Friday, April 11, 2008

ഭാസുരേന്ദ്രബാബുവിന്റെ അന്തര്‍ഗതങ്ങള്‍ -I

(ചെങ്ങറ സമരത്തിന്റെ അന്തര്‍ഗതങ്ങള്‍ എന്ന പേരില്‍ ഭാസുരേന്ദ്രബാബു ദേശാഭിമാനിയില്‍ എഴുതി ജനശക്തി ന്യൂസ് പുനപ്രസിദ്ധീകരിച്ച ലേഖനത്തിന്റെ വിമര്‍ശനം.വ്യത്യസ്ത ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്നു)

ലേഖനത്തില്‍ അദ്ദേഹം പറയുന്നു...
“ ..........മാത്രവുമല്ല അവര്‍ നടത്തുന്ന പ്രക്ഷോഭരീതി ഒരു ജനാധിപത്യവ്യവസ്ഥക്കും അനുഗുണവുമല്ല. ഭൂമി, കുടിവെള്ളം തുടങ്ങിയ പ്രശ്നങ്ങളില്‍ ഒരു വിഭാഗമാളുകള്‍ക്ക് ആവലാതികളുണ്ടെങ്കില്‍ അവരുടെ സംഘടനകളിലൂടെ ആ പ്രദേശത്തെ ജനപ്രതിനിധികളെ അത് ബോധ്യപ്പെടുത്തുകയും ജനശ്രദ്ധയിലൂടെ അതിന് പരിഹാരം കാണുകയും ചെയ്യുക എന്നതാണ് ജനാധിപത്യരീതി. സമരപ്പന്തലിലെ സത്യഗ്രഹം മുതല്‍ നിയമസഭയിലെ നിയമനിര്‍മാണംവരെ ദൈര്‍ഘ്യമുള്ള ഒരു പ്രക്രിയയാണ് അത്. എവിടെയോ ഉള്ള ഒരു ഭൂമിയിലേക്ക് എവിടൊക്കെയോ ഉള്ള ആളുകള്‍ ചെന്ന് കുടില്‍ കെട്ടിയാല്‍ ആ പ്രദേശത്തെ ജനപ്രതിനിധികള്‍ക്ക് താല്പര്യമുണ്ടാകാവുന്ന ഒരു ജനകീയ പ്രശ്നമായി അത് മാറില്ല. മറിച്ച് അതിക്രമിച്ചുകടക്കലിന്റെ ഒരു ക്രമസമാധാനപ്രശ്നമായി അത് മാറുകയും ചെയ്യും..........”

കഴിഞ്ഞ കുറച്ചു കാലമായി മാക്സിസ്റ്റ് പാര്‍ട്ടിയുടെ നിലപാടുകള്‍ ആവര്‍ത്തിച്ചുകൊണ്ട് വിഷ്വല്‍ മീഡിയയിലും പ്രിന്റ് മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന ഭാസുരേന്ദ്രബാബു എന്നാല്‍ പിന്നെ പാര്‍ട്ടിയുടെ നിലപാടുകള്‍ അംഗീകരിക്കുമെന്നു നാം പ്രതീക്ഷിക്കുന്നു.
ബാബുവിന്റെ അഭിപ്രായമല്ല പക്ഷേ പാര്‍ട്ടിക്ക് . പാര്‍ട്ടി പ്രസിദ്ധീകരണമായ
പീപ്പിള്‍ ഡെമോക്രസി ”യില്‍ വന്ന ഒരു ലേഖനം തികച്ചും വ്യത്യസ്തമായ നിലപാടാണ് മുന്നോട്ടുവെക്കുന്നത്.
അതേ ലേഖനം പിന്നീട് വര്‍ക്കേഴ്സ് ഫോറത്തില്‍ അമ്മക്കുതീര്‍ച്ചയായും ഞാന്‍ കുടില്‍ കെട്ടിത്തരാം എന്നപേരില്‍ മൊഴിമാറ്റം ചെയ്തു വന്നിട്ടുണ്ട്.

ഭാസുരേന്ദ്രബാബു വിന്റെ നിലപാടുകള്‍ ഇവിടെ നിലം‌ പൊത്തുന്നത് കാണാം.
പീപ്പിള്‍സ് ഡെമോക്രസിയിലെ ജി. മമതയുടെ ലേഖനത്തില്‍ നിന്ന്....
“നാം എവിടെപ്പോകാനാണമ്മേ?
പിന്നീടാണ് ആ സഖാക്കള്‍ വന്നതും രാത്രി മുഴുവന്‍ ദീര്‍ഘമായി നമ്മോട് സംസാരിച്ചതും. ഞാന്‍ മയങ്ങുകയായിരുന്നുവെങ്കിലും അമ്മയുടേയും അച്ഛന്റെയും കണ്ണുകള്‍ തിളങ്ങുന്നതും സമ്മതഭാവത്തില്‍ അവരോട് തലയാട്ടുന്നതുമൊക്കെ ഞാന്‍ കണ്ടിരുന്നു.
എനിക്ക് വളരെ സന്തോഷമായി. നമുക്കൊരു പുതിയ വീടുണ്ടാകുന്നത് ഞാന്‍ സ്വപ്നം കണ്ടു.പിറ്റേന്ന് ഞാന്‍ കളിച്ചുകൊണ്ടിരിക്കെ, അതേ ആളുകള്‍ വരുന്നതും സര്‍ക്കാരിന്റെ വക വെറുതെ കിടക്കുന്ന പാഴ്‌ഭൂമി നമ്മെപ്പോലുള്ള പാവങ്ങള്‍ക്ക് വീടുവെയ്ക്കാനായി നല്‍കണമെന്നുമൊക്കെ പറയുന്നതും കേട്ടു? നമ്മുടെ സ്വപ്നം നടക്കാന്‍ പോകുന്നുവെന്ന് ഞാന്‍ കരുതി. ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആ ഭൂമി പാവങ്ങള്‍ക്ക് കൊടുക്കുമെന്ന് വാഗ്ദാനം ചെയ്തതിനെപ്പറ്റിയും അച്ഛന്റെ കൂട്ടുകാര്‍ പറഞ്ഞു. സര്‍ക്കാര്‍ വലിയ വലിയ ആളുകള്‍ക്ക് ഭൂമി വെറുതെ കൊടുക്കുന്നതായും, നമുക്കവകാശപ്പെട്ട സ്ഥലങ്ങളിലൊക്കെ അവര്‍ വീടുകള്‍ പണിയുന്നതിനെപ്പറ്റിയുമൊക്കെ അന്നു വന്ന സഖാക്കള്‍ പറഞ്ഞത് അച്ഛന്റെ കൂട്ടുകാര്‍ ഓര്‍മ്മിക്കുന്നുണ്ടായിരുന്നു.
അമ്മേ, സര്‍ക്കാരിന്റെ കൈയ്യില്‍ ധാരാളം ഭൂമി വെറുതെ കിടക്കുമ്പോള്‍ എന്തുകൊണ്ടാണ് നമ്മെപ്പോലുള്ള പാവങ്ങള്‍ക്ക് തരാത്തത്? തന്നിരുന്നുവെങ്കില്‍ നമുക്കും വീട്ടില്‍ താമസിക്കാമായിരുന്നു.
സഖാക്കള്‍ സ്ഥിരമായി നമ്മുടെ ചേരിയില്‍ വരാനാരംഭിക്കുകയും നമ്മുടെ കൂടെച്ചേര്‍ന്ന് നല്ല നല്ല പാട്ടുകള്‍ പാടുകയും പലതിനെപ്പറ്റിയും സംസാരിക്കുകയും ചെയ്തു. എനിക്കൊന്നും മനസ്സിലായില്ലെങ്കിലും, അമ്മയുടെ കണ്ണുകളിലെ തിളക്കം എന്നെ സന്തോഷിപ്പിച്ചു; നല്ലതെന്തോ വരാന്‍ പോകുന്നു എന്ന് വിശ്വസിക്കുകയും ചെയ്തു. പിന്നെ ഒരു ദിവസം എല്ലാവരും കൈകളില്‍ കൊടികളുമേന്തി തിളങ്ങുന്ന മുഖഭാവത്തോടെ എങ്ങൊട്ടോ പുറപ്പെട്ടു. എന്നെയും കൂടെക്കൂട്ടിയിരുന്നു. പോലീസ് മാമന്‍‌മാരും ധാരാളം ഉണ്ടായിരുന്നു. ഇത്രപേരെ ഞാന്‍ അതു വരെ ഒരുമിച്ച് കണ്ടിട്ടില്ലായിരുന്നു.
ഒരു സ്ഥലത്തെത്തിയപ്പോള്‍ സഖാവ് പറഞ്ഞു.
"ഇത് നമ്മുടെ ഭൂമിയാണ്; നാം ഇവിടെ വീടുകള്‍ പണിയാന്‍ പോകുന്നു."
എല്ലാവര്‍ക്കും സന്തോഷം, അവസാനം ഇതാ നമുക്കും ഒരു വീട്‌.
അമ്മയും അച്ഛനും മറ്റു മാമന്‍‌മാരും മാമിമാരുമൊക്കെ ചുവന്ന നിറത്തിലുള്ള കൊടികള്‍ നാട്ടുവാനും വീട് പണിയാനുള്ള ഒരുക്കം തുടങ്ങുകയും ചെയ്തപ്പോള്‍, പെട്ടെന്ന് പോലീസ് മാമന്‍‌മാര്‍ നമുക്കു നേരെ ഓടിവന്നു.
ഞാന്‍ പേടിച്ച് ഒരു പാറയ്ക്കുപിന്നില്‍ ഒളിച്ചിരുന്നു. പെട്ടെന്ന് പോലീസുകാര്‍ എല്ലാവരേയും തല്ലാന്‍ തുടങ്ങി. ചിലര്‍ വസ്ത്രങ്ങള്‍ ചീന്താന്‍ തുടങ്ങി; മറ്റു ചിലര്‍ സൂചികൊണ്ട് കുത്താനും. നിങ്ങളെല്ലാവരും ഉറക്കെ അലറുകയായിര്‍ന്നു. അമ്മയുടെ സാരിയും അവര്‍ കീറി.
അമ്മേ, എന്തിനാണവര്‍ തല്ലുന്നത്, എന്തിനാണ് സാരി കീറുന്നത്, ബൂട്ട്സിട്ട കാലുകൊണ്ട് വയറ്റില്‍ ചവിട്ടുന്നത്? അവര്‍ക്കും അമ്മമാരും പെങ്ങമ്മാരും ഇല്ലേ?
അമ്മ അപ്പോഴും ഉറക്കെ മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഞാന്‍ കരയുകയായിരുന്നു. എന്തു ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. അമ്മ പറഞ്ഞു തരാറുള്ള കഥകളിലെ രാക്ഷസരെയാണ് എനിക്കോര്‍മ്മ വന്നത്.
അമ്മേ, നമ്മള്‍ ചീത്ത ആളുകളല്ലല്ലോ? എന്നിട്ടും എന്തിനാണവര്‍ നമ്മെ തല്ലുന്നത്? നമ്മള്‍ വീടുകളില്‍ താമസിക്കുന്നത് തെറ്റാണോ അമ്മേ? ചീത്ത ആളുകളെ അവരെന്തുകൊണ്ടാണ് തല്ലാത്തത്?
അമ്മ വേദനകൊണ്ട് പുളയുകയായിരുന്നു; എങ്കിലും കരയുകയല്ലായിരുന്നു. ഒരുറച്ച നോട്ടം അമ്മയുടെ കണ്ണുകളിലുണ്ടായിരുന്നു.
അമ്മയുടെ കീറിവീണ സാരിയില്‍ നിന്നൊരു കഷണം എടുത്തുകൊണ്ട് ഞാന്‍ അറിയാതെ പറഞ്ഞുപോയി.
“അമ്മേ, ഞാന്‍ എന്റെ കൂട്ടുകാരെയെല്ലാവരേയും കൊണ്ടുവരും. ഞങ്ങളെയെല്ലാം തല്ലാന്‍ അവര്‍ക്കാവുമോ ? എന്തായാലും ഒന്നു തീര്‍ച്ച. അമ്മയ്ക്കുവേണ്ടി ഞാന്‍ ഒരു കുടില്‍ കെട്ടിത്തരും"...........”

ചെങ്ങറ സമരത്തെക്കുറിച്ച് ആക്ഷേപങ്ങള്‍ ഉന്നയിക്കുന്ന മാക്സിസ്റ്റ് പാര്‍ട്ടി നേതാക്കളും
മമതയുടെ ലേഖനം‌ വായിക്കുന്നതു നന്ന്.
ഭാസുരേന്ദ്രബാബുവിന്റെ ലേഖനത്തിലെ വൈരുദ്ധ്യങ്ങളെക്കുറിച്ച് ഇനി അടുത്തപോസ്റ്റില്‍..
(അവസാനിക്കുന്നില്ല)

1 comment:

Unknown said...

ശരിക്കും നമ്മുടെ സാമൂഹം ചിന്തിക്കേണ്ടാ കാര്യങ്ങള്‍