Thursday, April 17, 2008

ബ്ലോഗിനെ കുറിച്ചു ആലോചിക്കുമ്പോള്‍.....

രൂപവും ഉള്ളടക്കവും തക്കില്‍ ഒരു വൈരുദ്ധ്യാത്മക ബന്ധം നിലനിക്കുന്നുവെന്ന് മാക്സിസം സിദ്ധാന്തിക്കുന്നു. മധ്യമങ്ങളുടെ സ്വഭാവം അവയുടെ ഉള്ളടക്കത്തെയും ബാധിക്കുന്നു, തിരിച്ചും.അത്‌ ബ്ലോഗ്ഗുകളുടെ കാര്യത്തിലും ശരിതന്നെ.അറിവ്‌ ആദ്യകാലങ്ങളില്‍ വാമൊഴിയിലൂടെയാണ്‌ നിലനിന്നിരുന്നത്‌. അറിവിന്റെ ഘടന വാമൊഴി ഘടനയായിരുന്നു എന്നു പറയുന്നതാണ്‌ കൂടുതല്‍ ശരി.ലോകത്തില്‍ വളര്‍ന്നുവികസിച്ച മിക്കവാറും അറിവുരൂപങ്ങള്‍ ഇങ്ങനെ വാമൊഴി ഘടനയിലൂടെയാണ്‌ രൂപം കൊണ്ടതും കൈമാറ്റം ചെയ്യപ്പെട്ടതും . അറിവിന്റെ നിര്‍മ്മാണവും ഉപഭോഗവും ചേര്‍ന്നിരിക്കുന്നു എന്നു പറയാം. സാങ്കേതിക(എഞ്ചിനീയറിങ്ങ്‌) വിദ്യയാണ്‌ ഏറ്റവും അടുത്തകാലത്തായി വാമൊഴിഘടനയെ ഉപേക്ഷിച്ച അറിവുരൂപം.(വ്യവസായ വിപ്ലവകാലത്ത്‌ എഞ്ചിനീയര്‍മാര്‍ നിരക്ഷരായിരുന്നു.ഇത്തരം അറിവുകള്‍ അവര്‍ കൈമാറ്റം ചെയ്തിരുന്നത്‌ വര്‍ക്ക്‌ ഷോപ്പുകളില്‍ വാമൊഴിയിലൂടെയാണ്‌.എഞ്ചിനീയറിങ്ങിന്‌ വരമൊഴിയുടെ ഘടനയേ ഇല്ലായിരുന്നു.പിന്നീട്‌ സാങ്കേതികവിദ്യ മൊത്തത്തില്‍ നേടിയെടുത്ത വികാസത്തിന്റെ പശ്ചാത്തലത്തിലാണ്‌ ഉപരിവര്‍ഗ്ഗങ്ങള്‍ ഈ മേഖലയിലേക്കു കടന്നു വരുന്നതും എഞ്ചിനീയറിങ്ങ് വരമൊഴിയിലേക്കു വിവര്‍ത്തനം ചെയ്യപ്പെടുന്നതും)ഇന്ന് അറിവുരൂപങ്ങള്‍ വരമൊഴിരൂപത്തിലാണ്‌ ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നത്‌.
ബ്ലോഗുകളുടെ ഘടനയെ വിശകലനം ചെയ്യാനാണ്‌ ഇത്രയും പറഞ്ഞത്‌.ബ്ലോഗുകള്‍ അച്ചടി മാധ്യമത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കുന്നു. മാധ്യമത്തിന്റെ രൂപപരമായ അയവ്‌ ബ്ലോഗ്‌ ഘടനയെ വാമൊഴിയോട്‌ അടുപ്പിക്കുന്നതായി കാണാം. അതുകൊണ്ടാണ്‌ കമന്റുകളില്ലാത്ത പോസ്റ്റ്‌ ഊഷരമാണെന്ന് പോസ്റ്റുന്നവര്‍ കരുതുന്നത്‌. ഹിറ്റുകളെ കണക്കാക്കുന്നതിനോട്‌ എന്തെന്നില്ലാത്ത ആവേശം ബ്ലോഗെഴുത്തുകാര്‍ക്കിടയില്‍ കാണുന്നതിനും ഒരു കാരണം ഇതുതന്നെ. കമന്റു പ്രതീക്ഷിച്ചു പോസ്റ്റരുതെന്ന ഒരു ഉപദേശം ഒരു പ്രമുഖ ബ്ലോഗരുടെ പോസ്റ്റില്‍ കണ്ടു. അച്ചടി മാധ്യമത്തിന്റെ ഘടനയില്‍ നിന്നുകൊണ്ടുള്ള ആലോചന യാണെന്നു തോനുന്നു ഇത്‌ .ബ്ലോഗ്‌ ഒരു ഡയലോഗാണ്‌; ഗ്രൂപ്പ്‌ ഡിസ്ക്കഷനാണ്‌.ബ്ലോഗര്‍ കമന്റുകള്‍ പ്രതീക്ഷിച്ച്‌ എഴുതുന്നു എന്ന ലളിതമായ അര്‍ത്ഥത്തില്‍ ഇതിനെ വിലയിരുത്തരുത്‌.ബ്ലോഗ്ഗിന്റെ സാങ്കേതിക ഘടന തന്നെ ഡിസ്ക്കഷന്റേതാണ്‌.അതില്‍ നിന്നും വേറിട്ട അസ്തിത്വമില്ല ബ്ലോഗിന്‌.ഈ ഡയലോഗിന്റെ സാധ്യതകള്‍ ഓരോ പോസ്റ്റുനും ലഭിക്കുന്ന കമന്റുകളില്‍ കാണാം. കമന്റുകള്‍ പലപ്പോഴും ഫോക്കസ്സില്ലാതെ അലഞ്ഞുതിരിയുന്നതായും വെറുതെ എന്തോ പറയുന്നതായും തോന്നാം. ഒരു ആള്‍ക്കൂട്ടത്തിന്റെ ഓര്‍മ്മയാണ്‌ അത്‌ നമ്മിലുണര്‍ത്തുന്നത്‌.
അവിടെ നായകനില്ല . പോസ്റ്റുന്നയാള്‍ പോലും അപ്രസക്തമാകുന്നതായി അനുഭവപ്പെടാറില്ലേ?ക്ലാസ്സിലിരുന്ന് കുട്ടികള്‍ പരസ്പരം സംസാരിക്കുന്നത്‌ പോലെ ബ്ലോഗര്‍മാര്‍ പര്‍സ്പരം കമന്റുകളിലൂടെ സംസാരിക്കും.
ബഹുസ്വരതയുടെ മാധ്യമമാണ്‌ ബ്ലോഗ്‌.
നോവലിന്റെ ഘടനയാണ്‌ ബ്ലോഗിന്റേത്‌.
വാമൊഴിയിലെ വിചിത്രനാങ്ങള്‍ ബ്ലോഗര്‍മാരുടെയും അവരുടെ ബ്ലോഗുകളുടെയും പേരുകളില്‍ കാണാം.അങ്ങിനെ ഒരിക്കല്‍ പരസ്പരം അകന്നുപോയ വാമൊഴി/വരമൊഴി അറിവുരൂപങ്ങള്‍ വീണ്ടും അടുക്കുകയാണ്‌....
പിന്‍മൊഴി..
തന്റെ ബ്ലോഗ് പൂട്ടിപ്പോകാന്‍ തീ‍രുമാനിച്ചതായി പ്രഖ്യാപിച്ച ഒരാളോടുള്ള പ്രതികരണം ശ്രദ്ധേയമായിരുന്നു. ബ്ലോഗു പൂട്ടുമ്പോള്‍ അതോടൊപ്പം നഷ്ടപ്പെടുന്ന കമന്റുകളുടെ വിധിയായിരുന്നു ചിലരെ പ്രകോപിപ്പിച്ചത്. ഈ അടുത്ത് അനോനി ആന്റണിയാണെന്നു തോനുന്നു ,ഇത്തരമൊരു തീരുമാനമെടുത്തിരുന്നു. അതിനോടും ബ്ലോഗര്‍മാര്‍ ഇപ്രകാരം പ്രതികരിച്ചതു കണ്ടു. വായനക്കാരനെ കൂടി കൃതിയോടൊപ്പം ചേര്‍ക്കുന്ന ബ്ലോഗിന്റെ സവിശേഷതയാണെന്നു തോനുന്നു ഇത്.

6 comments:

Unknown said...

അദ്യ തേങ്ങാ എന്റെ വക ദാ‍ പിടിച്ചോ

ശ്രീവല്ലഭന്‍. said...

ബ്ലോഗ് ഒരു ഡിസ്കഷന്‍ ഫോറം ആണെന്ന് അനുഭവപ്പെട്ടിട്ടുണ്ട്. കുറച്ചു തുറന്ന മനസ്സും, പഠനത്വരയും ഉണ്ടെങ്കില്‍ നമുക്കു ലോകത്തിന്‍റെ നാനാ ഭാഗങ്ങളില്‍ നിന്നുള്ളവരുമായ് സംവദിക്കാനും അവരില്‍ നിന്നും പഠിക്കുവാനും സാധിക്കുന്നു.

നല്ല ചിന്തകള്‍ :-)

പൂവന്‍‌കോഴി said...

Some of the bloggers consider all anonymous comments as something sub standard. If what is said is to be taken and not who said it, then anonymous is a real entity. Ridiiculing anony and then talking about the freedom of the blogosphere is hypocrisy.

വെള്ളെഴുത്ത് said...

ബ്ലോഗുകളുടെ അയവു രൂപം, സംവാദസാദ്ധ്യത അങ്ങനെ കൃത്യമായ ചില സവിശേഷതകളില്‍ താങ്കള്‍ ചെന്നു തൊട്ടു. ഇവയെ മലയാളബ്ലോഗുകളുടെ പശ്ചാത്തലത്തില്‍ നിര്‍ത്തി കൂടുതല്‍ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. ചുവരെഴുത്ത്, കത്തെഴുത്ത് ഡയറിയെഴുത്ത് എന്നിങ്ങനെ നമുക്കറിയാവുന്ന വ്യവഹാരരൂപങ്ങളുമായി കൂട്ടിക്കെട്ടിയിടുമ്പോള്‍ നഷ്ടപ്പെട്ടുപോകുന്നത് പുതിയമാദ്ധ്യമത്തിന്റെ സാദ്ധ്യതകളാണെന്ന ഉത്തരവാദിത്വബോധമാണ് നമ്മുടെ മാദ്ധ്യമസൈദ്ധാന്തികര്‍ക്ക് ഇതുവരെ ഉണ്ടാവാത്തത്. പൊതുസമൂഹത്തിന്, ‘ഓ ബ്ലോഗോ.. ‘ എന്നു മുഖം കിഴിച്ച് പുച്ഛിക്കാനാണ് ഇതുവരെയുള്ള ബ്ലോഗെഴുത്തിനെക്കുറിച്ചുള്ള എഴുത്തുകള്‍ സഹായിച്ചിട്ടുള്ളത്.

മാവേലി കേരളം said...

ബാബു രാജ് നന്നായി പറഞ്ഞിരിക്കുന്നു.

എഞിനീയറിങ്ങ് തന്നെയല്ല പൊതുവെ എല്ലാ അറിവുകളും വാമൊഴിയിലായിരുന്നു തുടങ്ങിയിരുന്നത്. ഒരാള്‍ ഒരു അഭിപ്രായം/അറീവ് പറയുക മറ്റുള്ളവര്‍ അതിനെ അനുകൂലിക്കുന്നു/ഇല്ല എന്ന് കാര്യകാരണസഹിതം പറയുക. അവസാനം ഒരൂ പൊതുധാരനയിലെത്തിച്ചേരുക. ആ ധാരണ ഒരു പക്ഷെ പിന്നീടുവരുന്ന ഒരു അനുഭവത്തിന്റെ പശ്ചാത്തല്ലത്തില്‍ വീണ്ടും ചര്‍ച്ചക്കു വരാം. പുതിയ ഒരു പൊതു തീരുമാനം ഉണ്ടാകാം.

ഉപരിവര്‍ഗങ്ങള്‍ അറിവിന്റെ മേഘലയിലേക്കു കടന്നു വന്നതോടെ അറിവിന്റെ ആ പഴയരീതികളെ അവര്‍ നിഷ്പ്രഭമാക്കി.

പ്ക്ഷെ ഇന്ന് ഈ വിവരം പൊതുവെ മാന്‍സിലാക്കപെട്ടുവരികയാണ്‍്. അതിന്റ് ഒരു രൂപമാണ്‍് ബ്ലോഗ്

ഈ രീതിയെ social constructivism എന്നാണ്‍് ഇന്നറിയപ്പെടുന്നത്.

ഈ സാഹചര്യത്തില്‍ കമന്റുകള്‍ സൃഷ്ടിയുടെ ഭാഗം തന്നെയാണ്‍്. ഒരു പോസ്റ്റിലുള്‍ക്കൊള്ളിച്ചിരിക്കൂന്ന വിഷയത്തോടു ക്രിയാത്കമമയി സംവാദിക്കുമ്പോള്‍. എന്നാല്‍ ഈ ക്രിയാത്മകത ഇല്ലാതെ വരുന്നിടത്ത് ഈ കമന്റുക്കള്‍ ഒരു ധര്‍മ്മവും വഹിക്കുന്നില്ല.അവ വെറും ശബ്ദങ്ങളായി മാറുകയാണ്‍്. അപ്പോള്‍ ബ്ലോഗിന്റെ ധര്‍മ്മം നിര്‍വഹിക്കപ്പെടുന്നില്ല. ക്മന്റിനെ ധര്‍മ്മവും.

ഒരിക്കല്‍ കുടി ബാബുരാജിന്റെ ആശയത്തെ അനുമോദിച്ചുകൊണ്ട്

Suraj said...

ബാബു രാജ് ജീ,
മറ്റൊരിടത്ത് ലിങ്കുകണ്ടാണ് കറങ്ങിത്തിരിഞ്ഞ് ഇവിടെവന്നത്.

“..ബ്ലോഗ്ഗിന്റെ സാങ്കേതിക ഘടന തന്നെ ഡിസ്ക്കഷന്റേതാണ്‌.അതില്‍ നിന്നും വേറിട്ട അസ്തിത്വമില്ല ബ്ലോഗിന്‌.ഈ ഡയലോഗിന്റെ സാധ്യതകള്‍ ഓരോ പോസ്റ്റുനും ലഭിക്കുന്ന കമന്റുകളില്‍ കാണാം... ”

നിരീക്ഷണങ്ങള്‍ ഒക്കെയും ഇഷ്ടമായി.

“ഈ സാഹചര്യത്തില്‍ കമന്റുകള്‍ സൃഷ്ടിയുടെ ഭാഗം തന്നെയാണ്‍്. ഒരു പോസ്റ്റിലുള്‍ക്കൊള്ളിച്ചിരിക്കൂന്ന വിഷയത്തോടു ക്രിയാത്കമമയി സംവാദിക്കുമ്പോള്‍. എന്നാല്‍ ഈ ക്രിയാത്മകത ഇല്ലാതെ വരുന്നിടത്ത് ഈ കമന്റുക്കള്‍ ഒരു ധര്‍മ്മവും വഹിക്കുന്നില്ല.അവ വെറും ശബ്ദങ്ങളായി മാറുകയാണ്‍്. അപ്പോള്‍ ബ്ലോഗിന്റെ ധര്‍മ്മം നിര്‍വഹിക്കപ്പെടുന്നില്ല. കമന്റിനെ ധര്‍മ്മവും”

മാവേലികേരളത്തിന്റെ ഈ നിരീക്ഷണത്തോട് അക്ഷരംപ്രതി യോജിക്കുന്നു. സത്യത്തില്‍ ‘ബ്ലോഗെഴുത്തി’നോട് - മലയാളം ബ്ലോഗെഴുത്തിനോട് - സമൂഹത്തിനുള്ള “ഓ ബ്ലോഗോ” എന്ന അലസമായ സമീപനത്തിന് തന്നെ മാവേലി പരാമര്‍ശിച്ച ഇത്തരം പാഴ് കമന്റുകളും അത്തരം കമന്റുകള്‍ക്കായി മാത്രമുള്ള പോസ്റ്റുകളുമല്ലേ ഒരു കാരണം ?

ഡയറിയിലൊക്കെ സ്കൂള്‍ കോളെജ് കാലത്ത് കുറിച്ചിടുന്ന (സ്റ്റാന്‍ഡേഡില്ല എന്ന് എഴുതുന്നവനു തന്നെ ബോധ്യമുള്ള) കഥയും കവിതയും ലേഖനവും ഒക്കെ ഒരു എഡിറ്ററുടെ കത്തിക്കിരയാകാതെ പടച്ചുവിടാനും പബ്ലിഷാനുമുള്ള ഒരു ഫ്രീ സെറ്റപ്പ് എന്നതിനപ്പുറം ക്രിയാത്മകമായ വിഷയങ്ങളോ ചര്‍ച്ചകളോ - കലയാകട്ടെ,സാഹിത്യമാകട്ടെ,ഫിലോസഫിയാകട്ടെ സയന്‍സാകട്ടെ - ഉണ്ടാകുന്നുണ്ടോ ?
ഇന്നും ക്ലിക്കുകളിലും കോക്കസുകളിലും കിടന്നു തിരിയുന്ന (താരസംഘടനയെ ഒക്കെ പോലെ) ഒരു മീഡിയമായി തന്നെയിരിക്കുന്നു മലയാളം ബ്ലോഗിംഗ്.

ഓ.ടോ:
ബ്ലോഗ് പോസ്റ്റായി വരുന്ന കഥകള്‍ക്ക് കിട്ടുന്ന കമന്റുകളില്‍ എന്തു ക്രിയാത്മക ചര്‍ച്ച എന്ന് ചിലപ്പോള്‍ ആലോചിച്ചിട്ടുണ്ട്. എന്നാല്‍ ഗുപ്തന്റെ ഒരു കഥയിലിട്ട ഒരു കമന്റിന് അദ്ദേഹം തന്ന മറുപടി ആ ധാരണയെ തകിടം മറിച്ചു: പുള്ളിക്കാരന്‍ ആ കഥയുടെ narrative style-നെക്കുറിച്ച് കൂടി പറഞ്ഞുകളഞ്ഞു. കഥയിലും കവിതയിലും പോലും ക്രിയാത്മക കമന്റുകളാവാം എന്ന് അന്ന് ബോധ്യമായി!

ബാബുരാജ് ജീക്ക് ആശംസകള്‍.