭഗവതി said...
This comment has been removed by the author.
ബാബുരാജ് ഭഗവതി said...

ഒരു കമന്റിട്ടതായിരുന്നു.
പിന്‍ വലിച്ചു.
വാദഗതികളില്‍ ചിലയിടത്ത് ചില ശ്രദ്ധക്കുറവുണ്ടായിരുന്നു.
പൂര്‍ണ്ണമായും തെറ്റായിരുന്നു എന്ന അര്‍ത്ഥത്തിലല്ല.
പഴുതടച്ചായിരുന്നില്ല.
ഇനി വിശദീകരിക്കുമ്പോഴൊക്കെ ഞാന്‍ എഴുതിയ അശ്രദ്ധമായ പോസ്റ്റ് എനിക്കു തന്നെ ബാദ്ധ്യതയാകും.

അശ്രദ്ധക്ക് എന്റെ പിഴ..
സ്നേഹപൂര്‍വ്വം
ബാബുരാജ്