Monday, July 7, 2008

മതവിരുദ്ധ ശാസ്ത്രം പഠിപ്പിക്കേണ്ടതുണ്ടോ?






കേരളത്തില്‍ പാഠപുസ്തകവിവാദം മുറുകിയിരിക്കയാണ്. വിവാദങ്ങള്‍ എല്ലാം ഒരേ കോണില്‍ നിന്നല്ല എന്നതാണ് ശ്രദ്ധേയമായ ഒരു വസ്തുത. ‘മതമില്ലാത്ത’ ‘ജീവനെ’ കുറിച്ച് സംസാരിക്കുന്നുവെന്ന് ഒരു ഭാഗത്ത് ആരോപിക്കുമ്പോള്‍ മറുഭാഗത്ത് കമ്യൂണിസം പ്രചരിപ്പിക്കുന്നുവെന്നാണ് ആരോപണം. ജാതി കോളം വിട്ടുകളയുന്നതിലൂടെ ഇന്ത്യന്‍ ഭരണ ഘടനയുടെ Sections 15 (4), 15 (5) and 16 (4) എന്നിവ ലംഘിക്കുന്നുവെന്നാണ് ധീവരസഭ ആരോപിക്കുന്നത്.സംവരണം ജാതി തിരിച്ചായതിനാല്‍ അതെഴുതുന്നതിനെതിരെയുള്ള പ്രചരണം ഭരണഘടനാവിരുദ്ധമാണെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ചേര്‍ത്തല നഗരസഭയാകട്ടെ ഏറ്റവും കൂടുതല്‍ മന്തുരോഗികളുള്ള പ്രദേശമെന്നു ചേര്‍ത്തലയെ വിശേഷിപ്പിക്കുന്നതിലുള്ള തങ്ങളുടെ പരാതി പ്രകടിപ്പിച്ചുകഴിഞ്ഞു. തങ്ങളുടെ നാട്ടിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹ ആലോചന വരുന്നതിന് ഇതൊരു തടസ്സമായിരിക്കുമെന്നാണ് നഗര സഭയുടെ ആശങ്ക.
തിനോടുള്ള പ്രതികരണവും ഇതുപോലെ തന്നെ ബഹുമുഖമാണ്. ഇടതുപക്ഷത്തിന്റെ സാമൂഹ്യപ്രതിബദ്ധതയുടെ ജ്വലിക്കുന്ന ഉദാഹരണമായി ഇതിനെ ഒരു വിഭാഗം ഉയര്‍ത്തിക്കാട്ടുമ്പോള്‍ മറുഭാഗം സാമ്രാജ്യത്വഫണ്ടുവാങ്ങി ഉണ്ടാക്കുന്ന പാഠപുസ്തകങ്ങള്‍എന്ന നിലയില്‍ ഇതിനെ തള്ളിക്കളയണമെന്നാണ് ആവശ്യപ്പെടുന്നത്. അതോടൊപ്പം ഈ പാഠപുസ്തകം ലോകോത്തരമാണെന്ന വാദവും ചിലരുയര്‍ത്തുന്നുണ്ട്. സത്യം ഇതിനിടയില്‍ എവിടെയോ ആണെന്നത് ഇതിനോടകം തെളിഞ്ഞു കഴിഞ്ഞ വസ്തുതയാണ്.
ചര്‍ച്ചകള്‍ക്കൊപ്പം മറ്റു ചില വസ്തുതകള്‍ കൂടി പരിശോധിക്കേണ്ടതുണ്ടെന്നു തോന്നുന്നു. അതാണു ഈ പോസ്റ്റിന്റെ അടിയന്തിര പ്രകോപനം.
സത്യത്തില്‍ ഈ വിവാദം അടിസ്ഥാനപരമായി മതത്തെ മുന്നോട്ടു വെക്കുന്നുണ്ടോ?
ഇല്ലെന്നു തന്നെയാണ് എനിക്കു തോനുന്നത്. മതമേധാവിത്വ ശക്തികള്‍ക്ക് കഴിഞ്ഞകാലത്ത് പറയാന്‍ കഴിയാതിരുന്ന ഒരു കാര്യം അവര്‍ തെരുവില്‍ പറയുന്നുവെന്നത് തികച്ചും സുപ്രധാനം തന്നെ. ശ്രദ്ധേയവും .ഒപ്പം ഒരിക്കലും ഒന്നു ചേരാതിരുന്ന ഒരുപാടു ഗ്രൂപ്പുകള്‍ അത് മതപരമായാലും സാമുദായികമായാലും രാഷ്ട്രീയമായാലും ഒരു പൊതുവേദി കണ്ടെത്തിയിരിക്കുന്നുവെന്നും കാണാന്‍ കഴിയും
ന്നാല്‍ ചരിത്രത്തില്‍ നടന്ന പല പാഠപുസ്തകവിവാദങ്ങളില്‍ നിന്നും ഇത് വ്യത്യസ്തമാണെന്നത് ഒരു വസ്തുതയാണ്. 1925-ലാണ്‌ അമേരിക്കയില്‍ റ്റെന്നസ്സിയില്‍ സ്കൂളില്‍ പരിണാമസിദ്ധാന്തം പഠിപ്പിച്ചുവെന്ന പേരില്‍ ജോണ്‍.ടി. സ്കോപ്പ്‌ എന്ന അദ്ധ്യാപകന്‍ വിചാരണ ചെയ്യപ്പെടുന്നത്‌. സ്കോപ്പിനനുകൂലമായി അക്കാലത്തെ നിയമ വിദഗ്ദനായിരുന്ന ഡാരോയും എതിര്‍പക്ഷത്ത്‌ 3 തവണ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിച്ചു തോറ്റ ബ്രയാനും അണിനിരന്നു.ഇതാണ്‌ പിന്നീട്‌ മങ്കി ട്രയല്‍ എന്നറിയപ്പെട്ടത്‌. ലോകപ്രശസ്തമായ ഈ വിചാരണ മതവും മതേതര സമൂഹവും തമ്മിലുള്ള അടിസ്ഥാന വ്യത്യാസത്തിലാണ് ഊന്നിയിരുന്നത്. അവിടെ ഒടുവില്‍ അദ്ധ്യാപകന്‍ സാങ്കേതിക കാരണങ്ങളാലാണ് കുറ്റ വിമോചിതനായതെങ്കിലും അവസാന യുദ്ധത്തില്‍ പുരോഗമന പക്ഷം വിജയിക്കുകതന്നെ ചെയ്തു. പരിണാമ സിദ്ധാന്തം റ്റെന്നസ്സിയിലെ സ്കൂളുകളില്‍ പഠിപ്പിക്കുകയും ചെയ്തു.(1965 ല്‍ മാത്രമാണ് ഇതിനെതിരെയുള്ള നിയമം എടുത്തുകളഞ്ഞതെന്നത് മറ്റൊരു കാര്യം)

മേരിക്കയില്‍ നടന്ന ഈ പാഠപുസ്തക വിവാദം നമ്മുടെ പാഠപുസ്തക വിവാദത്തില്‍ നിന്നും വ്യത്യസ്തമാകുന്നതെങ്ങിനെയാണ്?

മേരിക്കന്‍ പ്രശ്നത്തില്‍ വിവാദത്തിലേര്‍പ്പെടുന്നവര്‍ തത്വത്തില്‍ തന്നെ തങ്ങളുടെ മതവിശ്വാസത്തെ ഉയര്‍ത്തിപ്പിടിച്ചിരുന്നുവെന്നതാണ് മുഖ്യ വസ്തുത. തങ്ങളുടെ മക്കള്‍ മതേതരമായ സാമൂഹ്യശാസ്ത്രം മാത്രമല്ല ശാസ്ത്രവും പഠിക്കേണ്ടതില്ലെന്നതായിരുന്നു അവരുടെ വാദം. അത്രത്തോളം അവരുടെ വാദങ്ങള്‍ ആത്മാര്‍ത്ഥമായിരുന്നു വെന്നു പറയാം.
എന്നാല്‍ ഇവിടെയോ?
ങ്ങളുടെ കൊച്ചുമക്കള്‍, മക്കള്‍ ,..ആരുമാകട്ടെ അവര്‍ പഠിക്കുന്ന ശാസ്ത്രം മതപരമല്ലെന്നു അറിയാത്തവരായി ഈ വിവാദമുണ്ടാക്കുന്നവരില്‍ ആരാണുള്ളത്?
മുകളില്‍ നിന്നു വീഴുന്ന കല്ല് താഴെ പതിക്കുന്നതില്‍ ദൈവത്തിന് ഒന്നും ചെയ്യാനില്ലെന്നതില്‍ എത്രപേര്‍ക്ക് സംശയമുണ്ട്?

ചലനകാരണങ്ങളില്‍ നിന്ന് ദൈവത്തെ പടിയിറക്കിയിട്ട് നൂറ്റാണ്ടൊന്നുകഴിഞ്ഞു.ചലനത്തിന്റെ ഓരോ ഘട്ടത്തിലും നിരന്തരം ഇടപെടേണ്ട അരിസ്റ്റോട്ടിലിന്റെ ഹതഭാഗ്യനായ ദൈവത്തെ ആ മടുപ്പുളവാക്കുന്ന പ്രവര്‍ത്തിയില്‍നിന്നും ന്യൂട്ടന്‍ മോചിപ്പിച്ചിട്ടു തന്നെ പല നൂറ്റാണ്ടുകള്‍ കഴിഞ്ഞു. ആദ്യ തള്ളിനുവേണ്ടി ന്യൂട്ടന്‍ നിയോഗിച്ച ദൈവത്തെ പോലും ഒരു നൂറ്റാണ്ടുമുന്‍പ് ഐന്‍സ്റ്റീന്‍ തള്ളിമാറ്റിയിട്ടുവെന്നും അറിയാത്തവരല്ല ഈ വിമര്‍ശകര്‍. ഈ ശാസ്ത്രമാണ് ഇവരുടെ കൊച്ചുമക്കള്‍ ഒന്നാം ക്ലാസ്സുമുതല്‍ പഠിക്കുന്നത്. ഇപ്പോള്‍ അവരില്‍ ചിലര്‍ കെ.ജി.ക്ലാസ്സുമുതല്‍ തങ്ങളുടെ കുട്ടികളെ ശാസ്ത്രം പഠിപ്പിക്കുന്നുണ്ടുവത്രെ.
അങ്ങിനെ മതനിരപേക്ഷമായ ശാസ്ത്രം പഠിക്കുന്ന കുട്ടികളെകുറിച്ച് അതും സ്വന്തം കുട്ടികളെ കുറിച്ച് ഈ വിമര്‍ശകര്‍ക്ക് ആശങ്കയില്ലാത്തതെന്തേ?

ഇവര്‍ തന്നെ യല്ലേ ഇവരുടെ കുട്ടികളെ ആകാശശാസ്ത്രം പഠിപ്പിക്കുന്ന കോഴ്സിന് സീറ്റുലഭിക്കാനായി കുട്ടികളെ പി.സി.തോമസ്സ് മാഷിന്റെ എന്‍ട്രന്‍സ് ക്ലാസ്സിലേക്കയക്കുന്നത്.
‘ദൈവങ്ങളുടെ ആലയത്തിലേക്ക് ’ , അവരുടെ സഞ്ചാര പഥങ്ങളിലേക്ക് (ചന്ദ്രന്‍\ചൊവ്വ,ശൂന്യാകാശം.....) ‍വാഹനമയക്കുന്നവനായി സ്വന്തം കുഞ്ഞിനെകുറിച്ച് സ്വപ്നം കാണാന്‍ ഇവര്‍ക്ക് തങ്ങളുടെ മതവിശ്വാസം തടസ്സമല്ല! മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെയും സുനിതാവില്യംസിന്റെയും ജനപ്രീതി ഓര്‍ക്കുക.

ദൈവങ്ങളുടെ സഞ്ചാരപാതയായ ആകാശത്തെക്കുറിച്ച്‌ പഠിക്കുന്നതിനെ വിലക്കിയ പുരോഹിതന്റെ ചെറുമകന്‍ തന്നെ ആയിരുന്നു ആദ്യ വിമാനം പറത്തിയെന്നതെന്നത്‌ എവിടെയോ വായിച്ചതോര്‍ക്കുന്നു.

‘ദൈവികമായ’ തലച്ചോറിനകത്ത് ശസ്ത്രക്രിയ ചെയ്യാന്‍ പഠിപ്പിക്കുന്ന ശാസ്ത്രമല്ലാതെ മറ്റെന്താണ് ഇവര്‍ ഇവരുടെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പഠിപ്പിക്കുന്നത്.

അപ്പോള്‍ തങ്ങളുടെ കുട്ടികള്‍ സാമൂഹ്യശാസ്ത്രം മാത്രമല്ല മതേതര ശാസ്ത്രവും പഠിക്കേണ്ട എന്ന് അവര്‍ തീരുമാനിക്കട്ടെ...
എല്ലാ അല്‍മായരും സണ്ടേ സ്കൂളില്‍ കപ്യാരാകാന്‍ പഠിക്കട്ടെ!
വേദത്തില്‍ എല്ലാമുള്ളതുകൊണ്ടാണല്ലോ സവര്‍ണ്ണാദി ജനവിഭാഗത്തിന് ബുദ്ധി ഏറിയിരിക്കുന്നത്! എന്തിനവര്‍ ബുദ്ധിമുട്ടി ഈ അസുരവിദ്യകള്‍ പഠിക്കണം. എഞ്ചിനീയറിങ്ങ് വിട്ട് ഗോപാലകൃഷ്ണന്റെ വേദ ശാസ്ത്രം പഠിക്കട്ടെ.. അങ്ങിനെ പഴമയിലെ ശാസ്ത്രീയത(ഹഹഹ) കണ്ടെത്തട്ടെ.
പക്ഷേ നമുക്കറിയാം അവര്‍ ഈ അസുരശാസ്ത്രം അഥവ മതവിരുദ്ധ ശാസ്ത്രം തന്നെ തന്റെ കുട്ടികളെ പഠിപ്പിക്കും . അതിനുവേണ്ടി സ്കൂളുകളും സ്വാശ്രയ സ്ഥാപനങ്ങളും ഉണ്ടാക്കും......
അപ്പോള്‍ ഒരു ചോദ്യം അവശേഷിക്കുന്നു എന്തുകൊണ്ട് അവര്‍ മതവിരുദ്ധമായ ശാസ്ത്രത്തെ എതിര്‍ക്കുന്നില്ല. ശാസ്ത്രത്തിലേക്ക് തങ്ങളുടെ വാദങ്ങളെ വ്യാപിപ്പിക്കുന്നില്ല!!!

Monday, June 9, 2008

എന്റേയും പിന്തുണ




ബ്ലോഗുടമകളുടെ അറിവോ സമ്മതമോ കൂടാതെ മലയാളം ബ്ലോഗുകളില്‍ നിന്ന് സൃഷ്ടികള്‍ കവര്‍ന്നതിനെതിരെ, മോഷണത്തെ ചോദ്യം ചെയ്തവരോട് അപമര്യാദയായി ‘എഴുത്ത് കുത്ത് ‘നടത്തിയതിനെതിരെ, മാഫിയാ സ്വഭാവമുള്ള അതിക്രമങ്ങളിലൂടെ ഇഞ്ചിപ്പെണ്ണിനോടും മലയാളം ബ്ലോഗ് സമൂഹത്തോട് പൊതുവിലും കാണിക്കുന്ന തെമ്മാടിത്തരത്തിനെതിരെ കേരള്‍സ്.കോമിനോട് ഈ ബ്ലോഗും പ്രതിഷേധിക്കുന്നു. സൈബര്‍ ഗുണ്ടായിസത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് എല്ലാ പിന്തുണയും അറിയിക്കുന്നു.
ഈ വാചകങ്ങള്‍ ലാപുടയുടെ അറിവോ സമ്മതമോ ഇല്ലാതെ പകര്‍ത്തിയതാണ്!!!!



Thursday, June 5, 2008

സന്യാസി വേട്ടയും മതവും





എം.പി.നാരായണപ്പിള്ളയുടെ ഒരു കഥയുണ്ട്‌,'ഞങ്ങള്‍ അസുരന്മാര്‍' എന്ന പേരില്‍.പ്രജാപതിയെ ദൈവമാക്കാനായി ഉപജാപങ്ങള്‍ നടത്തുന്ന 3 ചാത്തന്മാരുടെ കഥ. ആദ്യ പദ്ധതി പരാജയപ്പെട്ടപ്പോള്‍ പ്രജാപതിയുടെ മന്ത്രി വീരപാണ്ഡ്യനും 2 ചാത്തന്മാരും മന്ത്രവാദികളെ തോല്‍പ്പിക്കാനും പ്രജാപതിയെ ദൈവമായി പ്രതിഷ്ഠിക്കാനുമായി മനുഷ്യരായി വേഷം മാറുന്നു.വീരപാണ്ഡ്യന്‍ വി.പി.രാമുണ്ണി എന്നപേരില്‍ മട്ടന്നൂരില്‍ ഹോട്ടല്‍ മുറിയില്‍ താമസമാക്കുന്നു.അദ്ദേഹം ശാസ്ത്രവാദസംഘത്തിന്റെ തിരുനെല്ലി ശാഖയുടെ സെക്രട്ടറികൂടിയാണ്‌.1-ആം ചാത്തന്‍ ഒ.സി.രാജഗോപാലന്‍ നായര്‍ എന്ന പേരില്‍ തിരുനെല്ലി സ്കൂളില്‍ പൊതുവിജ്ഞാനം താല്‍ക്കാലിക അദ്ധ്യാപകനാകുന്നു.രണ്ടാം ചാത്തന്‍ അത്മാനന്ദന്‍ എന്ന പേരില്‍ സന്യാസിയായി തിരുനെല്ലി ക്ഷേത്രത്തിലെത്തുന്നു.മൂന്നാം ചാത്തന്‍ ചാത്തനായി തുടരുന്നു.2-ആം ചാത്തനായ ആത്മാനന്ദസ്വാമികളുടെ അവകാശവാദങ്ങളെയും ദിവ്യത്വത്തെയും പുറത്തുകൊണ്ടുവന്ന് രാമുണ്ണി ജനങ്ങളെ ശാസ്ത്രവാദികളാക്കുന്നു. 2-ആം ചാത്തനായ ആത്മാനന്ദനെ തോല്‍പ്പിക്കാന്‍ 3-ആം ചാത്തന്‍ കരിങ്കുരങ്ങായി വേഷം മാറിയാണ്‌ സഹായിക്കുന്നത്‌.ക്രമേണ ദൈവങ്ങള്‍ നഷ്ടപ്പെട്ട ശാസ്ത്രവാദികളായ ജനങ്ങള്‍ക്ക്‌ നടികര്‍ തിലകം വെള്ളിത്തിരമന്നന്‍ ബലഭദ്രനവര്‍കളുടെ സഹയത്തോടെ (വാലിക്കോട്ടെ പ്രജാപതിയെന്ന സിനിമ നിര്‍മ്മിച്ചുകൊണ്ടാണ്‌ ഇത്‌ സാധിക്കുന്നത്‌) പ്രജാപതിയെ പുതിയ ദൈവമാക്കുന്നു..അനന്തരം ചാത്തന്മാരും വീരപാണ്ഡ്യനും ഭൂതപാണ്ടിവഴി ചെങ്കോട്ടവഴി പാതാളത്തിലേക്ക്‌ വിജയശ്രീലാളിതരായി മടങ്ങിപ്പോകുന്നു.ഒരു പക്ഷേ വിജയം വരിക്കുന്നത്‌ അസുരന്മാരാണെന്നത്‌ മാറ്റിനിറുത്തിയാല്‍ ഈ കഥക്ക്‌ കേരളത്തിലെ സമകാലീനാവസ്ഥയുമായി ചില സാമ്യങ്ങളുണ്ട്‌.


ന്തോഷ്‌ മാധവന്റെ റെയ്ഡിനുശേഷം കേരളത്തിലാകമാനമായി സന്യാസിമാര്‍ക്കെതിരെ ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കയാണ്‌.കൂട്ടത്തില്‍ അന്ധവിശ്വാസം,ശരിയായ ഭക്തി,ശരിയായ ആള്‍ ദൈവങ്ങള്‍,തുടങ്ങിയവയെകുറിച്ചുള്ള ചര്‍ച്ചകളും നടന്നുകൊണ്ടിരിക്കുന്നു. ആള്‍ ദൈവങ്ങളുടെ സംരക്ഷകരാകാന്‍ സ്വാഭാവികമായും സാധ്യതയുള്ള ബി.ജെ.പി.ക്കാരും ആള്‍ ദൈവങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കായാണ്‌. അപ്പോള്‍ സത്യത്തില്‍ എന്താണിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌?ഒരു പ്രാദേശിക സമൂഹം എന്ന നിലയില്‍ നിരവധി മുഖങ്ങളുള്ള, താല്‍പര്യങ്ങളും വിശ്വാസങ്ങളും ഉള്ള സമൂഹമായിരുന്നു നമ്മുടേത്‌.അത്‌ മതഘടനക്കകത്ത്‌ വിശ്വാസത്തിന്റെ ചില ഉപകേന്ദ്രങ്ങള്‍ നിര്‍മ്മിച്ചെടുത്തിട്ടുണ്ട്‌.ഈ ഉപകേന്ദ്രങ്ങളുടെ കൂട്ടായ്മമാത്രമാണ്‌ ഒരര്‍ത്ഥത്തില്‍ ഹിന്ദുമതം. വിശ്വാസങ്ങളിലും ജീവിതവീക്ഷണത്തിലും പുലര്‍ത്തിയിരുന്ന ഈ ബഹുമുഖത്വം ഇന്ത്യന്‍ ജനതയെ സംബന്ധിച്ചിടത്തോളം സംസ്കൃതിയുടെ ഭാഗവുമാണ്‌.ഈ സംസ്കൃതിയുടെ ഇരുണ്ടവശങ്ങള്‍ തികച്ചും മറ്റൊരു വശമാണ്‌.ഇന്ത്യയില്‍ വേരുപിടിക്കാന്‍ തുടങ്ങിയതു മുതല്‍ തന്നെ സംഘടിത മതങ്ങളായ ഇസ്ലാമിനും കൃസ്ത്യാനിറ്റിക്കും ഈ പ്രശ്നത്തെ നേരിടേണ്ടിവന്നു.അതിന്റെ ഭാഗമായി ലോകത്തിലെ മറ്റേതു പ്രദേശത്തുനിന്നും വ്യത്യസ്തമായ ഒരു കൃസ്ത്യാനിറ്റിയും ഇസ്ലാമും ഇവിടെ വേരുപിടിക്കുകയും ചെയ്തു.കടമറ്റത്തു കത്തനാരും നിരവധി ജാറങ്ങളിലെ ഉപ്പ്പ്പാപ്പമാരും ഇത്തരമൊരു സംസ്കാരത്തില്‍ നിന്ന് ഉരുവം കൊണ്ടതാണ്‌.


സാഹചര്യത്തിലാണ്‌ സംഘടിതമതങ്ങള്‍ക്കുള്ളില്‍ വളര്‍ന്നു വന്ന മൗലികവാദികള്‍
 ആദ്യം തങ്ങളുടെ മതങ്ങള്‍ക്കകത്തുള്ള ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ തുടങ്ങി വെച്ചത്‌. മലപ്പുറത്തെ ഒരു മുസ്ലീം 'സിദ്ധന്റെ' കൊലപാതകം ഈ രീതിയിലുള്ള ഒന്നായിരുന്നു. മതങ്ങള്‍ക്കുള്ളില്‍ തന്നെയുള്ള മതകേന്ദ്രങ്ങളുടെ/വിശ്വാസകേന്ദ്രങ്ങളുടെ നിലനില്‍പ്പ്‌ സംഘടിതമതങ്ങളുടെ അന്ത:സത്തക്കെതിരാണെന്നതായിരിക്കും
 പ്രകോപനത്തിനു കാരണം.സുന്നി വിഭാഗങ്ങള്‍ക്കിടയിലുള്ള നിരവധി വിശ്വാസങ്ങള്‍ ഇന്നും ഇസ്ലാം മതചിന്തകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാണ്‌.കുത്രാത്തീബും ചന്ദനക്കുടവും ആഘോഷിക്കപ്പെടുന്നതും/എതിര്‍കപ്പെടുന്നതും മറ്റൊന്നും കൊണ്ടല്ല.

ന്നാല്‍ ഹിന്ദുമതത്തിന്റെ(വ്യവസ്ഥാപിത അര്‍ത്ഥത്തില്‍ അതൊരുമതവുമല്ലല്ലോ)സംഘടിതസ്വഭാവത്തിന്റെ അഭാവത്തില്‍ ഇത്തരം ബഹുമുഖത്വം ഒരു പരിധി വരെ വെച്ചുപൊറുപ്പിക്കപ്പെട്ടിരുന്നു. വെച്ചുപൊറുപ്പിക്കപ്പെട്ടു എന്നതിനേക്കാള്‍ ഉപരി നിലനിന്നിരുന്നു എന്നു പറയുന്നതാണ്‌ ശരി. മതത്തിനുള്ളില്‍ നിന്നുതന്നെ നിരവധി മതകേന്ദ്രങ്ങള്‍ വളര്‍ന്നുവന്നിരുന്ന ഒരു സാഹചര്യം ഇതായിരുന്നു.ഏറ്റവും വിചിത്രമായ കാര്യം കൊടിമൂത്ത ആര്‍.എസ്‌.എസ്‌.കാര്‍ക്ക്‌ പോലും വിദേശ മതമെന്ന് പേരിട്ട്‌ എതിര്‍ത്തുകൊണ്ടിരിക്കുന്ന മതങ്ങള്‍ക്കുള്ളില്‍ തന്നെ ദിവ്യത്വം കാണേണ്ടിവരുന്നതും ഇത്തരം കാരണങ്ങളാലാണ്‌.

രസകരമായ ഒരു ഉദാഹരണമുണ്ട്‌...കേരളത്തില്‍ ഒരു പക്ഷേ ഏറ്റവും പഴയ ആര്‍.എസ്‌.എസ്‌.കേന്ദ്രമെന്ന് പറയാവുന്ന ഒന്നാണ്‌ തൃശ്ശൂര്‍ ജില്ലയിലെ തീരദേശമായ വാടാനപ്പള്ളി. ഇവിടുത്തെ പടിഞ്ഞാറന്‍ തീരത്ത്‌ താമസിക്കുന്ന മുക്കുവ വിഭാഗങ്ങള്‍ക്കിടയില്‍ ജനസംഘത്തിന്റെ കാലത്തുതന്നെ വേരോട്ടമുണ്ടായിട്ടുണ്ട്‌. ഇന്നും ഈ മേഖലയില്‍ ബി.ജെ.പി. മറ്റുമേഖലയെ അപേക്ഷിച്ച്‌ ശക്തമാണ്‌.കഴിഞ്ഞ കുറേ കാലങ്ങളായി ചാകരതൊട്ടുനോക്കാത്ത തീരം കൂടിയായിരുന്നു ഇവിടം. ഇതിനൊരു പ്രതിവിധി അന്വേഷിച്ച ഭാരവാഹികള്‍ ഒടുക്കം പ്രശ്നം വെക്കാന്‍ തീരുമാനിച്ചു. വാടാനപ്പള്ളി അമ്പലത്തിലെ ദേവി ചാവക്കാട്ടു മണത്തല പള്ളീയിലെ ഉപ്പ്പ്പാപ്പയുമായി പ്രേമത്തിലായിരിക്കായാണെന്നും ഇപ്പോള്‍ മണത്തലപള്ളിയിലാണ്‌ താമസമെന്നുമായിരുന്നു പ്രശ്നത്തില്‍ കണ്ടത്‌.അതുകൊണ്ടാണത്രെ കുറേ കാലമായി ചാകര ചാവക്കാട്ടെത്തുന്നതും വാടാനപ്പള്ളില്‍ എത്താതിരിക്കുന്നതും. എന്തായാലും ദേവിയെ തിരികെ അമ്പലത്തിലെത്തിക്കുന്നതിനുള്ള ചടങ്ങുകള്‍ നടത്തിയാണ്‌ മത്സ്യത്തൊഴിലാളികള്‍ ഇതിനെ നേരിട്ടത്‌.എതിരാളിയുടെ ദൈവത്തില്‍ അവര്‍ക്കെന്നപോലെ ആര്‍.എസ്‌.എസ്‌.കാരനും വിശ്വസിക്കുന്നു വെന്നതാണ്‌ പ്രസക്തമായിട്ടുള്ളത്‌.

ന്തോഷ്‌ മാധവന്റെ അറസ്റ്റിനു ശേഷം പുരോഗമന പ്രസ്ഥാനങ്ങളുടെ നേത്രത്വത്തില്‍ 'സ്വാമിമാര്‍'ക്കെതിരെ നീക്കങ്ങള്‍ ആരംഭിച്ചു. മാതാ അമൃതാന്ദമയിയെ പ്പോലുള്ള കോര്‍പ്പറേറ്റ്‌ ശക്തികള്‍ക്കെതിരെ അങ്ങുമിങ്ങും ചില വര്‍ത്തമാനങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നുവെന്നതൊഴിച്ചാല്‍ ആള്‍ ദൈവങ്ങളില്‍ തന്നെ കപടദൈവം/നല്ല ദൈവം എന്ന തരം തിരിവ്‌ രൂപപ്പെടുത്തുകയായിരുന്നു ആദ്യം ചെയ്തത്‌. ഈ തരം തിരിവില്‍ തങ്ങളും വിശ്വസിക്കുന്നതായി സര്‍ക്കാരും വ്യക്തമാക്കി.അങ്ങിനെ കപടദൈവങ്ങള്‍ക്കെതിരെയുള്ള നീക്കത്തില്‍ നിന്ന് തങ്ങള്‍ മാറ്റി നിറുത്തുന്നവരൊക്കെ പരിശുദ്ധരാണെന്ന സ്വാഭാവിക യുക്തി നിലവില്‍ വരികയായിരുന്നു.തങ്ങളുടെ മതത്തിന്റെ ബഹുമുഖത്വത്തെ തകര്‍ത്ത്‌ കേന്ദ്രീകരിക്കുന്നതിന്‌ ഇത്‌ സഹായകരമായിരിക്കുമെന്ന തിരിച്ചറിവില്‍ നിന്നുകൊണ്ട്‌ ഒരേ സമയം പ്രാദേശിക 'ദൈവങ്ങളുടെ' സംരക്ഷകരായിരുന്ന ഹിന്ദു തീവ്രവാദികള്‍ മറുകണ്ടം ചാടി പുരോഗമനകാരികളുടെ പക്ഷം ചേര്‍ന്നു.മുസ്ലീം മതത്തിലെ മൗലിലികവാദികളും(സാധാരണ അര്‍ത്ഥത്തില്‍ ഞാന്‍ ഇവരെ തീവ്രവാദികളെന്ന് വിളിക്കുന്നില്ല,സര്‍ക്കാരിനെക്കാള്‍ വലിയ തീവ്രവാദികളില്ലെന്നാണ് എന്റെ വിശ്വാസ)ഇതേപാതപിന്‍തുടര്‍ന്ന്ആള്‍ദൈവവേട്ടആരംഭിച്ചിരിക്കുന്നു.സര്‍ക്കാരാകട്ടെ 'അമ്മ'യെ ഉപദ്രവിക്കുന്നതിനുള്ള ഉദ്ദേശം തങ്ങള്‍ക്കില്ലെന്ന് ആവര്‍ത്തിച്ചു വ്യകതമാക്കി.അമ്മ സുനാമി ദുരിതാശ്വാസമായി ചെയ്ത സേവനങ്ങള്‍ ഈ സമയത്ത്‌ പലരും ഓര്‍മ്മിച്ചെടുക്കുന്നതു കണ്ടു.അമ്മയുടെ വിദേശബന്ധത്തെകുറിച്ച്‌ ചില വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നതൊഴിച്ചാല്‍ അമ്മയുടെ ദിവ്യത്വത്തിനെതിരെ ഒരു ചോദ്യവും ഉയര്‍ന്നിട്ടില്ല,എന്നുമാത്രമല്ല അത്‌ ലെജിറ്റിമൈസ്‌ ചെയ്തിരിക്കുന്നു.അപ്പോള്‍ നാരായണപ്പിളയുടെ കഥയിലെ പോലെ ശാസ്ത്രവാദികളുടെ നീക്കങ്ങള്‍ അമ്മക്കും അതുപോലുള്ള വന്‍കിടക്കാര്‍ക്കും ഗുണകരമായി ഭവിച്ചിരിക്കുന്നു.


മതകേന്ദ്രീകരണത്തിന്‌ എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് ദൈവമേ!!

Sunday, May 18, 2008

ക്യാമറയും തോക്കും


സഹായം. ജി.ഉഷാകുമാരി
ഷൂട്ടു ചെയ്യാന്‍ മനുഷ്യന്‍ രണ്ടു ഉപകരണങ്ങളാണ്‌ ഉപയോഗിക്കുന്നത്‌.തോക്കും ക്യാമറയും. രണ്ടും മനുഷ്യന്റെ ജീവിതത്തില്‍ ഇടപെടുന്നു.ഉപകരണമെന്ന നിലയിലും ആയുധമെന്ന നിലയിലും.
'ബഹുമാന്യ'സന്യാസിവര്യനായ അമൃതചൈതന്യ സ്വാമികള്‍ തന്റെ കിടപ്പറയില്‍ വിവിധപോസുകളില്‍ ക്യാമറ ഉപയോഗിക്കുമ്പോള്‍ അത്‌ ഒരു ഉദ്ധരിച്ച പുരുഷലിംഗമായാണ്‌ പ്രവര്‍ത്തിച്ചത്‌.ഒരു സ്ത്രീശരീരത്തെ അത്‌ മുള്ളിലെന്നവണ്ണം കോര്‍ത്തെടുക്കുന്നു..അമൃതചൈതന്യയുടെ കൈയില്‍ ക്യാമറ തോക്കിനെപ്പോലെ പെരുമാറുന്നു.അത്‌ ജനങ്ങള്‍ക്കെതിരെയാണ്‌ ചൂണ്ടിയിരിക്കുന്നത്‌.ഒരു പുരുഷാധിപത്യ സമൂഹത്തില്‍ എല്ലാ ആണുങ്ങളും ശരീരത്തില്‍ ഒരു മൂര്‍ച്ച (ആയുധം)ഒളിപ്പിച്ചുവെച്ചിരിക്കുന്നു.
ധികാരവും അശ്ലീലവും തമ്മിലുള്ള രതി ഒ.വി.വിജയന്‍ ധര്‍മ്മപുരാണത്തില്‍ മുണ്ടിനിടയിലൂടെ തലപൊക്കുന്ന ഒരു ലിംഗത്തിലൂടെ അവതരിപ്പിക്കുന്നുണ്ട്‌.മുകുന്ദന്റെ വിഖ്യാത നോവലായ 'ഒരു ദളിത്‌ യുവതിയുടെ കദന കഥ' യില്‍ നാടകത്തിന്റെ ഇരുട്ടിലുള്ള ചിത്രീകരണത്തെ അട്ടിമറിച്ച്‌ സ്തീ നഗ്നതയിലേക്ക്‌ ആസൂത്രിതമായ ഒരു കൂട്ടബലാല്‍സംഗത്തിന്റെ ഇഫെക്ടോടെ ഒരു നിമിഷനേരം കൊണ്ടെങ്കിലും കടന്നുകയറുന്നത്‌ ഒരുമിച്ച്‌ കണ്മിഴിക്കുന്ന നൂറുകണക്കിന്‌ ക്യാമറകളാണല്ലോ. ക്യാമറ തന്നെയാണ്‌ മുകുന്ദന്റെ തന്നെ 'ഫോട്ടോ' എന്ന കഥയില്‍ ഫോട്ടോ എടുക്കാനെത്തുന്ന രണ്ട്‌ പിഞ്ചു കുട്ടികളുടെ നഗ്നതമുതലാക്കുന്നത്‌!
ലുവയിലെ പോലീസ്‌ സ്റ്റേഷനില്‍ തോക്കുമായി ആത്മഹത്യാ നാടകം കളിച്ച ഭദ്രാനന്ദ സ്വാമികള്‍ ആ തോക്ക്‌ ഒടുക്കം തന്റെ ശരീരത്തില്‍നിന്ന് പിന്‍ വലിക്കുകയും ജനങ്ങള്‍ക്കെതിരെ ഉപയോഗിക്കുകയും ചെയ്തു.രണ്ടു തവണ നടത്തിയ വെടിവെപ്പില്‍ മാധ്യമം പത്രത്തിന്റെ ലേഖകന്‌ പരിക്കേല്‍ക്കുകയും ചെയ്തു. അപ്പോള്‍ തോക്ക്‌ അധികാരത്തിന്റെ കേന്ദ്രത്തില്‍ നിന്ന് പുറത്തേക്കായിരുന്നു.പുറത്തേക്ക്‌ ചൂണ്ടിയ തോക്ക്‌ അധികാരികളെ വിളറിപിടിപ്പിച്ചില്ല. അതുകൊണ്ട്‌ സി.ഐ. അടക്കമുള്ള പോലീസുകാര്‍ക്ക്‌ തോക്കിനോട്‌ കലഹിക്കേണ്ടതുണ്ടെന്നും തോന്നിയില്ല.എല്ലാ പോലീസ്‌ ക്യാമ്പുകളിലുംജനങ്ങള്‍ക്കുനേരെചൂണ്ടിനില്‍ക്കുന്നപീരങ്കികള്‍കണ്ടുശീലിച്ചപോലീസിന്‌മറിച്ചുതോന്നാനുംഇടയില്ലായിരുന്നു.
ന്നാല്‍ തങ്ങളെ ചോദ്യം ചെയ്യുന്ന ഒരു ആയുധം പോലെ ശരീരം തുളച്ചു കയറിയേക്കാവുന്ന മാധ്യമപ്രവര്‍ത്തകന്റെ ക്യാമറ, ജനങ്ങള്‍ക്ക്‌ സത്യത്തിന്റെ ഒരു ഉപകരണമായിരുന്നെങ്കിലും, പോലീസിന്‌ ഒരു തോക്കിനെ പോലെ ഭയാനകമായിരുന്നു.അതുകൊണ്ടവര്‍ ഭദ്രാനന്ദയുടെ വെടിവെപ്പ്‌ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ആലുവ പോലീസ്‌ സ്റ്റേഷനിലെത്തിയ ഇന്ത്യാവിഷന്‍ ടീമിനെ ലോക്കപ്പിലടക്കുകയും സ്റ്റേഷനു ചുറ്റും തടിച്ചുകൂടിയ ജനങ്ങളെ വിരട്ടിയോടിക്കുകയും ചെയ്തു.ഒരു കപടസ്വാമിയുടെ തോക്കിനേക്കാള്‍ അവര്‍ മിന്നിത്തുറക്കുന്ന ഒരു ക്യാമറയെ ഭയന്നു.സ്വാമികളുടെ തോക്ക്‌ തങ്ങള്‍ക്കെതിരെയല്ലെന്നുള്ള ഉറച്ച ബോധ്യം അവരെ ആശ്വസിപ്പിക്കുന്നുണ്ടാവണം.പക്ഷേ ആ സമയത്ത്‌ ജനങ്ങളെ സംബന്ധിച്ചിടത്തോളം ക്യാമറ ഒരു തോക്കിനോളം നശീകരണ ശേഷിയുള്ള ഉപകരണമായിരുന്നു,ഒരു ആയുധം തന്നെയായിരുന്നു.
ദയകുമാറിനെ ഉരുട്ടിക്കൊന്ന തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെ കാക്കിക്കുള്ളിലെ കുറ്റവാളി ക്യാമറയെ വെട്ടിച്ചാണ്‌ കോടതിയിലെത്തിയത്‌.മാസങ്ങള്‍ക്കുമുന്‍പ്‌ കൊച്ചിയില്‍ അറസ്റ്റിലായ രേഷ്മയെന്ന നടിയെ ചോദ്യം ചെയ്യുന്ന മൊബെയില്‍ ചിത്രീകരണം ആധുനിക കാലത്തെ 'ചെവിക്കുചെവി'പ്രചരണത്തിന്റെ മറുരൂപമായ എസ്‌.എം.എസ്സിലൂടെ ആണുങ്ങള്‍ക്കെത്തിച്ച കളമശ്ശേരി എസ്‌.ഐ. തന്റെ മൊബെയില്‍ ക്യാമറയുടെ പുരുഷത്വത്തെ പ്രഖ്യാപിക്കുകയായിരുന്നു. അതിനെക്കുറിച്ച് വെള്ളെഴുത്ത് എഴുതുന്നു ‘ബി ക്ലാസ്സു സിനിമകളിലും സിഡികളിലും നിങ്ങള്‍ കണ്ടു വെള്ളമിറക്കിയ ഒരു പെണ്‍ശരീരം ‘ഞങ്ങളുടെ‘ മുന്നില്‍ ദാ നില്‍ക്കുന്ന നില്പ് നോക്ക്‘ എന്നാണ് അതു പറയാതെ പറഞ്ഞ അര്‍ത്ഥംനക്സലൈറ്റ്‌ നേതാവ്‌ അജിതയുടെ ഏറ്റവും അധികം പ്രചരിപ്പിക്കപ്പെട്ട പത്രമാസികകളിലെ ചിത്രം പഴയ ഒരു ഉദാഹരണമാണ്‌.'വ്യക്തമായി' കാണുന്നതിനും ഫോട്ടോ എടുക്കുന്നതിനും വേണ്ടി പോലീസുകാര്‍ അവരെ മേശമേല്‍ കയറ്റി നിര്‍ത്തിയത്രെ. അങ്ങനെയങ്ങനെ.......
തോക്കുപയോഗിച്ചും ക്യാമറ ഉപയോഗിച്ചും ഷൂട്ടു ചെയ്യുന്നു എന്നു പറയുന്നത്‌ അപ്പോള്‍ ശരിതന്നെ.
വിഷ്ണു പ്രസാദിന്റെ ഒരു കവിതയുണ്ട്-ലിംഗരാജ്.
ശ്രദ്ധേയമായ രചന..

Thursday, May 15, 2008

അഴിക്കോടിന്റെ 'ക്രിക്കറ്റും ഇന്ത്യയും'

ഴിഞ്ഞ മേയ്‌ മാസം 9 ന്‌ സുകുമാര്‍ അഴിക്കോട്‌ മാതൃഭൂമിയില്‍ 'ഇത്‌ ക്രിക്കറ്റല്ല,ഇന്ത്യനുമല്ല' എന്ന പേരില്‍ ഒരു എഡിറ്റ്‌-പേജ്‌ ലേഖനമെഴുതിയിരുന്നു. ഏപ്രില്‍ 18 ന്‌ ആരംഭിച്ച ഐ.പി.എല്‍.ക്രിക്കറ്റും അതുയര്‍ത്തുന്ന ചില ചോദ്യങ്ങളും ആയിരുന്നു ആ ചെറു കുറിപ്പിന്റെ ഉള്ളടക്കം.
20-20
ലേഖനത്തില്‍ നിര്‍ണ്ണായകമായ 2 പ്രശ്നങ്ങളാണ്‌ അദ്ദേഹം ഉയര്‍ത്തിയത്‌.20-20 രൂപത്തിലേക്ക്‌ വെട്ടിച്ചുരുക്കിയ ക്രിക്കറ്റിന്റെ 'ഉത്തരാധുനിക രൂപമായ കീശപ്പതിപ്പിനോട്‌' ആണ്‌ ആദ്യത്തെ വിദ്വേഷം അദ്ദേഹം പ്രകടിപ്പിച്ചത്‌.ബാറ്റും ബോളും 3 വടികളുമല്ലാതെ മറ്റൊന്നും 20-20 കീശപ്പതിപ്പില്‍ മാറ്റമില്ലാതെ നിലനില്‍ക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.തട്ടിയും മുട്ടിയും നിന്ന് കളിച്ചാല്‍ ഓവറങ്ങു തീരുമെന്നതിനാല്‍ ബാറ്റ്‌ ആഞ്ഞുവീശുന്നവര്‍ക്കാണത്രെ കളിയില്‍ ജയം.'യാദൃച്ഛികതയും പേശീബലവും വേണ്ടവണ്ണം കൂട്ടിച്ചേര്‍ത്താല്‍' 20-20 യില്‍ വിജയം ഉറപ്പാണെന്നു പരിഹസിക്കുന്ന അദ്ദേഹം സത്യത്തില്‍ കളിയുടെ അടിസ്ഥാന നിയമങ്ങളെ നിഷേധിക്കുകയാണെന്ന് പറയാതെ വയ്യ.യാദൃച്ഛികതയുടെ മണ്ഡലത്തിനുള്ളിലാണ്‌ എല്ലാ കളികളും സാധ്യമാകുന്നതെന്ന കാര്യം അഴിക്കോടിനെപ്പോലെ ഒരാളെ പഠിപ്പിക്കേണ്ടതില്ല. അതേ സമയം ഒരു കളിക്കാരന്‍ തന്റെ പ്രതിഭയും കഴിവും ഉപയോഗിച്ചുകൊണ്ട്‌ യദൃച്ഛികതക്കുമുകളില്‍ വിജയം നേടുന്നതുകൊണ്ടാണ്‌ അയാള്‍ നല്ല കളിക്കാരനാവുന്നത്‌.അതു തന്നെയാണ്‌ കളിയെ ചൂതാട്ടത്തില്‍ നിന്ന് വേര്‍തിരിക്കുന്നതും. ഒരു പക്ഷേ കളികള്‍ക്കു മുകളില്‍ നിഴല്‍ വിരിക്കുന്ന ഈ അനിശ്ചിതത്വം തന്നെ യാണ്‌ കളിയുടെ ആസ്വാദ്യതയുടെ ഉറവിടവും.അസാധ്യതകളില്‍ നിന്ന് സാധ്യതയുണ്ടാക്കുകയെന്നതാണല്ലോ ഏറ്റവും പ്രതിഭാശാലിയായ കളിക്കാരന്റെ ലക്ഷണം. ഉരുണ്ട ആ പന്തുതന്നെ ഈ അനിശ്ചിതത്വത്തിന്റെ അടയാളമല്ലേ? ടെസ്റ്റ്‌ ക്രിക്കറ്റിന്റെ കാലത്ത്‌ 'ഏകദിനം' ഒരു കളിരൂപമായി കടന്നുവന്നപ്പോഴും 20-20 നെതിരെ ഇപ്പോള്‍ ഉയര്‍ന്നുവന്നതുപോലെയുള്ള നിരവധി വാദങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്‌.ഏകദിനത്തെ എന്‍.എസ്‌.മാധവന്റെ ഭാഷയില്‍ പറഞ്ഞാല്‍ അന്തികൃസ്തുവാക്കുന്ന ഒരു പ്രവണത അക്കാലത്തും സജീവമായിരുന്നു. ടെസ്റ്റ്‌ ക്രിക്കറ്റെന്ന പുണ്യവസ്തുവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇംഗ്ലീഷ്‌ കളി എഴുത്തുകാരുടെ ഇഷ്ട്‌ വിഷയമായിരുന്നു.അത്തരമൊരു വാദത്തിന്റെ പുനരവതാരമാണ്‌ ഇതെന്നതാണ്‌ വാസ്തവം.പുതിയവരെയും പുതിയ കാലത്തിന്റെയും സെന്‍സിബിലിറ്റിയെ തരം താണതായി കാണുന്ന ഒരു ചിന്തയുടെ പ്രകടനം കൂടിയാണ്‌ ഇതെന്ന് പറയാതെ വയ്യ.
ദേശീയത.
അഴിക്കോട്‌ എഴുതുന്നു...
'രാഷ്ട്രങ്ങളുടെ പ്രാതിനിധ്യമാണ്‌ പണ്ടുതൊട്ടേ ക്രിക്കറ്റുകളിക്കാരുടെ മുഖമുദ്ര..കളിയുടെ പ്രചോദനത്തിന്റെ അവസാന സ്ത്രോതസ്സാണ്‌ ദേശീയത. കളിയില്‍ തോല്‍ക്കാന്‍ തുടങ്ങുമ്പോള്‍ കളിക്കാരന്‍ തന്റെ ആവനാഴിയില്‍ നിന്ന് അവസാന അമ്പ്‌ പുറത്തെടുക്കുന്നു.. ദേശീയതയാണ്‌ ആ അവസാന അമ്പ്‌...'
സ്പോര്‍ട്സിനെക്കുറിച്ചുള്ള അഴിക്കോടിന്റെ ചിന്തയുടെ രീതി ആണിത്‌.
പക്ഷേ ഇത്തരം ഒരു സ്വത്വബോധത്തില്‍ നിന്നുകൊണ്ടു മാത്രമേ ഒരു കളിയെ നോക്കിക്കാണാന്‍ കഴിയൂ എന്നുണ്ടോ? പി.റ്റി.ഉഷ ഓടുമ്പോള്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നുവെന്ന മാനസീകാവസ്ഥയില്‍ മാത്രമാണോ പങ്കെടുക്കുന്നത്‌? കോപ്പ അമേരിക്ക കാണുമ്പോള്‍ ഇന്ത്യന്‍ ടീം ഇല്ലാതിരുന്നിട്ടും അത്‌ ആസ്വദിക്കാന്‍ നമുക്ക്‌ ബുദ്ധിമുട്ടുണ്ടാകുന്നുണ്ടോ? ഫുട്ബോള്‍ ലോകകപ്പിലും ഇതു തന്നെയല്ലേ സ്ഥിതി?അപ്പോള്‍ ദേശീയതയുമായി ബന്ധപ്പെട്ടുമാത്രമേ ഒരു കളി ആസ്വദിക്കാനാകൂ എന്നിടത്ത്‌ ഒരു പ്രശ്നമുണ്ടെന്നു തോന്നുന്നു.ഇന്ന് ലോകത്തില്‍ പലയിടത്തും കളി ദേശീയതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നത്‌ ശരിതന്നെ. ഇന്ത്യയില്‍ ക്രിക്കറ്റിന്റെ കാര്യത്തില്‍ വളരെ ശരിയുമാണിത്‌. ഇന്ത്യയുടെ സമകാലീന ദേശീയ സ്വത്വ നിര്‍മ്മിതിയില്‍(ഹൈന്ദവ ദേശീയതയെന്നു പറയുന്നതാണ്‌ കൂടുതല്‍ ശരി) ക്രിക്കറ്റ്‌ വലിയ പങ്കു വഹിക്കുകയുണ്ടായി എന്ന് നിരവധി പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌.പാക്കിസ്ഥാനെ ഒരു അപരമായി(രാഷ്ട) നിര്‍മ്മിച്ചെടുക്കുന്നതില്‍ ക്രിക്കറ്റ്‌ മുഖ്യപങ്കുവഹിച്ചു. അതിനെക്കുറിച്ച്‌
ഇവിടെ വായിക്കാം. ഈ സാഹചര്യത്തില്‍ ദേശീയതമാത്രമാണ്‌ സ്പോര്‍ട്സിന്റെ കാര്യത്തില്‍ ഒരേ ഒരു സാധുവായ സങ്കല്‍പ്പം എന്ന നിലപാടു ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ? ചുരുങ്ങിയ പക്ഷം ഇന്ത്യയുടെ കാര്യത്തിലെങ്കിലും.അതോടൊപ്പം ശരിയായ സ്പോട്സ്‌ ആസ്വദിക്കുന്നതിന്‌ ദേശീയത ലോകജനതയെ തടയുന്നില്ലെന്ന പാഠത്തിന്‌ ചരിത്രം തന്നെയാണ്‌ സാക്ഷി.
അധിക വായനക്ക്...
ജിനേഷ്.കെ.ജെ യുടെ ബ്ലോഗ് കാണുക

Monday, April 28, 2008

കുട്ടനാട്ടിലെ പാടത്തു പണിയെടുക്കുന്ന ദളിതനുവേണ്ടി ആരുവാ‍ദിക്കും

ഇടക്കാലത്തു അപ്രതീക്ഷിതമായി പെയ്ത മഴ കേരളത്തിലെ കര്‍ഷകന്റെ നട്ടൊല്ലൊടിക്കുന്നതായിരുന്നു. ഇത് കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തില്‍ നിരവധി ചര്‍ച്ചകള്‍ക്ക് കാരണമായി. ഇത്തരം മേഖലയിലെ യന്ത്രവല്‍ക്കരണം ഉണ്ടക്കുന്ന ദോഷഫലങ്ങളെ കുറിച്ച് ഇടതുപക്ഷവും അതെത്രമാത്രം അത്യന്താ‍പേക്ഷിതമാണെന്ന് വലതുപക്ഷവും ആവര്‍ത്തിച്ചു വാദിച്ചു. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മുണ്ടു മടക്കിക്കുത്തി കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ കൊയ്ത്തു യന്ത്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഇവിടെയൊക്കെ മുഴങ്ങിക്കേട്ട വിലാപങ്ങള്‍ നിനച്ചിരിക്കാതെ അകാലത്തില്‍ പെയ്തമഴ കര്‍ഷകര്‍ക്ക് ഉണ്ടാക്കിയ സാമ്പത്തിക തകര്‍ച്ചയെ കുറിച്ചുള്ളതാണ്, അത് 100% സത്യവുമാണ്,തര്‍ക്കമില്ല.
അതിന്റെ ഭാഗമായി സര്‍ക്കാര്‍ തന്നെ കര്‍ഷകര്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു.
(അത് പൂര്‍ണ്ണമായും വിതരണം ചെയ്തോ എന്നത് മറ്റൊരു കാര്യം)
ചാനലുകാളായ ചാനലുകളൊക്കെത്തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് തങ്ങളുടെ സമയത്തിന്റെ ന‍ല്ലൊരു ഭാഗവും നീക്കി വെക്കുകയും ചെയ്തു.


പക്ഷേ, പലരും ചൂണ്ടിക്കാണിക്കാതിരുന്ന ഒരു കാര്യം (ചെങ്ങറ സമരവുമായി ബന്ധപ്പെട്ട ഐക്യദാര്‍ഡ്യസമിതിയാണ് ഈ പ്രശ്നം ഉന്നയിച്ചിരുന്നത് ) പണി മുടങ്ങിയതുമൂലം അവിടുത്തെ ദളിതുകളായ കര്‍ഷകതൊഴിലാളികള്‍(ഈ പ്രയോഗം തികച്ചും തെറ്റാണ്.) അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകളാണ്. നിരവധി കാലമായി പണി നഷ്ടപ്പെട്ടതിലൂടെ പാടത്തുപണിയെടുക്കുന്ന ഈ വിഭാഗം അക്ഷരാര്‍ത്ഥത്തില്‍ പട്ടിണിയിലായി.
അവര്‍ക്കുവേണ്ടി ഒരാളും സംസാരിക്കുകയും ചെയ്തില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരങ്ങളിലൊന്നും തന്നെ അവര്‍ പരാമര്‍ശിക്കപ്പെടുകപോലും ചെയ്തില്ല.

നമ്മുടെ പൊതു സമൂഹമാകട്ടെ കര്‍ഷകര്‍ക്കു വേണ്ടി കണ്ണീര്‍ പൊഴിച്ചപ്പോഴും ദളിത് ഭൂരഹിത കര്‍ഷകരുടെ (ഈ പ്രയോഗമാണ് ശരി)പ്രശ്നങ്ങളോട് മുഖം തിരിച്ചിരിക്കുകയായിരുന്നു.
എന്തുകൊണ്ടായിരിക്കും നമ്മുടെ ചിന്തകളില്‍ നിന്ന് ദളിത് കര്‍ഷകത്തൊഴിലാളിയുടെ പ്രശ്നം മറഞ്ഞിരുന്നത്?
ഒരു പക്ഷേ അതിന്റെ ഉത്തരം നമ്മുടെ പൊതുസമൂഹം ആരുടെ തല്പര്യങ്ങളാണ് മുന്നോട്ടുവെക്കുന്നത് എന്നതുമായി ബന്ധപ്പെട്ടായിരിക്കും ലഭിക്കുന്നത്.
പൊതുസമൂഹം അത്ര പൊതുവല്ല എന്നു കൂടി അത് വെളിവാക്കുന്നു.

കുട്ടനാട്ടിലെ പ്രശ്നങ്ങളെ കുറിച്ചു വിവരിക്കുന്ന ഈ പോസ്റ്റ് കൂടി കാണുക.(മൂര്‍ത്തി അയച്ചത്)

Wednesday, April 23, 2008

കടമ്മനിട്ടയെ കുറിച്ച് ചീത്തകാര്യം പറയാനുള്ള സമയമായി

നെഞ്ചത്തൊരു പന്തം കുത്തീ നിന്നൂ കാട്ടാളന്‍......

രിച്ചവരെ കുറിച്ച് കുറ്റം പറയരുതെന്നു പറയാറുണ്ട്. അത് ശരിയായിരിക്കാം. എങ്കിലും ആ കുറ്റം പറച്ചില്‍ വ്യക്തിപരമായ ഒരു പ്രശ്നമല്ലെങ്കില്‍ കുറ്റം പറയുന്നത് ന്യായീകരിക്കാമെന്നു തോനുന്നു.
കടമ്മിനട്ടയെ കുറിച്ചുള്ള ഒരു പാടു പോസ്റ്റുകള്‍ ബ്ലോഗില്‍ കാണുകയുണ്ടായി. പക്ഷേ ഒന്നിലും കടമ്മിനട്ടയുടെ വ്യക്തി ജീവിതത്തില്‍ മാറാത്ത മുറിവുണ്ടാക്കിയ ഒരു പ്രശ്നത്തെകുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ടായതായി കണ്ടില്ല.
എഴുത്തില്‍ ആദിവാസികളേയും‌ ദളിതനേയും കുറിച്ച് വേവലാതിപ്പെട്ട കടാമ്മനിട്ട അംഗമായിരുന്ന നിയമസഭയായിരുന്നു ആദിവാസികള്‍ക്കെതിരെയുള്ള നിയമത്തിന് പച്ചക്കൊടി കാട്ടിയത്.
അന്ന്‌ ആ നിയമസഭയില്‍ അംഗമായിരുന്ന ഗൌരിയമ്മയാണ് നിയമത്തിനെതിരെ വോട്ടു ചെയ്ത ഏക അംഗം. അതും അവര്‍ അംഗമായിരുന്ന UDF ഇടതുപക്ഷവുമായി ഈ വിഷയത്തില്‍ യോജിപ്പുണ്ടാക്കിയിരുന്ന സമയത്ത്.
ഒരു പക്ഷേ ഒരു കവിയെ അദ്ദേഹത്തിന്റെ കവിതകളെ മുന്‍ നിറുത്തി പരിശോധിക്കുന്നതായിരിക്കും കൂടുതല്‍ ശരി. അങ്ങനെ ഒരു വാദഗതിയുമുണ്ട്. പക്ഷേ ഇത്തരം വിഷയങ്ങള്‍ വിമര്‍ശിച്ചും സംസാരിച്ചും മാത്രമേ തടയാന്‍ കഴിയൂ എന്നാണ് എന്റെ അഭിപ്രായം.
അറിയപ്പെടുന്ന എഴുത്തുകാരനും ധനമന്ത്രിയുമായ ഐസക്കിനെ വിമര്‍ശിക്കുമ്പോള്‍ നമ്മളാരും അദ്ദേഹം ഒരു എഴുത്തുകാരനാണെന്ന പ്രശ്നം പരിഗണിക്കാറേ ഇല്ല്ലല്ലോ?
(ഐസക്ക് EPW വിലെ ഒരു സ്ഥിരം എഴുത്തുകാരനാണ്)
അതേ ന്യായങ്ങള്‍ കടമ്മനിട്ടക്കും ബാധകമാണെന്നു തോന്നുന്നു.
പക്ഷേ ഇതൊന്നും അദ്ദേഹം എഴുതിയ കവിതയുടെ ശക്തി കുറയ്ക്കുന്നില്ലെന്ന എന്നത് മറ്റൊരു കാര്യം.
ഈ വിമര്‍ശനം തികച്ചും രാഷ്ട്രീയം.
വ്യക്തിപരത തൊട്ടു തീണ്ടിയിട്ടേയില്ല.

Sunday, April 20, 2008

സ്വകാര്യ ക്ഷേത്രവും അയിത്തവും


ക്ഷേത്രഭരണം സര്‍ക്കര്‍ തലത്തിലേക്കു വരുന്നതിന്റെ ഭാഗമായി ചില ഉപകാരങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന കാര്യം അംഗീകരിക്കേണ്ടിയിരിക്കുന്നു.1936 ലെ കൊട്ടിഘോഷിക്കപ്പെടുന്ന ക്ഷേതൃപ്രവേശന പ്രഖ്യാപനം സര്‍ക്കാര്‍ വക ക്ഷേത്രങ്ങളില്‍ മാത്രമായിരുന്നു. മറ്റിടങ്ങളില്‍ താഴ്‌ന്ന ജാതിവിഭാഗങ്ങള്‍ അമ്പലങ്ങളില്‍ കയറുന്നതിനുള്ള വിലക്ക്‌ മാറ്റമില്ലാതെ തുടര്‍ന്നു. പലയിടങ്ങളിലും ഇപ്പോഴും തുടരുന്നു.
കൊടുങ്ങല്ലൂരില്‍ നിന്നുള്ള ചില ഉദാഹരണങ്ങള്‍

പ്രസിദ്ധമായ പമ്പുമേക്കാടില്‍ നായര്‍ക്കു താഴെ അമ്പലത്തില്‍ കയറുന്നതിന്‌ ഇപ്പോഴും വിലക്കുണ്ട്‌. പല ഈഴവ സ്തീകളും തങ്ങള്‍ നായരാണെന്നു പറഞ്ഞു ഈ ക്ഷേത്രത്തില്‍ പോകുന്നത്‌ ഇതെഴുതുന്നായാള്‍ക്ക്‌ നേരിട്ടറിയാം. കുറ്റം പറയരുതല്ലോ കൂടുതല്‍ ആളുകള്‍ വരുന്ന മലയാളമാസം ഒന്നാം തിയതി ജാതി ഭേദമന്യേ എല്ലാവര്‍ക്കും പ്രവേശനം നല്‍കാറുണ്ട്‌. കൂടാതെ കൊടുങ്ങല്ലൂര്‍ ഭരണിക്കും പ്രവേശനമനുവദിക്കും. ഏറ്റവും വിചിത്രമായ തമാശ നായര്‍ക്കുതാഴെ പ്രവേശനം നല്‍കാത്തവരാണെങ്കിലും ഭര്‍ണിക്ക്‌ ഒരു ഭണ്ഡാരം പാമ്പുമേക്കാടുനിന്ന് പുലപ്പാടത്ത്‌ എത്തിക്കും. മേക്കാട്‌ പോകാന്‍ കഴിയാത്ത 'ഭക്തര്‍ക്ക്‌' പണം എത്തിക്കുന്നതിനുള്ള സൗകര്യം ചെയ്തുകൊടുക്കുകയാണ്‌( പുലപ്പാടം ഭരണി നടക്കുന്ന 'കീഴ്ക്കാവാണ്'ദളിതരായ ഭക്തര്‍ ആദ്യം കീഴ്ക്കാവിലെത്തുന്നു.അതിനു ശേഷമാണ് കൊടുങ്ങല്ലൂരമ്പലത്തിലെത്തുന്നത്‌)

കൊങ്കിണി അമ്പലത്തില്‍ ഇപ്പോഴും ഇതര വിഭാഗങ്ങള്‍ക്ക്‌ അരാധനാ സ്വാതന്ത്ര്യം അനുവദിക്കുന്നില്ല.

ടി.കെ.എസ്‌.പുരം അമ്പലത്തിലത്തിലും ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പുവരെക്കും താഴ്‌ന്ന ജാതിക്കാരെ പ്രവേശിപ്പിക്കാറില്ലായിരുന്നു വത്രേ.സര്‍ക്കാര്‍ ക്ഷേത്രങ്ങളുടെ ചുമതല ഏറ്റെടുത്തതിന്റെ വിപ്ലവകരമായ ഗുണം ഒരു പക്ഷേ ഇതായിരിക്കും.ഇതൊക്കെ സ്വകാര്യ ക്ഷേത്രങ്ങളായിരുന്നുവെങ്കില്‍ ഇവിടുങ്ങളില്‍ ഇപ്പോഴും അയിത്തം നിലനില്‍ക്കുമായിരുന്നെന്ന് ഞാന്‍ ഭയപ്പെടുന്നു.പാറെമെക്കാവ്‌, തിരുവമ്പാടി ദേവസ്വങ്ങള്‍ സവര്‍ണരെ മാത്രമേ ജോലിക്കു വെക്കാന്‍ അനുവദിന്നുള്ളൂ വെന്ന് വെള്ളാപ്പിള്ളി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.ക്ഷേത്ര ഭരണഘടനയില്‍ അപ്രകാരം എഴുതിച്ചേര്‍ത്തിട്ടുണ്ടത്രേ. നേരിട്ട്‌ എനിക്കതറിയില്ലെങ്കിലും അത്‌ ശരിയാവാനാണു സാധ്യത. ഈ രണ്ടു ദേവസ്വങ്ങളും ഈ പ്രസ്താവന തെറ്റാണെന്നു പറഞ്ഞിട്ടില്ല.ക്ഷേത്ര പൂജാരിയായി ആരേയും നിയമിക്കാന്‍ നിയമമുണ്ടെങ്കിലും നടപ്പിലാവാറില്ല(എസ്‌.എന്‍.ഡി.പി. കൊടുത്ത കേസിലാണ്‌ ഈ വിധി ഉണ്ടായത്‌.)ചില ചെറിയ ക്ഷേത്രങ്ങളില്‍ അനുവദിക്കാറുണ്ടെങ്കിലും മേജര്‍ ക്ഷേത്രങ്ങളിലില്ല എന്നതാണു വാസ്തവം.ശബരി മലയില്‍ ഒരു ഈഴവ, ദളിത്‌ ശാന്തി ഇനിയെന്നാണ് ഉണ്ടാവുക......

കൂടുതല്‍ ചര്‍ച്ചകള്‍ക്ക് നന്ദുവിന്റെ പോസ്റ്റ് കാണുക.
ലിങ്ക്:

ദേവസ്വം ഭരണവും സര്‍ക്കാരും-2

നന്ദുവിന്റെ തിരുവന്തപുരത്തുകാരൊക്കെ ഉറങ്ങിപ്പോയോ എന്ന പോസ്റ്റ് ഈ വിഷയത്തില്‍ നല്ല ചര്‍ച്ചക്കു കാരണമാവുകയുണ്ടായി. ദയവായി അതുകൂടെ നോക്കുക.

ബരിമല ക്ഷേത്രത്തിന്റെ ഭരണം സ്വതന്ത്രാധികാര സമിതിയെ ഏല്‍പ്പിക്കുന്നതിനുള്ള ആലോചന സര്‍ക്കാര്‍ തലത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്‌.തിരുപ്പതി മോഡലിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്‌.പക്ഷേ ഇതിനിടയില്‍ എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി പി.കെ.നാരായണപ്പണിക്കര്‍ ആറന്മുളയില്‍ വെച്ച്‌ നടത്തിയ ഒരു പ്രസ്താവനയാണ്‌ ഈ പോസ്റ്റിന്റെ അടിയന്തിര കാരണം.എടശ്ശേരിമല മഹാദേവ ക്ഷേത്രത്തിലെ പുതിയ സ്റ്റേജ്‌ ഉദ്ഘാടനം ചെയ്യവെ ശ്രീ നാരായണപണിക്കര്‍, ശബരിമല ക്ഷേത്രഭരണം സ്വതന്ത്ര ഏജന്‍സിയെ ഏല്‍പ്പിക്കുന്നത്‌ തിരുവിതാകൂര്‍ ദേവസ്വത്തിനു കീഴിലുള്ള വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് പ്രസ്താവിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ നടവരവും മറ്റു വരുമാനവും കുറഞ്ഞ ക്ഷേത്രങ്ങളെ നിലനിര്‍ത്തിയിരുന്നത്‌ ശബരിമലയിലെ വരുമാനമാണെന്നും ശ്രീ നരയണപണിക്കര്‍ കൂട്ടിച്ചേര്‍ത്തു.(ഇത്തരമൊരു അഭിപ്രായം എസ്‌.എന്‍.ഡി.പി. നേതാവ്‌ ശ്രീ വെള്ളാപ്പള്ളി നടേശനും പറയുകയുണ്ടായി)

ശബരിമലയുടെ വരുമാനം(മറ്റുക്ഷേത്രങ്ങളുടേയും) സര്‍ക്കാര്‍ വകമാറ്റി ചെലവ്ചെയ്യുകയാണെന്ന ആരോപണത്തിനുള്ള മറുപടിയാണ്‌ യഥാര്‍ത്ഥത്തില്‍ ശ്രീ നാരയണപണിക്കരുടെ ഈ പ്രസ്താവന.ഹൈന്ദവതാല്‍പര്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നവരെന്നു സ്വയം വിശേഷിപ്പിക്കുന്ന 'ക്ഷേത്രസംരക്ഷണസമിതി'പോലുള്ള സംഘടനകളുടെ പല നേതാക്കളും പലപ്പോഴായി ഇത്തരത്തിലുള്ള ആരോപണങ്ങളുമായി രംഗത്തുവരികയുണ്ടായിട്ടുണ്ട്‌.ക്ഷേത്രസ്വത്തുക്കളില്‍ നിന്നു കിട്ടുന്ന വരുമാനം നാരായണപണിക്കര്‍ സൂചിപ്പിക്കുന്നതുപോലെ ഹൈന്ദവക്ഷേത്രങ്ങളുടെനടത്തിപ്പിനുപയോഗിക്കുന്നുവെന്നതാണ്‌ സത്യം.

ഇതുതെളിയിക്കുന്നതിനായി കേരളസര്‍ക്കാര്‍ ഈ വര്‍ഷം(2008-09) അവതരിപ്പിച്ച ബജറ്റിലെ കണക്കുകളിലൂടെ കടന്നുപോകുന്നത്‌ ഉചിതമായിരിക്കും.

ദേവസ്വവുമായി ബന്ധപ്പെട്ട് ബജറ്റിലെ വരവിനങ്ങള്‍ താഴെ കൊടുക്കുന്നു.

1. സ്പെഷ്യല്‍ ലാന്റ്‌ കണ്‍സര്‍വേഷന്‍ ഭരണച്ചെലവിനത്തില്‍ കൊച്ചിദേവസ്വം ബോര്‍ഡില്‍ നിന്നും ഈടാക്കവുന്ന തുക: 1242 ആയിരം(ഹെഡ്‌: റവന്യൂ, ഭരണപരമായ മറ്റു സര്‍വീസുകള്‍)

2. പെന്‍ഷന്‍,അവധിക്കാല ശമ്പളം തുടങ്ങിയവയുടെ ബാധ്യത സര്‍ക്കര്‍ ഏറ്റെടുത്ത വകയില്‍ വരേണ്ട അംശാദായം(കോര്‍പ്പറേഷന്‍ മുനിസിപ്പാലിറ്റി,പഞ്ചായത്ത്‌ തുടങ്ങിയ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍,ദേവസ്വം ബോര്‍ഡ്‌ തുടങ്ങിയവയുടെ)(റവന്യൂ: പെന്‍ഷനും മറ്റു റിട്ടയര്‍മെന്‍ ആനുകൂല്യങ്ങള്‍ക്കുമായുള്ള അംശായാദവും വസൂലാക്കലും )

3. കൊച്ചി തിരുമല ദേവസ്വത്തിലേക്ക്‌ കര്‍ഷകരില്‍നിന്ന് വരേണ്ട തുക:1000 രൂപ.(റവന്യൂ: മറ്റു സാമൂഹ്യ സേവനങ്ങള്‍)

4. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‌ കൊടുത്ത ലോണില്‍നിന്നുള്ള പലിശ വരവ്‌:30000 രൂപ (റവന്യൂ:പലിശ വരവിനങ്ങള്‍)

5. കൊച്ചി ദേവസ്വം ബോര്‍ഡിന്‌ കൊടുത്ത ലോണില്‍നിന്നുള്ള പലിശ വരവ്‌:15000 രൂപ (റവന്യൂ:പലിശ വരവിനങ്ങള്‍)

6. ഭരണപരമായ കാര്യങ്ങള്‍ക്കായി ഗുരുവായൂര്‍ ദേവസ്വം ഫ്ണ്ടില്‍നിന്നു ഈടാകാവുന്ന തുക:10000 രൂപ.(റവന്യൂ:ഭരണപരമായ മറ്റു സര്‍വീസുകള്‍)

7. ഗുരുവയൂര്‍ ദേവസ്വത്തിനു വേണ്ടിയുള്ള സ്ഥലമെടുപ്പിന്‌ ദേവസ്വത്തില്‍നിന്നും ഈടാക്കാവുന്ന തുക:17 ലക്ഷം(റവന്യൂ: ഭരണപരമായ സര്‍വീസുകള്‍)

ഇവയിലൊന്നു പോലും ക്ഷേത്രത്തിന്റെ വരുമാനം സര്‍ക്കാര്‍ ഉപയോഗിക്കുന്നതായി സൂചിപ്പിക്കുന്നില്ല എന്നു വ്യകതമാണല്ലോ, മാത്രമല്ല ദേവസ്വങ്ങള്‍ക്ക്‌ സര്‍ക്കാര്‍ ചുരുങ്ങിയ പലിശക്ക്‌ പണം കടം കൊടുക്കാറുണ്ടെന്നു സൂചിപ്പിക്കുന്നു. സര്‍ക്കാരിലേക്കു വരുന്ന തുകയാകട്ടെ ദേവസ്വങ്ങള്‍ക്ക്‌ സര്‍ക്കാര്‍ ഖജനാവിലെ പണം ഉപയോഗിച്ച്‌ നല്‍കുന്ന സേവനങ്ങള്‍ക്കുള്ള ഫീസുമാത്രമാണ്‌. ഇതുതന്നെ ദേവസ്വംത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ ഒരു സൂചനയാണല്ലോ? നീണ്ടുനില്‍ക്കുന്ന ഉത്സവങ്ങള്‍ക്ക്‌ സെക്കുലര്‍ സര്‍ക്കര്‍ നല്‍കുന്ന മറ്റിതര സേവനങ്ങള്‍ക്ക്‌ ഫീസീടാക്കുന്നുമില്ല. (1000 രൂപയേയുള്ളുവെങ്കിലും തിരുമല ദേവസ്വത്തിന്റെ കാര്യത്തില്‍ കര്‍ഷകരില്‍നിന്നും വരേണ്ട തുക എന്തുകൊണ്ട്‌ സര്‍ക്കാര്‍ കണക്കിലെത്തിയെന്നത്‌ ഈ ലേഖകന്‌ മനസ്സിലായില്ല, അറിയാവുന്നവര്‍ എഴുതുമല്ലോ. പക്ഷേ അതു പോലും അമ്പലങ്ങളുടെ നടവരുമാനത്തില്‍ നിന്നല്ല എന്നു വ്യക്തമാണ്‌. ഒരു ഭൂ പരിഷ്ക്കരണവുമായി ബന്ധപ്പെട്ട പ്രശ്നമായിരിക്കാം)

ലിങ്കുകള്‍:

  1. ദേവസ്വവും സര്‍ക്കാരും....3
  2. ദേവസ്വം സര്‍ക്കാരും.....1

Thursday, April 17, 2008

ബ്ലോഗിനെ കുറിച്ചു ആലോചിക്കുമ്പോള്‍.....

രൂപവും ഉള്ളടക്കവും തക്കില്‍ ഒരു വൈരുദ്ധ്യാത്മക ബന്ധം നിലനിക്കുന്നുവെന്ന് മാക്സിസം സിദ്ധാന്തിക്കുന്നു. മധ്യമങ്ങളുടെ സ്വഭാവം അവയുടെ ഉള്ളടക്കത്തെയും ബാധിക്കുന്നു, തിരിച്ചും.അത്‌ ബ്ലോഗ്ഗുകളുടെ കാര്യത്തിലും ശരിതന്നെ.അറിവ്‌ ആദ്യകാലങ്ങളില്‍ വാമൊഴിയിലൂടെയാണ്‌ നിലനിന്നിരുന്നത്‌. അറിവിന്റെ ഘടന വാമൊഴി ഘടനയായിരുന്നു എന്നു പറയുന്നതാണ്‌ കൂടുതല്‍ ശരി.ലോകത്തില്‍ വളര്‍ന്നുവികസിച്ച മിക്കവാറും അറിവുരൂപങ്ങള്‍ ഇങ്ങനെ വാമൊഴി ഘടനയിലൂടെയാണ്‌ രൂപം കൊണ്ടതും കൈമാറ്റം ചെയ്യപ്പെട്ടതും . അറിവിന്റെ നിര്‍മ്മാണവും ഉപഭോഗവും ചേര്‍ന്നിരിക്കുന്നു എന്നു പറയാം. സാങ്കേതിക(എഞ്ചിനീയറിങ്ങ്‌) വിദ്യയാണ്‌ ഏറ്റവും അടുത്തകാലത്തായി വാമൊഴിഘടനയെ ഉപേക്ഷിച്ച അറിവുരൂപം.(വ്യവസായ വിപ്ലവകാലത്ത്‌ എഞ്ചിനീയര്‍മാര്‍ നിരക്ഷരായിരുന്നു.ഇത്തരം അറിവുകള്‍ അവര്‍ കൈമാറ്റം ചെയ്തിരുന്നത്‌ വര്‍ക്ക്‌ ഷോപ്പുകളില്‍ വാമൊഴിയിലൂടെയാണ്‌.എഞ്ചിനീയറിങ്ങിന്‌ വരമൊഴിയുടെ ഘടനയേ ഇല്ലായിരുന്നു.പിന്നീട്‌ സാങ്കേതികവിദ്യ മൊത്തത്തില്‍ നേടിയെടുത്ത വികാസത്തിന്റെ പശ്ചാത്തലത്തിലാണ്‌ ഉപരിവര്‍ഗ്ഗങ്ങള്‍ ഈ മേഖലയിലേക്കു കടന്നു വരുന്നതും എഞ്ചിനീയറിങ്ങ് വരമൊഴിയിലേക്കു വിവര്‍ത്തനം ചെയ്യപ്പെടുന്നതും)ഇന്ന് അറിവുരൂപങ്ങള്‍ വരമൊഴിരൂപത്തിലാണ്‌ ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നത്‌.
ബ്ലോഗുകളുടെ ഘടനയെ വിശകലനം ചെയ്യാനാണ്‌ ഇത്രയും പറഞ്ഞത്‌.ബ്ലോഗുകള്‍ അച്ചടി മാധ്യമത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കുന്നു. മാധ്യമത്തിന്റെ രൂപപരമായ അയവ്‌ ബ്ലോഗ്‌ ഘടനയെ വാമൊഴിയോട്‌ അടുപ്പിക്കുന്നതായി കാണാം. അതുകൊണ്ടാണ്‌ കമന്റുകളില്ലാത്ത പോസ്റ്റ്‌ ഊഷരമാണെന്ന് പോസ്റ്റുന്നവര്‍ കരുതുന്നത്‌. ഹിറ്റുകളെ കണക്കാക്കുന്നതിനോട്‌ എന്തെന്നില്ലാത്ത ആവേശം ബ്ലോഗെഴുത്തുകാര്‍ക്കിടയില്‍ കാണുന്നതിനും ഒരു കാരണം ഇതുതന്നെ. കമന്റു പ്രതീക്ഷിച്ചു പോസ്റ്റരുതെന്ന ഒരു ഉപദേശം ഒരു പ്രമുഖ ബ്ലോഗരുടെ പോസ്റ്റില്‍ കണ്ടു. അച്ചടി മാധ്യമത്തിന്റെ ഘടനയില്‍ നിന്നുകൊണ്ടുള്ള ആലോചന യാണെന്നു തോനുന്നു ഇത്‌ .ബ്ലോഗ്‌ ഒരു ഡയലോഗാണ്‌; ഗ്രൂപ്പ്‌ ഡിസ്ക്കഷനാണ്‌.ബ്ലോഗര്‍ കമന്റുകള്‍ പ്രതീക്ഷിച്ച്‌ എഴുതുന്നു എന്ന ലളിതമായ അര്‍ത്ഥത്തില്‍ ഇതിനെ വിലയിരുത്തരുത്‌.ബ്ലോഗ്ഗിന്റെ സാങ്കേതിക ഘടന തന്നെ ഡിസ്ക്കഷന്റേതാണ്‌.അതില്‍ നിന്നും വേറിട്ട അസ്തിത്വമില്ല ബ്ലോഗിന്‌.ഈ ഡയലോഗിന്റെ സാധ്യതകള്‍ ഓരോ പോസ്റ്റുനും ലഭിക്കുന്ന കമന്റുകളില്‍ കാണാം. കമന്റുകള്‍ പലപ്പോഴും ഫോക്കസ്സില്ലാതെ അലഞ്ഞുതിരിയുന്നതായും വെറുതെ എന്തോ പറയുന്നതായും തോന്നാം. ഒരു ആള്‍ക്കൂട്ടത്തിന്റെ ഓര്‍മ്മയാണ്‌ അത്‌ നമ്മിലുണര്‍ത്തുന്നത്‌.
അവിടെ നായകനില്ല . പോസ്റ്റുന്നയാള്‍ പോലും അപ്രസക്തമാകുന്നതായി അനുഭവപ്പെടാറില്ലേ?ക്ലാസ്സിലിരുന്ന് കുട്ടികള്‍ പരസ്പരം സംസാരിക്കുന്നത്‌ പോലെ ബ്ലോഗര്‍മാര്‍ പര്‍സ്പരം കമന്റുകളിലൂടെ സംസാരിക്കും.
ബഹുസ്വരതയുടെ മാധ്യമമാണ്‌ ബ്ലോഗ്‌.
നോവലിന്റെ ഘടനയാണ്‌ ബ്ലോഗിന്റേത്‌.
വാമൊഴിയിലെ വിചിത്രനാങ്ങള്‍ ബ്ലോഗര്‍മാരുടെയും അവരുടെ ബ്ലോഗുകളുടെയും പേരുകളില്‍ കാണാം.അങ്ങിനെ ഒരിക്കല്‍ പരസ്പരം അകന്നുപോയ വാമൊഴി/വരമൊഴി അറിവുരൂപങ്ങള്‍ വീണ്ടും അടുക്കുകയാണ്‌....
പിന്‍മൊഴി..
തന്റെ ബ്ലോഗ് പൂട്ടിപ്പോകാന്‍ തീ‍രുമാനിച്ചതായി പ്രഖ്യാപിച്ച ഒരാളോടുള്ള പ്രതികരണം ശ്രദ്ധേയമായിരുന്നു. ബ്ലോഗു പൂട്ടുമ്പോള്‍ അതോടൊപ്പം നഷ്ടപ്പെടുന്ന കമന്റുകളുടെ വിധിയായിരുന്നു ചിലരെ പ്രകോപിപ്പിച്ചത്. ഈ അടുത്ത് അനോനി ആന്റണിയാണെന്നു തോനുന്നു ,ഇത്തരമൊരു തീരുമാനമെടുത്തിരുന്നു. അതിനോടും ബ്ലോഗര്‍മാര്‍ ഇപ്രകാരം പ്രതികരിച്ചതു കണ്ടു. വായനക്കാരനെ കൂടി കൃതിയോടൊപ്പം ചേര്‍ക്കുന്ന ബ്ലോഗിന്റെ സവിശേഷതയാണെന്നു തോനുന്നു ഇത്.

Friday, April 11, 2008

ഭാസുരേന്ദ്രബാബുവിന്റെ അന്തര്‍ഗതങ്ങള്‍ -I

(ചെങ്ങറ സമരത്തിന്റെ അന്തര്‍ഗതങ്ങള്‍ എന്ന പേരില്‍ ഭാസുരേന്ദ്രബാബു ദേശാഭിമാനിയില്‍ എഴുതി ജനശക്തി ന്യൂസ് പുനപ്രസിദ്ധീകരിച്ച ലേഖനത്തിന്റെ വിമര്‍ശനം.വ്യത്യസ്ത ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്നു)

ലേഖനത്തില്‍ അദ്ദേഹം പറയുന്നു...
“ ..........മാത്രവുമല്ല അവര്‍ നടത്തുന്ന പ്രക്ഷോഭരീതി ഒരു ജനാധിപത്യവ്യവസ്ഥക്കും അനുഗുണവുമല്ല. ഭൂമി, കുടിവെള്ളം തുടങ്ങിയ പ്രശ്നങ്ങളില്‍ ഒരു വിഭാഗമാളുകള്‍ക്ക് ആവലാതികളുണ്ടെങ്കില്‍ അവരുടെ സംഘടനകളിലൂടെ ആ പ്രദേശത്തെ ജനപ്രതിനിധികളെ അത് ബോധ്യപ്പെടുത്തുകയും ജനശ്രദ്ധയിലൂടെ അതിന് പരിഹാരം കാണുകയും ചെയ്യുക എന്നതാണ് ജനാധിപത്യരീതി. സമരപ്പന്തലിലെ സത്യഗ്രഹം മുതല്‍ നിയമസഭയിലെ നിയമനിര്‍മാണംവരെ ദൈര്‍ഘ്യമുള്ള ഒരു പ്രക്രിയയാണ് അത്. എവിടെയോ ഉള്ള ഒരു ഭൂമിയിലേക്ക് എവിടൊക്കെയോ ഉള്ള ആളുകള്‍ ചെന്ന് കുടില്‍ കെട്ടിയാല്‍ ആ പ്രദേശത്തെ ജനപ്രതിനിധികള്‍ക്ക് താല്പര്യമുണ്ടാകാവുന്ന ഒരു ജനകീയ പ്രശ്നമായി അത് മാറില്ല. മറിച്ച് അതിക്രമിച്ചുകടക്കലിന്റെ ഒരു ക്രമസമാധാനപ്രശ്നമായി അത് മാറുകയും ചെയ്യും..........”

കഴിഞ്ഞ കുറച്ചു കാലമായി മാക്സിസ്റ്റ് പാര്‍ട്ടിയുടെ നിലപാടുകള്‍ ആവര്‍ത്തിച്ചുകൊണ്ട് വിഷ്വല്‍ മീഡിയയിലും പ്രിന്റ് മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന ഭാസുരേന്ദ്രബാബു എന്നാല്‍ പിന്നെ പാര്‍ട്ടിയുടെ നിലപാടുകള്‍ അംഗീകരിക്കുമെന്നു നാം പ്രതീക്ഷിക്കുന്നു.
ബാബുവിന്റെ അഭിപ്രായമല്ല പക്ഷേ പാര്‍ട്ടിക്ക് . പാര്‍ട്ടി പ്രസിദ്ധീകരണമായ
പീപ്പിള്‍ ഡെമോക്രസി ”യില്‍ വന്ന ഒരു ലേഖനം തികച്ചും വ്യത്യസ്തമായ നിലപാടാണ് മുന്നോട്ടുവെക്കുന്നത്.
അതേ ലേഖനം പിന്നീട് വര്‍ക്കേഴ്സ് ഫോറത്തില്‍ അമ്മക്കുതീര്‍ച്ചയായും ഞാന്‍ കുടില്‍ കെട്ടിത്തരാം എന്നപേരില്‍ മൊഴിമാറ്റം ചെയ്തു വന്നിട്ടുണ്ട്.

ഭാസുരേന്ദ്രബാബു വിന്റെ നിലപാടുകള്‍ ഇവിടെ നിലം‌ പൊത്തുന്നത് കാണാം.
പീപ്പിള്‍സ് ഡെമോക്രസിയിലെ ജി. മമതയുടെ ലേഖനത്തില്‍ നിന്ന്....
“നാം എവിടെപ്പോകാനാണമ്മേ?
പിന്നീടാണ് ആ സഖാക്കള്‍ വന്നതും രാത്രി മുഴുവന്‍ ദീര്‍ഘമായി നമ്മോട് സംസാരിച്ചതും. ഞാന്‍ മയങ്ങുകയായിരുന്നുവെങ്കിലും അമ്മയുടേയും അച്ഛന്റെയും കണ്ണുകള്‍ തിളങ്ങുന്നതും സമ്മതഭാവത്തില്‍ അവരോട് തലയാട്ടുന്നതുമൊക്കെ ഞാന്‍ കണ്ടിരുന്നു.
എനിക്ക് വളരെ സന്തോഷമായി. നമുക്കൊരു പുതിയ വീടുണ്ടാകുന്നത് ഞാന്‍ സ്വപ്നം കണ്ടു.പിറ്റേന്ന് ഞാന്‍ കളിച്ചുകൊണ്ടിരിക്കെ, അതേ ആളുകള്‍ വരുന്നതും സര്‍ക്കാരിന്റെ വക വെറുതെ കിടക്കുന്ന പാഴ്‌ഭൂമി നമ്മെപ്പോലുള്ള പാവങ്ങള്‍ക്ക് വീടുവെയ്ക്കാനായി നല്‍കണമെന്നുമൊക്കെ പറയുന്നതും കേട്ടു? നമ്മുടെ സ്വപ്നം നടക്കാന്‍ പോകുന്നുവെന്ന് ഞാന്‍ കരുതി. ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആ ഭൂമി പാവങ്ങള്‍ക്ക് കൊടുക്കുമെന്ന് വാഗ്ദാനം ചെയ്തതിനെപ്പറ്റിയും അച്ഛന്റെ കൂട്ടുകാര്‍ പറഞ്ഞു. സര്‍ക്കാര്‍ വലിയ വലിയ ആളുകള്‍ക്ക് ഭൂമി വെറുതെ കൊടുക്കുന്നതായും, നമുക്കവകാശപ്പെട്ട സ്ഥലങ്ങളിലൊക്കെ അവര്‍ വീടുകള്‍ പണിയുന്നതിനെപ്പറ്റിയുമൊക്കെ അന്നു വന്ന സഖാക്കള്‍ പറഞ്ഞത് അച്ഛന്റെ കൂട്ടുകാര്‍ ഓര്‍മ്മിക്കുന്നുണ്ടായിരുന്നു.
അമ്മേ, സര്‍ക്കാരിന്റെ കൈയ്യില്‍ ധാരാളം ഭൂമി വെറുതെ കിടക്കുമ്പോള്‍ എന്തുകൊണ്ടാണ് നമ്മെപ്പോലുള്ള പാവങ്ങള്‍ക്ക് തരാത്തത്? തന്നിരുന്നുവെങ്കില്‍ നമുക്കും വീട്ടില്‍ താമസിക്കാമായിരുന്നു.
സഖാക്കള്‍ സ്ഥിരമായി നമ്മുടെ ചേരിയില്‍ വരാനാരംഭിക്കുകയും നമ്മുടെ കൂടെച്ചേര്‍ന്ന് നല്ല നല്ല പാട്ടുകള്‍ പാടുകയും പലതിനെപ്പറ്റിയും സംസാരിക്കുകയും ചെയ്തു. എനിക്കൊന്നും മനസ്സിലായില്ലെങ്കിലും, അമ്മയുടെ കണ്ണുകളിലെ തിളക്കം എന്നെ സന്തോഷിപ്പിച്ചു; നല്ലതെന്തോ വരാന്‍ പോകുന്നു എന്ന് വിശ്വസിക്കുകയും ചെയ്തു. പിന്നെ ഒരു ദിവസം എല്ലാവരും കൈകളില്‍ കൊടികളുമേന്തി തിളങ്ങുന്ന മുഖഭാവത്തോടെ എങ്ങൊട്ടോ പുറപ്പെട്ടു. എന്നെയും കൂടെക്കൂട്ടിയിരുന്നു. പോലീസ് മാമന്‍‌മാരും ധാരാളം ഉണ്ടായിരുന്നു. ഇത്രപേരെ ഞാന്‍ അതു വരെ ഒരുമിച്ച് കണ്ടിട്ടില്ലായിരുന്നു.
ഒരു സ്ഥലത്തെത്തിയപ്പോള്‍ സഖാവ് പറഞ്ഞു.
"ഇത് നമ്മുടെ ഭൂമിയാണ്; നാം ഇവിടെ വീടുകള്‍ പണിയാന്‍ പോകുന്നു."
എല്ലാവര്‍ക്കും സന്തോഷം, അവസാനം ഇതാ നമുക്കും ഒരു വീട്‌.
അമ്മയും അച്ഛനും മറ്റു മാമന്‍‌മാരും മാമിമാരുമൊക്കെ ചുവന്ന നിറത്തിലുള്ള കൊടികള്‍ നാട്ടുവാനും വീട് പണിയാനുള്ള ഒരുക്കം തുടങ്ങുകയും ചെയ്തപ്പോള്‍, പെട്ടെന്ന് പോലീസ് മാമന്‍‌മാര്‍ നമുക്കു നേരെ ഓടിവന്നു.
ഞാന്‍ പേടിച്ച് ഒരു പാറയ്ക്കുപിന്നില്‍ ഒളിച്ചിരുന്നു. പെട്ടെന്ന് പോലീസുകാര്‍ എല്ലാവരേയും തല്ലാന്‍ തുടങ്ങി. ചിലര്‍ വസ്ത്രങ്ങള്‍ ചീന്താന്‍ തുടങ്ങി; മറ്റു ചിലര്‍ സൂചികൊണ്ട് കുത്താനും. നിങ്ങളെല്ലാവരും ഉറക്കെ അലറുകയായിര്‍ന്നു. അമ്മയുടെ സാരിയും അവര്‍ കീറി.
അമ്മേ, എന്തിനാണവര്‍ തല്ലുന്നത്, എന്തിനാണ് സാരി കീറുന്നത്, ബൂട്ട്സിട്ട കാലുകൊണ്ട് വയറ്റില്‍ ചവിട്ടുന്നത്? അവര്‍ക്കും അമ്മമാരും പെങ്ങമ്മാരും ഇല്ലേ?
അമ്മ അപ്പോഴും ഉറക്കെ മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഞാന്‍ കരയുകയായിരുന്നു. എന്തു ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. അമ്മ പറഞ്ഞു തരാറുള്ള കഥകളിലെ രാക്ഷസരെയാണ് എനിക്കോര്‍മ്മ വന്നത്.
അമ്മേ, നമ്മള്‍ ചീത്ത ആളുകളല്ലല്ലോ? എന്നിട്ടും എന്തിനാണവര്‍ നമ്മെ തല്ലുന്നത്? നമ്മള്‍ വീടുകളില്‍ താമസിക്കുന്നത് തെറ്റാണോ അമ്മേ? ചീത്ത ആളുകളെ അവരെന്തുകൊണ്ടാണ് തല്ലാത്തത്?
അമ്മ വേദനകൊണ്ട് പുളയുകയായിരുന്നു; എങ്കിലും കരയുകയല്ലായിരുന്നു. ഒരുറച്ച നോട്ടം അമ്മയുടെ കണ്ണുകളിലുണ്ടായിരുന്നു.
അമ്മയുടെ കീറിവീണ സാരിയില്‍ നിന്നൊരു കഷണം എടുത്തുകൊണ്ട് ഞാന്‍ അറിയാതെ പറഞ്ഞുപോയി.
“അമ്മേ, ഞാന്‍ എന്റെ കൂട്ടുകാരെയെല്ലാവരേയും കൊണ്ടുവരും. ഞങ്ങളെയെല്ലാം തല്ലാന്‍ അവര്‍ക്കാവുമോ ? എന്തായാലും ഒന്നു തീര്‍ച്ച. അമ്മയ്ക്കുവേണ്ടി ഞാന്‍ ഒരു കുടില്‍ കെട്ടിത്തരും"...........”

ചെങ്ങറ സമരത്തെക്കുറിച്ച് ആക്ഷേപങ്ങള്‍ ഉന്നയിക്കുന്ന മാക്സിസ്റ്റ് പാര്‍ട്ടി നേതാക്കളും
മമതയുടെ ലേഖനം‌ വായിക്കുന്നതു നന്ന്.
ഭാസുരേന്ദ്രബാബുവിന്റെ ലേഖനത്തിലെ വൈരുദ്ധ്യങ്ങളെക്കുറിച്ച് ഇനി അടുത്തപോസ്റ്റില്‍..
(അവസാനിക്കുന്നില്ല)

Friday, April 4, 2008

തെക്കനെ നമ്പിനാല്‍..................


തെക്കന്മാര്‍ സാമര്‍ത്ഥ്യക്കാരാണെന്നത് ഒരു അംഗീകൃത നിയമം പോലെയാണ്‌ ഇന്ന്‌ കേരളത്തില്‍. എല്ലാവരും അതു ഒരു പോലെ അംഗീകരിക്കുന്നു.
തെക്ക്‌ എന്നതിന്റെ നിര്‍വചനത്തിന്റെ പ്രത്യേകതകൊണ്ടാണ്‌ എല്ലാവര്‍ക്കും അംഗീകരിക്കാവുന്ന ഒരു നിയമമായി ഇത്‌ അവശേഷിക്കുന്നത്‌. (എല്ലവര്‍ക്കും അംഗീകരിക്കാവുന്ന നിയമം എല്ലാവര്‍ക്കും എതിര്‍ക്കാവുന്നനിയമമാണല്ലോ? )കാലങ്ങളായി വടക്കന്മാര്‍ ഇത്‌ തെക്കന്മാര്‍ക്കെതിരെ ഉപയോഗിക്കുന്നു. പാലക്കാടന്‍ പ്രദേശക്കാരായ പുരുഷന്മാര്‍ തൃശ്ശൂര്‍ ജില്ല്ലക്കാരായ(തീര്‍ച്ചയായുംതൃശ്ശൂരിനു തെക്കുള്ളവരെയും )സ്ത്രീകളെ വിവാഹം കഴിക്കാന്‍ ഇഷ്ടപെടാത്തതിനു കാരണമായി പറയുന്നത്അവര്‍ സാമര്‍ത്ഥ്യക്കാരായിരിക്കുമെന്നാണ്‌. പാലക്കാടു അതിര്‍ത്തികഴിഞ്ഞാല്‍ പിന്നെ തെക്കോട്ടുള്ളവര്‍ സ്റ്റേറ്റുകാരാണ്‌ അവര്‍ക്ക്. തൃശ്ശൂരുകാര്‍ക്ക്‌ കോട്ടയക്കാരാണ്‌ കുഴപ്പക്കാര്‍, കോട്ടയക്കാര്‍പറയുന്നത്‌ കൊല്ലാക്കാരാണ്‌ അപകടകരികളെന്നാണ്‌. കണ്ണൂരുകാര്‍ക്ക്‌ തൃശ്ശുരുമുതല്‍ പ്രശ്നം തുടങ്ങുകയായി.
അവരെ സംബ്ന്ധിച്ചു തെക്കന്മാര്‍ പറ്റിപ്പുകാരാണ്‌. അറബികഥ സിനിമയില്‍ നിഷ്കളങ്കനായ നായകനെ(ശ്രീനിവാസന്‍) ഗള്‍ഫില്‍ പോലും പറ്റിക്കാനെത്തുന്നത്‌ ഒരു തെക്കനാണ്‌. നായകനു കിട്ടിയ തൊഴില്‍ പോലും അയാള്‍ തട്ടിയെടുക്കുന്നുണ്ട്‌.(വടക്കന്‍ വിശുദ്ധിയെ കുറിച്ചുള്ള നിരവധി മിത്തുകള്‍ പ്രചരിപ്പിക്കുന്നതില്‍ കമ്മ്യൂണിസ്റ്റുകള്‍ വലിയ പങ്കുവഹിച്ചു.)
അധികാരത്തിന്റെ കേന്ദ്രം എന്ന നിലയില്‍ പല പ്രദേശങ്ങളും അധികാരത്തോടു പ്രതിപത്തി കാണിക്കുന്ന പതിവുണ്ട്. ആ പ്രദേശത്തിന്റെ വര്‍ഗ്ഗഘടന ക്കനുസരിച്ച്‌ ഈ അധികാരത്തോടുള്ള പ്രതികരണങ്ങളും രൂപപ്പെട്ടുവരും.ഈ പ്രതികരണങ്ങളുടെ ചരിത്രം ആ ജനതയുടെ സ്വഭാവത്തെ നിര്‍ണ്ണയിക്കുന്നുണ്ട്.തീര്‍ച്ചയായും ഓരോ പ്രദേശത്തിന്റെയും പൊതു ചിന്തയും മൂല്യബോധവും ആ നിശ്ചിത സമൂഹത്തിന്റെ ചരിത്രവും അനുഭവവുംആയി ബന്ധപ്പെട്ടിരിക്കുന്നു വെന്നത് ശരിയാണെങ്കിലുംകേരളത്തിലെ തെക്കു\വടക്കു മൂല്യവിഭജനം ഇത്തരം സിദ്ധാന്തങ്ങളിലൊതുക്കാവുന്നതല്ല .
സത്യത്തില്‍ മിലിറ്റന്റ്‌ സമരങ്ങളുടേയും സാമൂഹ്യ പ്രസ്ഥാനങ്ങളുടേയും കേന്ദ്രം തന്നെ തെക്കന്‍ പ്രദേശങ്ങളായിരുന്നു എന്ന് ചെറിയ ഒരു പരിശോധന പോലും വെളിപ്പെടുത്തും. ശ്രീനാരായണ പ്രസ്ഥാനം, അയ്യങ്കാളിയുടെ ജാതിവിരുദ്ധപ്രസ്ഥാനം, ദളിത്‌ പ്രസ്ഥാനങ്ങള്‍ , മിഷനറിമാരുടെ വിദ്യാഭ്യാസപ്രസ്ഥാനങ്ങള്‍ എന്നു തുടങ്ങി ആധുനിക കേരളത്തെ ഇന്നത്തെ രൂപത്തില്‍ നിര്‍മ്മിച്ചെടുത്തിട്ടുള്ള മിക്കവാറും എല്ലാം തെന്നെ തെക്കന്‍ മണ്ണിലൂടെ വളര്‍ന്നു പന്തലിച്ചവയാണ്‌. കേരളത്തിന്റെയും എന്തിന്‌ ഇന്ത്യയുടെ തന്നെ വിപ്ലവ മുന്നേറ്റങ്ങളുടെ ഗതി നിര്‍ണ്ണയിച്ച പുന്നപ്ര വയലാര്‍ സൃഷ്ടിച്ചത്‌ ഈ തെക്കന്‍ മണ്ണാണെന്നത്‌ ശ്രദ്ധേയമാണ്‌.

പുതിയ കാലത്ത്‌ ദളിത്‌ മുന്നേറ്റങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടേയും അതില്‍നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട്‌ ബഹുദൂരം മുന്നോട്ടു പോയ ഭൂസമരങ്ങളുടേയും സമരഭൂമിയും മറ്റൊന്നായിരുന്നില്ല. ഭൂമി ഒരു ഉല്‍പ്പാദന ഉപകരണമെന്ന നിലയില്‍ പഴഞ്ചന്നാണെന്ന പോസ്റ്റ്മോഡേണ്‍ ചാരുകസാര ബുദ്ധിജീവികളുടെ നിലപാടുകളെ പ്രായോഗികമായി തന്നെ ഭൂസമരങ്ങളെ കൊണ്ട്‌ അട്ടിമറിച്ച്‌ പ്രത്യയശാസ്ത്ര ഇടപെടലിന്‌ അവസരം ഒരുക്കിയതും തെക്കന്‍കേരളത്തിന്റെ ഫലപുഷ്ടിയുള്ള മണ്ണാണ്‌.


എന്നിട്ടും എന്തുകൊണ്ടാണ്‌ തെക്കന്‍കേരളം കേരളത്തില്‍ ഇത്രയേറെ അവമതിക്കപ്പെടുന്നത്?



കേരളത്തില്‍ പഴഞ്ചന്‍ ഭൂബന്ധങ്ങളെയും സാമൂഹ്യ ബന്ധങ്ങളെയും ആദ്യമായി അട്ടിമറിച്ചത്‌ തെക്കന്‍കേരളത്തിലാണ്‌. പല വികാസങ്ങളുടെയും സ്വാധീനത്തില്‍ തെക്കന്‍ നാട്ടില്‍ കൃഷി കേരളത്തിന്റെ പരിമിതിക്കുള്ളില്‍നിന്നുകൊണ്ട്‌ ആധുനികവല്‍ക്കരിക്കപ്പെടുകയും ലോകസമ്പദ് ഘടനയുമായി കണ്ണിചേര്‍ക്കപ്പെട്ട വിളവുകള്‍ ഉല്‍പ്പാദിപ്പിക്കാനാരംഭിക്കുകയും ചെയ്തു. ലോക വിപണിയുമായുള്ള ഈ ബന്ധം ആഭ്യന്തരംഗത്ത്‌ ധനാത്മകമായ പ്രതികരണങ്ങള്‍ക്കു കാരണമായി.ആധുനിക കാലത്തിന്റെ സൃഷ്ടിയായ മുതലാളിത്ത വ്യാപാരവുമായുള്ള ഈ ബന്ധം തെക്കന്‍ ജില്ലകളിലെ ജനങ്ങളുടെ മനോഘടനയില്‍ത്തന്നെ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതായിരുന്നു. വടക്കന്‍മാരെ അപേക്ഷിച്ച്‌ ഉല്‍പ്പാദനരംഗത്ത്(കൃഷിയിലും) കൂടുതല്‍ മുന്നോട്ടു പോയിട്ടുള്ളവര്‍ ഇവരാണെന്നുള്ളത് ഒരു പോസറ്റീവ്‌ സൂചനയാണ്‌. ഉല്‍പ്പാദനം ഒരു മനോഘടന കൂടിയാണല്ലോ.ഇത്തരം മാറ്റങ്ങള്‍ സാമൂഹ്യ ബന്ധങ്ങളില്‍ വരുത്തിയ ചലനങ്ങളുടെ അടിയന്തിരമായ ഫലമായിരുന്നു -സ്വാതന്ത്ര്യബോധം. ഇതില്‍ നിന്ന്‌ സ്ത്രീകളേയും ഒഴിവാക്കാന്‍ കഴിയുമായിരുന്നില്ല. ഈ പ്രത്യേകതകളാണ്‌ തെക്കിനെ വടക്കില്‍ നിന്നും വേര്‍തിരിക്കുന്നത്‌.വടക്കന്‍ പ്രദേശങ്ങള്‍ ഫലത്തില്‍ ഇപ്പോഴും അവികസിതമായി(സാമൂഹ്യമായും) തുടരുന്നതുകൊണ്ടാണ്‌ ഇത്തരം ആരോപണങ്ങള്‍ ഉടലെടുക്കുന്നത്‌. തെക്കുള്ള സ്ത്രീകള്‍ സാമര്‍ത്ഥ്യക്കാരികളാകുന്നതും മറ്റൊന്നും കൊണ്ടല്ല. വടക്കന്‍ ഫ്യൂഡല്‍ ഘടനയുടെആഘോഷത്തില്‍ നിന്നാണ്‌ വടക്കിന്റെ വിശുദ്ധി ഉണ്ടാകുന്നത്‌. അത്‌ തകര്‍ക്കപ്പെടേണ്ട വി-ശുദ്ധിയാണ്‌.മറ്റൊരര്‍ത്ഥത്തില്‍ ജാതീയ വിശുദ്ധിയുമാണ്‌.

ഓ..... ഒന്നു .....ചുമ്മാ .........പോ........ സാറേ...............

Tuesday, April 1, 2008

ദേവസ്വം ഭരണം കൈയാളുന്നതിന്‌ സര്‍ക്കാരിനുള്ള ന്യായങ്ങള്‍

Yes, Temples are public properties
കേരളത്തിലെ ക്ഷേത്രങ്ങളുടെ ഭരണം സര്‍ക്കാര്‍നേരിട്ടു നടത്തുകയാണെന്നും അങ്ങിനെ ലഭിക്കുന്ന വരുമാനം പൊതു കാര്യങ്ങള്‍ക്കുവേണ്ടി വക മാറ്റി ചെലവഴിക്കുകയാണെന്നുമാണ്‌ ആക്ഷേപം. ഹിന്ദുക്കളുടെ പണം അഹിന്ദുക്കള്‍ക്കുവേണ്ടി ചെലവഴിക്കുന്നുവെന്നാണ്‌ ഈ വാദത്തിന്റെ കാതല്‍.
ഇപ്രകാരം ഹിന്ദു ക്ഷേത്രങ്ങളെ ഒരു സിവില്‍ ഭരണകൂടം നിയന്ത്രിക്കുന്നതിന്റെ ന്യായങ്ങള്‍ എന്തെല്ലാമാണെന്നു പരിശോധിക്കാനുള്ള ശ്രമമാണ്‌ ഇനിയുള്ള ഭാഗങ്ങളില്‍......
കേരളത്തിലെ ക്ഷേത്രങ്ങളെ രണ്ടായി തിരിക്കാം.

1. സ്വകാര്യ ക്ഷേത്രങ്ങള്‍ 2. പൊതു ക്ഷേത്രങ്ങള്‍

ആദ്യകാലം മുതലേ സ്വകാര്യ വ്യക്തികളോ കുടുംബങ്ങളോ കൈവശം വെച്ചു വരുന്ന ആരാധനാലയങ്ങളാണ്‌ ഈ വകുപ്പില്‍ വരുന്നത്‌. സ്വകാര്യ ഉടമസ്ഥതയിലായിരുന്നുവെങ്കിലും പൊതുവും സാര്‍വത്രികവുമായ ആരാധനാസമ്പ്രദായങ്ങളുടെ അഭാവത്തില്‍ ക്ഷേത്രവരുമാനം മുഖ്യമായുംകരമൊഴിവായി സര്‍ക്കാര്‍ നല്‍കുന്ന ഭൂമിയില്‍നിന്നും വിളവിന്റെ രൂപത്തില്‍ ലഭിക്കുന്നതായിരുന്നു. കൂട്ടത്തില്‍ പാട്ട ഭൂമിയുടെ പാട്ടം പിരിക്കുന്നതിനുള്ള അവകാശത്തില്‍ നിന്നും അളവറ്റ വരുമാനം ക്ഷേത്രങ്ങളിലേക്കു വന്നു ചേര്‍ന്നു. ഇത്തരം സ്വകാര്യ ക്ഷേത്രങ്ങള്‍ ഇന്നും സ്വകാര്യ ഉടമസ്ഥതയില്‍ തന്നെ തുടരുകയാണ്‌. അതിനാല്‍ ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രിക്കുന്നു എന്ന അരോപണം സ്വകാര്യ ക്ഷേത്രങ്ങളുടെ കാര്യത്തില്‍ ബാധകമല്ല.
നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികളുടെ കൈവശമുണ്ടായിരുന്ന ക്ഷേത്രങ്ങളാണ്‌ രണ്ടാമത്തെ വകുപ്പായ പൊതു ക്ഷേത്രങ്ങള്‍. പിന്നീട് രാജഭരണത്തിനു പകരം പാര്‍ലമെന്ററി സമ്പ്രദായം നിലവില്‍വന്നപ്പോള്‍ മറ്റു സ്വത്തുക്കളോടൊപ്പം ക്ഷേത്രവും പുതിയ സര്‍ക്കാരിന്റെ അധീനതയിലായി... ഉദാഹരണത്തിന്‌ 1949 ലെ തിരു-കൊച്ചി സംസ്ഥനത്തിന്റെ രൂപീകരണത്തിനു മുന്‍പ്‌ കൊച്ചിയുടേയും തിരുവിതാകൂറിന്റെയും അധീനതയിലുണ്ടായിരുന്ന (പിന്നീട്‌ കേരള സംസ്ഥാനത്തിന്റെ പരിധിയില്‍ ഉള്‍പെട്ട) 1194 ചെറുതും വലുതും ആയ ക്ഷേത്രങ്ങളാണ്‌ തിരുവിതാംകൂര്‍ കൊച്ചി ഹിന്ദു മതസ്ഥാപന ആക്റ്റ് (1950) പ്രകാരം സര്‍ക്കാര്‍ നിയന്ത്രണങ്ങളിലേക്കു വന്നത്.(തിരുവിതാകൂറിന്റെ കാര്യത്തില്‍ രാജാവും ഇന്ത്യ സര്‍ക്കാരും ഒരുമിച്ചു ചേര്‍ന്നു 1949 ല്‍ ക്ഷേത്രങ്ങളെ സംബന്ധിച്ച ഒരു കരാര്‍ ഒപ്പിടുകയായിരുന്നു.) കേരളത്തിനെ മറ്റുപ്രദേശങ്ങളിലും ഇതേരീതിയില്‍ തന്നെയാണ്‌ ക്ഷേത്രഭരണം സര്‍ക്കാരിന്റെ കൈയിലെത്തിയത്‌. ഈ ക്ഷേത്രങ്ങളുടെ നിയന്ത്രണാധികാരത്തെ കുറിച്ചാണ്‌ ഹിന്ദുക്കള്‍ക്കുവേണ്ടി വാദിക്കുന്നുവെന്ന് അവകാശപ്പെടുന്നവര്‍ സംസാരിക്കുന്നത്‌.

വാസ്തവത്തില്‍ ഇപ്രകാരം ജനായത്തസര്‍ക്കാരിന്റെ കൈയിലേക്കെത്തിച്ചേര്‍ന്ന ക്ഷേത്രം വക സ്വത്തുക്കളുടെ നിയന്ത്രണാധികാരം ആര്‍ക്കാണ്‌?ആ സ്വത്തില്‍ ആര്‍ക്കൊക്കെ അവകാശമുണ്ട്?

മതവും സിവില്‍ ഭരണകൂടവും പരസ്പരം ലയിച്ചുചേര്‍ന്ന ഒരു സംവിധാനമായിരുന്നു 1947 നു മുന്‍പ്‌ നാട്ടു രാജ്യങ്ങളില്‍ നിലവിലുണ്ടായിരുന്നത്‌. അതിനാല്‍ രാജ്യത്തിന്‌ മൊത്തം അവകാശപ്പെട്ടിരിക്കുന്ന ആസ്തികളില്‍ നിന്നോ നാനാ ജാതി-മതസ്ഥരായ പ്രജകളില്‍ നിന്ന്‌ പിരിച്ചെടുത്തിരുന്ന വിവിധ നികുതികളില്‍ നിന്നോ ഉള്ള വരുമാനത്തില്‍ നിന്നായിരുന്നു ക്ഷേത്രചെലവുകള്‍ നടത്തിയിരുന്നത്‌. ക്ഷേത്രങ്ങളില്‍ ഒരിക്കല്‍ പോലും കയറാന്‍ അനുവാദം ലഭിക്കാതിരുന്ന എന്തിന്‌ ക്ഷേത്ര പരിസരത്തുപോലും പോകാന്‍ അനുവാദമില്ലായിരുന്ന ഈഴവര്‍ക്കും അവര്‍ക്കു താഴെയുള്ളവരില്‍ നിന്നും പിരിച്ചെടുത്ത അധ്വാനമിച്ചവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്‌. ചുരുക്കത്തില്‍ക്ഷേത്രം ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ കുറഞ്ഞതൊന്നുമായിരുന്നില്ല. ദേവസ്വം സ്വത്തുക്കളും വരുമാനം സര്‍ക്കാര്‍ വകമാറ്റിചിലവഴിക്കുന്നുവെന്നാണ്‌ ദീര്‍ഘകാലമായി ആവര്‍ത്തിച്ചുകേള്‍ക്കുന്ന മറ്റൊരു ആരോപണം. എന്നാല്‍ ക്ഷേത്രം സ്വത്തുക്കളില്‍ നിന്നുള്ള വരുമാനം സര്‍ക്കാര്‍ വക മാറ്റി ചെലവഴിക്കുന്നില്ല എന്നുമാത്രമല്ല, അങ്ങിനെ ചെയ്യുന്നതിന്‌ നിയമ വിലക്കുകള്‍ ഉണ്ടുതാനും
ഉദാഹരണത്തിന്‌ . ഒരു ക്ഷേത്രനിയമം പരിശോധിക്കാം
1917 - ല്‍ നിയമം മൂലം കൊച്ചി മഹരാജാവ് തച്ചുതയകൈമള്‍ക്ക്‌ നിയന്ത്രണാധികാരം കൈമാറിയ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കാര്യം എടുക്കുക. 1971 ല്‍ പാസ്സാക്കിയ കൂടല്‍മാണിക്യം ദേവസ്വം നിയമം എവിടെനിന്നെല്ലാമായിരിക്കണം ക്ഷേത്രം സ്വത്ത് കണ്ടെത്തേണ്ടതെന്ന് കൃത്യതയോടെ അനുശാസിക്കുന്നുണ്ട്‌.അതിനു ശേഷം ഈ പണം എങ്ങിനെയെല്ലാം ചെലവഴിക്കാമെന്നും അക്കമിട്ട് നിരത്തിയിട്ടുണ്ട്.ക്ഷേത്രജോലിക്കരുടെ ശമ്പളവും മറ്റു ക്ഷേത്ര ചെലവുകളുംദാനധര്‍മ്മങ്ങളും കേടുപാടുകള്‍ തീര്‍ക്കലും മറ്റുമാണ്‌ അനുവദനീയമായ ചെലവുകള്‍.ക്ഷേത്രത്തില്‍ നിന്നുള്ള വരുമാനം അഹിന്ദുക്കള്‍ക്കുവേണ്ടി ഉപയോഗിക്കുന്നു എന്നു പറയുന്നതും അതുപോലെ തന്നെ ഒരു നുണയാണ്‌.ദേവസ്വം സ്വത്തുക്കളില്‍ നിന്നുള്ള വരുമാനം ക്ഷേത്രാവശ്യങ്ങള്‍ക്കു മാത്രമാണ്‌ ഉപയോഗിക്കുന്നത്‌ എന്നതാണ്‌ സത്യം . നിയമത്തില്‍ അതുവ്യക്തമാക്കിയിട്ടുണ്ട്‌. [കുടല്‍മാണിക്യം ദേവസ്വം നിയമം 1971 ചാപ്റ്റര്‍ 5,ജനറല്‍ 23(2,3)]

സര്‍ക്കാര്‍ ക്ഷേത്രഭരണം ഏറ്റെടുക്കുമ്പോള്‍ പല അമ്പലങ്ങളും തകര്‍ച്ചയുടെ വക്കിലായിരുന്നു. എല്ലാ ജാതി വിഭാഗങ്ങള്‍ക്കും പ്രവേശന സ്വാതന്ത്ര്യം സര്‍ക്കാര്‍ ക്ഷേത്രങ്ങളില്‍ അനുവദിച്ചിരുന്നുവെങ്കിലും ക്ഷേത്രാരാധന കൂടുതല്‍ ജനങ്ങളെ ആകര്‍ഷിച്ചിരുന്നില്ല.(സ്വകാര്യ ക്ഷേത്രങ്ങളില്‍ നിലനിന്നിരുന്ന അയിത്തവും ദളിത്‌ വിഭാഗങ്ങളുടെ ഹിന്ദുമതത്തില്‍നിന്നും വ്യതിരിക്തമായ സ്വത്വബോധവും ഇതിന്‌ കാരണമായിരുന്നു.)വരുമാനവും കുറവായിരുന്നു.
തുടര്‍ച്ചയായ വരുമാനമില്ലാതിരുന്ന ഈ ക്ഷേത്രങ്ങള്‍ ബോര്‍ഡിന്റെ പരിധിയില്‍ എത്തിപ്പെട്ടതുകൊണ്ടാണ്‌ ഒരു പരിധി വരെ തകരാതെ നിലനിന്നിരുന്നത്‌. ഹിന്ദു മതത്തെ തകരാതെ നിലനിര്‍ത്തുന്നതില്‍ ,വിചിത്രമെന്നു പറയട്ടേ, ഈ സെക്കുലര്‍ സര്‍ക്കാര്‍ അതിന്റേതായ ഒരു പങ്കുവഹിക്കുകയുണ്ടായി!!!
ഇപ്പോള്‍ പോലും എല്ലാ ക്ഷേത്രങ്ങളും സമ്പന്നമല്ല.ചുരുക്കം ചില ക്ഷേത്രങ്ങളില്‍ മാത്രമാണ്‌ ഉയര്‍ന്ന വരുമാനമുള്ളത്.
ഇപ്രകാരം മുന്‍കാല നാട്ടു രാജ്യങ്ങളില്‍ നിന്ന്‌ കൈമാറി കിട്ടിയ സര്‍ക്കാരിന്റെ സ്വത്തിലാണ്‌ ഹിന്ദുക്കളെന്നവകാശപ്പെടുന്നവര്‍ അവകാശവാദമുന്നയിക്കുന്നത്‌. ഈ പൊതുമുതലില്‍ ഹിന്ദുക്കള്‍ക്കെന്ന പോലെ മുഴുവന്‍ ജാതി -മത വിഭാഗങ്ങള്‍ക്കും അവകാശമുണ്ടെന്ന കാര്യമാണ്‌ ഇവര്‍ മറന്നുപോകുന്നത്‌.
ഇനി ഈ ക്ഷേത്രങ്ങളില്‍ ഹിന്ദുക്കള്‍ വീണ്ടും അവകാശമുന്നയിക്കുകയാണെങ്കില്‍ ഹിന്ദുക്കള്‍ക്കും മുസ്ളീങ്ങള്‍ക്കും ദളിതര്‍ക്കും മുന്നില്‍ അവശേഷിക്കുന്ന ചോദ്യം ഇതാണ്‌.
തങ്ങളുടെ നികുതിപ്പണം കൊണ്ട് കെട്ടിപ്പെടുത്ത ഈ സ്വത്തില്‍ അമ്പലത്തില്‍ കയറാന്‍ അവകാശമില്ലായിരുന്ന ദളിതര്‍ക്കും, അന്യമതക്കാര്‍ക്കും ഉള്ള അവകാശം ഹിന്ദുക്കള്‍ ‍എങ്ങിനെ കോമ്പന്‍സേറ്റുചെയ്യും?അതിന്റെ പലിശ എങ്ങിനെ ‍കൊടുത്തു തീര്‍ക്കും?!!!!!!!
കൂട്ടത്തില്‍ പറയട്ടെ ക്ഷേത്രപ്രവേശന നിയമം (1936) പ്രഖ്യാപിച്ചപ്പോള്‍ അത് സര്‍ക്കാര്‍ വക ക്ഷേത്രങ്ങളില്‍ മാത്രമാണ് ബാധകമായിരുന്നത്. സ്വകാര്യ ക്ഷേത്രങ്ങള്‍ക്കു ബാധകമാക്കിയിരുന്നില്ല.
പല സ്വകാര്യ ക്ഷേത്രങ്ങളിലും ഇപ്പോഴും അയിത്തം നിലനില്‍ക്കുന്നുണ്ടെന്ന് പറഞ്ഞു കേള്‍ക്കുന്നു.
സ്വകാര്യ ക്ഷേത്രമായ മേക്കാടു ക്ഷേത്രത്തില്‍ കുളത്തില്‍ കുളിക്കുന്നതിനും മൂല സ്ഥാനത്തിന് വളരെ അടുത്ത് എത്തുന്നതിനും ഭക്തന്‍ നായര്‍ക്കു മുകളിലുള്ളവരായിരിക്കണം എന്ന് എന്റെ ഒരു സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു
ക്ഷേത്രത്തിനുള്ളില്‍ എത്തുമ്പോഴേ ഇത്തരം ഒരു നിര്‍ദ്ദേശം നമുക്കുലഭിക്കുമത്രേ.

Thursday, March 27, 2008

farewell to Rishiraj sing

ഋഷിരാജ് സിങ്ങിന് യാത്രാമൊഴി

ഋഷി രാജ് സിങ് കേന്ദ്ര സര്‍വീസിലേക്ക് മാറുന്നതിനുള്ള ആലോചന തുടങ്ങിയതോടെതന്നെ അദ്ദേഹത്തിന്റെ മധ്യവര്‍ഗ്ഗ അനുയായികള്‍ ദുഃഖപ്രകടനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു..വേഷം മാറി കേസന്വേഷിച്ച അദ്ദേഹത്തെക്കുറിച്ചുള്ള മിത്തീകരിക്കപ്പെട്ട നിരവധി ഓര്‍മകള്‍ പത്രമാധ്യമങ്ങള്‍ ഇതിനകം പ്രചരിപ്പിച്ചിട്ടുമുണ്ട്‌. ചെക്കുപോസ്റ്റിലെ അഴിമതി കണ്ടെത്താനായി ലോറി ക്ലീനറായി വാളയാറില്‍ വേഷം മാറിയെത്തിയ ഋഷി രാജ് സിങ് ഒരു പക്ഷേ, പ്രജാക്ഷേമം നേരിട്ടറിയാനായി വേഷം മാറി എത്തുമായിരുന്നു വെന്ന്‌ വിശ്വസിക്കപ്പെടുന്ന രാജാക്കന്മാരെ കുറിച്ച്‌ ജനങ്ങള്‍ക്കുള്ളിലുള്ള മിത്തീകരിക്കപെട്ട ഓര്‍മകളെ പുനരാനയിക്കുന്നുണ്ടായിരിക്കും. മധ്യവര്‍ഗ്ഗങ്ങളുടെ ഭരണ വര്‍ഗ്ഗ ഭാവനയെ ഇത്‌ ആവോളം സ്ഫുരിപ്പിച്ചു.അത്തരമൊരു ബ്ലോഗും ഈ അടുത്ത്‌ ഈ ലേഖകന്‍ കാണുകയുണ്ടായി.ഇത്തരത്തിലുളള മിത്തുകളിലൂടെ ജനങ്ങളുടെ ഭാവനയെ പിടിച്ചെടുക്കുന്ന രീതി ഒരര്‍ത്ഥത്തില്‍ പുതിയ പ്രവണതയാണെന്നു തോന്നുന്നു. ഇക്കാര്യത്തില്‍ മാധ്യമങ്ങളുടെ രീതികളും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ഒരാളെ വിലയിരുത്തുമ്പോള്‍ ഈ രീതികള്‍ പുലര്‍ത്തുന്നത് രാഷ്ട്രതന്ത്രത്തിന്റെ പുത്തന്‍ രീതിശാസ്ത്രങ്ങളുടെയും സാംസ്‌ക്കാരിക സൂചകങ്ങളിലൂടെയും പഠി്‌കേണ്ടിയിരിക്കുന്നു.

Tuesday, March 25, 2008

Cricket and national chauvinism

ക്രിക്കറ്റ് ലേലം ഇന്ത്യന്‍ സങ്കുചിത ദേശീയവാദത്തെതകര്‍ത്തവിധം

മുകേഷ് അംബാനി, വിജയ് മല്യ, പ്രീതി സിന്റ ,ഷാരുഖ് ഖാന്‍, തുടങ്ങിയ കോര്‍പ്പറേറ്റ്, ബോളിവുഡ് നേതാക്കളുടെ നേതൃത്വത്തില്‍ നടന്നഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്കുള്ള ക്രിക്കറ്റു താര വില്‍പ്പന സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയത്‌. ചിലത്‌ കളിയുടെ വ്യാപാരവല്‍ക്കരണത്തെ മുതലാളിത്തവികാസനിയമങ്ങളുടെ പശ്ചാത്തലത്തില്‍ നോക്കികാണുമ്പോള്‍ മറ്റുചിലത്‌ മനോഹരമായ ഈ കളിയെ ഇത്തരം നീക്കങ്ങള്‍ എങ്ങിനെ തകര്‍ത്തുകളയുമെന്നു പരിശോധിക്കുന്നവയാണ്‌. തീര്‍ച്ചയായും ഇത്തരത്തിലുള്ള നിരീക്ഷണങ്ങള്‍ ഒരു പാടു വസ്തുതകള്‍ പുറത്തുകൊണ്ടുവരുന്നുണ്ട്‌.

എന്നാല്‍ ഇന്ത്യയുടെ പ്രത്യേക സാഹചര്യത്തില്‍ ഒരു സാംസ്കാരിക രൂപകമെന്ന നിലയില്‍ പോലും പ്രവര്‍ത്തിക്കുന്ന ക്രിക്കറ്റിന്റെ വിപണിവല്‍ക്കരണം ധനാത്മകവും ദൂരവ്യാപകവുമായ ചില ഫലങ്ങളുണ്ടക്കുന്നുണ്ട്‌. മറ്റൊന്നും കൊണ്ടല്ല, ഇന്ത്യന്‍ ദേശീയതയെ മുസ്ളീം വിരുദ്ധമായി രൂപപ്പെടുത്തുന്നതില്‍ ,തീര്‍ച്ചയായും പാക്കിസ്ഥാന്‍ വിരുദ്ധമായും, സൃഷ്ടിച്ചെടുക്കുന്നതില്‍, ക്രിക്കറ്റിനേക്കള്‍ പങ്കുവഹിക്കുന്ന ഒരു കളിയുമില്ല.ഒരു ചിഹ്നമെന്ന നിലയില്‍ ഹിന്ദു ഭീകരര്‍ ,ഇത്രയേറെ ഉപയോഗപ്പെടുത്തുന്ന മറ്റൊന്നുമുണ്ടാവില്ല.ഓരോ ഇന്ത്യാ പാക്കിസ്ഥാന്‍ മാച്ചും ഇന്ത്യന്‍ സങ്കുചിതവാദത്തിനെ കൂടുതല്‍ ഊതിപെരുപ്പിക്കുന്നു.കോടികള്‍ ചെലവഴിച്ചുകൊണ്ടുള്ള സൈനികനീക്കത്തിലൂടെ മാത്രം നേടിയെടുക്കാവുന്ന വാര്‍ റ്റൈം ഹിസ്റ്റീരിയയാണ്‌ ഇന്ത്യയിലായാലും പാക്കിസ്ഥാനിലായാലും സര്‍ക്കാരുകള്‍ ഇതിലൂടെ നേടിയെടുക്കുന്നത്‌. ഇരു രാജ്യങ്ങളും തങ്ങളുടെ അഭ്യന്തര പ്രതിസന്ധികള്‍ മറികടക്കാന്‍ അതിര്‍ത്തിയിലേക്ക്‌ സൈനീകനീക്കങ്ങള്‍ നടത്താറുണ്ടെന്നുള്ളത്‌ വലിയ രഹസ്യമൊന്നുമല്ല.
അതേ സമയം ഇന്ത്യന്‍ ജനതയുടെ ക്രിക്കറ്റിനോടുള്ള സമീപനങ്ങള്‍ വിചിത്രമത്രേ! ഒരര്‍ത്ഥത്തില്‍ ഫ്യൂഡല്‍ എന്നു വിളിക്കാവുന്നതരം മാനസീകാവസ്ഥയാണിതെന്നു വേണം കരുതാന്‍.എന്നാല്‍ ഉല്‍പാദനശക്തികളുടേയും അതുവഴി ചരിത്രത്തിന്റെയും വികാസത്തെ തടഞ്ഞുനിര്‍ത്താന്‍ ഒരു ശക്തിക്കും സാധ്യമല്ലതന്നെ. അത്തരമൊരു വികാസഘട്ടത്തിലൂടെയാണ്‌ ഇപ്പോള്‍ ക്രിക്കറ്റു കടന്നുപോകുന്നത്‌.ഇന്നലെ വരെ ശത്രുരാജ്യത്തിന്റെ പടനായകരായി കാണപ്പെട്ടിരുന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റര്‍മാര്‍ആഭ്യന്തര ക്രിക്കറ്റില്‍ മാറ്റുരക്കുമ്പോള്‍ , ഇന്ത്യന്‍ ജനത സ്വന്തം എന്നു കരുതുന്ന ടീമുകള്‍ക്കുവേണ്ടി കളിക്കുമ്പോള്‍ ഇന്ത്യന്‍ ദേശീയതയുടെ കൃത്രിമമായി പൊലിപ്പിച്ചും നിര്‍മ്മിച്ചും എടുത്ത പാക്കിസ്താനെന്ന അപര രൂപകങ്ങള്‍ വായുവിലലിഞ്ഞുചേരും. ആരാഗ്രഹിച്ചാലും ഇല്ലെങ്കിലും.
ഇന്നലെ വരെ പല്ലുഞെരിച്ചവര്‍ക്കുവേണ്ടി ആര്‍പ്പുവിളിക്കേണ്ടി വരുന്നത്‌ രസകരം തന്നേയല്ലേ?ഇന്ത്യയിലെ ഹിന്ദു മുസ്ളീം പ്രശ്നം പരിഹരിക്കുന്നതിന്‌ വേണ്ടി ഇന്ത്യാ പാക്കിസ്ഥാന്‍ കൃക്കറ്റു മത്സരം നത്തുകയാണു വേണ്ടതെന്നു ഡെപ്യൂട്ടി പ്രധാന മന്ത്രിയായിരുന്ന അദ്വാനി ഒരിക്കല്‍ അഭിപ്രായപ്പെടുകയുണ്ടായി!









(തുടരും )

Friday, March 21, 2008

BPL LIST AND KERALA GOVERNMANT

ബി.പി.എല്‍. ലിസ്റ്റും സര്‍ക്കാര്‍ തട്ടിപ്പും.

പുത്തന്‍ നയസമീപനങ്ങളുടെ ഭാഗമായി ബി.പി.എല്‍. ലിസ്റ്റ് വെട്ടിച്ചുരുക്കാന്‍ കേന്ദ്രം തീരുമാനിച്ചുകഴിഞ്ഞു. കേന്ദ്ര നയത്തിന്റെ ഭാഗമായി കേരളത്തിലും പുതിയ ബി.പി.എല്‍. ലിസ്റ്റ് തയ്യാറായിട്ടുണ്ട്.
ദാരിദ്രമനുഭവിക്കുന്ന എല്ലാവരെയും ലിസ്റ്റിലുള്‍പ്പെടുത്തുന്നതിനുപകരം കുടുംബങ്ങളുടെ എണ്ണം ആദ്യമേ തീരുമാനിക്കുകയാണ്‌ പുതിയ രീതി. അതിലൂടെ നിരവധി കുടുംബങ്ങള്‍ ഇപ്പോഴേ ബി.പി.എല്‍. ലിസ്റ്റില്‍ നിന്ന്‌ പുറത്തായിക്കഴിഞ്ഞു.ലിസ്റ്റിലുള്‍പ്പെട്ടവരെയാകട്ടെ ബി.പി.എല്‍.പട്ടിക എ (ശുദ്ധദരിദ്രര്‍ )എന്നും ബി.പി.എല്‍.പട്ടിക ബി.(ദരിദ്രര്‍ ) എന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു. സര്‍ക്കാര്‍ അറിയിപ്പുപ്രകാരം ശുദ്ധദരിദ്രര്‍ക്കു മാത്രമേ റേഷനടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂ. പട്ടിക ബി യിലുള്ളവര്‍ക്ക്‌ പേരില്‍ ബി.പി.എല്‍. എന്നുണ്ടെങ്കിലും പറയത്തക്ക ആനുകൂല്യങ്ങളൊന്നും തന്നെ ലഭിക്കുകയില്ല. ഏറ്റവും പ്രതിഷേധാര്‍ഹമായ കാര്യം ഇത്തരമൊരു വ്യതിയാനം ലിസ്റ്റില്‍ വരുത്തിയ വിവരം സര്‍ക്കാര്‍ തന്ത്രപൂര്‍വ്വം മറച്ചു വെക്കുന്നു എന്നതാണ്‌. ലിസ്റ്റ് പരിശോധനക്കെത്തിയിട്ടുള്ള പഞ്ചായത്താഫീസുകളിലെ ഉദ്യോഗസ്ഥരാകട്ടെ പട്ടിക എ, പട്ടിക ബി തരംതിരിവുകളെകുറിച്ച് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നുമില്ല.ചുരുക്കത്തില്‍ തങ്ങള്‍ ബി.പി.എല്‍. ആനുകൂല്യങ്ങളില്‍ നിന്നും പുറത്താവുകയാണെന്ന യാഥാര്‍ത്ഥ്യം ജനങ്ങളറിയുന്നില്ല(പക്ഷേ ബി ലിസ്റ്റില്‍ ഉള്ളതുകൊണ്ട്‌ തങ്ങള്‍ ബി.പി.എല്‍ കാര്‍ഡുടമകളാണെന്ന വ്യാജ ബോധ്യം ഉണ്ടാക്കുകയും ചെയ്യുന്നു.)
മഹാനായ അച്ചുതാനന്ദന്റെയും സി.പി.എം ന്റെയും ബി.ജെ.പി.. കോണ്‍ഗ്രസ് കേന്ദ്രഭരണ എംബോക്കികളുടേയും ഒരു തമാശ.

Wednesday, March 19, 2008

CHENGARA LAND STRUGGLE

ചെങ്ങറ ഭൂസമരം
chengara land struggle
കേരളത്തില്‍ നടക്കുന്ന ഭൂസമരങ്ങള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും ചാരസംഘടനകളുടേയും സൃഷ്ടിയാണെന്നാണ്‌ പിണറായി വിജയന്‍ പറയുന്നത്‌. ചെങ്ങറ ഭൂസമരത്തെക്കുറിച്ച് സംസാരിക്കവേയാണ്‌ പിണറായി ഇങ്ങനെ അഭിപ്രായപ്പെട്ടത്‌. ഒരു വാദത്തിനു വേണ്ടി ഇതു അംഗീകരിച്ചാല്‍ തന്നെ പിണറായിക്കിതു പറയാന്‍ എന്താണ്‌ അവകാശം? അമേരിക്കയടക്കമുള്ള സാമ്രാജ്യത്വരാജ്യങ്ങളുടെയും ആഗോള ധനകാര്യസ്ഥാപനങ്ങളുടേയും പണംപറ്റിക്കൊണ്ട് ഭരണം നടത്തുന്ന സര്‍ക്കാരുകളാണ്‌ കേരളത്തിലും ബംഗാളിലുമെന്നിരിക്കെ ഇവര്‍ക്ക്‌ തത്വത്തില്‍ സാമ്രാജ്യത്വത്തിനെതിരെ പറയാന്‍ അവകാശമില്ല. സാമ്രാജ്യത്വത്തിന്റെ പണം കൊണ്ട് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കേരള- ബംഗാള്‍ സര്‍ക്കാരുകളെ അതിന്റെ പേരില്‍ പിണറായി വിജയന്‍ വിമര്‍ശിച്ചതായി അറിവില്ല. മറിച്ച് പിണറായിയുടെ നേതാവായ ജ്യോതിബസു പറയുന്നത്‌ സാമ്രാജ്യത്വമൂലധനമില്ലാതെ വികസനം സാധ്യമല്ല എന്നാണ്‌. ചെങ്ങറക്കാരുടെ സാമ്രാജ്യത്വവും പിണറായിയുടെ സാമ്രാജ്യത്വവും രണ്ടും രണ്ടാണോ??????!!!!!!!!
ചെങ്ങറയിലെ സമരത്തെ ഒരു ജനതയുടെ മാന്യതയോടെ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരമായി കാണുകയാണ്‌ വേണ്ടത്‌, അല്ലാതെ അതിനുനേരെ ആരോപണവുമായി വരികയല്ല.കുറച്ചുനാളുകള്‍ക്കുമുന്‍പുവരെ സമരക്കാരെ മാവോയിസ്റ്റുകളെന്നു വിളിക്കുകയായിരുന്നു സര്‍ക്കാര്‍ നയം. സമരക്കാരാകട്ടെ നക്സലൈറ്റുകളാണെങ്കില്‍ തല്ലിയൊതുക്കുന്നതില്‍ തങ്ങള്‍ക്കു വിരോധമില്ലെന്നമട്ടും. ജനാധിപത്യബോധത്തിന്റെ അഭാവം ഇരുകൂട്ടരിലും പ്രകടമായിരുന്നു.

അതിനിടയില്‍ സാമൂഹ്യചലനത്തെക്കുറിച്ച് ബോധ്യമോ താല്‍പര്യമോ ഇല്ലാത്ത മറ്റൊരുകൂട്ടര്‍ ഔചിത്യമില്ലാതെ പെരുമാറി ചെങ്ങറ സമരത്തെ മറ്റുവിധത്തില്‍ ചിത്രീകരിക്കുന്നതിനുള്ള അവസരമൊരുക്കി. സദാചാരത്തിന്റെ മൊത്തക്കച്ചവടക്കാരായ കൈരളി ടിവി ഒളിപ്പോരാളികള്‍ അത്‌ ടെലിക്കാസ്റ്റ് ചെയ്ത്‌തങ്ങളുടെ സംസ്കാരം തുറന്നു കാട്ടി.

ചെങ്ങറ സമരം മറ്റൊന്നുകൂടി വെളിപ്പെടുത്തി.

ദളിതരുടെ ആവശ്യം ഭൂമിയല്ലെന്നും ഭൂമി ആവശ്യപ്പെടുന്നവര്‍ ദളിതരെ ഭുമിയില്‍ തന്നെ തളച്ചിടുന്നതിനുള്ള ഗൂഢാലോചന നടത്തുന്നവരാണെന്നുമുള്ള പോസ്റ്റ്മോഡേണിസ്റ്റുകളുടെ വാദത്തെയും തകര്‍ത്തുകളഞ്ഞു.
മുഴുവന്‍ ഭൂസമരങ്ങളോടും ജനങ്ങള്‍ ഐക്യപ്പെടുക.

Monday, March 3, 2008

MOOLAMPILLY EVICTION

മൂലമ്പിള്ളി (moolampilly)
മൂലമ്പിള്ളിയിലെ കുടുംബങ്ങളെ
കുടിയിറക്കിയ വാര്‍ത്ത
മലയാള പത്രങ്ങള്‍ മൂടിവെച്ചതെന്തുകൊണ്ട്.
നുഴഞ്ഞുകയറ്റത്തെകുറിച്ച് ഗീര്‍വാണമടിച്ച മനോരമക്കാരനും ഒന്നും പറയാനില്ലാതായത് എന്തുകൊണ്ട്?
സമരം നടത്തുന്നത് ആരാണെന്നു നോക്കിയാണോ അതിന്റേ ന്യായാന്യായങ്ങള്‍ തീരുമാനിക്കുന്നത്?
സുഹൃത്തേ താങ്കള്‍ എന്തുകരുതുന്നു?
അങ്ങിനെയെങ്കില്‍ അച്ചുതാനന്ദനെക്കുറിച്ച് തങ്കളുടെ ആഭിപ്രായം?