Sunday, April 20, 2008

ദേവസ്വം ഭരണവും സര്‍ക്കാരും-2

നന്ദുവിന്റെ തിരുവന്തപുരത്തുകാരൊക്കെ ഉറങ്ങിപ്പോയോ എന്ന പോസ്റ്റ് ഈ വിഷയത്തില്‍ നല്ല ചര്‍ച്ചക്കു കാരണമാവുകയുണ്ടായി. ദയവായി അതുകൂടെ നോക്കുക.

ബരിമല ക്ഷേത്രത്തിന്റെ ഭരണം സ്വതന്ത്രാധികാര സമിതിയെ ഏല്‍പ്പിക്കുന്നതിനുള്ള ആലോചന സര്‍ക്കാര്‍ തലത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്‌.തിരുപ്പതി മോഡലിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്‌.പക്ഷേ ഇതിനിടയില്‍ എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി പി.കെ.നാരായണപ്പണിക്കര്‍ ആറന്മുളയില്‍ വെച്ച്‌ നടത്തിയ ഒരു പ്രസ്താവനയാണ്‌ ഈ പോസ്റ്റിന്റെ അടിയന്തിര കാരണം.എടശ്ശേരിമല മഹാദേവ ക്ഷേത്രത്തിലെ പുതിയ സ്റ്റേജ്‌ ഉദ്ഘാടനം ചെയ്യവെ ശ്രീ നാരായണപണിക്കര്‍, ശബരിമല ക്ഷേത്രഭരണം സ്വതന്ത്ര ഏജന്‍സിയെ ഏല്‍പ്പിക്കുന്നത്‌ തിരുവിതാകൂര്‍ ദേവസ്വത്തിനു കീഴിലുള്ള വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് പ്രസ്താവിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ നടവരവും മറ്റു വരുമാനവും കുറഞ്ഞ ക്ഷേത്രങ്ങളെ നിലനിര്‍ത്തിയിരുന്നത്‌ ശബരിമലയിലെ വരുമാനമാണെന്നും ശ്രീ നരയണപണിക്കര്‍ കൂട്ടിച്ചേര്‍ത്തു.(ഇത്തരമൊരു അഭിപ്രായം എസ്‌.എന്‍.ഡി.പി. നേതാവ്‌ ശ്രീ വെള്ളാപ്പള്ളി നടേശനും പറയുകയുണ്ടായി)

ശബരിമലയുടെ വരുമാനം(മറ്റുക്ഷേത്രങ്ങളുടേയും) സര്‍ക്കാര്‍ വകമാറ്റി ചെലവ്ചെയ്യുകയാണെന്ന ആരോപണത്തിനുള്ള മറുപടിയാണ്‌ യഥാര്‍ത്ഥത്തില്‍ ശ്രീ നാരയണപണിക്കരുടെ ഈ പ്രസ്താവന.ഹൈന്ദവതാല്‍പര്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നവരെന്നു സ്വയം വിശേഷിപ്പിക്കുന്ന 'ക്ഷേത്രസംരക്ഷണസമിതി'പോലുള്ള സംഘടനകളുടെ പല നേതാക്കളും പലപ്പോഴായി ഇത്തരത്തിലുള്ള ആരോപണങ്ങളുമായി രംഗത്തുവരികയുണ്ടായിട്ടുണ്ട്‌.ക്ഷേത്രസ്വത്തുക്കളില്‍ നിന്നു കിട്ടുന്ന വരുമാനം നാരായണപണിക്കര്‍ സൂചിപ്പിക്കുന്നതുപോലെ ഹൈന്ദവക്ഷേത്രങ്ങളുടെനടത്തിപ്പിനുപയോഗിക്കുന്നുവെന്നതാണ്‌ സത്യം.

ഇതുതെളിയിക്കുന്നതിനായി കേരളസര്‍ക്കാര്‍ ഈ വര്‍ഷം(2008-09) അവതരിപ്പിച്ച ബജറ്റിലെ കണക്കുകളിലൂടെ കടന്നുപോകുന്നത്‌ ഉചിതമായിരിക്കും.

ദേവസ്വവുമായി ബന്ധപ്പെട്ട് ബജറ്റിലെ വരവിനങ്ങള്‍ താഴെ കൊടുക്കുന്നു.

1. സ്പെഷ്യല്‍ ലാന്റ്‌ കണ്‍സര്‍വേഷന്‍ ഭരണച്ചെലവിനത്തില്‍ കൊച്ചിദേവസ്വം ബോര്‍ഡില്‍ നിന്നും ഈടാക്കവുന്ന തുക: 1242 ആയിരം(ഹെഡ്‌: റവന്യൂ, ഭരണപരമായ മറ്റു സര്‍വീസുകള്‍)

2. പെന്‍ഷന്‍,അവധിക്കാല ശമ്പളം തുടങ്ങിയവയുടെ ബാധ്യത സര്‍ക്കര്‍ ഏറ്റെടുത്ത വകയില്‍ വരേണ്ട അംശാദായം(കോര്‍പ്പറേഷന്‍ മുനിസിപ്പാലിറ്റി,പഞ്ചായത്ത്‌ തുടങ്ങിയ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍,ദേവസ്വം ബോര്‍ഡ്‌ തുടങ്ങിയവയുടെ)(റവന്യൂ: പെന്‍ഷനും മറ്റു റിട്ടയര്‍മെന്‍ ആനുകൂല്യങ്ങള്‍ക്കുമായുള്ള അംശായാദവും വസൂലാക്കലും )

3. കൊച്ചി തിരുമല ദേവസ്വത്തിലേക്ക്‌ കര്‍ഷകരില്‍നിന്ന് വരേണ്ട തുക:1000 രൂപ.(റവന്യൂ: മറ്റു സാമൂഹ്യ സേവനങ്ങള്‍)

4. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‌ കൊടുത്ത ലോണില്‍നിന്നുള്ള പലിശ വരവ്‌:30000 രൂപ (റവന്യൂ:പലിശ വരവിനങ്ങള്‍)

5. കൊച്ചി ദേവസ്വം ബോര്‍ഡിന്‌ കൊടുത്ത ലോണില്‍നിന്നുള്ള പലിശ വരവ്‌:15000 രൂപ (റവന്യൂ:പലിശ വരവിനങ്ങള്‍)

6. ഭരണപരമായ കാര്യങ്ങള്‍ക്കായി ഗുരുവായൂര്‍ ദേവസ്വം ഫ്ണ്ടില്‍നിന്നു ഈടാകാവുന്ന തുക:10000 രൂപ.(റവന്യൂ:ഭരണപരമായ മറ്റു സര്‍വീസുകള്‍)

7. ഗുരുവയൂര്‍ ദേവസ്വത്തിനു വേണ്ടിയുള്ള സ്ഥലമെടുപ്പിന്‌ ദേവസ്വത്തില്‍നിന്നും ഈടാക്കാവുന്ന തുക:17 ലക്ഷം(റവന്യൂ: ഭരണപരമായ സര്‍വീസുകള്‍)

ഇവയിലൊന്നു പോലും ക്ഷേത്രത്തിന്റെ വരുമാനം സര്‍ക്കാര്‍ ഉപയോഗിക്കുന്നതായി സൂചിപ്പിക്കുന്നില്ല എന്നു വ്യകതമാണല്ലോ, മാത്രമല്ല ദേവസ്വങ്ങള്‍ക്ക്‌ സര്‍ക്കാര്‍ ചുരുങ്ങിയ പലിശക്ക്‌ പണം കടം കൊടുക്കാറുണ്ടെന്നു സൂചിപ്പിക്കുന്നു. സര്‍ക്കാരിലേക്കു വരുന്ന തുകയാകട്ടെ ദേവസ്വങ്ങള്‍ക്ക്‌ സര്‍ക്കാര്‍ ഖജനാവിലെ പണം ഉപയോഗിച്ച്‌ നല്‍കുന്ന സേവനങ്ങള്‍ക്കുള്ള ഫീസുമാത്രമാണ്‌. ഇതുതന്നെ ദേവസ്വംത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ ഒരു സൂചനയാണല്ലോ? നീണ്ടുനില്‍ക്കുന്ന ഉത്സവങ്ങള്‍ക്ക്‌ സെക്കുലര്‍ സര്‍ക്കര്‍ നല്‍കുന്ന മറ്റിതര സേവനങ്ങള്‍ക്ക്‌ ഫീസീടാക്കുന്നുമില്ല. (1000 രൂപയേയുള്ളുവെങ്കിലും തിരുമല ദേവസ്വത്തിന്റെ കാര്യത്തില്‍ കര്‍ഷകരില്‍നിന്നും വരേണ്ട തുക എന്തുകൊണ്ട്‌ സര്‍ക്കാര്‍ കണക്കിലെത്തിയെന്നത്‌ ഈ ലേഖകന്‌ മനസ്സിലായില്ല, അറിയാവുന്നവര്‍ എഴുതുമല്ലോ. പക്ഷേ അതു പോലും അമ്പലങ്ങളുടെ നടവരുമാനത്തില്‍ നിന്നല്ല എന്നു വ്യക്തമാണ്‌. ഒരു ഭൂ പരിഷ്ക്കരണവുമായി ബന്ധപ്പെട്ട പ്രശ്നമായിരിക്കാം)

ലിങ്കുകള്‍:

  1. ദേവസ്വവും സര്‍ക്കാരും....3
  2. ദേവസ്വം സര്‍ക്കാരും.....1

1 comment:

ചന്തു said...

1242 ആയിരം എന്താണ് സുഹ്രുത്തേ?