Tuesday, April 21, 2015

ഹിന്ദുത്വസെക്കുലറിസം പല രൂപത്തില്‍ വരും. മാടായും മറുതയായും


.ര്‍ദ്ദയെക്കുറിച്ചുള്ള കെ വി കലയുടെ (മാതൃഭൂമി, സ്ത്രീപഥം)
 നിരുപദ്രവമായ കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ച ലേഖനം എന്തുകൊണ്ടാണ് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമായത്? പര്‍ദ്ദാവിരുദ്ധലേഖനങ്ങള്‍ നാട്ടില്‍ ധാരളമുണ്ട്. ഇനിയുമുണ്ടാകും, പര്‍ദ്ദാ അനുകൂല ലേഖനങ്ങളുമുണ്ടാകും. പക്ഷേ, അതിനൊന്നും ഏല്‍ക്കേണ്ടിവന്നിട്ടില്ലാത്ത വെറുപ്പും സ്പര്‍ദ്ധയും ഈ ലേഖനത്തോടുണ്ടായെന്ന് ഫേയ്‌സ്ബുക്കിലെ ചില എഴുത്തുകളിലൂടെയും കമന്റുകളിലൂടെയും മനസ്സിലായി. അത് എന്തുകൊണ്ടായിരിക്കും?

തികച്ചും ആരോഗ്യപ്രശ്‌നം എന്ന മട്ടിലാണ് ഈ ലേഖനം സ്വയം അവതരിപ്പിക്കുന്നത്. ആദ്യ വാചകംതന്നെ നോക്കുക: 'പര്‍ദ സ്വയം തിരഞ്ഞെടുപ്പോ അടിച്ചേല്‍പ്പിക്കലോചര്‍ച്ചയ്ക്ക് പഴക്കമേറെയുണ്ട്്. അതിനിയും തുടരട്ടെ.' താന്‍ അതിലൊന്നും തല്‍ക്കാലം ഇടപെടുന്നില്ലെന്ന മട്ടില്‍ ലേഖിക തുടങ്ങുന്നു. തുടര്‍ന്ന് കറുത്ത പര്‍ദ്ദയെക്കുറിച്ചുള്ള ആരോഗ്യപരമായ കാര്യങ്ങള്‍ വിവരിക്കുന്ന രണ്ടു പാരഗ്രാഫ്. പര്‍ദ സ്വയം തെരഞ്ഞെടുപ്പെന്ന ന്യായത്തെക്കുറിച്ചുള്ള വിമര്‍ശനം അവതരിപ്പിച്ചുകൊണ്ടാണ് രണ്ടാം പാരഗ്രാഫ് അവസാനിപ്പിച്ചിരിക്കുന്നത്.
അടുത്ത പാരഗ്രാഫ,് 'മതവും പുരുഷമേധാവിത്വവുമാണ് വസ്ത്രം നിശ്ചയിക്കുന്നതെന്ന് പലരും തര്‍ക്കിക്കുന്നത് ഇതുകൊണ്ടാണ്- (അവിടെയും താന്‍ തല്‍ക്കാലം ഇടപെടുന്നില്ലെന്ന മട്ടില്‍ മാറി നിന്നുകൊണ്ട്) തുടങ്ങുന്നു. 'എന്നാല്‍, സാരിയാണ് മികച്ചതെന്നും മതേതരമെന്നും പറഞ്ഞാല്‍ അംഗീകരിക്കില്ലെന്ന് പറഞ്ഞുകൊണ്ട് സാരിയുടെ ദര്‍ശനത്തോടും താന്‍ വിയോചിക്കുന്നുണ്ടെന്ന് പ്രസ്താവിച്ചുകൊണ്ട് ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കുന്നു. പക്ഷേ, പിടിച്ചുനില്‍ക്കാനാവുന്നില്ല പര്‍ദ്ദയെക്കുറിച്ചുള്ള തര്‍ക്കത്തിലേക്ക്് താന്‍ കടക്കുന്നില്ലെന്ന് പറഞ്ഞ കല വീണ്ടും പര്‍ദ്ദാവിമര്‍ശനങ്ങളിലേക്കുതന്നെ ചുവടുമാറ്റുന്നു. ബലാല്‍സംഗം, പീഢനം, പര്‍ദ്ദാഅനൂകൂലികളുടെ ന്യായീകരണങ്ങള്‍... പക്ഷേ, പര്‍ദ്ദയുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്‌തെങ്കിലും സാരിയുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യാതെ വിടുന്നു.
ഒപ്പം കറുത്ത വസ്ത്രത്തെപ്പറ്റി പറഞ്ഞ് പര്‍ദ്ദാവിമര്‍ശനമായി മാത്രം ഈ ലേഖനത്തെ കണ്ടാലോ എന്ന തോന്നലിലായിരിക്കാം ഉടന്‍ പര്‍ദ്ദയുടെ ചില സാധ്യതകള്‍, കുടുംബശ്രീ മുന്നേറ്റത്തിലെ പര്‍ദ്ദാസാന്നിദ്ധ്യം തുടങ്ങിയ ചില നിരീക്ഷണങ്ങള്‍ മുന്നോട്ടുവെക്കുന്നു.
സത്യത്തില്‍ ഇതൊരു പര്‍ദ്ദാവിരുദ്ധാ ലേഖനം മാത്രമാണ്. പക്ഷേ, പര്‍ദ്ദാവിരുദ്ധലേഖനം മാത്രമായിരുന്നെങ്കില്‍ ഇത്ര എതിര്‍പ്പ് ഉണ്ടാകുമായിരുന്നുവെന്നു തോന്നുന്നില്ല. (ഇതിനെക്കുറിച്ച് പോസ്റ്റിടാന്‍ ഞാനും മെനക്കെടുമായിരുന്നില്ല) കറുത്ത നിറത്തിനോടുള്ള ആരോഗ്യപരമായ കാര്യങ്ങളിലാണ് തന്റെ ഊന്നല്‍ എന്ന് പറഞ്ഞുകൊണ്ട് പര്‍ദ്ദാവിരുദ്ധമായ തര്‍ക്കങ്ങളിലേക്ക് താന്‍ കടക്കുന്നില്ലെന്ന് ആദ്യമേ പ്രഖ്യാപിച്ചുകൊണ്ട്, സ്വയം മാറിനിന്നുകൊണ്ട്, സാരിയുടെ മതേതരത്വ നാട്യത്തെ ചോദ്യം ചെയ്യുന്നുവെന്ന് നടിച്ചുകൊണ്ട് എന്നാല്‍ ചോദ്യം ചെയ്യാതെ,

കറുത്ത മറ്റൊരു വസ്ത്രത്തെക്കുറിച്ചും ഒരു വാക്കുരിയാടാതെ, പര്‍ദ്ദയ്‌ക്കെതിരെ എഴുതുന്ന ഒരു ലേഖനമാണ് ഇത്. ഈ നാട്യം പര്‍ദ്ദാവിരുദ്ധസാഹിത്യത്തില്‍ പുതിയ ഒരു ശൈലിയാണ്. ഇതാണ് പ്രകോപനമുണ്ടാക്കിയത്. ഇതൊരു ഒളിച്ചുകടത്തലാണ്. ഇതൊരു ഇരട്ടത്താപ്പാണ്. സാരിയെ പ്രശ്‌നവല്‍ക്കരിക്കുന്നുവെന്ന് അവകാശപ്പെടുക, യഥാര്‍ഥത്തില്‍ പ്രശ്‌നവല്‍ക്കരിക്കാതിരിക്കുക, പര്‍ദ്ദയെ മാത്രം വിമര്‍ശിക്കുക, എന്നാല്‍ അങ്ങനെയല്ലെന്ന് നടിക്കുക, ഭൂരിപക്ഷത്തിന്റേത് മതേതരമെന്ന നിലപാട് തനിക്കില്ലെന്ന് പ്രസ്താവിച്ചുകൊണ്ടുതന്നെ അതങ്ങിനെത്തന്നെയായിരിക്കുക... ഹിന്ദുത്വസെക്കുലറിസം പല രൂപത്തില്‍ വരും. മാടായും മറുതയായും




Sunday, April 19, 2015

ടിഎന്‍ ജോയിയുടെ ഇസ്ലാംമതാശ്ലേഷവും സെക്കുലര്‍ വിമര്‍ശനങ്ങളും






അനൂപ് കുമാരന്റെ പോസ്റ്റും  ചില അനുബന്ധ ചിന്തകളും
 സംവാദങ്ങള്‍ രാഷ്ട്രീയചിന്തയുടെ വേദികളാകട്ടെ
Anoopkumaran: 
( https://www.facebook.com/anoop.kumaran.1?fref=ts)
ടി.എന്‍.ജോയിയുടെ ഇസ്ലാമിലേക്കുള്ള പരിവര്‍ത്തനത്തിന്‍റെ പാശ്ചാത്തലത്തില്‍ ചില സംശയങ്ങള്‍?
ജോയി തന്‍റെ നജ്മല്‍.എന്‍.ബാബു വാകുന്ന പരിവര്‍ത്തനത്തെ ഹിന്ദുത്വ ഫസ്സിസത്തിന്റെ തേരോട്ടത്തില്‍, ഭൂരിപക്ഷ ഹിന്ദുത്വ ബോധത്തിനെതിരായ ഒരു രാഷ്ട്രീയ നിലപാടായി പ്രഖ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ പ്രവൃത്തിയെ വ്യക്തിസ്വാതന്ത്രത്തിന്‍റെ കാര്യമായോ, വസ്ത്രം മാറുന്നപോലെ മതത്തെ മാറാനുള്ള മനുഷ്യന്‍റെ സ്വാതന്ത്രമായോ, ജോയിയുടെ തമാശകളിലോന്നായോ ചുരുക്കികെട്ടാന്‍ കഴിയില്ല.
ഹിന്ദുത്വഫാസ്സിസതിന്റെ കാലത്ത് ഭൂരിപക്ഷ ഹിന്ദുത്വബോധത്തിനെതിരെ മതേതരത്വത്തില്‍ ഉറച്ചുനില്‍ക്കുന്നവര്‍ എന്തു നിലപാടുകളാണ് കൈകൊള്ളണ്ടത് എന്നതാണ് ജോയിയുടെ പരിവര്‍ത്തനത്തിലുടെ ഉയരുന്നുവരുന്ന കാതലായ ചോദ്യം.
ഹിന്ദുത്വരാഷ്ട്രീയം അതിന്‍റെ അപരങ്ങളായി ഉന്നംവൈക്കുന്നത് മുസ്ലിം/ക്രിസ്ത്യന്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങളെ പ്രത്യക്ഷത്തിലും ലിംഗ/ഭാഷാ/സാംസ്കാരിക/രാഷ്ട്രീയ ന്യൂനപക്ഷങ്ങളെ പരോക്ഷമായുമാണ്. അതുകൊണ്ടു ഈ വിഭാഗങ്ങളോട് നിലനില്‍ക്കുന്ന ചെറിയ ചെറിയ വിയോജിപ്പുകള്‍ നിലനിര്‍ത്തികൊണ്ട്‌ തന്നെ ഐക്യപെടുകയും പിന്തുണക്കുകയും ഒരുമിച്ചുപ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് മതേതരര്‍ എന്നു സ്വയംവിശേഷിപ്പിക്കുന്നവരുടെ കടമയാണ്.
a)ഇത്തരത്തില്‍ ഐക്യപെടുക എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത് അവരിലൊരാളായി മാറുക, അതായത് ജോയി ചെയ്തപോലെ ആ സ്വത്വത്തിന്‍റെ ഭാഗമായിമാറുക ഏന്നതാണോ? അങ്ങനെ മാത്രമാണോ ഐക്യപെടാന്‍ കഴിയുക?
b)സ്വന്തം ഇച്ചപ്രകാരമല്ലാതെ, അബദ്ദത്തില്‍, മാതാപിതാക്കളുടെ മത/ജാതികള്‍ അടിച്ചേല്‍പ്പിക്കപെടുന്ന എന്നാല്‍ അതില്‍നിന്നും ഏതുവിധേനയും കുതറിമാറാന്‍ ശ്രമിക്കുന്ന ഒരാള്‍ക്ക്‌ മറ്റൊരുമതത്തെ പുല്‍കിമാത്രമേ പഴയതില്‍ നിന്നും രക്ഷയുള്ളൂ എന്നുണ്ടോ? അല്ലാതുള്ള സ്വാതന്ത്രം സാധ്യമല്ലേ?
c)മതങ്ങളില്‍ കാല്പനികതക്ക് സ്ഥാനമില്ല, മറിച്ച് അത് സമ്പൂര്‍ണ്ണവിധേയത്വമാണ് വ്യക്തിയില്‍നിന്നും ആവശ്യപെടുന്നത് എന്ന ആധുനികതയുടെ ചിന്ത പരാജയപെട്ടോ?
d)അപരങ്ങളുമായി ഐക്യപെടുന്നവ്യക്തി അപരങ്ങളിലെ തീവ്ര വര്‍ഗീയ ഗ്രൂപ്പ്‌കളോട് എന്തുനിലപാട് സ്വീകരിക്കണം? അത്തരം തീവ്ര വര്‍ഗീയ നിലപാടുകളുള്ള ഗ്രൂപ്പ്‌കളെ എങ്ങനെയാണ് നിര്‍വചിക്കാന്‍/വേര്‍തിരിക്കാന്‍ കഴിയുക?
e)ജോയിയെ പോലെ "അചുംബിതമായ ധിഷണ" യുടെ ഉടമയായ ഒരാള്‍ക്ക്‌ നിലവിലുള്ള ഭൂരിപക്ഷ പൊതുബോധത്തെ നിരാകരിക്കാനും നിലനില്‍ക്കാനും കഴിയാതിരിക്കുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളതെങ്കില്‍ ജോയിചെയ്ത പരിവര്‍ത്തനത്തെ രാഷ്ട്രീയമായി ന്യായികരിക്കുന്ന, മതേതരന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരാള്‍ എങ്ങനെയാണ് പരിവര്‍ത്തിക്കാതെ ഇനിമുതല്‍ ഇവിടെ ജീവിച്ചുപോകുക?
ജനാതിപത്യപരമായ ചര്‍ച്ചകള്‍ക്കായി ഇനിയും ചോദ്യങ്ങള്‍ ഉയര്‍ന്നുവരട്ടെ.... 

Baburajbhagavathy: 
Baburaj Bhagavathy അനൂപിന്റെ പോസ്റ്റിനെ ഇങ്ങനെ ക്രോഡീകരിക്കാമെന്നു തോന്നുന്നു. ( ക്രോഡീകരണത്തില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താം)
1. ഇന്ത്യയില്‍ മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും മറ്റു മതേതര ന്യൂനപക്ഷങ്ങളെയും ഹിന്ദുത്വരാഷ്ട്രീയം ഉന്നം വെക്കുന്നുണ്ട്.
2. അതിനെതിരെ പ്രതിര
ോധം സ്വാഭാവികം. പക്ഷേ, അതിന്റെ സ്വഭാവമെന്താണ്? ജോയിച്ചേട്ടന്‍ ചെയ്തതുപോലെ അപരങ്ങളോട് ഐക്യപ്പെടാന്‍ അതിന്റെ ഭാഗമാവേണ്ടതുണ്ടോ? മറ്റു മാര്‍ഗങ്ങളൊന്നുമില്ലേ?
3. സ്വത്വത്തിന്റെ ഭാഗമായുള്ള ഈ ഐക്യപ്പെടല്‍ മതത്തിന്റെ കാര്യത്തിലാവുമ്പോള്‍ മതത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ പരിഗണിക്കേണ്ടതില്ലേ? ആ അര്‍ഥത്തില്‍ മതവിമര്‍ശനവും ആധുനികതയുടെയുടെ യുക്തിചിന്തയും പരാജയപ്പെട്ടുവോ?
4. മതത്തിനോട് അതും മുസ്‌ലിം മതത്തിനോട് ഐക്യപ്പെടുമ്പോള്‍ മുസ്ലിംമതത്തിലെ തീവ്രവര്‍ഗീയസംഘടനകളുടെ കാര്യത്തില്‍ എന്തു നിലപാടെടുക്കണം? 
5. ജോയിച്ചേട്ടന്റെ നിലപാടുകളെ രാഷ്ട്രീയമായി ന്യായീകരിക്കുന്നവര്‍ ജോയിച്ചേട്ടന്റെ പാത പിന്‍തുടരേണ്ടതല്ലേ? 
താഴെ പറയുന്ന കാര്യങ്ങള്‍ വിശദീകരിക്കുന്നത് എന്റെ അല്ലെങ്കില്‍ ജോയിച്ചേട്ടനല്ലാത്ത ഒരാളുടെ വീക്ഷണകോണില്‍ നിന്നാണ്. ഞാന്‍ അല്ലെങ്കില്‍ ഒരു സെക്കുലറിസ്റ്റ് എന്ത് നിലപാടെടുക്കും എന്നാണ് പരിശോധിക്കുന്നത്. 

1/1 സത്യം
2/2 ജോയിച്ചേട്ടന്റെ മാര്‍ഗം, സ്വത്വത്തിന്റെ ഭാഗമായി ഐക്യപ്പെടല്‍, ഒരു രീതിയാണെന്ന് അംഗീകരിക്കേണ്ടതുണ്ട്. (ഈ രീതി എല്ലാ കാര്യത്തിലും വര്‍്ക്കൗട്ട് ആവില്ലെന്നത് സത്യം തന്നെ. സ്ത്രീയോട് ഐക്യപ്പെടാന്‍ ഒരു പുരുഷന് ലിംഗമാറ്റം വേണമെങ്കില്‍ നടത്താവുന്നതേയുള്ളൂവെങ്കിലും ആദിവാസികളുടെ കാര്യത്തില്‍ അത് സാധ്യമല്ല ) അതയാളുടെ സ്വാതന്ത്ര്യമാണ്. ജോയിച്ചേട്ടന്റെ മതാശ്ലേഷം രാഷ്ട്രീയപ്രയോഗമാണെന്ന് അദ്ദേഹം പലതവണ വിശദീകരിച്ചിട്ടുണ്ട്. അപരങ്ങളോട് ഐക്യപ്പെടുന്നത് ആ സ്വത്വത്തിന്റെ ഭാഗമായിട്ടുമാകാം അല്ലാതെയുമാകാം. പണ്ട് പെരുമാള്‍ മതം മാറിയതുപോലെയോ, അംബേദ്ക്കര്‍ മതം മാറിയതുപോലെയോ, കമലാസുരയ്യ മതം മാറിയതുപോലെയോ അല്ല അദ്ദേഹത്തിന്റെ മതംമാറ്റം(ജോയിച്ചേട്ടന്‍ വിശദീകരണമനുസരിച്ച്). ഇവര്‍ മൂന്നുപേരെയും നമുക്കറിയാവുന്നിടത്തോളം അതതു മതങ്ങളോടുള്ള പ്രതിപത്തിയായിരുന്നു മതംമാറ്റത്തിലേക്ക് നയിച്ചത്. ജോയിച്ചേട്ടന്റെ കാര്യത്തില്‍ മുസ്ലിങ്ങള്‍ നേരിടുന്ന ഹിംസയോടുള്ള പ്രതികരണമായിരുന്നു അത്. 

3/3 ഐക്യപ്പെടല്‍ മതത്തിന്റെ കാര്യത്തിലാവുമ്പോള്‍ മതവിമര്‍ശനം പരിഗണിക്കേണ്ടതില്ലേ?- അത് ആ ചേരുന്ന ആളാണ് പരിഗണിക്കേണ്ടത്. മതത്തെക്കുറിച്ചുള്ള ആധുനികതയുടെ വിമര്‍ശനങ്ങള്‍ പരാജയപ്പെട്ടുവോ എന്ന ചോദ്യത്തിന് പരാജയപ്പെട്ടുവെന്നാണ് എന്റെ അഭിപ്രായം. യൂക്തിവാദം ഇന്ത്യന്‍ സാഹചര്യത്തില്‍ ഹിന്ദുത്വവാദമായി മാറിക്കഴിഞ്ഞു. പക്ഷേ, ഇവിടെ അത് വിഷയമല്ല. എങ്കിലും ഭൗതികവാദം Vs ആത്മീയവാദം എന്ന വിമര്‍ശനം ജോയിച്ചേട്ടന്റെ കാര്യത്തിലും സാധ്യമാണ്-അതുപക്ഷേ, ജോയിച്ചേട്ടന്റെ പ്രതിരോധശ്രമങ്ങളെ ഇകഴ്ത്തിക്കൊണ്ടുള്ള കേവല യുക്തിവാദ നിലപാടില്‍ നിന്നുകൊണ്ടാവരുത് എന്ന് ഞാന്‍ കരുതുന്നു. കാരണം ഏതു വിമര്‍ശനവും സമൂര്‍ത്തസാഹചര്യത്തിലാണ് നടത്തേണ്ടതെന്ന് ഒരു കമ്യൂണിസ്റ്റായ ഞാന്‍ കരുതുന്നു. ഭൗതികവാദം എന്നത് യാഥാസ്ഥിതിക മാക്‌സിസ്റ്റുകളുടെ യാന്ത്രിക അര്‍ഥത്തിലല്ലെന്ന് പ്രത്യേകം പറയട്ടേ.

 4/4 പ്രമുഖര്‍ ഇസ്ലാം സ്വീകരിക്കുമ്പോഴാണ് പല ചോദ്യങ്ങളും ഉയരാറുള്ളതെന്നു നാം അംഗീകരിക്കണം. ചുള്ളിക്കാട് ബുദ്ധമതത്തിലേക്ക് മാറി പക്ഷേ, ആഗോളതലത്തില്‍ ഇന്ന് ബുദ്ധമതത്തിലും ഫണ്ടമന്റലിസമുണ്ടെന്ന് നമുക്കറിയാം. നമുക്കത് പ്രശ്‌നമായില്ല. അത് ഇന്ത്യയിലല്ലല്ലോ എന്നായിരിക്കാം സമാധാനം. യേശുദാസിന്റെ കാര്യത്തിലോ? അദ്ദേഹം ഹിന്ദുമതത്തെക്കുറിച്ച് എന്തൊക്കെ കാര്യങ്ങളാ പറയാറ്. തീവ്രവാദക്കാര്‍ ഉണ്ട് എന്ന കാരണം കൊണ്ട് നാമിത് ഒരിക്കലും പ്രശ്‌നമാക്കിയിട്ടില്ല. 
ഇനി നാളെ അദ്ദേഹം ഹിന്ദുവായാലും നാം പ്രശ്‌നമാക്കില്ല. വയലാര്‍ രവിയുടെ മകന്‍ ഗുരുവായൂരില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ തീവ്രവാദികളുള്ള മതക്കാരുടെ ആരാധനാലയത്തിലേക്കാണോ വരവ് എന്ന് നാം ചോദിച്ചില്ല. കാലിലെ മന്തിനെക്കുറിച്ചുള്ള ചര്‍ച്ചകളും കണ്ടില്ല. ആഷിഖ് അബു റിമ കല്ലിങ്കലിനെ വിവാഹം കഴിച്ചപ്പോള്‍ മതം വിഷയമായി പലരും ഉന്നയിച്ചു കണ്ടു. ഷാജി കൈലാസിന്റെ ഭാര്യ ആനിയോട് ഈ ചോദ്യം നാം ചോദിച്ചില്ല. സായിഭക്തനായി മാറിയ ഫിലിപ്പന്‍ പ്രസാദിനോട് ഇതു വരെ നാം ചോദിച്ചതും ഇത്തരം ചോദ്യങ്ങളായിരുന്നില്ല. (ഭൗതികവാദംV/s ആത്മീയവാദം അതായിരുന്നു ഫോക്കസ്) 

തീവ്രവാദസംഘടനകളോട് എന്ത് നിലപാടെടുക്കണം എന്ന ചോദ്യം അടിസ്ഥാനപരമായും ഹിന്ദുസെക്കുലര്‍ വിമര്‍ശനമാണ്. മുസ്ലിംമതം മുസ്ലിം തീവ്രവാദം എന്ന സമീകരണമാണ് ഈ ചോദ്യത്തിന്റെ യുക്തി. നിരവധി ആളുകള്‍ ഹിന്ദുക്കളാവുന്നുണ്ട്. അവരോടൊന്നും ഈ ചോദ്യം നാം ചോദിക്കാറില്ല. മുസ്ലിങ്ങളില്‍ നിരവധി വിഭാഗങ്ങളുണ്ട്. വ്യത്യസ്ത ധാരകള്‍. ഓരോരുത്തരും ഓരോ വിശ്വാസക്കാരാണ്. മുസ്ലിം തീവ്രവാദമെന്ന വാക്കിനാല്‍ വ്യവഹരിക്കപ്പെടുന്നവര്‍ അതില്‍ ചിലരാണല്ലോ( അങ്ങനെയാണ് തങ്ങള്‍ വിചാരിക്കുന്നതെന്നു വിമര്‍ശകര്‍ നടിക്കാറുണ്ട്) ഒരാള്‍ ഒരു മതം ആശ്ലേഷിക്കുമ്പോള്‍ ഈ ചോദ്യത്തിന് ഒരു പ്രസക്തിയുമില്ല. മുസ്ലിം തീവ്രവാദമെന്ന വാക്ക് വെള്ളം തൊടാതെ വിഴുങ്ങാന്‍ ഞാന്‍ തയ്യാല്ലെന്ന്് ഇടയില്‍പറയട്ടേ. 

5/5 ജോയിച്ചേട്ടന്റെ നിലപാട് ജോയിച്ചേട്ടന്റെ വിശ്വാസമനുസരിച്ചാണ്. ഞാനത് ഉയര്‍ത്തിപ്പിടിക്കുന്നത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ് അതെന്ന അര്‍ഥത്തിലാണ്. ഒരാള്‍ക്ക് അങ്ങനെയും പ്രതികരിക്കാം. . എനിക്കിഷ്ടമുള്ള കാര്യങ്ങള്‍ അംഗീകരിക്കുന്നതല്ലല്ലോ ജനാധിപത്യം. ഒപ്പം അദ്ദേഹത്തിന്റെ നിലപാടിനെ ഉയര്‍ത്തിപ്പിടിച്ചു എന്ന കാരണത്താല്‍ മാത്രം ഒരാള്‍ ആ പാത പിന്തുടരേണ്ടതില്ല.
ഒതുക്കത്തില്‍ പറഞ്ഞാല്‍ ഇതാണ്: 
1. ജോയിച്ചേട്ടന്റെ മതാശ്ലേഷം ഒരു പ്രതിരോധമാണ്. സ്വത്വത്തിന്റെ ഭാഗമായും അല്ലാതെയും പ്രതിരോധിക്കാം. 
2. തീവ്രവാദത്തെക്കുറിച്ചുള്ള ആശങ്കകളും മതപ്രവേശവും തമ്മില്‍ ബന്ധപ്പെടുത്തുന്നത് ഹിന്ദു സെക്കുലര്‍ ചിന്തയാണ്

3. ജോയിച്ചേട്ടന്‍ സ്വീകരിച്ച വഴി നാം അംഗീകരിച്ചുവെന്നതുകൊണ്ടു മാത്രം എല്ലാവരും ഈ വഴി സ്വീകരിക്കണമെന്നില്ല. 
4. സെക്കുലറിസത്തെ ഹിന്ദുസെക്കുലറിസത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയും നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്നതാണ് ഏററവും നല്ലത്. ആ പ്രതിരോധമാണ് ശരിയായ പ്രതിരോധം. ഇന്നത് എത്രത്തോളം സാധ്യമാണെന്നത് മറ്റൊരു കാര്യം. 

അനൂപിന്റെ അഞ്ച് ചോദ്യങ്ങള്‍ ജോയിച്ചേട്ടനെ കേന്ദ്രീകരിച്ചായിരുന്നു. പക്ഷേ,ഒരു ചോദ്യം എനിക്കുമുണ്ട്. സെക്കുലറിസ്റ്റുകളെ കേന്ദ്രീകരിച്ച്. മുസ്ലിങ്ങളെ അപരവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കെതിരെ ഹിന്ദുസെക്കുലര്‍ നിലപാടില്‍ നിന്നല്ലാതെ ഐക്യപ്പെടാന്‍ നമുക്കായിട്ടുണ്ടോ? ആ പരാജയമായിരുന്നോ ജോയിച്ചേട്ടനെ ഇത്തരമൊരു നടപടിയ്ക്കു പ്രേരിപ്പിച്ചത്? നാം ആലോചിക്കേണ്ട കാര്യമാണ് അത്. ഹിന്ദുസെക്കുലറിസം എത്തിച്ചേര്‍ന്ന ഒരു പ്രതിസന്ധിയുടെ ഫലമാണ് ജോയിച്ചേട്ടന്റെ ഇസ്ലാമതപ്രവേശം എന്ന് ഞാന്‍ കരുതുന്നു. ഹിന്ദുസെക്കുലറിസം എന്താണെന്ന് ഈ കമന്റില്‍ ഞാന്‍ വിശദീകരിച്ചിട്ടില്ല. പക്ഷേ, ഹിന്ദുസെക്കുലറിസ്റ്റ് ആശങ്കകള്‍ അനൂപിന്റെ പോസ്റ്റില്‍ നിഴലിക്കുന്നുണ്ട്. ഒപ്പം ഇതിനെതിരെയുള്ള മുഴുവന്‍ വിയോജിപ്പുകളും ഹിന്ദുസെക്കുലര്‍ ആശങ്കകളാണെന്ന് ഞാന്‍ കരുതുന്നില്ലെന്നും പറഞ്ഞുവെക്കട്ടേ.അനൂപ് വലിയ ചോദ്യങ്ങളാണ് ഉന്നയിച്ചത്. അതുകൊണ്ടായ് ചര്‍ച്ചയും വലിയതായത്. ക്ഷമിക്കുമല്ലോ 

Anoopkumaran replay: 

Anoop Kumaran എന്‍റെ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞതിനു ബാബുരാജിന് നന്ദി. എന്‍റെ ചോദ്യങ്ങള്‍ എല്ലാം തന്നെ ജോയിചേട്ടന്‍റെ പരിവര്‍ത്തനത്തെ നേരിട്ട് ബന്ധപെടുന്നവ ആയിരുന്നില്ല എന്നത് നേരാണ്, ഈ അവസരത്തില്‍ എന്‍റെ കുറേകാലമായ ചില സംശയങ്ങള്‍ കൂടി ഉന്നയിച്ചു എന്നുമാത്രം. അത് പലപ്പോഴും ഹിന്ദു സെകുലറിസ്റ്റ് എന്നു നിങ്ങള്‍ വിളിക്കുന്ന(ഞാനടക്കമുള്ള) വിഭാഗത്തെ പ്രതിനിധീകരിക്കുന്നവയാണ് എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഞാന്‍ ചോദിക്കാന്‍ ഉന്നയിച്ചതും. ജോയിചേട്ടന്‍റെ പരിവര്‍ത്തനം യാതൊരു ഭാവവിത്യാസവും ആദ്യമായി ഫിരോസില്‍നിന്നും കേട്ടപ്പോള്‍ എന്നില്‍ ഉണ്ടാക്കിയില്ല. എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിയുടെ ഏതൊരുമത തെരഞ്ഞെടുപ്പും അയാളുടെ വ്യക്തിപരമായകാര്യം മാത്രമാണ്. ജോയിചെട്ടന്റെ കാര്യത്തിലാകുമ്പോള്‍ അതിനു "തമാശ" യുടെതായ വസ്ത്രം മാറുന്ന ലാഘവം ഉണ്ടായിരിക്കുകയുള്ളു എന്നും ധരിച്ചു. പക്ഷെ പിന്നീട് അദ്ദേഹം പത്രസമ്മേളനം വിളിച്ച് ഇതൊരു പൊളിറ്റിക്കല്‍ ആക്ടിവിറ്റി ആണെന്നു പ്രഖ്യാപിച്ചപ്പോളാണ് ഞാന്‍ അത് വിശകലനം ചെയ്യാനും എന്നില്‍ സംശയങ്ങള്‍ ഉടലെടുക്കാനും തുടങ്ങിയത്. ഇത്രയും പറഞ്ഞുവച്ചത് യേശുദാസ്/ആനി/ആഷിക് അബു തുടങ്ങിയ പൊതുബോധത്തില്‍ ഞാനുണ്ടോ എന്ന് ബാബുരാജ് അടക്കം മറ്റുള്ളവര്‍ക്ക് തീരുമാനിക്കാനാണ് 1. ബാബുരാജ് പറയുന്നു: "ജോയിച്ചേട്ടന്റെ മതാശ്ലേഷം ഒരു പ്രതിരോധമാണ്. സ്വത്വത്തിന്റെ ഭാഗമായും അല്ലാതെയും പ്രതിരോധിക്കാം" അതായതു ജോയിക്കുമുന്‍പില്‍ പരിവര്‍ത്തനമെന്നത് ചരിത്രപരമായ അനിവാര്യതയായിരുന്നില്ല, മറിച്ച് ചരിത്രപരമായ സാധ്യതകളില്‍ ഒന്നുമാത്രമായിരുന്നു. ജോയിയും സുഹൃത്തുക്കളും പരിവര്‍ത്തനത്തെ വിശധീകരിക്കുമ്പോള്‍ വിട്ടുപോകുന്നതോ/ഒഴിവാക്കുന്നതോ ആയ "സാധ്യതകളില്‍ ഒന്ന്" എന്ന അവസ്ഥയെ തീര്‍ച്ചപെടുത്തെണ്ടതുണ്ട്. ഇതാകട്ടെ ചെറിയ കാര്യമല്ല, കാരണം ജോയി പരിവര്‍ത്തനത്തെ വ്യക്തിപരമായ തെരഞ്ഞെടുപ്പ് എന്നതിലുപരി രാഷ്ട്രീയ നിലപാട് എന്നു വ്യക്തമാക്കിയ സ്ഥിതിക്ക് ഈ കാര്യത്തില്‍ കൃത്യത ആവശ്യമാണ്‌. അങ്ങിനെ ആകുംബോള്‍ ബാബുരാജ്‌ തന്നെ പറഞ്ഞ നാലാമത്തെ ഉത്തരമായിരിക്കും ഫലപ്രദമാകുക "ജോയിച്ചേട്ടന്‍ സ്വീകരിച്ച വഴി നാം അംഗീകരിച്ചുവെന്നതുകൊണ്ടു മാത്രം എല്ലാവരും ഈ വഴി സ്വീകരിക്കണമെന്നില്ല." . അപ്പോള്‍ ആണ് ബാബുരാജ്‌ ഉന്നയിച്ച ചോദ്യത്തിലേക്ക് നാമെത്തിചെരുക."സെക്കുലറിസ്റ്റുകളെ കേന്ദ്രീകരിച്ച്. മുസ്ലിങ്ങളെ അപരവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കെതിരെ ഹിന്ദുസെക്കുലര്‍ നിലപാടില്‍ നിന്നല്ലാതെ ഐക്യപ്പെടാന്‍ നമുക്കായിട്ടുണ്ടോ? ആ പരാജയമായിരുന്നോ ജോയിച്ചേട്ടനെ ഇത്തരമൊരു നടപടിയ്ക്കു പ്രേരിപ്പിച്ചത്?" വലിയൊരളവില്‍ ഉത്തരം "നമ്മള്‍ക്കായിട്ടില്ല" എന്നു തന്നെയാണ്, പക്ഷെ അതുകൊണ്ട് "നമുക്കാവില്ല" എന്നു നിരാശയുടെ പടുകുഴിയില്‍ പെട്ടുപോകാന്‍ ചരിത്രബോധം നമ്മെ അനുവദിക്കുന്നുമില്ല.
അപ്പോള്‍ ജോയിയെ പോലെ "അചുംബിതമായ ധിഷണ" യുടെ ഉടമയായ ഒരാള്‍ക്ക്‌ എന്തുകൊണ്ട് "ചരിത്രപരമായ അനിവാര്യത"യായി ഇതിനെ തെറ്റിദ്ധരിക്കേണ്ടിവന്നു എന്ന് നമ്മള്‍ വേറിട്ടചില വഴികളിലുടെ പരിശോധിക്കേണ്ടിയിരിക്കുന്നു. ബാബുരാജ് മറുപടി പറഞ്ഞ മറ്റൊരുവിഷയത്തിലേക്ക്( അത് ജോയിചേട്ടന്‍റെ പരിവര്‍ത്തനവുമായി നേരിട്ട് ബന്ധപ്പെട്ടതല്ല): "തീവാദസംഘടനകളോട് എന്ത് നിലപാടെടുക്കണം എന്ന ചോദ്യം അടിസ്ഥാനപരമായും ഹിന്ദുസെക്കുലര്‍ വിമര്‍ശനമാണ്". നാളെ ഹിന്ദുത്വ ഫാസ്സിസം പിടിമുറുക്കുമ്പോള്‍ അതിനെ പ്രതിരോധിക്കുന്ന ഐക്യമുന്നണിയില്‍ മുസ്ലിംലീഗും സ്വാഭാവികമായി ഉണ്ടാകും. എന്നാല്‍ മുസ്ലിംലീഗ് അതിന്‍റെ മുന്നണി ഭരണത്തില്‍ നടത്തികൂട്ടുന്ന ഒരു കാര്യത്തെ നമ്മള്‍ വിമര്‍ശിക്കുന്നതിനെ "ഹിന്ദുസെക്കുലര്‍ വിമര്‍ശനമാണ്" എന്ന നിര്‍വചനത്തില്‍ പെടുത്താതെ എങ്ങനെ രക്ഷിച്ചെടുക്കാന്‍ സാധിക്കും? അതുപോലെതന്നെ NDF, മോഡി ഭരണകാലത്ത് മറ്റൊരു ജോസഫ്‌ അധ്യാപകന്‍റെ കൈപത്തി വെട്ടിയാല്‍ അതിനെ "ഹിന്ദുസെക്കുലര്‍ വിമര്‍ശനമാണ്" എന്നതില്‍ പെടാതെ എങ്ങനെ നിലപാടെടുക്കും? 
(തുടരും)

Monday, March 30, 2015

ഇടിയന്‍പോലിസിന്റെ തലച്ചോറുള്ള ബുദ്ധിജീവികള്‍

മാവോയിസവും  മാവോയിസ്റ്റ് വ്യവഹാരങ്ങളും ------------------------------------------------------------

ബഷീര്‍ ദ മാന്‍ എന്ന പേരില്‍ എം എ റഹ്മാന്റെ ഒരു ഡോക്യുമെന്ററിയുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൗതികവും ആന്തരികവുമായ ജീവിതം മനോഹരമായി അവതരിപ്പിക്കുന്ന ചിത്രം. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ആ ചിത്രം കാണാനിടയായി. അതിലൂടെ അലസമായി കടന്നുപോകവേ ബഷീറിന്റെ ഒരു വാചകം വല്ലാതെ ആകര്‍ഷിച്ചു. തന്നെ കമ്യൂണിസ്റ്റായി 'ബ്രാന്റ്' ചെയ്ത കാലത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയാണ്. കുറേ നാളുകളായി കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ്  
തീവ്രവാദ ആരോപണം ചുമത്തി   La Cause du Peuplesâ യുടെ
എഡിറ്റര്‍മാരെ അറസ്റ്റു ചെയ്തതില്‍  പ്രതിഷേധിച്ച്  എഡിറ്റര്‍സ്ഥാനം  ഏറ്റെടുത്ത സാര്‍ത്  പാരീസില്‍ പത്രം വിതരണം ചെയ്യുന്നു

ബഷീറിന്റെ  സംഭാഷണം ശ്രദ്ധേയമായി തോന്നിയത്. തൃശൂര്‍ കല്യാണ്‍ സില്‍ക്കിലെ സമരം നടക്കുന്നതിനിടയില്‍ മാവോയിസ്‌റ്റെന്ന് 'ആരോപിക്കപ്പെടുന്ന'വരെ സമരത്തില്‍ നിന്ന് മാറ്റി നര്‍ത്തണമെന്ന് എഴുത്തുകാരി സാറാ ജോസഫ് നിര്‍ദ്ദേശിച്ചുവെന്ന വാര്‍ത്ത പരന്നിരുന്നു. അത് കെട്ടുകഥയാണെന്ന വാദവും കേട്ടിരുന്നു. അതേക്കുറിച്ചുള്ള  സംശയം മാറ്റിവെച്ചാലും ഈ ചര്‍ച്ച കേരളത്തില്‍ സജീവമാണ്. അതിനെ രാഷ്ട്രീയമായി പരിശോധിക്കാനുള്ള ശ്രമമാണ് ഈ കുറിപ്പ്.


മാവോയിസ്റ്റ് ആരോപിതര്‍


'മാവോയിസ്റ്റ്' എന്ന ഒറ്റ പദം കൊണ്ട് ഒരു പറ്റം മനുഷ്യരെ വിശേഷിപ്പിക്കുന്നതാണ് നടപ്പുരീതി. അടിച്ചമര്‍ത്താനുദ്ദേശിക്കുന്ന ഏതിനോടും അധികാരം ഈ ലളിതവല്‍ക്കരണതന്ത്രം ഉപയോഗിക്കാറുണ്ട്. സൂക്ഷ്മമായി പരിശോധിച്ചാല്‍ മാവോയിസ്റ്റുകളെന്ന് വ്യവഹരിക്കപ്പെടുന്നവരില്‍ മൂന്നു വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു. മാവോയിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍, മാവോയിസ്റ്റ് അനുകൂല സംഘടനാ പ്രവര്‍ത്തകര്‍, മാവോയിസ്റ്റു പ്രശ്‌നത്തില്‍ ഇടപെടുന്നതിലൂടെ മാവോയിസ്റ്റ് ബന്ധം 'ആരോപിക്ക'പ്പെടുന്നവര്‍. ഇതില്‍ മാവോയിസ്റ്റുകള്‍ നമ്മുടെ ചര്‍ച്ചയുടെ ഭാഗമല്ല. കാരണം സര്‍ക്കാരുമായി യുദ്ധംപ്രഖ്യാപിച്ച ഇവര്‍ തന്ത്രപ്രധാനമായ
ബഷീര്‍ ദ മാന്‍

പ്രവര്‍ത്തനമേഖലകളിലാണ് സജീവമാകാറുള്ളത്. മാവോയിസ്റ്റ് അനുകൂല സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരും വ്യത്യസ്തരല്ല. മാവോയിസവുമായി ബന്ധപ്പെട്ട ആശയപ്രചരണമാണ് ഇവരുടെ മുഖ്യ ജോലി. ഇവരെയും ഒഴിവാക്കിയാല്‍ അവശേഷിക്കുന്ന മൂന്നാമത്തെ വിഭാഗമാണ് അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നത്.
സൂക്ഷമമായി പരിശോധിച്ചാല്‍ മാവോയിസ്റ്റ്മുദ്ര ചാര്‍ത്തപ്പെടുന്നവരിലും പല തരക്കാരുണ്ട്. മാവോയിസ്റ്റ് കേസുകളിലും മറ്റും അറസ്റ്റിലാവുന്നവര്‍ക്ക് നിയമസഹായം കൊടുക്കുന്നവര്‍, മാവോയിസ്റ്റ് വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നവര്‍, മാവോയിസ്റ്റുകളോടുള്ള ഭരണകൂടഇടപെടല്‍ നിയമപരമായിരിക്കണമെന്ന് ശഠിക്കുന്നവര്‍, പൗരാവകാശപ്രവര്‍ത്തകര്‍, വിമതസ്വരമുയര്‍ത്തുന്നവര്‍, ചിലപ്പോള്‍ ഇടത് ലിബറലുകളും. പൊതുബോധവുമായി ഇടയുന്ന ഏതു പ്രതിഭാസവും മാവോയിസ്റ്റ്മുദ്രയുടെ ഭാഗമായേക്കാം. 'ബോബ് മാര്‍ലി ടി ഷര്‍്ട്ട്, കുരിശ്, കഞ്ചാവിലയുടെ ചിത്രം, അലസമായ വസ്ത്രം, തൊപ്പി, ലാപ്‌ടോപ്പ്, മൊബൈല്‍ഫോണ്‍, 'പുറത്തു'നിന്നുവന്നവര്‍...  ഇവയൊക്കെ സമീപകാലത്ത് മാവോയിസ്റ്റ് ചിഹ്നസംഹിതയിലേക്ക് ചേര്‍ക്കപ്പെട്ട ബിംബങ്ങളാണ്. കഴിഞ്ഞ ദിവസം വന്ന പത്രവാര്‍ത്തയനുസരിച്ച് മുസ്ലിംസംഘടനകളും മാവോയിസ്റ്റുകളും പരസ്പരാശ്രിതരാണ്. ഈ രംഗത്തെ ഏറ്റവും പുതിയ രൂപകവും ഇതത്രെ.
തുഷാര്‍ നിര്‍മല്‍ സാരഥി
പോലിസ് കസ്റ്റഡിയില്‍

 മാവോയിസ്റ്റ് മുദ്ര ചുമത്തപ്പെട്ടവര്‍ ഏറെക്കുറെ മുകളില്‍ കൊടുത്ത ഏതെങ്കിലും വിഭാഗത്തില്‍ ഉള്‍പ്പെടും. പുതിയ ഇമേജറികള്‍ കാലക്രമത്തില്‍ രൂപം കൊള്ളാനും സാധ്യതയുണ്ട്. ഇത്തരം ബിംബകല്‍പനകളിലൂടെയാണ് അധികാരം അപരവല്‍ക്കരണത്തിന്റെ സങ്കീര്‍ണതലം സൃഷ്ടിക്കുന്നത്. അതിലേക്ക് കടക്കും മുന്‍പ് അപരവരല്‍ക്കരണവും അധികാരവും എന്ന പ്രമേയം ഇന്ത്യന്‍ സാഹചര്യത്തില്‍ പരിശോധിക്കേണ്ടതുണ്ട്.

അപരവല്‍ക്കരണവും അധികാരവും


എല്ലാ സാമൂഹികനിര്‍മിതികളിലും അപരവല്‍ക്കരണം പൊതുപ്രവണതയാണ്. ദേശീയതാസങ്കല്‍പങ്ങളില്‍പോലും ഇതു പ്രവൃത്തിക്കുന്നു. അതേസമയം അപരങ്ങള്‍ ഒരു സ്ഥിരരാശിയല്ല, രാഷ്ട്രീയസാമൂഹിക ചലനങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെടുന്നു. ഒരേസമയം നിരവധി അപരങ്ങളുമുണ്ടാകാം. ഭരണകൂടത്തിന്റെയും അധികാരത്തിന്റെയും വ്യവഹാരങ്ങളിലും അപരങ്ങള്‍ നിതാന്ത സാന്നിദ്ധ്യമാണ്. ഇന്ത്യയുടെ വിശാലമായ ചരിത്രത്തില്‍ അധികാരം വ്യത്യസ്ത അപരങ്ങളെ ആവശ്യാനുസരണം നിര്‍മിച്ചിട്ടുണ്ട്. സ്വാതന്ത്ര്യപൂര്‍വ്വകാലത്ത് കോണ്‍ഗ്രസ് ഒരു അപരവ്യവഹാരമായിരുന്നു. എന്നാല്‍ സ്ഥലകാലങ്ങളില്‍ ഇത് ഏകതാനതയോടെ പ്രവര്‍ത്തിക്കണമെന്നില്ല. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ പ്രവിശ്യാനിയമസഭകളിലെ അധികാരത്തിന്റെ ഭാഗമാകുന്നതോടെ കോണ്‍ഗ്രസിന് ചിലയിടങ്ങളിലെങ്കിലും ഇതില്‍ നിന്ന് തെന്നിമാറാനായിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം അധികാരത്തിലെത്തിയ ഇവര്‍ പിന്നീട് അപരനിര്‍മിതിയുടെ കര്‍തൃസ്ഥാനത്തെത്തിച്ചേര്‍ന്നു. സ്വാതന്ത്ര്യത്തിന്റെ തൊട്ടു മുന്‍പും ശേഷവുമുള്ള കുറേ കാലം ഈ നുകം കമ്യൂണിസ്റ്റുകളുടെ ചുമലിലായിരുന്നു. വ്യത്യസ്ത ചിന്തകള്‍ പുലര്‍ത്തുന്നവര്‍ക്ക് ഇക്കാലത്ത് ഭരണകൂടം കമ്യൂണിസ്റ്റ്മുദ്ര ചാര്‍ത്തിപ്പോന്നു. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലെ  വിശ്വാസിയായിരുന്ന ഒരാളെപ്പോലും അത് വെറുതെവിട്ടില്ല.
അടുത്ത ഊഴം നക്‌സലൈറ്റുകളുടേതായിരുന്നു. സ്വാതന്ത്ര്യാനന്തം വ്യാപകമായ നിരാശയും അതൃപ്തിയും സമൂഹത്തെ ഇളക്കിമറിച്ചിരുന്ന കാലത്താണ് നക്‌സലൈറ്റുകളുടെ വളര്‍ച്ച. ഈ അപരവര്‍ക്കരണപ്രക്രിയയില്‍ നക്‌സലൈറ്റുകളും അല്ലാത്തവരുമായ ആയിരങ്ങള്‍  ബലിയര്‍പ്പിക്കപ്പെട്ടു. നക്‌സലൈറ്റ് രാഷ്ട്രീയവ്യവഹാരത്തിന്റെ പിന്തുടര്‍ച്ചക്കാരാണെങ്കിലും മാവോയിസ്റ്റുകള്‍ അപരവ്യവഹാരമായിട്ട് അധികമായില്ല. എം.സി.സിയും നക്‌സല്‍ബാരിയും പോലുള്ള മാവോയിസ്റ്റ് പാര്‍ട്ടികള്‍ നേരത്തേ ഉണ്ടായിരുന്നെങ്കിലും 2004ല്‍ സിപിഐ മാവോയിസ്റ്റിന്റെ രൂപീകരണത്തോടെയാണ് ഇത് സജീവമാകുന്നത്. ഇതിന്റെ ഏറ്റവും പ്രശസ്തനായ ഇര ഒരുപക്ഷേ, ഡോ. ബിനായക്‌സെന്‍ ആയിരിക്കും.

മാവോയിസ്റ്റ് വ്യവഹാരവും കേരളവും

മാവോയിസം ഒരു അപരവ്യവപാഹമായി കേരളത്തില്‍ വേരുപിടിക്കുന്നത് അന്യസംസ്ഥാനതൊഴിലാളികളുമായി ബന്ധപ്പെട്ടാണ്. 2000 മുതല്‍ തന്നെ ആലുവ-പെരുമ്പാവൂര്‍ മേഖലയില്‍ അന്യസംസ്ഥാനതൊഴിലാളികള്‍ സജീവമായിരുന്നു. അവിടത്തെ ഇഷ്ടികക്കളങ്ങളും പ്ലൈവുഡ് ഫാക്ടികളുമായിരുന്നു ഇവരുടെ കേന്ദ്രം. ഇതേ മേഖല അതിനു മുന്‍പ് തമിഴരുടെ
അന്യസംസ്ഥാന തൊഴിലാളികള്‍
കുടിയേറ്റമേഖലയായിരുന്നു. കുടുംബവുമായി കുടിയേറിയ ഇവരെ നാട്ടുകാര്‍ 'അണ്ണാച്ചി'കളാക്കി അകറ്റിനിര്‍ത്തി. ആലുവ-ഏലൂര്‍ പ്രദേശത്ത് ഇവരുടെ കോളനികള്‍ ഇപ്പോഴുമുണ്ട്. അടുത്ത ഊഴം ഉത്തരേന്ത്യക്കാരുടേതായിരുന്നു. ബംഗാള്‍, ബീഹാര്‍, ഒറീസ, യുപി എന്നിവിടങ്ങളില്‍ നിന്നുള്ള ഇവര്‍, തമിഴരില്‍ നിന്ന് വ്യത്യസ്തമായി കുടുംബസമേതമായിരുന്നില്ല വന്നത്. ബംഗ്ലാദേശി അനധികൃത  കുടിയേറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇക്കാലത്ത് സജീവമായി. അതുപക്ഷേ, നീണ്ടുനിന്നില്ല. അതിനിടയിലാണ് മാവോയിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ സജീവമായത്. 2008 ആവുമ്പോഴേക്കും അന്യസംസ്ഥാനതൊഴിലാളികളും മാവോയിസ്റ്റുകളും ഉള്‍പ്പെടുന്ന പുതിയൊരു ചിഹ്നവ്യവസ്ഥ രുപം കൊണ്ടു.
അന്യസംസ്ഥാനതൊഴിലാളികളിലൂടെ മാവോയിസ്റ്റുകള്‍ നുഴഞ്ഞു കയറുന്നുവെന്നായിരുന്നു പ്രചരണം. ബംഗാളി സംസാരിക്കുന്ന പലരും മാവോയിസ്‌റ്റെന്ന പേരില്‍ അക്കാലത്ത് അറസ്റ്റു ചെയ്യപ്പെട്ടു. പെരുമ്പാവൂര്‍, മുവാറ്റുപുഴ മേഖലകളില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ റെയ്ഡുകള്‍ വ്യാപകമായി. കുടിയേറ്റക്കാര്‍ പോലിസ്‌സ്‌റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന പ്രാദേശികമായ നിര്‍ദ്ദേശം പോലും ഇക്കാലത്തുണ്ടായി. ഇതിനിടയില്‍ മാവോയിസ്റ്റ് നേതാവ് മല്ലരാജറെഡി അങ്കമാലിയില്‍ അറസ്റ്റിലായി. അന്യസംസ്ഥാനതൊഴിലാളികളുമായി ബന്ധപ്പെട്ട മാവോയിസ്റ്റ് അപരവ്യവഹാരങ്ങള്‍ ഇതോടെ വര്‍ധിച്ചുവെങ്കിലും താമസിയാതെ അതും ശോഷിച്ചു.
മാവോയിസ്റ്റ് നേതാവ് മല്ലരാജറെഡി
പക്ഷേ, ഈ അപരത്തിന്റെ മറ്റൊരു ആവര്‍ത്തനം പിന്നീട് മറ്റൊരു രൂപത്തില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. കാതിക്കുടം നീറ്റാ ജലാറ്റിന്‍ സമരകാലത്തായിരുന്നു അത്. സമരത്തില്‍ പുറത്തുനിന്നു ചിലര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന പ്രസ്താവനയോടെ ടി.എന്‍. പ്രതാപനാണ് അതിനു തുടക്കമിട്ടത്. പോലിസും പത്രങ്ങളും മാവോയിസ്റ്റ് സാന്നിദ്ധ്യത്തിന്റെ കഥകളുമായി അതിനെ മോടിപിടിപ്പിച്ചു. കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പ്രതാപന്‍തന്നെ പുറത്തുനിന്നു വന്നതാണെന്നത് അദ്ദേഹത്തെ ആരോപണമുയര്‍ത്തുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചില്ല. 'കേരളം കാതികൂടമാണ്' എന്ന ലോജിക്കിലൂടെയാണ് സമരക്കാര്‍ ഇത് മറികടക്കാന്‍ ശ്രമിച്ചത്. അന്യസംസ്ഥാനതൊഴിലാളികളുടെ കാര്യത്തില്‍ മലയാളി / മലയാളിയല്ലാത്ത എന്നായിരുന്നുവെങ്കില്‍ കാതികുടത്ത് നാട്ടുകാരന്‍/ വരത്തന്‍ എന്നായി അത് പരിവര്‍ത്തിക്കപ്പെട്ടു.

അപരവല്‍ക്കരണത്തിന്റെ രാഷ്ട്രീയതന്ത്രങ്ങള്‍

 അപരവല്‍ക്കരിക്കപ്പെട്ട പ്രതിഭാസം നിരവധി കൊളുത്തുകളുളള ഒരു ഹാങ്ങര്‍ പോലെയാണ്. എന്തും അതില്‍ തൂക്കിയിടാം. അതേസമയം അപരവും അപരവല്‍ക്കരിക്കപ്പെട്ട പ്രസ്ഥാനവും രണ്ടും രണ്ടാണ്. അതായത് കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയും കോണ്‍ഗ്രസ് എന്ന അപരവും ഒന്നല്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയും കമ്യൂണിസ്റ്റ് അപരവും രണ്ടു പ്രതിഭാസങ്ങളാണ്. നക്‌സലൈറ്റ് മാവോയിസ്റ്റ് പ്രതിഭാസങ്ങളും വ്യത്യസ്തമല്ല. തികച്ചും സ്വതന്ത്രമായ രൂപത്തില്‍ അപരം
ജെയ്‌സന്‍ കൂപ്പര്‍
പൊതുബോധത്തിനുള്ളില്‍ പടര്‍ന്നു പന്തലിക്കുകയാണ് ചെയ്യുന്നത്. അധികാരവും പോലിസ് സംവിധാനങ്ങളും  അപരവല്‍ക്കരിക്കപ്പെട്ട പ്രസ്ഥാനത്തെ, ആശയത്തെ, പിശാചുവല്‍ക്കരിക്കുന്നതാണ് ആദ്യ ഘട്ടം. യുക്തിരഹിതമായ ഒരുകൂട്ടം മനുഷ്യരുടെ ചെയ്തിയായി ഇവ വ്യവഹരിക്കപ്പെടുന്നു. ഈ ഘട്ടത്തില്‍ ഇത്തരം  പ്രസ്ഥാനങ്ങള്‍ സ്വയം രാഷ്ട്രീയസ്വത്വമെന്ന നിലയില്‍ വിശേഷിപ്പിക്കപ്പെടുന്നതിനു വേണ്ടിയായിരിക്കും ശ്രമിക്കുക.  ഇത്തരം ഇടപെടലുകളാല്‍ സമൃദ്ധമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം. അക്കാലത്ത് കമ്യൂണിസ്റ്റുകളും ഭഗത്സിങ്പാതക്കാരും 'ഗൂഢാലോചനക്കാര്‍', 'അപകടകാരികള്‍' എന്നൊക്കെയാണ് വിശേഷിക്കപ്പെട്ടിരുന്നത്.  കോണ്‍ഗ്രസുകാരുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല. പിശാചുവല്‍ക്കരണത്തിന്റെ ഈ ഘട്ടം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പിന്നീട് ഇതുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ പലതും ഇതിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുന്നു. മാവോയിസ്‌ററ് അപരവ്യവഹാരങ്ങളുടെ ചരിത്രത്തിലും ഈ പ്രവണതകള്‍ കാണാം. ബോബ് മാര്‍ലിയും കഞ്ചാവും മുഷിഞ്ഞ വസ്ത്രവും ഒക്കെ ഇങ്ങനെ കൂട്ടിച്ചേര്‍ക്കപ്പെട്ട ചിഹ്നങ്ങളാണ്. തൊപ്പിയും താടിയും മുസ്ലിംതീവ്രവാദത്തിന്റെ
ചിഹ്നമാകുന്നതുപോലെത്തന്നെയാണ് ഇതും.
തങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാകാത്ത എന്തിനേയും ഈ ചിഹ്നാവലിയിലേക്ക് കൂട്ടിച്ചേര്‍ത്തുകൊണ്ട് അപവവ്യവഹാരം അതിന്റെ ഏറ്റവും അപകടം നിറഞ്ഞ ഇടങ്ങളിലെത്തിച്ചേരുന്നത് അടുത്ത ഘട്ടത്തിലാണ്. മാവോയിസ്റ്റു പാര്‍ട്ടിയുമായി ഇത്തരത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നവയ്ക്ക് എന്തെങ്കിലും ബന്ധം വേണമെന്ന നിര്‍ബന്ധമൊന്നുമില്ല. ഉദാഹരണം ചുംബനസമരം തന്നെ. അമ്പതില്‍ താഴെ ആളുകള്‍ മാത്രം പങ്കെടുത്ത ചുംബനസമരത്തെ മാവോയിസ്റ്റ് സമരമാക്കി പോലിസ് പരിവര്‍ത്തിക്കുകയായിരുന്നു. അതേസമയം പോലിസിനെക്കൂടാതെ ഈ അപരവല്‍ക്കരണത്തില്‍ മറ്റു ചിലരും പങ്കുവഹിക്കുകയുണ്ടായി. അപരവല്‍ക്കരണത്തിന്റെ ഭീഷണമായ മറ്റൊരു മുഖമാണ് അത്.


അപരവല്‍ക്കരണത്തിന്റെ ഇരട്ടമുഖം

അപരവല്‍ക്കരണം ഇരട്ടമുഖമുള്ള ഒരു പ്രതിഭാസമാണ്. ഒരു ഭാഗത്ത് അധികാരം അപരങ്ങളെ സൃഷ്ടിക്കുന്നു. പക്ഷേ, അത് ആ പ്രതിഭാസത്തിന്റെ വളര്‍ച്ചയില്‍ പാതി മാത്രമേ ആകുന്നുള്ളൂ. ബാക്കി പാതി പൊതുമണ്ഡലത്തിലാണ് പൂര്‍ത്തിയാകുന്നത്. ഈ പൂര്‍ത്തിയാക്കലില്‍ മാവോയിസ്റ്റ് ഇതര പ്രസ്ഥാനങ്ങളും ബുദ്ധിജീവികളും മാധ്യമങ്ങളും എന്തിന് ചിലപ്പോള്‍ മാവോയിസ്റ്റ് അനുഭാവികള്‍ പോലും പങ്കുവഹിക്കുന്നു.
 ഭരണകൂടം ഒരാള്‍ക്കെതിരെ മാവോയിസ്റ്റ് മുദ്ര ചാര്‍ത്തുന്നുവെന്ന് സങ്കല്‍പിക്കുക. ഈ പ്രശ്‌നത്തെ സാമൂഹ്യപ്രവര്‍ത്തകര്‍ എങ്ങനെയായിരിക്കും സമീപിക്കുക? 'മാവോയിസ്റ്റെന്ന'് ആരോപിച്ച് ഒരാളെ പീഢിപ്പിക്കരുതെന്ന് അവര്‍ ആവശ്യപ്പെടും. ഇതുപക്ഷേ, പുതിയ ഒരു വ്യവഹാരത്തിന് രൂപം നല്‍കുന്നു. 'മാവോയിസ്റ്റായ' ഒരാളെ ഭരണഘടനാവിരുദ്ധമായി പീഢിപ്പിക്കാനുള്ള അവകാശം നല്‍കിക്കൊണ്ട് പൊതുസമൂഹം നല്‍കുന്ന ബ്ലാങ്ക്‌ചെക്കാണ് അത്. അതായത് ഒരാളുടെ ഭരണഘടനാപരമായ അവകാശധ്വംസനത്തിനെതിരെയുള്ള വിമര്‍ശനം മറ്റൊരാളോടുള്ള അനീതിയായി മാറുന്നു. മാവോയിസ്റ്റു പ്രശ്‌നവുമായി അപരവല്‍ക്കരിക്കുന്നവരില്‍ പലരും ഇവരുമായി പുലബന്ധം പോലുമില്ലാത്ത സാഹചര്യത്തില്‍ ഈ അപരവല്‍ക്കരണ പ്രക്രിയ അതിന്റെ അറ്റത്തോളമെത്തുന്നു.
ഷഫീക്കിന്റെ പോസ്‌ററില്‍ നിന്ന്‌
'കേരളത്തിലെ സമരഭൂമി'കളെക്കുറിച്ചുള്ള ഗവേഷണത്തിനായി മേപ്പാടി-വിത്തുകാട് ഭൂസമര കേന്ദ്രത്തിലെത്തിയ ഏതാനും പേരുടെ അനുഭവം നോക്കുക.  ഇവരെ 2013 ജൂണില്‍ 'മാവോയിസ്റ്റ് സംശയ 'ത്തിന്റെ പേരില്‍ പോലിസ് അറസ്റ്റു ചെയ്യുകയായിരുന്നു. അതിനോട് പൊതുസമൂഹവുംമനുഷ്യാവകാശപ്രവര്‍ത്തകരും  എടുത്ത നിഷേധാത്മക സമീപനത്തോട് അവരിലൊരാളായ ഷഫീക് എച്ച് തന്റെ  ഫേസ്ബുക്ക്‌പേജില്‍ രോഷത്തോടെ പ്രതികരിച്ചതിങ്ങനെ: 'ഈ മനുഷ്യാവകാശ പ്രവര്‍ത്തകരൊക്കെ കഴിഞ്ഞ ഒരാഴ്ചയായി പത്രപാരായണം ഇല്ലത്രേ..' തുടര്‍ന്ന് അദ്ദേഹം എഴുതി: 'മാ…' എന്ന അക്ഷരം ചേര്‍ത്തു പോലിസ് പറയാന്‍ തുടങ്ങിയാല്‍ മനുഷ്യാവകാശത്തിന്റെ ഗിരിപ്രഭാഷണങ്ങള്‍ നടത്തുന്ന നമ്മുടെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഞങ്ങള്‍ അഞ്ചുപേര്‍ രണ്ടു ദിവസം പോലിസ് കസ്റ്റഡിയില്‍ ആയിരുന്നിട്ടും അതിനു ശേഷവും ഒന്നും ശബ്ദിച്ചുകണ്ടില്ല. ഞങ്ങള്‍ അങ്ങോട്ടു വിളിച്ചു ചോദിച്ചപ്പോള്‍ എല്ലാര്‍ക്കും ഒരേ ഉത്തരം: പേപ്പര്‍ വായിച്ചില്ല, അറിഞ്ഞില്ല.'' മാവോയിസ്റ്റു പാര്‍ട്ടിയുമായി ബന്ധമില്ലാത്തവരാണിവിടെ അപരവ്യവഹാരങ്ങളുടെ ഭാഗമായി തടവറയ്ക്കുള്ളിലായത്.
ഭരണഘടനയെ കാറ്റില്‍ പറത്തുന്ന ഒരു വിഭാഗത്തിന് ഭരണഘടനാപരമായ അവകാശങ്ങളുണ്ടോ എന്നും മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യമല്ലേ ഇതിനൊക്കെ കാരണമെന്നുമുള്ള രണ്ടു ചോദ്യങ്ങളാണ് ഇതിനോടുള്ള പ്രതികരണമായി പലരും ഉയര്‍ത്തുക പതിവ്. ഇതില്‍ ആദ്യ ചോദ്യം ഭരണഘടനാനിഷേധമാണ്. കാരണം ഭരണകൂടത്തിന്, പൗരനു മേല്‍ അധികാരം ലഭിക്കുന്നത് ഭരണഘടനാപരമായിട്ടാണ്. ആ ഭരണഘടനയെ നിഷേധിക്കുന്നതോടെ അധികാരശക്തിയ്ക്ക് ആദ്യം നഷ്ടപ്പെടുന്നത് മറ്റൊരാളെ വിധിക്കാനുള്ള അവകാശമാണ്. മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യമാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന നിഗമനവും ഇതുപോലെത്തന്നെ. അപരവ്യവഹാരം അധികാരത്തിന്റെ ബലതന്ത്രമാണ്. പ്രവര്‍ത്തനരീതിയുമാണ്. ഇതല്ലെങ്കില്‍ മറ്റൊരു അപരത്തെ അത് ഉടന്‍ സങ്കല്‍പിച്ചെടുക്കും.

ആരോപണവ്യവസായവും ബുദ്ധിജീവികളും

ഫ്രഞ്ച് മാവോയിസ്റ്റ് അനുകൂല വാരികയായ La Cause du Peuplesâ ന്റെ പ്രസിദ്ധീകരണം 1970 ല്‍ ഭരണകൂടം തടഞ്ഞു. സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യലും മോഷണം, പിടിച്ചുപറി, കലാപം എന്നിവയ്ക്കു പ്രേരിപ്പിക്കലുമൊക്കെയായിരുന്നു ചുമത്തിയ കുറ്റം. താമസിയാതെ രണ്ട് എഡിറ്റര്‍മാര്‍ അറസ്റ്റിലാവുകയും ചെയ്തു. ഒരു പ്രതിഷേധമെന്ന നിലയില്‍ അടുത്ത ലക്കം സാര്‍ത്രാണ് എഡിറ്റ് ചെയ്തത്. അദ്ദേഹം അത് എഡിറ്റു ചെയ്യുകമാത്രമല്ല പാരീസില്‍ പരസ്യമായി വില്‍ക്കുകയും ചെയ്തു. സാര്‍ത്രിനെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്‌തെങ്കിലും ഉടന്‍ വിട്ടയച്ചു. അതേക്കുറിച്ച് ഫ്രഞ്ച് ജനറല്‍ പറഞ്ഞ ഉത്തരം പിന്നീട് ഒരു പ്രയോഗമായി മാറി. 'വോള്‍ട്ടയറെ ജയിലിലടക്കുകയില്ല' എന്നായിരുന്നു അത്.  അത് ഫ്രാന്‍സില്‍, നാം കേരളത്തിലേക്ക് തിരിച്ചെത്തുക. സാറാജോസഫിനെപോലെ ഒരാള്‍ അല്ലെങ്കില്‍ മറ്റൊരു ബുദ്ധിജീവി മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ടതിന്റെ പേരില്‍ ചിലരെ ബഹിഷ്‌ക്കരിക്കുന്നത് ധാര്‍മികമായി ശരിയാണോ? മാവോയിസ്റ്റു ബന്ധം ആരോപിക്കുക എന്നത് അധികാരത്തിന്റെ ഒരു പ്രത്യയശാസ്ത്ര പ്രവര്‍ത്തനമാണെന്നാണ് നമ്മുടെ വിശകലനം തെളിയിച്ചത്. മാവോയിസവുമായി ബന്ധമില്ലാത്തവരും ഇത്തരത്തില്‍ ആരോപണവിധേയരാവാറുണ്ട്. ഇതിന്റെ പേരില്‍ ഒരാളെ ബഹിഷ്‌കരിക്കുമ്പോള്‍ അധികാരത്തിന്റെ യുക്തിയ്ക്കനുസരിച്ച് സ്വന്തം നിലപാടുകളെ കരുപ്പിടിക്കുകയാണ്  ചെയ്യുന്നത്. ഇതില്‍ മറ്റൊരു അപകടം കൂടിയുണ്ട്. ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നതിലൂടെ അധികാരത്തിനു സമാന്തരമായി ബുദ്ധിജീവികള്‍ സ്വയം അപരവ്യവഹാരങ്ങളുടെ സ്രഷ്ടാക്കളായി തീരുന്നു. ചുംബനസമരത്തില്‍ ബാഹ്യശക്തികളുടെ നുഴഞ്ഞു കയറ്റമുണ്ടെന്ന 'സംഘാടകരുടെ' അഭിപ്രായം അധികം താമസിയാതെ പുതിയൊരു മാവോയിസ്റ്റ് അപരവ്യവഹാരത്ത സൃഷ്ടിക്കുകയുണ്ടായി. മഹാരാജാസ് കോളജ് ഹോസ്റ്റലിലെ റെയ്ഡില്‍ പോലിസ് ചുംബനസമരത്തില്‍ പങ്കെടുത്ത മാവോയിസ്റ്റുകളെ തെരഞ്ഞത് അതുകൊണ്ടാണ്. ജെസ്ണ്‍ കൂപ്പറുടെ സുഹൃത്തുക്കളാരാണെന്നായിരുന്നു മറ്റൊരു ചോദ്യം.
അതേസമയം ഒരു പ്രത്യേക കേസില്‍, സംഭവത്തില്‍ മാവോയിസ്റ്റ് ആരോപണ'ത്തിന്റെ പേരില്‍ ഒരാളെ പുറത്താക്കൂമ്പോള്‍ അത് അപ്പാടെ വിമര്‍ശിക്കപ്പെടേ കാര്യമാണെന്നും വാദിക്കാനാവില്ല. മറിച്ച് മുന്‍വിധിയോടെ ഒരു സൈദ്ധാന്തിക നിലപാടായി ബഹിഷ്‌കരണം നടപ്പാക്കുകയോ ആഹ്വാനം നടത്തുകയോ ചെയ്യുമ്പോഴാണ് പ്രശ്‌നം. കാരണം അധികാരവിധേയത്വമല്ലാതെ മറ്റൊന്നുമല്ല അത്. ഒപ്പം സ്വാതന്ത്ര്യത്തിനുശേഷം ഒരു സവിശേഷ വിഭാഗമെന്ന നിലയില്‍ നമ്മുടെ ബുദ്ധിജീവികള്‍ എത്തിച്ചേര്‍ന്ന പരിതാപകരമായ അവസ്ഥയും അത് സൂചിപ്പിക്കുന്നു. ഇടിയന്‍പോലിസുകാരുടെ ന്യായവാദങ്ങളിലേക്ക് അവര്‍ പരിവര്‍ത്തിക്കപ്പെട്ടിരിക്കുന്നു എന്നത് വേദനാജനകമാണ്. എങ്കിലും ഇവര്‍ സ്വയം തിരിച്ചറിഞ്ഞ് മുന്നോട്ട് വരേത് കാലത്തിന്റെ ആവശ്യമാണ്. അതിനവര്‍ സാര്‍ത്ര് ആവണമെന്നൊന്നുമില്ല. നമ്മെപ്പോലെ ഒരു കുരുവിയുടെ തലച്ചോറും വികാരങ്ങളുമുള്ള സാധാരണ മനുഷ്യരായാല്‍ മതി.                                                (മാവോയിസ്റ്റ് ആരോപണത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് തേജസ്                                     ദൈ്വവാരികയില്‍ എഴുതിയ കുറിപ്പ്്)