Thursday, March 27, 2008

farewell to Rishiraj sing

ഋഷിരാജ് സിങ്ങിന് യാത്രാമൊഴി

ഋഷി രാജ് സിങ് കേന്ദ്ര സര്‍വീസിലേക്ക് മാറുന്നതിനുള്ള ആലോചന തുടങ്ങിയതോടെതന്നെ അദ്ദേഹത്തിന്റെ മധ്യവര്‍ഗ്ഗ അനുയായികള്‍ ദുഃഖപ്രകടനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു..വേഷം മാറി കേസന്വേഷിച്ച അദ്ദേഹത്തെക്കുറിച്ചുള്ള മിത്തീകരിക്കപ്പെട്ട നിരവധി ഓര്‍മകള്‍ പത്രമാധ്യമങ്ങള്‍ ഇതിനകം പ്രചരിപ്പിച്ചിട്ടുമുണ്ട്‌. ചെക്കുപോസ്റ്റിലെ അഴിമതി കണ്ടെത്താനായി ലോറി ക്ലീനറായി വാളയാറില്‍ വേഷം മാറിയെത്തിയ ഋഷി രാജ് സിങ് ഒരു പക്ഷേ, പ്രജാക്ഷേമം നേരിട്ടറിയാനായി വേഷം മാറി എത്തുമായിരുന്നു വെന്ന്‌ വിശ്വസിക്കപ്പെടുന്ന രാജാക്കന്മാരെ കുറിച്ച്‌ ജനങ്ങള്‍ക്കുള്ളിലുള്ള മിത്തീകരിക്കപെട്ട ഓര്‍മകളെ പുനരാനയിക്കുന്നുണ്ടായിരിക്കും. മധ്യവര്‍ഗ്ഗങ്ങളുടെ ഭരണ വര്‍ഗ്ഗ ഭാവനയെ ഇത്‌ ആവോളം സ്ഫുരിപ്പിച്ചു.അത്തരമൊരു ബ്ലോഗും ഈ അടുത്ത്‌ ഈ ലേഖകന്‍ കാണുകയുണ്ടായി.ഇത്തരത്തിലുളള മിത്തുകളിലൂടെ ജനങ്ങളുടെ ഭാവനയെ പിടിച്ചെടുക്കുന്ന രീതി ഒരര്‍ത്ഥത്തില്‍ പുതിയ പ്രവണതയാണെന്നു തോന്നുന്നു. ഇക്കാര്യത്തില്‍ മാധ്യമങ്ങളുടെ രീതികളും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ഒരാളെ വിലയിരുത്തുമ്പോള്‍ ഈ രീതികള്‍ പുലര്‍ത്തുന്നത് രാഷ്ട്രതന്ത്രത്തിന്റെ പുത്തന്‍ രീതിശാസ്ത്രങ്ങളുടെയും സാംസ്‌ക്കാരിക സൂചകങ്ങളിലൂടെയും പഠി്‌കേണ്ടിയിരിക്കുന്നു.

Tuesday, March 25, 2008

Cricket and national chauvinism

ക്രിക്കറ്റ് ലേലം ഇന്ത്യന്‍ സങ്കുചിത ദേശീയവാദത്തെതകര്‍ത്തവിധം

മുകേഷ് അംബാനി, വിജയ് മല്യ, പ്രീതി സിന്റ ,ഷാരുഖ് ഖാന്‍, തുടങ്ങിയ കോര്‍പ്പറേറ്റ്, ബോളിവുഡ് നേതാക്കളുടെ നേതൃത്വത്തില്‍ നടന്നഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്കുള്ള ക്രിക്കറ്റു താര വില്‍പ്പന സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയത്‌. ചിലത്‌ കളിയുടെ വ്യാപാരവല്‍ക്കരണത്തെ മുതലാളിത്തവികാസനിയമങ്ങളുടെ പശ്ചാത്തലത്തില്‍ നോക്കികാണുമ്പോള്‍ മറ്റുചിലത്‌ മനോഹരമായ ഈ കളിയെ ഇത്തരം നീക്കങ്ങള്‍ എങ്ങിനെ തകര്‍ത്തുകളയുമെന്നു പരിശോധിക്കുന്നവയാണ്‌. തീര്‍ച്ചയായും ഇത്തരത്തിലുള്ള നിരീക്ഷണങ്ങള്‍ ഒരു പാടു വസ്തുതകള്‍ പുറത്തുകൊണ്ടുവരുന്നുണ്ട്‌.

എന്നാല്‍ ഇന്ത്യയുടെ പ്രത്യേക സാഹചര്യത്തില്‍ ഒരു സാംസ്കാരിക രൂപകമെന്ന നിലയില്‍ പോലും പ്രവര്‍ത്തിക്കുന്ന ക്രിക്കറ്റിന്റെ വിപണിവല്‍ക്കരണം ധനാത്മകവും ദൂരവ്യാപകവുമായ ചില ഫലങ്ങളുണ്ടക്കുന്നുണ്ട്‌. മറ്റൊന്നും കൊണ്ടല്ല, ഇന്ത്യന്‍ ദേശീയതയെ മുസ്ളീം വിരുദ്ധമായി രൂപപ്പെടുത്തുന്നതില്‍ ,തീര്‍ച്ചയായും പാക്കിസ്ഥാന്‍ വിരുദ്ധമായും, സൃഷ്ടിച്ചെടുക്കുന്നതില്‍, ക്രിക്കറ്റിനേക്കള്‍ പങ്കുവഹിക്കുന്ന ഒരു കളിയുമില്ല.ഒരു ചിഹ്നമെന്ന നിലയില്‍ ഹിന്ദു ഭീകരര്‍ ,ഇത്രയേറെ ഉപയോഗപ്പെടുത്തുന്ന മറ്റൊന്നുമുണ്ടാവില്ല.ഓരോ ഇന്ത്യാ പാക്കിസ്ഥാന്‍ മാച്ചും ഇന്ത്യന്‍ സങ്കുചിതവാദത്തിനെ കൂടുതല്‍ ഊതിപെരുപ്പിക്കുന്നു.കോടികള്‍ ചെലവഴിച്ചുകൊണ്ടുള്ള സൈനികനീക്കത്തിലൂടെ മാത്രം നേടിയെടുക്കാവുന്ന വാര്‍ റ്റൈം ഹിസ്റ്റീരിയയാണ്‌ ഇന്ത്യയിലായാലും പാക്കിസ്ഥാനിലായാലും സര്‍ക്കാരുകള്‍ ഇതിലൂടെ നേടിയെടുക്കുന്നത്‌. ഇരു രാജ്യങ്ങളും തങ്ങളുടെ അഭ്യന്തര പ്രതിസന്ധികള്‍ മറികടക്കാന്‍ അതിര്‍ത്തിയിലേക്ക്‌ സൈനീകനീക്കങ്ങള്‍ നടത്താറുണ്ടെന്നുള്ളത്‌ വലിയ രഹസ്യമൊന്നുമല്ല.
അതേ സമയം ഇന്ത്യന്‍ ജനതയുടെ ക്രിക്കറ്റിനോടുള്ള സമീപനങ്ങള്‍ വിചിത്രമത്രേ! ഒരര്‍ത്ഥത്തില്‍ ഫ്യൂഡല്‍ എന്നു വിളിക്കാവുന്നതരം മാനസീകാവസ്ഥയാണിതെന്നു വേണം കരുതാന്‍.എന്നാല്‍ ഉല്‍പാദനശക്തികളുടേയും അതുവഴി ചരിത്രത്തിന്റെയും വികാസത്തെ തടഞ്ഞുനിര്‍ത്താന്‍ ഒരു ശക്തിക്കും സാധ്യമല്ലതന്നെ. അത്തരമൊരു വികാസഘട്ടത്തിലൂടെയാണ്‌ ഇപ്പോള്‍ ക്രിക്കറ്റു കടന്നുപോകുന്നത്‌.ഇന്നലെ വരെ ശത്രുരാജ്യത്തിന്റെ പടനായകരായി കാണപ്പെട്ടിരുന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റര്‍മാര്‍ആഭ്യന്തര ക്രിക്കറ്റില്‍ മാറ്റുരക്കുമ്പോള്‍ , ഇന്ത്യന്‍ ജനത സ്വന്തം എന്നു കരുതുന്ന ടീമുകള്‍ക്കുവേണ്ടി കളിക്കുമ്പോള്‍ ഇന്ത്യന്‍ ദേശീയതയുടെ കൃത്രിമമായി പൊലിപ്പിച്ചും നിര്‍മ്മിച്ചും എടുത്ത പാക്കിസ്താനെന്ന അപര രൂപകങ്ങള്‍ വായുവിലലിഞ്ഞുചേരും. ആരാഗ്രഹിച്ചാലും ഇല്ലെങ്കിലും.
ഇന്നലെ വരെ പല്ലുഞെരിച്ചവര്‍ക്കുവേണ്ടി ആര്‍പ്പുവിളിക്കേണ്ടി വരുന്നത്‌ രസകരം തന്നേയല്ലേ?ഇന്ത്യയിലെ ഹിന്ദു മുസ്ളീം പ്രശ്നം പരിഹരിക്കുന്നതിന്‌ വേണ്ടി ഇന്ത്യാ പാക്കിസ്ഥാന്‍ കൃക്കറ്റു മത്സരം നത്തുകയാണു വേണ്ടതെന്നു ഡെപ്യൂട്ടി പ്രധാന മന്ത്രിയായിരുന്ന അദ്വാനി ഒരിക്കല്‍ അഭിപ്രായപ്പെടുകയുണ്ടായി!









(തുടരും )

Friday, March 21, 2008

BPL LIST AND KERALA GOVERNMANT

ബി.പി.എല്‍. ലിസ്റ്റും സര്‍ക്കാര്‍ തട്ടിപ്പും.

പുത്തന്‍ നയസമീപനങ്ങളുടെ ഭാഗമായി ബി.പി.എല്‍. ലിസ്റ്റ് വെട്ടിച്ചുരുക്കാന്‍ കേന്ദ്രം തീരുമാനിച്ചുകഴിഞ്ഞു. കേന്ദ്ര നയത്തിന്റെ ഭാഗമായി കേരളത്തിലും പുതിയ ബി.പി.എല്‍. ലിസ്റ്റ് തയ്യാറായിട്ടുണ്ട്.
ദാരിദ്രമനുഭവിക്കുന്ന എല്ലാവരെയും ലിസ്റ്റിലുള്‍പ്പെടുത്തുന്നതിനുപകരം കുടുംബങ്ങളുടെ എണ്ണം ആദ്യമേ തീരുമാനിക്കുകയാണ്‌ പുതിയ രീതി. അതിലൂടെ നിരവധി കുടുംബങ്ങള്‍ ഇപ്പോഴേ ബി.പി.എല്‍. ലിസ്റ്റില്‍ നിന്ന്‌ പുറത്തായിക്കഴിഞ്ഞു.ലിസ്റ്റിലുള്‍പ്പെട്ടവരെയാകട്ടെ ബി.പി.എല്‍.പട്ടിക എ (ശുദ്ധദരിദ്രര്‍ )എന്നും ബി.പി.എല്‍.പട്ടിക ബി.(ദരിദ്രര്‍ ) എന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു. സര്‍ക്കാര്‍ അറിയിപ്പുപ്രകാരം ശുദ്ധദരിദ്രര്‍ക്കു മാത്രമേ റേഷനടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂ. പട്ടിക ബി യിലുള്ളവര്‍ക്ക്‌ പേരില്‍ ബി.പി.എല്‍. എന്നുണ്ടെങ്കിലും പറയത്തക്ക ആനുകൂല്യങ്ങളൊന്നും തന്നെ ലഭിക്കുകയില്ല. ഏറ്റവും പ്രതിഷേധാര്‍ഹമായ കാര്യം ഇത്തരമൊരു വ്യതിയാനം ലിസ്റ്റില്‍ വരുത്തിയ വിവരം സര്‍ക്കാര്‍ തന്ത്രപൂര്‍വ്വം മറച്ചു വെക്കുന്നു എന്നതാണ്‌. ലിസ്റ്റ് പരിശോധനക്കെത്തിയിട്ടുള്ള പഞ്ചായത്താഫീസുകളിലെ ഉദ്യോഗസ്ഥരാകട്ടെ പട്ടിക എ, പട്ടിക ബി തരംതിരിവുകളെകുറിച്ച് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നുമില്ല.ചുരുക്കത്തില്‍ തങ്ങള്‍ ബി.പി.എല്‍. ആനുകൂല്യങ്ങളില്‍ നിന്നും പുറത്താവുകയാണെന്ന യാഥാര്‍ത്ഥ്യം ജനങ്ങളറിയുന്നില്ല(പക്ഷേ ബി ലിസ്റ്റില്‍ ഉള്ളതുകൊണ്ട്‌ തങ്ങള്‍ ബി.പി.എല്‍ കാര്‍ഡുടമകളാണെന്ന വ്യാജ ബോധ്യം ഉണ്ടാക്കുകയും ചെയ്യുന്നു.)
മഹാനായ അച്ചുതാനന്ദന്റെയും സി.പി.എം ന്റെയും ബി.ജെ.പി.. കോണ്‍ഗ്രസ് കേന്ദ്രഭരണ എംബോക്കികളുടേയും ഒരു തമാശ.

Wednesday, March 19, 2008

CHENGARA LAND STRUGGLE

ചെങ്ങറ ഭൂസമരം
chengara land struggle
കേരളത്തില്‍ നടക്കുന്ന ഭൂസമരങ്ങള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും ചാരസംഘടനകളുടേയും സൃഷ്ടിയാണെന്നാണ്‌ പിണറായി വിജയന്‍ പറയുന്നത്‌. ചെങ്ങറ ഭൂസമരത്തെക്കുറിച്ച് സംസാരിക്കവേയാണ്‌ പിണറായി ഇങ്ങനെ അഭിപ്രായപ്പെട്ടത്‌. ഒരു വാദത്തിനു വേണ്ടി ഇതു അംഗീകരിച്ചാല്‍ തന്നെ പിണറായിക്കിതു പറയാന്‍ എന്താണ്‌ അവകാശം? അമേരിക്കയടക്കമുള്ള സാമ്രാജ്യത്വരാജ്യങ്ങളുടെയും ആഗോള ധനകാര്യസ്ഥാപനങ്ങളുടേയും പണംപറ്റിക്കൊണ്ട് ഭരണം നടത്തുന്ന സര്‍ക്കാരുകളാണ്‌ കേരളത്തിലും ബംഗാളിലുമെന്നിരിക്കെ ഇവര്‍ക്ക്‌ തത്വത്തില്‍ സാമ്രാജ്യത്വത്തിനെതിരെ പറയാന്‍ അവകാശമില്ല. സാമ്രാജ്യത്വത്തിന്റെ പണം കൊണ്ട് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കേരള- ബംഗാള്‍ സര്‍ക്കാരുകളെ അതിന്റെ പേരില്‍ പിണറായി വിജയന്‍ വിമര്‍ശിച്ചതായി അറിവില്ല. മറിച്ച് പിണറായിയുടെ നേതാവായ ജ്യോതിബസു പറയുന്നത്‌ സാമ്രാജ്യത്വമൂലധനമില്ലാതെ വികസനം സാധ്യമല്ല എന്നാണ്‌. ചെങ്ങറക്കാരുടെ സാമ്രാജ്യത്വവും പിണറായിയുടെ സാമ്രാജ്യത്വവും രണ്ടും രണ്ടാണോ??????!!!!!!!!
ചെങ്ങറയിലെ സമരത്തെ ഒരു ജനതയുടെ മാന്യതയോടെ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരമായി കാണുകയാണ്‌ വേണ്ടത്‌, അല്ലാതെ അതിനുനേരെ ആരോപണവുമായി വരികയല്ല.കുറച്ചുനാളുകള്‍ക്കുമുന്‍പുവരെ സമരക്കാരെ മാവോയിസ്റ്റുകളെന്നു വിളിക്കുകയായിരുന്നു സര്‍ക്കാര്‍ നയം. സമരക്കാരാകട്ടെ നക്സലൈറ്റുകളാണെങ്കില്‍ തല്ലിയൊതുക്കുന്നതില്‍ തങ്ങള്‍ക്കു വിരോധമില്ലെന്നമട്ടും. ജനാധിപത്യബോധത്തിന്റെ അഭാവം ഇരുകൂട്ടരിലും പ്രകടമായിരുന്നു.

അതിനിടയില്‍ സാമൂഹ്യചലനത്തെക്കുറിച്ച് ബോധ്യമോ താല്‍പര്യമോ ഇല്ലാത്ത മറ്റൊരുകൂട്ടര്‍ ഔചിത്യമില്ലാതെ പെരുമാറി ചെങ്ങറ സമരത്തെ മറ്റുവിധത്തില്‍ ചിത്രീകരിക്കുന്നതിനുള്ള അവസരമൊരുക്കി. സദാചാരത്തിന്റെ മൊത്തക്കച്ചവടക്കാരായ കൈരളി ടിവി ഒളിപ്പോരാളികള്‍ അത്‌ ടെലിക്കാസ്റ്റ് ചെയ്ത്‌തങ്ങളുടെ സംസ്കാരം തുറന്നു കാട്ടി.

ചെങ്ങറ സമരം മറ്റൊന്നുകൂടി വെളിപ്പെടുത്തി.

ദളിതരുടെ ആവശ്യം ഭൂമിയല്ലെന്നും ഭൂമി ആവശ്യപ്പെടുന്നവര്‍ ദളിതരെ ഭുമിയില്‍ തന്നെ തളച്ചിടുന്നതിനുള്ള ഗൂഢാലോചന നടത്തുന്നവരാണെന്നുമുള്ള പോസ്റ്റ്മോഡേണിസ്റ്റുകളുടെ വാദത്തെയും തകര്‍ത്തുകളഞ്ഞു.
മുഴുവന്‍ ഭൂസമരങ്ങളോടും ജനങ്ങള്‍ ഐക്യപ്പെടുക.

Monday, March 3, 2008

MOOLAMPILLY EVICTION

മൂലമ്പിള്ളി (moolampilly)
മൂലമ്പിള്ളിയിലെ കുടുംബങ്ങളെ
കുടിയിറക്കിയ വാര്‍ത്ത
മലയാള പത്രങ്ങള്‍ മൂടിവെച്ചതെന്തുകൊണ്ട്.
നുഴഞ്ഞുകയറ്റത്തെകുറിച്ച് ഗീര്‍വാണമടിച്ച മനോരമക്കാരനും ഒന്നും പറയാനില്ലാതായത് എന്തുകൊണ്ട്?
സമരം നടത്തുന്നത് ആരാണെന്നു നോക്കിയാണോ അതിന്റേ ന്യായാന്യായങ്ങള്‍ തീരുമാനിക്കുന്നത്?
സുഹൃത്തേ താങ്കള്‍ എന്തുകരുതുന്നു?
അങ്ങിനെയെങ്കില്‍ അച്ചുതാനന്ദനെക്കുറിച്ച് തങ്കളുടെ ആഭിപ്രായം?