Thursday, May 15, 2008

അഴിക്കോടിന്റെ 'ക്രിക്കറ്റും ഇന്ത്യയും'

ഴിഞ്ഞ മേയ്‌ മാസം 9 ന്‌ സുകുമാര്‍ അഴിക്കോട്‌ മാതൃഭൂമിയില്‍ 'ഇത്‌ ക്രിക്കറ്റല്ല,ഇന്ത്യനുമല്ല' എന്ന പേരില്‍ ഒരു എഡിറ്റ്‌-പേജ്‌ ലേഖനമെഴുതിയിരുന്നു. ഏപ്രില്‍ 18 ന്‌ ആരംഭിച്ച ഐ.പി.എല്‍.ക്രിക്കറ്റും അതുയര്‍ത്തുന്ന ചില ചോദ്യങ്ങളും ആയിരുന്നു ആ ചെറു കുറിപ്പിന്റെ ഉള്ളടക്കം.
20-20
ലേഖനത്തില്‍ നിര്‍ണ്ണായകമായ 2 പ്രശ്നങ്ങളാണ്‌ അദ്ദേഹം ഉയര്‍ത്തിയത്‌.20-20 രൂപത്തിലേക്ക്‌ വെട്ടിച്ചുരുക്കിയ ക്രിക്കറ്റിന്റെ 'ഉത്തരാധുനിക രൂപമായ കീശപ്പതിപ്പിനോട്‌' ആണ്‌ ആദ്യത്തെ വിദ്വേഷം അദ്ദേഹം പ്രകടിപ്പിച്ചത്‌.ബാറ്റും ബോളും 3 വടികളുമല്ലാതെ മറ്റൊന്നും 20-20 കീശപ്പതിപ്പില്‍ മാറ്റമില്ലാതെ നിലനില്‍ക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.തട്ടിയും മുട്ടിയും നിന്ന് കളിച്ചാല്‍ ഓവറങ്ങു തീരുമെന്നതിനാല്‍ ബാറ്റ്‌ ആഞ്ഞുവീശുന്നവര്‍ക്കാണത്രെ കളിയില്‍ ജയം.'യാദൃച്ഛികതയും പേശീബലവും വേണ്ടവണ്ണം കൂട്ടിച്ചേര്‍ത്താല്‍' 20-20 യില്‍ വിജയം ഉറപ്പാണെന്നു പരിഹസിക്കുന്ന അദ്ദേഹം സത്യത്തില്‍ കളിയുടെ അടിസ്ഥാന നിയമങ്ങളെ നിഷേധിക്കുകയാണെന്ന് പറയാതെ വയ്യ.യാദൃച്ഛികതയുടെ മണ്ഡലത്തിനുള്ളിലാണ്‌ എല്ലാ കളികളും സാധ്യമാകുന്നതെന്ന കാര്യം അഴിക്കോടിനെപ്പോലെ ഒരാളെ പഠിപ്പിക്കേണ്ടതില്ല. അതേ സമയം ഒരു കളിക്കാരന്‍ തന്റെ പ്രതിഭയും കഴിവും ഉപയോഗിച്ചുകൊണ്ട്‌ യദൃച്ഛികതക്കുമുകളില്‍ വിജയം നേടുന്നതുകൊണ്ടാണ്‌ അയാള്‍ നല്ല കളിക്കാരനാവുന്നത്‌.അതു തന്നെയാണ്‌ കളിയെ ചൂതാട്ടത്തില്‍ നിന്ന് വേര്‍തിരിക്കുന്നതും. ഒരു പക്ഷേ കളികള്‍ക്കു മുകളില്‍ നിഴല്‍ വിരിക്കുന്ന ഈ അനിശ്ചിതത്വം തന്നെ യാണ്‌ കളിയുടെ ആസ്വാദ്യതയുടെ ഉറവിടവും.അസാധ്യതകളില്‍ നിന്ന് സാധ്യതയുണ്ടാക്കുകയെന്നതാണല്ലോ ഏറ്റവും പ്രതിഭാശാലിയായ കളിക്കാരന്റെ ലക്ഷണം. ഉരുണ്ട ആ പന്തുതന്നെ ഈ അനിശ്ചിതത്വത്തിന്റെ അടയാളമല്ലേ? ടെസ്റ്റ്‌ ക്രിക്കറ്റിന്റെ കാലത്ത്‌ 'ഏകദിനം' ഒരു കളിരൂപമായി കടന്നുവന്നപ്പോഴും 20-20 നെതിരെ ഇപ്പോള്‍ ഉയര്‍ന്നുവന്നതുപോലെയുള്ള നിരവധി വാദങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്‌.ഏകദിനത്തെ എന്‍.എസ്‌.മാധവന്റെ ഭാഷയില്‍ പറഞ്ഞാല്‍ അന്തികൃസ്തുവാക്കുന്ന ഒരു പ്രവണത അക്കാലത്തും സജീവമായിരുന്നു. ടെസ്റ്റ്‌ ക്രിക്കറ്റെന്ന പുണ്യവസ്തുവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇംഗ്ലീഷ്‌ കളി എഴുത്തുകാരുടെ ഇഷ്ട്‌ വിഷയമായിരുന്നു.അത്തരമൊരു വാദത്തിന്റെ പുനരവതാരമാണ്‌ ഇതെന്നതാണ്‌ വാസ്തവം.പുതിയവരെയും പുതിയ കാലത്തിന്റെയും സെന്‍സിബിലിറ്റിയെ തരം താണതായി കാണുന്ന ഒരു ചിന്തയുടെ പ്രകടനം കൂടിയാണ്‌ ഇതെന്ന് പറയാതെ വയ്യ.
ദേശീയത.
അഴിക്കോട്‌ എഴുതുന്നു...
'രാഷ്ട്രങ്ങളുടെ പ്രാതിനിധ്യമാണ്‌ പണ്ടുതൊട്ടേ ക്രിക്കറ്റുകളിക്കാരുടെ മുഖമുദ്ര..കളിയുടെ പ്രചോദനത്തിന്റെ അവസാന സ്ത്രോതസ്സാണ്‌ ദേശീയത. കളിയില്‍ തോല്‍ക്കാന്‍ തുടങ്ങുമ്പോള്‍ കളിക്കാരന്‍ തന്റെ ആവനാഴിയില്‍ നിന്ന് അവസാന അമ്പ്‌ പുറത്തെടുക്കുന്നു.. ദേശീയതയാണ്‌ ആ അവസാന അമ്പ്‌...'
സ്പോര്‍ട്സിനെക്കുറിച്ചുള്ള അഴിക്കോടിന്റെ ചിന്തയുടെ രീതി ആണിത്‌.
പക്ഷേ ഇത്തരം ഒരു സ്വത്വബോധത്തില്‍ നിന്നുകൊണ്ടു മാത്രമേ ഒരു കളിയെ നോക്കിക്കാണാന്‍ കഴിയൂ എന്നുണ്ടോ? പി.റ്റി.ഉഷ ഓടുമ്പോള്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നുവെന്ന മാനസീകാവസ്ഥയില്‍ മാത്രമാണോ പങ്കെടുക്കുന്നത്‌? കോപ്പ അമേരിക്ക കാണുമ്പോള്‍ ഇന്ത്യന്‍ ടീം ഇല്ലാതിരുന്നിട്ടും അത്‌ ആസ്വദിക്കാന്‍ നമുക്ക്‌ ബുദ്ധിമുട്ടുണ്ടാകുന്നുണ്ടോ? ഫുട്ബോള്‍ ലോകകപ്പിലും ഇതു തന്നെയല്ലേ സ്ഥിതി?അപ്പോള്‍ ദേശീയതയുമായി ബന്ധപ്പെട്ടുമാത്രമേ ഒരു കളി ആസ്വദിക്കാനാകൂ എന്നിടത്ത്‌ ഒരു പ്രശ്നമുണ്ടെന്നു തോന്നുന്നു.ഇന്ന് ലോകത്തില്‍ പലയിടത്തും കളി ദേശീയതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നത്‌ ശരിതന്നെ. ഇന്ത്യയില്‍ ക്രിക്കറ്റിന്റെ കാര്യത്തില്‍ വളരെ ശരിയുമാണിത്‌. ഇന്ത്യയുടെ സമകാലീന ദേശീയ സ്വത്വ നിര്‍മ്മിതിയില്‍(ഹൈന്ദവ ദേശീയതയെന്നു പറയുന്നതാണ്‌ കൂടുതല്‍ ശരി) ക്രിക്കറ്റ്‌ വലിയ പങ്കു വഹിക്കുകയുണ്ടായി എന്ന് നിരവധി പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌.പാക്കിസ്ഥാനെ ഒരു അപരമായി(രാഷ്ട) നിര്‍മ്മിച്ചെടുക്കുന്നതില്‍ ക്രിക്കറ്റ്‌ മുഖ്യപങ്കുവഹിച്ചു. അതിനെക്കുറിച്ച്‌
ഇവിടെ വായിക്കാം. ഈ സാഹചര്യത്തില്‍ ദേശീയതമാത്രമാണ്‌ സ്പോര്‍ട്സിന്റെ കാര്യത്തില്‍ ഒരേ ഒരു സാധുവായ സങ്കല്‍പ്പം എന്ന നിലപാടു ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ? ചുരുങ്ങിയ പക്ഷം ഇന്ത്യയുടെ കാര്യത്തിലെങ്കിലും.അതോടൊപ്പം ശരിയായ സ്പോട്സ്‌ ആസ്വദിക്കുന്നതിന്‌ ദേശീയത ലോകജനതയെ തടയുന്നില്ലെന്ന പാഠത്തിന്‌ ചരിത്രം തന്നെയാണ്‌ സാക്ഷി.
അധിക വായനക്ക്...
ജിനേഷ്.കെ.ജെ യുടെ ബ്ലോഗ് കാണുക

4 comments:

jinsbond007 said...

പ്രിയ ബാബുരാജ്,

ക്രിക്കറ്റിനെക്കുറിച്ചും ദേശീയതയെക്കുറിച്ചും ചില അഭിപ്രായങ്ങള്‍ ഇവിടെ ചേര്‍ത്തിട്ടുണ്ട്.

un said...

ഞാനും ഒരു സ്പോര്‍ട്സ് പ്രേമിയാണ്. ഇവിടെ സൂചിപ്പിച്ച രണ്ടു നിരീക്ഷണങ്ങളോടും യോജിക്കുന്നു. പക്ഷേ ഏറ്റവും അപകടകരമായി എനിക്കു തോന്നിയത് ജയ് പൂര്‍ സ്ഫോടനത്തിനു ശേഷം മീഡിയക്കാര്‍ക്ക് ആകെ ഉണ്ടായിരുന്ന ഉത്കണ്ഠ, ഷേയ്ന്‍ വോണും സംഘവും ജയ് പൂരില്‍ കളിക്കാനെത്തുമോ അതോ കളി തന്നെ നടക്കുമോ എന്നതു മാത്രയിരുന്നു എന്ന നിലക്ക് കാര്യങ്ങള്‍ മാറുന്നു എന്നതാണ്. ചൈനയിയില്‍ പതിനായിരക്കണക്കിന് ആളുകള്‍ ഭൂകമ്പത്തില്‍ ദാരുണമായി കൊല്ലപ്പെട്ടിട്ടും പത്രപേജുകളില്‍ നിറഞ്ഞു നില്‍ക്കുന്നത് ജയസൂര്യയുമാരുടെ സെഞ്ചുറി ആഘോഷ ചിത്രങ്ങളാണെന്നത് ആശങ്കയുണര്‍ത്തുന്നു. നമ്മുടെ പ്രിയോറിറ്റികള്‍ മാറി തുടങ്ങുന്നു എന്നതിന് ടി-20 നല്ല ഉദാഹരണമാണ്.

വിശാഖ് ശങ്കര്‍ said...

ഈ ബ്ലോഗ് കാണാന്‍ വൈകി. സത്യം.

നിങ്ങളുടെ നിരീക്ഷണങ്ങളോട് ഒരുപാട് യോജിക്കുന്നു.ഒരു കളിയെ ചൂതാ‍ട്ടത്തില്‍ നിന്നു വേര്‍തിരിക്കുന്ന ഘടകം കളിക്കാരന്റെ പ്രതിഭയാണ്.അത് ആവശ്യപ്പെടുന്ന ഒരു കളിയുടെ ഘടനയാണ്.20-20 എന്നത് 10-`10 ആയി ചുരുങ്ങിയാലും അത് ക്രിക്കറ്റ് കളിയായിരിക്കുന്നിടത്തോളം അതിന്റെ ദീര്‍ഘമായ രൂപങ്ങളില്‍ നിന്നും അന്യമാകുന്നില്ല.അതിജീവനത്തെ സംബന്ധിക്കുന്ന മറ്റേതു സമസ്യയേയും പോലെ അതും അഭിമുഖീകരിക്കുന്നത് സ്തല കാലങ്ങളെയാണ്.5 ദിവസം നീണ്ടാലും 20 ഓവറുകള്‍ നീണ്ടാലും അത് ഒരു കാല പരിമിതിയാണ്.അതിനുള്ളിലാണ് ഒരു കളിക്കാരന്‍ തന്റെ അസ്തിത്വത്തെ സാധൂകരിക്കേണ്ടത്.കളി നടക്കുന്നത് ഇന്ത്യയിലോ ഇംഗ്ലണ്ടിലോ മറ്റേതു സ്ഥല രാശിയിലോ ആവാം.അതിന്റെ വെല്ലുവിളികള്‍ക്കൊത്ത് അയാള്‍ക്ക് അയാളുടെ പ്രതിഭയെ അഡാപ്റ്റ് ചെയ്യേണ്ടിയും വരും .അങ്ങനെ ചെയ്യുന്നവനാണ് കളിക്കാരാന്‍.അയാള്‍ ചൂതാടിയില്‍ നിന്നും വ്യത്യസ്ഥനാവുന്നതും അതുകൊണ്ട് തന്നെ.

കളിയിലെ ദേശിയതയെ കുറിച്ചുള്ള അഴിക്കോടിന്റെ പരാമര്‍ശങ്ങള്‍ മറ്റോരു വിഷയത്തിലേയ്ക്ക് ആണ് വിരല്‍ ചൂണ്ടുന്നത്.ക്രിക്കറ്റ് കളി എന്തെന്ന് വ്യക്തമായി അറിയാത്ത ഇന്ത്യാക്കാറ് പോലും ഇന്ന് ക്രിക്കറ്റ് കളി മെനക്കെട്ടിരുന്ന് കാണാറുണ്ട്.അത് കളിയോടുള്ള സ്നേഹം കൊണ്ടല്ല.അത് വിശദമായ മനശാത്ര അപഗ്രഥനം ആവശ്യപ്പെടുന്ന ഒന്നാണ്.ഹോക്കി തുടങ്ങിയ കളികളെ ക്രിക്കറ്റ് അട്ടിമറിച്ചു എന്ന പരാതിക്കുമുള്ള മറുപടി ഇതാണ്.ഒരു രാജ്യം ഏത് കളിയിലൂടെ അതിന്റെ സ്വത്വത്തെ അഭിമാനാര്‍ഹമാം വിധം ഉയര്‍ത്തി കാട്ടുന്നുവോ ആ കളിക്ക് ആ രാജ്യത്ത് ആരാധകരുണ്ടാവും.ധ്യാന്‍ചന്തിന്റെ കാലത്ത് ഹോക്കിക്ക് ഇന്ത്യന്‍ മനസ്സുകളില്‍ ഉണ്ടായിരുന്ന പ്രതാപം ഇപ്പൊ ക്രിക്കറ്റ് കയ്യടക്കിയതിനു കാരണവും മറ്റൊന്നല്ല.

പ്രസക്തമായ പോസ്റ്റിന് അഭിനന്ദനങ്ങള്‍, ഒരിക്കല്‍ കൂടി.

ബാബുരാജ് ഭഗവതി said...

നന്ദി വിശാഖ്