Tuesday, September 24, 2013

വധശിക്ഷ ദേശീയോത്സവമോ?

ഡല്‍ഹി ബലാല്‍സംഗത്തിന്റെ വിധി പുറത്തു വന്നു. വധശിക്ഷയില്‍ കുറഞ്ഞ ഒന്നും ഉണ്ടാവാനിടയില്ലെന്ന് ഏവര്‍ക്കും അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ആഘോഷങ്ങള്‍ക്കുവേണ്ടിയുള്ള മേമ്പൊടികളുമായാണ് ദല്‍ഹി സാകേത് കോടതി കോംപ്ലക്‌സിനു മുന്നിലെ ജനക്കൂട്ടം രാവിലെത്തന്നെ എത്തിയിരുന്നത്. വിധി പറഞ്ഞാല്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറയേണ്ട വാചകങ്ങള്‍ കൂടി അവര്‍ മനസ്സില്‍ കുറിച്ചിട്ടുണ്ടെന്ന് തോന്നി അവരില്‍ പലരുടെയും മുഖങ്ങള്‍ ടെലിവിഷനില്‍ കണ്ടപ്പോള്‍.

വധശിക്ഷ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഫൗണ്ടന്‍പേനയടെ നിബ്ബ് പേപ്പറില്‍ അമര്‍ത്തി ഒടിക്കുന്ന ബ്രിട്ടീഷ് നിയമജ്ഞരുടെ അനുഷ്ഠാനത്തിന്റെ അകമ്പടിയോടെ സാകേത് അഡിഷന്‍ സെഷന്‍സ് ജഡ്ജ് യോഗേഷ് ഖന്ന നാലു പേര്‍ക്കും കൂട്ടമരണം പ്രഖ്യാപിച്ചുകൊണ്ടുള്ള വിധിയില്‍ ഒപ്പുവെച്ചു. എന്നാല്‍  പ്രതിക്കൂട്ടില്‍ നിന്ന ഇംഗ്ലീഷ് അറിയാത്ത നാലാമന്‍ മുഖേഷിന് തന്റെ വിധി എന്താണെന്ന് ഗ്രഹിച്ചെടുക്കാനായില്ല. അടുത്തുനിന്ന പോലിസുകാരന്‍ കൊലക്കയര്‍ എന്ന് സംശയനിവൃത്തി വരുത്തുന്നതിനു മുമ്പേ പുറത്ത് ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. ഇന്ത്യയുടെ പൊതുമനസ്സാക്ഷി ഒരിക്കല്‍ കൂടി ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയില്‍ ഇടപെട്ടുകൊണ്ട് അതിന്റെ കരുത്തു തെളിയിച്ചുവെന്ന് ജഡ്ജിയുടെ പേജുകള്‍ നീണ്ട വിധിന്യായം തെളിയിട്ടു.

ഡല്‍ഹി പ്രക്ഷോഭസമയത്ത് ധരിച്ചിരുന്ന കറുത്തതുണിയുമായാണ് കോടതി പരിസരത്ത് തടിച്ചു കൂടിയിരുന്ന പലരും എത്തിയിരുന്നത്. ദേശഭക്തിഗാനങ്ങളും ദേശസ്‌നേഹമുദ്രാവാക്യങ്ങളുമായി വിധി വരുംവരെ അക്ഷമരായി കാത്തിരുന്ന അവര്‍ വിധി അറിഞ്ഞതോടെ നാടുനീളെയുള്ള തങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിലൂടെയും എസ.്എം.എസിലൂടെയും വിവരമറിയിക്കുന്ന കാഴ്ച കാണാമായിരുന്നെന്ന് ഒരു വിദേശപത്രം റിപോര്‍ട്ട് ചെയ്തു. വരുന്ന ഡിസംബര്‍ 16 നു തന്നെ പ്രതികളെ തൂക്കിക്കൊന്ന്  വിധി നടപ്പാക്കണമെന്നായിരുന്നു തടിച്ചുകൂടിയവരില്‍ ചിലര്‍ പ്രതികരിച്ചതെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്തു. ബലാല്‍സംഗത്തില്‍ പങ്കാളിയായി ജുവനൈല്‍ ജയിലിലയച്ച കൗമാരക്കാരനും ഇതേ ശിക്ഷ വിധിക്കണമെന്ന് ആവശ്യപ്പെട്ടവരും അവരിലുണ്ടായിരുന്നുവത്രെ. 

എന്നാല്‍ വിധി പറഞ്ഞതോടെ കോടതിനടപടികള്‍ക്ക് പൂര്‍ണ വിരാമമായില്ല. വിധി രാഷ്ട്രീയപ്രേരിതമാണെന്ന് ആക്ഷേപിച്ചുകൊണ്ടാണ് പ്രതിഭാഗം അഭിഭാഷകന്‍ എ. പി. സിങ് കോടതി വിട്ടത്. പിന്നീട് മാധ്യമങ്ങള്‍ക്കു മുന്നിലും അദ്ദേഹം അതാവര്‍ത്തിച്ചു. തെളിവു നിയമത്തേക്കാള്‍ ജനക്കൂട്ടത്തിന്റെ വികാരങ്ങള്‍ക്കാണ് കോടതി പ്രാധാന്യം കൊടുക്കുന്നതെന്ന് വിധി വരുന്നതിനു മണിക്കൂറുകള്‍ക്ക് മമ്പേ അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ പ്രായപൂര്‍ത്തിയായ മകള്‍ രാത്രിയില്‍ കറങ്ങി നടന്നാല്‍ അവളെ ചുട്ടുകൊല്ലണമെന്ന് ധാര്‍മികരോഷം കൊണ്ട എ.പി. സിങ്ങിന്റെ പ്രതികരണം പക്ഷേ അതുകൊണ്ടു തന്നെയാവാം ആരും മുഖവിലക്കെടുത്തില്ല. എ.പി സിങ്ങിന്റെ 'ചുട്ടുകൊല്ല'ലായിരുന്നു സോഷ്യല്‍ മീഡിയയുടെ വിമര്‍ശനത്തിന്റെ കുന്തമുന. അതിന്റെ മറവില്‍ സര്‍ക്കാരും കോടതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം ഉന്നയിച്ച ചോദ്യങ്ങളില്‍ നിന്ന് അവര്‍ക്ക്  നിഷ്പ്രയാസം ഒഴിഞ്ഞു മാറാനായി.

വധശിക്ഷകള്‍  ഇന്ത്യയില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നത് ഇത് ആദ്യമായല്ല. അജ്മല്‍ കസബിന്റെയും അഫസല്‍ ഗുരുവിന്റെയും വധശിക്ഷകള്‍ക്ക് ഇന്ത്യയില്‍ ഇത്രതന്നെ പ്രതികരണം ജനിപ്പിക്കാനായിട്ടുണ്ട്. 'പാക്കിസ്ഥാന്‍ ബന്ധ'ത്തിന്റെ പശ്ചാത്തലത്തില്‍ അത് അല്‍പ്പം വ്യത്യസ്തമായിരുന്നുവെന്നത് നേരുതന്നെ. രാജ്യസ്‌നേഹത്താല്‍ വിജൃംഭിതരായി പൂക്കള്‍ കൈമാറിയും മുദ്രാവാക്യങ്ങള്‍ മുഴക്കിയും മധുരം വിതരണം ചെയ്തും നടന്ന ആഘോഷങ്ങള്‍ അന്ന് മികച്ച ടെലിവിഷന്‍ കാഴ്ചകള്‍ക്ക് അവസരമൊരുക്കിയത് ഇനിയും മറക്കാറായിട്ടില്ലല്ലോ.

ഒരര്‍ത്ഥത്തില്‍ ഇന്ന്് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മതേതര ആഘോഷമായി വധശിക്ഷകള്‍ മാറിക്കഴിഞ്ഞിട്ടുണ്ട്. പുരാതന റോമില്‍  കൊന്നും ചത്തും വീഴുന്ന ഗ്ലാഡിയേറ്റര്‍മാരുടെ പോരാട്ടം വീക്ഷിച്ച് കൈയടിക്കുന്ന നഗരവാസികളോടാണ് ഒരു എഴുത്തുകാരന്‍ ഇന്ത്യന്‍ ജനതയെ വിശേഷിപ്പിച്ചത്. ജയിച്ചവനെ ആരാധിച്ചും വീണവനെ കൊല്ലാന്‍ ആഹ്വാനം ചെയ്തും ആഘോഷിക്കുന്ന ഒരു ആംഫി തിയ്യറ്ററാണ് ഇന്ത്യയെന്ന്് അദ്ദേഹം എഴുതി. കുറ്റകൃത്യത്തിന്റെ, പ്രത്യേകിച്ച് ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയില്‍ കുട്ടികളെക്കൂടി ഉള്‍പ്പെടുത്തണമെന്ന് വാദിക്കുമ്പോള്‍ കോടതിമുറിക്കു മുന്നിലെ കാണികള്‍ ആഘോഷത്തിന്റെ പാരമ്യതയിലായിരുന്നു. പാക്കിസ്ഥാന്റെയോ ചാരസംഘടനകളുടെയോ  സാന്നിദ്ധ്യത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍  ഇല്ലാതിരുന്നുവെന്നതു മാത്രമാണ് ഇത്തവണത്തെ വധശിക്ഷാഘോഷങ്ങള്‍ക്കുള്ള ഏക വ്യത്യാസം. എങ്കിലും ഇന്ത്യയിലെ നിയമങ്ങള്‍ ബലിഷ്ഠമാണെന്ന് എല്ലാവരും അറിയട്ടെ എന്ന് ട്വിറ്ററില്‍ കുറിച്ച പ്രമുഖര്‍ യഥാര്‍ഥത്തില്‍ അഭിസംബോധന ചെയ്തത് വിദേശികളെത്തന്നെയാണല്ലോ. 


ശിക്ഷാവിധികളും ഇന്ത്യന്‍ ഭരണകൂടത്തിന്റെ ശക്തിയും തമ്മിലുള്ള ബന്ധമായിരുന്നു ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു കാര്യം. ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയോട് ജനങ്ങള്‍ക്ക് ആദരവു തോന്നാന്‍ സഹായിക്കുന്ന വിധിയാണ് ഇതെന്നും സ്ത്രീകളുടെ വിശ്വാസം നേടിയെടുക്കാന്‍ ഇത് ഉപകാരപ്പെടുമെന്നും ഇടതുപക്ഷത്തു നില്‍ക്കുന്ന ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് എന്‍. സുകന്യയുടെ അഭിപ്രായം അത്തരമൊന്നായിരുന്നു. എങ്കിലും രണ്ടാമത്തെ ഒരു ആലോചനയുടെ പശ്ചാത്തലത്തിലാവാം വധശിക്ഷയ്ക്കു താന്‍ എതിരാണെന്ന് കൂട്ടിച്ചേര്‍ക്കാന്‍ അവര്‍ മറന്നില്ല. രണ്ടും തമ്മില്‍ എങ്ങനെയാണ് ഒത്തു പോകുന്നത് എന്ന ചോദ്യം കളത്തിനു പുറത്തായിരുന്നതുകൊണ്ടാകാം അവര്‍ വിശദീകരിച്ചില്ല. ഈ 'വിശദീകരണമില്ലായ്മ' ഇടതുപക്ഷബുദ്ധിജീവികള്‍ക്കിടയില്‍ വ്യാപകവുമാണ്.

മലയാളത്തിലെ ഒരു പ്രമുഖപത്രം ഒരു പടികൂടി കടന്ന് ഡെല്‍ഹി സംഭവത്തെ '16/12' ന്യൂഡല്‍ഹി എന്നായിരുന്നു വിശേഷിപ്പിരുന്നത്.  '26/11' മുംബൈയെയും  '9/11' ന്യൂയോര്‍ക്കിനെയും ഓര്‍മ്മിപ്പിച്ചുകൊണ്ട് ഡല്‍ഹി ബലാല്‍സംഗത്തിന് ഒരു ദേശീയദുരന്തച്ഛായ വരുത്താനും അവര്‍ക്കു കഴിഞ്ഞു. അതുവഴി ബലാല്‍സംഗത്തെ ഇന്ത്യന്‍ ദേശീയതയ്‌ക്കെതിരെയുള്ള കടന്നു കയറ്റമായി അവതരിപ്പിക്കാനും അവര്‍ക്ക് കഴിഞ്ഞു. ഇത് ഒരൊറ്റ പത്രത്തില്‍ ഒതുങ്ങി നിന്ന ബിംബകല്‍പനയായിരുന്നില്ല.  വിവിധ മാധ്യമങ്ങളിലുടെയും സോഷ്യല്‍ മീഡിയയിലൂടെയും അഭിപ്രായപ്രകടനങ്ങളിലൂടെ പോലും  വ്യാപകമായ തരത്തില്‍ ഇത്തരം വീക്ഷണങ്ങള്‍ പുനര്‍നിര്‍മ്മിക്കപ്പെട്ടു. എന്നാല്‍ ഇന്ത്യയിലെ വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും കശ്മീരിലും ഇന്ത്യന്‍ സൈനികരാല്‍ ബലാല്‍സംഗം ചെയ്യപ്പെടുകയോ അതെത്തുടര്‍ന്ന വധിക്കപ്പെടുകയോ ചെയ്തുകൊണ്ടിരിക്കുന്ന കീഴാള,ആദിവാസി,ന്യൂനപക്ഷവിഭാഗങ്ങളെ ഈ ബിംബനിര്‍മിതിയില്‍ നിന്ന് അവര്‍ മനപ്പൂര്‍വം ഒഴിച്ചു നിര്‍ത്തി. ബലാല്‍സംഗത്തെ ആണധികാരത്തിന്റെയും അധികാരവ്യവസ്ഥയുടെയും പ്രശ്‌നപരിസരത്തുനിന്നു വിച്ഛേദിക്കുന്നതിലും അവര്‍ അത്രതന്നെ വിജയിച്ചു. ബലാല്‍സംഗത്തെ ഒരു കാമകലയായി,  സാംസ്‌കാരിക മൂല്യശോഷണമായി വിശേഷിപ്പിക്കുന്നതിലായിരുന്നു അവര്‍ക്ക് കമ്പം.

എന്നാല്‍ ആഘോഷങ്ങള്‍ക്കിടയിലും ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് ചിലരെങ്കിലും ഓര്‍മ്മിപ്പിക്കാതിരുന്നില്ല. സുപ്രിംകോടതി അഭിഭാഷകയായ കാമിനി ജെയ്‌സ്വായ്, വിധി പറയുന്നതിനു രണ്ടു ദിവസം മുമ്പേ വധശിക്ഷ വിധിക്കുമെന്ന് കേന്ദ്രആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി. ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയിലേക്കുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റമെന്നാണ് അവര്‍ അതിനെ വിശേഷിപ്പിച്ചത്. ഭരണകൂടത്തിന്റെ കരങ്ങള്‍ ബലിഷ്ഠമാണെന്ന് ബോധ്യപ്പെടുത്തുക മാത്രമാണ് ഈ വിധി ചെയ്യുന്നതെന്ന് അഭിപ്രായപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ സീമാ മിശ്ര നമ്മുടെ നഗരങ്ങളിലെ ലൈംഗികപീഡനങ്ങള്‍ക്ക് അറുതി വരുത്താന്‍ ഇത്തരം വിധികള്‍ പര്യാപ്തമല്ലെന്നും ഇതൊരു പ്രതികാരനടപടി മാത്രമാണെന്നും രാജ്യം ആള്‍ക്കൂട്ടത്തിന്റെ ബാലിശമായ മാനസികാവസ്ഥയിലേക്ക് മാറിയിരിക്കയാണെന്നും കുറ്റപ്പെടുത്തി.

ഡല്‍ഹി ബലാല്‍സംഗാനന്തര പ്രക്ഷോഭത്തിന്റെ ഫലമാണ് ഈ വിധിയെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. സൂക്ഷ്മമായി പരിശോധിച്ചാല്‍ അത് ശരിയുമാണ്. ഇന്ത്യന്‍ ഭരണവ്യവസ്ഥയെക്കുറിച്ചുള്ള പരാതികളായിരുന്നു ആ സമയത്ത് തെരുവുകളില്‍ ഉയര്‍ന്നു കേട്ടത്. ഇന്ത്യയിലേത് താരതമ്യേന 'മൃദുല'മായ  നിയമവ്യവസ്ഥയാണെന്നും അതിന് അറുതി വരുത്തണമെന്നും പ്രക്ഷോഭകാരികള്‍ ആവശ്യപ്പെട്ടു. വ്യവസ്ഥാപിതമായ നീതിന്യായ- ഭരണനിര്‍വഹണരീതിയായിരുന്നു മറ്റൊരു എതിര്‍പ്പിന്റെ കേന്ദ്രം. ബലാല്‍സംഗം നടന്ന ഉടനെ ശിക്ഷയും നടപ്പാക്കണമെന്നും അത് പരസ്യമായി ചെയ്യണമെന്നും ആവശ്യപ്പെട്ടവര്‍ അവര്‍ക്കിടിയിലുണ്ടായിരുന്നു. ജനങ്ങളുടെ പ്രതികരണങ്ങളെ ഒരളവുവരെ ന്യായീകരിച്ചു സംസാരിച്ച അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പോലും കുറ്റവാളികളെ തെരുവില്‍ ശിക്ഷിക്കണമെന്നുപോലുള്ള പ്രക്ഷോഭകരുടെ ആവശ്യത്തെ 'അപകടകരം' എന്നാണ് വിശേഷിപ്പിച്ചത്.

ആഗോളവല്‍ക്കരണകാലത്തെ നിയോലിബറല്‍ വ്യവസ്ഥയില്‍ ഹിംസാത്മകതയ്ക്കും ശിക്ഷാവിധികള്‍ക്കും അധികാര-ഭരണവ്യവസ്ഥയില്‍ തന്ത്രപ്രധാനമായ സ്ഥാനമാണുള്ളത്. കൂടുതല്‍ ബലിഷ്ഠമായ ഭരണകൂടമെന്ന സങ്കല്‍പ്പമാണ് ലിബറല്‍ ജനാധിപത്യത്തിന്റെ  അന്തസ്സത്ത. മൂര്‍ച്ച കൂടിക്കൊണ്ടിരിക്കുന്ന ഭരണസംവിധാനങ്ങളും അടിസ്ഥാനജനാധിപത്യ സങ്കല്‍പ്പങ്ങളെപ്പോലും കൈയൊഴിയുന്ന നിയമങ്ങളും കൂടുതല്‍ കൂടുതല്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. കുറ്റം ചുമത്താവുന്ന കുറഞ്ഞ വയസ്സില്‍ മാറ്റം വരുത്തുന്നതും ഇതിന്റെ ഭാഗം തന്നെ. ക്രമിനല്‍ നിയമങ്ങളില്‍ മാത്രമല്ല മറ്റെല്ലാ നിയമങ്ങളിലും ഈ മാറ്റം ഇപ്പോള്‍ തന്നെ പ്രകടമാണ്. മൂലധനത്തിന്റെ മുന്നിലുള്ള എല്ലാ പ്രതിബന്ധങ്ങളും നീക്കം ചെയ്യുകയാണ് ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം പ്രധാനം. മുന്‍പിന്‍ നോട്ടമില്ലാത്ത നിയമവ്യവസ്ഥയും നിയമനിര്‍വഹണവും അത്തരമൊരു സ്ഥിതി ഉണ്ടാക്കിയെടുക്കാന്‍ പ്രയോജനപ്പെടും. വ്യവസ്ഥാപിതമായ നിയമസംവിധാനത്തിനും നിര്‍വഹണത്തിനും എതിരെയുള്ള മധ്യവര്‍ഗവിഭാഗങ്ങളുടെ പ്രതികരണമായി കൂടി ഡല്‍ഹി പ്രക്ഷോഭങ്ങളെ വിലയിരുത്തണമെന്ന അരുന്ധതിറോയിയെപ്പോലുള്ളവരുടെ അഭിപ്രായങ്ങള്‍  പ്രധാനമാകുന്നത് ഈ സാഹചര്യത്തിലാണ്. അത്തരമൊരു ബലിഷ്ഠമായ ഇന്ത്യയെ  നിര്‍മ്മിക്കാന്‍ ഈ വധോത്സവങ്ങള്‍ ഭരണകൂടത്തെ ശക്തമാക്കും എന്നുപറഞ്ഞാല്‍ അത് തെറ്റായിരിക്കില്ല.
http://www.thejasnews.com/#5788
Mon, 23 Sep 2013 22:46:22 +0000

Thursday, August 8, 2013

ഇന്ത്യക്കാരന്‍ ഐ.ബിയുടെ ആരായിവരും?


1993ല്‍ 270 ഹെയ്ത്തിക്കാര്‍ അമേരിക്കയില്‍ പിടിയിലായി. ഹെയ്ത്തിയില്‍ പൊട്ടിപ്പുറപ്പെട്ട രാഷ്ട്രീയാസ്വസ്ഥതയെത്തുടര്‍ന്നു പലായനം ചെയ്തവരായിരുന്നു അവര്‍. അഭയാര്‍ഥികളെന്ന പരിഗണനയ്ക്കുവേണ്ടി അവര്‍ അമേരിക്കന്‍ സര്‍ക്കാരിനോട് അപേക്ഷിച്ചെങ്കിലും സംഘത്തിലെ ഭൂരിഭാഗം പേരും എയ്ഡ്‌സ് ബാധിതരാണെന്ന കാരണത്താല്‍ സര്‍ക്കാര്‍ അപേക്ഷ പരിഗണിച്ചില്ല. മാത്രമല്ല, അതിര്‍ത്തി ലംഘിച്ചതിന് അവരെ ഗ്വണ്ടനാമോ തടവറയിലടയ്ക്കുകയും ചെയ്തു. എയ്ഡ്‌സ് ബാധിതരായ ഇവരെ രാജ്യത്തു പ്രവേശിക്കാന്‍ അനുവദിക്കുന്നതു ദേശസുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും ഹാനികരമാണെന്നാണു സര്‍ക്കാര്‍ വാദിച്ചത്.
ഇത് അമേരിക്കയില്‍ വലിയ സംവാദങ്ങള്‍ക്കു വഴിയൊരുക്കി. അനുകൂലമായ നടപടി ആവശ്യപ്പെട്ടുകൊണ്ടു മനുഷ്യാവകാശപ്രവര്‍ത്തകനായ ജെസ് ജാക്‌സണ്‍ നിരാഹാരം തുടങ്ങി. യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളും സമരരംഗത്തെത്തിയതോടെ കോടതി ഇടപെട്ടു. 1993 ജൂണില്‍ അഭയാര്‍ഥികള്‍ക്കു പ്രവേശനാനുമതി നല്‍കിക്കൊണ്ട് ഫെഡറല്‍ കോടതിയുടെ ഉത്തരവു വന്നു. അഭയാര്‍ഥികള്‍ കുറ്റവാളികളോ ദേശസുരക്ഷാഭീഷണിയോ അല്ലെന്നും എയ്ഡ്‌സ് ഒരു രാഷ്ട്രസുരക്ഷാ പ്രശ്‌നമല്ലെന്നുമായിരുന്നു കോടതി വിധിച്ചത്.
പക്ഷേ, ചര്‍ച്ച അവിടെ ഒതുങ്ങിയില്ല. 2000 ജനുവരിയില്‍ വൈസ് പ്രസിഡന്റായിരുന്ന അല്‍ഗോര്‍ ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സില്‍ മീറ്റിങില്‍ പങ്കെടുത്തുകൊണ്ട് എയ്ഡ്‌സിനോടുള്ള അമേരിക്കന്‍ നിലപാടു വ്യക്തമാക്കി: ''എയ്ഡ്‌സ് ഒരു മാനുഷികപ്രതിസന്ധിയല്ല; സുരക്ഷാപ്രതിസന്ധിയാണ്.'' അതു സമൂഹിക-രാഷ്ട്രീയസ്ഥാപനങ്ങളെയാണു ബാധിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അതേ വര്‍ഷം ജൂലൈയില്‍ സെക്യൂരിറ്റി കൗണ്‍സില്‍ എയ്ഡ്‌സുമായി ബന്ധപ്പെട്ട് 1308ാം നമ്പര്‍ പ്രമേയം പാസാക്കി. നിയന്ത്രിച്ചില്ലെങ്കില്‍ എയ്ഡ്‌സ് രാഷ്ട്രങ്ങളുടെ സുരക്ഷയെയും സുസ്ഥിരതയെയും ബാധിക്കുമെന്ന പ്രമേയം പ്രഖ്യാപിച്ചു. ലോകരാഷ്ട്രങ്ങളുടെ പിന്നീടുണ്ടായ നിരവധി നയരേഖകളില്‍ ഈ ആശയം വിപുലമായി ആവര്‍ത്തിക്കപ്പെട്ടു.

സുരക്ഷാവല്‍ക്കരണവും രാഷ്ട്രീയവും

മാരകമെങ്കിലും വ്യക്തികളെ ബാധിക്കുന്ന രോഗങ്ങള്‍ പോലും രാഷ്ട്രസുരക്ഷയുമായി ബന്ധപ്പെടുത്തി നടത്തുന്ന ഇത്തരം ആലോചനകള്‍ പുതുലോകത്തിന്റെ ഒരു മാതൃകയാണ്. വൈയക്തികപ്രശ്‌നമെന്ന നിലയില്‍നിന്നു സുരക്ഷാപ്രശ്‌നത്തിലേക്കുള്ള എയ്ഡ്‌സിന്റെ പരിണാമത്തെക്കുറിച്ച് കോളിന്‍ മക്കിന്‍സും സിമോന്‍ റഷ്‌തോനും ചേര്‍ന്നെഴുതിയ 'എച്ച്.ഐ.വി. എയ്ഡ്‌സ് ആന്റ് സെക്യൂരിറ്റൈസേഷന്‍ തിയറി' എന്ന പ്രബന്ധം പരിശോധിക്കുന്നുണ്ട്.
ഏതെങ്കിലും ഒരു പ്രശ്‌നത്തെ സുരക്ഷാപ്രശ്‌നമായി (വ്യാജമായിട്ടാണെങ്കിലും)അവതരിപ്പിക്കുകയാണെങ്കില്‍ അതു സമൂഹത്തിന് അപ്രകാരം തന്നെ അനുഭവപ്പെടുമെന്ന് ഒലെ വേവറിന്റെ സുരക്ഷാവല്‍ക്കരണസിദ്ധാന്തം പറയുന്നു. രാഷ്ട്രീയനേതാക്കള്‍, സഘടനകള്‍ തുടങ്ങിയവരുടെ പ്രസ്താവനകള്‍ക്കുപോലും ഇത്തരം ഫലങ്ങളുണ്ടാക്കാനാവുമെന്ന് അദ്ദേഹം തെളിയിക്കുന്നുണ്ട്. ഏതെങ്കിലുമൊന്ന് ഒരു നിശ്ചിത വ്യവസ്ഥയുടെ നിലനില്‍പ്പിനെ അപായപ്പെടുത്തുമെന്നു പറയുന്നതിലൂടെ ആ 'ആപത്തി'നെതിരേ അസാധാരണ നടപടികള്‍ കൈക്കൊള്ളാന്‍ അതു ഭരണകൂടത്തിന് അനുമതി നല്‍കും. അതോടെ ആ പ്രശ്‌നം സാധാരണ രാഷ്ട്രീയമണ്ഡലത്തില്‍നിന്ന് അസാധാരണ രാഷ്ട്രീയമണ്ഡലത്തിലേക്കു പ്രവേശിക്കുകയായി. പിന്നീടു വ്യവസ്ഥയുടെ പൊതുനിയമങ്ങളാലല്ല, അടിയന്തരാവസ്ഥകളിലെ പൊടുന്നനെയുള്ളതും പലപ്പോഴും ജനാധിപത്യവിരുദ്ധവുമായ നിയമങ്ങളാലാവും ഭരിക്കപ്പെടുക. അതേസമയം ഏതൊക്കെയാണു സുരക്ഷയുടെ ചിഹ്നാവലികളാല്‍ അവതരിപ്പിക്കപ്പെടേണ്ടതെന്ന് അധികാരം തന്നെയാണു തീരുമാനിക്കുന്നത്. ഇങ്ങനെ 'സുരക്ഷാസങ്കല്‍പ്പങ്ങള്‍' ആത്യന്തികമായും ഒരു (സാമൂഹിക)നിര്‍മിതിയാണെന്നു പറയാം.
അന്താരാഷ്ട്രബന്ധങ്ങളുടെ കൊള്ളക്കൊടുക്കകള്‍ക്കിടയില്‍ രൂപപ്പെട്ടുവന്ന ഈ പ്രവണത രാഷ്്ട്രത്തിന്റെ ആഭ്യന്തരസംവിധാനത്തിലേക്ക് എത്തിയതോടെയാണ് അതിന്റെ ഭീഷണമായ രൂപം പുറത്തുവന്നത്. പലപ്പോഴും മൂന്നാംലോക രാജ്യങ്ങളിലാണ് അവയുടെ ഏറ്റവും അപകടകരമായ പ്രയോഗങ്ങള്‍ കണ്ടുവരുന്നത്. രാജ്യത്തെ മുഴുവന്‍ വ്യവഹാരങ്ങളെയും സുരക്ഷയുടെ ചിഹ്നാവലികൊണ്ടു വ്യവഹരിക്കുന്നതിന്റെ ഒട്ടനവധി ഉദാഹരണങ്ങള്‍ ഇന്ത്യയുടെ സമകാലിക ചരിത്രത്തില്‍നിന്നു നമുക്കു കണെ്ടത്താം. പരസ്യങ്ങള്‍, ഭാഷാശൈലികള്‍, കലാരൂപങ്ങള്‍, എന്തിന് വാര്‍ത്താ അവതരണങ്ങളില്‍പ്പോലും ഇതിന്റെ സൂചനകള്‍ അടങ്ങിയിരിക്കുന്നു.

(രാഷ്ട്ര)സുരക്ഷ ഒരു രൂപകമെന്ന നിലയില്‍

സമകാലികസന്ദര്‍ഭത്തില്‍ (രാഷ്ട്ര)സുരക്ഷ എന്നതു നമ്മുടെ വിശകലനങ്ങളുടെയും ബോധ്യങ്ങളുടെയും മര്‍മസ്ഥാനത്തെത്തിയിരിക്കയാണ്. സമൂഹത്തിന്റെ മുഴുവന്‍ പ്രവൃത്തിയുടെയും വിശകലനമാതൃകയോ മാനദണ്ഡമോ ആയി 'സുരക്ഷ' മാറിക്കഴിഞ്ഞു. നമ്മുടെ മുഴുവന്‍ ചിന്തകളിലും രൂപകമായി ഇതു പ്രവര്‍ത്തിക്കുന്നു. കുറച്ചുകാലം മുമ്പുവന്ന ഒരു സ്‌റ്റെബിലൈസറിന്റെ പരസ്യം ശ്രദ്ധേയമായിരുന്നു. ആയുധങ്ങളുമായി മണല്‍ച്ചാക്കുകള്‍ക്കു പിറകില്‍ യുദ്ധസന്നദ്ധരായി നില്‍ക്കുന്ന പട്ടാളക്കാര്‍ ടി.വിക്കു കാവല്‍ നില്‍ക്കുന്നു. നിങ്ങളുടെ ടി.വിയുടെ സംരക്ഷണം ഇനി മുതല്‍ സുരക്ഷാഭടന്‍മാരുടെ ചുമതലയിലാണെന്നാണു പരസ്യം പറയുന്നത്. തോക്കെടുത്ത് ഇലക്ട്രിക് സിഗ്‌നലുകള്‍ക്കെതിരേ പോരാടുന്ന സൈനികരെയായിരുന്നു ഇതേ കമ്പനിയുടെ വീഡിയോപരസ്യത്തില്‍ ചിത്രീകരിച്ചിരുന്നത്. ഒരു ജ്വല്ലറി പരസ്യത്തിലാവട്ടെ, മാലിന്യപ്രശ്‌നത്തെ മോഹന്‍ലാലിന്റെ താരമൂല്യത്തേക്കാളുപരി കേണല്‍പദവിയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യവുമായി കണ്ണിചേര്‍ക്കുകയായിരുന്നു.
ഇന്ത്യയുടെ ചരിത്രത്തില്‍ നിരവധി സംജ്ഞകള്‍ അപരവല്‍ക്കരണത്തിനും സുരക്ഷാവല്‍ക്കരണത്തിനും വിധേയമായിട്ടുണ്ട്. ചിലപ്പോഴത് ഏതെങ്കിലും രാഷ്ട്രമോ മതമോ സംഘടനയോ ആശയങ്ങളോ പോലും ആയിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ പാകിസ്താനും മുസ്‌ലിംകളുമായിരുന്നു ആ സ്ഥാനത്തുണ്ടായിരുന്നത്. ഖലിസ്ഥാന്‍ വാദം ശക്തിപ്പെട്ടതോടെ സിഖുകാര്‍ രംഗത്തെത്തി. ഇന്ന് ഇന്ത്യയിലെ പ്രധാന സുരക്ഷാഭീഷണികളിലൊന്നായി വ്യവഹരിക്കപ്പെടുന്ന ബംഗ്ലാദേശിന്റെ കാര്യം വിചിത്രമാണ്. 1971ല്‍ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി അവതരിപ്പിക്കപ്പെട്ട ആ രാജ്യം 90കളോടെയാണു സുരക്ഷാവല്‍ക്കരണത്തിനു വിധേയമാകുന്നത്. സൂറത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉണ്ടായ പ്ലേഗ് ബാധയെത്തുടര്‍ന്നു ലോകരാജ്യങ്ങള്‍ ഇന്ത്യയോടെടുത്ത സമീപനങ്ങള്‍ സുരക്ഷാവല്‍ക്കരണത്തിന്റെ മറ്റൊരു ഉദാഹരണമാണ്. ഹിന്ദുഭീകരതയാണ് രാഷ്ട്രം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് എന്ന് അഭിപ്രായപ്പെട്ട ചിദംബരത്തിനെതിരേ സംഘപരിവാരം തിരിഞ്ഞത് സുരക്ഷാവല്‍ക്കരണത്തിന്റെ അപകടം തിരിച്ചറിഞ്ഞതുകൊണ്ടായിരുന്നു.
അപരവല്‍ക്കരണവും സുരക്ഷാവല്‍ക്കരണവും അടുത്തടുത്ത ആശയങ്ങളാണെങ്കിലും പലപ്പോഴും അപരവല്‍ക്കരണത്തിന്റെ മൂര്‍ധന്യത്തിലാണു സുരക്ഷാവല്‍ക്കരണം രംഗം കൈയടക്കുന്നത്. അപരവല്‍ക്കരണത്തേക്കാള്‍ ബഹുമുഖവും നശീകരണക്ഷമതയുള്ളതുമാണത്. 1971നുശേഷം ബംഗ്ലാദേശിലെ അഭയാര്‍ഥിപ്രവാഹം വ്യാപകമായപ്പോള്‍ അത് ഒരു സുരക്ഷാപ്രശ്‌നമായി എങ്ങനെ അവതരിപ്പിക്കപ്പെട്ടെന്നു ഗവേഷകര്‍ പഠിച്ചിട്ടുണ്ട്. ജ്യോതിബസു കേന്ദ്രത്തിലേക്കെഴുതിയിരുന്ന കത്തുകളില്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അഭയാര്‍ഥികള്‍ എന്നതിനു പകരം നുഴഞ്ഞുകയറ്റക്കാരെന്ന സുരക്ഷാവല്‍ക്കരിക്കപ്പെട്ട പദം ഉപയോഗിക്കാന്‍ തുടങ്ങിയെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇസ്‌ലാം, ഗള്‍ഫ്പണം, അഭയാര്‍ഥിപ്രവാഹം, കശ്മീര്‍ പ്രശ്‌നം, മാവോവാദം, മത-പരിസ്ഥിതി (മൗലിക)വാദങ്ങള്‍, ദലിത് മുന്നേറ്റങ്ങള്‍, അന്യസംസ്ഥാന തൊഴിലാളി (കേരളത്തില്‍) അങ്ങനെ എന്തും സുരക്ഷാവല്‍ക്കരണത്തിനു വിധേയമാവാം. ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിന്റെ അടിസ്ഥാനവും അതാണ്. കൂടംകുളം സമരക്കാര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയതു സുരക്ഷാവല്‍ക്കരണത്തിന്റെ ഏറ്റവും അടുത്ത ഉദാഹരണമാണ്.

രഹസ്യാന്വേഷണം ആര്‍ക്കെതിരേ?   

ഒരുപക്ഷേ, ഇന്റലിജന്‍സ് ബ്യൂറോയായിരിക്കും സുരക്ഷാവല്‍ക്കരണത്തിന്റെ രാജ്യത്തെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍. തങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ആശയങ്ങള്‍ സുരക്ഷാപ്രശ്‌നമായി അവതരിപ്പിക്കുന്നതിലൂടെയാണ് അവര്‍ അവരുടെ അജണ്ടകള്‍ നടപ്പാക്കുന്നത്. ഐ.ബിയുടെ സവിശേഷമായ ജനിതകസവിശേഷതകള്‍ അതിനാവശ്യമായ പശ്ചാത്തലമൊരുക്കുകയും ചെയ്യുന്നു.
1885ല്‍ കോണ്‍ഗ്രസ് രൂപീകരിക്കപ്പെട്ടതിനുശേഷമാണ് ഐ.ബിയുടെ ആദ്യരൂപമായ സെന്‍ട്രല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് സ്ഥാപിക്കപ്പെടുന്നത്. ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ദേശീയപ്രസ്ഥാനത്തെ നിരീക്ഷിക്കുകയായിരുന്നു ഇവയുടെ മുഖ്യധര്‍മം. അതുകൊണ്ടുതന്നെ ഈ സംഘടന ചരിത്രപരമായി ഇന്ത്യന്‍ പൗരരെ ബാഹ്യശക്തികളോ വിദേശികളോ ആയാണു കണ്ടുവന്നിരുന്നത്. അവരുടെ അടവുകളിലും തന്ത്രങ്ങളിലും ചിന്തകളിലുംവരെ ഇതിന്റെ ലക്ഷണങ്ങള്‍ കാണാനാവും. അതോടൊപ്പം ബ്രിട്ടിഷുകാരെ അതു ഭരണകൂടവുമായി സമീകരിക്കുകയും ചെയ്തു. 1950ല്‍ ഇന്ത്യ റിപബ്ലിക്കായശേഷം പോലും ഐ.ബി. തങ്ങളുടെ നിരവധി ഫയലുകള്‍ വിദേശത്തേക്കു കടത്തുകയും പലതും നശിപ്പിക്കുകയും ചെയ്തുവെന്നത് ഈ കാഴ്ചപ്പാടിനെ ശരിവയ്ക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ചൈനീസ് ആക്രമണത്തെക്കുറിച്ചു മുന്നറിയിപ്പു നല്‍കാനായില്ല എന്ന വീഴ്ചയുടെ പേരില്‍ 'റോ' രൂപീകരിക്കപ്പെടുന്നതുവരെ ഇവര്‍ ആഭ്യന്തര രഹസ്യാന്വേഷണവും രാജ്യാന്തര ചാരവൃത്തിയും ഒരേസമയം ചെയ്തുപോന്നു. പൗരത്വത്തെക്കുറിച്ചുള്ള ഐ.ബിയുടെ കാഴ്ചപ്പാടുകള്‍ വളര്‍ന്നുവന്ന സാഹചര്യങ്ങള്‍ ഇതാണ്. രാഷ്ട്രീയകക്ഷികള്‍, പ്രതിപക്ഷനേതാക്കള്‍, ഭരണകക്ഷിയിലെ നേതാക്കള്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ക്കെതിരേയുള്ള ചാരവൃത്തി മുതല്‍ തിരഞ്ഞെടുപ്പുപ്രവചനം വരെ ഇന്ത്യയില്‍ ഐ.ബിയുടെ ചുമതലയിലാണ്. രാജ്യത്തെ പ്രസിഡന്റിനെപ്പോലും ഒരു  ദേശീയസുരക്ഷാപ്രശ്‌നമായി അവതരിപ്പിക്കാവുന്നിടത്തോളം ഇന്ത്യന്‍ രഹസ്യാന്വേഷണവിഭാഗം 'സ്വതന്ത്ര'മായിരുന്നുവെന്ന് ഐ.ബി. ഉദ്യോഗസ്ഥനായിരുന്ന മലോയ് കൃഷ്ണ ധറിന്റെ 'ഓപണ്‍ സീക്രട്ടി'നെക്കുറിച്ച് പരാമര്‍ശിക്കവെ കെ.എസ്. സുബ്രഹ്മണ്യന്‍  എഴുതുന്നു. ഇന്നല്ലെങ്കില്‍ നാളെ നമ്മുടെ ജനാധിപത്യസംവിധാനം ദുര്‍ബലമാവുന്ന ഘട്ടങ്ങളില്‍ ദുരാഗ്രഹികളായ ഐ.ബി. ഉദ്യോഗസ്ഥരും സൈന്യാധിപന്മാരും ചേര്‍ന്ന് ഒരു അട്ടിമറിക്കു ശ്രമിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും മലോയ് കൃഷ്ണ ധര്‍ തന്റെ കൃതിക്കെഴുതിയ ആമുഖത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. ഇങ്ങനെ 1887ല്‍ സ്ഥാപിതമായ ഈ സംഘടന ഭരണകൂടത്തില്‍നിന്നു വേറിട്ടൊരു അസ്തിത്വം പടിപടിയായി ഉണ്ടാക്കിയെടുത്തതായി ചരിത്രം തെളിയിക്കുന്നു.
ലോകത്തിലെ എല്ലാ രാജ്യങ്ങളിലും രഹസ്യാന്വേഷണസംഘടനകള്‍ നിലവിലുണ്ട്. അവിടെയൊക്കെ അവ പാര്‍ലമെന്റിനോടു പ്രതിജ്ഞാബദ്ധവുമാണ്. എന്നാല്‍, സ്വാതന്ത്ര്യം കിട്ടി അരനൂറ്റാണ്ടിനുശേഷവും ഇന്ത്യയുടെ ഇന്റലിജന്‍സ് ബ്യൂറോ ആരോടാണു കീഴ്‌പ്പെട്ടിരിക്കുന്നതെന്ന ചോദ്യം ഇപ്പോഴും കോടതിവ്യവഹാരങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഐ.ബിയുടെ ജനിതകതകരാറുകള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ അടിയന്തരാവസ്ഥയ്ക്കുശേഷം നിലവില്‍വന്ന  ഷാ കമ്മീഷന്‍ ഈ സംഘടനയുടെ പ്രവര്‍ത്തനമണ്ഡലങ്ങള്‍ മുന്‍കൂട്ടി തീരുമാനിക്കണമെന്നു ശുപാര്‍ശ ചെയ്തിരുന്നു. സംഘടനയെ ഭരണഘടനയുടെ പരിധിയിലേക്കു കൊണ്ടുവരണമെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, വര്‍ഷങ്ങള്‍ക്കുശേഷവും പ്രധാനമന്ത്രിയോടു മാത്രം ഉത്തരവാദിത്തമുള്ള സംവിധാനമാണ് ഇന്നും ഇന്റലിജന്‍സ് ബ്യൂറോ.
ദേശീയസുരക്ഷയുടെ വ്യാജയുക്തിക്കുള്ളില്‍നിന്നുകൊണ്ട് ഇന്റലിജന്‍സ് ബ്യൂറോ സ്വാതന്ത്ര്യത്തിനുശേഷം ദേശീയരാഷ്ട്രീയത്തില്‍ അസൂയാവഹമായ സ്വാധീനം ചെലുത്തിയതായി അതിന്റെ  പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് കെ.എസ്. സുബ്രഹ്മണ്യന്‍ എഴുതുന്നു. എഴുതപ്പെട്ട കടമകളില്ലാത്ത, നിയതമായ ഉത്തരവാദിത്തങ്ങളില്ലാത്തസ പ്രവര്‍ത്തനപരിധി സ്വയം തീരുമാനിക്കുന്ന ഇന്ത്യയിലെ, ലോകത്തിലെത്തന്നെയും ചുരുക്കം ചില ഏജന്‍സികളിലൊന്ന് ഐ.ബിയായിരിക്കും. ആ സൗകര്യമാണു ദേശസുരക്ഷയുടെ മറവില്‍ രാഷ്ട്രത്തെ മുഴുവന്‍ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ഐ.ബിയെ പ്രാപ്തമാക്കിയത്. ജനിതകതകരാറുകളും സാഹചര്യങ്ങള്‍ക്കനുസരിച്ചു രൂപംകൊള്ളുന്ന സുരക്ഷാവല്‍ക്കരണവും ചേര്‍ന്നു രഹസ്യാന്വേഷണവിഭാഗം ഒരു ദേശവിരുദ്ധസ്ഥാപനമായി മാറിയിട്ടുണെ്ടന്നാണ് അടിക്കടി അരങ്ങേറുന്ന വ്യാജ ഏറ്റുമുട്ടലുകള്‍ പോലുള്ള സംഭവങ്ങള്‍ തെളിയിക്കുന്നത്.

സുരക്ഷാവല്‍ക്കരണവും പൗരസങ്കല്‍പ്പങ്ങളും

സുരക്ഷാവല്‍ക്കരണപദ്ധതികള്‍ ആത്യന്തികമായി ദേശീയതാവ്യവഹാരങ്ങളിലൂടെയാണു രൂപംകൊണ്ടത്. ഈ പ്രവണത ആദ്യമായി നിരീക്ഷിച്ചത് അന്താരാഷ്ട്രബന്ധങ്ങളെക്കുറിച്ചു പഠിക്കുന്ന ഗവേഷകരായിരുന്നുവെന്നതു യാദൃച്ഛികമായിരുന്നില്ല. എന്നാല്‍, രാജ്യത്തിനു പുറത്തുനിന്നു വരുന്ന ഭീഷണികളെക്കുറിച്ച് ഉല്‍ക്കണ്ഠാകുലരാകുന്ന ഏജന്‍സികള്‍ ആ ഭീഷണികളെ ആഭ്യന്തരരംഗത്തും കണെ്ടത്താന്‍ തുടങ്ങിയതോടെയാണു പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. സൈദ്ധാന്തികമായി പോലിസിങ് അധികാരങ്ങളില്‍നിന്ന് ഇന്റലിജന്‍സ് ബ്യൂറോ മാറ്റിനിര്‍ത്തപ്പെട്ടിട്ടുണെ്ടങ്കിലും സെര്‍ച്ചിനും റെയ്ഡിനുമുള്ള അധികാരങ്ങള്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളിലൂടെ ഇവര്‍ കൈവശപ്പെടുത്തിയിരിക്കുന്നു. ദേശരാഷ്ട്രത്തെക്കുറിച്ചുള്ള അടിസ്ഥാനസങ്കല്‍പ്പങ്ങളില്‍ത്തന്നെ തിരുത്തലുകള്‍ വരുത്തുന്ന നീക്കങ്ങളായിരുന്നു അത്. പൗരര്‍ വിദേശികളെപ്പോലെ നിരീക്ഷിക്കപ്പെടുന്നതും സിവിലിയന്‍നിയമങ്ങള്‍ സൈനികനിയമങ്ങളുമായി സമീകരിക്കപ്പെടുന്നതുമാണ് ഇതിന്റെ മറ്റൊരു ഫലം.
പൗരരെയും വിദേശികളെയും വേര്‍തിരിച്ചു കാണുന്നുവെന്നതാണ് ദേശരാഷ്ട്രങ്ങളുടെ അടിസ്ഥാനയുക്തി. സങ്കല്‍പ്പങ്ങളിലുള്ള ഈ വ്യത്യാസമാണു പോലിസിന്റെയും സൈന്യത്തിന്റെയും പ്രവര്‍ത്തനമണ്ഡലങ്ങളെ വേര്‍തിരിക്കുന്നത്. പോലിസ് പൗരസമൂഹത്തെയും സൈന്യം വിദേശശക്തികളെയും നേരിടുന്നു. ഇതിനനുസരിച്ച് ഇവയുടെ പ്രവര്‍ത്തനരീതികളിലും വ്യത്യാസമുണ്ട്. സൈന്യം ശത്രുവിനെ നേരിടുന്നതുപോലെയല്ല പോലിസ് പൗരരെ നേരിടുന്നത്. അവര്‍ ഉപയോഗിക്കുന്ന ആയുധങ്ങളിലും ഈ വ്യത്യാസമുണ്ട്. പോലിസ് അവരുടെ അവസാന ആയുധമായി തോക്ക് ഉപയോഗിക്കുമ്പോള്‍ സൈന്യം തോക്കില്‍നിന്നാണു തുടങ്ങുന്നത്.
എന്നാല്‍, പൗരസമൂഹത്തെക്കുറിച്ചുള്ള ഈ കാഴ്ചപ്പാടുകളെ തൃണവല്‍ഗണിച്ച് അതിര്‍ത്തിസുരക്ഷാ സേനപോലുള്ള അര്‍ധസൈനിക വിഭാഗങ്ങള്‍ക്കു പോലിസിങ് അധികാരങ്ങള്‍ നല്‍കിക്കൊണ്ട് അവയെ ഇന്ത്യയുടെ ഉള്‍പ്രദേശങ്ങളില്‍ പോലും വിന്യസിച്ചിരിക്കുന്നു. മറ്റു രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത കേരളത്തില്‍പ്പോലും അതിര്‍ത്തിരക്ഷാസേനയ്ക്കു താവളമുണ്ട്. അതിര്‍ത്തിരക്ഷാസേനാ (ഭേദഗതി) നിയമം 2011 സേനയ്ക്ക് ഇന്ത്യയുടെ അതിര്‍ത്തിപ്രദേശങ്ങളല്ലാത്തിടങ്ങളിലും പോലിസിങ് അധികാരം നല്‍കാന്‍ ഉദ്ദേശിച്ചുകൊണ്ടാണു തയ്യാറാക്കിയിരിക്കുന്നത്.
പ്രതിപക്ഷകക്ഷികള്‍ ഈ ബില്ലിനെ എതിര്‍ത്തെങ്കിലും സംസ്ഥാനത്തിന്റെ അവകാശങ്ങളില്‍ കേന്ദ്രത്തിന്റെ കടന്നുകയറ്റമെന്ന പ്രശ്‌നമായിരുന്നു അവരെ പ്രകോപിപ്പിച്ചത്. ആ വാദം ശരിയുമായിരുന്നു. എന്നാല്‍, സായുധസേനകളെ പോലിസിങിനുപയോഗിക്കുന്നതിലെ പൗരാവകാശലംഘനത്തെക്കുറിച്ച് അവര്‍ ആശങ്കപ്പെട്ടതേയില്ല. അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സൈനികവിഭാഗങ്ങളെ പോലിസിങിനുപയോഗിക്കുന്ന സാഹചര്യത്തില്‍ അതില്‍ അദ്ഭുതപ്പെടാനില്ല.
പുതുതായി കേന്ദ്രം രൂപംകൊടുക്കാനുദ്ദേശിക്കുന്ന ദേശീയ ഭീകരവിരുദ്ധകേന്ദ്രം രഹസ്യാന്വേഷണസംവിധാനത്തിന്റെയും സൈന്യത്തിന്റെയും പോലിസിന്റെയും ഉത്തരവാദിത്തങ്ങള്‍ ഏകീകരിക്കപ്പെട്ട ഒരു സംവിധാനമാണ്. ചാരവൃത്തി നടത്തുന്ന സ്വതന്ത്രാസ്തിത്വമുള്ള ഐ.ബിയും വിദേശശക്തികളെ നേരിടുന്ന സൈന്യവും പോലിസിങിലേക്കു കടക്കുന്നു എന്നാണ് ഇതിനര്‍ഥം. വിദേശികളും സ്വദേശികളും തമ്മിലുള്ള വ്യത്യാസങ്ങളും ഇതോടെ റദ്ദു ചെയ്യപ്പെടും. ആരോടും ബാധ്യതകളില്ലാത്ത ഐ.ബിയുടെ കീഴില്‍ ഇവ ഏകോപിപ്പിക്കപ്പടുമ്പോള്‍ അതു നമ്മുടെ പൗരസങ്കല്‍പ്പങ്ങളിലും ദേശീയതാസങ്കല്‍പ്പങ്ങളിലും വരുത്തുന്ന അപകടങ്ങള്‍ ചെറുതായിരിക്കില്ല. ആവശ്യാനുസരണം വലിച്ചുനീട്ടാവുന്ന സുരക്ഷാവല്‍ക്കരണപദ്ധതികളും കൂടിയാവുമ്പോള്‍ പ്രസക്തമായ ചോദ്യം ഇതാണ്: ഇന്ത്യക്കാരന്‍ ഐ.ബിയുടെ ആരായിവരും? ഒപ്പം, ഇന്ത്യന്‍ യൂനിയന് ഇന്ത്യക്കാരന്‍ ആരായിവരും എന്നും ചോദിക്കാം...

Sunday, June 16, 2013

മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ മുന്നണികള്‍

കടപ്പുറത്തു ചാകരപോലെയാണു മാധ്യമങ്ങള്‍ക്കു രാഷ്ട്രീയരംഗത്തെ ഗ്രൂപ്പുതര്‍ക്കങ്ങള്‍. എഴുതിയ വാര്‍ത്തകള്‍ അച്ചടിച്ചു മഷിയുണങ്ങും മുമ്പേ മുന്‍ഗണനകള്‍ മാറിക്കഴിഞ്ഞിരിക്കും. അതുവരെയും പ്രാധാന്യമില്ലാതിരുന്ന വാദമുഖങ്ങള്‍ ആരെയും അമ്പരപ്പിച്ച് കേന്ദ്രസ്ഥാനത്തെത്തും; നിലവിലുണ്ടായിരുന്നവ പിന്നിലേക്കു തള്ളിനീക്കപ്പെടും. കേരളരാഷ്ട്രീയത്തിലും ഭരണകക്ഷിയിലും കഴിഞ്ഞ കുറേനാളുകളായി രൂപംകൊണ്ടുവരുന്ന ഉരുള്‍പൊട്ടലുകള്‍ ഇതിനു സമാനമാണ്.
രമേശ് ചെന്നിത്തലയ്ക്ക് അര്‍ഹമായ പ്രാതിനിധ്യം മന്ത്രിസഭയില്‍ വേണമെന്ന കാര്യത്തില്‍ ഭരണകക്ഷിയില്‍ അഭിപ്രായഭേദമില്ല. ആഭ്യന്തരം കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന തിരുവഞ്ചൂരിനെ മാറ്റുന്നതില്‍ അനൗചിത്യങ്ങളുണെ്ടന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാടില്‍ പിടിച്ചുകൊണ്ടാണു നേതൃത്വം ഉപമുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്തത്. കാര്യങ്ങള്‍ സുഗമമായി പോവും എന്നതില്‍ ആര്‍ക്കും സംശയമില്ലായിരുന്നു. ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രിപദം നല്‍കുന്നതില്‍ തങ്ങള്‍ക്കെതിര്‍പ്പില്ലെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞപ്പോള്‍ ഉള്ള സംശയവും തീര്‍ന്നു. പിന്നീട് ഭരണകക്ഷിയിലെ രണ്ടാംസ്ഥാനക്കാരായ തങ്ങളാണ് ഉപമുഖ്യമന്ത്രിപദത്തിന് അര്‍ഹരെന്ന ലീഗിന്റെ പ്രസ്താവനയാണു കാര്യങ്ങള്‍ കീഴ്‌മേല്‍ മറിച്ചത്.
ഉപമുഖ്യമന്ത്രിപദത്തിനു ചുറ്റും കോലാഹലങ്ങള്‍ മൂര്‍ച്ഛിച്ചപ്പോള്‍ പുതിയ കഥകളും ഉപകഥകളുംകൊണ്ടു നിറച്ച പേജുകളോടെയായി പത്രങ്ങളുടെ വരവ്. പിന്നെ അതൊരു മല്‍സരമായിരുന്നു. പിണങ്ങിനിന്നവരും മടിച്ചിരുന്നവരും കച്ചകെട്ടി ഗോദയിലിറങ്ങി. ഉപമുഖ്യമന്ത്രിസ്ഥാനം കൊടുത്താലാണോ  ആഭ്യന്തരം കൊടുത്താലാണോ ചെന്നിത്തലയ്ക്ക് അര്‍ഹമായ പരിഗണന ലഭിച്ചുവെന്നു പറയാനാവുക എന്ന വിഷയമായിരുന്നു പത്രക്കാരെ ഇരുത്തി ചിന്തിപ്പിച്ചത്.
എന്നാല്‍, ആ ഓട്ടത്തിനിടയില്‍ ഇതുവരെ ഇല്ലാതിരുന്ന ഉപമുഖ്യമന്ത്രി എന്ന പദവി സൃഷ്ടിക്കപ്പെടുമ്പോള്‍ അതിന്റെ ഔചിത്യം ചോദ്യം ചെയ്യേണ്ടതല്ലേ എന്നു പത്രങ്ങള്‍ക്കും  റിപോര്‍ട്ടര്‍മാര്‍ക്കും തോന്നിയില്ല എന്നതാണു വിചിത്രം. അങ്ങനെ തോന്നാതിരിക്കുന്നിടത്തോളം ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്കിടയിലുള്ള ഗ്രൂപ്പ് തര്‍ക്കങ്ങളും അതിനു സര്‍ക്കാര്‍ ചെലവിലുള്ള പരിഹാരക്രിയകളും മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും സ്വാഭാവികമായിക്കഴിഞ്ഞിരുന്നു. മാധ്യമചര്‍ച്ചകളില്‍ ചിലര്‍ ഉപമുഖ്യമന്ത്രിപദത്തിന്റെ അനൗചിത്യത്തെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചെങ്കിലും മാധ്യമവിചാരിപ്പുകാര്‍ അവരെ തലയ്ക്കു കിഴുക്കി മൂലയ്ക്കിരുത്തിയെന്നു പറയുന്നതാവും ശരി.

ഉഭയകേന്ദ്രങ്ങളുടെ യുക്തി
കേരളത്തെ സംബന്ധിച്ചിടത്തോളം വാര്‍ത്തകളുടെ ഏക പ്രഭവകേന്ദ്രമായി എല്‍.ഡി.എഫ്-യു.ഡി.എഫ്. ദ്വന്ദ്വത്തെ കാണുകയാണു മാധ്യമങ്ങളുടെ നടപ്പുശീലം. ഭരണതലത്തില്‍ പല സന്ദര്‍ഭങ്ങളിലായി വന്നുപോവുന്ന കക്ഷികളുടെ പടലപ്പിണക്കങ്ങളും താല്‍പ്പര്യസംഘര്‍ഷങ്ങളും സുപ്രധാനമായ സംഭവവികാസങ്ങളാണെന്നതില്‍ തകരാറുകളൊന്നുമില്ല. എന്നാല്‍, നമ്മുടെ സംസ്ഥാനത്തെ മൊത്തം സാമൂഹികചലനങ്ങളെ വിലയിരുത്താനുള്ള അളവുകോലായി ഈ ഉഭയകേന്ദ്രിതമായ യുക്തി പ്രയോഗിക്കപ്പെടുന്നിടത്താണ് അപകടം. അടുത്തകാലത്തായി വാര്‍ത്താമാധ്യമങ്ങള്‍ ചര്‍ച്ചയ്‌ക്കെടുത്ത വിഷയങ്ങള്‍ നിരീക്ഷണവിധേയമാക്കിയാല്‍ ഈ പ്രവണത കണെ്ടത്താനാവും.
മാധ്യമങ്ങള്‍ മാത്രമല്ല, മിക്ക രാഷ്ട്രീയകക്ഷികളും ഈ യുക്തി പല സന്ദര്‍ഭങ്ങളിലായി ഉപയോഗപ്പെടുത്താറുണെ്ടങ്കിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയായിരിക്കും സംഘടിതമായും ബോധപൂര്‍വമായും ഏറ്റവും കൂടുതല്‍ ഇതു ചെയ്തിട്ടുള്ളത്. സി.പി.എമ്മില്‍നിന്നു പോവുന്ന വിമതവിഭാഗങ്ങള്‍ക്കെതിരേയാണ് അവര്‍ ഏറ്റവും വ്യാപകമായി ഇതുപയോഗപ്പെടുത്തിയത്. എം.വി. രാഘവനും ഗൗരിയമ്മയും അവസാനം ഒഞ്ചിയത്തെ വിമതവിഭാഗവും പാര്‍ട്ടി വിട്ടപ്പോള്‍ സി.പി.എമ്മുകാര്‍ അവര്‍ക്കെതിരേ ഉയര്‍ത്തിയ മുഖ്യവിമര്‍ശനം അവര്‍ കോണ്‍ഗ്രസ്സിനെ സഹായിക്കുന്നു എന്നതാണ്. കോണ്‍ഗ്രസ്സിനപ്പുറത്ത് അവര്‍ക്കെന്തെങ്കിലും അസ്തിത്വമുള്ളതായി സി.പി.എം. കരുതിയിരുന്നില്ല. ഇക്കാര്യത്തില്‍ യു.ഡി.എഫും വ്യത്യസ്തമായിരുന്നില്ല. ഇടതുപക്ഷത്തെ സഹായിക്കുന്നവരെന്ന ആരോപണങ്ങള്‍ അവരും പലര്‍ക്കുമെതിരേ ആയുധമാക്കി.
ഉഭയകേന്ദ്രിതമായ രാഷ്ട്രീയപരിസരത്ത്  ഈ വാദങ്ങള്‍ അത്ര അസ്വാഭാവികമെന്നു പറയാനാവില്ല. മാത്രമല്ല, ഈ രണ്ടു രാഷ്ട്രീയധ്രുവങ്ങള്‍ക്കിടയിലല്ലാതെ സ്വതന്ത്രമായി തങ്ങളുടെ അസ്തിത്വം നിര്‍ണയിക്കുക വിമതവിഭാഗങ്ങള്‍ക്കും ശ്രമകരമാണ്. വിവിധ സംഘടനകളില്‍നിന്നോ അല്ലെങ്കില്‍ സ്വതന്ത്രമായോ രൂപപ്പെടുന്ന ഓരോ ഗ്രൂപ്പുകളും നിരന്തരമായ രാഷ്ട്രീയാസ്വാസ്ഥ്യങ്ങള്‍ക്കൊടുവില്‍ ഈ ഉഭയകേന്ദ്രങ്ങളിലേതെങ്കിലുമൊന്നില്‍ അടിഞ്ഞുകൂടുന്നുവെന്നതാണു മുന്‍കാല അനുഭവങ്ങള്‍ തെളിയിക്കുന്നത്. ഗൗരിയമ്മയും രാഘവനും ജോസഫും ഒക്കെ ഇതിനുദാഹരണങ്ങളാണ്.
ഈ രണ്ട് ഉഭയധ്രുവങ്ങളുടെ യുക്തി ഗുണകരമായ ഒരു ഫലവും ഉല്‍പ്പാദിപ്പിച്ചില്ലെന്നു പറയാനാവില്ല. ഹിന്ദുത്വരാഷ്ട്രീയത്തെ പിന്നണിയില്‍ ഫലപ്രദമായി ഒതുക്കിനിര്‍ത്തിയെന്നതാണ് അവയില്‍ പ്രധാനം. എണ്‍പതുകള്‍ വരെ തിരഞ്ഞെടുപ്പുരംഗത്തു കോണ്‍ഗ്രസ്സിന്റെ ഭാഗമായി നിലകൊണ്ട ആര്‍.എസ്.എസും പിന്നീടു ബി.ജെ.പിയും  മറനീക്കി പുറത്തുവന്നിട്ടും ഈ ഉഭയകേന്ദ്രിത രാഷ്ട്രീയത്തെ നിഷ്പ്രഭമാക്കാന്‍ അവര്‍ക്കായില്ല. മുന്നണിയിലേക്കു തള്ളിക്കയറിവന്ന  80കളുടെ അവസാനമാണ് ഉഭയകേന്ദ്രരാഷ്ട്രീയം ഏറ്റവും സജീവമായത്.

ഉഭയകേന്ദ്രങ്ങളുടെ ആകര്‍ഷണവലയങ്ങള്‍

എന്നാല്‍, ഹിന്ദുത്വഭീകരതയെ ഒതുക്കിനിര്‍ത്തിയെന്ന ഈ നേട്ടത്തിനപ്പുറം അതു വലിയ ദോഷങ്ങള്‍ക്കും കാരണമായി. കേരളത്തില്‍ വേരുപിടിക്കേണ്ട പാര്‍ശ്വവല്‍കൃത ജനതയുടെ രാഷ്ട്രീയത്തെ എല്ലായ്‌പ്പോഴും പിന്നണിയില്‍ തളച്ചിട്ടതിലും ഈ യുക്തി അതിന്റേതായ പങ്കുവഹിച്ചു. കേരളരാഷ്ട്രീയത്തെ ഇളക്കിമറിച്ച “'ഭൂമിയുടെ രാഷ്ട്രീയം'’ മുന്നോട്ടുവച്ച ഗോത്രമഹാസഭയുടെ ചരിത്രം അക്കാര്യം വ്യക്തമാക്കും. ഇരുമുന്നണികളുടെയും രാഷ്ട്രീയയുക്തിയെ റദ്ദു ചെയ്ത് കേരളരാഷ്ട്രീയത്തില്‍ പുത്തന്‍ ബലകേന്ദ്രങ്ങള്‍ സൃഷ്ടിക്കുമെന്ന തോന്നലുണ്ടാക്കിയ മുന്നേറ്റമായിരുന്നു ഗോത്രമഹാസഭയുടേത്. പക്ഷേ, മുത്തങ്ങസമരത്തിന്റെ 10ാം വാര്‍ഷികം പിന്നിടുമ്പോഴേക്കും ജാനുവും സഖാക്കളും കോണ്‍ഗ്രസ് പാളയത്തിലെത്തിച്ചേര്‍ന്നു കഴിഞ്ഞിരുന്നു. മുത്തങ്ങസമരം കഴിഞ്ഞു മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ ഗോത്രമഹാസഭ യു.ഡി.എഫുമായി തിരഞ്ഞെടുപ്പുധാരണയ്ക്കുള്ള ശ്രമം നടന്നതായി പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അവസാനത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.കെ. ജാനുവിന്റേതടക്കം ഇരുപതോളം ആദിവാസി-ദലിത് സംഘടനകള്‍ ചേര്‍ന്നു രൂപീകരിച്ച സംയുക്ത സമിതിയുടെ പിന്തുണ യു.ഡി.എഫിനായിരുന്നു. ഏറ്റവും ഒടുവില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അവസാനനിമിഷത്തെ കരണംമറിച്ചിലില്ലായിരുന്നെങ്കില്‍ ഇന്നു മുത്തങ്ങ ഉള്‍പ്പെടുന്ന പ്രദേശങ്ങളുടെ ജനപ്രതിനിധിയായി ഒരുപക്ഷേ ജാനു കേരളത്തിലെ ജനങ്ങളെ അഭിമുഖീകരിച്ചേനെ.
കേരളത്തിലെ ഏറ്റവും വലിയ ദലിത് സംഘടനകളിലൊന്നായ കെ.പി.എം.എസിനെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്തു യു.ഡി.എഫ്-എല്‍.ഡി.എഫ്. മുന്നണികള്‍ പങ്കുവച്ചെടുത്തതും ഇതിനോടു ചേര്‍ത്തുവയ്ക്കാവുന്ന സംഭവമാണ്. തങ്ങള്‍ ഐക്യ ജനാധിപത്യ മുന്നണിക്കു വോട്ടുചെയ്‌തേക്കുമെന്നു മറ്റൊരു സമരസംഘടനയായ ചെങ്ങറയിലെ സാധുജനമുന്നണിയുടെ നേതാവ് ളാഹ ഗോപാലനും വ്യക്തമാക്കിയിരുന്നു. ദലിത് സംഘടനകളെയും സമ്മതിദാനത്തെയും യു.ഡി.എഫ്-എല്‍.ഡി.എഫ്. പിന്തുണയുടെ അടിസ്ഥാനത്തില്‍ തരം തിരിക്കരുതെന്ന് കെ.കെ. കൊച്ചിനെപ്പോലുള്ളവര്‍ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും ദലിത് ആദിവാസി സംഘടനകള്‍ക്കിടയില്‍ അതൊരു പ്രവണതയാണെന്നതില്‍ അദ്ദേഹത്തിനും സംശയമില്ലായിരുന്നു.

ഞങ്ങളുണേ്ട!’ മാവോവാദി നേതാവ് രൂപേഷ്
കഴിഞ്ഞ കുറച്ചുമാസമായി കേരളത്തില്‍ നടന്നുവന്ന മാവോവാദി ചര്‍ച്ചകളിലും ഇത്തരമൊരു രാഷ്ട്രീയം പുതഞ്ഞുകിടക്കുന്നുണ്ട്. ആദിവാസികളെ അടിച്ചമര്‍ത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു കാടിളക്കിയുള്ള തണ്ടര്‍ബോള്‍ട്ടിന്റെ തിരച്ചിലെന്നും കേരളത്തെ സെക്യൂരിറ്റി സ്റ്റേറ്റായി മാറ്റാനുള്ള നീക്കമാണ് ഇതെന്നുമായിരുന്നു വിഷയത്തെകുറിച്ചു നടന്ന മാതൃഭൂമി ചര്‍ച്ചകളിലൊന്നില്‍ കെ.പി. സേതുനാഥ് അഭിപ്രായപ്പെട്ടത്. മലനാട്ടില്‍ മാവോവാദികളുണെ്ടന്ന രഹസ്യാന്വേഷണ റിപോര്‍ട്ടുകളൊന്നുമില്ലാതെ നടക്കുന്ന മാവോവാദി വിരുദ്ധനീക്കത്തെക്കുറിച്ചാണ് എം. ഗീതാനന്ദനും പറയാനുള്ളത്. ആദിവാസികളെ ഉന്നംവച്ചാണ് ഈ നീക്കങ്ങളൊക്കെയെന്നും മാവോവാദികള്‍ നാട്ടിലൊരിടത്തുമില്ലെന്നതുമായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ പൊതു അഭിപ്രായം. ചര്‍ച്ച കൊഴുത്തപ്പോള്‍ ചര്‍ച്ചയില്‍ “പ്രധാന കക്ഷിയായ മാവോയിസ്റ്റ് പാര്‍ട്ടിക്കുവേണ്ടി നേതാവ് രൂപേഷിന് തങ്ങള്‍ ഇപ്പറഞ്ഞ നാടുകളിലൊക്കെ ഒളിഞ്ഞും തെളിഞ്ഞുമുണെ്ടന്ന് ആഴ്ചപ്പതിപ്പില്‍ നേരിട്ട് അവതരിച്ചു സാക്ഷ്യപ്പെടുത്തേണ്ടിവന്നു.
പോലിസ് തിരച്ചില്‍ നടത്തുന്ന ഏതൊക്കെ പ്രദേശങ്ങളില്‍ ഏതൊക്കെ നേരങ്ങളില്‍ തങ്ങള്‍ ഉണ്ടായിരുന്നുവെന്നതിന്റെ വിശദീകരണമായിരുന്നു അദ്ദേഹത്തിന്റെ മാതൃഭൂമി ലേഖനം. വിമര്‍ശകരാവട്ടെ, മാവോവാദികള്‍ നാട്ടിലില്ലെന്നും ഉണെ്ടന്നും വരുത്താനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ ആദിവാസികളെ ശിക്ഷിക്കാനുള്ള ഗൂഢനീക്കമാണെന്നും വ്യാഖ്യാനിച്ചു. അതിനിടയില്‍ സൂര്യനെല്ലി പ്രശ്‌നത്തില്‍ പ്രതിസന്ധിയിലായ കോണ്‍ഗ്രസ്സിനെയും രാജ്യസഭാ അധ്യക്ഷന്‍ കുര്യനെയും രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു തണ്ടര്‍ബോള്‍ട്ടിന്റെ തിരച്ചിലെന്ന അഭിപ്രായവും ചാനലുകളില്‍ മുഴങ്ങിക്കേട്ടു. ഇങ്ങനെ ഉഭയകേന്ദ്രിതമായ തലങ്ങളിലേക്കു വിശകലനങ്ങളെ വലിച്ചടുപ്പിക്കുന്നതിന്റെ ഏറ്റവും അടുത്ത ഉദാഹരണങ്ങളിലൊന്നായി മാറുകയായിരുന്നു മാവോവാദി പ്രശ്‌നത്തിലുള്ള മാധ്യമനിലപാടുകള്‍.

ഉഭയകേന്ദ്രിതത്വവും രാഷ്ട്രസംവിധാനവും
സംസ്ഥാനത്തെ മുഴുവന്‍ രാഷ്ട്രീയ-സാമൂഹികനീക്കങ്ങളെയും ഒരു കേന്ദ്രത്തിലേക്കു വലിച്ചടുപ്പിക്കുന്ന ഈ ഉഭയധ്രുവസംവിധാനം സ്വാഭാവികമെന്ന് ഒറ്റനോട്ടത്തില്‍ നമുക്കു തോന്നാം. എന്നാല്‍, ഈ സ്വാഭാവികതയുടെ നിര്‍മാണം അത്രമേല്‍ സ്വാഭാവികവും നിഷ്‌കളങ്കവുമാണെന്നു വിലയിരുത്താനാകുമോ? സ്വാതന്ത്ര്യാനന്തരം പിന്തുടര്‍ന്നുവരുന്ന രാഷ്ട്രീയസംവിധാനങ്ങള്‍ക്ക് ഈ പ്രക്രിയയില്‍ എന്തെങ്കിലും പങ്കുണേ്ടാ? ഈ ചോദ്യങ്ങള്‍ മര്‍ദ്ദിതരായ ജനതയെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. ഒരു സൈദ്ധാന്തിക പ്രശ്‌നത്തേക്കാളുപരി പ്രായോഗികപ്രശ്‌നമായി അതു മാറിക്കഴിഞ്ഞിട്ടുണ്ട്.
എല്ലാറ്റിനെയും തന്നിലേക്കാകര്‍ഷിക്കുന്ന ഒരു അഭികേന്ദ്രിതബലമായി പ്രവര്‍ത്തിക്കുന്ന ഈ ഉഭയകേന്ദ്രസംവിധാനത്തിന്റെ സൃഷ്ടിയില്‍ നമ്മുടെ രാഷ്ട്രീയസംവിധാനത്തിനു വലിയ പങ്കുണെ്ടന്നു വേണം കരുതാന്‍. കേരളത്തിലും ഇന്ത്യയില്‍ ഒട്ടാകെയും വിവിധ സംസ്ഥാനങ്ങളിലും ഏറിയും കുറഞ്ഞും നില്‍ക്കുന്ന കൂട്ടുകക്ഷിസംവിധാനങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ ചില പൊതുപ്രവണതകള്‍ കാണാനാവും. കൂട്ടുകക്ഷിസംവിധാനം തുടക്കം മുതല്‍ പരീക്ഷിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണു കേരളം. കേരളം രൂപംകൊള്ളുന്നതിനു മുമ്പേ അതാരംഭിച്ചുകഴിഞ്ഞിരുന്നു. തിരുകൊച്ചിയിലെ ആദ്യ തിരഞ്ഞെടുപ്പില്‍ (1951-52) നിയമസഭയില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തമിഴ്‌നാട് കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ കോണ്‍ഗ്രസ് ഭരിക്കാന്‍ തുടങ്ങിയെങ്കിലും ആഭ്യന്തരകലഹങ്ങള്‍മൂലം മന്ത്രിസഭ നിലംപൊത്തി. അടുത്ത മന്ത്രിസഭയ്ക്ക് കോണ്‍ഗ്രസ് പിന്തുണയോടെ പി.എസ്.പി. നേതൃത്വം കൊടുത്തെങ്കിലും ആഭ്യന്തരകലഹങ്ങള്‍ക്കൊടുവില്‍ അതും തകര്‍ന്നുവീണു. കേരള സംസ്ഥാനരൂപീകരണശേഷം നടന്ന പല മന്ത്രിസഭകളുടെ വിധിയും വ്യത്യസ്തമായിരുന്നില്ല. 1977 മാര്‍ച്ച് 23ന് ചരിത്രത്തിലാദ്യമായി കേരളത്തിലെ ഒരു മന്ത്രിസഭ കാലാവധി തികച്ചപ്പോള്‍ അതു മുപ്പതുവര്‍ഷത്തിനുള്ളില്‍ രൂപംകൊണ്ട പതിമൂന്നാമത്തെ മന്ത്രിസഭയായിരുന്നു. അതില്‍ ഒരു മാസം തികച്ചു ഭരിക്കാത്ത മന്ത്രിസഭകള്‍ പോലുമുണ്ടായിരുന്നു.
എന്നാല്‍, 1980 കളോടെ തകര്‍ന്നുവീഴുന്ന സര്‍ക്കാരുകളുടെ എണ്ണത്തില്‍ കുറവനുഭവപ്പെടാന്‍ തുടങ്ങി. 1970-77 ലെ മുഴുവന്‍ കാലാവധിയും തികച്ച സര്‍ക്കാരിനുശേഷം അധികാരത്തില്‍വന്ന മന്ത്രിസഭയ്ക്കു പടലപ്പിണക്കങ്ങളുടെ ഭാഗമായിട്ടല്ലെങ്കിലും കാലാവധി തികയ്ക്കാനായില്ല. പിന്നീട് 1982-87ലാണ് കാലാവധി തികച്ച അടുത്ത മന്ത്രിസഭയുണ്ടാവുന്നത്. പിന്നീടുണ്ടായ പല മന്ത്രിസഭകളും നിശ്ചിത കാലാവധി തികച്ചും ഭരിച്ചു. കാലാവധി തികയ്ക്കാതെ പുറത്തുപോയവയില്‍ പലതും മുന്‍കാലത്തെപ്പോലെ ഗ്രൂപ്പ് വഴക്കുകളുടെയോ മുന്നണിസംവിധാനത്തിലെ പാളിച്ചകളുടെയോ പേരിലായിരുന്നില്ല തകര്‍ന്നുപോയത് എന്നതാണു ശ്രദ്ധേയം.
1970 അവസാനമാണ് ഇടതു ജനാധിപത്യമുന്നണി രൂപീകരിക്കപ്പെടുന്നത്. അതിനു സമാന്തരമായി ഐക്യജനാധിപത്യ മുന്നണിയും സജീവമായി.  അവിടന്നങ്ങോട്ടു വ്യത്യസ്ത പാര്‍ട്ടികള്‍ രണ്ടു ധ്രുവങ്ങളിലേക്ക് ഏകോപിക്കപ്പെടുകയായിരുന്നു. ഐക്യ ജനാധിപത്യമുന്നണിയെന്നും ഇടതുജനാധിപത്യ മുന്നണിയെന്നും അവര്‍ സ്വയം വിശേഷിപ്പിച്ചിരുന്നെങ്കിലും പൂര്‍ണമായും പ്രത്യയശാസ്ത്രപരമായ ഒരു കൂട്ടായ്മയായി അവരെ കണക്കാക്കാനാവുമായിരുന്നില്ല. ഇടതുനിലപാടുകളുള്ള പാര്‍ട്ടികള്‍ യു.ഡി.എഫിലും ഇടതു നിലപാടു പുലര്‍ത്താത്ത ജോസഫിനെപ്പോലുള്ളവര്‍ ഇടതുപക്ഷത്തിലും വിവിധ കാലങ്ങളില്‍ ചേക്കേറിയിട്ടുണ്ട്. രാഷ്ട്രീയപ്രസ്ഥാനങ്ങളെ രണ്ടു കേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കുന്ന ഈ പ്രവണത കേരളത്തില്‍ മാത്രമല്ല, കൂട്ടുകക്ഷി മന്ത്രിസഭകള്‍ ഭരിച്ച രാജസ്ഥന്‍, ഡല്‍ഹി, ഹിമാചല്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലും ഏറിയും കുറഞ്ഞും കാണാനാവും.
ആദ്യകാലത്തെ രാഷ്ട്രീയ അസ്ഥിരതകളെ നമ്മുടെ ജനാധിപത്യസംവിധാനം മറികടക്കുന്നതിന്റെ ലക്ഷണമായാണ് ഈ പ്രവണതകള്‍ പൊതുവില്‍ വിശദീകരിക്കപ്പെടാറുള്ളത്. ഒരര്‍ഥത്തില്‍ അതു ശരിയുമാണ്. എന്നാല്‍ മറുഭാഗത്ത,്  വ്യത്യസ്ത സാമൂഹികവിഭാഗങ്ങളോ ജാതിയോ മതമോ മറ്റു നവസാമൂഹിക വിഭാഗങ്ങളോ എന്തുമാവട്ടെ, ഇത്തരം ചെറു ഗ്രൂപ്പുകളുടെ രാഷ്ട്രീയഭാഗധേയം നിര്‍ണയിക്കുന്നതില്‍ വലിയ സംഘടനകള്‍ കൈയടക്കം നേടുന്നതിന്റെ കൂടി ലക്ഷണമായി ഈ പ്രവണതകളെ വിലയിരുത്തേണ്ടതുണ്ട്. ഗോത്രമഹാസഭയും സാധുജനമുന്നണിയും അതുപോലുള്ള മറ്റനവധി ചെറുഗ്രൂപ്പുകളും ഇരുമുന്നണികളിലെയും ഏതെങ്കിലുമൊന്നിലേക്ക് ഒഴുകിയെത്തുന്ന വിവിധ സന്ദര്‍ഭങ്ങള്‍ നാം നേരത്തേ കണ്ടതാണല്ലോ.


എന്തുകൊണ്ട് ഉഭയകേന്ദ്രിതത്വം?

എന്തുകൊണ്ടാണ് ഇത്തരം ഉഭയകേന്ദ്രീകൃത പ്രവണതകള്‍ ഉണ്ടാവുന്നതെന്നതിനെക്കുറിച്ചു ചില ആലോചനകള്‍ നടത്തി ഈ ചര്‍ച്ച അവസാനിപ്പിക്കാം. ഭരണഘടനാരൂപീകരണത്തോടെ നാം തുടര്‍ന്നുവന്ന തിരഞ്ഞെടുപ്പുരീതികളാണ് ഒരു പരിധിവരെ ഇതില്‍ പങ്കുവഹിക്കുന്നത്. ഇന്ത്യയില്‍ നാം ഭൂരിപക്ഷ വോട്ടിങ് സംവിധാനമാണു നടപ്പാക്കുന്നത്. അതനുസരിച്ച് ഏറ്റവും കൂടുതല്‍ വോട്ടുലഭിക്കുന്ന സ്ഥാനാര്‍ഥിയാണു തിരഞ്ഞെടുക്കപ്പെടുന്നത്. പല സ്ഥാനാര്‍ഥികള്‍ക്കും ലഭിച്ച വോട്ടിന്റെ കണക്കു പരിശോധിച്ചാല്‍ അവര്‍ക്ക് അനുകൂലമായി ലഭിച്ച വോട്ടിനേക്കാള്‍ കൂടുതലായിരിക്കും അവര്‍ക്കെതിരേ പോള്‍ ചെയ്ത വോട്ട്. ജയിച്ചവന്‍ അവനു ലഭിച്ച വോട്ടിനാലല്ല, രണ്ടാം സ്ഥാനക്കാരനു നഷ്ടപ്പെട്ട വോട്ടിനാലാണു ജയമുറപ്പാക്കിയത്. ഇത്തരം സംവിധാനങ്ങള്‍ താമസംവിനാ രണ്ടു പാര്‍ട്ടികള്‍ക്കു മേധാവിത്വമുള്ള സംവിധാനത്തിലേക്കു നിപതിക്കാനാണു കൂടുതല്‍ സാധ്യത. നമ്മുടെ വിശകലനം തെളിയിച്ചതുപോലെ, ചിലപ്പോള്‍ കൂടുതല്‍ പാര്‍ട്ടികള്‍ ഉള്‍ക്കൊള്ളുന്ന ഒരു വ്യൂഹമായതു നിലനിന്നേക്കാമെങ്കിലും ആത്യന്തികമായി നമ്മുടെ യുക്തികളെയും പ്രാന്തവല്‍കൃതരുടെ രാഷ്ട്രീയ—ാധികാര പ്രവേശനത്തെയും ദോഷകരമായി ബാധിക്കുമെന്ന തരത്തില്‍ അത് പ്രവര്‍ത്തിക്കാനിടയുണെ്ടന്നാണു നമ്മുടെ അനുഭവം. പ്രാന്തവല്‍കൃതരെ നിരന്തരം അധികാരത്തില്‍നിന്ന് ഒഴിച്ചുനിര്‍ത്തുന്ന ഈ യുക്തിയെ നിഷ്‌കാസനം ചെയ്യുക എന്നതായിരിക്കണം നമ്മുടെ അവകാശപ്പോരാട്ടങ്ങളുടെ മുഖ്യലക്ഷ്യങ്ങളിലൊന്ന്. അതിനു നിലനില്‍ക്കുന്ന രാഷ്ട്രീയസംവിധാനങ്ങളില്‍ മാറ്റം വരുകയാണു വേണ്ടതെങ്കില്‍ അതു നിര്‍ബന്ധമായും സംഭവിച്ചേ തീരൂ.
(തേജസ് ദൈ്വവാരികയില്‍ പ്രസിദ്ധീകരിച്ചത്)
 

Thursday, May 16, 2013

ആഗോളമാന്ദ്യവും പശ്ചാത്തലവികസനവും

ലോകബാങ്കിന്റെയും ഐ.എം.എഫിന്റെയും ഏപ്രില്‍ അവസാനം നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത ധനമന്ത്രി പി ചിദംബരം, പശ്ചാത്തലമേഖലയില്‍ ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന രൂക്ഷമായ ധനക്കമ്മിയെക്കുറിച്ചാണു മുഖ്യമായും സംസാരിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, അടുത്ത അഞ്ചുവര്‍ഷത്തേക്ക് ഒരു ലക്ഷം കോടിയായിരിക്കും ഈ മേഖലയിലെ രാജ്യത്തിന്റെ കമ്മി. സമ്മേളനശേഷം മന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയെ പരാമര്‍ശിച്ചുകൊണ്ട് യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും ഇതേ കാര്യം ആവര്‍ത്തിച്ചു. കൂട്ടത്തില്‍, സര്‍ക്കാര്‍ നേരിട്ടുനടത്തുന്ന നിക്ഷേപം മുഴുവന്‍ കണക്കിലെടുത്താലും ആവശ്യത്തിന്റെ പകുതിപോലുമാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വികസനപ്രക്രിയയില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ഏക പോംവഴിയെന്നാണ് മൂണ്‍ ഇന്ത്യയിലെ വികസനവിദഗ്ധര്‍ക്കു നല്‍കുന്ന ഉപദേശം.

2013ലെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ചിദംബരം ഇതേ ദിശയില്‍ ഒട്ടനവധി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. പശ്ചാത്തലമേഖലയില്‍  പണലഭ്യത ഉറപ്പുവരുത്താനായി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെബ്റ്റ് ഫണ്ട്, ടാക്‌സ് ഫ്രീ ബോണ്ട്, സജീവമായ കോര്‍പറേറ്റ് ബോണ്ട് മാര്‍ക്കറ്റ്, വിദേശമൂലധന വരവിന്റെ പരിധി ഉയര്‍ത്തല്‍ തുടങ്ങിയവയായിരുന്നു അവയില്‍ ചിലത്. പ്രൊവിഡന്റ്-ഇന്‍ഷുറന്‍സ്-പെന്‍ഷന്‍ ഫണ്ടുകളുടെ നിക്ഷേപനയങ്ങളില്‍ വിഭാവന ചെയ്തിരിക്കുന്ന കാതലായ മാറ്റമാണു 'നിക്ഷേപസമാഹരണ യജ്ഞ'ത്തിന്റെ പ്രധാന ഭാഗം. അതിനു സഹായകരമായ സമൂര്‍ത്ത ശുപാര്‍ശകളൊന്നും ബജറ്റിലുണ്ടായിരുന്നില്ലെങ്കിലും സമീപഭാവിയില്‍ ഇത്തരം പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്ന് അന്നേ സൂചനയുണ്ടായിരുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ പെന്‍ഷന്‍ ഫണ്ടായ പ്രൊവിഡന്റ് ഫണ്ടില്‍നിന്നു 10,000 കോടി രൂപ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെബ്റ്റ് ഫണ്ടിലേക്ക് തിരിച്ചുവിടാനുള്ള തീരുമാനം ബജറ്റ് അവതരണത്തിനുശേഷമാണു പുറത്തുവന്നത്. എന്നാല്‍ പെന്‍ഷന്‍ ഫണ്ട് ഡവലപ്‌മെന്റ് റഗുലേറ്ററി അതോറിറ്റി ഇത്തരം നിര്‍ദേശങ്ങള്‍ക്ക് എതിരാണെന്നു നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. അതോറിറ്റി ചെയര്‍മാന്‍ യോഗേഷ് അഗര്‍വാള്‍ അതിന്റെ കാരണവും വ്യക്തമാക്കി. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, പെന്‍ഷന്‍ ഫണ്ടുകള്‍ ലോകത്തൊരിടത്തും പശ്ചാത്തലമേഖലപോലുള്ള ദീര്‍ഘകാല നിക്ഷേപരംഗത്ത് ഒരുശതമാനത്തിലധികം മുതല്‍മുടക്കുക പതിവില്ല. എന്നുമാത്രമല്ല, അതൊരു സാഹസവുമാണ്. എച്ച്.ഡി.എഫ്.സി. ബാങ്ക് ചെയര്‍മാന്‍ ദീപക് പരേഖിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതി രണ്ടുവര്‍ഷം മുമ്പ് ഇതേ ശുപാര്‍ശകളുമായി വന്നപ്പോഴായിരുന്നു അതോറിറ്റി  വിയോജിപ്പു പ്രകടിപ്പിച്ചത്. 

2010 മെയില്‍ പ്ലാനിങ് കമ്മീഷനുവേണ്ടി സമര്‍പ്പിച്ച കണ്‍സപ്റ്റ് പേപ്പറിലാണ് പശ്ചാത്തലരംഗത്തെ വിഭവദൗര്‍ലഭ്യം പരിഹരിക്കുന്നതിന്  ഡെബ്റ്റ് ഫണ്ട് രൂപീകരിക്കാന്‍ ആലോചിക്കുന്നത്. നിലവിലുള്ളതും വിഭാവന ചെയ്യപ്പെട്ടതുമായ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ക്കു പണം കണെ്ടത്തുന്നതിനുള്ള പ്രധാന മാര്‍ഗമെന്നാണു റിപോര്‍ട്ട് തയ്യാറാക്കിയ പ്ലാനിങ് ബോര്‍ഡ് ഉപദേശകന്‍ ഗജേന്ദ്ര ഹാല്‍ഡിയ അവകാശപ്പെട്ടത്.  തുടര്‍ന്ന് ഇന്ത്യയിലെ പ്രധാന കോര്‍പറേറ്റുകള്‍, സര്‍ക്കാര്‍ ബോര്‍ഡുകള്‍, ലോകബാങ്ക് പോലുള്ള അന്താരാഷ്ട്ര  ഏജന്‍സികള്‍, മെക്കിന്‍സി പോലുള്ള  മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുകള്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഒരു ഉന്നതതല സമിതിക്കു രൂപംകൊടുത്തു. ആ സമിതിയാണു പരിഷ്‌കാരങ്ങളുടെ രൂപരേഖ തയ്യാറാക്കിയത്. പ്രൊവിഡന്റ് ഫണ്ടിലെ പണം ബോണ്ടുകള്‍ വഴി ഈ മേഖലയിലേക്കു തിരിച്ചുവിടുന്നതിനു ശുപാര്‍ശ ചെയ്തതും ഇതേ സമിതിതന്നെ. കഴിഞ്ഞ ഫെബ്രുവരിയില്‍ എല്‍.ഐ.സി., ബാങ്ക് ഓഫ് ബറോഡ, ഐ.സി.ഐ.സി.ഐ., സിറ്റി ബാങ്ക് തുടങ്ങിയവയുടെ പങ്കാളിത്തത്തോടെ രാജ്യത്തെ ആദ്യ ഡെബ്റ്റ് ഫണ്ട് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

പശ്ചാത്തലമേഖലയിലെ പ്രധാന ധനാഗമനസ്രോതസ്സായി ബാങ്കുകളെയാണ് ആദ്യം മുതല്‍ കണക്കാക്കിയിരുന്നതെങ്കിലും ദീര്‍ഘകാല നിക്ഷേപവുമായി ബാങ്കുകള്‍ക്കു യോജിച്ചുപോവാനാവില്ലെന്നു ബോധ്യമായി. അതോടെയാണു പെന്‍ഷന്‍-ഇന്‍ഷുറന്‍സ് ഫണ്ടുകള്‍ ഉപയോഗപ്പെടുത്താനുള്ള ശ്രമം ആരംഭിക്കുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പെന്‍ഷന്‍ പദ്ധതികളെ പങ്കാളിത്ത പെന്‍ഷന്‍ വഴി പെന്‍ഷന്‍ ഫണ്ടുമായി ബന്ധിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത് ഇതിന്റെ കൂടി ഭാഗമാണ്.

പശ്ചാത്തലമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വദേശ-വിദേശ കമ്പനികള്‍ക്കു ധനസമാഹരണത്തിന് ഉതകുംവിധം സാമ്പത്തികനയങ്ങളിലും നിക്ഷേപ മാനദണ്ഡങ്ങളിലും മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നുവെന്നാണ് മുകളില്‍ ചൂണ്ടിക്കാട്ടിയ വസ്തുതകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, രാജ്യത്തിന്റെ വര്‍ധിച്ചുവരുന്ന പശ്ചാത്തലമേഖലയിലെ ആവശ്യങ്ങളുടെ പേരില്‍ എല്ലാ പരിഷ്‌കാരങ്ങളും ന്യായീകരിക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍, ഈ നയസമീപനങ്ങള്‍ ആഗോള സമ്പദ്ഘടനയില്‍ അത്ര ലളിതവും നിഷ്‌കളങ്കവുമായ പങ്കല്ല വഹിച്ചുകൊണ്ടിരിക്കുന്നത്. അതു ബോധ്യമാവണമെങ്കില്‍ ആഗോള സമ്പദ്ഘടനയുടെ നടത്തിപ്പില്‍ മൂന്നാംലോകരാജ്യങ്ങള്‍ വഹിക്കുന്ന പങ്ക് പരിശോധിക്കേണ്ടിയിരിക്കുന്നു.

ആഗോളമാന്ദ്യവും അതിന്റെ ഭാഗമായ യൂറോസോണ്‍ പ്രതിസന്ധിയും വികസിതരാഷ്ട്രങ്ങളുടെ സമ്പദ്ഘടനയില്‍ വമ്പിച്ച ആഘാതമാണ് ഉണ്ടാക്കിയത്. ലോകബാങ്കിനുവേണ്ടി 2010ല്‍ ജസ്റ്റിന്‍ യിഫു ലിന്‍, ഡോര്‍ടി ഡൊമെലാന്റ് എന്നിവര്‍ ചേര്‍ന്നു തയ്യാറാക്കിയ പഠനം മാന്ദ്യത്തിന്റെ ആഴം പുറത്തുകൊണ്ടുവരുന്നുണ്ട്. അതനുസരിച്ച് പശ്ചാത്തലമേഖലയിലെ പുതിയ നിക്ഷേപങ്ങള്‍ കൊണ്ടു മാത്രമേ യൂറോപ്പിലെയും അമേരിക്കയിലെയും രൂക്ഷമായ പൊതുകട പ്രതിസന്ധിയും മാന്ദ്യവും മറികടക്കാനാവൂ.

സ്വന്തം രാജ്യത്തെ പശ്ചാത്തലമേഖലയിലെ വര്‍ധിച്ച നിക്ഷേപത്തിലൂടെ വ്യാവസായികമാന്ദ്യം പരിഹരിക്കാമെങ്കിലും മികച്ച പശ്ചാത്തലസൗകര്യങ്ങള്‍ നിലനില്‍ക്കുന്ന വികസിതരാജ്യങ്ങളില്‍ ഇതിനുള്ള സാധ്യത തുലോം കുറവാണെന്നാണു പഠനം സൂചിപ്പിക്കുന്നത്. 150ലേറെ വര്‍ഷം മുമ്പ് സ്ഥാപിച്ച ലണ്ടനിലെ 20% ജലസേചന പൈപ്പുകളും അമേരിക്കയിലെ 40 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കല്‍ക്കരി പവര്‍‌സ്റ്റേഷനുകളും പുതുക്കിക്കൊണ്ട് മാന്ദ്യം പരിഹരിക്കാനുള്ള ശ്രമം നടത്താമെങ്കിലും ലോകത്തിന്റെ വികസനയന്ത്രമാവാനുള്ള കഴിവ് ഇതിനില്ലെന്നാണു വിലയിരുത്തല്‍. എന്നാല്‍, അതു പരിഹരിക്കാനുള്ള ചില മാര്‍ഗങ്ങള്‍ അവര്‍ കണെ്ടത്തിയിട്ടുണ്ട്. അവരുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍, ഇന്ത്യയടക്കമുള്ള വികസ്വരരാഷ്ട്രങ്ങളുടെ പശ്ചാത്തലമേഖലയിലെ ആവശ്യങ്ങള്‍ വളരെ വലുതാണ്. ഒപ്പം അവയുടെ അഭാവം വികസനത്തിനു തടസ്സവുമാണ്. പശ്ചാത്തലപദ്ധതികള്‍ക്കു നിരവധി യന്ത്രസാമഗ്രികള്‍ ആവശ്യമായതിനാല്‍ മേഖലയിലെ വികാസം വ്യാവസായികരംഗത്ത് ഉണര്‍വിനു കാരണമാവും. ഇത്തരം ചരക്കുകള്‍ വികസിതരാജ്യങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്നത് ആയതുകൊണ്ട് അത് ആ രാജ്യങ്ങളിലും സാമ്പത്തിക ഉണര്‍വ് സൃഷ്ടിക്കും. അതിലൂടെ ആഗോള സാമ്പത്തികമാന്ദ്യത്തിനു തടയിടാനും കഴിയും.

സര്‍ക്കാര്‍ ചെലവു വര്‍ധിപ്പിച്ചുകൊണ്ട് രാജ്യത്തു വികസനം സൃഷ്ടിക്കുന്ന ഈ പദ്ധതി 'ഒരു കുഴി കുഴിച്ച് ആ കുഴി' മൂടുന്ന കെയ്‌നീഷ്യന്‍ പദ്ധതിയുടെ ആവര്‍ത്തനമാണെന്നു ചിലര്‍ ആരോപണമുന്നയിക്കുന്നുണെ്ടങ്കിലും ലോകബാങ്ക് ആ വാദത്തെ മുഖവിലയ്‌ക്കെടുത്തിട്ടില്ല. സര്‍ക്കാര്‍ ചെലവു കൂട്ടി ഹ്രസ്വകാല ചോദനവര്‍ധനയിലൂടെ മാന്ദ്യത്തിനു തടയിടുന്ന പഴയ കെയ്‌നീഷ്യന്‍ പദ്ധതിയില്‍നിന്ന് തുലോം വ്യത്യസ്തമാണത്രേ പുതിയ പദ്ധതി. കെയ്ന്‍സ് രാജ്യത്തിന്റെ ആഭ്യന്തരവിപണി ലക്ഷ്യംവയ്ക്കുമ്പോള്‍ പുതിയ പദ്ധതി ആഗോളതലത്തിലുള്ള നിക്ഷേപനീക്കമാണു ലക്ഷ്യമിടുന്നത്. മാത്രമല്ല, കെയ്‌നീഷ്യന്‍ പദ്ധതി സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കുമ്പോള്‍ പുതിയ പദ്ധതി സ്വകാര്യമേഖലയ്ക്ക് ആകര്‍ഷകമാവുന്ന രീതിയില്‍ നിലവിലുള്ള സാഹചര്യത്തെ ഉപയോഗപ്പെടുത്തുകയാണു ചെയ്യുന്നതെന്നും ബാങ്ക് വിശദീകരിക്കുന്നു.

ഇന്ത്യന്‍ സാഹചര്യത്തിലേക്ക് അതു പരിഭാഷപ്പെടുത്തുകയാണെങ്കില്‍ കൂടുതല്‍ കൂടുതല്‍ ബി.ഒ.ടി. പോലുള്ള പൊതു-സ്വകാര്യ പദ്ധതികളും ആ പദ്ധതികള്‍ക്ക് ആവശ്യമായ പണം സ്വദേശ/വിദേശ കുത്തകകള്‍ക്ക് രാജ്യത്തിനകത്തുനിന്നുതന്നെ സമാഹരിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുമെന്നുമാണ് അര്‍ഥമാക്കുന്നത്. അന്യംനിന്നുപോയ ദിനോസറുകളുടെ അസ്ഥിപഞ്ജരങ്ങള്‍ പോലെ, ഉപയോഗശൂന്യമായ നിര്‍മാണങ്ങള്‍കൊണ്ട് നമ്മുടെ രാജ്യം ഒരു ശവപ്പറമ്പുപോലെ ആവുന്ന കാലം അത്രയൊന്നും വിദൂരമല്ല. അതാവട്ടെ, നമ്മുടെ ബാധ്യതയില്‍പ്പെടാത്ത ഏതാനും സമ്പന്നരാജ്യങ്ങളുടെ മാന്ദ്യം പരിഹരിക്കാന്‍ വേണ്ടിയാണെന്നതാണു സങ്കടകരം.

Thursday, April 25, 2013

ശ്രീലങ്ക: തിരിഞ്ഞു കൊത്തുന്ന ചരിത്രം



ശ്രീലങ്കയില്‍ മുപ്പതുവര്‍ഷമായി തുടരുന്ന വംശീയയുദ്ധത്തിന്റെ മൂല കാരണം ഇന്ത്യയാണെന്ന ശ്രീലങ്കന്‍ പ്രതിരോധസെക്രട്ടറി ഗോഡഭയ രാജപക്‌സെയുടെ പ്രസ്താവന ശ്രീലങ്കയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പുതിയൊരു യുദ്ധമുഖം തുറക്കുമെന്നു വേണം കരുതാന്‍. ശ്രീലങ്കന്‍ പ്രശ്‌നത്തില്‍ ഇന്ത്യന്‍ നിലപാടുകളെ ന്യായീകരിച്ചുകൊണ്ട് മുന്‍ യു എന്‍ സ്ഥാനപതി ഹര്‍ദീപ്പുരി ഒരു ദേശീയ ദിനപത്രത്തിലെഴുതിയ ലേഖനത്തെ ചോദ്യം ചെയ്തുകൊണ്ടാണ് പ്രതിരോധസെക്രട്ടറി കൊളംബോയുടെ പ്രതിഷേധം അറിയിച്ചത്. ജെ എന്‍ ദീക്ഷിദ് ശ്രീലങ്കന്‍ ഹൈക്കമ്മീഷനറായിരിക്കെ തിമ്പു ഒത്തുതീര്‍പ്പിനെത്തുടര്‍ന്ന് ലങ്കയിലേക്കു പോയ 'സമാധാനപാലനസേന'യുമായി അടുത്തു ബന്ധപ്പെട്ട ഹര്‍ദീപിനും ഭാര്യ ലക്ഷ്മിപുരിയ്ക്കും കാര്യങ്ങളറിയാത്തതല്ലെന്നാണ് പ്രതിരോധസെക്രട്ടറിയുടെ ആക്ഷേപം. ഇപ്പോള്‍ വിവാദമായിരിക്കുന്ന എല്‍ ടി ടി ഇ- ശ്രീലങ്കന്‍ യുദ്ധത്തിലെ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഹര്‍ദീപ് ലങ്കയിലെ ഭീകരവാദത്തിന്റെ കാരണത്തെക്കുറിച്ച് മൗനം പാലിക്കുകയാണെന്ന കുറ്റപ്പെടുത്തല്‍ ഒരു ശ്രീലങ്കന്‍ പത്രത്തിലാണ് പ്രത്യക്ഷപ്പെട്ടത്. കൂട്ടത്തില്‍ 1988 ലെ മാലദ്വീപ് ഭീകരാക്രമണത്തില്‍ ഇന്ത്യയില്‍ പരിശീലനം നേടിയ ശ്രീലങ്കന്‍ തമിഴരാണ് പങ്കെടുത്തതെന്ന ഗുരുതരമായ ഒരു ആരോപണവും ഉന്നയിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് അന്താരാഷ്ട്രസമൂഹം പഠിക്കേണ്ടതുണ്ടെന്ന പ്രകോപനപരമായ ഒരാവശ്യവും മുന്നോട്ടു വെച്ചിരിക്കുന്നു.

ഗോഡഭയ രാജപക്‌സെയുടെ ആരോപണങ്ങളോട് കേന്ദ്രമന്ത്രി വി നാരായണസ്വാമിയാണ് പ്രതികരിച്ചത്. ശ്രീലങ്കയിലെ ഭീകരവാദത്തെ ഇന്ത്യ പ്രോത്സാഹിച്ചിട്ടില്ലെന്നു മാത്രമല്ല തമിഴരുടെ അവകാശങ്ങള്‍ ശ്രീലങ്ക കവര്‍ന്നെടുത്തതില്‍ നിന്നാണ് തമിഴ്ഈഴം ആവശ്യപ്പെട്ടുകൊണ്ടുള്ള പോരാട്ടങ്ങള്‍ ഉദയം കൊണ്ടതെന്ന നിലപാട് മന്ത്രി ആവര്‍ത്തിച്ചു. തമിഴര്‍ ഏതു രാജ്യത്തായാലും അവരെ സംരക്ഷിക്കുക എന്നത് ഇന്ത്യയുടെ കടമയാണെന്ന വിചിത്രവും അപകടകരവുമായ  അഭിപ്രായപ്രകടനവും അദ്ദേഹം നടത്തി.

നാരായണസ്വാമിയ്ക്ക് മറുപടി പറഞ്ഞുകൊണ്ട് ശ്രീലങ്കന്‍ നയതന്ത്രവിദഗ്ധന്‍ അശോക് വീരസിന്‍ഹ എഴുതി: ''ശ്രീലങ്കന്‍ തമിഴര്‍ കല്ലുകളും മുളവടികളും ഉപയോഗിച്ചല്ല ഇക്കാലമത്രയും യുദ്ധം ചെയ്തുകൊണ്ടിരുന്നത്. മറിച്ച് എകെ 47നും ഹാന്റ് ഗ്രനേഡുകളുമായിരുന്നു അവരുടെ കൈയില്‍.'' കലാപം വളര്‍ത്തുന്നതില്‍ കരുണാനിധിയെയും എം ജി ആര്‍നെയും പോലുള്ള നേതാക്കളുടെ പങ്കും അദ്ദേഹം എടുത്തുപറഞ്ഞു. 

മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം അനുഭവിക്കന്ന  കൊളംബോ ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള ഈ വിവാദത്തെ പ്രയോജനപ്പെടുത്തുമെന്ന് തീര്‍ച്ചയാണ്. അതില്‍ നിന്നും ഊരിപ്പോരുക ഇന്ത്യയെ സംബന്ധിച്ചെടുത്തോളം എളുപ്പമായിരിക്കില്ല. ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പത്രങ്ങള്‍ വമ്പിച്ച പ്രാധാന്യത്തോടെയാണ് ഈ വിവാദവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതെന്നത് ഒരു സൂചനയാണ്. 2012ല്‍ അമേരിക്കന്‍ പിന്തുണയോടെ അവതരിപ്പിക്കപ്പെട്ട യുഎന്‍ മനുഷ്യാവകാശകൗണ്‍സില്‍ പ്രമേയത്തില്‍ ശ്രീലങ്കയ്ക്കനുകൂലമായ നിലപാടെടുത്ത തെക്കുകിഴക്കന്‍ ഏഷ്യയിലെ രാജ്യങ്ങളും ഇത്  ഗൗരവമായി  എടുക്കുമെന്നു വേണം കരുതാന്‍. അതിനും പുറമെ കഴിഞ്ഞ മുപ്പതുവര്‍ഷത്തെ  ചരിത്രം പരിശോധിച്ചാല്‍ പ്രതിരോധസെക്രട്ടറിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടെന്നും നിഷ്പക്ഷനായ ഒരു വിമര്‍ശകന് കണ്ടെത്താനാകും. അതംഗീകരിച്ചു കൊടുക്കുന്നത് ഇന്ത്യയുടെ അന്താരാഷ്ട്രലത്തിലുള്ള 'മാന്യത'യ്ക്കു മുകളില്‍  കരിനിഴല്‍ വീഴ്ത്തുമെന്നത് മറ്റൊരു കാര്യം.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ ഒരു മേഖലയില്‍ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക ശീതയുദ്ധകാലം മുതല്‍ തന്നെ വന്‍ശക്തി പോരാട്ടങ്ങളുടെ വേദിയായിരുന്നു. ഏഷ്യയെ വരുതിയിലാക്കുന്നതിനുള്ള സൈനികതന്ത്രത്തിന്റെ ഭാഗമായി അമേരിക്ക 1960 കളില്‍ത്തന്നെ  ഈ മേഖലയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. അതിന്റെ ഭാഗമായാണ് ഈ മേഖലയിലെ ദിഗോ ഗാര്‍ഷ്യ ദ്വീപില്‍ ആധിപത്യം ഉറപ്പിക്കാന്‍ ശ്രമം തുടങ്ങുന്നത്. എന്‍പതുകളോടെ ദ്വീപില്‍ ഒരു സ്ഥിരം സൈനികകേന്ദ്രം സ്ഥാപിക്കുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്നും അമേരിക്കയിലേക്കും യൂറോപ്പിലേക്കും എണ്ണ കൊണ്ടുപോകുന്ന കപ്പല്‍പാതയിലെ അതിന്റെ സ്ഥാനം തന്നെയായിരുന്നു ഈ കൊച്ചു ദ്വീപിനെ അന്താരാഷ്ട്രസൈനിക താല്പര്യങ്ങളുടെ ഭാഗമാക്കിയത്. അമേരിക്കയുടെ ഇറാക്ക്- കുവൈറ്റ് സൈനികനീക്കങ്ങള്‍ ദിഗോ ഗാര്‍ഷ്യ കേന്ദ്രീകരിച്ചായിരുന്നു എന്ന ഒറ്റ കാര്യം മതി  ഈ പ്രദേശത്തിന്റെ തന്ത്രപരമായ പ്രാധാന്യം തിരിച്ചറിയാന്‍.

ഇത്തരമൊരു പ്രദേശം അമേരിക്കയുടെ കൈവശത്തിലായതോടെ സ്വാഭാവികമായും അതിനെ പ്രതിരോധിക്കുക എന്നത് സോവിയറ്റ് യൂണിയന്റെ  വന്‍ശക്തി താല്പര്യങ്ങളുടെ ഭാഗമായി. ദീഗോ ഗാര്‍ഷ്യയ്ക്കു പകരും അതേ പ്രദേശത്ത് മറ്റൊന്നു കണ്ടെത്തുക എന്നതായിരുന്നു ഏക പോംവഴി. ആ അന്വേഷണം തമിഴര്‍ തിങ്ങിപ്പാര്‍ക്കുന്ന  വടക്കന്‍ ശ്രീലങ്കയിലെ ജാഫ്‌ന മുനമ്പിലാണ് അവസാനിച്ചത്. പക്ഷേ, ശീതയുദ്ധകാലത്ത് അമേരിക്കന്‍ ഭാഗത്തു നിലയുറപ്പിച്ചിരുന്ന ശ്രീലങ്കയുടെ പക്കല്‍ നിന്ന് അത്തരമൊരു ആവശ്യം നിവര്‍ത്തിച്ചെടുക്കുക സോവിയറ്റ് യൂണിയനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടായിരുന്നു.

ശ്രീലങ്കയില്‍ വംശീയ സിംഹള സര്‍ക്കാരിനെതിരെ തമിഴരുടെ ഭാഗത്തു നിന്നുയര്‍ന്ന മുറുമുറുപ്പുകള്‍ തീക്ഷ്ണമാകാന്‍ തുടങ്ങിയ കാലം കൂടിയായിരുന്നു അത്.  തമിഴര്‍ക്കെതിരെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവേചനപരമായ നയങ്ങള്‍ക്കെതിരെ എല്‍ ടി ടി ഇ പോലുള്ള നിരവധി ചെറുത്തുനില്‍പ്പു പ്രസ്ഥാനങ്ങള്‍ ഇക്കാലയളവില്‍ ശക്തിപ്രാപിച്ചു.  ഈ സങ്കീര്‍ണതയിലേക്ക് കയറിപ്പറ്റിക്കൊണ്ട് തങ്ങളുടെ വന്‍ശക്തി താല്പര്യങ്ങള്‍ നേടിയെടുക്കുക എന്നതായിരുന്നു സോവിയറ്റ് തന്ത്രം. പക്ഷേ അവരെ സംബന്ധിച്ചിടത്തോളം നേരിട്ടിടപെടുന്നതിനേക്കാള്‍  തങ്ങളുടെ പക്ഷം പിടിച്ചിരുന്ന  ഇന്ത്യന്‍ ഭരണകൂടത്തെ ഉപയോഗിച്ചുകൊണ്ട് നേട്ടമുണ്ടാക്കുക എന്നതായിരുന്നു ഗുണകരം.

അതിന്റെ അടിസ്ഥാനത്തിലാണ് ശ്രീലങ്കന്‍ തമിഴരുടെ പ്രശ്‌നങ്ങളില്‍ ഒരു കക്ഷിയായി ഇന്ത്യ രംഗപ്രവേശം ചെയ്യുന്നത്. ഇന്ദിരാഗാന്ധിയും തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം ജി രാമചന്ദ്രനും മുന്‍കൈയെടുത്തുകൊണ്ട് തമിഴ്‌നാട്ടിലും ഡല്‍ഹിയിലും ഡെറാഡൂണിലും അടക്കം നിരവധി സൈനികപരിശീലന കേന്ദ്രങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സജ്ജമാക്കി. ഇന്ദിരാഗാന്ധിയെ സംബന്ധിച്ചിടത്തോളം ഈ നീക്കം ലങ്കന്‍ തമിഴരോട് സാഹോദര്യം സൂക്ഷിച്ചിരുന്ന തമിഴു ജനതയെ കോണ്‍ഗ്രസിനൊപ്പം നിര്‍ത്തുന്നതിന് സഹായകരമായി.  എം ജി ആര്‍നും അതു ഗുണകരമായി. ശ്രീലങ്കയില്‍ ജനിച്ചു വളര്‍ന്ന മലയാളിയായ എംജിആര്‍നെ ശരിയായ തമിഴനായി അവിടത്തെ രാഷ്ട്രീയനേതാക്കള്‍ കരുതിയിരുന്നില്ല. ശ്രീലങ്കന്‍ തമിഴരെ അനുകൂലിക്കുന്നതിലൂടെ ഈ മനോഭാവം കഴുകിക്കളയാന്‍ കഴിയുമെന്ന് അദ്ദേഹം കണക്കുകൂട്ടിയിരിക്കണം.   ഇത്തരത്തില്‍ രൂപീകരിക്കപ്പെട്ട സൈനികപരിശീലന കേന്ദ്രങ്ങളില്‍നിന്ന് പരിശീലനം നേടിയവരായിരുന്നു എല്‍ ടി ടി ഇയുടെ ആദ്യതലമുറ നേതാക്കളില്‍ പലരും. ടെലൊ, ടുള്‍ഫ് തുടങ്ങിയ തമിഴ് മിലിറ്റന്റ്്  ഗ്രൂപ്പുകള്‍ പലതും റൊയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പോലുമായിരുന്നു. ഇത്തരം സംഘടനയില്‍ നിന്ന് വ്യത്യസ്തമായി എല്‍ ടി ടി ഇയും ഇന്ത്യാസര്‍ക്കാരും തമ്മിലുള്ള ബന്ധം കുറെക്കൂടി വ്യത്യസ്തമായിരുന്നു. ആ സംഘടനയ്ക്കു മുകളില്‍ പൂര്‍ണ്ണമായും ആധിപത്യം ചെലുത്താന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഒരിക്കലും കഴിഞ്ഞില്ല.

എല്‍ ടി ടി ഇ നേതാവ് കുമാരന്‍ പത്മനാഭന്‍ പത്രപ്രവര്‍ത്തകന്‍ വി കെ ശശികുമാറിനു നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണവിഭാഗങ്ങളായ ഐബിയ്ക്കും റൊയ്ക്കും എല്‍ടിടിഇ അടക്കമുള്ള തമിഴ്മിലിറ്റന്റ് ഗ്രൂപ്പുകളുമായുണ്ടായിരുന്ന ബന്ധത്തെ ശരിവെക്കുന്നുണ്ട്. ഇന്ദിരാഗാന്ധി തമിഴ് പ്രശ്‌നത്തില്‍ താല്പര്യമെടുക്കാനുണ്ടായ ശീതയുദ്ധകാലത്തെ ലോകസാഹചര്യത്തെക്കുറിച്ചും അദ്ദേഹം അതേ അഭിമുഖത്തില്‍ സൂചിപ്പിക്കുന്നു. 
രാജീവ്ഗാന്ധി വധത്തിനുശേഷം രൂപീകരിക്കപ്പെട്ട ജെയിന്‍ കമ്മീഷന്‍ റിപോര്‍ട്ടിനെക്കുറിച്ച് ടി എസ് സുബ്രഹ്മണ്യനു നല്‍കിയ അഭിമുഖത്തില്‍ കരുണാനിധിയും എല്‍ ടി ടി ഇയ്ക്ക്  സൈനിക പരിശീലനം നല്‍കിയ ഡല്‍ഹി ആര്‍ കെ പുരത്തേതടക്കം 30 സൈനികകേന്ദ്രങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഏറ്റവും രസകരമായ കാര്യം ജെയിന്‍ കമ്മീഷന്‍ പോലും 1987 ലെ ഇന്ത്യന്‍ സമാധാനപാലന സേനയും എല്‍ ടി ടി ഇയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടം ആരംഭിക്കുന്നതുവരെ എല്‍ ടി ടി ഇയെ സഹായിക്കുന്നത് ദേശവിരുദ്ധ പ്രവര്‍ത്തിയായി കണക്കാക്കിയില്ല എന്നതാണ്. എന്നു മാത്രമല്ല അതിനെ ന്യായീകരിക്കുകയും ചെയ്തിരുന്നു. ഇന്ത്യ ആയുധങ്ങള്‍ കൊടുത്തത് സ്വയംപ്രതിരോധത്തിനാണെന്നായിരുന്നു കമ്മീഷന്റെ വിശദീകരണം. സ്വയംപ്രതിരോധത്തിനാണെങ്കില്‍ പരിചകളാണ് മിസൈലുകളല്ല വേണ്ടതെന്നായിരുന്നു ഇതിനെക്കുറിച്ചുള്ള കരുണാനിധിയുടെ കമന്റ്. ചുരുക്കിപ്പറഞ്ഞാല്‍  ഇന്ത്യ ശീതയുദ്ധകാലം മുതല്‍ തന്നെ ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തില്‍ ഇടപെട്ടിരുന്നുവെന്ന കാര്യം സര്‍ക്കാര്‍ രേഖകളും സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ തന്നെയും സമ്മതിച്ചു തരുന്നുണ്ട്. ഇപ്പോള്‍ ആ ചരിത്രത്തിലേക്കാണ് ഗോഡഭയ രാജപക്‌സെ വിരല്‍ ചൂണ്ടുന്നത്.

ഒപ്പം ഹര്‍ദീപിന്റെ ലേഖനത്തോടുള്ള കൊളംബോയുടെ വിമര്‍ശനങ്ങളും അതിനോടുള്ള ചൈനയുടെ പ്രതികരണവും അന്താരാഷ്ട്രതലത്തില്‍ ഏഷ്യ കേന്ദ്രീകരിച്ചു നടന്നുകൊണ്ടിരിക്കുന്ന മറ്റൊരു ബലതന്ത്രത്തിന്റെ സൂചനയാണ്. ശീതയുദ്ധകാലത്തു നിന്ന് വ്യത്യസ്തമായി ഇന്ത്യയുടെയും ശ്രീലങ്കയുടെയും മുന്‍ഗണനകള്‍ തലകീഴായി മറിഞ്ഞു കഴിഞ്ഞു. അക്കാലത്ത് അമേരിക്കന്‍ പക്ഷത്തു നിലയുറപ്പിച്ചിരുന്ന ശ്രീലങ്ക ഇപ്പോള്‍ റഷ്യന്‍-ചൈനീസ് പക്ഷത്താണ്. ഇന്ത്യയാകട്ടെ തങ്ങളുടെ ചേരിചേരാനയത്തിന്റെ എല്ലാ നാട്യങ്ങളും അഴിച്ചുവെച്ച്  അമേരിക്കയുടെ സൈനികപങ്കാളി പോലുമാണ്. രാഷ്ട്രങ്ങളെ കേന്ദ്രീകരിച്ചുള്ള യു എന്‍ പ്രമേയാവതരണങ്ങളില്‍ പങ്കെടുക്കില്ലെന്ന ചേരിചേരാരാജ്യങ്ങളുടെ മുന്‍നിലപാടുകളെ കാറ്റില്‍ പറത്തിയാണ് ഇന്ത്യ 2012ലെ ശ്രീലങ്കയക്കെതിരെയുള്ള  പ്രമേയത്തിന് അനുകൂല വോട്ട് നല്‍കിയത്. കഴിഞ്ഞ മാര്‍ച്ചില്‍ ജനീവയിലും ഇതാവര്‍ത്തിക്കുകയുണ്ടായി.
യുഎന്‍ പ്രമേയത്തിന്മേലുണ്ടായ കൊളംബോയുടെ തോല്‍വി പോലും ഏഷ്യയിലെ അവരുടെ വിജയമാണെന്നാണ് ഒരു പ്രമുഖ അമേരിക്കന്‍ പത്രം എഴുതിയത്. റഷ്യയെയോ ചൈനയേയോ പോയിട്ട് ഏഷ്യയിലെ തങ്ങളുടെ അയല്‍രാജ്യങ്ങളെപ്പോലും കൂടെ നിര്‍ത്താന്‍ ഇന്ത്യക്കായില്ലെന്നായിരുന്നു പത്രത്തിന്റെ വാദം. ഒരര്‍ത്ഥത്തില്‍ ഹര്‍ദീപ്പുരിയുടെ ലേഖനത്തോടുള്ള കൊളംബോയുടെ ചടുലമായ പ്രതികരണം റഷ്യന്‍- ചൈനീസ് നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഈ ലോബിയിങ്ങിന്റെ ഭാഗമായി വേണം കണക്കാക്കാന്‍. ഏഷ്യ ഒരിക്കല്‍ക്കൂടി വന്‍ശക്തിപോരാട്ടങ്ങളുടെ ഭൂമികയായി മാറാന്‍ തുടങ്ങുകയാണെന്നതാണ് ഇതിന്റെ മറ്റൊരര്‍ത്ഥം. ഇത്തവണ ശത്രുക്കളും മിത്രങ്ങളും പരസ്പരം സ്ഥാനം മാറിയിരിക്കുന്നു എന്നതുമാത്രമാണ് ഏക വ്യത്യാസം.

Thursday, January 3, 2013

ഫാസിസത്തിലേക്കു തുറക്കുന്ന വഴികള്‍




ഡല്‍ഹിയില്‍ പോലിസ് പ്രദര്‍ശിപ്പിച്ച ഒരു ചിത്രം
ഫോട്ടോ :സന്തോഷ് മടിക്കൈ

പ്രതിസന്ധി ഒരു മോശം കാര്യമല്ല. വിപ്ലവകരമായ പ്രതിസന്ധി സാമൂഹ്യസൃഷ്ടിയില്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് മാക്‌സ് എഴുതിയിട്ടുണ്ട്. പക്ഷേ രാഷ്ട്രതന്ത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പ്രതിസന്ധി ഒരു നിരപേക്ഷമായ പദമായാണ് അവതരിപ്പിക്കപ്പെടാറുള്ളത്. പ്രതിസന്ധി ഭരണകൂടത്തിന്റെതാണെങ്കില്‍ അത് കൂടുതല്‍ നിരപേക്ഷമായി അനുഭവപ്പെടും. ആഭ്യന്തരപ്രതിസന്ധി അനുഭവിക്കുന്ന ഭരണകൂടങ്ങള്‍ അതിര്‍ത്തികളിലേക്ക് തങ്ങളുടെ തോക്കുകള്‍ തിരിച്ചുവെച്ചുകൊണ്ടും അത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്നത് ഒരു രഹസ്യമല്ല. സമാധാനകാലത്ത് ആലോചിക്കാന്‍ പോലുമാവാത്ത നടപടികള്‍ കൈകൊള്ളാന്‍ അത് ഭരണകൂടങ്ങളെ സഹായിക്കുകയും ചെയ്യും.

ചിലപ്പോഴെങ്കിലും പൗരസമൂഹത്തിന്റെ ഇടപെടല്‍ ഭരണകൂടത്തെ വ്യാജമായ പ്രതിസന്ധികളിലേക്ക് തള്ളി വിടാറുണ്ട്. ലോകമാസകലം പൊട്ടിപ്പുറപ്പെട്ട സാര്‍സ് രോഗവും അതുണ്ടാക്കിയ ഭീതിയും ചൈനയില്‍ മനുഷ്യാവകാശലംഘനങ്ങള്‍ക്ക് കാരണമായതെങ്ങിനെ എന്നതിനെക്കുറിച്ച് ചില പഠനങ്ങള്‍ നടന്നിരുന്നു. രോഗം പൗരസമൂഹത്തിലുണ്ടാക്കിയ ഭീതിയും പ്രതിരോധനടപടികള്‍ക്കു വേണ്ടിയുള്ള മുറവിളികളും ഉപയോഗപ്പെടുത്തിക്കൊണ്ട് വ്യക്തിയുടെ സ്വകാര്യതകളിലേക്ക്  ഭരണകൂടം കടന്നുകയറുകയായിരുന്നു.  ഏതു മനുഷ്യനെയും വിവേചനരഹിതമായ നിരീക്ഷണങ്ങള്‍ക്കു വിധേയമാക്കാന്‍ അത് ചൈനീസ് സര്‍ക്കാരിനെ സഹായിച്ചു. വീടുകളില്‍, സ്വകാര്യ ഇടങ്ങളില്‍, ലോഡ്ജുകളില്‍, വിനോദകേന്ദ്രങ്ങളില്‍ എന്നുവേണ്ട എവിടേയും ക്ഷണിക്കപ്പെടാത്ത അതിഥികളായി സര്‍ക്കാര്‍ നിരീക്ഷകര്‍ ഇരച്ചു കയറി. ദില്ലിയില്‍ ഒരു പെണ്‍കുട്ടി ബലാല്‍സംഘം ചെയ്യപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ പൗരസമൂഹത്തിന്റെ രോഷവും തുടര്‍ന്നുണ്ടായ പ്രതിരോധങ്ങളും സമാനമായ സാഹചര്യത്തിലേക്ക് നമ്മുടെ രാജ്യത്തേയും നയിക്കാനിടയുണ്ടെന്ന തോന്നലില്‍ നിന്നാണ് ഇക്കാര്യം സൂചിപ്പിച്ചത്. 

ബലാല്‍സംഘവാര്‍ത്ത പുറത്തുവന്നതിനു ശേഷം വധശിക്ഷയുമായി ബന്ധപ്പെട്ട ആദ്യ വെടി പൊട്ടിച്ചത് സുഷമാ സ്വരാജ് ആണ്. ബലാല്‍സംഘികളെ വധശിക്ഷയ്ക്കു വിധേയമാക്കണമെന്ന്  പ്രതിപക്ഷനേതാവുകൂയിയായ അവര്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയുടെ ക്രമസമാധാനച്ചുമതലയുള്ള കേന്ദ്രആഭ്യന്തരവകുപ്പിന്റെ പരാജയമാണിതെന്നും മാനഭംഗക്കേസുകളിലെ പ്രതികള്‍ക്കു വധശിക്ഷ ഉറപ്പുവരുത്തുന്ന തരത്തില്‍ നിയമഭേദഗതി കൊണ്ടുവരണമെന്നും വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നു. പ്രശ്‌നം ചര്‍ച്ചചെയ്യപ്പെട്ട ആദ്യ നാളുകളില്‍ തന്നെ  വധശിക്ഷയുടെ കാര്യത്തില്‍ വലിയ ആശയഐക്യമാണ് ഉണ്ടായത്. വധശിക്ഷ സംബന്ധിച്ച ചര്‍ച്ചയാണോ നടക്കുന്നതെന്നു പോലും സംശയമുണ്ടാകാവുന്ന തരത്തിലായിരുന്നു കാര്യങ്ങളുടെ പോക്ക്. ചാനല്‍ചര്‍ച്ചകളില്‍ സാമൂഹ്യപ്രതിബദ്ധരായ രാഷ്ട്രീയ-പത്രപ്രവര്‍ത്തകരെ  തിരിച്ചറിയാനുള്ള മാര്‍ഗം പോലും വധശിക്ഷയുമായി ബന്ധപ്പെട്ട അവരുടെ  നിലപാടുകളാണെന്നു തോന്നിച്ചു. മറിച്ചൊരു അഭിപ്രായം പറയാന്‍ ആരും ധൈര്യപ്പെട്ടില്ല. അരുന്ധതി റോയിയെപ്പോലെ ചിലര്‍ അതിനു മുതിര്‍ന്നെങ്കിലും അധികം വൈകാതെ അതിന്റെ ഫലം അനുഭവിച്ചു. കാശ്മീര്‍ പ്രശ്‌നത്തില്‍ അവരുടെ നിലപാടുകള്‍ സൃഷ്ടിച്ചതിനേക്കാള്‍ കടുത്ത പ്രതികരണങ്ങളാണ് ഇതുണ്ടാക്കിയത്. സൈബര്‍ ഇടങ്ങളില്‍ അരുന്ധതി വ്യാപകമായി വിമര്‍ശിക്കപ്പെടുകയോ പരിഹസിക്കുകയോ ചെയ്തു. വലതുകൈയില്‍ രക്തം കുടിക്കുന്ന അരുന്ധതിയെ വരച്ചുകൊണ്ടാണ് ഒരു മലയാളി കാര്‍ട്ടൂണിസ്റ്റ് ഇതിനോട് പ്രതികരിച്ചത്. വധശിക്ഷയ്ക്കു വേണ്ടി വാദിക്കാത്തവര്‍ ബലാല്‍സംഘത്തെ ന്യയീകരിക്കുന്നവരാണെന്നതില്‍ ആര്‍ക്കും സംശയമില്ലായിരുന്നു.

photo: Aneeb p
പെണ്‍കുട്ടി ആശുപത്രിയില്‍ ജീവനുവേണ്ടി പൊരുതിക്കൊണ്ടിരിക്കുമ്പോള്‍ ഡല്‍ഹി പ്രതിഷേധത്തില്‍ തിളച്ചുമറിഞ്ഞു. സ്ത്രീസംഘടനകള്‍, വിദ്യാര്‍ത്ഥികള്‍, കമ്യൂണിസ്റ്റുകള്‍, കലാകാരന്മാര്‍ അങ്ങനെ ആരും ഒഴിഞ്ഞുനിന്നില്ല. ഡല്‍ഹിയില്‍ മാത്രമായി അത് ഒതുങ്ങുകയും ചെയ്തില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അത് കാട്ടുതീ പോലെ പടര്‍ന്നു.

വധശിക്ഷ അടക്കമുള്ള  കഠിനശിക്ഷകള്‍ക്കു വേണ്ടിയുള്ള മുറവിളിയായിരുന്നു ഇത്തവണത്തെ ഡല്‍ഹി പ്രസ്ഥാനത്തിന്റെ ഹൈലൈറ്റ്. വധശിക്ഷ ആവശ്യപ്പെടുന്ന മുദ്രാവാക്യങ്ങളും തൂക്കുകയറും ആലേഖനം ചെയ്ത ടീഷര്‍ട്ടുകള്‍, പ്ലക്കാര്‍ഡുകള്‍ എന്നിവ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. കബന്ധങ്ങള്‍ക്കൊണ്ടുണ്ടാക്കിയ ഇന്ത്യയും പരസ്യമായ തൂക്കിക്കൊലയും ചിത്രീകരിച്ച പെയ്ന്റിങ്ങുകള്‍ പ്രതിഷേധക്കാരുടെ മാനസികഘടന വെളിപ്പെടുത്താന്‍ പര്യാപ്തമായിരുന്നു. കൂട്ടത്തില്‍ ബലാല്‍സംഘിയെ കൊല്ലണമെന്നാവശ്യപ്പെടുന്ന മദ്രാവാക്യങ്ങളെഴുതിയ ഗാന്ധിത്തൊപ്പികളുമായി കൂട്ടികളും!

തികച്ചും ഏകാത്മക സ്വഭാവത്തോടെയുള്ള ഒരു ജനക്കൂട്ടമായിരുന്നു അതെന്ന് വിലയിരുത്തുന്നത് ശരിയായിരിക്കില്ല. ബലാല്‍സംഘത്തെയും ഭരണകൂട ഇടപെടലിനെയും വ്യത്യസ്തമായ അര്‍ത്ഥത്തില്‍ നോക്കിക്കാണുന്ന ചിലരെങ്കിലും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ ഞങ്ങളൂടെ സുരക്ഷയ്ക്കായി പ്രത്യേക മുന്‍കരുതലുകള്‍ എടുക്കില്ലെന്നും എന്തു വസ്ത്രം എങ്ങനെ ധരിക്കണമെന്ന്  ഞങ്ങളെ ആരും ഉപദേശിക്കേണ്ടതില്ലെന്നും ശക്തമായി പ്രതികരിച്ച കവിതാ കൃഷ്ണനെപ്പോലുള്ള രാഷ്ട്രീയപ്രവര്‍ത്തകരും ആ കൂട്ടത്തില്‍ അണിനിരന്നു. എന്നാല്‍ അവര്‍ക്കൊരിക്കലും ജനക്കൂട്ടത്തിന്റെ മനസ്സ് പിടിച്ചെടുക്കാനായില്ലെന്നതും കാര്യങ്ങളുടെ ഭാവി തീരുമാനിക്കുന്നതില്‍ ഒരു പങ്കുമുണ്ടായിരുന്നില്ല എന്നതുമാണ് പ്രധാനം.

രാജ്യത്തിന്റെ നിയമവ്യവസ്ഥയാണ് പ്രക്ഷോഭകാരികളുടെ ആക്രമണത്തിന് ഏറ്റവും കൂടുതല്‍ വിധേയമായത്. ഇന്ത്യന്‍ ശിക്ഷാവിധികളുടെ 'കാഠിന്യമില്ലായ്മ' യാണ് കൂടുതല്‍ വിമര്‍ശിക്കപ്പെട്ടത്. വ്യവസ്ഥാപിതമായ നീതിന്യായ-ഭരണനിര്‍വഹണരീതിയായിരുന്നു മറ്റൊരു എതിര്‍പ്പിന്റെ കേന്ദ്രം. വധശിക്ഷയെ എതിര്‍ത്തു സംസാരിച്ച  ഒരു ലേഡിഡോക്ടര്‍ ബലാല്‍സംഘികളെ കൈയും കാലും വെട്ടിയരിഞ്ഞ് ജീവിക്കാന്‍ വിടണമെന്നാണ് ആവശ്യപ്പെട്ടത്. ഇന്ത്യയൊട്ടാകെ പ്രക്ഷേപണം ചെയ്യപ്പെട്ട ഇത്തരം അഭിപ്രായങ്ങള്‍ക്ക് ധാരാളം അനുയായികളെയും ലഭിച്ചു. ബലാല്‍സംഘം നടന്ന ഉടനെ ശിക്ഷയും നടപ്പാക്കണമെന്നതായിരുന്നു മറ്റൊരാവശ്യം. ജനങ്ങളുടെ പ്രതികരണങ്ങളെ ന്യായീകരിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പോലും കുറ്റവാളികളെ തെരുവില്‍ ശിക്ഷിക്കണമെന്നുപോലുള്ള പ്രക്ഷോഭകരുടെ ആവശ്യത്തെ 'അപകടകരം' എന്ന് വിശേഷിപ്പിച്ചു. സര്‍ക്കാര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് അന്നാ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന മി്ക്കവാറും ആവശ്യങ്ങള്‍ ഇവിടെയും ആവര്‍ത്തിക്കപ്പെട്ടു. ആ അര്‍ത്ഥത്തില്‍ ഇതിനെ രണ്ടാം അന്നാ പ്രസ്ഥാനമെന്ന് വിളിച്ചാല്‍ തെറ്റായിരിക്കില്ല. 


photo: Aneeb p
ഡല്‍ഹി സംഭവങ്ങള്‍ നടക്കുന്നതിനിടയില്‍ പോലിസിന്റെ ഭാഗത്തുനിന്നും ചില അപകടകരമായ പ്രതികരണങ്ങള്‍ ഉണ്ടായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഡര്‍ഹിയില്‍ കുടിയേറിയവരെക്കുറിച്ചുള്ള ഭീതി നിറഞ്ഞുനിന്ന ആ പ്രതികരണങ്ങള്‍ പക്ഷേ, പ്രതിഷേധങ്ങളൊന്നുമുണ്ടാക്കാതെ വായുവിലലിഞ്ഞു ചേര്‍ന്നു. 
പെണ്‍കുട്ടിയുടെ മരണശേഷം നടന്ന ഫെയ്‌സ്ബുക്ക് ചര്‍ച്ച.യില്‍ ഒരു സ്ത്രീ എഴുതി: 'ദേവി നീ പുനരവതരിക്കൂ.. നിന്നെ ഞങ്ങള്‍ക്കാവശ്യമുണ്ട്. കാളയെപ്പോലെ കാമവികാരം മൂത്ത് ഉഴറി നടക്കുന്ന മഹിഷാസുരന്മാരുടെ ചോരയില്‍ മുങ്ങിനിവരാന്‍ സമയമായി''.  വയലന്‍സിന്റെയും ചോരയുടെയും മരണത്തിന്റെയും അധികാരത്തിന്റെയും ഗന്ധമായിരുന്നു എങ്ങും. ബലാല്‍സംഘത്തിനും കൊലപാതകത്തിനു പകരം രക്തമാവശ്യപ്പെട്ട പ്രക്ഷോഭകരില്‍ ഒരാള്‍ പോലും പക്ഷേ, ഇന്ത്യയിലെ ഭരണസംവിധാനങ്ങളും ജാതിമേധാവികളും കൊന്നു തള്ളിയ സ്ത്രീജീവിതങ്ങളെക്കുറിച്ച് പറയാന്‍ ഇഷ്ടപ്പെട്ടില്ല.


സ്ത്രീകളുടെ സുരക്ഷയെ സംബന്ധിച്ച ചര്‍ച്ചകള്‍ കൂടുതല്‍ ഭരണകൂട നിരീക്ഷണത്തിനുവേണ്ടിയുള്ള ആവശ്യമായാണ് പരിണമിച്ചത്. ഡര്‍ഹി പ്രതിഷേധപ്രസ്ഥാനത്തിന്റെ മീഡിയാ പാട്ണറായിരുന്ന സിഎന്‍എന്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളിലൊന്ന് പൊതുവാഹനങ്ങളിലുള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളിലെ സിസിടിവി നിരീക്ഷണമായിരുന്നു. സര്‍ക്കാരിനെ ബലാല്‍സംഘത്തിന്റെ പേരില്‍ പ്രതിക്കൂട്ടിലാക്കിയ അതേ ജനക്കൂട്ടം സര്‍ക്കാരിനെ ഏക രക്ഷകനായും അവതരിപ്പിച്ചു. പൗരന്മാരുടെ മുകളിലെ വമ്പിച്ച ഭരണകൂടത്തിന്റെ നിയന്ത്രണങ്ങള്‍ കുറ്റകൃത്യങ്ങളെ ഇല്ലാതാക്കുമെന്ന് പ്രക്ഷോഭകര്‍ കരുതിയെന്നു തോന്നുന്നു. ഇനി അവര്‍ അങ്ങനെ കരുതിയിരുന്നില്ലെങ്കില്‍ തന്നെ സര്‍ക്കാര്‍ അങ്ങനെ മനസ്സിലാക്കാനാണ് ഇഷ്ടപ്പെട്ടത്.

photo: Aneeb p
കൂടുതല്‍ നിരീക്ഷണവും രാസ-വരിയുടക്കലും വധശിക്ഷയും കൂട്ടത്തില്‍ വധശിക്ഷയ്ക്കു വിധേയമാക്കുന്നതിനുള്ള പ്രായം കുറക്കുന്നതടക്കമുള്ള നിയമനിര്‍മ്മാണങ്ങള്‍ നടത്തുന്നതിനുള്ള അവകാശം സര്‍ക്കാര്‍ ഒറ്റകുതിപ്പില്‍ നേടിയെടുത്തു. കൂടുതല്‍ നിയമങ്ങള്‍ക്കും കടുത്ത വ്യവസ്ഥകള്‍ക്കുവേണ്ടിയുള്ള സര്‍ക്കാരിന്റെ ആവശ്യവും ജനങ്ങളുടെ ആവശ്യവും ഒന്നാകുന്ന നിര്‍ണ്ണായകമായ ഘട്ടമായിരുന്നു അത്. ജനങ്ങള്‍ തങ്ങളെ ഒരു പ്രതിസന്ധിയിലേക്ക് വലിച്ചിഴക്കുകയാണെന്ന് ഭാവിച്ച സര്‍ക്കാര്‍ ഭംഗിയായി തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റി. കാറ്റ് അനുകൂലമാണെങ്കില്‍ ജനങ്ങള്‍ക്ക് 'മതിയായ സുരക്ഷ' നല്‍കുന്നതിനുള്ള നിരവധി നിയമനിര്‍മാണങ്ങള്‍ ജനങ്ങളുടെ പൂര്‍ണസമ്മതിയോടെ നടപ്പാക്കിയേക്കും. കൂടുതല്‍ കഠിനനിയമങ്ങള്‍ക്കുള്ള തീരുമാനം കോണ്‍ഗ്രസ് ഉന്നതാധികാര സമിതി എടുത്തുകഴിഞ്ഞു.  ഇന്ത്യയുടെ ഭരണവ്യവസ്ഥയുടെ ഭാവി  സ്വഭാവത്തെത്തന്നെ  നിര്‍ണയിക്കുന്നതില്‍ ഡല്‍ഹി പ്രക്ഷോഭം എന്തുപങ്കുവഹിക്കുമെന്നാണ് ഇനി കാത്തിരുന്നു കാണാനുള്ളത്. 

(തേജസ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്‌)