Monday, April 28, 2008

കുട്ടനാട്ടിലെ പാടത്തു പണിയെടുക്കുന്ന ദളിതനുവേണ്ടി ആരുവാ‍ദിക്കും

ഇടക്കാലത്തു അപ്രതീക്ഷിതമായി പെയ്ത മഴ കേരളത്തിലെ കര്‍ഷകന്റെ നട്ടൊല്ലൊടിക്കുന്നതായിരുന്നു. ഇത് കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തില്‍ നിരവധി ചര്‍ച്ചകള്‍ക്ക് കാരണമായി. ഇത്തരം മേഖലയിലെ യന്ത്രവല്‍ക്കരണം ഉണ്ടക്കുന്ന ദോഷഫലങ്ങളെ കുറിച്ച് ഇടതുപക്ഷവും അതെത്രമാത്രം അത്യന്താ‍പേക്ഷിതമാണെന്ന് വലതുപക്ഷവും ആവര്‍ത്തിച്ചു വാദിച്ചു. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മുണ്ടു മടക്കിക്കുത്തി കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ കൊയ്ത്തു യന്ത്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഇവിടെയൊക്കെ മുഴങ്ങിക്കേട്ട വിലാപങ്ങള്‍ നിനച്ചിരിക്കാതെ അകാലത്തില്‍ പെയ്തമഴ കര്‍ഷകര്‍ക്ക് ഉണ്ടാക്കിയ സാമ്പത്തിക തകര്‍ച്ചയെ കുറിച്ചുള്ളതാണ്, അത് 100% സത്യവുമാണ്,തര്‍ക്കമില്ല.
അതിന്റെ ഭാഗമായി സര്‍ക്കാര്‍ തന്നെ കര്‍ഷകര്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു.
(അത് പൂര്‍ണ്ണമായും വിതരണം ചെയ്തോ എന്നത് മറ്റൊരു കാര്യം)
ചാനലുകാളായ ചാനലുകളൊക്കെത്തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് തങ്ങളുടെ സമയത്തിന്റെ ന‍ല്ലൊരു ഭാഗവും നീക്കി വെക്കുകയും ചെയ്തു.


പക്ഷേ, പലരും ചൂണ്ടിക്കാണിക്കാതിരുന്ന ഒരു കാര്യം (ചെങ്ങറ സമരവുമായി ബന്ധപ്പെട്ട ഐക്യദാര്‍ഡ്യസമിതിയാണ് ഈ പ്രശ്നം ഉന്നയിച്ചിരുന്നത് ) പണി മുടങ്ങിയതുമൂലം അവിടുത്തെ ദളിതുകളായ കര്‍ഷകതൊഴിലാളികള്‍(ഈ പ്രയോഗം തികച്ചും തെറ്റാണ്.) അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകളാണ്. നിരവധി കാലമായി പണി നഷ്ടപ്പെട്ടതിലൂടെ പാടത്തുപണിയെടുക്കുന്ന ഈ വിഭാഗം അക്ഷരാര്‍ത്ഥത്തില്‍ പട്ടിണിയിലായി.
അവര്‍ക്കുവേണ്ടി ഒരാളും സംസാരിക്കുകയും ചെയ്തില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരങ്ങളിലൊന്നും തന്നെ അവര്‍ പരാമര്‍ശിക്കപ്പെടുകപോലും ചെയ്തില്ല.

നമ്മുടെ പൊതു സമൂഹമാകട്ടെ കര്‍ഷകര്‍ക്കു വേണ്ടി കണ്ണീര്‍ പൊഴിച്ചപ്പോഴും ദളിത് ഭൂരഹിത കര്‍ഷകരുടെ (ഈ പ്രയോഗമാണ് ശരി)പ്രശ്നങ്ങളോട് മുഖം തിരിച്ചിരിക്കുകയായിരുന്നു.
എന്തുകൊണ്ടായിരിക്കും നമ്മുടെ ചിന്തകളില്‍ നിന്ന് ദളിത് കര്‍ഷകത്തൊഴിലാളിയുടെ പ്രശ്നം മറഞ്ഞിരുന്നത്?
ഒരു പക്ഷേ അതിന്റെ ഉത്തരം നമ്മുടെ പൊതുസമൂഹം ആരുടെ തല്പര്യങ്ങളാണ് മുന്നോട്ടുവെക്കുന്നത് എന്നതുമായി ബന്ധപ്പെട്ടായിരിക്കും ലഭിക്കുന്നത്.
പൊതുസമൂഹം അത്ര പൊതുവല്ല എന്നു കൂടി അത് വെളിവാക്കുന്നു.

കുട്ടനാട്ടിലെ പ്രശ്നങ്ങളെ കുറിച്ചു വിവരിക്കുന്ന ഈ പോസ്റ്റ് കൂടി കാണുക.(മൂര്‍ത്തി അയച്ചത്)

8 comments:

ശ്രീവല്ലഭന്‍. said...

വളരെ പ്രസക്തമായ ചോദ്യം തന്നെ.

ചിത്രകാരന്‍chithrakaran said...

പ്രിയ ബാബുരാജ് ഭഗവതി,
വളരെ നല്ല നിരീക്ഷണമാണ് താങ്കള്‍ മുന്നോട്ടുവച്ചിരിക്കുന്നത്.
പക്ഷെ, പതിവു രീതിയിലുള്ള ഒരു ഭിക്ഷക്കാശു വിതരണവുമായി ആ ഭൂരഹിത കര്‍ഷകരെ സമീപിക്കുന്നതും ആശാസ്യമല്ല. ലാഭകരമല്ലാത്ത ആ തൊഴിലില്‍ നിന്നും അവരെ പിന്തിരിപ്പിക്കുന്ന നിലപാടുകളും, അവര്‍ക്ക് കൃഷിഭൂമി ലഭ്യമാക്കി സ്വന്തം ഉടമസ്ത ബോധത്തിലേക്കുള്ള ഉയര്‍ത്തലുമായിരിക്കും അഭികാമ്യമായിട്ടുള്ളത്.

തണല്‍ said...

നമ്മളുകൊയ്യും വയലെല്ലാം
നമ്മുടേതാകും പൈങ്കിളിയേ
.......ഫ് ഭാഭാ...!

5:00 മണി said...

അതെ ബാബുരാജ്,
വലിയ ശബ്ദങ്ങള്‍ മാത്രമേ ശബ്ദമാവുന്നുള്ളൂ‍.. വിദഗ്ദമായ വാചാലതയേ ആകര്‍ഷിക്കപ്പെടുന്നുള്ളൂ. നമ്മുടെ ചാനലുകളുടെ വൃത്തികേടുകള്‍ക്കിടയില്‍ ദളിത് ഭൂരഹിത കര്‍ഷകരുടെ വിലാപങ്ങള്‍ക്ക് ഇടം കണ്ടെത്താത്തത്, നാഴികക്ക് നാല്പത് വട്ടം പറയുന്ന മാധ്യമധര്‍മ്മം, പത്രസ്വാതന്ത്ര്യം എന്നിവയുടെ വേറൊരു വശം തന്നെയാവും.

മൂര്‍ത്തി said...

ബാബുരാ‍ജ് ഈ പോസ്റ്റ് കണ്ടിരുന്നുവോ?

ബാബുരാജ് ഭഗവതി said...

മൂര്‍ത്തി....
ഈ പോസ്റ്റ് നേരത്തെ കണ്ടിരുന്നുവെങ്കില്‍ ഞാന്‍ എന്റെ പോസ്റ്റ് ഇടുമായിരുന്നില്ല.
അത്ര വിശദമായ പോസ്റ്റ്..
നന്ദി മൂര്‍ത്തി.

ബാബുരാജ് ഭഗവതി said...

ചിത്രകാരന്‍
താങ്കള്‍ പറഞ്ഞത് സത്യം തന്നെ.
പക്ഷേ അടിയന്തിരപരശ്നമെന്ന നിലയില്‍ അത് ഉന്നയിക്കേണ്ടതല്ലേ?

രാജേഷ്.കെ.വി. said...

മൂര്‍ത്തി പറഞ്ഞ പോസ്റ്റ് നോക്കി.
നന്നായിരുന്നു