സൈന്യവും സിവില്‍ ഭരണകൂടവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സ്ഥാനമൊഴിയേണ്ടിവന്ന നേപ്പാള്‍ പ്രധാനമന്ത്രി പ്രചണ്ഡമുന്നോട്ട് വെച്ച വാദഗതികള്‍ സമ്മിശ്രപ്രതികരണമാണുണ്ടാക്കിയത്. മാവോയിസ്റ്റ് ശക്തികളുടെ ജനാധിപത്യവിരുദ്ധ പ്രവണതയുടെ നിദര്‍ശനമായി സൈനിക തലവനെ സ്ഥാനഭൃഷ്ടനാക്കിയ സംഭവത്തെ ഒരു വിഭാഗം മാധ്യമങ്ങള്‍ വിവരിച്ചപ്പോള്‍ മറ്റുചിലര്‍ മാവോയിസ്റ്റുകളുടെ തെരക്കുപിടിച്ച നടപടിയെ കുറ്റപ്പെടുത്തുമ്പോള്‍ തന്നെ പ്രചണ്ഡ ഉയര്‍ത്തുന്ന പ്രശ്നത്തെ ഗൗരവമായാണ് നോക്കിക്കണ്ടത്. ഇന്ത്യയടക്കമുള്ള തെക്കേഷ്യയിലെ വന്‌കിട പത്രങ്ങളൊക്കെ തന്നെ എഡിറ്റോറിയല്‍ എഴുതിക്കൊണ്ടാണ് മാവോയിസ്റ്റുകളുടെ രാജിപ്രഖ്യാപനത്തെ അഭിമുഖീകരിച്ചത്. മാവോയിസ്റ്റുകളുടെ 'നടപടികളിലൂടെ' രൂപം കൊണ്ട ഭരണപ്രതിസന്ധി ലോകത്തിലെ ഏറ്റവും പുതിയ റിപ്പബ്ലിക്കിന്റെ ഭാഗദേയം നിര്‍ണ്ണയിക്കാന്‍ പര്യാപ്തമാണെന്ന് പത്രങ്ങള്‍ തുറന്നെഴുതി. രാജ്യം ചരിത്രപരമായ ഒരു വഴിത്തിരുവിലാണെന്നും വ്യത്യസ്തമായ വീക്ഷണകോണില്‍ നിന്നാണെങ്കിലും അവര്‍ ശരിയായി വിലയിരുത്തി.
സൈന്യത്തിനുമുകളില്‍ സിവില്‍ ഭരണകൂടത്തിന്റെ അധികാരത്തെകുറിച്ചുള്ള പ്രചണ്ഡയുടെ നിരീക്ഷണങ്ങള്‍ കാട്‌മണ്ടുവിലെ അധികാരത്തിന്റെ ഇടനാഴികക്കുമപ്പുറത്ത് സൗത്തേഷ്യയിലെ സമകാലിനാവസ്ഥയില്‍ രാഷ്ട്രങ്ങളുടെ ആഭ്യന്തര രംഗത്തും അന്താരാഷ്ട്രബന്ധങ്ങളിലും നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തുന്നുവെന്നതാണ് വാസ്തവം. അതുതന്നെയാണ് ആ നിരീക്ഷണങ്ങളുടെ പ്രസക്തിയും. കാട്ട്‌മണ്ഡുവിലും കിള്ളിനോച്ചിയിലും വിധി നിര്‍ണ്ണയിച്ചത് ഇതുതന്നെയാണെന്നു സാരം.
നേപ്പാളില്‍ ആര്‍മിജനറലിനെ പുറത്താക്കിക്കൊണ്ടുള്ള നടപടിയെ പരിശോധിക്കുക. ഈ നടപടിയെ മാവോയിസ്റ്റുകളുടെ അധികാരാസക്തിയുടെ സൂചനയായി വിലയിരുത്തിയ വിമര്‍ശകര്‍ തത്വാധിഷ്ടിതമല്ലാത്ത നടപടിയായിയായാണ് ഇതിനെ വിശേഷിപ്പിച്ചത്. രാഷ്ട്രത്തിന്റെയും പാര്‍ട്ടിയുടെയും താല്‍പ്പര്യങ്ങള്‍ക്കിടയില്‍ വിപ്ലവാനന്തരസമൂഹത്തില്‍ നിലനിന്നേക്കാവുന്ന ഏകാധിപത്യപ്രവണതയെ വിമര്‍ശിച്ചുകൊണ്ടാണ് നേപ്പാളി മാവോയിസ്റ്റുകള്‍ കഴിഞ്ഞകാലങ്ങളില്‍ തങ്ങളുടെ നിലപാടുകള്‍ രൂപപ്പെടുത്തിയത്. സോവിയറ്റ് റഷ്യയിലും ചൈനയിലും രൂപമെടുത്ത സോഷ്യലിസ്റ്റ് വ്യവസ്ഥ പൊതുസമൂഹത്തിന്റെയും പൊതുമണ്ഡലത്തിന്റെയും അഭാവത്തില്‍ കൂടിയാണ് തകര്‍ന്നതെന്ന് അവര്‍ വിലയിരുത്തി. സിവില്‍ ഭരണകൂടത്തെയും പാര്‍ട്ടിയെയും പരസ്പരം വേറിട്ട രണ്ടു വ്യവസ്ഥകളായാണ് അവര്‍ കണ്ടത്. അധികാരത്തിലെത്തുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ജനകീയ സേന(സൈന്യം) സോഷ്യലിസ്റ്റ് വ്യവസ്ഥയില്‍ ബഹുകക്ഷിജനാധിപത്യത്തിന് കീഴ്‌പ്പെട്ടിരിക്കണമെന്നും അവര്‍ വിശദീകരിച്ചു. ബോബ് അവാക്യന്‍ നേതൃത്വം കൊടുക്കുന്ന റിം(റവലൂഷനറി ഇന്റര്‍നാഷണല്‍ മൂവ്‌മന്റ്)ല്‍ ഈ ചിന്തകള്‍ ഗൗരവമായ ചര്‍ച്ചക്കുവിധേയമായിരുന്നു. ഇതാണ് പിന്നീട് പ്രചണ്ഡപാത്ത് എന്ന് വിളിക്കപ്പെട്ടത്. 1996 മുതല്‍ നടന്നുവരുന്ന ജനകീയയുദ്ധകാലത്തും സിവില്‍ ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും (എന്തിന് വിപ്ലവപാര്‍ട്ടിയുടെ പോലും ) അധികാരത്തെക്കുറിച്ച് അവര്‍ ജാഗ്രതയുള്ളവരായിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. ഒരു വിപ്ലവാനന്തര സമൂഹത്തില്‍ പോലും നിഷ്കര്‍ഷിക്കുന്ന ഈ നിലപാടുകള്‍ ബൂര്‍ഷ്വാവ്യവസ്ഥക്കുള്ളില്‍ ആവശ്യപ്പെടുന്നതില്‍ അവസരവാദമോ അധികാര പ്രമത്തതയോ ഒന്നുമില്ലെന്നത് വ്യക്തമാണ്. നേപ്പാളിന്റെ കാര്യത്തില്‍ തങ്ങള്‍ ആവശ്യപ്പെടുന്ന സിവിലിയന്‍ സുപ്രീമസി ഒരു റിപ്പബ്ലിക്കെന്ന നിലയില്‍ രാഷ്ട്രത്തിന്റെ നിലനില്‍പ്പിനാധാരമാണെത് സ്വയം വ്യക്തമാണ്. തെക്കേഷ്യയിലെ വര്‍ത്തമാനകാലവും ചരിത്രവും ഇത് തെളിയിക്കുന്നുണ്ട്.
ശ്രീലങ്കയില്‍ എല്‍.ടി.ടി.ഇ.യുടെ പരാജയത്തിലും ഈ പ്രശ്നം കാണാവുന്നതാണ്. എന്തായിരുന്നു അത്?ഒരു ഗറില്ലാ ആര്‍മി എന്ന നിലയിലാണ് എല്‍.ടി.ടി.ഇ. തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുവന്നത്. ഒരു ഘട്ടത്തില്‍ ശ്രീലങ്കയുടെ കടലോരമേഖലയടക്കം 1/3 ഭാഗവും അവര്‍ നേടിയെടുത്തു. എന്നാല്‍ 9/11 നുശേഷം രൂപം കൊണ്ട സവിശേഷസാഹചര്യത്തില്‍ ഭീകരതക്കെതിരെ യുദ്ധമെന്ന വാഷിങ്ങ്ട്ടണ്‍ തന്ത്രത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള സാഹചര്യങ്ങളെ വിലയിരുത്തുന്നതില്‍ അവര്‍ തുടക്കത്തിലേ പരാചയപ്പെട്ടു. ആന്താരാഷ്ട്രതലത്തില്‍ ഒരു രാഷ്ട്രമായി -അവര്‍ അങ്ങിനെ കരുതിയിരുന്നെങ്കിലും-അവര്‍ സ്വയം പ്രഖ്യാപിച്ചില്ല. ഒരു സൈനിക സംവിധാനമായ എല്‍.ടി.ടി.ഇ ക്കു പകരം ഒരു സിവിലിയന്‍ ഭരണകൂടത്തെ വിഭാവനം ചെയ്യുന്നതില്‍ അവര്‍ പരാജയപ്പെട്ടു. അതേ സമയം യുദ്ധമുന്നണി മൊബൈല്‍ വാറില്‍ നിന്ന് പെര്‍മനന്റ് വാറിലേക്കു മാറുകയും ചെയ്തു. ഒരു രാഷ്ട്രത്തിന്റെ തനതു സംവിധാനമായ പെര്‍മനന്റ് വാറിന്റെ യുദ്ധതന്ത്രങ്ങള്‍ ഒരു ഭാഗത്തും രാഷ്ട്രത്തിനുണ്ടായിരിക്കേണ്ട ഇന്റ്റേണല്‍ ഡെമോക്രസ്സി പോലുള്ള മറ്റുസംവിധാനങ്ങളുടെ അഭാവം മറുഭാഗത്തും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത് . അതേ സമയം ഒരു നിശ്ചിത അതിര്‍ത്തിക്കുള്ളില്‍ ഒതുങ്ങി കൂടിയതോടെ വീണ്ടും ഗറില്ലാ ആര്‍മി ആകുന്നതിനുള്ള സാദ്ധ്യത അടച്ചുകളയുകയും ചെയ്തു. (ഇത് അവസാനം അവരുടെ പരാജയത്തിനു കാരണമായി)ഒരു രാഷ്ട്രമാകുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായ ഈ അധികാര വിതരണത്തിന്റെ അഭാവം സംഘടക്കുള്ളില്‍ അധികാര വടംവലിയെ ശക്തമാക്കി. ഒരു ഘട്ടത്തില്‍ കേണല്‍ കരുണയെപോലുള്ള പ്രവര്‍ത്തകര്‍ പുറത്തുപോകുന്നതിന്റെ പ്രശ്നം ഇതുതന്നെയായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ സിവില്‍ ഭരണകൂടവും സൈനികാധികാരവും തമ്മിലുള്ള പ്രശ്നത്തില്‍ ജനകീയാധികാരത്തിനു അനുകൂലമായി തീരുമാനമെടുക്കുന്നതിലുള്ള വീഴ്ച്ചയായിരുന്നു നിര്‍ണ്ണായകം.
പാക്കിസ്ഥാന്റെ കാര്യത്തില്‍ സൈനികഭരണകൂടം ഒരു ഒസ്യത്തെന്ന പോലെയായിരുന്നു ലഭ്യമായിരുന്നത്. വിഭജനത്തിനു ശേഷം അധികാരവ്യവസ്ഥയുടെ ഭാഗമായവരില്‍ വലിയ ശതമാനത്തോളം ഇന്ത്യയില്‍ നിന്നു പലായനം ചെയ്ത ബ്യൂറോക്രറ്റുകളും സൈനികമേധാവികളുമായിരുന്നു. ബലൂച്ചിസ്ഥാന്‍ പോലുള്ള പ്രദേശങ്ങളില്‍ നിന്നും കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്നും പോലും ഉയര്‍ന്നു വന്നിരുന്ന ദേശീയതകളുടെ ആവശ്യങ്ങളെ വിഭജനാന്തര ഇന്ത്യന്‍ ഭരണകൂടശക്തികളെ പോലെ പാക്കിസ്ഥനും സൈനിക നടപടികളെകൊണ്ടാണ് നേരിട്ടത്. സ്വന്തമായ ഒരു ദേശീയതയോ പ്രദേശമോ അവകാശപ്പെടാനാവാതിരുന്ന ഉറുദു സംസാരിക്കുന്ന (ഇന്ത്യന്‍)കുടിയേറ്റക്കാരായ പാക്കിസ്ഥാനികള്‍ക്ക് (ഇവര്‍ വെറും 2.5 ശതമാനമേവരൂ) നിലനില്‍ക്കാനുള്ള ഏക പോവഴി മുഖ്യ ജന വിഭാഗമായ പഞ്ചാബികളുമായി ചേര്‍ന്ന്‌നില്‍ക്കുക എന്നതായിരുന്നു. വലിയകാലത്തോളം അവര്‍ അത് തുടരുകയും ചെയ്തു. സ്വാതന്ത്ര്യത്തിന്റെ തൊട്ടടുത്ത നാളുകളില്‍ തന്നെ രൂപം കൊള്ളാനാരംഭിച്ച ഈ സംവിധാനം പിന്നീട് രാഷ്ട്രത്തെ പൂര്‍ണ്ണമായും നിയന്ത്രിക്കുന്ന ഒന്നായി തീര്‍ന്നു. ഇന്ന് സൈന്യം രാഷ്ട്രത്തിന്റെ 30%ത്തിലധികം വ്യവസായമേഖലയും കൈയിലെത്താവുന്ന തരത്തില്‍ വളര്‍ന്നുകൊണ്ട് മുഖ്യസാമ്പത്തിക സംവിധാനമാണ്.ഇത് ഒരു രാഷ്ട്രമെന്ന നിലയില്‍ പാക്കിസ്ഥാന്റെ നിലനില്‍പ്പിനെ നിരന്തരം ചോദ്യം ചെയ്യുന്നുമുണ്ട്.തങ്ങളുടെ അന്താരാഷ്ട്രതാല്‍പര്യങ്ങള്‍ക്കനുസരിച്ച് രാജ്യത്തെ കൈകാര്യം ചെയ്ത വാഷിങ്ങ്ട്ടണ്‍ ഈ രൂപപരിണാമത്തില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ചിരുന്നു. സിവില്‍ഭരണകൂടവും സിവിലിയന്‍ താല്‍പര്യങ്ങാളും പലപ്പോഴും ഏറ്റുമുട്ടുകയും ചിലപ്പോഴെങ്കിലും രാജ്യത്തെ ഒരു നിര്‍ണ്ണായക ബിന്ദുവില്‍ എത്തിക്കുകയും ചെയ്തിരുന്നു.ജെഡ്ജിമാരെ പുനസ്ഥാപിക്കുന്നതിനുള്ള സമരം ഈ അര്‍ത്ഥത്തില്‍ വേണം കാണാന്‍.
നിയമവാഴ്ച്ച നിലനില്‍ക്കുന്ന ഇന്ത്യ ഈ പ്രശ്നത്തില്‍ എടുക്കുന്ന നിലപാടുകൊണ്ടാണ് ശ്രദ്ധേയമായിരുന്നത്. ഒരു ഭാഗത്ത് നേപ്പാളില്‍ സിവിലിയന്‍ ഭരണകൂടമേല്‍ക്കൈക്കുവേണ്ടി വാദിക്കുന്ന മാവോയിസ്റ്റുകളെ അധികാരത്തില്‍നിന്നും പുറത്തിരുത്താനായി ഇന്ത്യ റിപ്പബ്ലിക്കിന്റെ ശില്‍പ്പിയെന്ന് സ്വയം അഭിമാനിക്കവെതന്നെ സ്ഥാനഭൃഷ്ടനാക്കപ്പെട്ട രാജാവുമായി ഗൂഢാലോചന നടന്നതായ വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. സോണിയാഗാന്ധി ഗ്യാനേന്ദ്രയുമായി സമീപകാലത്തു നടന്ന കൂടിക്കാഴ്ച്ച അതിന്റെ തെളിവാണ്. നേപ്പാള്‍ പ്രശ്നം നടക്കവെ തന്നെ ഇന്ത്യന്‍ സ്ഥാനപതി സൈന്യത്തലവന്റെ കാര്യത്തില്‍ കടുത്തതീരുമാനം എടുക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുറഞ്ഞത് 6 തവണ തന്നെ വന്നു കണ്ടിരുന്നതായി പ്രചണ്ഡ തന്നെ പറയുകയുണ്ടായി. അതേ സമയം മറുഭാഗത്ത് എല്‍.ടി.ടി.ഇ. പ്രശ്നത്തില്‍ ലങ്കക്ക് തങ്ങളുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തുകൊണ്ട് തികച്ചും വ്യത്യസ്തമായ ഒരു റോള്‍ വഹിക്കുകയും ചെയ്യുകയാണ്.താരതമ്യേന ശാന്തമായിരുന്ന തെക്കേഷ്യ അന്താരാഷ്ട്ര ആയുധപ്പന്തയത്തിന്റെയും 'സൈനികനയതന്ത്ര'ത്തിന്റെയും കളിസ്ഥലമാവുകയാണ്.കൂട്ടത്തില്‍ രാഷ്ട്രങ്ങള്‍ സൈനിക സംവിധാനങ്ങള്‍ മാത്രമായി മാറുകയുമാണ്.