Wednesday, April 15, 2009

ഇടറുന്ന ദളിത്‌ രാഷ്ട്രീയം

ഒരു പക്ഷേ കേരളത്തിന്റെ അരനൂറ്റാണ്ടിന്റെ ചരിത്രത്തില്‍ ശ്രദ്ധേയമായ സന്ദര്‍ഭമായിരുന്നു മുത്തങ്ങ-ചെങ്ങറ സമരത്തോടെ വളര്‍ന്നുവന്ന ആദിവാസി-ദളിത്ജനതയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്‌.ജാതിക്കെതിരെയുള്ള ദളിത്‌-പിന്നോക്ക വിഭാഗങ്ങളുടെ ചെറുത്തുനില്‍പ്പിന്‌ നൂറ്റാണ്ടിന്റെ പഴക്കമുണ്ടെങ്കിലും സമഗ്രമായ അര്‍ത്ഥത്തില്‍ ദളിത്‌ പ്രശ്നം ഒരു സാമൂഹ്യ-രാഷ്ട്രീയ പ്രശ്നമായി അവതരിപ്പിക്കപ്പെടുന്നത്‌ ഇപ്പോള്‍ മാത്രമാണ്‌. ഈ ദശകത്തിന്റെ തുടക്കത്തില്‍ ഒരു സൈദ്ധാന്തിക പ്രശ്നമോ സൗന്ദര്യശാസ്ത്ര പ്രശ്നമോ ആയി ചര്‍ച്ചകളില്‍ ഇടം തേടിയിരുന്ന ഇത്‌ ചെങ്ങറ സമരത്തോടെ മറ്റൊരു ഉയര്‍ന്ന വിതാനത്തിലേക്ക്‌ ഉയരുകയായിരുന്നു. ആദിവാസി ഭൂപ്രശ്നത്തെ കേന്ദ്രത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ട്‌ രൂപപ്പെട്ട ചിന്താസരണിയുടെ ഭാഗമായാണ്‌ പ്രാന്തവല്‍ക്കരിക്കപ്പെട്ട ദളിത്‌ ജനതയുടെ രാഷ്ട്രീയം വികസിപ്പിക്കപ്പെടുന്നത്‌.സാമൂഹ്യശാസ്ത്രത്തില്‍ നിന്നും രാഷ്ട്രീയ-സാമ്പത്തിക ശാസ്ത്രത്തിലേക്കുള്ള ഈ നീക്കം സ്വാഭാവികമെങ്കിലും സുഗമമായ പ്രക്രിയയിരുന്നില്ല. അതേ സമയം സൂക്ഷ്മമായി വിലയിരുത്തുകയാണെങ്കില്‍ ആദിവാസി മേഖലകളില്‍ 70 കളില്‍ ആരംഭിച്ച ഭൂസമരകേന്ദ്രീകൃതമായ രാഷ്ട്രീയ ചലനങ്ങള്‍ ഈ വികാസത്തിന്‌ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നല്‍കുകയുമായിരുന്നു.ദളിത്‌-ആദിവാസി ജനതയുടെ പോരാട്ടത്തിലെ നിര്‍ണ്ണായകമായ പോരാളികളെ അത്‌ സംഭാവന പോലും ചെയ്തു.

സമൂഹത്തിലെ ബുദ്ധിജീവി വിഭാഗത്തിന്റെ മുന്‍ കൈയില്‍ രൂപം കൊണ്ട ദളിത്‌ രാഷ്ട്രീയം ഒരു ഭൗതികശക്തിയായി വികസിക്കപ്പെടുന്നതില്‍ ചെങ്ങറസമരത്തിന്റെ പങ്ക്‌ തള്ളിക്കളയാവുന്നതല്ല. ഭൂമി എന്ന കേന്ദ്രപ്രമേയത്തില്‍ തന്നെ അത്‌ അതിന്റെ കൊടിക്കൂറകള്‍ ഉയര്‍ത്തി. ആ അര്‍ത്ഥത്തില്‍ അത്‌ നവസാമൂഹ്യപ്രസ്ഥാനങ്ങളിലെ ചില സൈദ്ധാന്തികര്‍ ഉയര്‍ത്തിയ അതിവാദങ്ങള്‍ക്കും സന്ദേഹങ്ങള്‍ക്കുമുള്ള ജനതയുടെ മറുപടിയുമായിരുന്നു വെന്നത്‌ ശ്രദ്ധേയമായിരുന്നു.ചെങ്ങറയെകുറിച്ചുള്ള (ഒഫീഷ്യല്‍) ബ്ലോഗില്‍ ഓരാള്‍ എഴുതിയതുപോലെ ചെങ്ങറയില്‍ അവര്‍ സമരം ചെയ്യുകയായിരുന്നില്ല- ജീവിക്കുകയായിരുന്നു.കൂട്ടത്തില്‍ പറയട്ടെ, പോരാട്ടവും ജീവിതവും ഒന്നുതന്നെയാകുന്നതിനെകുറിച്ചാണ്‌ മാക്സ്‌ തന്റെ ജീവിതകാലമത്രയും എഴുതിക്കൊണ്ടിരുന്നത്‌.

അതേസമയം ആസന്നമായ ലോകസഭ തിരഞ്ഞെടുപ്പ്‌, രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ദളിത്‌ രാഷ്ട്രീയത്തിന്റെ ഗതിയെ നിഷേധാത്മകമായി സ്വാധീനിക്കുന്നുവെന്നത്‌ പറയാതെവയ്യ.ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്‌ ളാഹ ഗോപാലന്റെ 'സാധുജന വിമോചന സംയുക്ത വേദി' കോണ്‍ഗ്രസ്സിനു പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു.ഇടതുപക്ഷത്തിന്റെ ' ഭൂപരിഷ്ക്കരണ വക്താക്കള്‍ തീവ്രവാദികളാണെന്ന' ഭീഷണിക്കിടയിലും രണ്ടാം ഭൂപരിഷ്ക്കരണമുദ്രവാക്യം ധീരതയോടെ ഉയര്‍ത്തിയ കെ.പി.എം.എസ്‌.നേതാവായ പുന്നല ശ്രീകുമാറിന്റെ നേതൃത്ത്വത്തില്‍ രൂപം കൊണ്ട 30ഓളം സംഘടനകള്‍ അംഗങ്ങളായ 'പട്ടികജാതി-പട്ടികവര്‍ഗ്ഗ സംയുക്ത സമിതി, യു.ഡി.എഫ്‌ നുള്ള പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. കേരളത്തില്‍ അങ്ങോളമിങ്ങോളം രണ്ടാം ഭൂപരിഷ്ക്കരണ പ്രശ്നം ജനങ്ങളെ തെരുവില്‍ ഇറക്കിക്കൊണ്ട്‌ പ്രചരിപ്പിച്ചെടുത്ത സമിതി വൈകിയ വേളയില്‍ അതിന്റെ രാഷ്ട്രീയദിശാരാഹിത്യം പ്രകടിപ്പിച്ചു.'ഭൂപ്രഭുത്വത്തിലും ജാതി മേതാവിത്വത്തിലും മുന്നില്‍ നില്‍ക്കുന്ന വലതുപക്ഷ രാഷ്ട്രീയം ഇന്ത്യയില്‍ ഭൂപരിഷ്ക്കരണം എന്ന ആശയത്തെ എക്കാലത്തും അടിച്ചമര്‍ത്താനാണ്‌ ശ്രമിച്ചതെന്ന്'(രണ്ടാം ഭൂപരിഷക്കരണം/ലഘുലേഖ/പട്ടിക ജാതി പട്ടികവര്‍ഗ്ഗ സംയുക്ത സമിതി) ശരിയായി കണ്ടെത്തിയ സമിതി തങ്ങളുടെ യു.ഡി.എഫ്‌. പിന്തുണക്ക്‌ ന്യായീകരണങ്ങളൊന്നും നല്‍കുകയുണ്ടായില്ല.. വര്‍ഷങ്ങളായി ഇടതുപക്ഷത്തിന്‌ പ്രത്യേകിച്ച്‌ സി.പി.ഐക്ക്‌ ആളെ കൂട്ടിക്കൊടുത്ത കെ.പി.എം.എസ്‌. പി.കെ.രാഘവന്റെ മകന്‍ ആര്‍.എസ്‌.അനില്‍ എല്‍.ഡി.എഫ്‌. സ്ഥാനാര്‍ത്ഥിയായിട്ടുപോലും ഇടതു പക്ഷത്തെ നിരാശപ്പെടുത്തുമെന്നുതന്നെയാണ്‌ തോന്നുന്നത്‌. അതേ സമയം ഈ നീക്കം പലരെയും സംബന്ധിച്ചെടുത്തോളം അത്ഭുതപ്പെടുത്തുന്നതായിരുന്നില്ല. സംയുക്ത സമിതിയിലെ പ്രധാന ഘടകകക്ഷിയായ കെ.പി.എം.എസ്ന്റെ എറണാകുളം സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ സോണിയാ ഗാന്ധി എത്തിച്ചേര്‍ന്നതുമുതല്‍ പലരും ഇത്‌ പ്രതീക്ഷിച്ചിരുന്നു

സി.കെ.ജാനുവിന്റെ നേതൃത്ത്വത്തിലുള്ള സംഘനയും അതേവഴിയിലൂടെ തന്നെയാണെന്നാണ്‌ സ്ഥിരീകരിക്കാത്ത ചില സൂചനകള്‍.ഡി.എല്‍.എഫ്‌,വിവിധ പട്ടിക ജാതി സംഘടനകള്‍ എന്നിവരും ഇതേ നിലപാടുകളിലൂടെ മുന്നോട്ട്‌ തന്നെ ആണ്‌. അതേ സമയം കഴിഞ്ഞ തവണ ഇടതുപക്ഷത്തെ പിന്തുണച്ച എസ്‌.എന്‍.ഡി.പി. ഇത്തവണ സ്ഥാനര്‍ത്ഥിയെ നോക്കി വോട്ടുചെയ്യുമെന്നാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌.കേരളത്തിന്റെ പൊതു അവസ്ഥ പരിശോധിക്കുകയാണെങ്കില്‍ തെരഞ്ഞെടുപ്പ്‌ ദളിത്‌ ജനതയുടെ രാഷ്ട്രീയ ഇടപെടലിന്റെ തിരികോലായാണ്‌ പ്രവര്‍ത്തിക്കുന്നത്‌.വിവിധ മുന്നണികളെ മാറി മാറി പിന്തുണക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ്ഗ /ദളിത്‌ സംഘടനകള്‍ ദളിത്‌ ജനതയുടെ യഥാര്‍ത്ഥപ്രശ്നങ്ങളെ എല്ലായ്പ്പോഴും സ്ഥാനമോഹികളായ ദളിത്‌ നേതാക്കളുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി ബലികഴിച്ചു. ഭൂമിയും ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ട അടിസ്ഥാന മുദ്രവാക്യങ്ങള്‍ ഒരിക്കലും ഉയത്തപ്പെട്ടില്ല. എപ്പോഴെങ്കിലും അങ്ങിനെ ചെയ്തിരുന്നുവെങ്കില്‍ അത്‌ പുതിയ തെരഞ്ഞെടുപ്പ്‌ സമവാക്യങ്ങള്‍ രൂപം കൊടുക്കുന്നതിന്റെ ഭാഗം മാത്രമായിരുന്നു. ഇത്‌ കേരളത്തിന്റെ മാത്രം അവസ്ഥയല്ല,ഒരു പൊതു ഇന്ത്യന്‍ സാഹചര്യമാണ്‌. ദളിതരോട്‌ അധികാരത്തിലെത്തിച്ചേരാനുള്ള അംബേദ്ക്കറുടെ മുദ്രവാക്യം തെരഞ്ഞെടുപ്പില്‍ തത്വാധിഷ്ഠിതമല്ലാതെ എന്തും ചെയ്തുകൊണ്ട്‌ അധികാരത്തിലെത്താനുള്ള മാര്‍ഗ്ഗമായി അവതരിപ്പിക്കപ്പെടുകയായിരുന്നു.

തെരഞ്ഞെടുപ്പ്‌ ജയിക്കാനും തോല്‍ക്കാനും മാത്രമുള്ള ഒരു അഭ്യാസമാണെന്നാണ്‌ പല ദളിത്‌/പട്ടികജാതിപട്ടികവര്‍ഗ്ഗ സംഘടനകളുടെ കാഴ്ച്ചപ്പാട്‌. മറ്റുപല സംഘടനകളും ഇതിനെ രാഷ്ട്രീയ സ്വാംശീകരണത്തിന്റെ ഭാഗമായി കണക്കാക്കുന്നുണ്ടെന്ന് ഒരു ചെറുപരിശോധന പോലും വ്യക്തമാക്കും.വര്‍ഷങ്ങളോളം തനിയെ തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പി. ഇതാണ്‌ തെളിയിക്കുന്നത്‌. അതേ സമയം ഇത്‌ ഓരോപ്രസ്ഥാനത്തിന്റെയും ആത്മവിശ്വാസത്തിന്റെ കൂടി പ്രകാശനമാണ്‌. ജയത്തിന്റെ ഒരു സൂചനപോലുമില്ലാതെ നിരവധി സംഘടനകള്‍ ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിടുന്നുണ്ട്‌.മുരിയാട്‌ കര്‍ഷക സംഘം കര്‍ഷക പ്രശ്നത്തെ മുന്‌നിറുത്തി സ്ഥാനര്‍ത്ഥിയെ നിറുത്തിയിരിക്കുന്നു. വയനാട്ടില്‍ ആദിവാസി പ്രശ്നത്തിന്റെ പേരില്‍ ഡോ.നല്ലതമ്പി എം.എല്‍.പിന്തുണയോടെ മല്‍സരിക്കുന്നു.മൂലമ്പിള്ളിയില്‍ കുടിയൊഴിപ്പിക്കലിനെതിരെ എസ്‌.യു.സി.ഐ.പിന്തുണയോടെ സ്ഥാനര്‍ത്ഥിയുണ്ട്‌. സി.പി.എം.വിമതര്‍ക്കും തങ്ങളുടെ രാഷ്ട്രീയ പ്രശ്നങ്ങള്‍ മുന്‌നിറുത്തുന്ന സ്ഥാനര്‍ത്ഥികളുണ്ട്‌. എന്തിന്‌ വ്യാപാരി വ്യവസായികള്‍ക്കുപോലും കോഴിക്കോട്‌ സ്ഥാനര്‍ത്ഥിയുണ്ട്‌.(പിന്നീട്‌ അത്‌ പിന്‌വലിക്കപ്പെട്ടു) അതേസമയം കേരളത്തില്‍ ഏതാനും മാസങ്ങളോളം ചര്‍ച്ചകളില്‍ ഇടം പിടിച്ച ദളിത്‌ ഭൂപ്രശ്നവും ജാതിപ്രശ്നവും പ്രതിനിധികളില്ലാതെ ശൂന്യതയിലേക്ക്‌ വലിച്ചെറിയപ്പെട്ടു. .തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിനുമപ്പുറം വന്നുചേര്‍ന്ന ഐക്യം ഉപയോഗപ്പെടുത്തിക്കൊണ്ട്‌ ദളിത്‌-ആദിവാസി-മറ്റിതര പ്രാന്തവല്‍ക്കരിക്കപ്പെട്ട സാമൂഹ്യരാഷ്ട്രീയ വിഭാഗങ്ങള്‍ സിവില്‍ സമൂഹത്തിലെ ജാഗ്രതാ ഗ്രൂപ്പുകള്‍ എന്നിവയുടെ ഐക്യപ്രക്രിയക്കുവേണ്ടിയുള്ള ഒരു ശ്രമവും ഉണ്ടായില്ലെന്നുമാത്രമല്ല നേടിയെടുത്തവയെ ഭരണവര്‍ഗ്ഗ രാഷ്ട്രീയക്കാരുടെ അടുക്കളയില്‍ പൊരിച്ചെടുക്കാന്‍ പാകത്തില്‍ എത്തിച്ചുകൊടുക്കുകയും ചെയ്തു. ചെങ്ങറ സമരസമിതിയുടെ നിലപാടുകള്‍ അതാണു തെളിയിക്കുന്നത്‌. ഒരു വിഭാഗമെന്നനിലയില്‍ ദളിത്‌ ജനത ഇനിയും എത്രത്തോളം മുന്നോട്ടുപോകാനുണ്ടെന്നും ഇത്‌ തെളിയിക്കുന്നു.

മറ്റൊരര്‍ത്ഥത്തിലും ഈ തെരഞ്ഞെടുപ്പ്‌ നിര്‍ണ്ണായകമാണ്‌. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി രണ്ടുമുന്നണി സംവിധാനമെന്നനിലയില്‍ ധ്രുവീകരിക്കപ്പെട്ടിരിക്കുന്ന ഏര്‍പ്പാട്‌ തകരുന്നതിന്റെ സാഹചര്യങ്ങള്‍ പുറത്തുവന്നുകഴിഞ്ഞിട്ടുണ്ട്‌. മുന്നണികള്‍ക്കകത്ത്‌ രൂപം കൊണ്ടുകൊണ്ടിരിക്കുന്ന പൊട്ടിത്തെറികള്‍ അതിന്റെ സൂചനയായാവണം വിലയിരുത്താന്‍. ഇരു മുന്നണികള്‍ക്കിടയില്‍ സ്ഥാനമില്ലാതെ പുറത്ത്‌ അധികാരത്തിന്റെ ഭാഗമാകാന്‍ അവസരമില്ലാതെ നില്‍ക്കുന്ന എന്‍.സി.പി, ബി.ജെ.പി.തുടങ്ങിയവയുടെ സാന്നിദ്ധ്യം കൂടുതല്‍ നിര്‍ണ്ണായകമാകും. നിരവധി അധികാര സംവിധാനങ്ങളുടെ രൂപീകരണം വരും കാലങ്ങളില്‍ ദളിത്‌ സ്വാശീകരണ പ്രക്രിയയെ കൂടുതല്‍ ബുദ്ധിമുട്ടുള്ളതാക്കും.ഇപ്പോള്‍ തന്നെ ചിന്നഭിന്ന മായി നേതാക്കളുടെ ഭരണ വര്‍ഗ്ഗ സേവയുടെ തെളിവിനായി മാത്രം അവശേഷിക്കുന്ന ദളിത്‌ സംഘടനകളുടെ വരും കാലം കൂടുതല്‍ ശിഥിലീകരണപ്രക്രിയക്ക്‌ സാക്ഷ്യം വഹിക്കനാണു സാധ്യത.ഈ അധികാര വടംവലിയില്‍ സമുദായ/സംഘടനാ നേതക്കള്‍ ലാഭമുണ്ടാകുമെന്നതൊഴിച്ചാല്‍ ദളിത്‌ ജനതയുടെ താല്‍പര്യങ്ങള്‍ എല്ലായ്പ്പോഴും അടിച്ചമര്‍ത്തപ്പെടും.

അതേ സമയം ദളിത്‌ ബുദ്ധിജീവികളുടെ നിലപാടുകളില്‍ സന്ദേഹങ്ങള്‍ വ്യാപകമാണ്‌. അതിനുള്ള ഒന്നാംതരം തെളിവാണ്‌ കഴിഞ്ഞ ദിവസം മാതൃഭൂമിയില്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ച 'തെരഞ്ഞെടുപ്പും ദളിതുകളും' എന്ന കെ.കെ.കൊച്ചിന്റെ ലേഖനം.ദളിത്‌ പ്രശ്നത്തെ മുന്‌നിറുത്തി എല്‍.ഡി.എഫ്‌.,യു.ഡി.എഫ്‌. വിഭാഗങ്ങളെ പരിശോധിച്ചുകൊണ്ട്‌ അവക്കിടയില്‍ വൈജാത്യങ്ങളില്ലെന്ന് ശരിയായി വിലയിരുത്തിയ ലേഖനം തുടര്‍ന്നുള്ള ഭാഗങ്ങളില്‍ ആശയക്കുഴപ്പം പ്രകടിപ്പിക്കാന്‍ തുടങ്ങുന്നു.അധികാരത്തില്‍ ലോബികളേ ഉള്ളുവെന്ന (അത്‌ ലേഖനത്തില്‍ നേരിട്ടു സൂചിപ്പിക്കുന്നില്ലെങ്കിലും) നിലപാടുതറയില്‍ ഉയര്‍ന്നു വന്ന വാദഗതികള്‍ ഉയര്‍ത്തിവിടുന്നു..നായര്‍,ഈഴവ വിഭാഗങ്ങളെ പോലെ ദളിത്‌ വിഭാഗങ്ങള്‍ വോട്ടുബാങ്കാകാത്തതിന്റെ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നു.(തീര്‍ച്ചയായും അത്‌ നിര്‍ണ്ണായകപ്രശ്നമാണ്‌)അധികാരത്തിന്റെ അകത്തും പുറത്തും നില്‍ക്കുന്ന വിഭാഗങ്ങള്‍ പ്രഷര്‍ഗ്രൂപ്പുകളോ ലോബികളോ അല്ല,മറിച്ച്‌ അവ പരസ്പരം ശത്രുതയിലുള്ള വിഭാഗങ്ങള്‍ തന്നെ ആണ്‌. ജാതി വ്യവസ്ഥയിലൂന്നിയ ഒരു സമ്പദ്‌ ഘടനയില്‍ ജാതിഗ്രൂപ്പുകളെ ഒന്നാകെ തകര്‍ക്കാതെ പുരോഗതി സാധ്യമല്ല. അതുകൊണ്ട്‌ തന്നെ വിവിധ ജാതിഗ്രൂപ്പുകള്‍ക്ക്‌ സഹവര്‍ത്തിക്കാനും സാധ്യമല്ല.ജാതിവിരുദ്ധത പ്രത്യയശാസ്ത്രപരമായി മുന്നോട്ടുവെക്കുന്നതിനാലും ജാതിവ്യവസ്ഥ തകര്‍ക്കാതെ സ്വന്തം വിമോചനം സാധ്യമല്ല എന്നതിലുമാണ്‌ ദളിത്‌ കൂട്ടായ്മയുടെ പുരോഗതി സ്ഥിതിചെയ്യുന്നത്‌. ദളിത്‌ ജനതയിലുള്ളടങ്ങുന്ന വിവിധ സമുദായങ്ങളെ വോട്ടുബാങ്കുകളായി മാറ്റുക എന്ന മുദ്രവാക്യം വിവിധ ദളിത്‌ ബുദ്ധിജീവികള്‍ മുന്നോട്ട്‌ വെക്കുന്നുണ്ട്‌. അതിനെ സാമുദായ രാഷ്ട്രീയം എന്നൊക്കെ വിളിക്കുന്നതും കേട്ടിരുന്നു. ഇതു മുന്നോട്ട്‌ വെക്കുന്ന ബുദ്ധിജീവികള്‍ മറന്നുപോകുന്ന ഒരു മുഖ്യവസ്തുത ഇക്കഴിഞ്ഞ ഓരോ തെരെഞ്ഞെടുപ്പിലും ഓരോ രാഷ്ട്രീയപാര്‍ട്ടികളും ഈ സമുദായ വോട്ടുബാങ്ക്‌ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന കാര്യമാണ്‌. കെ.പി.എം.എസ്‌. എത്രയോ കാലമായി എല്‍.ഡി.എഫ്‌.ന്റെ പ്രത്ര്യേകിച്ച്‌ സി.പി.ഐ. യുടെ വോട്ടുബാങ്കായി പ്രവര്‍ത്തിച്ചിരുന്നു. വിവിധ സമുദായ സംഘടനകള്‍ വ്യത്യസ്ത കാലങ്ങളില്‍ എല്‍.ഡി.എഫ്‌. യു.ഡി.എഫ്‌.,ബി.ജെ.പി. തുടങ്ങിയവയെ മാറി മാറി പിന്തുണച്ചിരുന്നു. ദളിതുകള്‍ ഒറ്റക്കെട്ടായി നിന്നുകൊണ്ട്‌ ജാതിവിരുദ്ധതയിലൂന്നിയ രാഷ്ട്രീയ -സാമ്പത്തിക -സാമൂഹ്യമുദ്രവാക്യങ്ങള്‍ മുന്നോട്ടുവെക്കുകയോ തങ്ങളുടെ പോരാട്ടങ്ങള്‍ക്ക്‌ സഖ്യകക്ഷികളെ നേടിയെടുക്കുകയോ ചെയ്യുന്നില്ല എന്നതാണ്‌ പ്രധാനം. നടന്ന ചുരുക്കം ചില ശ്രമങ്ങള്‍ ഫലപ്രാപ്തിയിലെത്തുകയും ചെയ്തില്ല.ദളിത്‌ സമുദായങ്ങള്‍(പുലയ,വേട്ടുവ.....)സമുദായ സംഘടനകളെന്ന നിലയില്‍ സംഘടിപ്പിക്കുമ്പോള്‍ പരവതാനിവിരിക്കുന്നവര്‍ (കെ.പി.എം.എസ്‌.ന്റെ കാര്യം തന്നെ നല്ല ഉദാഹരണം സി.പി.ഐ.ക്ക്‌ അതില്‍ ഫ്രാക്ഷന്‍ തന്നെ ഉണ്ടായിരുന്നുവത്രെ) ദളിതുകളെന്ന നിലയില്‍ സംഘടിക്കപ്പെടുമ്പോള്‍ (ഉദാഹരത്തിന്‌ ചെങ്ങറ) മുഷ്ടിചുരുട്ടുന്നത്‌ ഒരു പതിവുകാഴ്ചതന്നെ.

ഗോത്രമഹാസഭ നേതാവായ ശ്രീ.ജാനുവുമായി ശ്രീ മാധവന്‍ നായര്‍ നടത്തിയ അഭിമുഖത്തില്‍(ഹിന്ദു.ഏപ്രില്‍ 5, 2009) ഭൂസമരത്തിന്റെ മുദ്രവാക്യങ്ങള്‍ എന്തുകൊണ്ടാണ്‌ ഇലക്ഷനില്‍ മുഴങ്ങി കേള്‍ക്കാത്തത്‌ എന്ന് ആരാഞ്ഞപ്പോള്‍ ,അത്‌ ദുഖകരമാണെന്നും രാഷ്ട്രീയക്കാര്‍ ആദിവാസികളെ മനുഷ്യരായി കാണുന്നില്ലെന്ന മറുപടിയാണ്‌ ജാനു കൊടുക്കുന്നത്‌. അങ്ങിനെ പറയുമ്പോള്‍ ഒരു രാഷ്ട്രീയക്കാരിയായി ജാനു സ്വയം കണക്കാക്കുന്നില്ലെന്നത്‌ വ്യക്തമാണ്‌. ജാനുവിനെ പോലുള്ള മികച്ച നേതാക്കള്‍ക്ക്‌ ഈ മത്സരത്തില്‍ ഒരു പക്ഷമായി മാറാന്‍ എന്തുകൊണ്ടാവുന്നില്ലെന്നതും അത്തരം നേതാക്കളുടെ/പ്രസ്ഥാനത്തിന്റെ എന്തു സവിശേഷതകളാണ്‌ ഇതിനുകാരണമെന്നും ആലോചിക്കേണ്ടതുതന്നെയാണ്‌. ജാതിവിരുദ്ധതയുടെ ഒരൊറ്റ ബ്ലോക്കായി സമാന വിഭാഗങ്ങളെ സവര്‍ണ്ണരാഷ്ട്രീയത്തിനെതിരായി നവബുദ്ധിജീവികളുടെ ചാരുകസാര നാട്യങ്ങള്‍ക്കുമപ്പുറം അണിനിരത്തിയും സൗജന്യമായി പഠിക്കാനുള്ള ഒരു സ്കൂളുപോലും അവശേഷിപ്പിക്കാതിരിക്കുന്ന ഈ കാലത്ത്‌ ആഗോളവല്‍ക്കരണം ദളിതുകള്‍ക്ക്‌ ഗുണകരമെന്നും മറ്റുമുള്ള 'രസികന്‍' മുദ്രവാക്യങ്ങള്‍ ഉയര്‍ത്തുന്നവരെ ചോദ്യം ചെയ്തും ഭൂമിപോലുള്ള അടിസ്ഥാന പ്രശ്നങ്ങളെ മുന്നോട്ടുവെച്ചും മാത്രമേ ഈ ജാത്യാധിഷ്ഠിത വ്യവസ്ഥയെ തോല്‍പ്പിക്കാനാവൂ. തെരഞ്ഞെടുപ്പുകള്‍ അതിനുള്ള ഉപാദിയായാണ്‌ അല്ലാതെ സ്വയം ഒരു ലക്ഷ്യമായല്ല കണക്കാക്കേണ്ടതെന്നതും പ്രധാനമാണ്‌.അതുമാത്രമേ ദളിത്‌ രാഷ്ട്രീയത്തെ മുന്നോട്ടു കൊണ്ടുപോകുകയുള്ളൂ.

4 comments:

പാമരന്‍ said...

good one.

Rajeeve Chelanat said...

ബാബൂ,
പൂര്‍ണ്ണമായി യോജിക്കുന്നു. സമയക്കുറവിനാല്‍ പിന്നീട് വരാം. എങ്കിലും, ഈ നിരീക്ഷണങ്ങള്‍ക്ക് നന്ദി.

അഭിവാദ്യങ്ങളോടെ

വിശാഖ് ശങ്കര്‍ said...

പ്രസക്തമായ ലേഖനം.സമഗ്രമായ ഒരു പ്രത്യയശാസ്ത്ര അടിത്തറയില്ലാതെ ഫ്രാക്ഷന്‍സായി വേറിട്ടു നിന്നുകൊണ്ട് ദളിത്, സ്ത്രീപക്ഷാ‍ദിയായ മുന്നേറ്റങ്ങള്‍ക്ക് അവ അഭിമുഖീകരിക്കേണ്ടുന്ന രാഷ്ട്രീയ വെല്ലുവിളികളെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേരിടാനാവുമോ എന്നത് ഒരു ചോദ്യം തന്നെയാണ്.ഉവ്വെന്നാണ് മറുപടിയെങ്കില്‍ അതിനെ വീണ്ടും സൂക്ഷ്മത്തിലേയ്ക്ക് ചുരുക്കിക്കൊണ്ടുപോയാല്‍ വ്യക്തികളിലൂടെ സമൂഹത്തിന്റെ വികസനം എന്ന വലതുപക്ഷ കാഴ്ച്ചപ്പാടിലേയ്ക്കായിരിക്കും എത്തുക എന്ന് തോന്നുന്നു.എന്നാല്‍ അടിയന്തിരമായ ജനകീയ പ്രശ്നങ്ങളുടെ ഉത്തരങ്ങള്‍ക്കായി പ്രത്യശാസ്ത്രപരമായ ഒരു കാഴ്ച്ചപ്പാട് ഉരുത്തിരിഞ്ഞുവരുന്നതുവരെ കാത്തിരിക്കണമെന്ന വാദത്തിലും പൊരുത്തക്കേടുണ്ട്.ഇടതു രാഷ്ട്രീയ ഇടപെടലുകള്‍ അപൂര്‍ണ്ണമായി ഉപേക്ഷിച്ച സാമൂഹ്യ സ്ഥലങ്ങളിലേയ്ക്കാവും ഇത്തരം ഒരന്വേഷണം വിരല്‍ ചൂണ്ടുകയെന്ന് തോന്നുന്നു.വിശദമായ ചര്‍ച്ചകളും, പ്രയോഗ തലത്തെക്കുറിച്ചുള്ള പുനര്‍വിചിന്തനങ്ങളും ആവശ്യപ്പെടുന്ന ഒരു സാമൂഹ്യ സ്ഥലമാണിത്.ആശയതലത്തിലുള്ള വ്യക്തത (അതുണ്ടെന്ന് തന്നെയാണ് പ്രതീക്ഷ) പ്രയോഗതലത്തിലേയ്ക്ക് പകരേണ്ടതുണ്ട്. അതിന് വിശദമായ ചര്‍ച്ചകള്‍ വേണം.വീണ്ടും വരും.

ചാർ‌വാകൻ‌ said...

പ്രസക്തമായ പൊസ്റ്റ്.ദളിത്-ആദിവാസിരാഷ്ട്രീയം നേരിടുന്ന
അടിസ്ഥ വിഷയം തന്നേ ഉപജാതിബോധമാണ്.
കേരള-രാഷ്ട്രിയ/സാമൂഹ്യ ജീവിതത്തില്‍,മദ്ദ്ധ്യ-വര്‍ഗ്ഗ/മദ്ധ്യമജാതി കേന്ദ്രീകരണം
നടന്നത്.ആ വിഭാഗങ്ങളില്‍ നടന്ന സമുദായവല്‍ക്കരണമാണ്.
സമാനമായോന്ന് ദളിതരുടെയിടയില്‍ അടുത്തകാല്ത്തോന്നും
സാദ്ധ്യമല്ല.ചെങ്ങറ"അതിനൊരു മറുപടിയാണ്.
ഭരണ/പ്രതിപക്ഷ(ഇടതു/വലതെന്ന് മൊഴിമാറ്റാം )കളിയില്‍
ഇടം കിട്ടാത്തകീഴാളന്റെ പ്രസ്ഥാനങ്ങള്‍ ആശയോടെ കണ്ടതാണ്.,
ബീ.എസ്സ്.പിയുടെ ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലേ വളര്‍ച്ച.
കേരളം പോലെ ,ഭൂസമര/തൊഴില്‍സമരത്തിലൂടെ വളര്‍ന്ന
സം ഘബോധം ,മുത്തങ്ങ/നാവയികുളം /ചെങ്ങറ-തുടങ്ങി
ദളിതു കളുടെ മുന്‍കൈയില്‍ നടന്നചലനങ്ങളേ..അവഗണിച്ചു.
നാവായികുളത്ത് വേട്ടക്കാര്‍ക്കൊപ്പവും .
ളാഹ ഗോപാലന്,ഏതെങ്കിലും വ്യാമോഹമുദിച്ചതിനാലല്ല,
യു.ടി.എഫിനെ പിന്‍താങ്ങുന്നത്.ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ
അഹങ്കാരത്തെയാണ്‍ എതിര്‍ക്കുന്നത്.