Tuesday, December 23, 2014

ഭീകരരും പത്രങ്ങളും

പത്രഭാഷ സംവാദം തുടര്‍ച്ച


എന്തിനെയും സംവാദങ്ങളായി വികസിപ്പിക്കുന്നതിലാണ് കാര്യം എന്ന് സ്വയം വിശ്വസിപ്പിക്കുകയും വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍. ചര്‍ച്ചകളില്‍ പരിഹാസങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കും മാത്രം ഇടം നടല്‍കുന്ന ഒരു രീതി എന്തുകൊണ്ടോ ഫെയ്‌സ്ബുക്ക് ചര്‍്ച്ചകളില്‍ നിന്ന് ഓടി ഒളിക്കാന്‍ എന്നെപ്പോലെയുള്ള ദുര്‍ബലരായ മനുഷ്യരെ പ്രേരിപ്പിക്കുന്നു. അതുകൊണ്ടാണ് തേജസിനെക്കുറിച്ചുള്ള ഫേസ്ബുക്ക് ചര്‍ച്ചയില്‍ നിന്ന് തുടക്കത്തില്‍ ഒഴിഞ്ഞുനിന്നത്. ചര്‍ച്ച കടന്നുപോയോ എന്നു തോന്നിയപ്പോഴാണ് ഇടപെടാന്‍ ശ്രമിച്ചതും.

ആരാണ് ഭീകരന്‍. ഒരു പൊതുപ്രയോഗമെന്ന നിലയില്‍ ഭീകരന്‍, ഭീകരത എന്ന വാക്കുകള്‍ മലയാളത്തില്‍ എത്രയോ കാലമായി ഉപയോഗിക്കുന്നതാണ്. അത് പൊതു അര്‍ഥത്തില്‍ ഉപയോഗിക്കുന്നതിലും തെറ്റൊന്നുമില്ല. രാഷ്ട്രീയ അര്‍ഥത്തില്‍ ഈ വാക്ക്് പൊതുവ്യവഹാരങ്ങളിലേക്ക് കടന്നുവരും മുമ്പ് രാഷ്ട്രത്തിനെതിരെ കടന്നാക്രമണം നടത്തുന്നവരെ അനാര്‍ക്കിസ്റ്റുകള്‍ എന്നാണ് 18-19നൂറ്റാണ്ടുകളില്‍ വിളിച്ചിരുന്നത്. എങ്കിലും ഭീകരതയെന്ന രാഷ്ട്രീയപ്രയോഗത്തിന് ഫ്രഞ്ച് വിപ്ലവത്തോളം പഴക്കമുണ്ട്.

ഇതൊക്കെയാണെങ്കിലും ഭീകരന്‍ എന്ന വാക്ക് പത്രങ്ങളിലേക്ക് കടന്നുവരുന്നതിനെക്കുറിച്ചാണ് നമ്മുടെ ചര്‍ച്ച ഒതുക്കി നിര്‍ത്തുന്നത്. ഏതെങ്കിലും ഒരു വിഭാഗത്തെ നാം ഭീകരന്‍ എന്ന് പത്രത്തില്‍ വിശേഷിപ്പിക്കുന്നത് ശരിയാണോ?  സത്യത്തില്‍ പത്രത്തില്‍ ഉപയോഗിക്കുക എന്ന് മാത്രം പറഞ്ഞാല്‍ ആ ചോദ്യം അവ്യക്തമായിരിക്കും. പത്രത്തില്‍ പല തരം കണ്ടന്റുകള്‍ നാം ചേര്‍ക്കാറുണ്ട്. എഡിറ്റോറിയല്‍, ഫീ്ച്ചറുകള്‍, ലേഖനങ്ങള്‍, കത്തുകള്‍, ഓപ്- എഡ് പീസുകള്‍, പരസ്യങ്ങള്‍, പുതിയ കാലത്ത് അഡ്വറ്റോറിയലുകള്‍(!). എഡിറ്റോറിയല്‍ പേജിന് നേരെ എതിരെ വരുന്ന പേജ് (ഓപ്-എഡ്) കടന്നുവരുന്നതു തന്നെ ചില് പ്രത്യേകസാഹചര്യത്തിലാണ്. എഡിറ്റോറിയല്‍ ബോര്‍ഡിന് യോജിപ്പില്ലാത്ത കാര്യങ്ങള്‍ എഴുതാനുള്ള ഒരു സ്ഥലമായി ഓപ്- എഡ് രൂപം മാറുന്നത് 1970 കളിലാണ്(ആ സംവിധാനം 20കളില്‍ ആരംഭിക്കുന്നുണ്ടെങ്കിലും).  ഈ ഓരോ സ്ഥലത്തും ഉപയോഗിക്കുന്ന ഭാഷ വ്യത്യസ്തമായിരിക്കും. എഡിറ്റോറിയലുകളിലും ലേഖനങ്ങളിലും കത്തുകളിലും ഉപയോഗിക്കുന്ന വാക്കുകള്‍ പത്രഭാഷയുടെ ഗണത്തില്‍ വരില്ല. അവിടെ എഴുത്തുകാരന്‍ തനിക്ക് ഉചിതമെന്നു തോന്നുന്ന ഏതു വാക്കും ഉപയോഗിക്കുന്നു. എഡിറ്റര്‍ക്കു അത് 'ശരി'യാണെന്നു തോന്നുന്നെങ്കില്‍ അതിനയാളെ അനുവദിക്കുകയും ചെയ്യുന്നു. ഇതിലൊക്കെ പ്രധാനം വാര്‍ത്തയില്‍ ഉപയോഗിക്കുന്ന വാക്കുകളാണ്. അതിനെയാണ് നാം പത്രഭാഷ എന്ന് പറയുന്നത്. വാര്‍ത്തകളില്‍ ഉപയോഗിക്കുന്ന പദങ്ങളാണ് നമ്മുടെ സംവാദത്തിന്റെ കേന്ദ്രബിന്ദു.

ഭീകരന്‍ എന്ന വാക്ക് ഒരു രാഷ്ട്രീയ പദപ്രയോഗമാണ്.  അതില്‍ ന്യൂസ് അല്ല വ്യൂസ് ആണ് ഉള്ളത്. ഈ വാക്ക് എതിരാളികള്‍ പരസ്പരം വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്നു. വെള്ള ഭീകതയ്‌ക്കെതിരെ ചുവപ്പു ഭീകരത എന്ന ഒരു രാഷ്ട്രീയപ്രയോഗം തന്നെ ഒരു കാലത്ത് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ആക്രമണങ്ങളെ കമ്യൂണിസ്റ്റുകള്‍ വെള്ള ഭീകരത എന്നാണ് വിളിച്ചിരുന്നത്. ഒരാളെ കുറിക്കാന്‍ നാം ഭീകരന്‍ എന്ന വാക്ക് പത്രത്തില്‍ ഉപയോഗിക്കുകയാണെങ്കില്‍ നാം നമ്മുടെ കാഴ്ചപ്പാട് വായനക്കാരില്‍ അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്. പത്രക്കാരന്‍ മൂന്നാം കക്ഷിയാണെന്നാണ് വെപ്പ്. അയാള്‍ മാറി നിന്ന് കഥ പറയേണ്ടവനാണ്. കഥയില്‍ അവന് പ്രത്യേകിച്ച് റോളൊന്നുമില്ല. പക്ഷേ, നാം പലപ്പോഴും നമ്മുടെ റോള്‍ മറക്കുകയും കഥയുടെ ഭാഗമാകുകയും ചെയ്യും. അതോടെ വാര്‍ത്തകളില്‍ ഇത്തരം വാക്കുകള്‍ ഇടം പിടിക്കുന്നു. എന്നാല്‍ ഇ്ത്തരം വാക്കുകള്‍ എഡിറ്റോറിയലുകളിലും ലേഖനങ്ങളിലും ഓപ് എഡുകളിലും ഇടം പിടിച്ചേക്കാം അത് എഴുത്തുകാരന്റെ ഔചിത്യവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. പിന്നെ ലേഖനങ്ങളും എഡിറ്റോറിയലുകളും വായനക്കാരന്‍ വായിക്കുന്നതുതന്നെ ഒരു അഭിപ്രായം എന്ന നിലയിലായിരിക്കുമല്ലോ.

ഭീകരന്‍ എന്ന വാക്ക് ഉപയോഗിക്കുന്നില്ലെങ്കില്‍ പിന്നെ എന്തുപയോഗിക്കും? അപ്പോള്‍ പത്രങ്ങള്‍ ചില പോളിസി ഡിസിഷന്‍ എടുക്കും. അതാണ് അവരുടെ ഭാഷാനയം. ഈ നയം എല്ലാ പത്രങ്ങള്‍ക്കുമുണ്ട്. തേജസിനും മാതൃഭൂമിക്കും മനോരമയ്ക്കും അതുണ്ട്. പൊതുബോധവുമായി ചേര്‍ന്നു നില്‍ക്കുന്ന പത്രങ്ങളുടെ പ്രയോഗങ്ങളോട് നമുക്ക് വലിയ വിയോജിപ്പുതോന്നില്ല. കാരണം അത് നമ്മുടെ കൂടെ അഭിപ്രായമാണല്ലോ. എന്നാല്‍ നമ്മെ ബാധിക്കുന്ന ഒരു വിഷയത്തില്‍ വരുമ്പോഴാണ് പ്രയോഗങ്ങളുടെ പ്രശ്‌നത്തെക്കുറിച്ച് നാം ജാഗരൂഗരാവുന്നത്. ജാനുവിനെയും ഗീതാനന്ദനെയും മുത്തങ്ങ സമരകാലത്ത് വയനാട്ടിലെ ചില രാഷ്ട്രീയസംഘടനകള്‍ പിടിച്ചു കൊടുത്തപ്പോള്‍ ചില പത്രങ്ങള്‍ എഴുതിയത് നാട്ടുകാര്‍ പിടിച്ചുകൊടുത്തു എന്നായിരുന്നല്ലോ. ആ പ്രത്യേകപാര്‍ട്ടിയുടെ പേര് പറയുന്നതിനേക്കാള്‍ ആ പത്രത്തിന് സൗകര്യം അക്കാര്യം മൊത്തം നാ്ട്ടുകാരുടെ അഭിപ്രായമാണെന്ന വരുത്തിത്തീര്‍ക്കുന്നതിലായിരുന്നു. പക്ഷേ, ആ പ്രത്യേക പാര്‍ട്ടിക്കാര്‍ പിടിച്ചു കൊടുത്തു എന്നായിരിക്കും ജാനുവിന്റെ വീക്ഷണം.

ഭീകരരിലേക്ക് തിരികെ വരാം. പരമാവധി വീക്ഷണങ്ങള്‍ ഒഴിവാക്കി വാര്‍ത്ത എങ്ങനെ അവതരിപ്പിക്കാം എന്നത് തേജസിനെപ്പോലെ 'പൊതുസമൂഹ'ത്തിന്റെ വീക്ഷണങ്ങളോട് കലഹിക്കുന്ന പത്രങ്ങള്‍ക്ക് ഇതൊരു കീറാമുട്ടി തന്നെയാണ്. വ്യാപകമായ തെറ്റിദ്ധാരണകളും ആശയക്കുഴപ്പങ്ങളും ഇക്കാര്യത്തില്‍ ഉണ്ടാവാറുണ്ട്. വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയ പല ലിങ്കുകളും (വിമര്‍ശകരുടെ മാത്രമല്ല, ആ വാര്‍ത്ത ഫ്രയിം ചെയ്തവരുടെയും)ഇത്തരം തെറ്റിദ്ധാരണയുടെ ഫലമാണെന്ന് വ്യക്തമാക്കട്ടെ.

കുറച്ചു നാള്‍ മുമ്പ് എനിക്ക് ലഭിച്ച ഒരു മെയിലില്‍ നിന്ന് പത്രത്തിന്റെ ജനറല്‍ പോളിസിയെക്കുറിച്ച് ഞാന്‍ ഉദ്ധരിക്കാം: ഇന്ത്യയില്‍ സൈന്യത്തിനെതിരെയോ ജനങ്ങളെയോ ആക്രമിക്കുന്നവരെ പോരാളികള്‍ എന്നല്ല വിളിക്കുന്നത്. അവരെ ഭീകരരെന്നുമല്ല വിളിക്കുക. പകരം അവര്‍ ഏതു സംഘടനകളില്‍ പെട്ടവരാണോ ആ സംഘടനയുടെ പ്രവര്‍ത്തകരെന്നാണ് വിശേഷിപ്പിക്കുന്നത്. ഹിസ്ബുള്‍ മുജാഹിദിന്‍ പ്രവര്‍ത്തകര്‍, അഭിനവ് ഭാരത് പ്രവര്‍ത്തകര്‍, ആര്‍എസ്എസ് പ്രവര്‍ത്തകര്‍, ഹിന്ദുത്വ പ്രവര്‍ത്തകര്‍, മാവോവാദികള്‍, ഉള്‍ഫാ പ്രവര്‍ത്തകര്‍ എന്നിങ്ങനെ. ആക്രമിച്ചവര്‍ ആരാണെന്ന് വ്യക്തമല്ലെങ്കില്‍ അക്രമികളെന്നു വിശേഷിപ്പിക്കും. മിലിറ്റന്റ്‌സ്, ആയുധധാരികള്‍ എന്നും വിശേഷിപ്പിക്കും. സൈന്യവും പോലിസും ജനങ്ങളെ ആക്രമിച്ച എത്രയോ സംഭവങ്ങളുണ്ടായിട്ടുണ്ട്. അപ്പോഴും പോലിസ് ഭീകരന്‍ എന്നല്ല പോലിസ് സംഘം, ബിഎസ്എഫ് സംഘം, സാല്‍വാജൂഡം സംഘം എന്നിങ്ങനെ വിശേഷിപ്പിക്കും. അവിടെയൊന്നും നമ്മുടെ കാഴ്ചപ്പാട് വരുന്നില്ല. പകരം വസ്തുനിഷ്ഠമായി ആ സംഭവം വിവരിക്കുകയാണ് ചെയ്യുന്നത്.

ഇനി വിദേശരാജ്യങ്ങളിലാണെങ്കിലോ അവിടെയും ജങ്ങള്‍ക്കെതിരെയും പള്ളികളിലും മറ്റും സ്‌ഫോടനം നടത്തിയാല്‍ ഭീകരരെന്നല്ല ഉപയോഗിക്കുന്നത്. പ്രവര്‍ത്തകരെന്നു തന്നെയാണ്. അധിനിവേശ സൈന്യ്ത്തിനെതിരെ (ഉദാഹരണം അമേരിക്കന്‍ അധിനിവേശസൈന്യം, ബഹുരാഷ്ട്രസൈന്യം) ആക്രമണം നടത്തുമ്പോഴാണ് പോരാളികളെന്ന് പ്രായോഗിക്കുന്നത്. അങ്ങനെയാണ് തേജസ് തുടങ്ങിയ പത്രങ്ങളില്‍ താലിബാന്‍ പോരാളികള്‍, ഹമാസ് പോരാളികള്‍ എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ വരുന്നത്. സത്യത്തില്‍ ഇവിടെ ന്യൂസിന് പകരം വീക്ഷണമാണ് മുന്നോട്ട് വെക്കുന്നതെന്ന വിമര്‍ശനം ശരിതന്നെയാണ്. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഇവിടെയും പ്രവര്‍ത്തകര്‍ എന്ന് പറയുന്നതാണ് ഭംഗി. അതേസമയം ഒരു സാഹചര്യത്തിലും ആരെയും ഭീകരരെന്നു വിശേഷിപ്പിക്കുന്നത് അതുപോലെത്തന്നെ ശരിയല്ല.
കാര്യങ്ങള്‍ വസ്തുനിഷ്ഠമായി മനസ്സിലാക്കാന്‍ ശ്രമിക്കുന്ന പത്രപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം അനുഭവിക്കുന്ന ഒരു പ്രശ്‌നം വാര്‍ത്തകള്‍ എപ്പോഴും അവര്‍ സംശയ്‌ത്തോടെയാണ് വീക്ഷിക്കുന്നതെന്നാണ്. കാരണം പല വാര്‍ത്തകളും അര്‍ധസത്യങ്ങളായിരിക്കും. അപ്പോള്‍ അവര്‍ കുറേകൂടെ നിഷ്പക്ഷമായ പദങ്ങള്‍ തിരഞ്ഞെടുക്കുന്നു.

ഒന്നു കൂടെ പറയട്ടെ ഇതൊക്കെയാണെങ്കിലും പത്രങ്ങളുടെ നിഷ്പക്ഷവാര്‍ത്തായെഴുത്ത് പലപ്പോഴും ഒരു ഞാണിന്മേല്‍ കളിയാണ്. പലപ്പോഴും അത് അപ്പുറത്തേയ്ക്ക് വഴുതി വീഴും. ചിലപ്പോള്‍ തെറ്റിദ്ധാരണയിലൂടെയും വഴുതി വീണേക്കാം. സ്വയം പുതുക്കലും സ്വയം വിമര്‍ശനത്തിലൂടെയും ഇത് പരിഹരിക്കാന്‍ ശ്രമിക്കുകയാണ് അതിനുള്ള മാര്‍ഗം. എത്ര പുതുക്കിയാലും ഇതൊക്കെ വീണ്ടും ഉയര്‍ന്നുവരും എന്നത് മറ്റൊരു കാര്യം. സ്വാതന്ത്ര്യസമരകാലത്ത് പുറത്തുവന്നിരുന്ന പല പത്രങ്ങളിലും ഈ ആശയക്കുഴപ്പം വ്യാപകമായിരുന്നു.

ഇനി ഈ ലിങ്കുകളിലേയ്ക്ക് വരിക. രണ്ടു തരത്തിലുള്ള സ്ഥലങ്ങളില്‍ നാം ഈ പ്രയോഗങ്ങള്‍ കണ്ടിരിക്കും. ഒന്ന് ലേഖനങ്ങള്‍, എഡിറ്റോറിയല്‍ തുടങ്ങിയ ഇടങ്ങളില്‍. രണ്ട്. വാര്‍ത്തകളില്‍.
ഒന്നാമത്തേത് നമ്മുടെ വിഷയമല്ല. വാര്‍ത്തകളില്‍ ഹൈന്ദവഭീകരര്‍ എന്ന് വരുന്നത് തെറ്റായ കീഴ് വഴക്കമായി ഞാന്‍ കരുതുന്നു. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഇത് തേജസ് പത്രത്തിന്റെ ഔദ്യോഗിക രീതിയുമല്ല. തേജസ് ഇത്തരം ഇടങ്ങളില്‍ ഹിന്ദുത്വര്‍ എന്നാണ് പ്രയോഗിക്കുന്നത്. പക്ഷേ, ചില മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ വീക്ഷണങ്ങള്‍ വാര്‍ത്തകളിലേക്ക്  അബോധപൂര്‍വം കൊണ്ടുവരാറുണ്ട്. അതിന്റെ ഫലമാണ് ഈ പ്രയോഗമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഈ പ്രയോഗം മാത്രമല്ല ഞാന്‍ ജോലി ചെയ്യുന്ന ഡെസ്‌കില്‍ പ്രത്യേകിച്ച് തുടക്കക്കാര്‍ പൊതുബോധത്തില്‍ നിന്നുകൊണ്ടോ അവര്‍ വായിച്ച വാര്‍ത്ത ഇന്റേണലൈസ് ചെയ്തുകൊണ്ടോ ഹമാസ് ഭീകരര്‍ എന്നൊക്കെ ഉപയോഗി്കാറുണ്ട്. ഏകദേശം രണ്ടു മാസം മുന്‍പ് ഇങ്ങനെയൊരു സംഭവം ഉണ്ടായി. ആ വാര്‍ത്തയില്‍ 4 തവണ ഭീകരര്‍ കടന്നുവന്നു. ഞാന്‍ വിശദമായി അന്വേഷിച്ചപ്പോള്‍ അത് എഴുതിയ പെണ്‍കുട്ടി വാര്‍ത്ത എഴുതുന്നതിനു മുന്‍പ് മാതൃഭൂമി എഴുതിയ വാര്‍്ത്തയും വായിച്ചിരുന്നു എന്ന് മനസ്സിലായത്. ആ സ്വാധീനമാണ് അവരെ വഴി തെറ്റിച്ചത്.



1 comment:

Noufal said...

മറുപടി നല്കാനുള്ള താങ്കളുടെ വലിയ മനസ്സിന് നന്ദി. തേജസ്സ്‌ പോലൊരു പത്രത്തിൽ പ്രവര്ത്തിക്കേണ്ടിവരുന്ന താങ്കളുടെ പരിമിതികളെ കുറിച്ച്
മനസിലാക്കുന്നു. വെക്തിപരമായ പരാമർശത്തിൽ ക്ഷമ ചോദിക്കുന്നു.
തേജസ്സിന് മറ്റു പത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ചില പോളിസിയുണ്ടെന്നും ഭീകരവാദി/ തീവ്രവാദി തുടങ്ങിയ പദ്ദങ്ങൾ എഡിറ്റോറിയലിൽ മാത്രമേ ഉപയോഗിക്കൂ എന്നും താങ്കളുടെ പ്രതികരണത്തിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു.കാരണം "നമ്മുടെ ഭീകരവാദി/ തീവ്രവാദി മറ്റു ചിലർക്ക് പോരാളികളാവും" എന്ന റോയിട്ടർ പോളിസിയാണ് പത്രം പിന്തുടരുന്നത്. ചിലപ്പോഴൊക്കെ പത്രം ന്യൂസിൽ സെലെക്ടിവായി ഇത്തരം പദപ്രയോഗങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും അതെല്ലാം ആരുടെയൊക്കെയോ അറില്ലാഴ്മ മൂലമുള്ള അബദ്ടവും മറ്റു പത്രങ്ങളെ അനുകരിച്ചതുമായിരുന്നു. പെഷവാർ സ്കൂളിലെത് പോലുള്ള പൈശാചികമായ ആക്രമണം നടക്കുന്ന സമയത്ത് വളരെ ശ്രദ്ടിക്കപ്പെടുന്ന ന്യൂസിൽ "റോയിട്ടർ പോളിസി"യിൽ നിന്നും ഒട്ടും വ്യതിചലിക്കാൻ പാടുള്ളതല്ല --നല്ലത്
-""എന്തു സാഹചര്യത്തിലാണെങ്കിലും താലിബാന്‍ ഭീകരര്‍ എന്ന എഴുതുകയില്ലെന്ന്‌ തുറന്നു പറയട്ടെ."""-ബാബുരാജ്
""തർക്കതിനു വേണ്ടി തന്നെ ചോദിക്കുകയണെന്നു കരുതിക്കോളൂ. തീവ്രവാദി, ഭീകരവാദി എന്നീ പഥങ്ങൾ മുസ്ലിമേതര വിഭാഗങ്ങൾക്കെതിരെ ഉപയ്യൊഗിക്കുന്നതായി താങ്കൾ കണ്ടിട്ടുണ്ടോ?""-പുലരി
എന്നീ രണ്ടുപ്രതികരണങ്ങളായിരുന്നു എന്റെ പോസ്റ്റിനെ പ്രധാന പ്രചോദനം.
1) https://plus.google.com/u/0/+NoufalEdappal/posts/E7kJTmgYuzR
2) https://plus.google.com/u/0/107562186982061568197/posts/AURYcP3cG5X
തേജസ്സിൽ നിന്നും ന്യൂസായും മുഖപ്രസംഗമായും ലഭിച്ച ലിങ്കുകൾ
3) http://www.thejasnews.com/index.jsp?tp=det&det=yes&news_id=201405128222253435
4) http://thejasnews.com/?tp=det&det=yes&news_id=201007126171201231
5) http://www.thejasnews.com/index.jsp?tp=det&det=yes&news_id=20121226174336901
റോയിട്ടെര്സ് തന്നെ തീവ്രവാദി (extremist) എന്നുപയോഗിച്ച ചില ലിങ്കുകളും താഴെ, എഡിറ്റോറിയലിലെല്ല ന്യൂസിൽ തന്നെ . അതും അവർക്ക് പറ്റിയ അബദ്ദമായിരിക്കും?
U.N. Security Council plans to suppress foreign extremist fighters
6) http://www.reuters.com/article/2014/09/09/us-iraq-crisis-un-idUSKBN0H408E20140909
U.N. backs strong laws against foreign extremist fighters
7) http://www.reuters.com/article/2014/09/24/us-syria-crisis-militants-un-idUSKCN0HJ24H20140924
apparently acted independently and had no links to the Taliban or other extremist groups, according to a report released on Thursday.
8) http://www.reuters.com/article/2014/12/04/us-afghanistan-attacks-usa-idUSKCN0JI1GL20141204
പത്രത്തിന്റെ പോളിസി ലംഗിക്കാതെ തന്നെ തൊട്ടടുത്ത ദിവസം എഡിറ്റോറിയൽ പേജിൽ "താലിബാൻ ഭീകരർ" എന്ന് വിശേഷിപിച്ചു അവരുടെ പൈശാചികതയെ അപലപിച്ചു മുഖപ്രസംഗമെഴുതാമായിരുന്നു . അതുണ്ടായില്ല.കാരണം തേജസ്സിന്റെ പ്രൊമോട്ടറായ SDPI എന്ന സംഘടനയുടെ രാഷ്ട്രീയം. താലിബാനികളെ പോരാളികൾ എന്നും മറ്റുള്ളവരെയൊക്കെ ഭീകരവാദികൾ, തീവ്രവാദികൾ എന്നും അഭിസംബോധന ചെയ്യുകയാണ് അവരുടെ പോളിസി.
സംഘടനയുടെ പോളിസിക്കൊന്നും അവരുടെ പത്രത്തിന്റെ വെബ് ഡസ്ക് ഇന്‍ ചാര്‍ജ് മാത്രമായ താങ്കൾക്ക് വിശദീകരണം നല്കേണ്ടയാതൊരു ബാധ്യതയുമില്ലെന്നറിയാം. താങ്കളുടെ പോസ്റ്റ്‌ ഇത്രയും ഷയർ ചെയ്തിരിക്കുന്നത് സുഡാപിക്കാരായത് കൊണ്ട് സാന്ദർഭികവശാൽ ഇവിടെ സൂചിപ്പിക്കുന്നുവെന്ന് മാത്രം.