Friday, April 4, 2008

തെക്കനെ നമ്പിനാല്‍..................


തെക്കന്മാര്‍ സാമര്‍ത്ഥ്യക്കാരാണെന്നത് ഒരു അംഗീകൃത നിയമം പോലെയാണ്‌ ഇന്ന്‌ കേരളത്തില്‍. എല്ലാവരും അതു ഒരു പോലെ അംഗീകരിക്കുന്നു.
തെക്ക്‌ എന്നതിന്റെ നിര്‍വചനത്തിന്റെ പ്രത്യേകതകൊണ്ടാണ്‌ എല്ലാവര്‍ക്കും അംഗീകരിക്കാവുന്ന ഒരു നിയമമായി ഇത്‌ അവശേഷിക്കുന്നത്‌. (എല്ലവര്‍ക്കും അംഗീകരിക്കാവുന്ന നിയമം എല്ലാവര്‍ക്കും എതിര്‍ക്കാവുന്നനിയമമാണല്ലോ? )കാലങ്ങളായി വടക്കന്മാര്‍ ഇത്‌ തെക്കന്മാര്‍ക്കെതിരെ ഉപയോഗിക്കുന്നു. പാലക്കാടന്‍ പ്രദേശക്കാരായ പുരുഷന്മാര്‍ തൃശ്ശൂര്‍ ജില്ല്ലക്കാരായ(തീര്‍ച്ചയായുംതൃശ്ശൂരിനു തെക്കുള്ളവരെയും )സ്ത്രീകളെ വിവാഹം കഴിക്കാന്‍ ഇഷ്ടപെടാത്തതിനു കാരണമായി പറയുന്നത്അവര്‍ സാമര്‍ത്ഥ്യക്കാരായിരിക്കുമെന്നാണ്‌. പാലക്കാടു അതിര്‍ത്തികഴിഞ്ഞാല്‍ പിന്നെ തെക്കോട്ടുള്ളവര്‍ സ്റ്റേറ്റുകാരാണ്‌ അവര്‍ക്ക്. തൃശ്ശൂരുകാര്‍ക്ക്‌ കോട്ടയക്കാരാണ്‌ കുഴപ്പക്കാര്‍, കോട്ടയക്കാര്‍പറയുന്നത്‌ കൊല്ലാക്കാരാണ്‌ അപകടകരികളെന്നാണ്‌. കണ്ണൂരുകാര്‍ക്ക്‌ തൃശ്ശുരുമുതല്‍ പ്രശ്നം തുടങ്ങുകയായി.
അവരെ സംബ്ന്ധിച്ചു തെക്കന്മാര്‍ പറ്റിപ്പുകാരാണ്‌. അറബികഥ സിനിമയില്‍ നിഷ്കളങ്കനായ നായകനെ(ശ്രീനിവാസന്‍) ഗള്‍ഫില്‍ പോലും പറ്റിക്കാനെത്തുന്നത്‌ ഒരു തെക്കനാണ്‌. നായകനു കിട്ടിയ തൊഴില്‍ പോലും അയാള്‍ തട്ടിയെടുക്കുന്നുണ്ട്‌.(വടക്കന്‍ വിശുദ്ധിയെ കുറിച്ചുള്ള നിരവധി മിത്തുകള്‍ പ്രചരിപ്പിക്കുന്നതില്‍ കമ്മ്യൂണിസ്റ്റുകള്‍ വലിയ പങ്കുവഹിച്ചു.)
അധികാരത്തിന്റെ കേന്ദ്രം എന്ന നിലയില്‍ പല പ്രദേശങ്ങളും അധികാരത്തോടു പ്രതിപത്തി കാണിക്കുന്ന പതിവുണ്ട്. ആ പ്രദേശത്തിന്റെ വര്‍ഗ്ഗഘടന ക്കനുസരിച്ച്‌ ഈ അധികാരത്തോടുള്ള പ്രതികരണങ്ങളും രൂപപ്പെട്ടുവരും.ഈ പ്രതികരണങ്ങളുടെ ചരിത്രം ആ ജനതയുടെ സ്വഭാവത്തെ നിര്‍ണ്ണയിക്കുന്നുണ്ട്.തീര്‍ച്ചയായും ഓരോ പ്രദേശത്തിന്റെയും പൊതു ചിന്തയും മൂല്യബോധവും ആ നിശ്ചിത സമൂഹത്തിന്റെ ചരിത്രവും അനുഭവവുംആയി ബന്ധപ്പെട്ടിരിക്കുന്നു വെന്നത് ശരിയാണെങ്കിലുംകേരളത്തിലെ തെക്കു\വടക്കു മൂല്യവിഭജനം ഇത്തരം സിദ്ധാന്തങ്ങളിലൊതുക്കാവുന്നതല്ല .
സത്യത്തില്‍ മിലിറ്റന്റ്‌ സമരങ്ങളുടേയും സാമൂഹ്യ പ്രസ്ഥാനങ്ങളുടേയും കേന്ദ്രം തന്നെ തെക്കന്‍ പ്രദേശങ്ങളായിരുന്നു എന്ന് ചെറിയ ഒരു പരിശോധന പോലും വെളിപ്പെടുത്തും. ശ്രീനാരായണ പ്രസ്ഥാനം, അയ്യങ്കാളിയുടെ ജാതിവിരുദ്ധപ്രസ്ഥാനം, ദളിത്‌ പ്രസ്ഥാനങ്ങള്‍ , മിഷനറിമാരുടെ വിദ്യാഭ്യാസപ്രസ്ഥാനങ്ങള്‍ എന്നു തുടങ്ങി ആധുനിക കേരളത്തെ ഇന്നത്തെ രൂപത്തില്‍ നിര്‍മ്മിച്ചെടുത്തിട്ടുള്ള മിക്കവാറും എല്ലാം തെന്നെ തെക്കന്‍ മണ്ണിലൂടെ വളര്‍ന്നു പന്തലിച്ചവയാണ്‌. കേരളത്തിന്റെയും എന്തിന്‌ ഇന്ത്യയുടെ തന്നെ വിപ്ലവ മുന്നേറ്റങ്ങളുടെ ഗതി നിര്‍ണ്ണയിച്ച പുന്നപ്ര വയലാര്‍ സൃഷ്ടിച്ചത്‌ ഈ തെക്കന്‍ മണ്ണാണെന്നത്‌ ശ്രദ്ധേയമാണ്‌.

പുതിയ കാലത്ത്‌ ദളിത്‌ മുന്നേറ്റങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടേയും അതില്‍നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട്‌ ബഹുദൂരം മുന്നോട്ടു പോയ ഭൂസമരങ്ങളുടേയും സമരഭൂമിയും മറ്റൊന്നായിരുന്നില്ല. ഭൂമി ഒരു ഉല്‍പ്പാദന ഉപകരണമെന്ന നിലയില്‍ പഴഞ്ചന്നാണെന്ന പോസ്റ്റ്മോഡേണ്‍ ചാരുകസാര ബുദ്ധിജീവികളുടെ നിലപാടുകളെ പ്രായോഗികമായി തന്നെ ഭൂസമരങ്ങളെ കൊണ്ട്‌ അട്ടിമറിച്ച്‌ പ്രത്യയശാസ്ത്ര ഇടപെടലിന്‌ അവസരം ഒരുക്കിയതും തെക്കന്‍കേരളത്തിന്റെ ഫലപുഷ്ടിയുള്ള മണ്ണാണ്‌.


എന്നിട്ടും എന്തുകൊണ്ടാണ്‌ തെക്കന്‍കേരളം കേരളത്തില്‍ ഇത്രയേറെ അവമതിക്കപ്പെടുന്നത്?കേരളത്തില്‍ പഴഞ്ചന്‍ ഭൂബന്ധങ്ങളെയും സാമൂഹ്യ ബന്ധങ്ങളെയും ആദ്യമായി അട്ടിമറിച്ചത്‌ തെക്കന്‍കേരളത്തിലാണ്‌. പല വികാസങ്ങളുടെയും സ്വാധീനത്തില്‍ തെക്കന്‍ നാട്ടില്‍ കൃഷി കേരളത്തിന്റെ പരിമിതിക്കുള്ളില്‍നിന്നുകൊണ്ട്‌ ആധുനികവല്‍ക്കരിക്കപ്പെടുകയും ലോകസമ്പദ് ഘടനയുമായി കണ്ണിചേര്‍ക്കപ്പെട്ട വിളവുകള്‍ ഉല്‍പ്പാദിപ്പിക്കാനാരംഭിക്കുകയും ചെയ്തു. ലോക വിപണിയുമായുള്ള ഈ ബന്ധം ആഭ്യന്തരംഗത്ത്‌ ധനാത്മകമായ പ്രതികരണങ്ങള്‍ക്കു കാരണമായി.ആധുനിക കാലത്തിന്റെ സൃഷ്ടിയായ മുതലാളിത്ത വ്യാപാരവുമായുള്ള ഈ ബന്ധം തെക്കന്‍ ജില്ലകളിലെ ജനങ്ങളുടെ മനോഘടനയില്‍ത്തന്നെ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതായിരുന്നു. വടക്കന്‍മാരെ അപേക്ഷിച്ച്‌ ഉല്‍പ്പാദനരംഗത്ത്(കൃഷിയിലും) കൂടുതല്‍ മുന്നോട്ടു പോയിട്ടുള്ളവര്‍ ഇവരാണെന്നുള്ളത് ഒരു പോസറ്റീവ്‌ സൂചനയാണ്‌. ഉല്‍പ്പാദനം ഒരു മനോഘടന കൂടിയാണല്ലോ.ഇത്തരം മാറ്റങ്ങള്‍ സാമൂഹ്യ ബന്ധങ്ങളില്‍ വരുത്തിയ ചലനങ്ങളുടെ അടിയന്തിരമായ ഫലമായിരുന്നു -സ്വാതന്ത്ര്യബോധം. ഇതില്‍ നിന്ന്‌ സ്ത്രീകളേയും ഒഴിവാക്കാന്‍ കഴിയുമായിരുന്നില്ല. ഈ പ്രത്യേകതകളാണ്‌ തെക്കിനെ വടക്കില്‍ നിന്നും വേര്‍തിരിക്കുന്നത്‌.വടക്കന്‍ പ്രദേശങ്ങള്‍ ഫലത്തില്‍ ഇപ്പോഴും അവികസിതമായി(സാമൂഹ്യമായും) തുടരുന്നതുകൊണ്ടാണ്‌ ഇത്തരം ആരോപണങ്ങള്‍ ഉടലെടുക്കുന്നത്‌. തെക്കുള്ള സ്ത്രീകള്‍ സാമര്‍ത്ഥ്യക്കാരികളാകുന്നതും മറ്റൊന്നും കൊണ്ടല്ല. വടക്കന്‍ ഫ്യൂഡല്‍ ഘടനയുടെആഘോഷത്തില്‍ നിന്നാണ്‌ വടക്കിന്റെ വിശുദ്ധി ഉണ്ടാകുന്നത്‌. അത്‌ തകര്‍ക്കപ്പെടേണ്ട വി-ശുദ്ധിയാണ്‌.മറ്റൊരര്‍ത്ഥത്തില്‍ ജാതീയ വിശുദ്ധിയുമാണ്‌.

ഓ..... ഒന്നു .....ചുമ്മാ .........പോ........ സാറേ...............

14 comments:

Rajeeve Chelanat said...

ബാബുരാജ്

ഈ ലേഖനവും വളരെ പ്രസക്തമായ ഒരു വിഷയത്തിലേക്ക് തിരിഞ്ഞുനോക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നായി അനുഭവപ്പെട്ടു.

നിലനില്‍ക്കുന്ന സാമൂഹിക-സാമ്പത്തിക അവസ്ഥകള്‍ അതാതു ജനതയുടെ സാംസ്കാരിക കാഴ്ചപ്പാടുകളെ നിയന്ത്രിക്കുക സ്വാഭാവികമാണ്. അധികാരകേന്ദ്രം എന്ന നിലയിലുള്ള തിരുവിതാകൂറിന്റെ സ്ഥാനവും, പരമ്പരാഗത ഭൂ-ബന്ധങ്ങളെ വിപ്ലവകരമായി പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചവര്‍ എന്ന ലേബലും, തെക്കനെ നമ്പാന്‍ പാടില്ലാത്തവരായി കണക്കാക്കാന്‍ നല്ലൊരു പരിധിവരെ സഹായിച്ചിട്ടുണ്ട്.

വടക്കന്‍ ജില്ലകള്‍, പ്രത്യേകിച്ചും, വള്ളുവനാടന്‍ പ്രദേശങ്ങള്‍ ഇപ്പോഴും ആ പഴയ ഭൂപ്രഭുത്വത്തിന്റെ അതേ ഹാങ്കോവറിലാണ്. ആ കപട വിശുദ്ധി നാട്യങ്ങള്‍ തകര്‍ക്കേണ്ട സമയവും അതിക്രമിച്ചിരിക്കുന്നു.

അഭിവാദ്യങ്ങളോടെ

Vallikkunnu said...

Dear babu, i have a suggestion, please make the malayalam fonts little bigger for easy reading,i felt pain on my eye trying read it.
Basheer vallikkunnu
vallikkunnu.blogspot.com

പ്രിയ said...

കാര്യം വെട്ടും കുത്തും കൂടുതല് ആണെങ്കിലും വടക്കന് ജില്ലയില് ഉള്ളവരുടെ പെരുമാറ്റം തെക്കന് ജില്ലക്കാരെക്കള് ഒന്നു കൂടെ സൌഹര്ദപരമായി തോന്നിയിട്ടുണ്ട്. (എന്റെ ചെറിയ അറിവിലും ബന്ധങ്ങളിലും )

എറണാകുളം ഭാഗത്തുള്ളവര്ക്ക് കോട്ടയംകാര് സാമര്ഥ്യക്കാര് ആണെന്കിലും തെക്കന് എന്ന് വിളിക്കുന്നത് കൊല്ലം തൊട്ടുള്ളവരെ ആണ്.(എറണാകുളത്താണ് മാഫിയ അടിപിടി കൂടുതല് എങ്കിലും :D )

ചിന്തക്ക് വഴിയോരുക്കുന്ന ലേഖനം.

ചുമ്മാ ഒരു ഓ.ടോ. :
"വലപ്പാട് ജനിച്ചു. അവിടെ ഇപ്പോള്‍ വലയുമില്ല,പാടുമില്ല.....ഉള്ളതു പദ്മശ്രീ യൂസഫലി മാത്രം!വലപ്പാടു ജനിച്ചതില്‍ അഭിമാനമൊന്നുമില്ല.അമേരിക്കയിലോ യൂറോപ്പിലോ ജനിച്ചാല്‍ മതിയായിരുന്നു.തല്ലുകൊണ്ടാലും മുതലാളിത്തമാണെങ്കിലും ഒരിത്തിരിയെങ്കിലും ജനാധിപത്യമുണ്ടല്ലൊ. എന്തു ചെയ്യാം, ഗതികേടിനു ജനിച്ചതു ഈ ഫ്യൂഡല്‍ ഇന്ത്യയില്‍! "

ഹൊ,അല്ലേലും ദൈവം അങ്ങനാ. അവര് അമേരിക്കക്കാരും യൂറോപ്പുകാരും ഭാഗ്യവാന്മാര്. ഇല്ലേല് താങ്കള് ഒക്കെ അവിടെ ജനിച്ചിരുന്നേല് അവര് ഇന്ത്യയില് ജനിച്ച ഇഫക്റ്റ് ആയേനെ :p

ഗുപ്തന്‍ said...

ശ്രദ്ധ അര്‍ഹിക്കുന്ന വിഷയം. ജാതി തീര്‍ച്ചയായും ഒരു ഘടകം ആണ്. തിരുവനന്തപുരത്തിന്റെ നഗരപരിസരം വിട്ടാല്‍ കൊട്ടാരക്കര എത്തണമായിരുന്നു ‘സവര്‍ണ വായു‘ ശ്വസിക്കാന്‍- അതും വളരെപരിമിതമായ ഏറിയയില്‍ മാത്രം. തെക്കുമാത്രമല്ല കടലോരവും പൊതുവേ അവമതിക്കപ്പെടുന്ന പ്രദേശം ആണ്. അവിടെയും ജാതിയുമായി ബന്ധപ്പെട്ടതാണ് വിഷയം. ഫ്യൂഡല്‍ സങ്കല്പങ്ങള്‍ തന്നെയാണ് പിന്നില്‍ എന്നതിന് സംശയം ഒന്നുമില്ല. ഒരുപക്ഷെ ചികഞ്ഞുനോക്കിയാല്‍ കൂടുതല്‍ കാര്യങ്ങള്‍ കണ്ടേക്കാം.


രാജ്യാന്തരതലത്തില്‍ തന്നെ രസകരമായ സാമ്യം ഉണ്ട്. യൂറോപ്പിന്റെ തെക്കും പ്രത്യേകം പറഞ്ഞാല്‍ ഇറ്റലിയുടെ തെക്കും ഇതുപോലെ അവമതിക്കപ്പെടുന്നവരാണ്. അമേരിക്കന്‍ ഭൂഖണ്ഡം തെക്കോട്ടുപോകുംതോറും അധഃപതിക്കുന്നു. ആഫ്രിക്കയില്‍ കൃത്യം പറയാനാവില്ലെങ്കിലും വടക്കന്‍ രാജ്യങ്ങള്‍ ശക്തരാണ്. മധ്യ ആഫ്രിക്ക ദക്ഷിണാഫ്രിക്ക ഒഴികെയുള്ള തെക്കന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്താ‍ല്‍ മെച്ചമാണെന്ന് തോന്നുന്നു. ഇനിയിപ്പം ഈ തെക്കിനു വല്ല കൊയപ്പോം ഒണ്ടാ..

- ഒരു തെക്കന്‍ :)

Ignited Words said...

ഞാനുമൊരു തെക്കനാണ്, പക്ഷെ തെക്കനിതുവരെ ഈ പറഞ്ഞു പരത്തുന്നതുപോലെ ഒരു പ്രശനമുണ്ടെന്നെനിക്കു തോന്നിയിട്ടില്ല, തെക്കന്റെ നിസ്സഹയാവസ്ഥ എപ്പോഴും വടക്കന്‍ ജില്ലക്കര്‍ മുതലെടുക്കുന്നുവെന്നെ എനിക്കു തൊന്നിയിട്ടുള്ളൂ.
രാജീവ് മാഷ് പറഞ്ഞതു പോലെ അധികാരം കേന്ദ്രീകരിച്ചിരിക്കുന്നതു തിരുവനന്തപുരത്തായതുകൊണ്ടാവാം പണ്ടുമുതലെ തന്നെ സവര്‍ണ്ണ ഫ്യൂഡല്‍ നാടുവാഴിത്തം അല്പമെങ്കിലും നിലനില്‍ക്കുന്ന വടക്കന്‍ ജില്ലക്കാര്‍ക്ക് തെക്കന്‍ നമ്പാന്‍ കൊള്ളാത്തവനായത്. പക്ഷെ എന്താണ് യഥാര്‍ത്ഥതിലുള്ള വസ്തുത. നാട്യങ്ങളില്ലാത്ത ഒരു വിഭാ‍ഗമാണ് തെക്കനെന്നറിയപ്പെടുന്ന ഈ പ്രദേശങ്ങള്‍, അവനു തോന്നിയതു പോലെ അവന്‍ പറയും, പ്രവര്‍ത്തിക്കും. അതുകൊണ്ട് തന്നെ വടക്കുള്ളവര്‍ക്കു തെക്കന്‍ ധാര്‍ഷ്ഠ്യക്കാരനും അഹങ്കാരിയുമായി തോന്നി.
ഇന്ന് കേരളത്തില്‍ നാട്ടുകാരല്ലാത്തവര്‍ ഏറ്റവും കൂടുതല്‍ താമസിക്ക്ന്ന നഗരമാണ് തിരുവനന്തപുരം. ജോലിസംബന്ധമായും മറ്റും ഏറ്റവും കൂടുതല്‍ മറ്റു ജില്ലകാര്‍ താമസിക്കുന്നത് തിരുവനന്തപുരം. എന്തു പ്രശനമുണ്ടായാലും അതു തിരുവനന്തപുരത്തുകാരുടെ തലയില്‍ വെച്ചുകെട്ടി അതിനെ ഊതിപെരുപ്പിച്ച് കാണിക്കുകയാണ് എന്നും ചെയതിട്ടുള്ളത്. അധികാരകേന്ദ്രം തിരുവനന്തപുരമാണെങ്കിലും അതിനെ നിയന്ത്രിക്കുന്നതു എല്ലാക്കാലത്തും വടക്കരാണ്. അതുപോലെ വടക്കരുടേതുപോലെ ഒരു കാര്യത്തിലും എടുത്തു ചാടാത്തത് കൊണ്ടുമാവാം വടക്കര്‍ക്ക് തെക്കരെ ഇഷ്ടപ്പെടാത്തത്.

പണ്ടൊരിക്കല്‍ എന്റെ കണ്ണൂരുള്ള ഒരു ചങ്ങാതി അനന്തപദമനാഭനെ പറ്റി ഒരു കമന്റ് പറയുകയുണ്ടായി. തെക്കരുടെ കയ്യിലിരുപ്പു കാരണമാണ് വിഷ്ണു അനന്തശയനത്തില്‍ കിടക്കുന പ്രതിഷ്ത ഇവിടെ മാത്രം ഉണ്ടായതെന്നും, നില്‍കുന്ന നില്‍പ്പാണെങ്കില്‍ തെക്കര്‍ കാലുവാരി തറയില്‍ ഇടുമെന്നും.. പക്ഷെ ആ ചങ്ങാതി ഒരു കാര്യം ഓര്‍ത്തില്ല, അനന്തപദ്മനാഭനു സമാധാനമായി കിടക്കാന്‍ പറ്റിയ ഒരേ ഒരു സ്ഥലം തിരുവനന്തപുരമാണെന്ന്. അതുകൊണ്ടാണ് ഇവിടെമാത്രം അനന്തശയനത്തിലുള്ള പദ്മനാഭനെ കാണാന്‍ കിട്ടുന്നതെന്നും..

Ambi said...

വളരെ പ്ര്rഅസക്തമായ നിരീക്ഷണം. വളരെ ശരിയായി തോന്നുകയും ചെയ്യുന്നു. പലപ്പോഴും ഈ തെക്കന്‍ മിത്തുകളെക്കുറിച്ച് ചിന്തിച്ചിട്ടുള്ളതാണ്. മലബാറില്‍ ജനിച്ച പല നല്ല മനുഷ്യരും ഈ ഒരൊറ്റ അഹംകാരം കാരണം പലപ്പോഴും സാമൂഹ്യമര്യാദകള്‍ ഒട്ടും നോക്കാത്തവരായിത്തീരുന്ന അനുഭവങ്ങള്‍ ഉണ്ടായപ്പോഴും ഇതിനെപ്പറ്റി ആലോചിച്ചിട്ടുണ്ട്.(വളരെ നല്ല ചില മനുഷ്യര്‍ക്ക് അപാര ജാതിചിന്ത കണ്ടിട്ടില്ലേ? അതുപോലെതന്നെ:) ആ ഫ്യൂഡല്‍ ഹാങ്ങോവറാണെന്ന വഴിയ്ക്ക് ചിന്ത പോയിരുന്നില്ല ഇതുവരെ. വായിച്ചപ്പോള്‍ ശരിയെന്ന് തോന്നുകയും ചെയ്യുന്നു.
വളരെ നല്ല നിരീക്ഷണം.

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

മോനെ, ഞാന്‍ ഒരു തെക്കനാ. തെക്കനെ നന്ബരുത് എന്നു പറഞ്ഞു തെക്കന്മാരെ അങ്ങനെ അടച്ച് ആക്ഷേപിക്കാതെ. ഈ കൊച്ചു കേരളത്തിന്റെ തലസ്ഥാനം തന്നെ അങ്ങ് തെക്കല്ലെ? പോരെങ്കില്‍ ഒരു കൊട്ടു കൂടി തരാം. സാക്ഷാല്‍ അനന്ത പദ്മനാഭന്‍ പോലും ശയിക്കുന്ന പൊസിഷനിലാ അംബലത്തില്‍ കഴിയുന്നത്. എന്താ കാരണമെന്നറിയാമൊ? കാലുവാരുന്ന കാര്യത്തില്‍ തെക്കനെ വെല്ലാന്‍ ഈ ഭൂലോകത്ത് വെറെ ആരും ഇല്ല. (ഞാന്‍ ഈ പറഞ്ഞ കാര്യം നമ്മള്‍ രണ്ടും അറിഞ്ഞാല്‍ മതി കേട്ടാ...)

Manojkumar said...

ഞാനുമൊരു തെക്കനാണു മാഷെ..തെക്കന്‍മാരെ മുഴുവന്‍ നമ്പാന്‍ കൊള്ളില്ല എന്നല്ല താങ്കള്‍ ഉദ്ദേശിച്ചതെന്നറിയാം.ഞങ്ങളുടെ നാട്ടില്‍ മറ്റൊരു പ്രയോഗമുണ്ട്‌."ആളില്‍ കുറുകിയവനെ നമ്പാന്‍ കൊള്ളില്ല"എന്ന്‌.അതുപോലെ തന്നെ പഴയ കാരണവന്‍മാര്‍ പറഞ്ഞ്‌ കേട്ടിട്ടുണ്ട്‌ "പെണ്ണ്‌ കായംകുളത്തുകാരിയാണോ? എന്നാല്‍ ആ കല്യാണം നമുക്കു വേണ്ട.!എന്താണെന്നോ കാരണം പെണ്ണിനു നാവ്‌ കുറച്ച്‌ കൂടുതല്‍ ആയിരിക്കും.ഒന്ന്‌ പറഞ്ഞാല്‍ പത്ത്‌ തിരിച്ചിങ്ങോട്ട്‌ പറയും.ഇതിലും വലിയ സത്യമൊന്നുമില്ല...ഇതൊക്കെ എല്ലാ നാട്ടിലും ഉണ്ടാവും.

ബാബുരാജ് ഭഗവതി said...

കമന്റിനു നന്ദി.
തെക്കന്മാരെ നമ്പാന്‍ കൊള്ളില്ല എന്നു ഞാന്‍
പറഞ്ഞില്ലെന്നു മാത്രമല്ല
അങ്ങിനെ പറയുന്നവരുടെ
നിലപാടുകളെ പരിശോധിക്കനുള്ള ശ്രമം കൂടിയായിരുന്നു അത്.
പക്ഷേ
ഓര്‍മ്മയിലുണ്ടായിരിക്കണം
സുഹൃത്തിന്റെ കമന്റുകള്‍ കാണുമ്പോള്‍
ഉള്ളിലുള്ളത്‌ വായിച്ചില്ലെന്നതോന്നലുണ്ടാക്കുന്നു.
തെറ്റിദ്ധരിച്ചതാണെങ്കില്‍ ക്ഷമിക്കുക

വിനോജ് | Vinoj said...

തെക്കന്‍ വടക്കന്‍ വ്യത്യാസം തികച്ചും അനാവശ്യമാണ്. വടക്കന്മാര്‍ എന്തിനാണ് ഇങ്ങനെ വെടക്കന്മാരാകുന്നത്‌. ഞങ്ങള്‍ പാവം തെക്കന്‍മാര്‍ എന്തു തെറ്റു ചെയ്തു നിങ്ങളോട് ? പിന്നെ, എനിക്ക്‌ മറ്റൊരു കാര്യം പറയാനുള്ളത്‌ ‘ഭ‘ എന്ന വാക്കിന്റെ ഉച്ചാരണത്തെപറ്റിയാണ്. തെക്കുള്ളവര്‍ ഇത്‌ ‘ഫ‘ എന്നാണ് ഉച്ചരിക്കുന്നത് എന്നു പറഞ്ഞ്‌ എന്റെ ഒരുപാട്‌ വടക്കന്‍ സുഹൃത്തുക്കള്‍ കളിയാക്കാറുണ്ട്. അതേ സമയം അവര്‍ അത്‌ ഉച്ചരിക്കുന്നത് ‘ബ’ എന്നാണെന്നുള്ള സത്യം അംഗീകരിക്കുകയുമില്ല. “നിങ്ങള് തെക്കുള്ളോര് ബാര്യക്ക്‌ ഫാര്യാന്നല്ലേ പറയുന്നെ ?” എന്നാണ് അവരുടെ എളിയ ചോദ്യം. ഹും !!

ഉഷാകുമാരി.ജി. said...

സ്ത്രീവിരുദ്ധതയില്‍‌
തെക്കും‌ വടക്കും‌ ഭേദമില്ല.

റോബി said...

കാര്യങ്ങളെ ജെനെറലൈസ് ചെയ്യുന്നതിന്റെ കുഴപ്പമാണെന്നു തോന്നുന്നു. നല്ല മനുഷ്യര്‍ എല്ലായിടത്തുമുണ്ട്...എങ്കിലും കോഴിക്കോടിനു വടക്കോട്ട് കൂടുതല്‍ ലാളിത്യവും നന്മയും അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കോട്ടയത്തെ ചില ക്രിസ്ത്യന്‍ ബെല്‍ട്ടുകളില്‍ ആള്‍ക്കാര്‍ കൂടൂതല്‍ സ്വാര്‍ത്ഥതയുള്ളവരായും തോന്നിയിട്ടുണ്ട്.

(എതിര്‍‌കക്ഷി കോട്ടയംകാരിയാ...ഇതെങ്ങാനും വായിച്ചാല്‍ തീര്‍ന്നു..:))

കാര്‍ത്ത്യായനി said...

പ്രസക്തമായ പോസ്റ്റ്.നല്ല മനുഷ്യര്‍ എല്ലായിടത്തുമുണ്ട്..അതുപോലെ അങ്ങനെ അല്ലാത്തവരും.അതിനു വടക്ക്-തെക്ക് ഭേദമുണ്ടെന്നു തോന്നിയിട്ടില്ല.പിന്നെ ബന്ധങ്ങളില്‍ കുറച്ചു കൂടെ ഊഷ്മളത മലബാറില്‍ കണ്ടിട്ടുണ്ട്. വടക്കുള്ളവര്‍ക്കു തെക്കുള്ളവരെപ്പറ്റിയും തിരിച്ചും പണ്ടുമുതലേ ഉണ്ട് ചില ചൊല്ലുകള്‍.അയല്‍ഗ്രാമങ്ങളില്‍ പോലും.“കൊല്ലം കണ്ടവനില്ലം വേണ്ട,കൊച്ചി കണ്ടവന് അച്ചി വേണ്ട..എന്നിങ്ങനെയുള്ള പഴഞ്ചൊല്ലുകള്‍ ഉദാഹരണമായി പറയാമെന്നു തോന്നുന്നു.
വാല്‍ക്കഷണം:ഈയിടെഎവിടെയോ കണ്ടതാണ്: മകള്‍ക്കു വന്ന ഒരു കല്യാണാലോചന വേണ്ടെന്നു വെച്ചതിന് തിരുവനന്തപുരം കേശവദാസപുരത്തുകാരിയായ വീട്ടമ്മ പറഞ്ഞ കാരണം:“ഓ അവരങ്ങു വടക്കരാ”.ചെറുക്കന്റെ വീട് കൊല്ലത്തായിരുന്നു!

സത്യാന്വേഷി said...

ചിന്തനീയമായ വിഷയം. ഇതെഴുതുന്നയാൾ എപ്പോഴും ഇതിനെക്കുറിച്ചു ചിന്തിക്കാറുണ്ടായിരുന്നു. ചരിത്രപരവും സാമൂഹികശാസ്ത്രപരവുമായ കാരണങ്ങൾ കാണും എന്തിനും അതന്വേഷിക്കാനുള്ള ആദ്യ ചുവടാകട്ടെ ഈ പോസ്റ്റ്. നന്നായിരിക്കുന്നു.