Saturday, May 9, 2009

ഇന്ത്യയും അയല്‍രാജ്യങ്ങളും

ലോകത്തിലെ ഏക ഹിന്ദുരാജ്യത്തെ ജനാധിപത്യത്തിലേക്ക്‌ നയിച്ച ജനാധിപത്യസര്‍ക്കാരിന്റെ ആദ്യ പ്രധാനമന്ത്രി പ്രചണ്ഡ രാജിവെച്ചു. അതെ തുടര്‍ന്ന് ഡല്‌ഹിയില്‍ നടന്ന പത്രസമ്മേളനത്തില്‍ അയല്‍രാജ്യങ്ങളിലെ ആഭ്യന്തരപ്രശ്നങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചെടുത്തോളം ഒരു സുരക്ഷാഭീഷണിയാണെന്നാണ്‌ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‌മോഹന്‍സിംഹ്‌ പ്രതികരിച്ചത്‌(ദി ഹിന്ദു, മെയ്‌ 5, 2009) നേപ്പാള്‍,ശ്രീലങ്ക,ബംഗ്ലാദേശ്‌,തീര്‍ച്ചയായും പാക്കിസ്ഥാന്‍,മാലി,ഭൂട്ടാന്‍ എന്നിങ്ങനെ ഇന്ത്യയുടെ 'സുരക്ഷ'യെ ബാധിക്കുന്ന രാജ്യങ്ങളുടെ പട്ടിക നീട്ടാന്‍ കഴിയും.

വര്‍ത്തമാന കാലത്ത്‌ നേപ്പാളിലും ശ്രീലങ്കയിലും ബംഗ്ലാദേശിലും നടക്കുന്ന സംഭവവികാസങ്ങളും അതില്‍ ഇന്ത്യന്‍ ഭരണകൂടവും രഹസ്യാന്വേഷണ വിഭാഗങ്ങളും വഹിക്കുന്ന പങ്കും തെക്കേഷ്യയുടെ ഭാവിയെ സംബന്ധിച്ച ചില സൂചനകള്‍ നല്‍കുന്നുണ്ട്‌.തുടക്കം മുതല്‍ തന്നെ ഇന്ത്യന്‍ കുത്തകകളുടെ വ്യാപാര താല്‍പര്യങ്ങള്‍ക്ക്‌ മുന്‍ തൂക്കം കൊടുത്തിരുന്ന ഇന്ത്യന്‍ ഭരണകൂടം അതിനനുരൂപമായ ഒരു രാഷ്ട്രീയ കാലാവസ്ഥയാണ്‌ തങ്ങളുടെ അയല്‍ രാജ്യങ്ങളില്‍ കെട്ടിപ്പെടുക്കാന്‍ ശ്രമിച്ചത്‌. ഒരു ഭാഗത്ത്‌ അത്‌ തങ്ങളുടെ നേരിട്ടുള്ള താല്‍പര്യങ്ങളായിരുന്നുവെങ്കില്‍ മറ്റുചില ഇടങ്ങളില്‍ അത്‌ ആഗോള സാമ്രാജ്യത്തിന്റെ തന്ത്രപരമായ ആവശ്യങ്ങള്‍ക്കുവേണ്ടിയായിരുന്നു. ഇത്‌ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ലോക രാഷ്ട്രീയഭൂപടത്തില്‍ ഒരു ഇടം നേടിക്കൊടുത്തു.

വിലകുറഞ്ഞ മനുഷ്യാദ്ധ്വാനത്തിന്റെയും അമൂല്യമായ വിഭവങ്ങളുറ്റേയും സ്ത്രോതസ്സെന്ന നിലയില്‍ അയല്‍ രാജ്യങ്ങള്‍ ഇന്ത്യയുടെ വ്യാപാര താല്‍പ്പര്യങ്ങള്‍ക്ക്‌ എന്നും പ്രധാനമായിരുന്നു.അവയുടെ പരിമിതമായെങ്കിലും വളരുന്ന സമ്പദ്ഘടനയും വിശാലമായ വിപണിയും ആഗോളവല്‍കൃത ലോകത്തില്‍ രാജ്യത്തിന്റെ വിദേശനയത്തെ തന്നെ തീരുമാനിച്ചു.

സൗത്ത്‌ ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ സാര്‍ക്കിലൂടെ സാഫ്ട്ട ഉടമ്പടി ഒപ്പുവെപ്പിച്ചുകൊണ്ട്‌ തെക്കേഷ്യന്‍ രാജ്യങ്ങളെ ഒരൊറ്റവ്യാപാരബ്ലോക്കാക്കിക്കൊണ്ട്‌ ഒരു പൊതുവിപണി സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഉല്‍പ്പന്നങ്ങളുടെ സ്വതന്ത്രവിനിമയത്തിന്‌ ആവശ്യമായതരത്തില്‍ ഒരു പൊതുനാണയവ്യവസ്ഥയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും ഉയര്‍ന്നുവരുന്നുണ്ട്‌. ഇതാകട്ടെ ആത്യന്തികമായും ഇന്ത്യന്‍ കോര്‍പ്പറേറ്റ്‌ മൂലധനത്തിന്റെ വികാസത്തിന്റെ അവിഭാജ്യഭാഗവുമാണ്‌.എന്നാല്‍ സാമ്പത്തിക ശാസ്ത്രം സ്വതന്ത്രമായ ഒരു വ്യവസ്ഥയായി,ഭാവനയിലല്ലാതെ , ഒരിക്കലും നിലനിന്നിട്ടില്ല.രാഷ്ട്രീയ-സൈനികവ്യവസ്ഥയുടെ ആകത്തുകയിലാണ്‌ അത്‌ സാധ്യമാകുന്നത്‌. (മാര്‍ക്സ്‌ സാമ്പത്തികശാസ്ത്രം എന്നല്ല, രാഷ്ട്രീയസാമ്പത്തിക ശാസ്ത്രം എന്നാണ്‌ എല്ലായ്പ്പോഴും ഉപയോഗിച്ചിരുന്നത്‌.)അയല്‍രാജ്യങ്ങളുടെ ആഭ്യന്തര വൈദേശിക നയങ്ങളില്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇടപെട്ടുകൊണ്ട്‌ ഇന്ത്യ അതു നേടിയെടുത്തു.

ശ്രീലങ്കയുടെ കാര്യത്തില്‍ ആഭ്യന്തര പ്രശ്നങ്ങളില്‍ തലയിട്ടുകൊണ്ടാണ്‌ അത്‌ ആരംഭിച്ചത്‌. ശീതയുദ്ധകാലത്ത്‌ അമേരിക്ക സൈനികമായി തന്ത്രപ്രധാനമായ ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ദീഗോഗാര്‍ഷ്യ ദ്വീപ്‌ പിടിച്ചതോടെയാണ്‌ ഇന്ത്യന്‍ ശ്രീലങ്കന്‍ ബന്ധം ഒരു വഴിത്തിരുവിലെത്തുന്നത്‌. അമേരിക്കയുടെ ഇന്ത്യന്‍ സമുദ്രത്തിലെ ആധിപത്യത്തിനെ തടയിടാന്‍ സോവിയറ്റ്‌ റഷ്യക്ക്‌ അതുപോലെതന്നെ പ്രധാനമായ ഒരു സൈനിക കേന്ദ്രം ആവശ്യമായിരുന്നു. ശ്രീലങ്കയിലെ ട്രിങ്കോമാലിയായിരുന്നു അതിനുവേണ്ടി തെരഞ്ഞെടുത്തത്‌. ഈ സാഹചര്യത്തിലാണ്‌ തമിഴ്‌ ജനതയുടെ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന സംഘടനകളിലൊന്നായ എല്‍.ടി.ടി.ഇ യെ സൈനികമായിതന്നെ സഹായിക്കാന്‍ ഇന്ത്യ തയ്യാറവുന്നത്‌. എല്‍.ടി.ടി.ഇ പോരാളികള്‍ക്ക്‌ ഇന്ത്യയില്‍ പരിശീലനത്തിനുള്ള സാഹചര്യം ഇന്ദിരാഗാന്ധി ഒരുക്കിക്കൊടുത്തു. എന്നാല്‍ പിന്നീട്‌ റഷ്യ തന്നെ ശിഥിലീകരിക്കപ്പെട്ട സാഹചര്യത്തില്‍ എല്‍.ടി.ടി.ഇ യുടെ നേത്രത്വത്തിലുള്ള പോരാട്ടങ്ങള്‍ ഇന്ത്യക്ക്‌ ബാധ്യതയായിതീര്‍ന്നു.ആ സാഹചര്യത്തില്‍ എല്‍.ടി.ടി.ഇ യെ ഒതുക്കുന്നതിനുള്ള ഒരു ശ്രമമായിരുന്നു ഇന്ത്യാ-ശ്രീലങ്ക സര്‍ക്കാരുകളുടെ മുന്‌കൈയില്‍ ഒപ്പുവെച്ച തിമ്പു കരാര്‍. എന്നാല്‍ ഒരു ജനത എന്ന നിലയില്‍ വംശീയ മായ അടിച്ചമര്‍ത്തലുകള്‍ക്ക്‌ വിധേയമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തമിഴര്‍ക്ക്‌ തങ്ങളുടെ മുദ്രവാക്യങ്ങളില്‍ നിന്നു അകന്നുനില്‍ക്കാന്‍ കഴിയുമായിരുന്നില്ല.തിമ്പു കരാറിനുശേഷവും പോരാട്ടം തുടര്‍ന്നു.അത്‌ ഒരു നിര്‍ണ്ണായക ഘട്ടത്തിലെത്തുന്നതോടെയാണ്‌ 'ഇന്ത്യന്‍ സമാധാന സേന'യെ ശ്രീലങ്കയിലേക്കയക്കുന്നത്‌.ഇന്ത്യന്‍ സേന നടത്തിയ കൂട്ടക്കുരുതികള്‍ തമിഴരുടെ മാത്രമല്ല മുഴുവന്‍ പേരുടേയും പ്രധിഷേധത്തിനിടയാക്കി. ഒരു ഘട്ടത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാരും തമിഴു ജനതയും ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും ഇന്ത്യ 'സമാധാനസേനയെ' പിന്‍ വലിക്കാന്‍ തയ്യാറായില്ലെന്നത്‌ ഭരണകൂടത്തിന്റെ വ്യാപന താല്‍പര്യങ്ങളുടെ ഒരു തെളിവായിരുന്നു. പിന്നീടൊരിക്കല്‍ ചൈന,പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ശ്രീലങ്ക ആയുധം വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ഇന്ത്യന്‍ സക്കാര്‍ തുറന്ന ഭീഷണിയിലൂടെയാണ്‌ അതിനു തടയിടാന്‍ ശ്രമിച്ചത്‌.അതിനിടയില്‍ എല്‍.ടി.ടി.ഈ യുടെ തന്നെ സവര്‍ണ്ണ- വര്‍ഗ്ഗ അടിത്തറയും നിലപാടുകളും തമിഴു ജനതക്കിടയിലും വിള്ളലുകളുണ്ടാക്കി. തുടക്കത്തില്‍ തമിഴുപ്രശ്നത്തില്‍ സഹാനുഭൂതിപ്രകടിപ്പിക്കുന്നതായി നടിച്ച്‌ ആയുധങ്ങള്‍ എത്തിച്ചുകൊടുത്ത ഇന്ത്യന്‍ ഭരണകൂടം പിന്നീട്‌ ശ്രീലങ്കന്‍ സിംഹള വംശീയ ഭരണകൂടത്തിന്‌ അതേ തമിഴര്‍ക്കെതിരെ യുദ്ധോപകരണങ്ങളും വെടിക്കോപ്പുകളും കൊടുത്ത്‌ തമിഴുപ്രശ്നത്തില്‍ ഒരു രാഷ്ട്രീയ പരിഹാരത്തിനുള്ള എല്ലാസാധ്യതകളും ഇല്ലാതാക്കി.

ബംഗ്ലാദേശിന്റെ കാര്യത്തിലാകട്ടെ, ടാറ്റയും മിത്തലും പോലുള്ള ഇന്ത്യന്‍ കോര്‍പ്പറേറ്റ്‌ ശക്തികള്‍ക്ക്‌ നേരിട്ട്‌ താല്‍പര്യങ്ങള്‍ ഉള്ള പ്രദേശമാണിത്‌. അമേരിക്കന്‍- ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ പല്ലായ്പ്പോഴും ബംഗ്ലാദേശ്‌ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ടുപോന്നു. ഇപ്പോഴുള്ള സര്‍ക്കാരിലും അതിനുമുന്‍പുണ്ടായിരുന്ന കെയര്‍റ്റെക്കര്‍ സര്‍ക്കാരിലും ഇന്ത്യന്‍ നയതന്ത്രമന്ത്രാലയം സജീവമായി ഇടപെട്ടിരുന്നു.ആ സര്‍ക്കാര്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റുകളായ ടാറ്റയെയും മിത്തലിനേയും തങ്ങളുടെ രാജ്യത്തേക്ക്‌ ക്ഷണിക്കുകയും മിത്തലിന്‌ ഊര്‍ജ്ജമേഖല അടിയറവെക്കുകയും ചെയ്തു.

ഇന്ത്യയുടെ ഒരു ഉപഗ്രഹരാജ്യം പോലെ നില്‍ക്കുന്ന നേപ്പാളിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ഇടപെടലുകള്‍ നിര്‍ണ്ണായകമായിരുന്നു.നേപ്പാളി സമൂഹത്തില്‍ വളര്‍ന്നുവന്നിരുന്ന ജനാധിപത്യ പ്രവണതകളെ ഇല്ലാതാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ഇന്ത്യ രാജാധികാരത്തിന്‌ എല്ലാ പിന്തുണയും നല്‍കിയിരുന്നു. നേപ്പാളിലെ ജനകീയയുദ്ധത്തിന്റെ കാലത്ത്‌ റിപ്പബ്ലിക്കാക്കാനുള്ള മുദ്രവാക്യങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ ഇന്ത്യ രാജാവിനോടൊപ്പം നില്‍ക്കുകമാത്രമല്ല തെരഞ്ഞെടുപ്പിന്‌ ശേഷം ഭൂരിപക്ഷം നേടിയ മാവോയിസ്റ്റുകള്‍ക്ക്‌ അധികാരം വിട്ടൊഴിയാന്‍ തയ്യാറാവാതിരുന്ന രാജാവിനും നേപ്പാളിലെ മറ്റിതര പാര്‍ട്ടികള്‍ക്കും പിന്തുണ നല്‍കി. ഏറ്റവും ഒടുവില്‍ മാവോയിസ്റ്റുകളെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കും വഹിച്ചു. സൈന്യത്തിന്റെ സിവിലിയന്‍ ഭരണകൂടത്തിനെതിരെയുള്ള നിലപാടുകള്‍ക്ക്‌ പിന്നില്‍ ഇന്ത്യയായിരുന്നുവെന്ന് നിരവധിപത്രങ്ങള്‍ തുറന്നെഴുതി. സൈന്യത്തലവന്റെ പ്രശ്നത്തില്‍ ഇടപെട്ടുകൊണ്ട്‌ ഇന്ത്യ നയതന്ത്രപ്രധിനിധി തന്നെ 6 തവണ സന്ദര്‍ശിച്ചുവെന്ന് പ്രചണ്ഡ പിന്നീട്‌ പത്രലേഖകരോട്‌ വെളിപ്പെടുത്തി. അതിനിടയില്‍ ഈ പ്രശ്നങ്ങള്‍ നടക്കുമ്പോള്‍ സോണിയാഗാന്ധി പുറത്താക്കപ്പെട്ട ഗ്യാനേന്ദ്രരാജാവിനെ കണ്ടുവെന്ന വാര്‍ത്ത്‌ ഇന്ത്യാ സര്‍ക്കാരിന്റെ താല്‍പര്യങ്ങളെ പുറത്തുകൊണ്ടുവരുന്നുണ്ട്‌. ചുരുക്കത്തില്‍ ഒരു സൈനിക നീക്കത്തിനു പിന്തുണ നല്‍കുന്ന ഇന്ത്യ ഭാവിയില്‍ നേപ്പാളില്‍ (പാക്കിസ്ഥാനെ പോലെ) ഒരു സൈനികമേധാവിത്ത വ്യവസ്ഥയുടെ നിര്‍മ്മിതിക്കുള്ള അടിത്തറ ഒരുക്കുകയാണ്‌. മാവോയിസ്റ്റുകള്‍ക്കെതിരെയായിരുന്നു ഇന്ത്യന്‍ നീക്കമെങ്കിലും നേപ്പാള്‍ ആര്‍മി അടുത്ത സര്‍ക്കാരുകള്‍ക്ക്‌ കീഴ്‌പ്പെട്ടുനില്‍ക്കുമെന്ന് ഒരു ഉറപ്പും നല്‍കുന്നില്ല.

ഒരു കൊച്ചുരാജ്യമായ ഭൂട്ടാനിന്റെ കാര്യത്തിലും ഇന്ത്യന്‍ താല്‍പര്യങ്ങള്‍ വ്യത്യസ്തമല്ല. അതിനിടയില്‍ നേപ്പാളില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന ഭൂട്ടാനികളെ വെടിവിച്ചിട്ടുകൊണ്ട്‌ ഇന്ത്യന്‍പാരാമിലിറ്ററി വിഭാഗം അഭയാര്‍ത്ഥികളെ അമേരിക്കയിലെ ലേബര്‍ ക്യാമ്പുകളില്‍ എത്തിക്കാനുള്ള അമേരിക്കന്‍ നീക്കത്തിന്‌ പച്ചക്കൊടി പിടിക്കുകയാണ്‌.അഭയാര്‍ത്ഥികളുടെ ഭൂട്ടാനിലേക്ക്‌ മടങ്ങുന്നതിനുള്ള താല്‍പര്യങ്ങളെ ചവിട്ടിമെതിച്ചുകൊണ്ടാണ്‌ അമേരിക്ക 60000പേരെ പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക്‌ കടത്താന്‍ ശ്രമിക്കുന്നത്‌.പുതിയകാലത്തെ അടിമക്കച്ചവടമല്ലാതെ മറ്റെന്താണിത്‌?

അയല്‍രാജ്യങ്ങള്‍ക്കുമുകളില്‍ സൈനികവും രാഷ്ട്രീയവുമായ അധികാരം പ്രയോഗിച്ചുകൊണ്ട്‌ ഒരു പ്രാദേശിക ശക്തിയാകാനുള്ള ശ്രമങ്ങള്‍ പക്ഷേ ഈപ്രദേശത്തെ ജനങ്ങളുടെ സ്വൈര്യജീവിതം ഉറപ്പുനല്‍കുന്നില്ലെന്നു മാത്രമല്ല രാഷ്ട്രീയവും വംശീയവുമായനിരവധി പുതിയ പ്രശ്നങ്ങള്‍ക്ക്‌ കാരണമാകുകയാണ്‌.

10 comments:

chithragupthan said...

Are you a slave of China?

Unknown said...

Are you a chinese agent?
Even if u are not, you are acting as one.

പാമരന്‍ said...

കൊള്ളാം. കാര്യങ്ങളെ എല്ലാ ആംഗിളുകളില്‍ നിന്നും കാണണമല്ലോ.

Calvin H said...

തന്നില്‍ച്ചെറുത് തനിക്കിര

ദീപക് രാജ്|Deepak Raj said...

അപ്പോള്‍ സുഹൃത്തെ താങ്കള്‍ ഭാരതീയനല്ലേ.

sorry

你好朋友怎么样您。 我比脊椎认为您应该忠诚对我们的国家。 因为印度是不是您的国家瓷。 是我改正不设法强加共产主义宣传在印第安头脑里。 谢谢

ഹന്‍ല്ലലത്ത് Hanllalath said...

ഇങ്ങനൊന്നും ചിന്തിക്കല്ലേ ...
രാജ്യ ദ്രോഹം...രാജ്യ ദ്രോഹം... :)

ബാബുരാജ് ഭഗവതി said...

അഭിപ്രായങ്ങള്‍ക്ക് നന്ദി.
അതോടൊപ്പം പ്രതികരണങ്ങള്‍ ചൈനീസ് പക്ഷപാതിത്വം, ‘ഭാരതീയത’ പൌരത്വം
തുടങ്ങിയ വൃത്തത്തിനകത്ത് തിരിയുകയുമാണ്.
ഒരു രാജ്യത്ത് ജീവിച്ചിരിക്കുന്നു എന്നാല്‍ ആ രാജ്യത്തെ വിവിധ സര്‍ക്കാരുകള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ വെള്ളം ചേര്‍ക്കാതെ വിഴുങ്ങണമെന്ന് ഇത് എഴുതിയവര്‍ കരുതുന്നുവോ?
കോണ്‍ഗ്രസ്സ് മിനിസ്ട്രി എടുത്ത തീരുമാനത്തെ ബി.ജെ.പി എതിര്‍ക്കുന്നതും,തിരിച്ചും കണ്ടിട്ടുണ്ട്. അപ്പോള്‍ ഇതില്‍ നിങ്ങളുടെ അഭിപ്രായത്തില്‍ ആരാണ് രാജ്യദ്രോഹി? അതും രണ്ടു കൂട്ടരും രാജ്യദ്രോഹികളെന്നു വരുമോ?

സുഹൃത്തുക്കളെ
ഇന്ത്യ ഒരു റീജനല്‍ പവ്വറാകാന്‍ ശ്രമിക്കുന്നു വെന്നു മാത്രമാണ് ഞാന്‍ പറയുന്നത്. ചൈന എന്തു ചെയ്യുന്നുവെന്നത് ഈ ലേഖനത്തിന്റെ വിഷയമായിരുന്നില്ല. ചൈന ഷാങ്ഹായ് അസ്സോസിയേഷനിലൂടെ തങ്ങളുടേതായ ഒരു ബ്ലോക്കുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അത് മറ്റൊരു കാര്യമാണ്.

nalan::നളന്‍ said...

ഒരു ജനാധിപത്യ രാഷ്ട്രമല്ലെങ്കിലും അങ്ങിനെയാണെന്നു അവകാശപ്പെടുന്ന അമേരിക്ക തന്നെ ചരിത്രത്തിലുടനീളം സപ്പോര്‍ട്ടു ചെയ്തു പോന്നിട്ടുള്ളത് ഏകാധിപത്യ ഭരണാധികാരികളെയും ഭരണകൂടങ്ങളേയുമാണു. ഇപ്പോള്‍ ഇന്ത്യയും. അത്ഭുതപ്പെടാനൊന്നുമില്ല.. കോര്‍പ്പറേറ്റുകള്‍ ഭരിക്കുമ്പോള്‍ സ്വാഭാവികമായും അവരുടെ നിക്ഷേപങ്ങള്‍ക്കു കൂടുതല്‍ സംരക്ഷണം എവിടെയാണോ ലഭിക്കുക അവിടേക്കായിരിക്കും ചായ്‌വ്, അതു ജനാധിപത്യമായാലും ഏകാധിപത്യമായാലും. മുതലാളിത്തം ജനാധിപത്യത്തെ സപ്പോര്‍ട്ടു ചെയ്യുന്നതു തന്നെ ഈ ഒരു അടിസ്ഥാനത്തില്‍ മാത്രമാണു.

Rajeeve Chelanat said...

പ്രസക്തമായ പോസ്റ്റ് ബാബുരാജ്.

ബംഗ്ലാദേശിലെ 1971-ലെ ഇടപെടല്‍ മുതല്‍ തുടങ്ങിയതാണ് ഇന്ത്യയുടെ ഈ വിദേശനയം. ശ്രീലങ്കയിലും ഇത് ആവര്‍ത്തിച്ചു. ശ്രീലങ്കയിലെ വംശഹത്യയെ, തമിഴക രാഷ്ട്രീയത്തിലെ നേട്ടങ്ങള്‍ക്കായി മാത്രം ഇപ്പോഴും ഉപയോഗിച്ചുകൊണ്ടുമിരിക്കുന്നു. ‘ചേരിചേരാനയ’ത്തിന്റെ അപ്പോസ്തലനായി നടന്ന കാലം മുതല്‍ തുടങ്ങിയതാണ് ഇന്ത്യയുടെ ഇരട്ടത്താപ്പുള്ള ഈ വിദേശനയങ്ങള്‍.

അതിനെക്കുറിച്ചൊക്കെ പറഞ്ഞുപോയാല്‍, നിങ്ങള്‍ ചൈനക്കാരനാകും, ഇന്ത്യാ വിരുദ്ധനാകും, ചുരുക്കത്തില്‍, രാജ്യദ്രോഹിയായി മാറും.

ദില്ലിയിലെയും വന്‍‌നഗരങ്ങളിലെയും നയതന്ത്രസ്ഥാപനങ്ങളുടെ കുത്തകാവകാശം സര്‍ക്കാരിനാണല്ലോ. ഡോസ്സിയറുകളുണ്ടാക്കലും, അതു മറിച്ചുവില്‍ക്കലും, അതിനുവേണ്ടിയുള്ള വിരുന്നുസല്‍ക്കാരങ്ങളും, ചാരന്മാരും, കുതന്ത്രങ്ങളും, കൊലപാതകങ്ങളും, തട്ടിക്കൊണ്ടുപോകലുകളും,ഡര്‍ട്ടി ട്രിക്ക്സും ഒക്കെ അവരുടെ മേഖലയാണ്. സാധാരണക്കാരായ നമ്മള്‍ അതിനെക്കുറിച്ചൊക്കെ ചര്‍ച്ച ചെയ്യുന്നതുപോലും നിഷിദ്ധമാണെന്നറിയില്ലേ എന്റെ ഭഗവതീ!

അഭിവാദ്യങ്ങളോടെ

Rajeeve Chelanat said...

“വിദേശനയമൊക്കെ ദില്ലിയിലെയും വന്‍‌നഗരങ്ങളിലെയും നയതന്ത്രസ്ഥാപനങ്ങളുടെ കുത്തകാവകാശമാണല്ലോ” എന്ന് തിരുത്തിവായിക്കുക.